വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരുവനെ നല്ലവനോ ദുഷ്ടനോ ആക്കുന്നത്‌ എന്താണ്‌?

ഒരുവനെ നല്ലവനോ ദുഷ്ടനോ ആക്കുന്നത്‌ എന്താണ്‌?

ബൈബിളിന്റെ വീക്ഷണം

ഒരുവനെ നല്ലവനോ ദുഷ്ടനോ ആക്കുന്നത്‌ എന്താണ്‌?

വി ദ്വേഷവും രക്തച്ചൊരിച്ചിലും നിറഞ്ഞതാണ്‌ ചരിത്രത്തിന്റെ ഏടുകൾ. പക്ഷേ, അവയ്‌ക്കിടയിലും മനുഷ്യത്വത്തിന്റെയും ത്യാഗത്തിന്റെയും ചരിതങ്ങൾ ദൃശ്യമാണ്‌. ചിലർ പൈശാചികമായി പ്രവർത്തിക്കുമ്പോൾ മറ്റുചിലർ മനുഷ്യത്വം കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മനുഷ്യത്വം വെടിഞ്ഞ്‌ ഇത്ര മൃഗീയമായി പെരുമാറാൻ ആളുകൾക്ക്‌ എങ്ങനെയാണ്‌ കഴിയുന്നത്‌?

അപൂർണതയും മനസ്സാക്ഷിയും

“മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (ഉല്‌പത്തി 8:21) കുട്ടികൾ വികൃതികാണിക്കാൻ പ്രവണതയുള്ളവരായിരിക്കുന്നത്‌ അതുകൊണ്ടാണ്‌. (സദൃശവാക്യങ്ങൾ 22:15) ജന്മനാതന്നെ നമുക്കെല്ലാം തെറ്റിലേക്കുള്ള ചായ്‌വുണ്ട്‌. (സങ്കീർത്തനം 51:5) അതുകൊണ്ടുതന്നെ നന്മ പ്രവർത്തിക്കുന്നതിന്‌ നമ്മുടെ ഭാഗത്ത്‌ നല്ല ശ്രമം ആവശ്യമാണ്‌, ഒഴുക്കിനെതിരെ നീന്തുന്നതുപോലെ.

എന്നാൽ നമുക്ക്‌ ഒരു മനസ്സാക്ഷിയുണ്ടെന്ന കാര്യം മറന്നുകൂടാ. തെറ്റും ശരിയും സംബന്ധിച്ച്‌ മനുഷ്യർക്കുള്ള ജന്മസിദ്ധമായ ഈ ആന്തരികബോധം മനുഷ്യത്വപരമായി പ്രവർത്തിക്കാൻ മിക്കവരെയും സഹായിക്കുന്നു. അതുകൊണ്ടാണ്‌ ധാർമികമൂല്യങ്ങളെക്കുറിച്ചൊന്നും പഠിച്ചിട്ടില്ലാത്തവർപോലും ജീവകാരുണ്യപ്രവർത്തനങ്ങളിലുംമറ്റും സജീവമായി ഏർപ്പെടുന്നത്‌. (റോമർ 2:14, 15) എന്നിരുന്നാലും നേരത്തേ പറഞ്ഞതുപോലെ, തിന്മയിലേക്കുള്ള നമ്മുടെ ചായ്‌വ്‌ നന്മ ചെയ്യുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്നു. ഇനി, നന്മ ചെയ്യുന്നതിന്‌ തടസ്സമായി നിൽക്കുന്ന മറ്റൊരു ഘടകംകൂടിയുണ്ട്‌. എന്താണത്‌?

ദുഷിച്ച ചുറ്റുപാടുകൾ

ചുറ്റുപാടുകൾക്ക്‌ അനുസരിച്ച്‌ ഓന്ത്‌ നിറംമാറ്റാറുണ്ട്‌. അതുപോലെ, കുറ്റവാളികളുമായി ചങ്ങാത്തം കൂടുന്നവർ അവരുടെ ക്രൂരമായ സ്വഭാവങ്ങൾ അനുകരിക്കാനുള്ള സാധ്യത ഏറെയാണ്‌. ബൈബിൾ നമുക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്‌.” (പുറപ്പാടു 23:2) അതേസമയം, നേരുംനെറിയുമുള്ള, ധാർമികമൂല്യങ്ങൾക്കു വിലകൽപ്പിക്കുന്നവരുമായുള്ള നിരന്തര സഹവാസം നന്മ ചെയ്യാനുള്ള പ്രചോദനമേകും.—സദൃശവാക്യങ്ങൾ 13:20.

ദോഷം പ്രവർത്തിക്കുന്നവരുമായി അടുത്ത്‌ ഇടപഴകുന്നില്ല എന്നു കരുതി ദുഷിച്ച സ്വാധീനത്തിൽനിന്ന്‌ നാം ഒഴിവുള്ളവരാകണമെന്നില്ല. അപൂർണരായതിനാൽ തിന്മ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടാകാം; ഒരു അവസരം കിട്ടിയാൽ അതു പുറത്തുവരുകയും ചെയ്യും. (ഉല്‌പത്തി 4:7) കൂടാതെ, മാധ്യമങ്ങളിലൂടെ അത്‌ നമ്മുടെ വീടിനുള്ളിലും കടന്നുകൂടിയേക്കാം. വീഡിയോ ഗെയിമുകൾ, ടെലിവിഷൻ പരിപാടികൾ, സിനിമകൾ എന്നിവയെല്ലാം മിക്കപ്പോഴും അക്രമത്തെയും പ്രതികാരത്തെയും പ്രകീർത്തിക്കുന്നു. എന്നും നാം വായിക്കുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകൾപോലും, മനുഷ്യരുടെ കഷ്ടപ്പാടുകളിലും യാതനകളിലും വേദന തോന്നാത്തവിധം നമ്മുടെ മനസ്സുകളെ മരവിപ്പിച്ചുകളഞ്ഞേക്കാം.

ഇങ്ങനെയൊരു ദുഷിച്ച അവസ്ഥയ്‌ക്കു കാരണം എന്താണ്‌? “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:19) ഇവിടെ പറഞ്ഞിരിക്കുന്ന ‘ദുഷ്ടൻ’ പിശാചായ സാത്താനാണ്‌. തിരുവെഴുത്തുകൾ അവനെ ഭോഷ്‌കാളിയും കൊലപാതകിയുമായി തുറന്നുകാട്ടുന്നു. (യോഹന്നാൻ 8:44) ഈ ലോകത്തിന്മേലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച്‌ അവൻ ദുഷ്ടതയ്‌ക്ക്‌ ആക്കംകൂട്ടുന്നു.

ഇത്തരം കാര്യങ്ങളൊക്കെ ആളുകളുടെ മനോഭാവത്തെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നതിനാൽ, ചെയ്യുന്ന ദുഷ്‌കർമങ്ങൾക്ക്‌ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന്‌ ചിലർ പറഞ്ഞേക്കാം. എന്നാൽ അതാണോ യാഥാർഥ്യം? സ്റ്റിയറിങ്‌, കാറിനെ നിയന്ത്രിക്കുന്നതുപോലെ, അല്ലെങ്കിൽ ചുക്കാൻ, ബോട്ടിനെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ മനസ്സാണ്‌ ശരീരത്തെ നിയന്ത്രിക്കുന്നത്‌.

തീരുമാനം നിങ്ങളുടേത്‌

നാം മനപ്പൂർവം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും, അതു നന്മയോ തിന്മയോ ആകട്ടെ, ഉരുത്തിരിയുന്നത്‌ ചിന്തയിൽനിന്നാണ്‌. ക്രിയാത്മകവും ധർമിഷ്‌ഠവുമായ ചിന്തകളിൽനിന്ന്‌ ഉളവാകുന്നത്‌ സത്‌പ്രവൃത്തികളായിരിക്കും. അതേസമയം, സ്വാർഥമോഹങ്ങൾ മനസ്സിൽ മുളച്ചുപൊങ്ങാൻ അനുവദിക്കുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ ദുഷ്‌ചെയ്‌തികളായിരിക്കും ഫലം. (ലൂക്കോസ്‌ 6:43-45; യാക്കോബ്‌ 1:14, 15) അതുകൊണ്ട്‌ ഒരുവൻ നല്ലവനോ ദുഷ്ടനോ ആകുന്നത്‌ സ്വന്ത തീരുമാനപ്രകാരമാണെന്ന്‌ പറയാനാകും.

നന്മ ചെയ്യാൻ നമുക്കു പഠിക്കാനാകുമെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. (യെശയ്യാവു 1:16, 17) സ്‌നേഹമാണ്‌ നന്മ ചെയ്യാനുള്ള പ്രേരകഘടകം; കാരണം “സ്‌നേഹം അയൽക്കാരനു ദോഷം പ്രവർത്തിക്കുന്നില്ല.” (റോമർ 13:10) ആളുകളോടു സ്‌നേഹമുണ്ടെങ്കിൽ അവരോടു ദ്രോഹകരമായി പ്രവർത്തിക്കാൻ ഒരിക്കലും നമുക്കാവില്ല.

ഐക്യനാടുകളിലെ പെൻസിൽവേനിയയിൽനിന്നുള്ള റേ സ്വന്തം അനുഭവത്തിൽനിന്ന്‌ അതു പഠിച്ചു. ചെറുപ്പത്തിലേതന്നെ അടിപിടികൂടുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ കൈവയ്‌ക്കുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹത്തിന്‌ അതുകൊണ്ടുതന്നെ ‘പഞ്ച്‌’ എന്ന ഇരട്ടപ്പേരും വീണു. ആളൊരു മുൻകോപിയുമായിരുന്നു. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടങ്ങിയതോടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചിലപ്പോഴെല്ലാം, “നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു” എന്നു പറഞ്ഞ പൗലോസിനെപ്പോലെ അദ്ദേഹത്തിനും തോന്നിയിരുന്നു. (റോമർ 7:21) എങ്കിലും വർഷങ്ങളായുള്ള കഠിന ശ്രമത്തിന്റെ ഫലമായി ഇപ്പോൾ റേയ്‌ക്ക്‌ ‘നന്മയാൽ തിന്മയെ കീഴടക്കാൻ’ സാധിച്ചിരിക്കുന്നു.—റോമർ 12:21.

“സജ്ജനത്തിന്റെ വഴിയിൽ നട”ക്കുന്നത്‌ പ്രയോജനകരമാണെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? (സദൃശവാക്യങ്ങൾ 2:20-22) കാരണം, അന്തിമവിജയം നന്മയ്‌ക്കായിരിക്കും. “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; . . . കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും” എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:9-11) തിന്മയുടെ ഒരു കണികപോലും അവശേഷിപ്പിക്കാതെ ദൈവം അതു തുടച്ചുനീക്കും. നന്മ ചെയ്യാൻ യത്‌നിക്കുന്ന ആളുകളെ കാത്തിരിക്കുന്നത്‌ എത്ര മഹത്ത്വപൂർണമായ ഒരു ഭാവിയാണ്‌!

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● നമ്മുടെ ചെയ്‌തികൾക്ക്‌ ഉത്തരവാദി ആരാണ്‌?—യാക്കോബ്‌ 1:14.

● നമ്മുടെ സ്വഭാവത്തിനു മാറ്റം വരുത്താനാകുമോ?—യെശയ്യാവു 1:16, 17.

● തിന്മ എന്നെങ്കിലും അവസാനിക്കുമോ?—സങ്കീർത്തനം 37:9, 10; സദൃശവാക്യങ്ങൾ 2:20-22.

[31-ാം പേജിലെ ചിത്രങ്ങൾ]

ഒരുവൻ നല്ലവനോ ദുഷ്ടനോ ആകുന്നത്‌ സ്വന്ത തീരുമാനപ്രകാരമാണ്‌