വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യമാ​യി​ത്തീർന്ന പ്രവച​നങ്ങൾ

സത്യമാ​യി​ത്തീർന്ന പ്രവച​നങ്ങൾ

ഡെൽഫി​യി​ലെ വെളി​ച്ച​പ്പാ​ട​ത്തി​യു​ടെ വാക്കു വിശ്വ​സിച്ച് പേർഷ്യൻ രാജാ​വിൽനിന്ന് കനത്ത പരാജയം ഏറ്റുവാ​ങ്ങിയ ക്രീസ​സി​ന്‍റെ കാര്യം നമ്മൾ കണ്ടുക​ഴി​ഞ്ഞു. എന്നാൽ ചെറിയ വിശദാം​ശ​ങ്ങൾവരെ നിറ​വേ​റിയ പ്രവച​നങ്ങൾ ബൈബി​ളിൽ കാണാം. അതി​ലൊ​ന്നാണ്‌ പേർഷ്യൻ രാജാ​വി​നെ​ക്കു​റി​ച്ചുള്ള ശ്രദ്ധേ​യ​മായ ഒരു പ്രവചനം:

എബ്രായ പ്രവാ​ച​ക​നായ യശയ്യ 200 വർഷം മുമ്പ്, അതായത്‌ പേർഷ്യൻ രാജാ​വായ കോ​രെശ്‌ ജനിക്കു​ന്ന​തി​നും മുമ്പു​തന്നെ, അദ്ദേഹ​ത്തി​ന്‍റെ പേര്‌ എടുത്തു​പ​റ​യു​ക​യും അദ്ദേഹം വൻനഗ​ര​മായ ബാബി​ലോൺ എങ്ങനെ പിടി​ച്ച​ട​ക്കു​മെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു.

യശയ്യ 44:24, 27, 28: “‘ഞാൻ ആഴമുള്ള വെള്ള​ത്തോട്‌, “നീരാ​വി​യാ​യി​പ്പോ​കുക, ഞാൻ നിന്‍റെ എല്ലാ നദിക​ളെ​യും വറ്റിച്ചു​ക​ള​യും” എന്നു (യഹോവ) പറയുന്നു. ഞാൻ കോ​രെ​ശി​നെ​ക്കു​റിച്ച്, “അവൻ എന്‍റെ ഇടയൻ, അവൻ എന്‍റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും” എന്നും യരുശ​ലേ​മി​നെ​ക്കു​റിച്ച്, “അവളെ പുനർനിർമി​ക്കും” എന്നും ദേവാ​ല​യ​ത്തെ​ക്കു​റിച്ച്, “നിനക്ക് അടിസ്ഥാ​നം ഇടും” എന്നും പറയുന്നു.’”

ഗ്രീക്ക് ചരി​ത്ര​കാ​ര​നായ ഹിറോ​ഡോ​ട്ടസ്‌ പറയു​ന്ന​ത​നു​സ​രിച്ച്, കോ​രെ​ശി​ന്‍റെ സൈന്യം ബാബി​ലോൺ നഗരത്തി​ലൂ​ടെ ഒഴുകുന്ന യൂഫ്ര​ട്ടീസ്‌ നദിയു​ടെ ഗതി തിരി​ച്ചു​വി​ട്ടു. കോ​രെ​ശി​ന്‍റെ ഈ തന്ത്രത്തി​ലൂ​ടെ സൈന്യ​ത്തിന്‌ നീരൊ​ഴു​ക്കു കുറഞ്ഞ നദിയി​ലൂ​ടെ നഗരത്തി​നു​ള്ളിൽ കടക്കാൻ കഴിഞ്ഞു. നഗരം പിടി​ച്ച​ട​ക്കി​യ​തി​നു ശേഷം, ബാബി​ലോ​ണിൽ ബന്ദിക​ളായ ജൂതന്മാ​രെ കോ​രെശ്‌ സ്വത​ന്ത്ര​രാ​ക്കി. 70 വർഷമാ​യി നശിച്ചു​കി​ടന്ന യരുശ​ലേം പുനർനിർമി​ക്കു​ന്ന​തിന്‌ അവി​ടേക്കു പോകാൻ അവരെ അനുവ​ദി​ക്കു​ക​യും ചെയ്‌തു.

യശയ്യ 45:1: ‘എന്‍റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഞാൻ പറയുന്നു: ജനതകളെ അവനു കീഴ്‌പെ​ടു​ത്തി​ക്കൊ​ടു​ക്കാ​നും അവന്‍റെ മുന്നിൽ കവാടങ്ങൾ തുറന്നി​ടാ​നും ഇരട്ടപ്പാ​ളി​യുള്ള വാതി​ലു​കൾ അവനു തുറന്നു​കൊ​ടു​ക്കാ​നും രാജാ​ക്ക​ന്മാ​രെ നിരാ​യു​ധ​രാ​ക്കാ​നും യഹോവ എന്ന ഞാൻ അവന്‍റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.’

നഗരമ​തി​ലി​ന്‍റെ ഇരട്ടപ്പാ​ളി​യുള്ള വാതി​ലു​കൾ തുറന്നു​കി​ട​ന്നി​രു​ന്നു. അതിലൂ​ടെ പേർഷ്യ​ക്കാർ നഗരത്തിൽ കടന്നു. കോ​രെ​ശി​ന്‍റെ തന്ത്രം നേരത്തെ അറിഞ്ഞി​രു​ന്നെ​ങ്കിൽ ബാബി​ലോൺകാർ നദീമു​ഖ​ത്തേക്കു തുറന്നി​രുന്ന കവാട​ങ്ങ​ളെ​ല്ലാം അടയ്‌ക്കു​മാ​യി​രു​ന്നു. പക്ഷേ അന്ന് നഗരക​വാ​ടങ്ങൾ തുറന്നു​തന്നെ കിടന്നു.

അണുവിട തെറ്റാതെ നിറ​വേ​റിയ ബൈബി​ളി​ലെ അനേകം പ്രവച​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണു ശ്രദ്ധേ​യ​മായ ഈ പ്രവചനം. * തങ്ങളുടെ വ്യാജ​ദൈ​വ​ങ്ങളെ ആശ്രയിച്ച് ആളുകൾ നടത്തി​യി​രുന്ന പ്രവച​ന​ങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി ബൈബിൾപ്ര​വ​ച​നങ്ങൾ വന്നത്‌ “തുടക്കം​മു​തലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കു​ന്നു” എന്നു പറഞ്ഞ ദൈവ​ത്തിൽനി​ന്നാണ്‌.—യശയ്യ 46:10.

സത്യ​ദൈ​വ​ത്തി​നു മാത്രമേ ഇങ്ങനെ അവകാ​ശ​പ്പെ​ടാൻ കഴിയൂ. യഹോവ എന്നാണ്‌ ആ ദൈവ​ത്തി​ന്‍റെ പേര്‌. തെളി​വ​നു​സ​രിച്ച്, ആ പേരിന്‍റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. തന്‍റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തി​നാ​യി കാര്യങ്ങൾ മുൻകൂ​ട്ടി കാണാ​നും ഭാവി​കാ​ര്യ​ങ്ങൾ അത്‌ അനുസ​രിച്ച്  ക്രമീ​ക​രി​ക്കാ​നും ദൈവ​ത്തി​നു കഴിയും എന്നാണ്‌ ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌. വാഗ്‌ദാ​നം ചെയ്‌ത​തെ​ല്ലാം ദൈവം നടപ്പാ​ക്കു​ക​തന്നെ ചെയ്യു​മെന്ന ഉറപ്പും നമുക്ക് ഇത്‌ തരുന്നു.

ഇന്ന് നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന പ്രവച​ന​ങ്ങൾ

നമ്മുടെ കാല​ത്തെ​ക്കു​റിച്ച് ബൈബിൾപ്ര​വ​ച​ന​ങ്ങൾക്ക് എന്താണ്‌ പറയാ​നു​ള്ളത്‌ എന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? ഏതാണ്ട് 2,000 വർഷം മുമ്പ്, “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു” ബൈബിൾ മുൻകൂ​ട്ടി​പ​റ​ഞ്ഞി​രു​ന്നു. എന്തിന്‍റെ അവസാ​ന​കാ​ലം? ഭൂമി​യു​ടെ​യോ മനുഷ്യ​ന്‍റെ​യോ അല്ല. പകരം, ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യർക്കി​ട​യി​ലുള്ള പോരാ​ട്ട​ങ്ങ​ളു​ടെ​യും അടിച്ച​മർത്ത​ലു​ക​ളു​ടെ​യും അവരുടെ വേദന​ക​ളു​ടെ​യും അവസാനം. ‘അവസാ​ന​കാ​ല​ത്തി​ന്‍റെ’ അടയാ​ള​ത്തെ​ക്കു​റിച്ച് പറയുന്ന ചില പ്രവച​നങ്ങൾ നമുക്കു നോക്കാം.

2 തിമൊ​ഥെ​യൊസ്‌ 3:1-5: “അവസാ​ന​കാ​ലത്ത്‌ . . . മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും ഭക്തിയു​ടെ വേഷം കെട്ടു​ന്നെ​ങ്കി​ലും അതിന്‍റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.”

ഇത്തരം പെരു​മാ​റ്റ​രീ​തി​കൾ ഇന്നത്തെ ആളുക​ളിൽ കൂടി​ക്കൂ​ടി വരുന്നു എന്ന കാര്യ​ത്തോ​ടു നിങ്ങളും യോജി​ക്കു​ന്നി​ല്ലേ? സ്വസ്‌നേ​ഹി​ക​ളും അഹങ്കാ​രി​ക​ളും പണക്കൊ​തി​യ​ന്മാ​രും ആയ ആളുകളെ നമുക്കു ചുറ്റും നിങ്ങൾ കാണു​ന്നി​ല്ലേ? ഒരു കാര്യ​ത്തോ​ടും യോജി​ക്കാൻ മനസ്സു​കാ​ണി​ക്കാത്ത കടും​പി​ടു​ത്ത​ക്കാ​രായ ആളുക​ളെ​യും നിങ്ങൾ കണ്ടിട്ടി​ല്ലേ? കൂടാതെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കാത്ത ധാരാളം കുട്ടി​ക​ളെ​യും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖ​ങ്ങളെ പ്രിയ​പ്പെ​ടു​ന്ന​വ​രെ​യും നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. ഓരോ ദിവസം കഴിയു​ന്തോ​റും കാര്യങ്ങൾ വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

മത്തായി 24:6, 7: “യുദ്ധ​കോ​ലാ​ഹ​ല​ങ്ങ​ളും യുദ്ധങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും നിങ്ങൾ കേൾക്കും. . . . ‘ജനത ജനതയ്‌ക്ക് എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും.’”

1914 മുതലു​ണ്ടായ യുദ്ധങ്ങ​ളി​ലും പോരാ​ട്ട​ങ്ങ​ളി​ലും കൊല്ല​പ്പെട്ട ആളുക​ളു​ടെ എണ്ണം ഏതാണ്ട് 10 കോടി​യി​ല​ധി​ക​മാ​ണെ​ന്നാണ്‌ ചില കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ഇത്‌ പല രാജ്യ​ങ്ങ​ളു​ടെ​യും ജനസം​ഖ്യ​യെ​ക്കാൾ അധിക​മാണ്‌. ഇവ വരുത്തി​വെച്ച കണ്ണീരും ദുഃഖ​വും വേദന​യും എത്രയ​ധി​ക​മാ​യി​രി​ക്കും! എന്നാൽ ഇതൊക്കെ മനസ്സി​ലാ​ക്കി രാഷ്‌ട്രങ്ങൾ യുദ്ധങ്ങൾ നിറു​ത്തു​ന്നു​ണ്ടോ?

മത്തായി 24:7: ‘ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഉണ്ടാകും.’

ഒരു സംഘടന (The World Food Programme) ഇങ്ങനെ റിപ്പോർട്ട് ചെയ്‌തു: “എല്ലാവർക്കും ആവശ്യ​മായ ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കുന്ന ഒരു ലോക​ത്തിൽ, 81 കോടി​യി​ല​ധി​കം ആളുകൾ, അതായത്‌ ഒൻപതു പേരിൽ ഒരാൾ, ഓരോ രാത്രി​യും വിശക്കുന്ന വയറു​മാ​യാണ്‌ ഉറങ്ങാൻ പോകു​ന്നത്‌. ഇനി മൂന്നിൽ ഒരാൾ ഏതെങ്കി​ലും ഒരുത​ര​ത്തി​ലുള്ള പോഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ലം ബുദ്ധി​മു​ട്ടു​ന്നു.” പട്ടിണി​കൊണ്ട് ഓരോ വർഷവും മരിക്കുന്ന കുട്ടി​ക​ളു​ടെ എണ്ണം 30 ലക്ഷത്തോ​ളം വരുന്നു എന്നാണ്‌ കണക്കുകൾ കാണി​ക്കു​ന്നത്‌.

ലൂക്കോസ്‌ 21:11: ‘ഭൂകമ്പ​ങ്ങ​ളും ഉണ്ടാകും.’

മനുഷ്യർക്ക് അനുഭ​വ​പ്പെ​ടുന്ന വിധത്തിൽ ഓരോ വർഷവും ഏതാണ്ട് 50,000-ത്തോളം ഭൂമി​കു​ലു​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്നു. അതിൽ ഏതാണ്ട് 100 എണ്ണം കെട്ടി​ട​ങ്ങൾക്കു സാരമായ കേടു​പാ​ടു​കൾ വരുത്തു​ന്നു. ഓരോ വർഷവും വളരെ ശക്തമായ ഒരു ഭൂകമ്പ​മെ​ങ്കി​ലും ഉണ്ടാകാ​റുണ്ട്. ഒരു കണക്കു​പ്ര​കാ​രം 1975 മുതൽ 2000 വരെയുള്ള ഭൂമി​കു​ലു​ക്ക​ങ്ങ​ളിൽ മരിച്ച​വ​രു​ടെ എണ്ണം 4,71,000 വരും.

മത്തായി 24:14: “ദൈവ​രാ​ജ്യ​ത്തി​ന്‍റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”

80 ലക്ഷത്തി​ല​ധി​കം വരുന്ന യഹോ​വ​യു​ടെ സാക്ഷികൾ 240-ഓളം ദേശങ്ങ​ളിൽ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു. വൻനഗ​ര​ങ്ങ​ളി​ലും കുഗ്രാ​മ​ങ്ങ​ളി​ലും കാടും മലയും നിറഞ്ഞ പ്രദേ​ശ​ങ്ങ​ളി​ലും അവർ ഈ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു. ദൈവ​ത്തി​ന്‍റെ ആഗ്രഹ​പ്ര​കാ​രം ഈ പ്രവർത്തനം പൂർത്തി​യാ​കു​മ്പോൾ, പ്രവചനം പറയു​ന്ന​തു​പോ​ലെ “അവസാനം വരും.” അതിന്‍റെ അർഥം എന്താണ്‌? മനുഷ്യ​ഭ​രണം അവസാ​നി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തി​ന്‍റെ ഭരണം ആരംഭി​ക്കു​ക​യും ചെയ്യു​മെ​ന്നാണ്‌. ദൈവ​രാ​ജ്യ​ത്തിൽ ഏതൊക്കെ വാഗ്‌ദാ​നങ്ങൾ സത്യമാ​യി​ത്തീ​രും? അത്‌ അറിയാൻ തുടർന്നു വായി​ക്കുക.