വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളിലേക്ക്‌ എന്നെ ആകർഷിച്ചത്‌. . .

യഹോവയുടെ സാക്ഷികളിലേക്ക്‌ എന്നെ ആകർഷിച്ചത്‌. . .

യഹോവയുടെ സാക്ഷികളിലേക്ക്‌ എന്നെ ആകർഷിച്ചത്‌. . .

ടോമസ്‌ ഒറെസ്‌കൊ പറഞ്ഞപ്രകാരം

യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഞാൻ ആദ്യമായി യോഗത്തിനു പോയ ദിവസം. അന്ന്‌ അവിടെ ഒരു കൊച്ചു കുട്ടി ഒരു പ്രസംഗം നടത്തി. ഏതാണ്ട്‌ പ്രസംഗപീഠത്തിന്റെ അത്ര പൊക്കമേ അവന്‌ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അവന്റെ കഴിവും സമചിത്തതയും അപാരമായിരുന്നു. അത്‌ എന്നിൽ വളരെ മതിപ്പുളവാക്കി.

ആ കുട്ടിയുടെ പ്രസംഗം അതീവശ്രദ്ധയോടെ കേട്ടിരിക്കുന്ന ഒരു സദസ്സിനെയാണ്‌ എനിക്ക്‌ അവിടെ കാണാൻ കഴിഞ്ഞത്‌. സൈനിക മേധാവിയായും ഐക്യനാടുകളിൽ ബൊളീവിയൻ സൈനിക നയതന്ത്രജ്ഞനായും പ്രസിഡന്റിന്റെ പേഴ്‌സണൽ അസിസ്റ്റന്റായുമൊക്കെ സേവനമനുഷ്‌ഠിച്ചിട്ടുള്ള എനിക്ക്‌ വളരെയധികം ആദരവ്‌ ലഭിച്ചിരുന്നു. എന്നാൽ ഈ ബാലനു കിട്ടിയ ആദരവ്‌ സ്വന്തം ജീവിതലക്ഷ്യങ്ങൾ ഒന്നു പുനഃപരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു.

പരാഗ്വേയും ബൊളീവിയയും തമ്മിൽ നടന്ന ചോക്കോ യുദ്ധത്തിൽ എന്റെ പിതാവ്‌ കൊല്ലപ്പെട്ടു, 1934-ൽ. താമസിയാതെ എന്നെ ഒരു കത്തോലിക്കാ ബോർഡിങ്‌ സ്‌കൂളിൽ ചേർത്തു. ദിവസേന കുർബാനയ്‌ക്കു പോകാറുണ്ടായിരുന്ന ഞാൻ പാട്ടുകൾ പാടുകയും വേദപാഠക്ലാസ്സുകളിൽ പങ്കെടുക്കുകയും മനഃപാഠമാക്കിയ പ്രാർഥനകൾ ചൊല്ലുകയും ചെയ്യുമായിരുന്നു. വർഷങ്ങളോളം ഞാൻ ഈ പതിവ്‌ തുടർന്നു. അൾത്താര ശുശ്രൂഷകനായിപ്പോലും ഞാൻ സേവിച്ചിട്ടുണ്ട്‌; ഗായകസംഘത്തിലും ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും ഞാൻ ബൈബിൾ വായിച്ചിട്ടില്ലായിരുന്നു; എന്തിന്‌, അത്‌ കണ്ടിട്ടുപോലുമില്ലായിരുന്നു.

മതപരമായ വിശേഷദിവസങ്ങൾക്കായി ഞാൻ കാത്തിരിക്കുമായിരുന്നു. മറ്റൊന്നിനുമായിരുന്നില്ല, അതിനോടു ബന്ധപ്പെട്ട ആഘോഷങ്ങളായിരുന്നു എനിക്കു പ്രധാനം; പതിവുരീതിയിൽനിന്ന്‌ ഒരു മാറ്റം സമ്മാനിച്ച ദിവസങ്ങളായിരുന്നു അവ. എന്നാൽ മതബോധനം നടത്തിയിരുന്ന പുരോഹിതന്മാരോടും മറ്റും എനിക്ക്‌ ഒരുതരം അകൽച്ചയാണ്‌ തോന്നിയത്‌. വളരെ പരുഷമായാണ്‌ അവർ ഇടപെട്ടിരുന്നത്‌. മതപരമായ കാര്യങ്ങളിൽ ഇത്രയൊക്കെ മതിയെന്ന്‌ എനിക്ക്‌ തോന്നിത്തുടങ്ങി.

സൈനികസേവനത്തിൽ ആകൃഷ്ടനാകുന്നു

ഒരു ദിവസം ചെറുപ്പക്കാരായ രണ്ട്‌ പട്ടാള ഉദ്യോഗസ്ഥന്മാർ എന്റെ പട്ടണത്തിൽ (റ്റാരീഹാ) വന്നു. ബൊളീവിയയിലെ പ്രധാന നഗരമായ ലാ പാസിൽനിന്ന്‌ അവധിക്ക്‌ വന്നതായിരുന്നു അവർ. പ്രധാന ചത്വരത്തിലൂടെ ആഢ്യത്വത്തോടെ അവർ നടന്നുനീങ്ങി. ആരും നോക്കിപ്പോകുന്ന പ്രൗഢിയും ഗാംഭീര്യവുമുണ്ടായിരുന്നു അവർക്ക്‌. പച്ച യൂണിഫോമായിരുന്നു അവരുടേത്‌. അവർ ധരിച്ചിരുന്ന തൊപ്പിയുടെ അറ്റം തിളങ്ങുന്നുണ്ടായിരുന്നു. അപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചു, ഒരു പട്ടാള ഉദ്യോഗസ്ഥനാകണമെന്ന്‌. അനുഭവസമ്പത്തും വീരകൃത്യങ്ങളും നിറഞ്ഞതായിരിക്കും അവരുടെ ജീവിതമെന്ന്‌ ഞാൻ കരുതി.

1949-ൽ, 16 വയസ്സുള്ളപ്പോൾ എനിക്ക്‌ ബൊളീവിയയിലെ സൈനിക കോളേജിൽ പ്രവേശനം ലഭിച്ചു. എന്റെ ജ്യേഷ്‌ഠനും എന്നോടൊപ്പം വന്നു. ഗേറ്റിനപ്പുറം ബാരക്കുകൾ വരെ നീണ്ട യുവാക്കളുടെ നിരയിൽ എന്നോടൊപ്പം ജ്യേഷ്‌ഠനും സ്ഥാനംപിടിച്ചു. അദ്ദേഹം എന്നെ ലെഫ്‌റ്റനന്റിനു പരിചയപ്പെടുത്തിയിട്ട്‌ എന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന്‌ അഭ്യർഥിച്ചു; എനിക്കുവേണ്ടി ശുപാർശ ചെയ്യുകയും ചെയ്‌തു. ജ്യേഷ്‌ഠൻ പോയിക്കഴിഞ്ഞ്‌, പുതിയവർക്കു കിട്ടാറുള്ള ഔപചാരിക വരവേൽപ്പ്‌ എനിക്കു ലഭിച്ചു. എന്നെ ഇടിച്ചു താഴെയിട്ടിട്ട്‌, “ആരുടെ ശുപാർശ സ്വീകരിക്കണമെന്ന്‌ ഞങ്ങൾ തീരുമാനിച്ചുകൊള്ളാം!” എന്ന്‌ ആ ലെഫ്‌റ്റനന്റ്‌ പറഞ്ഞു. അങ്ങനെ ഞാൻ പട്ടാളമുറയുടെ ആദ്യപാഠം പഠിച്ചു. അൽപം അഭിമാനക്ഷതമേറ്റു എന്നല്ലാതെ അത്‌ എന്നെ കാര്യമായൊന്നും ബാധിച്ചില്ല.

കാലാന്തരത്തിൽ ഞാൻ യുദ്ധത്തിനുള്ള പരിശീലനം സിദ്ധിക്കുകയും ആദരണീയനായ ഒരു സൈനിക ഉദ്യോഗസ്ഥനായിത്തീരുകയും ചെയ്‌തു. എന്നാൽ, സൈനികരുടെ പുറമെയുള്ള പ്രൗഢിക്കും ഗാംഭീര്യത്തിനും ഒരു മറുപുറമുണ്ടെന്ന്‌ അനുഭവത്തിൽനിന്നു ഞാൻ മനസ്സിലാക്കി.

ഉന്നതശ്രേണിയിലേക്ക്‌. . .

സൈനികജീവിതത്തിന്റെ പ്രാരംഭദശയിൽത്തന്നെ, അർജന്റീനയുടെ യുദ്ധക്കപ്പലായ ജനറൽ ബെൽഗ്രാനോയിൽ എനിക്കു പരിശീലനം ലഭിച്ചു. ആയിരത്തിലധികംപേരെ ഉൾക്കൊള്ളാവുന്ന കപ്പലായിരുന്നു അത്‌. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്‌ അമേരിക്ക നിർമിച്ചതാണ്‌ ഈ കപ്പൽ. അന്ന്‌ അതിന്റെ പേര്‌ യുഎസ്‌എസ്‌ ഫീനിക്‌സ്‌ എന്നായിരുന്നു. 1941-ൽ ഹവായിലെ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണത്തെ അതിജീവിച്ച കപ്പലാണത്‌.

സ്ഥാനങ്ങളുടെ പടവുകൾ ഒന്നൊന്നായി കയറി, ഒടുവിൽ ഞാൻ നാവികസേനയിൽ രണ്ടാമൻ എന്ന സ്ഥാനത്ത്‌ എത്തി. ബൊളീവിയക്ക്‌ അതിർത്തി ചമയ്‌ക്കുന്ന ജലപാതകളിൽ റോന്തുചുറ്റി സുരക്ഷ ഉറപ്പാക്കുന്നത്‌ ഈ സേനയുടെ ഉത്തരവാദിത്വമായിരുന്നു. ആമസോൺ തടത്തിലെ നദികളും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റ്റിറ്റിക്കാക്കാ തടാകവും ഈ ജലപാതകളിൽ ഉൾപ്പെട്ടിരുന്നു.

അങ്ങനെയിരിക്കെ, 1980 മേയിൽ എന്നെ സൈനിക നയതന്ത്രജ്ഞരുടെ സംഘത്തിലേക്ക്‌ തിരഞ്ഞെടുത്ത്‌ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിങ്‌ടൺ ഡി.സി.-യിലേക്ക്‌ അയച്ചു. കര-വ്യോമ-നാവിക സേനകളിൽനിന്ന്‌ ഓരോ ഉന്നത ഉദ്യോഗസ്ഥന്മാർവീതം ഈ സംഘത്തിലുണ്ടായിരുന്നു. ദീർഘകാലസേവനത്തിന്റെ പേരിൽ ഞാൻ ഈ സംഘത്തിന്റെ കോ-ഓർഡിനേറ്ററായി നിയമിതനായി. രണ്ടുവർഷത്തോളം ഞാൻ ഐക്യനാടുകളിലുണ്ടായിരുന്നു. പിന്നീട്‌ ഞാൻ ബൊളീവിയൻ പ്രസിഡന്റിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി സ്ഥാനമേറ്റു.

ഉന്നത സൈനിക ഉദ്യോഗസ്ഥനെന്ന നിലയിൽ എല്ലാ ഞായറാഴ്‌ചയും ഞാൻ പള്ളിയിൽ പോകണമായിരുന്നു. വൈദികരും സൈനിക പുരോഹിതന്മാരും വിപ്ലവങ്ങളിലും യുദ്ധങ്ങളിലും ഉൾപ്പെടുന്നത്‌ കണ്ടപ്പോൾ എനിക്കു നിരാശയാണ്‌ തോന്നിയത്‌. രക്തച്ചൊരിച്ചിലിനു സഭ കൂട്ടുനിൽക്കുന്നത്‌ ശരിയല്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എന്നാൽ സഭയിൽ കണ്ട ഈ കാപട്യം, മതമേ വേണ്ട എന്നൊരു നിലപാടെടുക്കാനല്ല, പിന്നെയോ ആത്മീയ സത്യത്തിനായി തിരയാനാണ്‌ എന്നെ പ്രേരിപ്പിച്ചത്‌. അങ്ങനെ, ഒരിക്കലും ബൈബിൾ വായിച്ചിട്ടില്ലാത്ത ഞാൻ ഇടയ്‌ക്കൊക്കെ ബൈബിളെടുത്ത്‌ എവിടെനിന്നെങ്കിലുമൊക്കെ വായിക്കാൻ തുടങ്ങി.

രാജ്യഹാളിലെ ക്രമവും ചിട്ടയും

അങ്ങനെയിരിക്കെയാണ്‌ എന്റെ ഭാര്യ മാനുവേല, യഹോവയുടെ സാക്ഷിയായ ജാനറ്റ്‌ എന്ന ഒരു മിഷനറിയോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയത്‌. പിന്നീട്‌ മാനുവേല യഹോവയുടെ സാക്ഷികളുടെ ആരാധനാസ്ഥലമായ രാജ്യഹാളിൽ യോഗങ്ങൾക്കു പോകാൻ തുടങ്ങി. അവളെ കാറിൽ അവിടെ കൊണ്ടുപോയിവിടാൻ എനിക്കു മടിയില്ലായിരുന്നെങ്കിലും യോഗങ്ങളിൽ സംബന്ധിക്കാൻ ഞാൻ താത്‌പര്യം കാണിച്ചില്ല. അവിടെ വലിയ ഒച്ചപ്പാടും ബഹളവുമൊക്കെയായിരിക്കുമെന്നാണ്‌ ഞാൻ കരുതിയത്‌.

ജാനറ്റിന്റെ ഭർത്താവ്‌ ഇയാൻ എന്നെ വന്നുകാണുന്നതിൽ കുഴപ്പമുണ്ടോയെന്ന്‌ ഒരു ദിവസം മാനുവേല ചോദിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട്‌ ഞാൻ അതിനു സമ്മതിച്ചു. എനിക്കു പള്ളിയിൽനിന്നു ലഭിച്ച പരിശീലനവും അറിവുമൊക്കെവെച്ച്‌ അദ്ദേഹം പറയുന്നതെല്ലാം ഖണ്ഡിക്കാമെന്നാണ്‌ ഞാൻ ഓർത്തത്‌. ആദ്യമായി ഇയാനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതൊന്നുമായിരുന്നില്ല പിന്നെയോ, അദ്ദേഹത്തിന്റെ നല്ല പെരുമാറ്റമാണ്‌ എന്നെ ആകർഷിച്ചത്‌. ബൈബിൾ പരിജ്ഞാനവും അദ്ദേഹത്തിനു ലഭിച്ച പരിശീലനവും ഉപയോഗിച്ച്‌ എന്നെ നാണംകെടുത്താൻ അദ്ദേഹം ശ്രമിച്ചില്ല; പകരം ആദരവോടെയും ദയയോടെയുമാണ്‌ എന്നോട്‌ ഇടപ്പെട്ടത്‌.

പിറ്റേ ആഴ്‌ച, ഞാൻ രാജ്യഹാളിൽ പോകാൻ തീരുമാനിച്ചു. അന്ന്‌ അവിടെ ചെന്നപ്പോഴാണ്‌ തുടക്കത്തിൽ പരാമർശിച്ചതുപോലെ ആ കൊച്ചു കുട്ടിയുടെ പ്രസംഗം കേൾക്കാൻ ഇടയായത്‌. ബൈബിളിലെ യെശയ്യാപുസ്‌തകത്തിൽനിന്ന്‌ അവൻ വാക്യങ്ങൾ വായിച്ച്‌ വിശദീകരിക്കുന്നതു കേട്ടപ്പോൾ, അനുപമമായ ഒരു സംഘടനയാണിതെന്ന്‌ എനിക്കു മനസ്സിലായി. ചെറുപ്പമായിരുന്നപ്പോൾ ആദരണീയനായ ഒരു സൈനിക ഉദ്യോഗസ്ഥനാകണമെന്ന്‌ ആഗ്രഹിച്ച ഞാൻ, ഇപ്പോൾ ആ കുട്ടിയെപ്പോലെ ആകാനും ബൈബിൾ പഠിപ്പിക്കാനും ആഗ്രഹിക്കുന്നു; എന്തൊരു വിരോധാഭാസം! എന്റെ ഹൃദയം സ്വീകാര്യക്ഷമമാകുന്നതുപോലെയും കാഴ്‌ചപ്പാടുകൾക്കും ചിന്താഗതികൾക്കും മാറ്റം സംഭവിക്കുന്നതുപോലെയും എനിക്കു തോന്നി.

കാലക്രമത്തിൽ, സാക്ഷികളുടെ സമയനിഷ്‌ഠ എന്നിൽ മതിപ്പുളവാക്കിത്തുടങ്ങി. അവരുടെ ഊഷ്‌മളമായ അഭിവാദനങ്ങൾ എന്നെ സ്‌പർശിച്ചു. എനിക്ക്‌ യാതൊരു അപരിചിതത്വവും തോന്നാത്തവിധത്തിലായിരുന്നു എല്ലായ്‌പോഴും അവരുടെ ഇടപെടൽ. വൃത്തിയും വെടിപ്പുമുള്ള അവരുടെ വസ്‌ത്രധാരണവും ഞാൻ ശ്രദ്ധിച്ചു. യോഗപരിപാടികൾ മുറയ്‌ക്കു നടക്കുന്നത്‌ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കാര്യമായിരുന്നു; ഒരു പ്രസംഗം പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും എനിക്ക്‌ അത്‌ പ്രതീക്ഷിക്കാനാകുമായിരുന്നു. ഇത്ര ചിട്ടയോടെ കാര്യങ്ങൾ ചെയ്യാൻ സാക്ഷികളെ പ്രേരിപ്പിച്ചത്‌ ഭയമായിരുന്നില്ല, മറിച്ച്‌ സ്‌നേഹമായിരുന്നു.

ആദ്യത്തെ യോഗത്തിനുശേഷം ഇയാനോടൊത്ത്‌ ബൈബിൾ പഠിക്കാൻ ഞാൻ സമ്മതിച്ചു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകമാണ്‌ അധ്യയനത്തിനായി ഞങ്ങൾ ഉപയോഗിച്ചത്‌. * മൂന്നാം അധ്യായത്തിലെ, യുദ്ധസജ്ജരായ പട്ടാളക്കാരെ ആശീർവദിക്കുന്ന ഒരു ബിഷപ്പിന്റെ ചിത്രം ഇപ്പോഴും എന്റെ ഓർമയിലുണ്ട്‌. എനിക്കതിന്റെ ആധികാരികതയിൽ അൽപ്പംപോലും സംശയം തോന്നിയില്ല. കാരണം ഞാൻ അത്‌ എന്റെ കണ്ണുകൊണ്ടു കണ്ടിട്ടുള്ളതാണ്‌. തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകം രാജ്യഹാളിൽനിന്ന്‌ ഞാൻ വാങ്ങി. നിഷ്‌പക്ഷതയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ വായിച്ചപ്പോൾ, ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന്‌ എനിക്കു മനസ്സിലായി. ഇനി ഒരിക്കലും കത്തോലിക്കാ സഭയിലേക്കില്ലെന്ന്‌ ഞാൻ ഉറപ്പിച്ചു. ഞാൻ രാജ്യഹാളിൽ ക്രമമായി യോഗങ്ങൾക്കു പോകാൻ തുടങ്ങി. സൈനികസേവനത്തിൽനിന്ന്‌ വിരമിക്കാനും ഞാൻ തീരുമാനിച്ചു.

സ്‌നാനത്തിന്റെ പടിയിലേക്ക്‌. . .

കൺവെൻഷൻ നടക്കാനിരിക്കുന്ന സ്റ്റേഡിയം വൃത്തിയാക്കാൻ സഭയിലെ സഹോദരങ്ങൾ പോകുന്നുണ്ടെന്ന്‌ ഏതാനും ആഴ്‌ചകൾക്കുശേഷം ഞാൻ കേട്ടു. കൺവെൻഷനെപ്പറ്റി കേട്ടപ്പോൾമുതൽ എനിക്ക്‌ ആകാംക്ഷയായി. അവിടം വൃത്തിയാക്കാൻ ഞാനും പോയി. സഹോദരങ്ങളോടൊപ്പമുള്ള ശുചീകരണപ്രവർത്തനങ്ങളും സഹവാസവും ഞാൻ ശരിക്കും ആസ്വദിച്ചു. ഞാൻ തറ തൂത്തുവൃത്തിയാക്കുന്നതിനിടെ ഒരു ചെറുപ്പക്കാരൻ അടുത്തുവന്ന്‌, ‘സാർ ആ അഡ്‌മിറൽ അല്ലേ?’ എന്നു ചോദിച്ചു.

“അതേ” എന്നു ഞാൻ പറഞ്ഞു.

അമ്പരപ്പോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു “എനിക്കിത്‌ വിശ്വസിക്കാനാകുന്നില്ല! ഒരു അഡ്‌മിറൽ തറ തൂക്കുകയോ!” സാധാരണഗതിയിൽ, ഒരു ഉന്നത ഉദ്യോഗസ്ഥൻ കുനിഞ്ഞ്‌ ഒരു കടലാസുകഷണംപോലും എടുക്കാറില്ല, പിന്നല്ലേ തറ തൂക്കുന്നത്‌. യഹോവയുടെ സാക്ഷിയായിത്തീർന്ന ആ ചെറുപ്പക്കാരൻ മുമ്പ്‌ പട്ടാളത്തിൽ എന്റെ ഡ്രൈവറായിരുന്നു.

സഹകരണം—സ്‌നേഹത്തിൽ അധിഷ്‌ഠിതം

കൂടുതൽ അധികാരമുള്ളവർക്ക്‌ കൂടുതൽ ആദരവു നൽകണമെന്നത്‌ പട്ടാളത്തിലെ രീതിയാണ്‌. അത്‌ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഉത്തരവാദിത്വസ്ഥാനങ്ങളുടെയോ നിയമനത്തിന്റെയോ അടിസ്ഥാനത്തിൽ യഹോവയുടെ സാക്ഷികളിൽ ചിലർ മറ്റുള്ളവരെക്കാൾ ഉയർന്നവരാണോ എന്ന്‌ ഒരിക്കൽ ഞാൻ ചോദിച്ചതായി ഓർക്കുന്നു. സ്ഥാനമാനങ്ങളെക്കുറിച്ചുള്ള എന്റെ ഈ ചിന്താഗതി ആഴത്തിൽ വേരെടുത്തതായിരുന്നെങ്കിലും അതിന്‌ സമൂലമായ ഒരു മാറ്റം സംഭവിക്കാൻ പോകുകയായിരുന്നു.

അധികം താമസിയാതെ—1989-ൽ—യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗം (ന്യൂയോർക്കിൽനിന്ന്‌) ബൊളീവിയ സന്ദർശിക്കുമെന്നും സ്റ്റേഡിയത്തിൽവെച്ച്‌ ഒരു പ്രസംഗം നടത്തുമെന്നും കേട്ടു. സംഘടനയിൽ ഇത്ര വലിയ പദവിയുള്ള ഒരാൾക്ക്‌ എങ്ങനെയുള്ള സ്വീകരണമായിരിക്കും ലഭിക്കുന്നതെന്നു കാണാൻ ഞാൻ നോക്കിയിരുന്നു. ഇത്രയും ഉത്തരവാദിത്വമൊക്കെയുള്ള ഒരാൾക്ക്‌ ഗംഭീരമായ വരവേൽപ്പുതന്നെ ലഭിക്കുമെന്ന്‌ ഞാൻ കരുതി.

എന്നാൽ പരിപാടി തുടങ്ങിയിട്ടും വിശിഷ്ടവ്യക്തികളാരും വന്നതിന്റെ ലക്ഷണമൊന്നും കാണാഞ്ഞപ്പോൾ എന്തുപറ്റിക്കാണുമെന്ന്‌ ഞാൻ ചിന്തിച്ചു. എന്റെയും മാനുവേലയുടെയും അടുത്ത്‌ പ്രായമുള്ള ഒരു ദമ്പതികൾ ഇരിക്കുന്നുണ്ടായിരുന്നു. ആ സഹോദരിയുടെ കയ്യിൽ ഇംഗ്ലീഷ്‌ പാട്ടുപുസ്‌തകമാണുള്ളതെന്ന്‌ കണ്ട മാനുവേല ഇടവേളയുടെ സമയത്ത്‌ അവരുമായി സംസാരിച്ചു. കുറച്ചുകഴിഞ്ഞ്‌ അവരിരുവരും അവിടെനിന്നു പോയി.

അധികം താമസിയാതെ ആ സഹോദരിയുടെ ഭർത്താവ്‌ മുഖ്യപ്രസംഗം നടത്താനായി സ്റ്റേജിലേക്കു വരുന്നതുകണ്ടപ്പോൾ ഞങ്ങൾ അന്ധാളിച്ചുപോയി! സ്ഥാനമാനങ്ങൾ, പദവികൾ, അധികാരം എന്നിവയെക്കുറിച്ച്‌ ഔദ്യോഗികജീവിതത്തിൽ ഞാൻ പഠിച്ചതെല്ലാം ആ നിമിഷം തിരുത്തിക്കുറിക്കപ്പെട്ടു. ഞാൻ പിന്നീട്‌ പറഞ്ഞത്‌ ഓർക്കുന്നു, “ഹൊ! സ്റ്റേഡിയത്തിൽ ഞങ്ങളോടൊപ്പം ആ സാധാരണ സീറ്റിൽ ഇരുന്ന സഹോദരൻ ഭരണസംഘത്തിലെ ഒരംഗമായിരുന്നു!”

“നിങ്ങളോ എല്ലാവരും സഹോദരന്മാർ” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം മനസ്സിലാക്കിത്തരാൻ ഇയാൻ എത്രയോവട്ടം ശ്രമിച്ചതാണെന്ന്‌ ഓർക്കുമ്പോൾ എനിക്ക്‌ ഉള്ളിൽ ചിരിവരുന്നു.—മത്തായി 23:8.

ആദ്യമായി വയൽസേവനത്തിന്‌

സൈനികസേവനം നിറുത്തിപ്പോന്നശേഷം വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കെടുക്കാൻ ഇയാൻ എന്നെ ക്ഷണിച്ചു. (പ്രവൃത്തികൾ 20:20) ഞാൻ ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരു പ്രദേശത്തേക്കാണ്‌ ഞങ്ങൾ അന്ന്‌ പോയത്‌—അടുത്തുള്ള ഒരു സൈനിക കോളനിയിലേക്ക്‌. അവിടെ താമസിക്കുന്ന ഒരു പട്ടാളമേധാവിയുടെ കണ്ണിൽപ്പെടരുതെന്നായിരുന്നു ആഗ്രഹമെങ്കിലും നേരെ ചെന്നത്‌ അദ്ദേഹത്തിന്റെ വീട്ടിലേക്കുതന്നെയായിരുന്നു. അദ്ദേഹത്തെ കണ്ടപാടെ എനിക്കു വല്ലാത്ത പേടിയും പരിഭ്രമവും തോന്നി, പ്രത്യേകിച്ചും എന്റെ ബാഗും ബൈബിളും കണ്ടിട്ട്‌ “നിങ്ങൾക്ക്‌ എന്താണ്‌ പറ്റിയത്‌?” എന്ന്‌ പുച്ഛത്തോടെ അദ്ദേഹം ചോദിച്ചപ്പോൾ.

ഒരു നിമിഷം പ്രാർഥിച്ചു കഴിഞ്ഞപ്പോൾ എനിക്ക്‌ ആത്മവിശ്വാസവും ശാന്തതയും കൈവന്നു. അദ്ദേഹം ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ചുകേട്ടു എന്നുമാത്രമല്ല ചില ബൈബിൾ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. എന്റെ ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിക്കാൻ ഈ അനുഭവം എനിക്ക്‌ പ്രചോദനമായി. സമർപ്പണത്തിന്റെ പ്രതീകമായി 1990 ജനുവരി 3-ന്‌ ഞാൻ സ്‌നാനമേറ്റു.

കാലാന്തരത്തിൽ എന്റെ ഭാര്യയും മകനും മകളും യഹോവയുടെ സാക്ഷികളായിത്തീർന്നു. ഇപ്പോൾ ഞാൻ സഭയിൽ ഒരു മൂപ്പനായും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്ന ഒരു മുഴുവൻസമയ ശുശ്രൂഷകനായും സേവിക്കുന്നു. ഇന്ന്‌ എനിക്ക്‌ യഹോവയെ അറിയാം, യഹോവയ്‌ക്ക്‌ എന്നെയും—ഇതിൽപ്പരം എന്ത്‌ പദവിയാണ്‌ ഒരാൾക്ക്‌ ലഭിക്കാനുള്ളത്‌! ഒരു വ്യക്തിക്ക്‌ ആഗ്രഹിക്കാനോ നേടാനോ കഴിയുന്ന ഏതൊരു സ്ഥാനത്തെയും നിഷ്‌പ്രഭമാക്കുന്നതാണത്‌. ക്രമവും ചിട്ടയും നടപ്പിലാക്കേണ്ടത്‌ പരുഷമായോ കർക്കശമായോ അല്ല, പകരം സ്‌നേഹത്തോടെയും പരിഗണനയോടെയും ആയിരിക്കണം. യഹോവ ക്രമത്തിന്റെ ദൈവമാണ്‌, എന്നാൽ അതിലുപരി അവൻ സ്‌നേഹത്തിന്റെ ദൈവമാണ്‌.—1 കൊരിന്ത്യർ 14:33, 40; 1 യോഹന്നാൻ 4:8.

[അടിക്കുറിപ്പ്‌]

^ ഖ. 21 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. ഇപ്പോൾ അച്ചടിക്കുന്നില്ല.

[15-ാം പേജിലെ ചിത്രം]

എന്റെ സഹോദരൻ റെനാറ്റോയോടൊപ്പം, 1950-ൽ

[15-ാം പേജിലെ ചിത്രം]

ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥന്മാരോടൊപ്പം ഒരു ചടങ്ങിൽ