ദൈവം നിങ്ങൾക്കായി കരുതുന്നു
നമുക്കു വേണ്ട ഏറ്റവും നല്ല ഉപദേശങ്ങൾ ബൈബിളിലുണ്ട്. കാരണം, അത് ദൈവത്തിൽനിന്നാണ്. ആരോഗ്യപരിപാലനത്തെക്കുറിച്ച് പറയുന്ന ഒരു പുസ്തകമല്ല ബൈബിൾ. പക്ഷേ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾ നേരിടുമ്പോൾ, കലങ്ങിമറിയുന്ന ചിന്തകളും വികാരങ്ങളും മനസ്സിനെ അലട്ടുമ്പോൾ, ശാരീരികവും മാനസികവും ആയ ആരോഗ്യപ്രശ്നങ്ങൾ വരുമ്പോൾ, അതിനെയൊക്കെ മറികടക്കാനുള്ള പ്രായോഗികസഹായം ബൈബിൾ തരുന്നു.
അതോടൊപ്പം, നമ്മുടെ ചിന്തകളും വികാരങ്ങളും എല്ലാം മറ്റാരെക്കാളും നന്നായി നമ്മുടെ സ്രഷ്ടാവും ദൈവവും ആയ യഹോവയ്ക്കു a മനസ്സിലാകുമെന്ന് ബൈബിൾ ഉറപ്പുതരുകയും ചെയ്യുന്നു. പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മളെ സഹായിക്കാനുള്ള അതിയായ ആഗ്രഹവും ദൈവത്തിനുണ്ട്. ആശ്വാസം പകരുന്ന രണ്ട് ബൈബിൾഭാഗങ്ങൾ നോക്കുക:
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
“‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”—യശയ്യ 41:13.
പക്ഷേ നമ്മൾ ചിന്തിച്ചേക്കാം, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ യഹോവയ്ക്കു നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും? യഹോവ നമുക്കായി കരുതുന്ന പല വിധങ്ങളെക്കുറിച്ച് തുടർന്നുവരുന്ന ലേഖനങ്ങളിൽ നമ്മൾ കാണും.
a യഹോവ എന്നത് ദൈവത്തിന്റെ പേരാണ്.—സങ്കീർത്തനം 83:18.