വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ എല്ലാ ഭാഗങ്ങളും ഇന്നും പ്രസക്തമാണോ?

ബൈബിളിന്റെ എല്ലാ ഭാഗങ്ങളും ഇന്നും പ്രസക്തമാണോ?

ബൈബിളിന്റെ വീക്ഷണം

ബൈബിളിന്റെ എല്ലാ ഭാഗങ്ങളും ഇന്നും പ്രസക്തമാണോ?

“ഈ ആധുനിക യുഗത്തിൽ ബൈബിളുകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നുമില്ല, പദപ്രശ്‌നങ്ങൾക്കും ക്വിസ്‌ പരിപാടികൾക്കും മറ്റും ഉപകരിക്കുമെന്നത്‌ ഒഴികെ.”

“ബൈബിളിൽ പറഞ്ഞിരിക്കുന്ന വംശാവലി, പാതിവ്രത്യം, ദൈവഭയം തുടങ്ങിയവയ്‌ക്കൊക്കെ അന്നത്തെ സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു എന്നതു ശരിതന്നെ; പക്ഷേ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവയ്‌ക്ക്‌ എന്തു പ്രസക്തിയാണുള്ളത്‌?”

“ബൈബിളിന്റെ ആദ്യപ്രതി അച്ചടിക്കപ്പെടുന്നതിനു മുമ്പുതന്നെ അതു കാലഹരണപ്പെട്ടിരുന്നു.”

“ബൈബിൾ കാലഹരണപ്പെട്ടതും അപ്രസക്തവുമായ ഒരു പുസ്‌തകമാണോ?” എന്ന വിഷയത്തെ അധികരിച്ച്‌ ഒരു വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ചില അഭിപ്രായങ്ങളാണിവ. അവയെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

ബൈബിളിനെ അപ്പാടെ തള്ളിക്കളയുന്ന അത്തരം അഭിപ്രായങ്ങളോട്‌ നിങ്ങൾ ഒരുപക്ഷേ യോജിക്കില്ലായിരിക്കും. എങ്കിലും ബൈബിളിലെ എല്ലാ ഭാഗങ്ങളും പ്രസക്തമാണോ എന്നൊരു ചിന്ത ചിലപ്പോൾ നിങ്ങൾക്കുണ്ടായിരിക്കാം. മിക്ക സഭകളും ബൈബിളിനെ പഴയ നിയമം എന്നും പുതിയ നിയമം എന്നു വേർതിരിക്കുന്നതിനാൽ അതിന്റെ 75 ശതമാനത്തിലേറെ പഴഞ്ചനും കാലഹരണപ്പെട്ടതും ആണെന്ന ധാരണയാണ്‌ പലർക്കുമുള്ളത്‌.

മോശൈക ന്യായപ്രമാണത്തിൽ നിർദേശിച്ചിരിക്കുന്ന മൃഗയാഗങ്ങളൊന്നും ഇന്ന്‌ ആരും അർപ്പിക്കുന്നില്ലല്ലോ; അപ്പോൾപ്പിന്നെ, ലേവ്യപുസ്‌തകത്തിലെ യാഗങ്ങളെക്കുറിച്ചുള്ള ആ വിശദാംശങ്ങളുടെയൊക്കെ ആവശ്യമെന്താണ്‌? (ലേവ്യപുസ്‌തകം 1:1–7:38) ഇനി, ഏതാണ്ട്‌ മുഴുവനുംതന്നെ വംശാവലിയെക്കുറിച്ചുള്ളതെന്നു പറയാവുന്ന, 1 ദിനവൃത്താന്തത്തിലെ ആദ്യ അധ്യായങ്ങളുടെ കാര്യമോ? (1 ദിനവൃത്താന്തം 1:1–9:44) ഇന്നു ജീവിച്ചിരിക്കുന്നവർക്ക്‌ ആ രേഖകളുടെ സഹായത്താൽ തങ്ങളുടെ വംശാവലി നിർണയിക്കാനാകില്ലെങ്കിൽപ്പിന്നെ അതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?

ഒരു ആപ്പിൾമരത്തിന്റെ കാര്യംതന്നെ എടുക്കുക. അതിൽനിന്ന്‌ ആപ്പിൾ പറിച്ചെടുത്തിട്ട്‌ നാം അതിനെ അവഗണിച്ചുകളയുമോ? ഇനിയും ആപ്പിൾ വേണമെന്നുണ്ടെങ്കിൽ നാം ആ മരത്തിന്‌ മൂല്യം കൽപ്പിക്കും. ഒരുതരത്തിൽ പറഞ്ഞാൽ ബൈബിൾ ഒരു ആപ്പിൾമരംപോലെയാണ്‌. സങ്കീർത്തനങ്ങളും ഗിരിപ്രഭാഷണവും പോലുള്ള ചില ഭാഗങ്ങൾ എളുപ്പം മനസ്സിലാകുന്നതും ഏറെ ‘രുചികരവും’ ആയിരുന്നേക്കാം. ഈ ഭാഗങ്ങളെ നാം അമൂല്യമായി കരുതുന്നു എന്നുവെച്ച്‌ മറ്റു ഭാഗങ്ങളെ നാം അവഗണിക്കുന്നതു ശരിയായിരിക്കുമോ? ഇതേക്കുറിച്ച്‌ ബൈബിൾതന്നെ എന്താണു പറയുന്നത്‌?

എ.ഡി. 65-നോടടുത്ത്‌ പൗലോസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനു രണ്ടാം ലേഖനം എഴുതിയപ്പോൾ പിൻവരുന്നപ്രകാരം അവനെ ഓർമിപ്പിച്ചു: “ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്‌തമായ തിരുവെഴുത്തുകൾ ശൈശവംമുതൽതന്നെ നീ അറിഞ്ഞിട്ടുണ്ടല്ലോ.” തുടർന്ന്‌ പൗലോസ്‌, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌; പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും അവ ഉപകരിക്കുന്നു” എന്നും പറയുകയുണ്ടായി. (2 തിമൊഥെയൊസ്‌ 3:15, 16) ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും ഉപകാരപ്രദവും’ ആണെന്ന്‌ എഴുതിയപ്പോൾ പുതിയ നിയമം മാത്രമാണോ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്‌?

തിമൊഥെയൊസിന്‌ “ശൈശവംമുതൽതന്നെ” തിരുവെഴുത്തുകൾ അറിയാമായിരുന്നുവെന്ന്‌ പൗലോസ്‌ പറഞ്ഞതു ശ്രദ്ധിക്കുക. പൗലോസ്‌ ഈ ലേഖനം എഴുതുന്ന സമയത്ത്‌ തിമൊഥെയൊസിന്‌ 30-നുമേൽ പ്രായമുണ്ടായിരുന്നു എന്നാണ്‌ ചിലർ കരുതുന്നത്‌. അങ്ങനെയാണെങ്കിൽ അവൻ ശിശുവായിരുന്നത്‌ യേശുവിന്റെ മരണത്തോടടുത്ത സമയത്തായിരുന്നു. അന്നാകട്ടെ, പുതിയ നിയമം അല്ലെങ്കിൽ ഗ്രീക്ക്‌ തിരുവെഴുത്തു ഭാഗങ്ങളൊന്നും എഴുതപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ ഒരു യഹൂദ സ്‌ത്രീയായിരുന്ന തിമൊഥെയൊസിന്റെ അമ്മ, ശൈശവത്തിൽ അവനെ പഠിപ്പിച്ചിരിക്കാൻ ഇടയുള്ള തിരുവെഴുത്തുകൾ പഴയനിയമം അല്ലെങ്കിൽ എബ്രായ തിരുവെഴുത്തുകൾ ആയിരിക്കണം. (പ്രവൃത്തികൾ 16:1) “എല്ലാ തിരുവെഴുത്തും” എന്നു പറഞ്ഞപ്പോൾ, പഴയനിയമപുസ്‌തകങ്ങളും (യാഗത്തിന്റെ നിബന്ധനകളും വംശാവലികളും സഹിതം) പൗലോസിന്റെ മനസ്സിലുണ്ടായിരുന്നുവെന്നു വ്യക്തം.

ഇന്ന്‌ 1,900-ത്തിലധികം വർഷങ്ങൾക്കുശേഷവും പലവിധങ്ങളിൽ ആ ബൈബിൾ ഭാഗങ്ങൾ നമുക്കു പ്രയോജനംചെയ്യുന്നു. തിരഞ്ഞെടുത്ത ഒരു ജനതയെ (പുരാതന ഇസ്രായേൽ ജനത) ഉപയോഗിച്ച്‌ ദൈവം ബൈബിൾ എഴുതിക്കുകയും പരിരക്ഷിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ നമുക്ക്‌ ഇന്ന്‌ ബൈബിൾ ലഭ്യമായിരിക്കുന്നതുതന്നെ. (റോമർ 3:1, 2) ആ ജനതയെ സംബന്ധിച്ചിടത്തോളം മോശൈക ന്യായപ്രമാണം ഭാവിതലമുറകൾക്കായി സൂക്ഷിച്ചുവെക്കേണ്ട വെറുമൊരു വിശുദ്ധ പ്രമാണമായിരുന്നില്ല; മറിച്ച്‌ ആ ദേശത്തിന്റെ ഭരണഘടനയായിരുന്നു അത്‌. അതിലെ പല കാര്യങ്ങളും അനാവശ്യമാണെന്ന്‌ ഇന്നു നമുക്കു തോന്നിയേക്കാമെങ്കിലും ആ ജനതയുടെ നിലനിൽപ്പിനും ക്ഷേമത്തിനും അവ അനിവാര്യമായിരുന്നു. ഇനി, ബൈബിളിലെ വംശാവലി രേഖയുടെ കാര്യമോ? ദാവീദിന്റെ സന്തതിയായി ജനിക്കുമായിരുന്ന മിശിഹായെ തിരിച്ചറിയുന്നതിന്‌ അത്‌ അത്യന്താപേക്ഷിതമായിരുന്നു.—2 ശമൂവേൽ 7:12, 13; ലൂക്കോസ്‌ 1:32; 3:23-31.

ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും വാഗ്‌ദത്ത മിശിഹായായ യേശുക്രിസ്‌തുവിൽ അവർ വിശ്വാസം അർപ്പിക്കേണ്ടതുണ്ട്‌. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വംശാവലികൾ, യേശുവാണ്‌ വാഗ്‌ദാനം ചെയ്യപ്പെട്ട “ദാവീദിന്റെ മകൻ” എന്നു വ്യക്തമാക്കുന്നു. ഇനി, യാഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ, യേശു അർപ്പിച്ച സുപ്രധാന യാഗത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ആഴമുള്ളതാക്കിത്തീർക്കുകയും അതിന്റെ മൂല്യത്തിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു.—എബ്രായർ 9:11, 12.

ഒന്നാം നൂറ്റാണ്ടിൽ റോമിൽ ഉണ്ടായിരുന്ന ക്രിസ്‌തീയ സഭയ്‌ക്ക്‌ പൗലോസ്‌ എഴുതി: “മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌—നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” (റോമർ 15:4) ബൈബിൾ എഴുതപ്പെട്ടത്‌ നമ്മുടെ പ്രയോജനത്തിനാണെന്ന്‌ അതു വ്യക്തമാക്കുന്നു—എന്നാൽ നമ്മുടെമാത്രം പ്രയോജനത്തിനായിരുന്നില്ല. 3,500-ലേറെ വർഷക്കാലമായി അതിലെ നിശ്വസ്‌ത വചനങ്ങൾ ദൈവജനത്തെ വഴിനയിക്കുകയും പ്രബോധിപ്പിക്കുകയും തിരുത്തുകയും ചെയ്‌തിരിക്കുന്നു. ദൈവജനം സീനായ്‌ മരുഭൂമിയിലും അതിനുശേഷം വാഗ്‌ദത്തദേശത്തും ആയിരുന്നപ്പോൾ മാത്രമല്ല ബാബിലോന്യ പ്രവാസത്തിലും പിന്നീട്‌ റോമൻ ഭരണത്തിൻകീഴിൽ ആയിരുന്നപ്പോഴും ദൈവവചനം അവർക്കു വഴികാട്ടിയായിരുന്നു. ഇന്ന്‌ ലോകമെമ്പാടുമുള്ള ദൈവജനത്തിന്റെ കാര്യത്തിലും അത്‌ അങ്ങനെതന്നെ. മറ്റൊരു പുസ്‌തകത്തെക്കുറിച്ചും അങ്ങനെ പറയാനാവില്ല. ആപ്പിൾമരത്തിന്റെ വേരുകൾ പുറമേ കാണാനാവാത്തതുപോലെ ചില ബൈബിൾ ഭാഗങ്ങളുടെ മൂല്യം ഒരുപക്ഷേ ആദ്യ വായനയിൽ തിരിച്ചറിയാനായെന്നു വരില്ല. എന്നാൽ ഗവേഷണത്തിലൂടെ അൽപ്പമൊന്നു ‘കുഴിച്ചുചെന്നാൽ’ നമുക്ക്‌ അവയുടെ മൂല്യം മനസ്സിലാകും. അത്‌ അത്യന്തം പ്രതിഫലദായകമായിരിക്കുകയും ചെയ്യും!

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● തിമൊഥെയൊസ്‌ എപ്പോൾമുതൽ തിരുവെഴുത്തുകൾ പഠിക്കാൻ തുടങ്ങിയിരുന്നു?—2 തിമൊഥെയൊസ്‌ 3:15.

● ഏതെല്ലാം തിരുവെഴുത്തുഭാഗങ്ങൾ ദൈവനിശ്വസ്‌തവും ഉപകാരപ്രദവുമാണ്‌?—2 തിമൊഥെയൊസ്‌ 3:16.

● “മുമ്പ്‌ എഴുതപ്പെട്ടവ”യിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം?—റോമർ 15:4.

[25-ാം പേജിലെ ചിത്രങ്ങൾ]

യാഗങ്ങളെക്കുറിച്ചുള്ള തിരുവെഴുത്തു ഭാഗങ്ങൾ, യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുന്നു