വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിവാഹത്തെ തകർച്ചയിൽനിന്നു രക്ഷിക്കാനാകുമോ?

നിങ്ങളുടെ വിവാഹത്തെ തകർച്ചയിൽനിന്നു രക്ഷിക്കാനാകുമോ?

നിങ്ങളുടെ വിവാഹത്തെ തകർച്ചയിൽനിന്നു രക്ഷിക്കാനാകുമോ?

വീടിന്റെ അവസ്ഥ പരിതാപകരമാണെങ്കിലും അത്‌ പൊളിച്ചുകളയാതെ പുനരുദ്ധരിക്കാൻ ഉടമസ്ഥർ തീരുമാനിക്കുന്നു.

നിങ്ങളുടെ വിവാഹബന്ധത്തിന്റെ കാര്യത്തിൽ അതുതന്നെ ചെയ്യാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌? അങ്ങനെയെങ്കിൽ എവിടെനിന്നു തുടങ്ങണം? പിൻവരുന്ന നിർദേശങ്ങൾ പരീക്ഷിച്ചു നോക്കുക.

1 തീരുമാനമെടുക്കുക.

നഷ്ടപ്പെട്ടുപോയ സമാധാനം വീണ്ടെടുക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന്‌ ഇരുവരും തീരുമാനിച്ചുറയ്‌ക്കുക. നിങ്ങളുടെ തീരുമാനം ഒരു പേപ്പറിൽ എഴുതിവെക്കുക. അന്യോന്യം പ്രതിബദ്ധതയുണ്ടെങ്കിൽ ദാമ്പത്യത്തെ തകർച്ചയിൽനിന്നു കരകയറ്റാൻ ഇരുവരും ഒത്തൊരുമിച്ചു പ്രവർത്തിക്കും.—സഭാപ്രസംഗി 4:9, 10.

2 പ്രശ്‌നം എന്താണെന്നു മനസ്സിലാക്കുക.

നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയത്‌ വാസ്‌തവത്തിൽ എന്താണ്‌? എവിടെയാണ്‌ കുഴപ്പം സംഭവിച്ചത്‌, അല്ലെങ്കിൽ എന്തു മാറ്റമാണ്‌ വരേണ്ടത്‌ എന്ന്‌ ഒറ്റ വാചകത്തിൽ എഴുതുക. (എഫെസ്യർ 4:22-24) നിങ്ങളും ഇണയും കണ്ടെത്തുന്ന പ്രശ്‌നം ഒന്നുതന്നെയായിരിക്കണമെന്നില്ല.

3 ലക്ഷ്യം ഉണ്ടായിരിക്കണം.

ആറുമാസം കഴിഞ്ഞാൽ നിങ്ങളുടെ ദാമ്പത്യം എങ്ങനെയുള്ളതായിരിക്കണം? ആ ലക്ഷ്യം നേടാൻ ഏതെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്‌? അതെല്ലാം എഴുതി വെക്കുക. ഇക്കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണ ഉണ്ടായിരിക്കുന്നത്‌ നിങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരുന്നത്‌ എളുപ്പമാക്കിത്തീർക്കും.—1 കൊരിന്ത്യർ 9:26.

4 ബൈബിളിന്റെ നിർദേശങ്ങൾ ബാധകമാക്കുക.

നിങ്ങളുടെ പ്രശ്‌നം തിരിച്ചറിയുകയും എന്തു മാറ്റം വരുത്തണമെന്നു തീരുമാനിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, ബൈബിളിന്റെ മാർഗനിർദേശം ആരായുക. കാലാതീതമാണ്‌ അതിലെ തത്ത്വങ്ങൾ, അവ തികച്ചും പ്രായോഗികവുമാണ്‌. (യെശയ്യാവു 48:17; 2 തിമൊഥെയൊസ്‌ 3:17) ഉദാഹരണത്തിന്‌, അന്യോന്യം ക്ഷമിക്കാൻ ബൈബിൾ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നു. “ലംഘനം ക്ഷമിക്കുന്നതു . . . ഭൂഷണം” എന്നും അത്‌ പറയുന്നു.—സദൃശവാക്യങ്ങൾ 19:11; എഫെസ്യർ 4:32.

ആദ്യമൊക്കെ നിങ്ങളുടെ ശ്രമങ്ങൾ ഫലം കാണുന്നില്ല എന്നു തോന്നിയാലും മടുത്തു പിന്മാറരുത്‌. ദ കേസ്‌ ഫോർ മാര്യേജ്‌ എന്ന പുസ്‌തകം ഒരു പഠനറിപ്പോർട്ട്‌ ഉദ്ധരിക്കുന്നു: “വാസ്‌തവം അറിഞ്ഞാൽ അത്‌ അവിശ്വസനീയമായി തോന്നാം: ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നിട്ടും വിവാഹമോചനം നേടാതിരുന്നവരിൽ 86 ശതമാനം ദമ്പതികളും കണ്ടെത്തിയത്‌, അഞ്ചു വർഷത്തിനുശേഷം അവരുടെ വിവാഹജീവിതം പഴയതിലും സന്തുഷ്ടമായതായാണ്‌.” തീർത്തും അസന്തുഷ്ടമെന്ന്‌ എഴുതിത്തള്ളിയിരുന്ന ദാമ്പത്യങ്ങൾപോലും കാലം കടന്നുപോയതോടെ മെച്ചപ്പെട്ടതായി അനുഭവങ്ങൾ കാണിക്കുന്നു.

അത്‌ നിങ്ങളുടെ കാര്യത്തിലും സത്യമായിക്കൂടെന്നില്ല. ദമ്പതികൾക്ക്‌ ഗുണം ചെയ്യുന്ന പല തത്ത്വങ്ങളും ബൈബിളിലുണ്ടെന്ന്‌ ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികൾ മനസ്സിലാക്കിയിട്ടുണ്ട്‌. തമ്മിൽ ദയയും ആർദ്രാനുകമ്പയും കാണിക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുമ്പോൾ, വിവാഹജീവിതം സന്തോഷപ്രദമാകുന്നതായി പല ദമ്പതികളും കണ്ടെത്തിയിട്ടുണ്ട്‌. ‘ശാന്തതയും സൗമ്യതയും’ ഉള്ളവരായിരിക്കുന്നതിന്റെ മൂല്യം ഭാര്യമാരും രോഷാകുലരാകാതിരിക്കുന്നതിന്റെ മൂല്യം ഭർത്താക്കന്മാരും മനസ്സിലാക്കിയിരിക്കുന്നു.—1 പത്രോസ്‌ 3:4; കൊലോസ്യർ 3:19.

വിവാഹക്രമീകരണം ഏർപ്പെടുത്തിയ യഹോവയാം ദൈവമാണ്‌ ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ എന്നതിനാൽ വിവാഹജീവിതത്തോടു ബന്ധപ്പെട്ട അതിലെ തത്ത്വങ്ങൾ തികച്ചും ഫലകരമാണ്‌. ബൈബിൾതത്ത്വങ്ങൾ വിവാഹജീവിതം സന്തുഷ്ടമാക്കുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്ക്‌ നിങ്ങളെ സഹായിക്കാനാകും.*

[അടിക്കുറിപ്പ]

സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിനായി യഹോവയുടെ സാക്ഷികൾ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്കായി 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുക.