വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും—ഭാവി​യി​ലേ​ക്കുള്ള എത്തി​നോ​ട്ട​മോ?

ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും—ഭാവി​യി​ലേ​ക്കുള്ള എത്തി​നോ​ട്ട​മോ?

ജ്യോ​തി​ഷം

നക്ഷത്ര​ങ്ങ​ളും ചന്ദ്രനും ഗ്രഹങ്ങ​ളും ആളുക​ളു​ടെ ജീവി​തത്തെ ശക്തമായി സ്വാധീ​നി​ക്കു​ന്നു എന്ന വിശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ ഭാവി പറയുന്ന രീതി​യാണ്‌ ജ്യോ​തി​ഷം. ഒരാൾ ജനിക്കുന്ന സമയത്തുള്ള ആകാശ​ഗോ​ള​ങ്ങ​ളു​ടെ സ്ഥാനം അയാളു​ടെ വ്യക്തി​ത്വ​ത്തെ​യും ഭാവി​യെ​യും രൂപ​പ്പെ​ടു​ത്തു​ന്നു​വെന്നു ജ്യോ​ത്സ്യ​ന്മാർ പറയുന്നു.

ജ്യോ​തി​ഷ​ത്തി​ന്‍റെ വേരുകൾ തേടി​പ്പോ​യാൽ അതു ചെന്നെ​ത്തു​ന്നത്‌ പുരാ​ത​ന​ബാ​ബി​ലോ​ണി​ലാണ്‌. എന്നാൽ ഇപ്പോ​ഴും ആളുകൾ ജ്യോ​തി​ഷ​ത്തിൽ വിശ്വ​സി​ക്കു​ന്നു. 2012-ൽ ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു സർവേ അനുസ​രിച്ച് മൂന്നിൽ ഒരു ഭാഗം ആളുകൾ പറഞ്ഞത്‌ ജ്യോ​തി​ഷ​ത്തിൽ “കുറ​ച്ചൊ​ക്കെ ശാസ്‌ത്ര​മുണ്ട്” എന്നാണ്‌. 10 ശതമാനം ആളുകൾ പറഞ്ഞത്‌ ജ്യോ​തി​ഷം “ശാസ്‌ത്രം​ത​ന്നെ​യാണ്‌” എന്നും. ഇത്‌ ശരിയാ​ണോ? അല്ല. ചില കാരണങ്ങൾ ഇതാ:

  • ജ്യോ​ത്സ്യ​ന്മാർ പറയു​ന്ന​തു​പോ​ലെ, ഒരാളു​ടെ ഭാവിയെ സ്വാധീ​നി​ക്കുന്ന വിധത്തിൽ ഗ്രഹങ്ങ​ളും നക്ഷത്ര​ങ്ങ​ളും ഒരു ശക്തിയും പുറത്തു​വി​ടു​ന്നില്ല.

  • പറയുന്ന മിക്ക ഭാവി​ഫ​ല​ങ്ങ​ളും ആരുടെ കാര്യ​ത്തി​ലും സത്യമാ​കാ​വു​ന്ന​താണ്‌.

  • ഗ്രഹങ്ങ​ളെ​ല്ലാം ഭൂമിയെ ചുറ്റുന്നു എന്ന പഴയ വിശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഇന്നും ജ്യോ​തി​ഷ​ത്തിൽ കണക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം നടത്തു​ന്നത്‌. എന്നാൽ വാസ്‌ത​വ​ത്തിൽ ഗ്രഹങ്ങൾ സൂര്യനു ചുറ്റു​മാ​ണു കറങ്ങു​ന്നത്‌.

  • ഒരാളു​ടെ ഭാവി​യെ​ക്കു​റിച്ച് പല ജ്യോ​ത്സ്യ​ന്മാ​രും പല വിധത്തി​ലാ​ണു പറയു​ന്നത്‌.

  • ജ്യോ​തി​ഷ​മ​നു​സ​രിച്ച് ആളുകൾ 12 രാശി​ക​ളിൽ ഏതെങ്കി​ലും ഒന്നിലാണ്‌ ജനിക്കു​ന്നത്‌. നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളു​ടെ രൂപം അനുസ​രി​ച്ചാണ്‌ ഈ രാശി​കൾക്കു പേരി​ട്ടി​രി​ക്കു​ന്നത്‌. സൂര്യൻ ഓരോ നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ കടന്നുപോകുന്ന തീയതികൾ കണക്കാക്കി ഒരോ രാശി​ക്കും ഒരു കാലയ​ളവ്‌ നിശ്ചയി​ച്ചു. എന്നാൽ ഭൂമി​യു​ടെ ചലനത്തി​ന്‍റെ പ്രത്യേ​കത കാരണം നൂറ്റാ​ണ്ടു​കൾകൊണ്ട് ആ രാശി​ക​ളും നക്ഷത്ര​സ​മൂ​ഹ​ങ്ങ​ളും ഒത്തുവ​രുന്ന തീയതി​കൾ മാറി​പ്പോ​യി.

രാശി​ചി​ഹ്നങ്ങൾ ഒരാളു​ടെ സ്വഭാ​വ​ത്തെ​ക്കു​റിച്ച് സൂചനകൾ നൽകു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. സത്യത്തിൽ, ഒരേ ദിവസം ജനിച്ച​വർക്കെ​ല്ലാം ഒരേ സ്വഭാ​വ​സ​വി​ശേ​ഷ​തയല്ല ഉള്ളത്‌. ഒരാളു​ടെ ജനനത്തീ​യതി അയാളു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റിച്ച് ഒന്നും വെളി​പ്പെ​ടു​ത്തു​ന്നില്ല. ഒരു വ്യക്തിയെ അയാൾ ആയിരി​ക്കു​ന്ന​തു​പോ​ലെ കാണാതെ, ചില കണക്കു​കൂ​ട്ട​ലു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ജ്യോ​ത്സ്യ​ന്മാർ ആ വ്യക്തി​യു​ടെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് വിധി​യെ​ഴു​തു​ന്നു. അത്‌ ശരിയാ​യി​രി​ക്കു​മോ?

 ഭാഗ്യം​പ​റ​ച്ചിൽ

പണ്ടുകാ​ലം​മു​തലേ ആളുകൾ ഭാഗ്യം പറയു​ന്ന​വ​രു​ടെ അടുക്കൽ പോയി​രു​ന്നു. ചില ഭാഗ്യം​പ​റ​ച്ചി​ലു​കാർ മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും ആന്തരി​കാ​വ​യ​വങ്ങൾ നോക്കി ഭാവി പറഞ്ഞി​രു​ന്നു. ചില​പ്പോൾ ഒരു പൂവൻകോ​ഴി ധാന്യം എങ്ങനെ കൊത്തി​ത്തി​ന്നു​ന്നെന്നു നോക്കി​പ്പോ​ലും ഭാവി പറഞ്ഞി​രു​ന്നു. ചിലരാ​കട്ടെ, ചായയോ കാപ്പി​യോ കുടി​ച്ച​തി​നു ശേഷം കപ്പിൽ അവശേ​ഷി​ക്കുന്ന മട്ടിന്‍റെ രൂപം നോക്കി​യാണ്‌ ഭാവി പറഞ്ഞി​രു​ന്നത്‌. എന്നാൽ ഇക്കാലത്ത്‌ ഭാവി പറയു​ന്നവർ ഉപയോ​ഗി​ക്കു​ന്നത്‌ ചീട്ടു​ക​ളും സ്‌ഫടി​ക​ഗോ​ള​ങ്ങ​ളും പകിട​ക​ളും മറ്റും ആണ്‌. എങ്ങനെ​യാ​യാ​ലും ഭാഗ്യം​പ​റ​ച്ചിൽ ഭാവി അറിയാ​നുള്ള വിശ്വാ​സ​യോ​ഗ്യ​മായ രീതി​യാ​ണോ? അല്ല. എന്തു​കൊ​ണ്ടെന്നു നോക്കാം.

ഭാഗ്യം പറയാൻ ഉപയോ​ഗി​ക്കുന്ന രീതി ഏതായാ​ലും ഭാവി​ഫലം ഒന്നുത​ന്നെ​യാ​യി​രി​ക്കണ്ടേ? എന്നാൽ, മിക്ക​പ്പോ​ഴും അങ്ങനെയല്ല എന്നതാണ്‌ വസ്‌തുത. വൈരു​ധ്യ​ങ്ങൾ കാണുന്നു. ഇനി ഒരേ രീതി​തന്നെ ഉപയോ​ഗി​ച്ചാ​ലും ഭാവി​ഫലം മാറുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരാൾ ഒരു ചോദ്യ​വു​മാ​യി രണ്ടു ഭാഗ്യം​പ​റ​ച്ചി​ലു​കാ​രു​ടെ അടുക്കൽ ചെല്ലുന്നു എന്നിരി​ക്കട്ടെ. അവർ ഒരേ ചീട്ടുകൾ വായി​ക്കു​ക​യാ​ണെ​ങ്കിൽ ഉത്തരം ഒന്നായി​രി​ക്ക​ണ​മ​ല്ലോ? എന്നാൽ മിക്ക​പ്പോ​ഴും അത്‌ അങ്ങനെ​യാ​യി​രി​ക്കില്ല.

ഭാഗ്യം പറയു​ന്നവർ ഉപയോ​ഗി​ക്കുന്ന രീതി​ക​ളും അവരുടെ ലക്ഷ്യങ്ങ​ളും സംശയ​ത്തിന്‌ ഇടം കൊടു​ക്കു​ന്നു. ചീട്ടു​ക​ളും സ്‌ഫടി​ക​ഗോ​ള​ങ്ങ​ളും ഒക്കെ ഉപയോ​ഗി​ക്കു​ന്നതു വെറുതെ ആളുകളെ പറ്റിക്കാൻവേ​ണ്ടി​യാ​ണെ​ന്നാ​ണു ചില വിമർശകർ പറയു​ന്നത്‌. ഭാഗ്യം പറയു​ന്നവർ ചീട്ടോ മറ്റു വസ്‌തു​ക്ക​ളോ നോക്കി​യാ​യി​രി​ക്ക​ണ​മെ​ന്നില്ല, പകരം ആളിന്‍റെ പ്രതി​ക​രണം നോക്കി​യാ​യി​രി​ക്കും കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മിടു​ക്ക​രായ ഭാഗ്യം​പ​റ​ച്ചി​ലു​കാർ ആളുക​ളോട്‌ പൊതു​വായ ചില ചോദ്യ​ങ്ങൾ ചോദി​ച്ചിട്ട് അവർ പറഞ്ഞോ പറയാ​തെ​യോ നൽകിയ സൂചന​ക​ളിൽനിന്ന് കാര്യങ്ങൾ ഗണി​ച്ചെ​ടു​ക്കു​ന്നു. എന്നിട്ട് ആ സൂചന​ക​ളിൽനിന്ന് മനസ്സി​ലാ​ക്കുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവർ ആ വ്യക്തി​യെ​ക്കു​റി​ച്ചുള്ള ശരിയായ ചില വസ്‌തു​തകൾ പറയും. അത്‌ കേൾക്കു​മ്പോൾ അത്ഭുത​പ്പെ​ട്ടു​പോ​കുന്ന ആ വ്യക്തിയെ അങ്ങനെ അവർ കൈയി​ലെ​ടു​ക്കു​ന്നു. ഈ രീതി​യിൽ വിശ്വാ​സം നേടി​യെ​ടു​ത്തു​കൊണ്ട് ചില ഭാഗ്യം​പ​റ​ച്ചി​ലു​കാർ ആളുക​ളു​ടെ കൈയിൽനിന്ന് വലിയ തുക തട്ടി​യെ​ടു​ക്കാ​റുണ്ട്.

ബൈബി​ളി​നു പറയാ​നു​ള്ളത്‌

നമ്മുടെ ഭാവി മുൻകൂ​ട്ടി തീരു​മാ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നാണ്‌ ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ അത്‌ ശരിയാ​ണോ? എന്തു വിശ്വ​സി​ക്കണം എന്തു ചെയ്യണം എന്നൊക്കെ തീരു​മാ​നി​ക്കാ​നുള്ള കഴിവ്‌ നമുക്കു​ണ്ടെ​ന്നും ആ തീരു​മാ​ന​മ​നു​സ​രിച്ച് നമ്മുടെ ഭാവി മാറു​മെ​ന്നും ആണ്‌ ബൈബിൾ പറയു​ന്നത്‌.—യോശുവ 24:15.

കൂടാതെ, ദൈവം എല്ലാ തരം ഭാവി​പ​റ​യ​ലും കുറ്റം​വി​ധി​ക്കു​ന്നു. അതു​കൊണ്ട് സത്യ​ദൈ​വ​ത്തി​ന്‍റെ ആരാധകർ ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും ഉപേക്ഷി​ക്കു​ന്നു. ബൈബി​ളിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഭാവി​ഫലം പറയു​ന്നവൻ, മന്ത്രവാ​ദി, ശകുനം നോക്കു​ന്നവൻ, ആഭിചാ​രകൻ, മന്ത്രവി​ദ്യ​യാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​ന്‍റെ​യോ ഭാവി പറയു​ന്ന​വ​ന്‍റെ​യോ സഹായം തേടു​ന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടു​ന്നവൻ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരുത്‌. ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​വരെ യഹോവയ്‌ക്ക് * അറപ്പാണ്‌.”—ആവർത്തനം 18:10-12.

^ ഖ. 17 “മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ” ആയ ദൈവ​ത്തി​ന്‍റെ പേര്‌.—സങ്കീർത്തനം 83:18.