നഗരങ്ങൾ എന്തുകൊണ്ട് പ്രതിസന്ധിയിൽ?
നഗരങ്ങൾ എന്തുകൊണ്ട് പ്രതിസന്ധിയിൽ?
“വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക.”—ഉല്പത്തി 11:4.
നാലായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് ഉച്ചരിക്കപ്പെട്ട ഈ വാക്കുകൾ ബാബേൽ എന്ന മഹാനഗരത്തിന്റെ നിർമാണത്തിനുള്ള ആഹ്വാനമായി ഉതകി.
പിൽക്കാലത്ത് ബാബിലോൺ എന്നു വിളിക്കപ്പെട്ട ബാബേൽ മെസൊപ്പൊത്താമ്യയിലെ ഒരിക്കൽ ഫലഭൂയിഷ്ഠമായിരുന്ന ശീനാർ സമഭൂമിയിലാണ് സ്ഥിതി ചെയ്തിരുന്നത്. ആളുകൾ പൊതുവെ കരുതുന്നതുപോലെ, ബൈബിളിൽ പരാമർശിച്ചിട്ടുള്ള ആദ്യത്തെ നഗരം ഇതല്ല. നോഹയുടെ കാലത്തെ ജലപ്രളയത്തിനും മുമ്പാണ് വാസ്തവത്തിൽ നഗരങ്ങളുടെ പിറവി. കയീൻ എന്ന ഘാതകനാണ് ബൈബിൾ രേഖയിലെ ആദ്യത്തെ നഗരം നിർമിച്ചത്. (ഉല്പത്തി 4:17) ഹാനോക്ക് എന്നു വിളിക്കപ്പെട്ട ഈ നഗരം ഒരുപക്ഷേ സുശക്തമാക്കപ്പെട്ട ഒരു ഗ്രാമം മാത്രം ആയിരുന്നിരിക്കാം. അതേസമയം, ബാബേൽ ഒരു വലിയ നഗരമായിരുന്നു. ഗംഭീരമായ ഒരു മതഗോപുരം ഉണ്ടായിരുന്ന അവിടം വ്യാജാരാധനയുടെ ഒരു പ്രമുഖ കേന്ദ്രം കൂടി ആയിരുന്നു. ബാബേലും അതിലെ കുപ്രസിദ്ധ ഗോപുരവും ദൈവത്തിന് എതിരായി നിലകൊണ്ടു. (ഉല്പത്തി 9:7) അതിനാൽ ബൈബിൾ പറയുന്നതനുസരിച്ച്, ദൈവം ഇടപെട്ട് ആ നഗരത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്നവരുടെ ഭാഷ കലക്കിക്കളഞ്ഞു. അങ്ങനെ, ഒരു പേരുണ്ടാക്കാനുള്ള ലക്ഷ്യത്തിൽ തുടങ്ങിവെച്ച അവരുടെ മതപദ്ധതിക്ക് അവൻ വിരാമമിട്ടു. ദൈവം “അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു” എന്ന് ഉല്പത്തി 11:5-9 പറയുന്നു.
ഈ സംഭവം നഗരങ്ങളുടെ വ്യാപനത്തിനു വഴിതെളിച്ചു എന്നത് ആശ്ചര്യമല്ല. നഗരങ്ങൾ ശത്രുവിന്റെ ആക്രമണത്തിൽനിന്നു സംരക്ഷണം നൽകി. മാത്രമല്ല, കർഷകർക്കു തങ്ങളുടെ ഉത്പന്നങ്ങൾ സംഭരിച്ചുവെക്കാനും വിതരണം ചെയ്യാനുമുള്ള കേന്ദ്രങ്ങളും അവ പ്രദാനം ചെയ്തു. നഗരങ്ങളിലെ കമ്പോളങ്ങൾ, കൃഷിയല്ലാത്ത മറ്റ് ഉപജീവന മാർഗങ്ങൾ ഉണ്ടായിരിക്കാനുള്ള അവസരം ആളുകൾക്കു പ്രദാനം ചെയ്തു. നഗരങ്ങളുടെ ആവിർഭാവം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “കഷ്ടിച്ച് ഉപജീവനം കഴിച്ചുപോന്നിരുന്ന ഒരു അവസ്ഥയിൽനിന്ന് സ്വതന്ത്രമായതോടെ, നഗരവാസികൾക്ക് നിരവധി തൊഴിലുകളിലേക്കു തിരിയാൻ കഴിഞ്ഞു. കൊട്ടകെട്ട്, മൺപാത്രനിർമാണം, നൂൽനൂൽപ്പ്, നെയ്ത്ത്, തുകൽപ്പണി, മരപ്പണി, കൽപ്പണി എന്നുവേണ്ട കമ്പോളത്തിനു പ്രദാനം ചെയ്യാൻ കഴിഞ്ഞ തൊഴിലുകളിലൊക്കെ അവർ ഏർപ്പെട്ടു.”
അങ്ങനെ ലഭിക്കുന്ന ഉത്പന്നങ്ങളുടെ വിതരണത്തിന് ഏറ്റവും യോജിച്ച സ്ഥലമായിരുന്നു നഗരങ്ങൾ. ഈജിപ്തിൽ ഉണ്ടായ ഒരു കടുത്ത ക്ഷാമത്തെ കുറിച്ചുള്ള ബൈബിൾ വിവരണം പരിചിന്തിക്കുക. ആളുകളെ നഗരങ്ങളിൽ പാർപ്പിക്കുന്നതാണ് ബുദ്ധിയെന്ന് അവിടത്തെ പ്രധാനമന്ത്രിയായിരുന്ന യോസേഫ് മനസ്സിലാക്കി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ശേഷിക്കുന്ന ഭക്ഷ്യശേഖരം ഏറെ ഫലപ്രദമായി വിതരണം ചെയ്യാൻ അതുമൂലം സാധിക്കുമായിരുന്നു.—ഉല്പത്തി 47:21.
ഗതാഗതം പരിമിതവും മന്ദഗതിയിലുള്ളതും ആയിരുന്ന ഒരു കാലത്ത് നഗരങ്ങൾ ആളുകൾ തമ്മിലുള്ള ആശയവിനിമയവും ഇടപെടലും വർധിപ്പിച്ചു. അതു ഫലത്തിൽ സാമൂഹികവും സാംസ്കാരികവുമായ മാറ്റത്തെ ഊർജിതപ്പെടുത്തി. പുതിയ കണ്ടുപിടിത്തങ്ങളുടെ ഈറ്റില്ലമായിത്തീർന്ന നഗരങ്ങൾ സാങ്കേതിക വികസനത്തെ ഉന്നമിപ്പിച്ചു. പുതിയ പുതിയ ആശയങ്ങളുടെ സുഗമമായ കൈമാറ്റം ശാസ്ത്രീയവും മതപരവും താത്ത്വികവുമായ മേഖലകൾക്കു പുതിയ രൂപവും ഭാവവും നൽകി.
സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങൾ
ആധുനികകാല നഗരങ്ങളും അത്തരം പല പ്രയോജനങ്ങളും വെച്ചുനീട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ചും ഗ്രാമജീവിതം അങ്ങേയറ്റം ദുസ്സഹമായിരിക്കുന്ന ദേശങ്ങളിൽ നിന്നുള്ളവർ, ഇപ്പോഴും നഗരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല. എങ്കിലും, നഗരങ്ങളിലേക്കു കുടിയേറുന്ന പലരെയും സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ഒരു ജീവിതം സംബന്ധിച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതെ അവശേഷിക്കുന്നു. വൈറ്റൽ സൈൻസ് 1998 എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “പോപ്പുലേഷൻ കൗൺസിൽ അടുത്തയിടെ നടത്തിയ ഒരു പഠനം കാണിക്കുന്നതനുസരിച്ച്, വികസ്വര ലോകത്തെ പല നഗരങ്ങളിലെയും ജീവിതനിലവാരം ഇന്നു ഗ്രാമപ്രദേശങ്ങളിലേതിനെക്കാൾ താണതാണ്.” എന്തുകൊണ്ട്?
നഗര പരിസ്ഥിതിയുടെ മനുഷ്യമുഖം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണത്തിൽ ഹെൻറി ജി. സിസ്നേറോസ് ഇപ്രകാരം എഴുതുന്നു: “നിശ്ചിത വിസ്തൃതിയുള്ള ഒരു പ്രദേശത്തെ ദരിദ്രജനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ, അവരുടെ പ്രശ്നങ്ങളും ആനുപാതികമായി വർധിക്കുന്നു. . . . ദരിദ്രരുടെ, ഏറെയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയിലെ ദരിദ്രരുടെ, എണ്ണം വർധിക്കുന്നതോടൊപ്പം തൊഴിലില്ലായ്മ കുതിച്ചുയരുന്നു, ക്ഷേമ പരിപാടികളിൽ അവർ കൂടുതലായും ദീർഘകാലത്തേക്കും ആശ്രയിക്കുന്നു, പൊതുജന ആരോഗ്യ പ്രശ്നങ്ങൾ പെരുകുന്നു, എന്നാൽ ഏറ്റവും ഞെട്ടിക്കുന്നത് കുറ്റകൃത്യത്തിന്റെ വർധനവാണ്.” വൻനഗരങ്ങളുടെ വളർച്ചയും ഭാവിയും (ഇംഗ്ലീഷ്) എന്ന പുസ്തകം സമാനമായി ഇങ്ങനെ പറയുന്നു: നഗരങ്ങളിലേക്കുള്ള “ആളുകളുടെ കുത്തൊഴുക്ക് പലപ്പോഴും തൊഴിലില്ലായ്മയുടെ ക്രമാതീതമായ വർധനവിന് ഇടയാക്കുന്നു, മാത്രമല്ല തൊഴിൽക്കുറവും അനുഭവപ്പെടുന്നു. തൊഴിൽ തേടി എത്തുന്നവരുടെ എണ്ണം വളരെ കൂടുതൽ ആയതിനാൽ തൊഴിൽ കമ്പോളത്തിൽ അവരെയെല്ലാം ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എന്നതാണ് അതിന്റെ കാരണം.”
വികസ്വരലോക നഗരങ്ങളിൽ കാണുന്ന കടുത്ത ദാരിദ്ര്യത്തിന്റെ ഹൃദയഭേദകമായ ഒരു തെളിവാണ് തെരുവു കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ്. ചില കണക്കുകൾ അനുസരിച്ച്, ലോകവ്യാപകമായി മൂന്നു കോടി തെരുവു കുട്ടികളാണ് ഉള്ളത്! വൻനഗരങ്ങളുടെ വളർച്ചയും ഭാവിയും എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ദാരിദ്ര്യവും മറ്റു പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളെ അത്രയധികം ശിഥിലമാക്കിയിരിക്കുന്നതു നിമിത്തം കുട്ടികളിൽ ചിലർക്കു തെരുവിലിറങ്ങി, തനിയെ ജീവിക്കേണ്ട ഗതി വന്നിരിക്കുന്നു.” എച്ചിൽ പെറുക്കിയോ ഭിക്ഷ യാചിച്ചോ ചന്തകളിൽ ഹീനമായ ജോലി ചെയ്തോ ആണ് അത്തരം കുട്ടികൾ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നത്.
മറ്റു ചില ദാരുണ യാഥാർഥ്യങ്ങൾ
ദാരിദ്ര്യം കുറ്റകൃത്യത്തിലേക്കു നയിച്ചേക്കാം. ആധുനിക വാസ്തുശിൽപ്പവിദ്യക്കു പേരുകേട്ട ഒരു ദക്ഷിണ അമേരിക്കൻ നഗരത്തിൽ കുറ്റകൃത്യം വളരെ വ്യാപകമായിരിക്കുന്നതിനാൽ ആളുകൾ സംരക്ഷണാർഥം ഇരുമ്പുവേലികൾ ധാരാളമായി സ്ഥാപിക്കുന്നു. തങ്ങളുടെ സ്വത്തും സ്വകാര്യതയും സംരക്ഷിക്കാൻ അതിസമ്പന്നർ മുതൽ അതിദരിദ്രർ വരെ ഇരുമ്പുവേലികളും അഴികളും സ്ഥാപിക്കുന്നു. ഫലമോ, അവരുടെ ജീവിതംതന്നെ അഴിക്കൂടുകൾക്കുള്ളിൽ ആയിരിക്കുന്നതു പോലെയാണ്. ചിലർ തങ്ങളുടെ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുമ്പുതന്നെ ഇരുമ്പു വേലികൾ ഉണ്ടാക്കുന്നു.
ജനപ്പെരുപ്പം നിമിത്തം വെള്ളവും ശുചീകരണ സംവിധാനവും പോലുള്ള അടിസ്ഥാന സംഗതികൾ പോലും വേണ്ടത്ര പ്രദാനം ചെയ്യാൻ പല നഗരങ്ങൾക്കും സാധിക്കുന്നില്ല. ഏഷ്യയിലെ ഒരു നഗരത്തിൽ 5,00,000 പൊതു കക്കൂസുകളാണ് ആവശ്യമായിരിക്കുന്നത്. എന്നാൽ, പ്രവർത്തനക്ഷമമായ 200 കക്കൂസുകളേ അവിടെ ഉള്ളൂ എന്ന് അടുത്ത കാലത്തു നടത്തിയ ഒരു സർവേ കണ്ടെത്തി!
ജനപ്പെരുപ്പത്തിന് പ്രാദേശിക പരിസ്ഥിതിയിന്മേലുള്ള നാശകരമായ ഫലവും അവഗണിക്കാവുന്നതല്ല. നഗര അതിർത്തികൾ വികസിക്കുന്തോറും സമീപത്തുള്ള കൃഷിയിടങ്ങൾ അപ്രത്യക്ഷമാകുന്നു. ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ മുൻ തലവനായ ഫേഡേറിക്കോ മായോർ ഇങ്ങനെ പറയുന്നു: “നഗരങ്ങൾ വളരെയധികം ഊർജം ചെലവഴിക്കുന്നു, ധാരാളം വെള്ളം ഉപയോഗിച്ചു തീർക്കുന്നു, ഭക്ഷ്യവസ്തുക്കളും മറ്റും ആർത്തിയോടെ വിഴുങ്ങുന്നു . . . അവയുടെ ഭൗതിക പരിസ്ഥിതി ക്ഷയിച്ചിരിക്കുന്നു. കാരണം, ആവശ്യമായ വിഭവങ്ങൾ പ്രദാനം ചെയ്യാനോ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ താങ്ങാനോ ഉള്ള പ്രാപ്തി മേലാൽ നഗരപരിസ്ഥിതിക്കില്ല.”
നഗരങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പാശ്ചാത്യ ദേശങ്ങളിലും
പാശ്ചാത്യ ദേശങ്ങളിലെ സാഹചര്യം അത്ര ദാരുണം അല്ലായിരിക്കാം. എങ്കിലും, നഗരങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധി അവിടെയുമുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലെ നഗരങ്ങൾ നേരിടുന്ന പ്രതിസന്ധി (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “അസാധാരണ അളവിലുള്ള അക്രമം അമേരിക്കൻ നഗരങ്ങളെ ഇന്നു വേട്ടയാടുന്നു. . . . അമേരിക്കൻ നഗരങ്ങളിൽ അക്രമം വളരെ വ്യാപകമായതിനാൽ വൈദ്യശാസ്ത്ര പത്രികകൾ നമ്മുടെ നാളിലെ പ്രമുഖമായ പൊതുജന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നെന്ന നിലയിൽ അതിനു വേണ്ടി കുറെയേറെ സ്ഥലം നീക്കിവെക്കാൻ തുടങ്ങിയിരിക്കുന്നു.” തീർച്ചയായും, ലോകമെങ്ങുമുള്ള പല പ്രമുഖ നഗരങ്ങളിലെയും ഒരു ഒഴിയാബാധയാണ് അക്രമം.
പല നഗരങ്ങളും തൊഴിലുടമകൾക്ക് അനാകർഷകം ആയിത്തീർന്നിരിക്കുന്നതിന്റെ ഒരു കാരണം നഗരജീവിതത്തിൽ വന്നിരിക്കുന്ന അപക്ഷയമാണ്. നഗര പരിസ്ഥിതിയുടെ മനുഷ്യമുഖം എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ഫാക്ടറികൾ അടച്ചുപൂട്ടി ബിസിനസ് സ്ഥാപനങ്ങൾ നഗരപ്രാന്തങ്ങളിലേക്കോ വിദേശങ്ങളിലേക്കോ മാറ്റിയിരിക്കുന്നു. അവയുടെ സ്ഥാനത്തുള്ളത് മലിനമായ സ്ഥലങ്ങളിലെ ഒഴിഞ്ഞ കെട്ടിടങ്ങളും വിഷവസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്ന, വികസനത്തിനു തീർത്തും അയോഗ്യമായ നിലങ്ങളും മാത്രം.” തത്ഫലമായി “പരിസ്ഥിതി പ്രശ്നങ്ങൾ എളുപ്പം അവഗണിക്കപ്പെടുന്ന, അഴുക്കുചാലുകൾ നന്നായി പ്രവർത്തിക്കാത്ത, ജലശുദ്ധീകരണം വേണ്ടത്ര ഇല്ലാത്ത, ചപ്പുചവറുകളിലും പാർപ്പിടങ്ങളിലും കീടങ്ങൾ കയറിയിറങ്ങുന്ന, ജീർണിക്കുന്ന കെട്ടിടങ്ങളിലെ ഭിത്തികളിൽനിന്ന് കൊച്ചുകുട്ടികൾ ഈയം കലർന്ന പെയിന്റ് അടർത്തിയെടുത്ത് തിന്നുന്ന, . . . ഒന്നിനെക്കുറിച്ചും ആരും ഗൗനിക്കാത്ത” നിരവധി നഗരപ്രദേശങ്ങളിലും ദരിദ്രർ തിങ്ങിപ്പാർക്കുന്നതു കാണാം. അത്തരം പരിസ്ഥിതിയിൽ കുറ്റകൃത്യവും അക്രമവും പെരുകുന്നു, ഒപ്പം നൈരാശ്യത്തിൽ ആഴ്ന്നുപോകുന്നവരുടെ എണ്ണവും.
ഇതിനു പുറമേ, അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കാൻ പാശ്ചാത്യ നഗരങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. നശിക്കുന്ന അമേരിക്ക—ക്ഷയിക്കുന്ന അടിസ്ഥാനങ്ങൾ (ഇംഗ്ലീഷ്) എന്ന ശ്രദ്ധ പിടിച്ചുപറ്റുന്ന ശീർഷകമുള്ള ഒരു പുസ്തകം 1981-ൽ ഗ്രന്ഥകർത്താക്കളായ പാറ്റ് ചോട്ടും സൂസൻ വോൾട്ടറും എഴുതി. അതിൽ അവർ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “അമേരിക്കയിലെ പൊതുജന സേവനസംവിധാനങ്ങൾ മാറ്റി സ്ഥാപിക്കപ്പെടുന്നതിനെക്കാൾ വേഗത്തിലാണ് നശിക്കുന്നത്.” പ്രമുഖ നഗരങ്ങളിലെ തുരുമ്പെടുക്കുന്ന പാലങ്ങൾ, നശിച്ചുകൊണ്ടിരിക്കുന്ന റോഡുകൾ, തകരാറിലായിക്കൊണ്ടിരിക്കുന്ന മലിനജല നിർമാർജന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആ ഗ്രന്ഥകർത്താക്കൾ ആശങ്ക പ്രകടമാക്കി.
ഇരുപതു വർഷത്തിനു ശേഷവും, ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം വ്യത്യസ്തമല്ല. ന്യൂയോർക്ക് മാഗസിനിലെ ഒരു ലേഖനം കൂറ്റൻ തേർഡ് വാട്ടർ ടണൽ പ്രോജക്റ്റിനെ കുറിച്ചു വിവരിക്കുകയുണ്ടായി. 30 വർഷത്തോളമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന അത് പശ്ചിമാർധ ഗോളത്തിലെ അടിസ്ഥാന സേവനസൗകര്യാർഥമുള്ള ഏറ്റവും വലിയ പദ്ധതി എന്നു വിളിക്കപ്പെടുന്നു. ഈ പ്രോജക്റ്റിനു വേണ്ടിവരുന്ന ചെലവ് ഏകദേശം 500 കോടി ഡോളറാണ്. നിർമാണം പൂർത്തിയാകുമ്പോൾ അതു ന്യൂയോർക്ക് നഗരത്തിൽ പ്രതിദിനം ഏകദേശം 380 കോടി ലിറ്റർ ശുദ്ധജലം എത്തിക്കും. “ഇത്ര വലിയ ഒരു സംരംഭം ആണെങ്കിലും, . . . ഈ ടണൽ നിലവിലുള്ള പൈപ്പുകൾക്ക് ഒരു അനുബന്ധമായി മാത്രം വർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഫലമായി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിച്ച പൈപ്പുകൾ ആദ്യമായി കേടു പോക്കാൻ സാധിക്കും” എന്ന് എഴുത്തുകാരൻ പറയുന്നു. നഗരത്തിലെ ക്ഷയിക്കുന്ന മറ്റ് അടിസ്ഥാന സൗകര്യങ്ങൾ—ഭൂഗർഭ റെയിൽപ്പാത, മുഖ്യ ജലപൈപ്പുകൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവ—കേടുപോക്കാൻ 9,000 കോടി ഡോളർ ചെലവാകുമെന്നു കണക്കാക്കപ്പെടുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനം പറയുന്നു.
ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകാൻ പ്രയാസപ്പെടുന്ന നഗരം ന്യൂയോർക്ക് മാത്രമല്ല. വാസ്തവത്തിൽ, നാനാ കാരണങ്ങളാൽ സേവന സംവിധാനങ്ങൾ കുഴപ്പത്തിലായിട്ടുള്ള നിരവധി വൻ നഗരങ്ങൾ ഇന്നു ലോകത്തിലുണ്ട്. 1998 ഫെബ്രുവരിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് രണ്ടാഴ്ചയിലേറെ കടുത്ത വൈദ്യുതി ക്ഷാമത്തിന്റെ പിടിയിൽ അമർന്നു. ഒരു ഉത്പാദനകേന്ദ്രത്തിലെ വ്യാവസായിക ദുരന്തത്തെ തുടർന്ന് പ്രകൃതി വാതകം ലഭിക്കാതിരുന്നതിനാൽ ഓസ്ട്രേലിയയിലെ മെൽബണിലുള്ള നിവാസികൾക്ക് 13 ദിവസത്തേക്ക് ചൂടുവെള്ളം ഇല്ലാതെ കഴിയേണ്ടിവന്നു.
ഇനിയും, എല്ലാ നഗരങ്ങൾക്കുംതന്നെ സാധാരണമായുള്ള ഒരു പ്രശ്നമുണ്ട്—ഗതാഗതക്കുരുക്ക്. വാസ്തുശിൽപ്പിയായ മോഷ സാഫ്ദി പറയുന്നു: “നഗരങ്ങളുടെ വ്യാപ്തിയും അവയിലെ യാത്രാസംവിധാനങ്ങളും തമ്മിൽ അടിസ്ഥാനപരമായി ഒരു ചേർച്ചയില്ലായ്മ—പൊരുത്തക്കേട്—ഉള്ളതായി കാണാം . . . പഴയ നഗരങ്ങളിലെ ബിസിനസ് മേഖലകൾക്ക് അവയിലെ വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പൊരുത്തപ്പെടുത്തൽ വരുത്തേണ്ടി വന്നിട്ടുണ്ട്. ആ നഗരങ്ങൾ നിർമിച്ചപ്പോൾ ഭാവിയിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.” കെയ്റോ, ബാങ്കോക്ക്, സാവൊ പൗലോ എന്നിങ്ങനെയുള്ള നഗരങ്ങളിൽ “സദാ” ഗതാഗതക്കുരുക്കുണ്ടാകുന്നു എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു.
ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, നഗരങ്ങളിലേക്കുള്ള ആളുകളുടെ പ്രവാഹത്തിന് യാതൊരു കുറവും ഇല്ലാത്തതായി തോന്നുന്നു. ദ യുനെസ്കോ കുരിയറിൽ വന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “തെറ്റോ ശരിയോ എന്നറിയില്ല, നഗരം പുരോഗതിയും സ്വാതന്ത്ര്യവും വെച്ചുനീട്ടുന്നതായി, അവസരത്തിന്റെ വാതായനം തുറന്നു കൊടുക്കുന്നതായി, നിരസ്സിക്കാനാവാത്ത ഒരു വശീകരണശക്തി പ്രകടമാക്കുന്നതായി തോന്നുന്നു.” എന്നാൽ ലോകത്തിലെ വൻ നഗരങ്ങളുടെ ഭാവി എന്താണ്? അവയുടെ പ്രശ്നങ്ങൾക്ക് ഒരു യഥാർഥ പരിഹാരമുണ്ടോ? (g01 4/8)
[5-ാം പേജിലെ ആകർഷകവാക്യം]
“ആളുകളുടെ കുത്തൊഴുക്ക് പലപ്പോഴും തൊഴിലില്ലായ്മയുടെ ക്രമാതീതമായ വർധനവിന് ഇടയാക്കുന്നു, മാത്രമല്ല തൊഴിൽക്കുറവും അനുഭവപ്പെടുന്നു”
[7-ാം പേജിലെ ചിത്രം]
ഗതാഗതക്കുരുക്ക് പല നഗരങ്ങളുടെയും ഒരു ശാപമാണ്
[7-ാം പേജിലെ ചിത്രം]
ദശലക്ഷക്കണക്കിനു കുട്ടികൾക്കു തെരുവിലിറങ്ങി ജീവിക്കേണ്ട ഗതി വന്നിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
പല നഗരവാസികളെയും സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ജീവിതം സംബന്ധിച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതെ അവശേഷിക്കുന്നു

