വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

ഒരു നല്ല അച്ഛനായിരിക്കാൻ

ഒരു നല്ല അച്ഛനായിരിക്കാൻ

“എവിടെയാണെനിക്കു പിഴച്ചത്‌?” മൈക്കിളിനെ a നിരന്തരം വേട്ടയാടിയ ചോദ്യമാണിത്‌. സൗത്ത്‌ ആഫ്രിക്കക്കാരനായ അദ്ദേഹം നല്ല ഒരു അച്ഛനായിരിക്കാൻ തന്നാലാവുന്നതുപോലെയെല്ലാം ശ്രമിച്ചയാളാണ്‌. എന്നിട്ടും വഴിപിഴച്ചുപോയ 19-കാരൻ മകനെക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം ‘ഞാൻ കുറച്ചുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ’ എന്ന കുറ്റബോധമാണ്‌ അദ്ദേഹത്തിന്‌.

അതേസമയം, നല്ല ഒരു അച്ഛനായിരിക്കുന്നതിൽ സ്‌പെയ്‌ൻകാരനായ ടെറി വിജയിച്ചതുപോലുണ്ട്‌. അദ്ദേഹത്തിന്റെ മകൻ ആൻഡ്രൂ പറയുന്നു: “ഡാഡിയെക്കുറിച്ചുള്ള എന്റെ കുഞ്ഞുന്നാളിലെ ഓർമകളിലെല്ലാം, എന്നെ വായിച്ചുകേൾപ്പിക്കുന്ന, എന്റെകൂടെ കളിക്കുന്ന, എന്നെ യാത്ര കൊണ്ടുപോകുകയും ഒരുപാടു സമയം എന്നോടൊപ്പം ചെലവിടുകയും ചെയ്യുന്ന ഒരു അച്ഛനായിരുന്നു അദ്ദേഹം. വളരെ രസകരമായ രീതിയിൽ അദ്ദേഹം എന്നെ എന്തെല്ലാം പഠിപ്പിച്ചു!”

അതെ, നല്ല ഒരു അച്ഛനായിരിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്നു വ്യക്തം. എങ്കിലും ഇക്കാര്യത്തിൽ സഹായകമായ ചില മൗലികതത്ത്വങ്ങളുണ്ട്‌. ബൈബിളിൽ കാണുന്ന ആ ജ്ഞാനമൊഴികൾ പ്രാവർത്തികമാക്കിയതുമൂലം തങ്ങൾക്കും കുടുംബത്തിനും വളരെ പ്രയോജനമുണ്ടായതായി നിരവധി പിതാക്കന്മാർ പറയുന്നു. അവരെ സഹായിച്ച, ബൈബിളിലെ ചില പ്രായോഗിക നിർദേശങ്ങൾ ഇതാ:

1. കുടുംബത്തിനായി സമയം മാറ്റിവെക്കുക

കുട്ടികൾ നിങ്ങൾക്ക്‌ ഏറെ പ്രിയപ്പെട്ടവരാണെന്ന്‌ നിങ്ങൾ അവർക്ക്‌ എങ്ങനെ കാണിച്ചുകൊടുക്കും? കുട്ടികൾക്കായി നിങ്ങൾ ധാരാളം സംഗതികൾ ചെയ്യുന്നുണ്ട്‌ എന്നത്‌ നേരാണ്‌. അവർക്കായി ഭദ്രമായ ഒരു ഭവനം തീർക്കാനും അവരെ പോറ്റിപ്പുലർത്താനും നിങ്ങൾ ചെയ്യുന്ന ത്യാഗങ്ങൾ അവയിൽപ്പെടും. കുഞ്ഞുങ്ങളെ നിങ്ങൾക്ക്‌ കാര്യമല്ലെങ്കിൽ നിങ്ങൾ ഇതൊന്നും ചെയ്യുമായിരുന്നില്ല. അങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുമൊത്ത്‌ ഗണ്യമായ സമയം ചെലവഴിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സ്‌നേഹം അവർക്കു തിരിച്ചറിയാനായെന്നു വരില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ ജോലിയും സുഹൃത്തുക്കളും വിനോദവും ഒക്കെയാണ്‌ അവരെക്കാൾ പ്രധാനമെന്ന്‌ അവർക്കു തോന്നിയേക്കാം.

എപ്പോൾ മുതലാണ്‌ ഒരു പിതാവ്‌ കുഞ്ഞുങ്ങളുമായി സമയം ചെലവിടാൻ തുടങ്ങേണ്ടത്‌? വാസ്‌തവത്തിൽ ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞുമായുള്ള അമ്മയുടെ വൈകാരികബന്ധം ആരംഭിക്കുന്നു. ഗർഭധാരണം കഴിഞ്ഞ്‌ ഏതാണ്ട്‌ 16 ആഴ്‌ചകളാകുമ്പോൾ അജാതശിശുവിന്‌ ശബ്ദങ്ങൾ കേൾക്കാൻ കഴിഞ്ഞേക്കും. ഗർഭത്തിൽ വളരുന്ന തന്റെ കുഞ്ഞുമായി ഈ ഘട്ടത്തിൽത്തന്നെ അനന്യമായ ഹൃദയബന്ധം അച്ഛനും തുടങ്ങാവുന്നതാണ്‌. കുഞ്ഞുഹൃദയത്തിന്റെ മിടിപ്പും കുഞ്ഞിക്കാലിന്റെ തുടിപ്പും അച്ഛന്‌ അറിയാൻ ശ്രമിക്കാം; പിന്നെ കൊച്ചുവർത്തമാനങ്ങളാകാം, പാട്ടുപാടി കേൾപ്പിക്കാം!

ബൈബിൾതത്ത്വം: ബൈബിൾക്കാലങ്ങളിൽ മക്കളുടെ വിദ്യാഭ്യാസത്തിൽ പിതാവ്‌ വ്യക്തിപരമായി ഉൾപ്പെട്ടിരുന്നു. ക്രമമായ അടിസ്ഥാനത്തിൽ മക്കളോടൊത്ത്‌ സമയം ചെലവഴിക്കണമെന്ന്‌ ദൈവം പിതാക്കന്മാരെ ഉദ്‌ബോധിപ്പിച്ചിരുന്നു. ആവർത്തനപുസ്‌തകം 6:6, 7-ൽ ബൈബിൾ നൽകുന്ന നിർദേശത്തിൽ ഇതു വ്യക്തമാണ്‌: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”

2. നല്ല ഒരു അച്ഛൻ നന്നായി ആശയവിനിമയം ചെയ്യുന്ന ആളായിരിക്കും

നിഗമനങ്ങളിലേക്ക്‌ എടുത്തുചാടാതെ ശാന്തനായിരുന്നു ശ്രദ്ധിക്കുക

കുട്ടികൾ സംസാരിക്കുന്നതു ശ്രദ്ധിച്ചു കേട്ടെങ്കിലേ അവരുമായി നല്ല ആശയവിനിമയം സാധ്യമാകൂ. അതുകൊണ്ടുതന്നെ, അമിതമായി പ്രതികരിക്കാതെ ശ്രദ്ധിക്കാനുള്ള പ്രാപ്‌തി നിങ്ങൾ വളർത്തിയെടുക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

പെട്ടെന്ന്‌ കോപിക്കുകയും നിഗമനങ്ങളിലേക്ക്‌ എടുത്തുചാടുകയും ചെയ്യുന്ന പ്രകൃതമാണു നിങ്ങൾക്കെന്ന്‌ കുട്ടികൾക്കു തോന്നിയാൽ അവർ മനസ്സിലുള്ളത്‌ തുറന്നു പറയാൻ മടിക്കും. എന്നാൽ ശാന്തനായിരുന്ന്‌ ശ്രദ്ധിക്കുന്നെങ്കിൽ അവരിൽ നിങ്ങൾക്ക്‌ യഥാർഥ താത്‌പര്യമുണ്ടെന്നു നിങ്ങൾ തെളിയിക്കുകയാണ്‌. അങ്ങനെയാകുമ്പോൾ ഉള്ളിന്റെയുള്ളിലെ ചിന്തകളും വികാരങ്ങളും കുട്ടികൾ നിങ്ങളോടു പങ്കുവയ്‌ക്കാനുള്ള സാധ്യത കൂടുതലാണ്‌.

ബൈബിൾതത്ത്വം: ബൈബിളിൽ കാണാനാകുന്ന പ്രായോഗികജ്ഞാനം ദൈനംദിനജീവിതത്തിന്റെ നിരവധി മണ്ഡലങ്ങളിൽ ഉപയുക്തമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ദൃഷ്ടാന്തത്തിന്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ.” (യാക്കോബ്‌ 1:19) ഈ ബൈബിൾതത്ത്വം പ്രാവർത്തികമാക്കുന്ന പിതാക്കന്മാർക്ക്‌ കുട്ടികളുമായി ഏറെ നന്നായി ആശയവിനിമയം ചെയ്യാൻ കഴിയുന്നുണ്ട്‌.

3. അഭിനന്ദനം നൽകുക, സ്‌നേഹപുരസ്സരം ശിക്ഷണവും

അരിശവും കോപവും ഒക്കെ തോന്നുമ്പോൾപ്പോലും നിങ്ങൾ നൽകുന്ന ശിക്ഷണം എല്ലായ്‌പോഴും കുട്ടിയുടെ ദീർഘകാലക്ഷേമത്തെപ്രതിയുള്ള സ്‌നേഹപുരസ്സരമായ ഒരു നടപടി ആയിരിക്കണം. അതിൽ ബുദ്ധിയുപദേശം, തിരുത്തൽ, കാര്യങ്ങൾ പഠിപ്പിക്കൽ, ആവശ്യാനുസൃതമുള്ള ശിക്ഷാനടപടി എന്നിവ ഉൾപ്പെടുന്നു.

കൂടാതെ പിതാവ്‌ മക്കളെ കൂടെക്കൂടെ അഭിനന്ദിക്കുന്ന രീതിയുണ്ടെങ്കിൽ നൽകുന്ന ശിക്ഷണം ഏറെ ഫലവത്തായിരിക്കും. ഒരു പഴമൊഴി പറയുന്നതിങ്ങനെയാണ്‌: “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.” (സദൃശവാക്യങ്ങൾ 25:11) അഭിനന്ദനം ഒരു കുട്ടിയുടെ വ്യക്തിവികാസത്തിൽ നിർണായക പങ്കുവഹിക്കുന്നു. അംഗീകാരവും അഭിനന്ദനവും ഏകുമ്പോൾ ഇളംമനസ്സുകൾ പ്രഫുല്ലമാകും. അനുമോദനമേകാൻ അവസരം പാർക്കുന്ന ഒരു പിതാവ്‌ കുരുന്നുഹൃദയത്തിൽ ആത്മവിശ്വാസം പകരും. ശരിയായതു ചെയ്യാനുള്ള ശ്രമം നിറുത്തിക്കളയാതെ മുന്നോട്ടു ചുവടുവെക്കാൻ അത്‌ കുട്ടികൾക്കു പ്രചോദനമേകും.

ബൈബിൾതത്ത്വം: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.”കൊലോസ്യർ 3:21.

4. ഭാര്യയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുക

ഭാര്യയോടുള്ള നിങ്ങളുടെ പെരുമാറ്റം കുട്ടികളെ ബാധിക്കുമെന്നുള്ളത്‌ ഉറപ്പാണ്‌. കുട്ടികളുടെ വ്യക്തിത്വവികസനത്തെക്കുറിച്ചു പഠിക്കുന്ന ഒരു സംഘം വിദഗ്‌ധർ ഇങ്ങനെ പറഞ്ഞു: “ഒരച്ഛന്‌ കുട്ടികൾക്കുവേണ്ടി ചെയ്യാനാകുന്ന ഏറ്റവും നല്ല ഒരു കാര്യം അവരുടെ അമ്മയെ ആദരിക്കുക എന്നതാണ്‌. . . . അച്ഛനമ്മമാർ അന്യോന്യം ആദരിക്കുന്നത്‌ കുട്ടികൾ കാണുമ്പോൾ അവർ അനുഭവിക്കുന്ന സന്തോഷവും സുരക്ഷിതബോധവും അപാരമാണ്‌.”—The Importance of Fathers in the Healthy Development of Children. b

ബൈബിൾതത്ത്വം: “ഭർത്താക്കന്മാരേ, . . . നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ. . . . ഓരോരുത്തനും തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം.”എഫെസ്യർ 5:25, 33.

5. ദൈവം നൽകുന്ന പ്രായോഗികജ്ഞാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക

ദൈവത്തെ ഹൃദയപൂർവം സ്‌നേഹിക്കുന്ന പിതാക്കന്മാരുടെ പക്കൽ മക്കൾക്കു നൽകാനായി ഒരു അമൂല്യപൈതൃകമുണ്ട്‌—സ്വർഗീയപിതാവുമായുള്ള ആത്മബന്ധം.

ആറു മക്കളെ വളർത്താൻ പതിറ്റാണ്ടുകൾ കഠിനാധ്വാനം ചെയ്‌ത, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ്‌ അന്റോണിയോ. അദ്ദേഹത്തിന്റെ പെൺമക്കളിൽ ഒരാൾ ഒരിക്കൽ അച്ഛന്‌ ഇങ്ങനെ എഴുതി: “പ്രിയപ്പെട്ട ഡാഡീ, യഹോവയെയും അയൽക്കാരെയും പിന്നെ, എന്നെത്തന്നെയും സ്‌നേഹിക്കാൻ പഠിപ്പിച്ചതിന്‌ ഒരുപാട്‌ നന്ദി. സമനിലയുള്ള ഒരു വ്യക്തിയായിരിക്കാൻ അതെന്നെ സഹായിച്ചിരിക്കുന്നു. യഹോവയോടുള്ള സ്‌നേഹവും എന്നോടുള്ള വ്യക്തിപരമായ കരുതലും ഞാൻ ഡാഡിയിൽ കണ്ടു. യഹോവയെ ജീവിതത്തിൽ ഒന്നാമതു വെച്ച്‌ ജീവിച്ചുകാണിച്ചതിനും മക്കളായ ഞങ്ങളെ ദൈവത്തിന്റെ വരദാനമായിക്കണ്ടു വളർത്തിയതിനും ഞാൻ ഡാഡിയോട്‌ നന്ദി പറയട്ടെ!”

ബൈബിൾതത്ത്വം: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.”ആവർത്തനപുസ്‌തകം 6:5, 6.

നല്ല ഒരു അച്ഛനായിരിക്കുന്നതിൽ ഈ അഞ്ചു കാര്യങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. നിങ്ങൾ എത്രകണ്ട്‌ ശ്രമിച്ചാലും എല്ലാം തികഞ്ഞ ഒരു അച്ഛനായിരിക്കാനും നിങ്ങൾക്കാവില്ല. എന്നിരുന്നാലും, സ്‌നേഹത്തോടും സമനിലയോടും കൂടെ മേൽപ്പറഞ്ഞ തത്ത്വങ്ങൾ നിങ്ങൾ ബാധകമാക്കുന്നിടത്തോളം നിങ്ങൾക്കും നല്ല ഒരു അച്ഛനായിരിക്കാൻ കഴിയും. c ◼ (g13-E 03)

a ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

b വിവാഹമോചനം നേടിയാലും ഒരച്ഛൻ തന്റെ കുഞ്ഞുങ്ങളുടെ അമ്മയോട്‌ ആദരവോടും മാന്യതയോടും കൂടെ ഇടപെടുന്നത്‌ അമ്മയുമായി കുട്ടികൾക്ക്‌ നല്ലൊരു ബന്ധം ഉണ്ടായിരിക്കാൻ സഹായിക്കും.

c കുടുംബജീവിതത്തെക്കുറിച്ചു കൂടുതൽ മാർഗനിർദേശങ്ങൾക്ക്‌ കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം കാണുക. ഈ പുസ്‌തകം www.jw.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.