വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷാദരോഗം പ്രതിവിധി എന്ത്‌?

വിഷാദരോഗം പ്രതിവിധി എന്ത്‌?

 വിഷാദരോഗം പ്രതിവിധി എന്ത്‌?

വർഷങ്ങളായി വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്ന രൂത്ത്‌ പറയുന്നു: “എന്റെ രോഗം ചികിത്സിക്കാൻ ഞാനും ഭർത്താവും ചേർന്ന്‌ നല്ലൊരു ഡോക്‌ടറെ തേടിപ്പിടിച്ചു. ജീവിതശൈലിക്ക്‌ ഞങ്ങൾ മാറ്റം വരുത്തി. എനിക്കു പറ്റിയ ഒരു ദിനചര്യ രൂപപ്പെടുത്തിയെടുക്കുകയും ചെയ്‌തു. ചികിത്സ ശരിക്കും ഫലിക്കുന്നുണ്ട്‌, എന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്‌. എന്നാൽ അതിനുമുമ്പ്‌ മറ്റൊന്നും ഫലിക്കാതെ വന്നപ്പോഴും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌ ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹമായിരുന്നു.”

രൂത്തിന്റെ അനുഭവം കാണിക്കുന്നതുപോലെ ഈ രോഗാവസ്ഥയിലുള്ളവർക്ക്‌ എല്ലാവിധ പിന്തുണയും ആവശ്യമാണ്‌, വൈദ്യസഹായം ഉൾപ്പെടെ. വിഷാദത്തെ നിസ്സാരമാക്കി തള്ളിക്കളയുന്നത്‌ അപകടംചെയ്യും. ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവൻതന്നെ അപകടത്തിലായെന്നുവരാം. ഏതാണ്ട്‌ 2,000 വർഷംമുമ്പ്‌ വൈദ്യചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച്‌ യേശുക്രിസ്‌തുതന്നെ വ്യക്തമാക്കി. ‘രോഗികൾക്ക്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യമുണ്ട്‌’ എന്ന്‌ അവൻ പറഞ്ഞു. (മർക്കോസ്‌ 2:17) വിഷാദരോഗമുള്ളവരെ സഹായിക്കാൻ ഡോക്‌ടർമാർക്ക്‌ പലതും ചെയ്യാനാകും. *

ചില സഹായങ്ങൾ

വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും കാഠിന്യവുമനുസരിച്ച്‌  വിവിധതരം ചികിത്സകൾ ലഭ്യമാണ്‌. (“ വിഷാദരോഗം—ഏതുതരം?” എന്ന വലതുവശത്തുള്ള ചതുരം കാണുക.) പലരുടെയും കാര്യത്തിൽ കുടുംബ ഡോക്‌ടർക്ക്‌ പരിഹാരം നിർദേശിക്കാനായേക്കും. എന്നാൽ മറ്റുചിലർക്ക്‌ വിദഗ്‌ധ ചികിത്സ വേണ്ടിവന്നേക്കാം. മരുന്നുകളും ഫലകരമായ മറ്റു ചികിത്സകളും ഡോക്‌ടർ നിർദേശിച്ചേക്കാം. ചിലരുടെ കാര്യത്തിൽ പച്ചമരുന്നുകൾ ഫലംചെയ്‌തിട്ടുണ്ട്‌. അതുപോലെ ശരിയായ വ്യായാമവും ശരിയായ ഭക്ഷണവും പലരെയും സഹായിച്ചിരിക്കുന്നു.

ചില പ്രശ്‌നങ്ങൾ

1. സുഹൃത്തുക്കളുടെ ഉപദേശങ്ങൾ: ഏതു ചികിത്സ സ്വീകരിക്കണം, ഏതു സ്വീകരിക്കരുത്‌ എന്നൊക്കെ മുറിവൈദ്യന്മാരായ ചില സുഹൃത്തുക്കൾ ഉപദേശിച്ചേക്കാം. ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചേക്കാം.

ഓർക്കുക: ആശ്രയയോഗ്യമായ ഉപദേശങ്ങൾ മാത്രമേ സ്വീകരിക്കാവൂ. ഏതു ചികിത്സ സ്വീകരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌; ലഭ്യമായ വിവരങ്ങളെല്ലാം വിലയിരുത്തിയശേഷം.

2. നിരാശ: ചികിത്സയ്‌ക്ക്‌ പെട്ടെന്ന്‌ ഫലം ലഭിക്കാതെ വരുകയോ പാർശ്വഫലങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ പലരും നിരുത്സാഹപ്പെട്ട്‌ ചികിത്സ ഇടയ്‌ക്കുവെച്ച്‌ നിറുത്തിക്കളയാറുണ്ട്‌.

ഓർക്കുക: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.” (സദൃശവാക്യങ്ങൾ 15:22) രോഗി ഡോക്‌ടറോട്‌ ആലോചന കഴിക്കുകയും ഇരുവരും പരസ്‌പരം തുറന്നു സംസാരിക്കുകയും ചെയ്‌താലേ ചികിത്സയ്‌ക്ക്‌ ശരിയായ ഫലം ലഭിക്കൂ. നിങ്ങളുടെ പ്രശ്‌നങ്ങളും സംശയങ്ങളും ഡോക്‌ടറോട്‌ തുറന്നുപറയുക. ചികിത്സയിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നും ഫലം ലഭിക്കാൻ കുറച്ചുകൂടെ കാത്തിരിക്കണോ എന്നും ചോദിച്ചറിയുക.

3. എല്ലാം ശരിയായി എന്ന തോന്നൽ: കുറച്ചു സുഖം തോന്നിയാലുടനെ ചിലർ ചികിത്സ നിറുത്തിക്കളയും. ചികിത്സ തുടങ്ങുന്നതിനുമുമ്പ്‌ തങ്ങളുടെ അവസ്ഥ  എന്തായിരുന്നുവെന്ന്‌ അവർ പാടെ മറന്നുകളയുന്നു.

ഓർക്കുക: ഡോക്‌ടറോടു ചോദിക്കാതെ പെട്ടെന്നു ചികിത്സ നിറുത്തുന്നത്‌ അപകടമാണ്‌.

ബൈബിൾ ഒരു വൈദ്യഗ്രന്ഥമല്ലെങ്കിലും വിഷാദരോഗത്താൽ വലയുന്നവർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും അത്‌ ആശ്വാസവും മാർഗനിർദേശവും നൽകുന്നു. കാരണം അതിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം നമ്മുടെ സ്രഷ്ടാവാണ്‌. ബൈബിൾ നൽകുന്ന ആശ്വാസത്തെക്കുറിച്ച്‌ അടുത്ത ലേഖനത്തിൽ കാണാം.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ഉണരുക! ശുപാർശ ചെയ്യുന്നില്ല. ഏതു ചികിത്സാരീതി തിരഞ്ഞെടുക്കണമെന്നത്‌ ഓരോ വ്യക്തിയുടേയും തീരുമാനമാണ്‌. ചികിത്സാരീതികൾ ശ്രദ്ധാപൂർവം വിലയിരുത്തിയതിനുശേഷം മാത്രം തീരുമാനമെടുക്കുക.

[5 പേജിൽ ചതുരം]

 വിഷാദരോഗം—ഏതുതരം?

വിഷാദരോഗം പലതരത്തിലുണ്ട്‌. അത്‌ കൃത്യമായി നിർണയിക്കാനായാൽ മാത്രമേ ചികിത്സ ഫലപ്രദമാകൂ.

കടുത്ത വിഷാദം: ചികിത്സിച്ചില്ലെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ ആറുമാസമോ അതിലധികമോ നീണ്ടുനിൽക്കും. രോഗിയുടെ ജീവിതത്തെ ആകമാനം ഇതു ബാധിക്കും.

ബൈപോളാർ ഡിസോർഡർ: മാനിക്‌ ഡിപ്രഷൻ എന്നും ഇത്‌ അറിയപ്പെടുന്നു. ഇടവിട്ടിടവിട്ട്‌ വിഷാദവും ഹർഷോന്മാദവും രോഗിക്ക്‌ അനുഭവപ്പെടും.—2004 ജനുവരി 8 ലക്കം ഉണരുക!യിലെ “വിഷാദരോഗവുമായി ജീവിക്കുന്നവർക്ക്‌” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

ഡിസ്‌ത്തീമിയ: കടുത്ത വിഷാദംപോലെ അത്ര ഗുരുതരമല്ലെങ്കിൽത്തന്നെയും രോഗിക്കു സാധാരണ ജീവിതം നയിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചിലർക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ കടുത്ത വിഷാദവും ഉണ്ടായേക്കാം.

പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ: പ്രസവാനന്തരം പല അമ്മമാർക്കും ഉണ്ടാകുന്ന വൈകാരിക അവസ്ഥയാണ്‌ ഇത്‌.—2003 ജൂൺ 8 ലക്കം ഉണരുക!യിലെ “പ്രസവാനന്തര വിഷാദം എന്താണ്‌?” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന വിഷാദം: ശരത്‌കാലത്തും ശിശിരത്തിലും സൂര്യപ്രകാശം കുറയുന്നതുനിമിത്തം ഉണ്ടാകുന്ന വിഷാദം. വസന്തകാലമോ വേനലോ ആകുമ്പോൾ ഇത്‌ അപ്രത്യക്ഷമാകുകയാണ്‌ പതിവ്‌.