വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സർവാശ്വാസത്തിന്റെയും ദൈവ’ത്തിൽനിന്നുള്ള സഹായം

‘സർവാശ്വാസത്തിന്റെയും ദൈവ’ത്തിൽനിന്നുള്ള സഹായം

 ‘സർവാശ്വാസത്തിന്റെയും ദൈവ’ത്തിൽനിന്നുള്ള സഹായം

തീവ്രമായ മനോവ്യഥ അനുഭവിച്ച ഒരാളായിരുന്നു ദാവീദ്‌ രാജാവ്‌. പല ആകുലതകളുമുണ്ടായിരുന്നെങ്കിലും, സ്രഷ്ടാവ്‌ തന്നെ പൂർണമായും മനസ്സിലാക്കുന്നുണ്ടോ എന്ന്‌ അവൻ ഒരിക്കൽപ്പോലും സംശയിച്ചില്ല. അവൻ ഇങ്ങനെ എഴുതി: “യഹോവ, നീ എന്നെ ശോധന ചെയ്‌തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. . . . യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.”—സങ്കീർത്തനം 139:1-4, 23.

സ്രഷ്ടാവ്‌ നമ്മെ മനസ്സിലാക്കുന്നുണ്ടെന്ന്‌ നമുക്കും ഉറപ്പുണ്ടായിരിക്കാനാകും. അതെ, വിഷാദരോഗംനിമിത്തം ഒരു വ്യക്തി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അവൻ തീർച്ചയായും അറിയുന്നുണ്ട്‌. വിഷാദത്തിനു പിന്നിലെ കാരണം എന്താണെന്നും ഈ സാഹചര്യവുമായി നമുക്ക്‌ എങ്ങനെ പൊരുത്തപ്പെടാമെന്നും അവനറിയാം. കൂടാതെ, വിഷാദരോഗംപോലുള്ള പ്രശ്‌നങ്ങൾ ശാശ്വതമായി എങ്ങനെ പരിഹരിക്കുമെന്നും അവൻ വെളിപ്പെടുത്തിയിട്ടുണ്ട്‌. സഹാനുഭൂതിയുള്ള നമ്മുടെ ദൈവത്തെക്കാൾ മെച്ചമായി നമ്മെ സഹായിക്കാൻ മറ്റാർക്കുമാവില്ല. “വിഷാദചിത്തർക്ക്‌ ആശ്വാസവും പ്രോത്സാഹനവും ഉന്മേഷവും സന്തോഷവും നൽകുന്ന” ദൈവമാണ്‌ അവൻ.—2 കൊരിന്ത്യർ 7:6, ദി ആംപ്ലിഫൈഡ്‌ ബൈബിൾ.

‘വൈകാരിക വേദനയുമായി മല്ലിടുന്ന എന്നെ ദൈവം ഏതുവിധത്തിൽ സഹായിക്കാനാണ്‌?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.

വിഷാദചിത്തർക്ക്‌ ദൈവം സമീപസ്ഥനാണോ?

ദൈവം വിഷാദമഗ്നരായ തന്റെ ദാസരുടെ അടുത്തുതന്നെയുണ്ട്‌. വിഷാദചിത്തരുടെ “ആത്മാവിനു ചൈതന്യം പകരുവാനും മനസ്സു തകർന്നവരുടെ ഹൃദയത്തെ ജീവിപ്പിക്കുവാനു”മായി ഒരർഥത്തിൽ ദൈവം അവരോടൊപ്പം വസിക്കുന്നു. (യെശയ്യാവു 57:15) “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നറിയുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌!—സങ്കീർത്തനം 34:18.

വിഷാദവുമായി മല്ലിടുന്നവർക്ക്‌ ദൈവത്തിൽനിന്ന്‌ ആശ്വാസം ലഭിക്കുന്നത്‌ എങ്ങനെ?

‘പ്രാർത്ഥന കേൾക്കുന്നവനായ’ ദൈവത്തെ അവന്റെ ആരാധകർക്ക്‌ എപ്പോൾ വേണമെങ്കിലും സമീപിക്കാനാകും. (സങ്കീർത്തനം 65:2) നമ്മുടെ സാഹചര്യത്തെ വിജയകരമായി കൈകാര്യംചെയ്യാൻ അവൻ നമ്മെ സഹായിക്കും. ദൈവമുമ്പാകെ നമ്മുടെ ഹൃദയം തുറക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവവചനം നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.

‘ദൈവം എന്റെ പ്രാർഥന കേൾക്കാൻ തക്ക യോഗ്യതയൊന്നും എനിക്കില്ല’ എന്നു തോന്നുന്നെങ്കിലോ?

‘ദൈവത്തെ പ്രസാദിപ്പിക്കാൻ കാര്യമായൊന്നും ഞാൻ ചെയ്യുന്നില്ല’ എന്ന ചിന്ത നമ്മെ അലട്ടിയേക്കാം. നാം വൈകാരികമായി എത്ര ദുർബലരാണെന്ന്‌ ദൈവത്തിന്‌ അറിയാം. “നാം പൊടി എന്നു അവൻ ഓർക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 103:14) “നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തു”മ്പോഴെല്ലാം, “ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനും സകലവും അറിയുന്നവനു”മാണെന്ന കാര്യം നമുക്ക്‌ ഓർക്കാം. (1 യോഹന്നാൻ 3:19, 20) സങ്കീർത്തനം 9:9, 10; 10:12, 14, 17; 25:17 തുടങ്ങിയ തിരുവെഴുത്തുകളിൽ കാണുന്നതുപോലുള്ള പ്രയോഗങ്ങൾ നിങ്ങളുടെ പ്രാർഥനയിൽ ഉപയോഗിക്കാവുന്നതാണ്‌.

 വികാരങ്ങൾ വാക്കുകളിലാക്കാൻ കഴിയുന്നില്ലെങ്കിലോ?

വ്യസനംനിമിത്തം മനസ്സിലുള്ളത്‌ ദൈവത്തോടു വാക്കുകളിലൂടെ പറയാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായ” യഹോവ നമ്മുടെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നുണ്ടെന്ന ഉറപ്പോടെ അവനെ സമീപിക്കുക. (2 കൊരിന്ത്യർ 1:3) മുമ്പു പരാമർശിച്ച മറിയ പറയുന്നത്‌ ശ്രദ്ധിക്കുക: “ചിലപ്പോൾ എനിക്ക്‌ എന്തു പ്രാർഥിക്കണമെന്ന്‌ അറിയില്ല. പക്ഷേ, ദൈവം എന്നെ മനസ്സിലാക്കുന്നുണ്ടെന്നും അവൻ എന്നെ സഹായിക്കുമെന്നും എനിക്കറിയാം.”

ദൈവം നമ്മുടെ പ്രാർഥനയ്‌ക്ക്‌ എങ്ങനെയാണ്‌ ഉത്തരം നൽകുന്നത്‌?

നമ്മുടെ പ്രശ്‌നങ്ങളെല്ലാം ദൈവം ഇപ്പോൾത്തന്നെ മാറ്റും എന്ന്‌ ബൈബിൾ പറയുന്നില്ല. എന്നാൽ  വിഷാദം ഉൾപ്പെടെ സകല പ്രശ്‌നങ്ങളും വിജയകരമായി കൈകാര്യംചെയ്യാനുള്ള ശക്തി ദൈവം നൽകും. (ഫിലിപ്പിയർ 4:13) മാർട്ടിന പറയുന്നു. “എനിക്കു വിഷാദരോഗം പിടിപെട്ടപ്പോൾ ആദ്യമൊക്കെ ഞാൻ യഹോവയോട്‌ പ്രാർഥിച്ചത്‌ എത്രയും പെട്ടെന്ന്‌ അതു മാറ്റിത്തരാനാണ്‌. കാരണം ഈ അവസ്ഥയുമായി മുന്നോട്ടു പോകാനാവില്ലെന്ന്‌ എനിക്കു തോന്നി. പക്ഷേ, ഇപ്പോൾ അന്നന്ന്‌ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായിട്ടാണ്‌ ഞാൻ പ്രാർഥിക്കുന്നത്‌.”

വിഷാദരോഗത്താൽ വലയുന്നവർക്ക്‌ ആത്മീയ ബലം നൽകാൻ തിരുവെഴുത്തുകൾക്കു കഴിയും. 35 വർഷമായി വിഷാദരോഗവുമായി മല്ലിടുന്ന ഒരാളാണ്‌ സാറാ. ദിവസവും ബൈബിൾ വായിക്കുന്നതിന്റെ പ്രയോജനം അവർ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അവർ പറയുന്നു: “വൈദ്യചികിത്സകൊണ്ട്‌ വളരെ ഫലം ഉണ്ടായിട്ടുണ്ട്‌. എന്നാൽ ദൈവവചനം വായിക്കുന്നതുകൊണ്ട്‌ എനിക്കു ലഭിച്ച പ്രയോജനം അതിലും വലുതാണ്‌. ആത്മീയമായി മാത്രമല്ല പ്രായോഗികമായും അത്‌ എനിക്ക്‌ സഹായം നൽകി. ബൈബിൾ വായന ഞാൻ ഒരു ശീലമാക്കിയിരിക്കുന്നു.”

വിഷാദരോഗം എന്നേക്കുമായി വിടപറയുമ്പോൾ!

യേശുക്രിസ്‌തു ഭൂമിയിലായിരുന്നപ്പോൾ ദൈവത്തിന്റെ ശക്തിയാൽ അവൻ വേദനാജനകമായ രോഗങ്ങൾ സുഖപ്പെടുത്തി. തീരാവ്യാധികളാൽ കഷ്ടപ്പെട്ട ആളുകൾക്ക്‌ ആശ്വാസം പകരാൻ യേശു ഉത്സുകനായിരുന്നു. മാത്രമല്ല, തീവ്രമായ വൈകാരിക വേദന യേശുതന്നെയും അനുഭവിച്ചിട്ടുണ്ട്‌. തന്റെ പീഢാനുഭവത്തിനും മരണത്തിനും മുമ്പുള്ള രാത്രിയിൽ യേശു, “തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുന്നവനോട്‌ ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ യാചനകളും അപേക്ഷകളും കഴിച്ചു.” (എബ്രായർ 5:7) അക്കാരണത്താൽത്തന്നെ ഇന്ന്‌ “പരീക്ഷിക്കപ്പെടുന്നവരുടെ തുണയ്‌ക്കെത്താൻ അവനു കഴിയും.”—എബ്രായർ 2:18; 1 യോഹന്നാൻ 2:1, 2.

വിഷാദരോഗത്തിനു കാരണമാകുന്ന സകലതും ദൈവം ഭൂമിയിൽനിന്നു തുടച്ചുനീക്കുമെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. ദൈവം വാഗ്‌ദാനംചെയ്യുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” (യെശയ്യാവു 65:17, 18) ദൈവരാജ്യമാകുന്ന “പുതിയ ആകാശം” “പുതിയ ഭൂമിയെ,” അതായത്‌ നീതിനിഷ്‌ഠരായ ആളുകളുടെ സമൂഹത്തെ, ശാരീരികവും വൈകാരികവും ആത്മീയവുമായി പൂർണതയുള്ള അവസ്ഥയിലെത്തിക്കും. എല്ലാ രോഗങ്ങളും എന്നന്നേക്കുമായി നീക്കംചെയ്യപ്പെടും.

 [9 പേജിൽ ആകർഷക വാക്യം]

“യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു. ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.”—വിലാപങ്ങൾ 3:55-57

[7 പേജിൽ ചതുരം/ചിത്രങ്ങൾ]

“വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ”

ബാർബറയ്‌ക്ക്‌ വിഷാദം സഹിക്കാനാകാതെ വരുമ്പോൾ അവരും ഭർത്താവും ചേർന്ന്‌ കുടുംബസുഹൃത്തായ ജെറാഡിനെ ഫോണിൽ വിളിക്കും. അദ്ദേഹം ഒരു ക്രിസ്‌തീയ മേൽവിചാരകനാണ്‌. തന്നെ അലട്ടുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട്‌ ബാർബറ പൊട്ടിക്കരയും.

അവർ പറയുന്നതെല്ലാം പലയാവർത്തി കേട്ടിട്ടുള്ളതാണെങ്കിലും ജെറാഡ്‌ ക്ഷമയോടെ ശ്രദ്ധിക്കും; അദ്ദേഹം തർക്കിക്കുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല. (യാക്കോബ്‌ 1:19) ബൈബിൾ പറയുന്നതുപോലെ ‘വിഷാദമഗ്നരോട്‌ സാന്ത്വനിപ്പിക്കുന്ന’ രീതിയിൽ സംസാരിക്കാൻ അദ്ദേഹം പഠിച്ചിരിക്കുന്നു. (1 തെസ്സലോനിക്യർ 5:14) യഹോവയാം ദൈവത്തിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അവർ പ്രിയപ്പെട്ടവളാണെന്ന്‌ അദ്ദേഹം ക്ഷമാപൂർവം ഉറപ്പുനൽകും. സാന്ത്വനം പകരുന്ന ഒന്നോ രണ്ടോ ബൈബിൾ ഭാഗങ്ങൾ അവരെ വായിച്ചുകേൾപ്പിക്കും, അവ മുമ്പും വായിച്ചുകൊടുത്തിരിക്കാമെങ്കിലും. ഒടുവിൽ അദ്ദേഹം അവരോടൊപ്പം ഫോണിൽ പ്രാർഥിക്കും. ഇത്‌ അവർക്ക്‌ ഏറെ ആശ്വാസം പകരാറുണ്ട്‌.—യാക്കോബ്‌ 5:14, 15.

താനൊരു ഡോക്‌ടറല്ല എന്ന കാര്യം ജെറാഡിന്‌ നന്നായി അറിയാം; ഒരിക്കലും അദ്ദേഹം ഒരു ഡോക്‌ടറിന്റെ റോൾ ഏറ്റെടുക്കാറുമില്ല. എന്നാൽ ഡോക്‌ടർമാർക്ക്‌ നൽകാൻ കഴിയാത്തത്‌ അദ്ദേഹം അവർക്കു നൽകുന്നു: അദ്ദേഹം ആശ്വാസമേകുന്ന തിരുവെഴുത്തുകൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സാന്ത്വനദായകമായ വിധത്തിൽ പ്രാർഥിക്കുകയും ചെയ്യുന്നു.

വിഷാദമഗ്നരെ സാന്ത്വനപ്പെടുത്താൻ’ 

ഇങ്ങനെ പറയാവുന്നതാണ്‌: “ഞാൻ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. ഇപ്പോൾ എങ്ങനെയുണ്ട്‌?”

ഓർക്കുക: സംസാരത്തിൽ ആത്മാർഥത ഉണ്ടായിരിക്കണം. വിഷാദരോഗിയായ വ്യക്തി മുമ്പു പറഞ്ഞതുതന്നെയാണ്‌ വീണ്ടും പറയുന്നതെങ്കിലും സഹാനുഭൂതിയോടെ ശ്രദ്ധിക്കുക.

ഇങ്ങനെ പറയാവുന്നതാണ്‌: “ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും നിങ്ങൾക്ക്‌ ഇത്രയൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ! (അല്ലെങ്കിൽ “നിങ്ങൾ പ്രകടിപ്പിക്കുന്ന ക്രിസ്‌തീയ ഗുണങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു.”) ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നിങ്ങൾക്കു സാധിക്കുന്നില്ലായിരിക്കാമെങ്കിലും യഹോവ നിങ്ങളെ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്‌, ഞങ്ങളും.”

ഓർക്കുക: സഹാനുഭൂതിയും കരുണയും കാണിക്കുക.

ഇങ്ങനെ പറയാവുന്നതാണ്‌: “ഞാൻ ഈ തിരുവെഴുത്തു വായിക്കാനിടയായി.” അല്ലെങ്കിൽ “എനിക്ക്‌ വളരെ ഇഷ്ടമുള്ള ഒരു ബൈബിൾ വാക്യമാണിത്‌. ഇതു വായിച്ചപ്പോൾ ഞാൻ നിങ്ങളെ ഓർത്തു.” ആ വാക്യം വായിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുക.

ഓർക്കുക: ഗുണദോഷിക്കുന്ന മട്ടിൽ സംസാരിക്കരുത്‌.

[9-ാം പേജിലെ ചിത്രക്കുറിപ്പ്‌]

തിരുവെഴുത്തുകളിൽനിന്ന്‌ ആശ്വാസം

യെശയ്യാവു 41:10-ലെ യഹോവയുടെ വാഗ്‌ദാനം ലൊറെയ്‌ന്‌ കരുത്തുപകർന്നിരിക്കുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”

സങ്കീർത്തനം 34:4, 6 തന്നെ പലപ്പോഴും ആശ്വസിപ്പിക്കുന്നതായി ആൽവാറോ പറയുന്നു: “ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.”

സങ്കീർത്തനം 40:1, 2 വായിക്കുന്നത്‌ തന്നെ ആശ്വസിപ്പിച്ചിരിക്കുന്നതായി നാവോയാ പറയുന്നു: “ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. . . . എന്റെ ഗമനത്തെ സ്ഥിരമാക്കി.”

സങ്കീർത്തനം 147:3 മനസ്സിന്‌ ഉറപ്പുനൽകുന്നതായി നാവോക്കോ പറയുന്നു: “മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.”

യഹോവയുടെ സംരക്ഷണത്തിൽ വിശ്വാസമുണ്ടായിരിക്കാൻ ലൂക്കോസ്‌ 12:6, 7 എലിസിനെ സഹായിക്കുന്നു: “രണ്ടുനാണയത്തിന്‌ അഞ്ചുകുരുവികളെ വിൽക്കുന്നില്ലയോ? എന്നാൽ അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്‌മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴപോലും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട! അനവധി കുരുവികളെക്കാൾ വിലപ്പെട്ടവരല്ലോ നിങ്ങൾ.”

മറ്റു ബൈബിൾ വാക്യങ്ങൾ:

സങ്കീർത്തനം 39:12: “യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ.”

2 കൊരിന്ത്യർ 7:6: ദൈവം ‘മനം തളർന്നവരെ സമാശ്വസിപ്പിക്കുന്നു.’

1 പത്രോസ്‌ 5:7: (ദൈവം) നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.”