വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 5

മാർഗനിർദേശത്തിന്റെ മൂല്യം

മാർഗനിർദേശത്തിന്റെ മൂല്യം

മാർഗനിർദേശത്തിൽ ഉൾപ്പെടുന്നത്‌ എന്താണ്‌?

മുതിർന്നവരിൽനിന്നുള്ള മാർഗനിർദേശങ്ങൾ കുട്ടികൾക്കു വേണം. മാതാപിതാക്കളായ നിങ്ങൾക്കാണ്‌ അതിനുള്ള പ്രാഥമിക ഉത്തരവാദിത്വം. നിങ്ങളെക്കൂടാതെ മറ്റു മുതിർന്നവർക്കും നിങ്ങളുടെ കുട്ടിയുടെ വഴികാട്ടിയാകാനാകും.

മാർഗനിർദേശത്തിന്റെ പ്രാധാന്യം

പല നാടുകളിലും കുട്ടികൾ മുതിർന്നവരുമായി അധികം സമയം ചെലവഴിക്കാറില്ല. ചില വസ്‌തുതകൾ നോക്കാം.

  • കുട്ടികൾ കൂടുതൽ സമയവും ചെലവഴിക്കുന്നതു സ്‌കൂളിലാണ്‌. അവിടെ മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളാണുള്ളത്‌.

  • ചില മാതാപിതാക്കൾ ജോലിക്കു പോകുന്നതുകൊണ്ട്‌ കുട്ടികൾ സ്‌കൂൾ വിട്ട്‌ വരുമ്പോൾ വീട്ടിൽ ആരുമുണ്ടാകില്ല.

  • 8-നും 12-നും ഇടയ്‌ക്കു പ്രായത്തിലുള്ള കുട്ടികൾ ഓരോ ദിവസവും ശരാശരി ആറു മണിക്കൂർ വിനോദമാധ്യമങ്ങളിൽ ചെലവഴിക്കുന്നെന്നാണ്‌ ഐക്യനാടുകളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്‌. *

മക്കളെ പിന്തുണയ്‌ക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “കുട്ടികൾ ഇന്നു മാർഗനിർദേശത്തിനും മാതൃകയ്‌ക്കും ഉപദേശത്തിനും വേണ്ടി സമപ്രായക്കാരിലേക്കു നോക്കാൻ തുടങ്ങിയിരിക്കുന്നു. അച്ഛനമ്മമാരിലേക്കോ അധ്യാപകരിലേക്കോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ട മുതിർന്നവരിലേക്കോ അല്ല അവർ ഇപ്പോൾ നോക്കുന്നത്‌.”

മാർഗനിർദേശം എങ്ങനെ കൊടുക്കാം?

മക്കളോടൊപ്പം സമയം ചെലവഴിക്കുക.

ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.

മാതാപിതാക്കൾ മാർഗനിർദേശം നൽകാനാണു സാധാരണയായി കുട്ടികൾ ആഗ്രഹിക്കുന്നത്‌. സത്യത്തിൽ, വിദഗ്‌ധർ പറയുന്നതനുസരിച്ച്‌ കുട്ടികൾ കൗമാരപ്രായമായാലും സമപ്രായക്കാരുടെ ഉപദേശത്തെക്കാൾ മാതാപിതാക്കളുടെ ഉപദേശത്തിനു മൂല്യം കല്‌പിക്കാനാണു ചായ്‌വ്‌ കാണിക്കുന്നത്‌. “പ്രായപൂർത്തിയാകുന്നതിനു മുമ്പും അതിനു ശേഷവും കുട്ടികളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും മാതാപിതാക്കൾ വലിയ സ്വാധീനം ചെലുത്തുന്നു” എന്ന്‌ നിങ്ങളും നിങ്ങളുടെ കൗമാരക്കാരായ മക്കളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഡോക്ടർ ലോറൻസ്‌ സ്റ്റെയിൻബെർഗ്‌ എഴുതി. അദ്ദേഹം ഇങ്ങനെയും എഴുതി: “നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും മക്കൾ എപ്പോഴും സമ്മതിക്കുകയോ അതിനോടു യോജിക്കുകയോ ചെയ്‌തില്ലെങ്കിലും നിങ്ങൾ ചിന്തിക്കുന്നത്‌ എന്താണെന്നും നിങ്ങൾക്കു പറയാനുള്ളത്‌ എന്താണെന്നും അറിയാൻ അവർക്ക്‌ ആഗ്രഹമുണ്ട്‌.”

മാർഗനിർദേശത്തിനായി മാതാപിതാക്കളിലേക്കു നോക്കാനുള്ള മക്കളുടെ ചായ്‌വിനെ നന്നായി പ്രയോജനപ്പെടുത്തുക. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക. നിങ്ങളുടെ വീക്ഷണങ്ങളും മൂല്യങ്ങളും അനുഭവങ്ങളും അവരോടു പറയുക.

ഒരു വഴികാട്ടിയെ കൊടുക്കുക.

ബൈബിൾതത്ത്വം: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും.”—സുഭാഷിതങ്ങൾ 13:20.

നിങ്ങളുടെ മക്കൾക്കു മാതൃകയാക്കാൻ പറ്റുമെന്നു നിങ്ങൾ വിചാരിക്കുന്ന, മുതിർന്ന വ്യക്തികൾ ആരെങ്കിലുമുണ്ടോ? മക്കൾക്ക്‌ അദ്ദേഹവുമായി സമയം ചെലവഴിക്കാൻ വേണ്ട എന്തെങ്കിലും ക്രമീകരണങ്ങൾ നിങ്ങൾക്കു ചെയ്യാൻ കഴിയുമോ? ഇതിന്‌ അർഥം മാതാപിതാക്കൾ എന്ന നിങ്ങളുടെ ഉത്തരവാദിത്വം വെച്ചൊഴിയണം എന്നല്ല. നിങ്ങളുടെ പരിശീലനത്തോടൊപ്പം നിങ്ങൾക്കു വിശ്വാസമുള്ള ആ മുതിർന്ന വ്യക്തിയിൽനിന്ന്‌ ലഭിക്കുന്ന പ്രോത്സാഹനങ്ങളും മക്കൾക്കു വലിയൊരു സഹായമായിരിക്കും. ബൈബിളിൽ പറയുന്ന തിമൊഥെയൊസ്‌ എന്ന വ്യക്തി പ്രായപൂർത്തിയായിട്ടും അപ്പോസ്‌തലനായ പൗലോസിന്റെ കൂട്ടുകെട്ടിൽനിന്ന്‌ വളരെ പ്രയോജനങ്ങൾ നേടി. ആ സൗഹൃദത്തിൽനിന്ന്‌ പൗലോസിനും പ്രയോജനം കിട്ടി.—ഫിലിപ്പിയർ 2:20, 22.

ഇന്നു പല കുടുംബങ്ങളും ചിതറിയാണു താമസിക്കുന്നത്‌. മുത്തശ്ശീമുത്തച്ഛന്മാരും അങ്കിൾമാരും ആന്റിമാരും മറ്റു ബന്ധുക്കളും ഒക്കെ ലോകത്തിന്റെ പല ഭാഗത്തായിരിക്കും താമസിക്കുന്നത്‌. നിങ്ങളുടെ കാര്യത്തിൽ അങ്ങനെയാണെങ്കിൽ, നിങ്ങളുടെ മക്കളിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള വ്യക്തികളിൽനിന്ന്‌ പഠിക്കാനുള്ള അവസരങ്ങൾ മക്കൾക്ക്‌ ഒരുക്കിക്കൊടുക്കാൻ ശ്രമിക്കുക.

^ ഖ. 9 കൗമാരപ്രായക്കാർ ദിവസവും ശരാശരി ഒൻപതു മണിക്കൂർ വിനോദമാധ്യമങ്ങളുടെ മുമ്പിൽ ചെലവഴിക്കുന്നെന്ന്‌ ഈ പഠനം വെളിപ്പെടുത്തി. ഈ കണക്കിൽ, കുട്ടികളും കൗമാരപ്രായക്കാരും സ്‌കൂളിലും ഹോംവർക്ക്‌ ചെയ്യാൻ വീട്ടിലും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത്‌ ഉൾപ്പെടുത്തിയിട്ടില്ല.