വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്‌ത്തുമ്പോൾ

ദാമ്പത്യത്തിൽ നിരാശ നിഴൽവീഴ്‌ത്തുമ്പോൾ

പ്രശ്‌നം

‘ഞങ്ങൾ തമ്മിൽ എന്തൊരു പൊരുത്തമാണ്‌!’ വിവാഹത്തിനു മുമ്പ് അതായിരുന്നിരിക്കാം നിങ്ങളുടെ ചിന്ത. എന്നാൽ, ജീവിതയാഥാർഥ്യങ്ങളിലേക്കു കടന്നപ്പോൾ, എല്ലാം മിഥ്യയായിരുന്നല്ലോ എന്ന തിരിച്ചറിവിൽനിന്നുണ്ടായ നിരാശ നിങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കിയിരിക്കുന്നു. ആത്മമിത്രങ്ങളായിരിക്കേണ്ട നിങ്ങൾ ഒരു തടവറയിലെ രണ്ട് ബന്ദികളെപ്പോലെയായി.

എന്നാൽ പ്രതീക്ഷയ്‌ക്കു വകയുണ്ട്! നിങ്ങളുടെ ബന്ധത്തിനു വീണ്ടും നിറം പകരാൻ കഴിയും. പക്ഷേ, അതിനു മുമ്പ് നിങ്ങളുടെ ദാമ്പത്യത്തിന്‍റെ നിറം കെടുത്തിയത്‌ എന്തായിരിക്കാം എന്നു തിരിച്ചറിയേണ്ടതുണ്ട്. ചില സാധ്യതകൾ നോക്കാം.

എന്തുകൊണ്ട് അതു സംഭവിക്കുന്നു?

ജീവിതയാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ. നിത്യേനയുള്ള ജോലിഭാരം, മക്കളെ വളർത്തൽ, ഇണയുടെ വീട്ടുകാരുമായുള്ള ഇടപെടലുകൾ ഇവയൊക്കെ ക്രമേണ ദാമ്പത്യസന്തോഷം കെടുത്തിക്കളഞ്ഞേക്കാം. ചില അപ്രതീക്ഷിതപ്രശ്‌നങ്ങളും ദാമ്പത്യത്തെ പിടിച്ചുലച്ചേക്കാം. സാമ്പത്തികതിരിച്ചടികൾ, രോഗിയായ കുടുംബാംഗത്തെ പരിചരിക്കൽ എന്നിങ്ങനെ.

പൊരുത്തപ്പെടാനാവില്ലെന്നു തോന്നുന്ന അഭിപ്രായഭിന്നതകൾ. വിവാഹത്തിനു മുമ്പ് മറ്റേയാളുടെ കുറവുകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല, ശ്രദ്ധിച്ചാൽത്തന്നെ അത്ര കാര്യമാക്കുകയുമില്ല. എന്നാൽ വിവാഹത്തിനു ശേഷമോ? കാണുന്നതു മുഴുവനും പൊരുത്തക്കേടുകൾ! ഇണ സംസാരിക്കുന്ന വിധം, പണം കൈകാര്യം ചെയ്യുന്ന വിധം, പ്രശ്‌നം പരിഹരിക്കുന്ന വിധം അതിലെല്ലാം പൊരുത്തക്കേടുകൾ! ആദ്യമൊക്കെ ചെറിയൊരു അലോസരമേ തോന്നിയിരുന്നുള്ളൂ, ഇപ്പോൾ വന്നുവന്ന് സഹിക്കാൻ പറ്റാതായിരിക്കുന്നു!

മാനസികമായി വളരെ അകന്നു പോയിരിക്കുന്നു. കാലം കടന്നുപോകവെ, ഇണയുടെ ഭാഗത്തുനിന്നുണ്ടായ ദയാരഹിതമായ വാക്കുകളും പ്രവൃത്തിളും മനസ്സിന്‍റെ ഒരു മൂലയിൽ കുന്നുകൂടുന്നു. മറ്റൊരു കോണിൽ, പരിഹരിക്കാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ കനലുകൾ എരിയുന്നു. അങ്ങനെ ഇണകൾ ഓരോരുത്തരും ഓരോ ‘തോടിനുള്ളിലേക്ക്’ ഉൾവലിയുന്നു. ഇവിടെ ഏറ്റവും അപകടകരമായ മറ്റൊന്നുണ്ട്: ഇണയല്ലാത്ത ഒരാളോടു തോന്നുന്ന മാനസികമായ അടുപ്പം!

പ്രതീക്ഷകൾ യാഥാർഥ്യത്തിൽനിന്നും അകലെ. താൻ കാത്തിരുന്ന, തനിക്കുവേണ്ടി മാത്രം ജനിച്ച, ആ ജീവിതപങ്കാളിയെ കണ്ടെത്തി എന്നൊക്കെ ചിന്തിച്ചാണ്‌ ചിലർ വിവാത്തിലേക്കു കടക്കുന്നത്‌. അതിമനോഹരമായൊരു പ്രണയസങ്കല്‌പമാണ്‌ അതെങ്കിലും യാഥാർഥ്യബോധമില്ലാത്ത അത്തരം ചിന്ത വിവാഹത്തകർച്ചയ്‌ക്കുതന്നെ വഴിയൊരുക്കാം. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ, ‘എന്തൊരു പൊരുത്തം’ എന്ന് അഭിമാനിച്ച ബന്ധം ഒരു ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞുവീഴുകയായി. അതോടെ, ‘എന്‍റെ തീരുമാനം തെറ്റിപ്പോയല്ലോ’ എന്ന് ഇണകൾ ഓരോരുത്തരും പരിതപിച്ചുതുടങ്ങുന്നു.

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

ഇണയുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്‌തു നോക്കാം: ഇണയുടെ മൂന്ന് നല്ല ഗുണങ്ങൾ എഴുതിവെക്കുക. നിങ്ങളുടെ വിവാഹഫോട്ടോയുടെ പുറകിലോ മൊബൈലിലോ നിങ്ങൾക്ക് ആ ലിസ്റ്റ് സൂക്ഷിക്കാം. എന്നിട്ട്, ഇണയെ ജീവിതപങ്കാളിയായി സ്വീകരിക്കാൻ ഇടയാക്കിയ ആ സദ്‌ഗുണങ്ങളിലൂടെ ഇടയ്‌ക്കിടെ ഒന്നു കണ്ണോടിക്കൂ. ഇങ്ങനെ ഇണയുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുന്നെങ്കിൽ നിങ്ങളുടെ ദാമ്പത്യത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകും; അഭിപ്രായഭിന്നതകളുണ്ടെങ്കിലും പരസ്‌പരം പൊരുത്തപ്പെട്ടുപോകാൻ എളുപ്പമാകും.—ബൈബിൾതത്ത്വം: റോമർ 14:19.

നിങ്ങൾക്ക് ഇരുവർക്കും മാത്രമായി സമയം കണ്ടെത്തുക. വിവാഹത്തിനു മുമ്പ് ഒരുപക്ഷേ നിങ്ങൾ പരസ്‌പരം കാണാനും സംസാരിക്കാനും എങ്ങനെയും അല്‌പം സമയം കണ്ടെത്തിയിട്ടുണ്ടാകും. നിങ്ങൾ കാത്തുകാത്തിരുന്ന വേളകളായിരുന്നില്ലേ അവ? അതുപോലെ, നിങ്ങൾക്കു മാത്രമായി കുറെ നിമിഷങ്ങൾ ഇപ്പോഴും മാറ്റിവെച്ചുകൂടേ? അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പരസ്‌പരം കൂടുതൽ അടുക്കും; അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജീവിപ്രശ്‌നങ്ങളെ ഏറെ മെച്ചമായി നേരിടാനും കഴിയും.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 5:18.

മനസ്സു തുറന്നു സംസാരിക്കുക. ഇണയുടെ വാക്കോ പ്രവൃത്തിയോ നിങ്ങളെ മുറിപ്പെടുത്തിയെന്നിരിക്കട്ടെ. നിങ്ങൾക്ക് അതു വിട്ടുകളയാനാകുമോ? വിട്ടുകളയാൻ കഴിയുന്നില്ലെങ്കിൽ ‘മൗനവ്രതത്തിലൂടെ’ പകരം വീട്ടാൻ ശ്രമിക്കരുത്‌. പിന്നെയോ ശാന്തമായി കാര്യങ്ങൾ സംസാരിക്കുക. എത്രയും പെട്ടെന്ന്, എന്നുച്ചാൽ അന്നുതന്നെ!—ബൈബിൾതത്ത്വം: എഫെസ്യർ 4:26.

ഇണയുടെ വാക്കോ പ്രവൃത്തിയോ നിങ്ങളെ മുറിപ്പെടുത്തിയെന്നിരിക്കട്ടെ. നിങ്ങൾക്ക് അതു വിട്ടുകളയാനാകുമോ?

ഇണ ദ്ദേശിച്ചതും നിങ്ങൾ മനസ്സിലാക്കിയതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പഠിക്കുക. പരസ്‌പരം വേദനിപ്പിക്കാൻ നിങ്ങൾ ഇരുരും മനഃപൂർവം ആഗ്രഹിക്കുന്നുണ്ടാവില്ല. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വാക്കോ പ്രവൃത്തിയോ ഇണയെ വേദനിപ്പിച്ചെന്നു മനസ്സിലായാൽ ഉടനെ ആത്മാർഥമായി ക്ഷമ ചോദിക്കുക. അത്‌ മനഃപൂർവമല്ലായിരുന്നെന്ന് അങ്ങനെ ഇണയെ ബോധ്യപ്പെടുത്താനായേക്കും. മേലാൽ, അറിയാതെപോലും ഇണയുടെ മനസ്സ് നോവിക്കാതിരിക്കാൻ, ‘എന്തു ചെയ്യണം,’ ‘എന്തു ചെയ്യരുത്‌’ എന്ന് ഒരുമിച്ചു ചർച്ച ചെയ്യുക. ബൈബിളിന്‍റെ ഈ ഉപദേശം പിൻപറ്റുക: “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ... അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.”—എഫെസ്യർ 4:32.

പ്രതീക്ഷകൾ യാഥാർഥ്യബോധമുള്ളതായിരിക്കട്ടെ. വിവാഹം കഴിക്കുന്നവർക്ക് “കഷ്ടം ഉണ്ടാകും” എന്നു ബൈബിൾ സമ്മതിച്ചു പറയുന്നു. (1 കൊരിന്ത്യർ 7:28) ഇത്തരം കഷ്ടങ്ങളിൽക്കൂടെ കടന്നുപോകുമ്പോൾ ദാമ്പത്യത്തെ ഒരു പരാജയമായി പെട്ടെന്ന് എഴുതിത്തള്ളരുത്‌. പകരം, അഭിപ്രായഭിന്നതകൾ നിങ്ങൾ ഒത്തൊരുമിച്ചു പരിഹരിക്കുക. അതുപോലെ, “അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും” ചെയ്യുക.—കൊലോസ്യർ 3:13. ▪ (g14-E 03)