വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹമോചനം—അറിഞ്ഞിരിക്കേണ്ട നാലുകാര്യങ്ങൾ

വിവാഹമോചനം—അറിഞ്ഞിരിക്കേണ്ട നാലുകാര്യങ്ങൾ

വിവാഹമോചനം—അറിഞ്ഞിരിക്കേണ്ട നാലുകാര്യങ്ങൾ

കേടുപാടുകൾ വിലയിരുത്തിയശേഷം ആ വീട്‌ ഇടിച്ചുപൊളിച്ചുകളയണമോ അതോ കേടുപോക്കിയെടുക്കണമോ എന്ന്‌ ഉടമസ്ഥർക്ക്‌ തീരുമാനിക്കാം.

കേടുപാടു സംഭവിച്ച ഒരു വീടുപോലെയാണോ നിങ്ങളുടെ ദാമ്പത്യം? ഒന്നുകിൽ നിങ്ങളുടെ ഇണ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു; അല്ലെങ്കിൽ തർക്കവും വഴക്കും നിത്യസംഭവമായി മാറിയിരിക്കുന്നു. ഒരുപക്ഷേ, ‘സ്‌നേഹശൂന്യമായ ദാമ്പത്യമാണ്‌ ഞങ്ങളുടേത്‌;’ ‘ഞങ്ങൾ തമ്മിൽ ഒരു പൊരുത്തവുമില്ല;’ ‘എന്തു കണ്ടിട്ടാണാവോ ഞാൻ ഇങ്ങനെയൊരു ബന്ധത്തിൽ ചെന്നുചാടിയത്‌’ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ‘ഇനി, വിവാഹമോചനമല്ലാതെ മറ്റു വഴിയൊന്നുമില്ല’ എന്നുപോലും നിങ്ങൾ വിചാരിക്കുന്നുണ്ടാകാം.

എടുത്തുചാടി വിവാഹമോചനം നേടാൻ തീരുമാനിക്കുന്നതിനുമുമ്പ്‌ നന്നായി ആലോചിക്കുക. വിവാഹമോചനത്തോടെ പ്രശ്‌നങ്ങൾക്കെല്ലാം അറുതിവരുമെന്ന്‌ കരുതരുത്‌. പലപ്പോഴും അവയുടെ സ്ഥാനത്ത്‌ പുതിയ ചില പ്രശ്‌നങ്ങൾ സ്ഥാനംപിടിക്കുകയാണ്‌ പതിവ്‌. ഡോക്‌ടർ ബ്രാഡ്‌ സാക്‌സ്‌ തന്റെ ഒരു പുസ്‌തകത്തിൽ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിവാഹമോചനം തേടുന്ന ദമ്പതികൾ സ്വപ്‌നം കാണുന്നത്‌ കാറ്റുംകോളുമൊക്കെ അടങ്ങി, തികച്ചും പ്രശാന്തസുന്ദരമായ ഒരു ജീവിതമാണ്‌. പക്ഷേ, സന്തോഷംമാത്രം അലയടിക്കുന്ന ഒരു ദാമ്പത്യംപോലെതന്നെ അസാധ്യമായ ഒന്നാണത്‌.” അതുകൊണ്ടുതന്നെ വിവാഹമോചനത്തിന്റെ വരുംവരായ്‌കകൾ വ്യക്തമായി മനസ്സിലാക്കി വസ്‌തുനിഷ്‌ഠമായ തീരുമാനത്തിൽ എത്തിച്ചേരുന്നത്‌ പ്രധാനമാണ്‌.

ബൈബിളിനു പറയാനുള്ളത്‌

ബൈബിൾ വിവാഹമോചനത്തെ നിസ്സാരമായിട്ടല്ല കാണുന്നത്‌. മറ്റൊരാളെ വിവാഹംകഴിക്കാനോ മറ്റോ നിസ്സാര കാരണങ്ങളുടെ പേരിൽ സ്വന്തം ഇണയെ ഉപേക്ഷിക്കുന്നതിനെ കൊടിയ വഞ്ചനയായി യഹോവ കണക്കാക്കുന്നു. അവൻ അതിനെ അങ്ങേയറ്റം വെറുക്കുന്നുവെന്ന്‌ ബൈബിൾ പറയുന്നു. (മലാഖി 2:13-16) വിവാഹബന്ധം ഒരു ആജീവനാന്തബന്ധമാണ്‌. (മത്തായി 19:6) സഹിക്കാനും ക്ഷമിക്കാനും ദമ്പതികൾ അൽപ്പംകൂടി മനസ്സുകാണിച്ചിരുന്നെങ്കിൽ നിസ്സാര കാരണങ്ങളുടെപേരിൽ തകർന്നുപോയ പല ബന്ധങ്ങളും രക്ഷിച്ചെടുക്കാമായിരുന്നു.—മത്തായി 18:21, 22.

എന്നിരുന്നാലും വിവാഹമോചനത്തിനും പുനർവിവാഹത്തിനും ബൈബിൾ അനുമതി നൽകുന്ന ഒരു സാഹചര്യമുണ്ട്‌. വിവാഹേതര ലൈംഗികബന്ധം ആണ്‌ അതിനുള്ള ഏക അടിസ്ഥാനമായി ബൈബിൾ ചൂണ്ടിക്കാട്ടുന്നത്‌. (മത്തായി 19:9) അതുകൊണ്ട്‌ ഇണ അവിശ്വസ്‌തത കാണിച്ചിട്ടുണ്ടെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്‌. എന്നാൽ ഇക്കാര്യത്തിൽ മറ്റുള്ളവരായിരിക്കരുത്‌ നിങ്ങൾക്കുവേണ്ടി തീരുമാനമെടുക്കേണ്ടത്‌. ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും നിങ്ങൾ ഏതു തീരുമാനം കൈക്കൊള്ളണം എന്ന്‌ ഉപദേശിച്ചുതരുകയല്ല. തീരുമാനം എന്തുതന്നെയായാലും അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടത്‌ നിങ്ങളാണ്‌; അതുകൊണ്ട്‌ തീരുമാനമെടുക്കേണ്ടതും നിങ്ങൾതന്നെയാണ്‌.—ഗലാത്യർ 6:5.

ബൈബിൾ ഇങ്ങനെയും പറയുന്നു: “സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട്‌ വിവാഹമോചനം നേടാനുള്ള തിരുവെഴുത്തടിസ്ഥാനം ഉണ്ടെങ്കിൽപ്പോലും അതിന്റെ വരുംവരായ്‌കകൾ വിലയിരുത്തുന്നത്‌ നന്നായിരിക്കും. (1 കൊരിന്ത്യർ 6:12) ബ്രിട്ടനിൽനിന്നുള്ള ഡേവിഡ്‌ പറയുന്നു, “എത്രയുംപെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തണം എന്നാണ്‌ ചിലർ കരുതുന്നത്‌. എന്നാൽ വിവാഹമോചനം നേടിയ ആളെന്നനിലയിൽ അനുഭവത്തിൽനിന്ന്‌ പറയട്ടെ, സമയമെടുത്ത്‌ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിച്ചുവേണം ഒരു തീരുമാനത്തിലെത്താൻ.” *

പരിഗണിക്കേണ്ട നാലുവശങ്ങളെക്കുറിച്ച്‌ നമുക്കിപ്പോൾ ചിന്തിക്കാം. വിവാഹമോചനം നേടിയ പലരുടെയും അഭിപ്രായങ്ങൾ ഈ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്‌; തങ്ങൾ എടുത്ത തീരുമാനം തെറ്റിപ്പോയെന്ന്‌ അവരാരും പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധിക്കുക. എന്നാൽ വിവാഹമോചനത്തെ തുടർന്നുള്ള മാസങ്ങളിലോ, എന്തിന്‌ വർഷങ്ങൾക്കുശേഷംപോലുമോ അവർക്കു നേരിടേണ്ടിവന്നിട്ടുള്ള ചില വെല്ലുവിളികൾ വെളിപ്പെടുത്തുന്നവയാണ്‌ ആ അഭിപ്രായങ്ങൾ.

1 സാമ്പത്തിക പ്രശ്‌നങ്ങൾ

ഇറ്റലിയിൽനിന്നുള്ള ഡാൻയേലാ വിവാഹിതയായിട്ട്‌ 12 വർഷം കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ്‌ ഭർത്താവ്‌ ഒരു സഹപ്രവർത്തകയുമായി അടുപ്പത്തിലാണെന്ന്‌ അവർ മനസ്സിലാക്കുന്നത്‌. “അപ്പോഴേക്കും ആ സ്‌ത്രീ ആറുമാസം ഗർഭിണിയായിരുന്നു,” ഡാൻയേലാ പറയുന്നു.

കുറെക്കാലം പിരിഞ്ഞു താമസിച്ചശേഷം നിയമപരമായി ബന്ധം വേർപെടുത്താൻ ഡാൻയേലാ തീരുമാനിച്ചു. അവർ പറയുന്നു, “ഞങ്ങളുടെ ദാമ്പത്യം എങ്ങനെയും രക്ഷിക്കാൻ ഞാൻ ശ്രമിച്ചു; പക്ഷേ, ഭർത്താവ്‌ തന്റെ അവിശ്വസ്‌തഗതി തുടർന്നു.” തന്റെ തീരുമാനം ശരിയാണെന്ന്‌ ഡാൻയേലാ ഉറച്ചുവിശ്വസിക്കുന്നു. എങ്കിലും അവർ പറയുന്നു: “ഞങ്ങൾ വേർപിരിഞ്ഞതോടെ ഞാൻ സാമ്പത്തിക ഞെരുക്കത്തിലായി. ചിലപ്പോഴൊക്കെ അത്താഴത്തിനുപോലും വകയില്ലായിരുന്നു; ഒരു ഗ്ലാസ്‌ പാലുമാത്രമായിരുന്നു എന്റെ ഭക്ഷണം.”

സമാനമായ ഒരു അനുഭവമാണ്‌ സ്‌പെയിനിൽനിന്നുള്ള മാരിയക്കു പറയാനുള്ളത്‌: “എന്റെ മുൻഭർത്താവ്‌ എനിക്കു യാതൊരു സാമ്പത്തിക സഹായവും നൽകുന്നില്ല. മാത്രമല്ല, അദ്ദേഹം വരുത്തിവെച്ച കടങ്ങൾ വീട്ടേണ്ട ഗതികേടിലുമാണു ഞാൻ. നല്ലൊരു വീട്ടിൽ താമസിച്ചിരുന്ന എനിക്ക്‌ ഒരു ചെറിയ അപ്പാർട്ടുമെന്റിലേക്കു മാറേണ്ടതായും വന്നു; യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു സ്ഥലമാണത്‌.”

ഈ അനുഭവങ്ങളിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌, വിവാഹബന്ധം വേർപെടുത്തുന്നത്‌ മിക്കപ്പോഴും സ്‌ത്രീകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നു. വിവാഹമോചനത്തെ തുടർന്ന്‌ പുരുഷന്മാരുടെ വരുമാനം 11 ശതമാനം വർധിച്ചെങ്കിൽ സ്‌ത്രീകളുടേത്‌ 17 ശതമാനം കുറഞ്ഞതായി യൂറോപ്പിൽ നടത്തിയ, ഏഴുവർഷം നീണ്ട ഒരു പഠനം വെളിപ്പെടുത്തുന്നു. ഈ പഠനത്തിനു നേതൃത്വം നൽകിയ മീക്കെ യാൻസൻ പറയുന്നു: “വിവാഹമോചനം ഉളവാക്കുന്ന ഹൃദയവേദനയോടൊപ്പം, ഒരു ജോലി തേടിപ്പിടിച്ച്‌ കുട്ടികളെ പോറ്റിവളർത്തേണ്ട ഉത്തരവാദിത്വവും ഈ സ്‌ത്രീകൾക്കുണ്ട്‌. പല സ്‌ത്രീകളുടെയും കാര്യത്തിൽ ഇത്‌ താങ്ങാവുന്നതിലധികമാണ്‌.” ഇതൊക്കെ “ബന്ധം വേർപെടുത്തണമോയെന്ന്‌ രണ്ടുവട്ടം ചിന്തിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു” എന്ന്‌ ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നതായി ലണ്ടനിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ പത്രം റിപ്പോർട്ടുചെയ്യുന്നു.

എന്തു സംഭവിച്ചേക്കാം: വിവാഹമോചനത്തോടെ സാമ്പത്തികമായ ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്‌. ഒരുപക്ഷേ, പുതിയൊരു താമസസ്ഥലം കണ്ടുപിടിക്കേണ്ടതുണ്ടായിരിക്കാം. കുട്ടികളുടെ സംരക്ഷണച്ചുമതല നിങ്ങൾക്കാണെങ്കിൽ സ്വന്തം കാര്യം നോക്കുന്നതോടൊപ്പം കുട്ടികളെ പരിപാലിക്കുകയുംകൂടി ചെയ്യുക എന്നത്‌ അത്ര എളുപ്പമായിരിക്കില്ല.—1 തിമൊഥെയൊസ്‌ 5:8.

2 ഒറ്റയ്‌ക്ക്‌ കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം

“എന്റെ ഭർത്താവിന്‌ മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന്‌ അറിഞ്ഞപ്പോൾ അത്‌ വലിയൊരു ആഘാതമായിരുന്നു,” ബ്രിട്ടനിൽനിന്നുള്ള ജെയ്‌ൻ പറയുന്നു. “അദ്ദേഹത്തിന്‌ ഞങ്ങളെ എങ്ങനെ ഉപേക്ഷിച്ചുപോകാനായി എന്ന ചിന്ത എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.” ജെയ്‌ൻ വിവാഹമോചനം നേടി. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന്‌ ഉറച്ചുവിശ്വസിക്കുമ്പോൾത്തന്നെ അവർ പറയുന്നു: “ഒരേസമയം കുട്ടികൾക്ക്‌ അപ്പനും അമ്മയും ആയിരിക്കുക എന്നതാണ്‌ ഞാൻ നേരിട്ട ഒരു വെല്ലുവിളി. തീരുമാനങ്ങളെല്ലാം ഒറ്റയ്‌ക്കെടുക്കണമായിരുന്നു.”

സ്‌പെയിനിൽനിന്നുള്ള ഗ്രാസ്യേലയുടെ അനുഭവവും സമാനമാണ്‌. “16 വയസ്സുള്ള മകന്റെ സംരക്ഷണച്ചുമതല പൂർണമായും എനിക്കായിരുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണല്ലോ കൗമാരം; ആ പ്രായത്തിലുള്ള മകനെ, അതും ഒറ്റയ്‌ക്കു വളർത്തിക്കൊണ്ടുവരാനുള്ള പക്വതയൊന്നും എനിക്കുണ്ടായിരുന്നില്ല. എനിക്ക്‌ കണ്ണീർ തോർന്ന നേരമില്ലായിരുന്നു. ഒരു അമ്മയെന്നനിലയിൽ ഞാനൊരു പരാജയമാണെന്ന്‌ എനിക്കു തോന്നി.”

കുട്ടികളുടെ സംരക്ഷണച്ചുമതല ഇരുവരും പങ്കിടുന്നെങ്കിൽ അതു മറ്റൊരു പ്രശ്‌നം സൃഷ്ടിച്ചേക്കാം: കുട്ടികളെ സന്ദർശിക്കാനുള്ള ക്രമീകരണം, അവരുടെ ചെലവുകൾ, ശിക്ഷണം എന്നിങ്ങനെയുള്ള വിഷമംപിടിച്ച പലതിനെക്കുറിച്ചും മുൻ ഇണയുമായി ഒരു ധാരണയിൽ എത്തേണ്ടിവരും. അമേരിക്കയിൽനിന്നുള്ള വിവാഹമോചിതയായ ക്രിസ്റ്റീൻ പറയുന്നു: കുട്ടികളോടുള്ള ബന്ധത്തിൽ, “മുൻഭർത്താവുമായി വീണ്ടും ഇടപെടേണ്ടിവരുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പലവിധത്തിൽ നിങ്ങളുടെ വികാരങ്ങൾ മുറിപ്പെട്ടിട്ടുണ്ടായിരിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ, കാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾ കുട്ടിയെ കരുവാക്കിയെന്നുപോലുംവരാം.”

എന്തു സംഭവിച്ചേക്കാം: കുട്ടികളുടെ സംരക്ഷണച്ചുമതലയോടുള്ള ബന്ധത്തിൽ, കോടതിയുടെ തീരുമാനം നിങ്ങളുടെ ആഗ്രഹംപോലെ ആയിരിക്കണമെന്നില്ല. ഇരുവർക്കും സംരക്ഷണച്ചുമതല ഉള്ള ഒരു സാഹചര്യത്തിൽ, കുട്ടികളെ സന്ദർശിക്കുന്നതും അവരുടെ ചെലവുകൾ വഹിക്കുന്നതും പോലുള്ള കാര്യങ്ങളിൽ മുൻ ഇണ നിങ്ങൾ പ്രതീക്ഷിക്കുന്നത്ര ന്യായമായി ഇടപെട്ടില്ലെന്നുവരാം.

3 വിവാഹമോചനം നിങ്ങൾക്ക്‌ വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങൾ

ബ്രിട്ടനിൽനിന്നുള്ള മാർക്കിനോട്‌ ഭാര്യ ഒന്നിലധികം തവണ വിശ്വാസവഞ്ചന കാണിച്ചു. “രണ്ടാമതും അങ്ങനെ സംഭവിച്ചപ്പോൾ ഇനിയും അത്‌ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ എനിക്കു തോന്നി,” അദ്ദേഹം പറയുന്നു. വിവാഹമോചനം നേടിയെങ്കിലും ഭാര്യയെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്റെ മനസ്സിൽ തങ്ങിനിന്നു. “എന്നോട്‌ അവളെക്കുറിച്ച്‌ മോശമായി സംസാരിക്കുമ്പോൾ ആളുകൾ കരുതുന്നത്‌ അത്‌ എനിക്ക്‌ ആശ്വാസമാകുമെന്നാണ്‌. പക്ഷേ, അതല്ല സത്യം. അവളെക്കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിൽനിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല,” മാർക്ക്‌ പറയുന്നു.

തന്റെ ഭാര്യയുടെ പരപുരുഷബന്ധത്തെക്കുറിച്ച്‌ അറിഞ്ഞപ്പോൾ നേരത്തേകണ്ട ഡേവിഡും ആകെ തകർന്നുപോയി. “ആദ്യം എനിക്കതു വിശ്വസിക്കാനേ കഴിഞ്ഞില്ല,” അദ്ദേഹം പറയുന്നു. “ഒരു ദിവസംപോലും ഭാര്യയെയും മക്കളെയും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാഞ്ഞ ആളാണു ഞാൻ.” വിവാഹബന്ധം തകർന്നത്‌ അദ്ദേഹത്തെ മാനസികമായി തളർത്തിക്കളഞ്ഞു; ഭാവി ജീവിതത്തെ അദ്ദേഹം ഇപ്പോൾ ആശങ്കയോടെയാണ്‌ കാണുന്നത്‌. “ആർക്കെങ്കിലും എന്നെ ആത്മാർഥമായി സ്‌നേഹിക്കാനാകുമോ, ഇനിയൊരു വിവാഹംകഴിച്ചാലും ഇതു തന്നെയായിരിക്കുമോ അനുഭവം എന്നൊക്കെയാണ്‌ എന്റെ പേടി. എന്റെ ആത്മവിശ്വാസം ആകെ ചോർന്നുപോയിരിക്കുന്നു,” അദ്ദേഹം പറയുന്നു.

വിവാഹമോചനം വൈകാരിക സംഘർഷം ഉളവാക്കുക സ്വാഭാവികമാണ്‌. ആ വ്യക്തിയോട്‌ നിങ്ങൾക്ക്‌ ഇപ്പോഴും സ്‌നേഹം ഉണ്ടായിരിക്കാം. കാരണം, ഇത്രകാലം നിങ്ങൾ ഏകദേഹമായി കഴിഞ്ഞിരുന്നവരാണല്ലോ. (ഉല്‌പത്തി 2:24) അതേസമയം സംഭവിച്ചതിനെക്കുറിച്ചൊക്കെ ഓർക്കുമ്പോൾ മനസ്സിൽ രോഷം ആളിക്കത്തിയെന്നും വരാം. നേരത്തേ പറഞ്ഞ ഗ്രാസ്യേല പറയുന്നു: “വർഷങ്ങൾ കഴിഞ്ഞാലും ആകെ കുഴങ്ങിയ അവസ്ഥയിലായിരിക്കും, അതുകൂടാതെ നിസ്സഹായതയും അപഹസിക്കപ്പെട്ടു എന്ന തോന്നലും. ദാമ്പത്യജീവിതത്തിലെ പല അനർഘനിമിഷങ്ങളും അപ്പോഴും മനസ്സിൽ ഓടിയെത്തിയേക്കാം. ‘എന്നെക്കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ലെന്ന്‌ പറഞ്ഞ ആൾക്ക്‌ എങ്ങനെ ഇതു ചെയ്യാൻ സാധിച്ചു? എങ്ങനെ ഇത്‌ സംഭവിച്ചു?’ എന്നെല്ലാം നിങ്ങൾ ചിന്തിച്ചേക്കാം.”

എന്തു സംഭവിച്ചേക്കാം: ഇണ ചെയ്‌ത ദ്രോഹത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ ദേഷ്യവും വെറുപ്പുമൊക്കെ നിങ്ങളുടെ മനസ്സിൽ നീറിപ്പുകഞ്ഞേക്കാം. ചില സമയങ്ങളിൽ ഏകാന്തത നിങ്ങളെ വേട്ടയാടിയെന്നുവരാം.—സദൃശവാക്യങ്ങൾ 14:29; 18:1.

4 വിവാഹമോചനം കുട്ടികൾക്ക്‌ വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങൾ

സ്‌പെയിനിൽനിന്നുള്ള ഹോസെ പറയുന്നു: “അതെനിക്ക്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു. എന്റെ പെങ്ങളുടെ ഭർത്താവാണ്‌ അവളുടെ കാമുകൻ എന്നറിഞ്ഞപ്പോൾ ഞാനാകെ സ്‌തംഭിച്ചുപോയി. എനിക്കു മരിച്ചാൽ മതിയെന്നായി.” അമ്മയുടെ ഈ ചെയ്‌തി രണ്ടും നാലും വയസ്സുള്ള മക്കളെയും സാരമായി ബാധിച്ചു. “അമ്മ എന്തിനാണ്‌ അങ്കിളിന്റെകൂടെ താമസിക്കുന്നതെന്നും ഡാഡി തങ്ങളെയും കൂട്ടി വല്യമ്മയുടെയും ആന്റിയുടെയും കൂടെ മാറിത്താമസിച്ചതെന്നും അവർക്കു മനസ്സിലായില്ല. ഞാൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ, ‘ഡാഡി എപ്പോൾ വരും?’ എന്ന്‌ അവർ ചോദിക്കുമായിരുന്നു. അതല്ലെങ്കിൽ, ‘ഡാഡി ഞങ്ങളെ വിട്ടേച്ചു പോകരുതേ’ എന്നു പറഞ്ഞ്‌ കരയുമായിരുന്നു.”

അതെ, ശ്രദ്ധിക്കപ്പെടാതെപോകുന്നെങ്കിലും, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പോരാട്ടത്തിൽ മിക്കപ്പോഴും നിസ്സഹായ ഇരകളാകുന്നത്‌ കുട്ടികളാണ്‌. എന്നാൽ ദമ്പതികൾക്ക്‌ ഇരുവർക്കും യോജിച്ചുപോകാൻ കഴിയുന്നില്ലെങ്കിലോ? അങ്ങനെയൊരു സാഹചര്യത്തിൽ മാതാപിതാക്കൾ വേർപിരിയുന്നതായിരിക്കില്ലേ കുട്ടികൾക്കു നല്ലത്‌? എന്നാൽ അടുത്തകാലത്തായി ഈ വീക്ഷണത്തോട്‌ പലരും വിയോജിക്കുന്നതായാണ്‌ കാണുന്നത്‌. വൈവാഹിക പ്രശ്‌നങ്ങൾ അത്ര ഗുരുതരമല്ലെങ്കിൽ വേർപിരിയാതിരിക്കുന്നതാണ്‌ നല്ലതെന്ന അഭിപ്രായമാണ്‌ അവർക്കുള്ളത്‌. വിവാഹമോചനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്‌തകം പറയുന്നു: “മാതാപിതാക്കൾ തമ്മിൽ അസ്വാരസ്യങ്ങളൊക്കെ ഉണ്ടായിരിക്കാമെങ്കിലും പല കുടുംബങ്ങളിലും കുട്ടികളെ ഇതൊന്നും കാര്യമായി ബാധിക്കാറില്ല. മമ്മിയും ഡാഡിയും പിണങ്ങിപ്പിരിഞ്ഞ്‌ രണ്ടുമുറിയിൽ ഉറങ്ങിയാലും അവർ ഒരുമിച്ചായിരിക്കുന്നിടത്തോളം കുട്ടികൾക്ക്‌ അതൊരു വിഷയമല്ല.”

മാതാപിതാക്കൾ വഴക്കടിക്കുന്നത്‌ കുട്ടികൾ അറിയാതിരിക്കില്ല. അത്‌ അവരുടെ ഇളംമനസ്സിനെ ദോഷമായി ബാധിക്കുകയും ചെയ്യും. പക്ഷേ, മാതാപിതാക്കൾ പിരിയുന്നത്‌ കുട്ടികളുടെ നന്മയിൽ കലാശിക്കുമെന്ന്‌ കരുതുന്നത്‌ എപ്പോഴും ശരിയായിരിക്കണമെന്നില്ല. “ഭാര്യാഭർത്താക്കന്മാർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽപ്പോലും, അവർ പിരിയാതെ ഒരുമിച്ചായിരിക്കുന്നത്‌ കുട്ടികൾക്ക്‌ ആവശ്യമായ ശിക്ഷണവും മറ്റും നൽകി അച്ചടക്കത്തോടെ അവരെ വളർത്തിക്കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു,” എന്ന്‌ ലിൻഡ ജെ. വെയ്‌റ്റും മാജീ ഗാലഗറും ദ കേസ്‌ ഫോർ മാര്യേജ്‌ എന്ന അവരുടെ ഒരു പുസ്‌തകത്തിൽ പറയുന്നു.

എന്തു സംഭവിച്ചേക്കാം: മാതാപിതാക്കൾ വേർപിരിയുന്നത്‌ കുട്ടികളെ അങ്ങേയറ്റം ദോഷമായി ബാധിച്ചേക്കാം, പ്രത്യേകിച്ച്‌ പിരിഞ്ഞുപോയ ഇണയുമായി ഒരു നല്ല ബന്ധം പുലർത്താൻ അവരെ സഹായിക്കുന്നില്ലെങ്കിൽ.—“ ഇടയ്‌ക്കുകിടന്ന്‌ വീർപ്പുമുട്ടിയത്‌ ഞാനാണ്‌” എന്ന ചതുരം കാണുക.

വിവാഹമോചനത്തെക്കുറിച്ച്‌ ചിന്തിക്കുന്നെങ്കിൽ പരിഗണിക്കേണ്ട നാലുകാര്യങ്ങളാണ്‌ ഈ ലേഖനത്തിൽ ചർച്ചചെയ്‌തത്‌. നേരത്തേപറഞ്ഞതുപോലെ, ഇണ അവിശ്വസ്‌തത കാണിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌. തീരുമാനം എന്തായാലും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ നിങ്ങൾ അറിഞ്ഞിരിക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ മുന്നിൽക്കണ്ട്‌ അവയെ നേരിടാൻ ഒരുങ്ങിയിരിക്കുക.

എല്ലാം വിലയിരുത്തിനോക്കുമ്പോൾ, വിവാഹബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്‌ ഏറെ നല്ലതെന്ന്‌ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അത്‌ സാധിക്കുന്ന കാര്യമാണോ? തുടർന്നു വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 8 ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റംവരുത്തിയിട്ടുണ്ട്‌.

[6-ാം പേജിലെ ചതുരം]

“ഓരോ കുട്ടിയുടെയും ജന്മാവകാശം”

“എനിക്ക്‌ അഞ്ചു വയസ്സുള്ളപ്പോൾ ഡാഡിയും മമ്മിയും തമ്മിൽ പിരിഞ്ഞു. ഡാഡി തന്റെ സെക്രട്ടറിയുമായി അടുപ്പത്തിലായതായിരുന്നു കാരണം. അന്നത്തെ അറിവുവെച്ച്‌, ഡാഡിയും മമ്മിയും എനിക്കുവേണ്ടി ‘ചെയ്യേണ്ടതെല്ലാം’ ചെയ്‌തു. പരസ്‌പരം സ്‌നേഹിക്കുന്നില്ലെങ്കിലും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ അവർ ഉറപ്പുതന്നു. പട്ടണത്തിന്റെ മറ്റൊരു ഭാഗത്തുള്ള അപ്പാർട്ടുമെന്റിലേക്ക്‌ ഡാഡി താമസം മാറ്റിയെങ്കിലും എന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റിത്തരുന്നതിൽ രണ്ടുപേരും ഒരുപോലെ ശ്രദ്ധിച്ചു.

“രണ്ടുവർഷത്തിനുശേഷം മമ്മി വേറൊരാളെ വിവാഹം കഴിച്ചു. ഞങ്ങൾ മറ്റൊരു രാജ്യത്തേക്കു പോയി. അതിൽപ്പിന്നെ ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ്‌ ഡാഡിയെ കാണാൻ സാധിച്ചിരുന്നത്‌. കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ ഒരിക്കലേ ഞാൻ ഡാഡിയെ കണ്ടിട്ടുള്ളൂ. ഞാൻ വളർന്നു വലുതാകുന്നതൊന്നും കാണാൻ ഡാഡിക്കു കഴിഞ്ഞില്ല. എന്റെ മൂന്നുമക്കളെയും, അതായത്‌ അദ്ദേഹത്തിന്റെ കൊച്ചുമക്കളെയും അദ്ദേഹം കണ്ടിട്ടില്ല. ഞാൻ അയച്ച കത്തുകളിലൂടെയും ഫോട്ടോകളിലൂടെയും ഉള്ള അറിവേ അദ്ദേഹത്തിന്‌ അവരെക്കുറിച്ചുള്ളൂ. വല്യപ്പച്ചന്റെ സ്‌നേഹമൊന്നും അറിയാൻ അവർക്കും കഴിഞ്ഞിട്ടില്ല.

ഡാഡിയും മമ്മിയും വേർപിരിഞ്ഞത്‌ എന്റെ കുഞ്ഞുമനസ്സിന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു. പുറമേ നോക്കിയാൽ എല്ലാം ഭംഗിയായി പോയിരുന്നു; എന്നാൽ ഉള്ളിന്റെയുള്ളിൽ കടുത്ത ദേഷ്യവും നിരാശയും സുരക്ഷിതത്വമില്ലായ്‌മയും എനിക്ക്‌ അനുഭവപ്പെട്ടിരുന്നു; അതിന്റെ കാരണമൊട്ടു മനസ്സിലായതുമില്ല. ആണുങ്ങളെ മൊത്തത്തിൽ, വിശ്വസിക്കാൻ കൊള്ളാത്തവരായി ഞാൻ കണക്കാക്കിയിരുന്നു. എനിക്കു 30-നുമേൽ പ്രായമുണ്ടായിരുന്നപ്പോഴാണ്‌ പുരുഷന്മാരോടുള്ള എന്റെ ഈ വിദ്വേഷത്തിന്റെ കാരണം തിരിച്ചറിയാൻ പക്വതയുള്ള ഒരു സുഹൃത്ത്‌ എന്നെ സഹായിച്ചത്‌. അതോടെ മനസ്സിൽനിന്ന്‌ അതെല്ലാം പിഴുതെറിയാൻ ഞാൻ ശ്രമിച്ചുതുടങ്ങി.

“മാതാപിതാക്കളുടെ ചിറകിൻകീഴിൽ സുരക്ഷിതനായി കഴിയുക എന്നുള്ളത്‌ ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്‌. ആ അവകാശമാണ്‌ മാതാപിതാക്കളുടെ വേർപിരിയലോടെ എനിക്കു നഷ്ടപ്പെട്ടത്‌. ഈ ലോകം സ്‌നേഹശൂന്യവും ഭീതിദവുമായ ഒരു ഇടമാണെങ്കിലും കുടുംബത്തിനുള്ളിൽ ഒരു കുഞ്ഞിന്‌ ആവശ്യമായ പരിപാലനവും സുരക്ഷിതത്വവും ലഭിക്കുന്നു. കുടുംബം തകരുന്നതോടെ ആ സുരക്ഷിതത്വമാണ്‌ ഇല്ലാതാകുന്നത്‌.”—ഡയ്‌ൻ.

[7-ാം പേജിലെ ചതുരം]

 “ഇടയ്‌ക്കുകിടന്ന്‌ വീർപ്പുമുട്ടിയത്‌ ഞാനാണ്‌”

“എന്റെ 12-ാം വയസ്സിൽ ഡാഡിയും മമ്മിയും വിവാഹമോചനം നേടി. ഒരുതരത്തിൽ എനിക്കത്‌ ആശ്വാസമായിരുന്നു. നിത്യേനയെന്നോണമുള്ള തർക്കങ്ങളും കലഹങ്ങളും അവസാനിച്ചു; വീട്ടിൽ ശാന്തതയും സമാധാനവും ഉണ്ടായി. പക്ഷേ, അപ്പോഴും എന്തൊക്കെയോ എന്റെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.

“രണ്ടുപേരുടെയും പക്ഷംചേരാതെ, എന്നാൽ ഇരുവരുമായും നല്ലൊരു ബന്ധം നിലനിറുത്താൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും പലപ്പോഴും ഇടയ്‌ക്കുകിടന്ന്‌ വീർപ്പുമുട്ടിയത്‌ ഞാനാണ്‌. ഡാഡിക്കെതിരെ എന്നെ തിരിക്കാനാണ്‌ മമ്മി ശ്രമിക്കുന്നത്‌ എന്നായിരുന്നു ഡാഡിയുടെ ചിന്ത. മമ്മി അങ്ങനെ ചെയ്യുന്നില്ലെന്ന്‌ എനിക്ക്‌ കൂടെക്കൂടെ ഡാഡിയോട്‌ പറയേണ്ടിവന്നു. മമ്മിക്കും അതേ പേടിയുണ്ടായിരുന്നു. മമ്മിയെക്കുറിച്ച്‌ ഡാഡി മോശമായി എന്തെങ്കിലും എന്നോടു പറയുന്നുണ്ടോ, ഞാനതിനു ചെവികൊടുക്കുന്നുണ്ടോ എന്നൊക്കെയായിരുന്നു മമ്മിയുടെ ഭയം. എന്റെ മനസ്സിലെ വിഷമം രണ്ടുപേരോടും പറയാൻ പറ്റാത്ത ഒരവസ്ഥയിലായി ഞാൻ; കാരണം, രണ്ടുപേരെയും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ 12-ാം വയസ്സുമുതൽ എന്റെ വിഷമങ്ങളെല്ലാം ഞാൻ ഉള്ളിലൊതുക്കാൻ തുടങ്ങി.”—സാന്ദ്ര.