വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേഖനം

പണംകൊണ്ട് നേടാനാകാത്ത മൂന്നു കാര്യങ്ങൾ

പണംകൊണ്ട് നേടാനാകാത്ത മൂന്നു കാര്യങ്ങൾ

ജോലിയും വീടും പെൻഷനും ഒക്കെ നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയിൽ കഴിയുന്ന അനേകം ആളുകൾ ലോകത്തുണ്ട്. എന്നാൽ പണംകൊണ്ട് വാങ്ങാവുന്ന എന്തും ഏതും സ്വന്തമാക്കുക എന്ന ഭ്രമമാണ്‌ അവരിൽ പലർക്കും. എത്ര വിരോധാഭാസം!

ഇത്തരം ആളുകൾ പരസ്യക്കമ്പനികളുടെ കെണിയിൽ പെട്ടെന്നു വീഴും. പ്രമുഖകമ്പനികളുടെ വസ്‌ത്രങ്ങളും ഏറ്റവും പുതിയ കാറും വലിയ വീടും നമുക്ക് ആവശ്യമാണ്‌ എന്ന് പരസ്യങ്ങളിലൂടെ അവർ വിശ്വസിപ്പിക്കുന്നു. ‘ഇപ്പോൾ പണമില്ലേ? വിഷമിക്കേണ്ട, സാധനം കൊണ്ടുപൊയ്‌ക്കോളൂ’ എന്ന അവരുടെ തന്ത്രത്തിൽ ആളുകൾ കുടുങ്ങുന്നു. കടം എത്ര കൂടിയാലും ആളുകളുടെ മുമ്പിൽ താൻ സമ്പന്നനാണ്‌ എന്ന് കാണിക്കാനാണ്‌ നേകരും ആഗ്രഹിക്കുന്നത്‌.

എന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ അവർക്ക് യാഥാർഥ്യങ്ങളെ നേരിടേണ്ടി വരും. “മനഃശാന്തി ലഭിക്കാനായി ലഹരിമരുന്നുകളെ ആശ്രയിക്കുന്നവരെപ്പോലെയാണ്‌ മറ്റുള്ളവരുടെ മുമ്പിൽ സമ്പന്നനാണെന്നു കാണിക്കുന്നതിനുവേണ്ടി കടമായി സാധനങ്ങൾ വാങ്ങുന്നവർ. ഇവയ്‌ക്കു രണ്ടിനും ഒരു പ്രത്യേകതയുണ്ട്. ആദ്യമൊക്കെ ഇവ നല്ലതായി തോന്നും. എന്നാൽ കുറച്ചുകാലം മാത്രമേ ഇത്‌ നിലനിൽക്കുകയുള്ളൂ. കാലക്രമേണ രണ്ടും നിങ്ങളെ ദാരിദ്ര്യത്തിലാക്കുകയും വിഷാദത്തിന്‌ അടിമയാക്കുകയും ചെയ്യും” എന്ന് പൊങ്ങച്ചരോഗം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

‘ജീവിതത്തിന്‍റെ പ്രതാപ’പ്രകടനങ്ങളുടെ ഭോഷത്വത്തെ ബൈബിൾ തുറന്നുകാട്ടുന്നു. (1 യോഹന്നാൻ 2:16) വസ്‌തുവകകളോടുള്ള അടങ്ങാത്ത ആഗ്രഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽനിന്ന് ശ്രദ്ധ തിരിച്ചുകളയും എന്നതാണ്‌ വസ്‌തുത. അവയൊന്നും പണംകൊണ്ട് വാങ്ങാനുമാവില്ല. മൂന്ന് ഉദാഹരണങ്ങൾ പരിചിന്തിക്കാം.

 1. കുടുംത്തിലെ ഐക്യം

ഐക്യനാടുകളിലുള്ള കൗമാരക്കാരിയായ ക്ലാരയ്‌ക്ക് * തോന്നുന്നത്‌ തന്‍റെ പിതാവ്‌ ജോലിക്കും അതിലൂടെ ലഭിക്കുന്ന പണത്തിനും അമിതപ്രാധാന്യം കൊടുക്കുന്നു എന്നാണ്‌. “ഞങ്ങൾക്ക് എല്ലാം ആവശ്യത്തിനും അതിലധികവും ഉണ്ട്. പക്ഷേ ഡാഡി ഒരിക്കലും വീട്ടിലുണ്ടാവാറില്ല. എപ്പോഴും യാത്രതന്നെ യാത്ര. അത്‌ ജോലിയുടെ ഭാഗമാണ്‌ എന്ന് എനിക്ക് അറിയാം. എങ്കിലും കുടുംബത്തിലുള്ളവരെക്കുറിച്ചും ഡാഡി ചിന്തിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.”

ചിന്തിക്കാൻ: പിൽക്കാലജീവിതത്തിൽ ക്ലാരയുടെ പിതാവിന്‌ എന്തിനെപ്രതി ഖേദം തോന്നിയേക്കാം? ഭൗതികവസ്‌തുക്കൾക്ക് അമിതപ്രാധാന്യം നൽകുന്നത്‌ മകളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെ എങ്ങനെയാണ്‌ ബാധിക്കുന്നത്‌? അദ്ദേഹത്തിന്‍റെ കുടുംബം പണത്തെക്കാൾ ഉപരി അദ്ദേഹത്തിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ. ഈ സ്‌നേഹം ഏറിയിട്ട് ചിലർ . . . പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.”—1 തിമൊഥെയൊസ്‌ 6:10.

  • “ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്‌നേഹമുള്ളെടത്തെ ശാകഭോജനം നല്ലത്‌.”—സദൃശവാക്യങ്ങൾ 15:17.

ചുരുക്കത്തിൽ: കുടുംത്തിലെ ഐക്യം പണം കൊടുത്തു വാങ്ങാവുന്ന ഒന്നല്ല. കുടുംത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവർക്ക് ആവശ്യമായ സ്‌നേഹവും ശ്രദ്ധയും നൽകുന്നതിലൂടെയും മാത്രമേ അത്‌ ലഭിക്കുകയുള്ളൂ.—കൊലോസ്യർ 3:18-21.

 2. യഥാർഥസുരക്ഷിതത്വം

17 വയസ്സുകാരി സാറാ പറയുന്നു: “ശിഷ്ടകാലം മുഴുവൻ സുഖമായി കഴിയുന്നതിന്‌ ഞാൻ സമ്പന്നനായ ഒരു വ്യക്തിയെ വിവാഹം കഴിക്കണമെന്നും ഒരു തൊഴിൽ പഠിക്കണമെന്നും മമ്മി എന്നോട്‌ എപ്പോഴും പറയുന്നു. മമ്മിയുടെ മനസ്സുനിറയെ പണത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമാണ്‌.”

ചിന്തിക്കാൻ: ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ ന്യാമായ എന്ത് ആശങ്കകളാണ്‌ നിങ്ങൾക്കുള്ളത്‌? ന്യാമായ ആശങ്ക എപ്പോഴാണ്‌ അതിരു കടക്കുകയും അമിതമായിത്തീരുകയും ചെയ്യുന്നത്‌? മകൾക്കു സാമ്പത്തികഭദ്രതയെക്കുറിച്ച് ഒരു സമനിലയുള്ള വീക്ഷണം പ്രദാനം ചെയ്യാൻ സാറയുടെ അമ്മയ്‌ക്ക് എങ്ങനെ കഴിയും?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ.”—മത്തായി 6:19.

  • “നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ.”—യാക്കോബ്‌ 4:14.

ചുരുക്കത്തിൽ: ഭാവി ഭദ്രമാക്കുന്നതിൽ പണം വാരിക്കൂട്ടുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. പണം മോഷ്ടിക്കപ്പെട്ടേക്കാം. അതിനു രോഗം ഭേദമാക്കാനോ മരണത്തെ തടുക്കാനോ കഴിയില്ല. (സഭാപ്രസംഗി 7:12) ദൈവത്തെയും അവന്‍റെ ഉദ്ദേശത്തെയും കുറിച്ച് അറിയുന്നതിലൂടെയാണ്‌ യഥാർഥസംതൃപ്‌തി ലഭിക്കുന്നതെന്നു ബൈബിൾ പഠിപ്പിക്കുന്നു.—യോന്നാൻ 17:3.

 3. ആത്മസംതൃപ്‌തി

24 വയസ്സുകാരി റ്റാനിയ പറയുന്നു: “ലളിതമായൊരു ജീവിതം നയിക്കാനാണ്‌ എന്‍റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്‌. മിക്കവാറും സാഹചര്യങ്ങളിൽ അത്യാശമായതു മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞാനും എന്‍റെ ഇരട്ടസഹോദരിയും സന്തോഷത്തോടുകൂടെയാണ്‌ വളർന്നുവന്നത്‌.”

ചിന്തിക്കാൻ: അടിസ്ഥാനാവശ്യങ്ങൾകൊണ്ടു മാത്രം തൃപ്‌തിപ്പെടുന്നത്‌ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്? പണത്തോടുള്ള മനോഭാവത്തിന്‍റെ കാര്യത്തിൽ കുടുംബത്തിൽ നിങ്ങൾ എന്തു മാതൃകയാണ്‌ വെക്കുന്നത്‌?

പരിചിന്തിക്കാനുള്ള ബൈബിൾതത്ത്വങ്ങൾ:

  • “ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്‌തിപ്പെടാം.”—1 തിമൊഥെയൊസ്‌ 6:8.

  • “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ.”—മത്തായി 5:3.

ചുരുക്കത്തിൽ: ജീവിതം എന്നതിൽ പണവും അതുകൊണ്ടു വാങ്ങാനാകുന്ന സാധനങ്ങളും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. ബൈബിൾ ഇപ്രകാരം പറയുന്നു: “ഒരുവന്‌ എത്ര സമ്പത്തുണ്ടായാലും അവന്‍റെ വസ്‌തുവകകളല്ല അവന്‍റെ ജീവന്‌ ആധാരമായിരിക്കുന്നത്‌.” (ലൂക്കോസ്‌ 12:15) ജീവിതത്തിൽ യഥാർഥസംതൃപ്‌തി ലഭിക്കുന്നത്‌ താഴെ പറയുന്നതുപോലുള്ള പ്രാധാന്യമർഹിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെയാണ്‌:

  • നാം ഇവിടെയായിരിക്കുന്നത്‌ എന്തുകൊണ്ട്?

  • നമ്മുടെ ഭാവി എന്തായിരിക്കും?

  • എനിക്ക് എന്‍റെ ആത്മീയ ആവശ്യങ്ങൾ എങ്ങനെ തൃപ്‌തിപ്പെടുത്താം?

(g13-E 10)

^ ഖ. 8 ഈ ലേഖനത്തിലെ പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.