2 | ‘തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസം’
ബൈബിൾ പറയുന്നത്: “മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.”—റോമർ 15:4.
ഈ ബൈബിൾവാക്യത്തിന്റെ അർഥം:
ബൈബിളിൽ ആശ്വാസം പകരുന്ന ഒരുപാടു ഭാഗങ്ങളുണ്ട്. മനസ്സു മടുപ്പിക്കുന്ന ചിന്തകൾ വരുമ്പോൾ അതിനെ മറികടക്കാൻ അവ സഹായിക്കും. നമ്മുടെ ഉള്ളിലെ വൈകാരികവേദനകൾ എന്നേക്കുമായി മാഞ്ഞുപോകുമെന്ന പ്രത്യാശയും ബൈബിൾ തരുന്നു.
ഇത് എങ്ങനെ സഹായിക്കും?
നമുക്കെല്ലാം ഇടയ്ക്കൊക്കെ അസ്വസ്ഥതകൾ തോന്നാറുണ്ട്. പക്ഷേ അതുപോലെയല്ല വിഷാദവും അമിതമായ ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ കാര്യം. മനസ്സിനെ വേദനിപ്പിക്കുന്ന വികാരങ്ങളിലൂടെയായിരിക്കും അവർ ഓരോ നിമിഷവും കടന്നുപോകുന്നത്. ബൈബിളിന് എങ്ങനെ സഹായിക്കാം?
നമ്മുടെ ഉള്ളിൽനിന്ന് വേണ്ടാത്ത ചിന്തകൾ മാറ്റാൻ സഹായിക്കുന്ന ധാരാളം നല്ല കാര്യങ്ങൾ ബൈബിളിലുണ്ട്. (ഫിലിപ്പിയർ 4:8) മനസ്സിന് ആശ്വാസവും സാന്ത്വനവും പകരുന്ന അതിലെ ആശയങ്ങൾ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കും.—സങ്കീർത്തനം 94:18, 19.
നമ്മളെ ഒന്നിനും കൊള്ളില്ലെന്ന് മനസ്സു പറയുമ്പോൾ അത്തരം ചിന്തകളെ പ്രതിരോധിക്കാൻ ബൈബിൾ സഹായിക്കും.—ലൂക്കോസ് 12:6, 7.
നമ്മൾ ഒറ്റയ്ക്കല്ലെന്നും സ്രഷ്ടാവായ ദൈവം നമ്മുടെ വികാരങ്ങൾ പൂർണമായും മനസ്സിലാക്കുമെന്നും ഉറപ്പുതരുന്ന ഒട്ടനവധി ബൈബിൾഭാഗങ്ങളുണ്ട്.—സങ്കീർത്തനം 34:18; 1 യോഹന്നാൻ 3:19, 20.
വേദനിപ്പിക്കുന്ന ഓർമകൾ ദൈവം ഇല്ലാതാക്കുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യശയ്യ 65:17; വെളിപാട് 21:4) അസ്വസ്ഥമാക്കുന്ന ചിന്തകളും വികാരങ്ങളും മനസ്സിനെ വലയ്ക്കുമ്പോൾ ഈ വാഗ്ദാനം മുന്നോട്ടുപോകാനുള്ള ശക്തി നമുക്കു തരും.