വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മഡഗാ​സ്‌കർ

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മഡഗാ​സ്‌കർ

“മുൻനി​ര​സേ​വ​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ പോയി പ്രവർത്തിച്ച ചില കൂട്ടു​കാർ എനിക്കു​ണ്ടാ​യി​രു​ന്നു. അവരുടെ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച് കേട്ട​പ്പോൾ ആ സന്തോഷം എനിക്കും രുചി​ച്ച​റി​യ​ണ​മെന്നു തോന്നി. പക്ഷേ ആവശ്യം അധിക​മുള്ള ഒരു പ്രദേ​ശത്ത്‌ പോയി പ്രവർത്തി​ക്കു​ന്നത്‌ എന്‍റെ കഴിവു​കൾക്ക് അപ്പുറ​മാ​ണെന്നു ഞാൻ വിചാ​രി​ച്ചു.” 25-നോട​ടുത്ത്‌ പ്രായ​മുള്ള മുൻനി​ര​സേ​വി​ക​യായ സിൽവി​യാ​ന്‍റെ വാക്കു​ക​ളാണ്‌ ഇത്‌.

സിൽവി​യാ​നെ​പ്പോ​ലെ നിങ്ങൾക്ക് എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള ഒരു സ്ഥലത്തേക്കു മാറാൻ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും ആ ലക്ഷ്യത്തി​ലെ​ത്താൻ കഴിയു​മോ എന്ന ഒരു സംശയം. അങ്ങനെ​യെ​ങ്കിൽ വിഷമി​ക്കേണ്ടാ. യഹോ​വ​യു​ടെ സഹായ​ത്താൽ ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​രങ്ങൾ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തി​നു തടസ്സമാ​യി നിന്ന കാര്യ​ങ്ങളെ മറിക​ട​ന്നി​രി​ക്കു​ന്നു. നമുക്കു ലോക​ത്തി​ലെ നാലാ​മത്തെ വലിയ ദ്വീപായ മഡഗാ​സ്‌ക​റി​ലേക്കു പോയി, യഹോവ എങ്ങനെ​യാ​ണു ചിലർക്കു വഴി തുറന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​തെന്നു കാണാം.

മഡഗാ​സ്‌ക​റി​ലുള്ള ആളുക​ളിൽ മിക്കവ​രും ബൈബി​ളി​നോട്‌ ആദരവു​ള്ള​വ​രാണ്‌. കഴിഞ്ഞ പത്തു വർഷത്തി​നു​ള്ളിൽ പതി​നൊ​ന്നു രാജ്യങ്ങളിൽനിന്നായി * 70-ലധികം തീക്ഷ്ണ​ത​യുള്ള പ്രചാ​ര​ക​രും മുൻനി​ര​സേ​വ​ക​രും ആണ്‌ ആഫ്രി​ക്ക​യി​ലെ ഈ ‘ഫലഭൂ​യി​ഷ്‌ഠ​മായ’ പ്രദേ​ശത്ത്‌ സേവി​ക്കാൻ വന്നിരി​ക്കു​ന്നത്‌. കൂടാതെ, ആ നാട്ടു​കാ​രായ ധാരാളം പ്രചാ​ര​ക​രും രാജ്യ​സ​ന്ദേശം പ്രചരി​പ്പി​ക്കു​ന്ന​തിന്‌ ഈ വിസ്‌തൃ​ത​മായ ദ്വീപു​രാ​ഷ്‌ട്ര​ത്തി​ന്‍റെ വ്യത്യ​സ്‌ത​സ്ഥ​ല​ങ്ങ​ളി​ലേക്കു മാറി​ത്താ​മ​സി​ക്കാ​നാ​യി മനസ്സോ​ടെ മുന്നോ​ട്ടു വന്നിട്ടുണ്ട്. അവരിൽ ചിലരെ നമുക്കു പരിച​യ​പ്പെ​ടാം.

ഭയവും നിരു​ത്സാ​ഹ​വും മറിക​ട​ക്കു​ന്നു

പെരിനും ലൂയി​സും

30-കളിലുള്ള ലൂയി​സും പെരി​നും ഫ്രാൻസിൽനി​ന്നു​ള്ള​വ​രാണ്‌. വർഷങ്ങ​ളാ​യി മറ്റൊരു രാജ്യത്ത്‌ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് അവർ ചിന്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പക്ഷേ, പെരിൻ ഒന്നു മടിച്ചു​നി​ന്നു. പെരിൻ പറയുന്നു: “പരിച​യ​മി​ല്ലാത്ത ഒരു സ്ഥലത്തേക്കു പോകാൻ എനിക്കു ബുദ്ധി​മു​ട്ടു തോന്നി. നാടും വീടും സഭയും കുടും​ബ​വും എല്ലാം ഉപേക്ഷിച്ച് പോകു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു എന്‍റെ ഉത്‌കണ്‌ഠ. ഞങ്ങളുടെ ജീവി​ത​ശൈ​ലി​ക്കും മാറ്റം വരുത്ത​ണ​മാ​യി​രു​ന്നു. സത്യം പറയട്ടെ, ഈ ഉത്‌ക​ണ്‌ഠ​ക​ളാ​യി​രു​ന്നു ഏറ്റവും വലിയ തടസ്സം.” പക്ഷേ, പിന്നീടു പെരിൻ ധൈര്യം സംഭരി​ച്ചു. 2012-ൽ ലൂയി​സും പെരി​നും മഡഗാ​സ്‌ക​റി​ലേക്കു പോയി. അവരെ​ടുത്ത തീരു​മാ​ന​ത്തെ​ക്കു​റിച്ച് പെരിൻ എന്തു പറയുന്നു? “പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, ഞങ്ങളുടെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ കൈ പ്രവർത്തി​ച്ചതു ഞങ്ങൾക്കു കാണാൻ കഴിയു​ന്നുണ്ട്. അതു ഞങ്ങളുടെ വിശ്വാ​സം ശക്തമാക്കി!” ലൂയിസ്‌ കൂട്ടി​ച്ചേർക്കു​ന്നു: “മഡഗാ​സ്‌ക​റി​ലെ ഞങ്ങളുടെ ആദ്യത്തെ സ്‌മാ​ര​ക​ത്തി​നു ഞങ്ങളുടെ പത്തു ബൈബിൾവി​ദ്യാർഥി​ക​ളാ​ണു വന്നത്‌!”

പ്രതി​സ​ന്ധി​കൾ നേരി​ട്ട​പ്പോൾ നിയമ​ന​ത്തിൽ ഉറച്ചു​നിൽക്കാൻ ഈ ദമ്പതി​കളെ സഹായി​ച്ചത്‌ എന്താണ്‌? പിടി​ച്ചു​നിൽക്കു​ന്ന​തിന്‌ ആവശ്യ​മായ ശക്തിക്കു​വേണ്ടി അവർ യഹോ​വ​യോ​ടു മുട്ടി​പ്പാ​യി അപേക്ഷി​ച്ചു. (ഫിലി. 4:13) ലൂയിസ്‌ പറയുന്നു: “യഹോവ ഞങ്ങളുടെ പ്രാർഥ​ന​കൾക്ക് ഉത്തരം നൽകു​ന്ന​തും ‘ദൈവ​സ​മാ​ധാ​നം’ പകരു​ന്ന​തും ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. ഞങ്ങളുടെ സേവന​ത്തിൽനിന്ന് ലഭിക്കുന്ന സന്തോ​ഷ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. സേവനം നിറു​ത്താ​തെ മുന്നോ​ട്ടു​പോ​കാൻ ഞങ്ങളെ ധൈര്യ​പ്പെ​ടു​ത്തി​ക്കൊണ്ട് നാട്ടിൽനിന്ന് ഞങ്ങളുടെ കൂട്ടു​കാർ ഇ-മെയി​ലു​ക​ളും കത്തുക​ളും അയച്ചു.”​—ഫിലി. 4:6, 7; 2 കൊരി. 4:7.

ലൂയി​സും പെരി​നും പിടി​ച്ചു​നി​ന്ന​തു​കൊണ്ട് യഹോവ അവരെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു. ലൂയിസ്‌ പറയുന്നു: “2014 ഒക്‌ടോ​ബ​റിൽ ഫ്രാൻസിൽവെച്ച് നടന്ന ക്രിസ്‌തീ​യ​ദ​മ്പ​തി​കൾക്കുള്ള ബൈബിൾസ്‌കൂളിൽ * പങ്കെടു​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. യഹോവ തന്ന ഈ സമ്മാനം മറക്കാ​നാ​കാത്ത ഒരു അനുഭ​വ​മാ​യി​രു​ന്നു.” ബിരുദം ലഭിച്ച അവരെ വീണ്ടും മഡഗാ​സ്‌ക​റി​ലേക്കു നിയമി​ച്ച​പ്പോൾ അവർക്കു വലിയ സന്തോ​ഷ​മാ​യി.

“ഞങ്ങൾക്കു നിങ്ങ​ളെ​ക്കു​റിച്ച് അഭിമാ​നമേ തോന്നൂ!”

നദീനും ദിദി​യ​റും

ഫ്രാൻസിൽനി​ന്നുള്ള ദമ്പതി​ക​ളായ ദിദി​യ​റും നദീനും 2010-ൽ മഡഗാ​സ്‌ക​റി​ലേക്കു പോയി. അവർക്ക് അപ്പോൾ 50-നു മേൽ പ്രായ​മു​ണ്ടാ​യി​രു​ന്നു. ദിദിയർ പറയുന്നു: “ഞങ്ങൾ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ മുൻനി​ര​സേ​വനം ചെയ്‌തി​രു​ന്നു, പിന്നീട്‌ ഞങ്ങൾക്കു മൂന്നു മക്കൾ ജനിച്ചു. അവർ മുതിർന്ന​പ്പോൾ ഞങ്ങൾ വിദേ​ശത്ത്‌ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കാൻ തുടങ്ങി.” നദീൻ തുറന്നു​പ​റ​യു​ന്നു: “മക്കളെ പിരി​യ​ണ​മ​ല്ലോ എന്ന് ഓർത്ത​പ്പോൾ എനിക്കു ബുദ്ധി​മു​ട്ടു തോന്നി. പക്ഷേ അവർ പറഞ്ഞു: ‘ആവശ്യം അധിക​മുള്ള രാജ്യത്ത്‌ സേവി​ക്കാ​നാ​യി നിങ്ങൾ പോകു​ക​യാ​ണെ​ങ്കിൽ ഞങ്ങൾക്കു നിങ്ങ​ളെ​ക്കു​റിച്ച് അഭിമാ​നമേ തോന്നൂ!’ അവരുടെ ആ വാക്കുകൾ മുന്നോ​ട്ടു പോകാൻ ഞങ്ങൾക്കു ധൈര്യം പകർന്നു. ഇപ്പോൾ മക്കളിൽനിന്ന് വളരെ അകലെ​യാ​ണു താമസി​ക്കു​ന്ന​തെ​ങ്കി​ലും അവരു​മാ​യി ഇടയ്‌ക്കി​ടെ സംസാ​രി​ക്കാ​നും വിവരങ്ങൾ അറിയാ​നും കഴിയു​ന്ന​തിൽ ഞങ്ങൾക്കു വളരെ സന്തോ​ഷ​മുണ്ട്.”

മലഗാസി ഭാഷ പഠിക്കു​ന്നതു ദിദി​യ​റി​നും നദീനും ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. “ഞങ്ങൾക്ക് 20 വയസ്സൊ​ന്നും അല്ലായി​രു​ന്ന​ല്ലോ പ്രായം,” ചെറു​പു​ഞ്ചി​രി​യോ​ടെ നദീൻ പറയുന്നു. അവർ എങ്ങനെ​യാ​ണു വിജയി​ച്ചത്‌? ആദ്യം, അവർ ഫ്രഞ്ച് ഭാഷ സംസാ​രി​ക്കുന്ന ഒരു സഭയിൽ ചേർന്നു. പിന്നീട്‌, മലഗാസി ഭാഷ ഏതാണ്ട് വശമാ​യ​പ്പോൾ അവർ ആ ഭാഷയി​ലുള്ള സഭയി​ലേക്കു മാറി. നദീൻ പറയുന്നു: “ശുശ്രൂ​ഷ​യിൽ കണ്ടെത്തിയ മിക്കയാ​ളു​ക​ളും ബൈബിൾ പഠിക്കാൻ ഇഷ്ടമു​ള്ള​വ​രാ​യി​രു​ന്നു. ഞങ്ങൾ അവരെ സന്ദർശി​ച്ച​തി​നു മിക്ക​പ്പോ​ഴും അവർ നന്ദി പറയു​ക​പോ​ലും ചെയ്യു​മാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ ഞാൻ ഓർത്തത്‌ ഞാൻ സ്വപ്‌നം കാണു​ക​യാ​ണെ​ന്നാണ്‌. ഈ ദേശത്ത്‌ മുൻനി​ര​സേ​വനം ചെയ്യു​ന്നതു ഞാൻ ഒരുപാട്‌ ഇഷ്ടപ്പെ​ടു​ന്നു. രാവിലെ ഞാൻ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌ എഴു​ന്നേൽക്കു​ന്നത്‌: ‘ഹായ്‌, ഞാൻ ഇന്നു വയൽസേ​വ​ന​ത്തി​നു പോകു​ക​യാണ്‌!’”

മലഗാസി ഭാഷ പഠിക്കാൻ തുടങ്ങി​യ​പ്പോ​ഴത്തെ കാര്യങ്ങൾ ഓർത്താൽ ദിദി​യ​റിന്‌ ഇപ്പോ​ഴും ചിരി വരും. “ഞാൻ ഒരു മീറ്റി​ങ്ങിൽ പരിപാ​ടി നടത്തു​ക​യാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ പറഞ്ഞ ഉത്തരങ്ങൾ ഒന്നും എനിക്കു മനസ്സി​ലാ​യില്ല. ഉത്തരം പറഞ്ഞു​ക​ഴി​യു​മ്പോൾ ‘നന്ദി’ എന്നു മാത്രം പറയും. എനിക്ക് അതിനേ കഴിഞ്ഞു​ള്ളൂ. ഒരു സഹോ​ദ​രി​യു​ടെ ഉത്തരത്തിന്‌ ഞാൻ നന്ദി പറഞ്ഞ​പ്പോൾ സഹോ​ദ​രി​യു​ടെ പിൻനി​ര​യിൽ ഇരുന്നവർ ആ ഉത്തരം ശരിയ​ല്ലെന്ന് എന്നെ ആംഗ്യം കാണി​ക്കാൻ തുടങ്ങി. ഞാൻ പെട്ടെന്നു വേറൊ​രു സഹോ​ദ​ര​നോ​ടു ചോദി​ച്ചു. അദ്ദേഹം പറഞ്ഞ ഉത്തരം ശരിയാ​ണെന്ന് എനിക്കു വിശ്വ​സി​ക്കാ​നല്ലേ പറ്റൂ!”

ക്ഷണം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു

ടെയ്‌റി​യും ഭാര്യ നദിയ​യും 2005-ൽ നടന്ന കൺ​വെൻ​ഷ​നി​ലെ “ദൈവ​ത്തിന്‌ മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക” എന്ന നാടകം കണ്ടു. തിമൊ​ഥെ​യൊ​സി​നെ​ക്കു​റി​ച്ചുള്ള ആ ബൈബിൾനാ​ടകം അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചു, രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ പോയി സേവി​ക്കാ​നുള്ള അവരുടെ ആഗ്രഹം ശക്തമായി. ടെയ്‌റി പറയുന്നു: “നാടക​ത്തി​ന്‍റെ അവസാനം കൈയ​ടി​ക്കു​മ്പോൾ ഞാൻ ഭാര്യ​യോ​ടു പതുക്കെ ഇങ്ങനെ ചോദി​ച്ചു: ‘നമ്മൾ എങ്ങോട്ടാ പോകു​ന്നെ?’ ഇക്കാര്യം​ത​ന്നെ​യാ​ണു താനും ചിന്തി​ച്ച​തെന്നു ഭാര്യ പറഞ്ഞു.” അപ്പോൾമു​തൽ അവർ ആ ലക്ഷ്യത്തി​ലേക്കു ചുവടു​വെച്ച് തുടങ്ങി. നദിയ പറയുന്നു: “ക്രമേണ ഞങ്ങളുടെ സാധന​സാ​മ​ഗ്രി​കൾ ഞങ്ങൾ കുറയ്‌ക്കാൻ തുടങ്ങി. അവസാനം ശേഷി​ച്ചതു നാലു സ്യൂട്ട്കേ​സു​ക​ളിൽ കൊള്ളാ​വുന്ന സാധനങ്ങൾ മാത്ര​മാ​യി​രു​ന്നു.”

ഏറ്റവും ഇടത്തേ അറ്റം: നദിയ​യും മേരി മാഡ്‌ലി​നും; ഏറ്റവും വലത്തേ അറ്റം: ടെയ്‌റി

2006-ൽ അവർ മഡഗാ​സ്‌ക​റിൽ എത്തി. തുടക്കം​മു​തൽ അവർ ശുശ്രൂഷ ശരിക്കും ആസ്വദി​ച്ചു. നദിയ പറയുന്നു: “അവി​ടെ​യുള്ള ആളുക​ളു​ടെ നല്ല പ്രതി​ക​രണം ഞങ്ങളെ വളരെ സന്തോ​ഷി​പ്പി​ച്ചു.”

അങ്ങനെ ആറു വർഷം കഴിഞ്ഞു. ആയിട​യ്‌ക്ക് ഫ്രാൻസിൽ താമസി​ച്ചി​രുന്ന നദിയ​യു​ടെ അമ്മ മേരി മാഡ്‌ലിൻ വീണ്‌ കൈ ഒടിഞ്ഞു, തലയ്‌ക്കു പരിക്കു പറ്റുക​യും ചെയ്‌തു. അമ്മയെ ചികി​ത്സി​ച്ചി​രുന്ന ഡോക്‌ട​റു​മാ​യി ഈ ദമ്പതികൾ സംസാ​രി​ച്ചു. എന്നിട്ട്, മഡഗാ​സ്‌ക​റിൽ വന്ന് തങ്ങളു​ടെ​കൂ​ടെ താമസി​ക്കാൻ അമ്മയെ ക്ഷണിച്ചു. അന്ന് 80 വയസ്സു​ണ്ടാ​യി​രുന്ന അമ്മ ഞങ്ങളുടെ ക്ഷണം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. വിദേ​ശത്ത്‌ താമസിക്കുന്നതിനെക്കുറിച്ച് ആ അമ്മ ഇങ്ങനെ പറയുന്നു: “ചില​പ്പോൾ പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി യോജി​ച്ചു​പോ​കു​ന്നതു ബുദ്ധി​മു​ട്ടാണ്‌. എനിക്കു വലിയ കഴിവു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഞാൻ സഭയിൽ വളരെ വേണ്ട​പ്പെ​ട്ട​വ​ളാ​ണെന്ന് എനിക്കു തോന്നു​ന്നു. ഞാൻ ഇങ്ങോട്ടു താമസം മാറി​യ​തു​കൊണ്ട് എന്‍റെ മക്കൾക്ക് ഇവിടു​ത്തെ ഫലപ്ര​ദ​മായ ശുശ്രൂഷ തുടരാൻ സാധിച്ചു. ഇതാണ്‌ എന്നെ ഏറ്റവും അധികം സന്തോ​ഷി​പ്പി​ക്കു​ന്നത്‌.”

“യഹോ​വ​യു​ടെ സഹായം എനിക്ക് അനുഭ​വി​ച്ച​റി​യാ​നാ​യി”

റയൻ ടാൻ​ഡ്രോ​യി ഭാഷയിൽ പ്രസം​ഗി​ക്കു​ന്നു

റയൻ, 20-കളുടെ തുടക്ക​ത്തി​ലുള്ള ഒരു സഹോ​ദ​ര​നാണ്‌. കിഴക്കൻ മഡഗാ​സ്‌ക​റി​ലെ ഫലപു​ഷ്ടി​യുള്ള പ്രദേ​ശ​മായ അലോ​ട്രാ മാം​ഗോ​രോ എന്ന സ്ഥലത്താണ്‌ അദ്ദേഹം വളർന്നത്‌. സ്‌കൂ​ളിൽ മിടു​ക്ക​നാ​യി​രുന്ന റയൻ ഉന്നതവി​ദ്യാ​ഭ്യാ​സം നേടാൻ ആഗ്രഹി​ച്ചു. എന്നാൽ ബൈബിൾ പഠിച്ച​തി​നു ശേഷം റയൻ തന്‍റെ തീരു​മാ​നം മാറ്റി. അദ്ദേഹം പറയുന്നു: “ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ ഞാൻ യഹോ​വ​യ്‌ക്ക് ഇങ്ങനെ വാക്കു കൊടു​ത്തു: ‘അവസാ​ന​പ​രീക്ഷ ജയിക്കു​മ്പോൾ ഞാൻ മുൻനി​ര​സേ​വനം തുടങ്ങും.’” ആ പരീക്ഷ ജയിച്ച റയൻ തന്‍റെ വാക്കു പാലിച്ചു. ഒരു പാർട്ട്-ടൈം ജോലി കണ്ടെത്തിയ റയൻ, മുൻനി​ര​സേ​വ​ക​നായ ഒരു സഹോ​ദ​ര​ന്‍റെകൂടെ താമസിച്ച് മുൻനി​ര​സേ​വനം തുടങ്ങി. “ഞാൻ ജീവി​ത​ത്തി​ലെ​ടുത്ത ഏറ്റവും നല്ല തീരു​മാ​ന​മാണ്‌ ഇത്‌,” റയൻ പറയുന്നു.

റയൻ എന്തു​കൊ​ണ്ടാ​ണു നല്ലൊരു ജോലി നേടാൻ ശ്രമി​ക്കാ​ത്ത​തെന്ന് അദ്ദേഹ​ത്തി​ന്‍റെ കുടും​ബാം​ഗ​ങ്ങൾക്കു മനസ്സി​ലാ​യില്ല. അദ്ദേഹം പറയുന്നു: “എന്‍റെ പപ്പയും പപ്പയുടെ അനിയ​നും മുത്തശ്ശി​യു​ടെ അനിയ​ത്തി​യും ഒക്കെ എന്നെ ഉപരി​പ​ഠ​ന​ത്തി​നു പോകാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പക്ഷേ, ഒരു കാരണ​വ​ശാ​ലും മുൻനി​ര​സേ​വനം നിറു​ത്താൻ ഞാൻ ആഗ്രഹി​ച്ചില്ല.” മുൻനി​ര​സേ​വനം തുടർന്ന റയന്‌ അധികം വൈകാ​തെ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ ആഗ്രഹം തോന്നി. അങ്ങനെ തോന്നാൻ എന്തായി​രു​ന്നു കാരണം? റയൻ പറയുന്നു: “ഒരു ദിവസം കള്ളന്മാർ ഞങ്ങളുടെ താമസ​സ്ഥ​ലത്ത്‌ കയറി. എന്‍റെ വസ്‌തു​ക്കൾ മിക്കതും മോഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി. ആ സംഭവം ‘സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ’ എന്ന യേശു​വി​ന്‍റെ വാക്കുകൾ എന്നെ ഓർമി​പ്പി​ച്ചു. ആത്മീയ​സ​മ്പത്തു നേടു​ന്ന​തി​നു കഠിനാ​ധ്വാ​നം ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു.” (മത്താ. 6:19, 20) റയൻ രാജ്യ​ത്തി​ന്‍റെ ഏറ്റവും തെക്കേ അറ്റത്തുള്ള വരൾച്ച ബാധിച്ച ഒരു പ്രദേ​ശ​ത്തേക്കു മാറി​ത്താ​മ​സി​ച്ചു. അദ്ദേഹം താമസി​ച്ചി​രുന്ന സ്ഥലത്തു​നിന്ന് 1,300 കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു ഈ പുതിയ പ്രദേശം. അന്‍റൻ​ഡ്രോ​യി വിഭാ​ഗ​ത്തിൽപ്പെട്ട ആളുക​ളാണ്‌ അവിടെ താമസി​ച്ചി​രു​ന്നത്‌. റയൻ എന്തു​കൊ​ണ്ടാണ്‌ ആ സ്ഥലം തിര​ഞ്ഞെ​ടു​ത്തത്‌?

റയന്‍റെ താമസ​സ്ഥ​ലത്ത്‌ മോഷണം നടക്കു​ന്ന​തിന്‌ ഒരു മാസം മുമ്പ് അദ്ദേഹം രണ്ട് അന്‍റൻ​ഡ്രോ​യി പുരു​ഷ​ന്മാ​രു​മാ​യി ഒരു ബൈബിൾപ​ഠനം ആരംഭി​ച്ചി​രു​ന്നു. അവരുടെ ഭാഷയായ ടാൻ​ഡ്രോ​യി​യി​ലെ ഏതാനും വാക്കുകൾ അദ്ദേഹം പഠിച്ചു. രാജ്യ​സ​ന്ദേശം ഇതുവരെ കേട്ടി​ട്ടി​ല്ലാത്ത അന്‍റൻ​ഡ്രോ​യി വിഭാ​ഗ​ത്തിൽപ്പെട്ട അനേകം ആളുക​ളെ​ക്കു​റിച്ച് അദ്ദേഹം ചിന്തിച്ചു. റയൻ പറയുന്നു: “ടാൻ​ഡ്രോ​യി ഭാഷ സംസാ​രി​ക്കുന്ന സ്ഥലത്തേക്കു മാറാൻ സഹായി​ക്കണേ എന്ന് യഹോ​വ​യോട്‌ ഞാൻ അപേക്ഷി​ച്ചു.”

റയൻ അവി​ടേക്കു മാറി. പക്ഷേ, തുടക്ക​ത്തിൽത്തന്നെ അദ്ദേഹ​ത്തിന്‌ ഒരു പ്രശ്‌നം നേരിട്ടു, ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ഒരാൾ റയനോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാണ്‌ ഇങ്ങോട്ടു വന്നത്‌? ജോലി തേടി ഇവി​ടെ​യു​ള്ളവർ നിങ്ങളു​ടെ സ്ഥലത്തേ​ക്കാ​ണു പോകു​ന്നത്‌.” രണ്ട് ആഴ്‌ച​യ്‌ക്കു ശേഷം മേഖലാ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി കൈയിൽ കാര്യ​മാ​യി പണമൊ​ന്നു​മി​ല്ലാ​തെ റയൻ പുറ​പ്പെട്ടു. എന്തു ചെയ്യു​മെന്ന് അദ്ദേഹ​ത്തിന്‌ അറിയി​ല്ലാ​യി​രു​ന്നു. കൺ​വെൻ​ഷന്‍റെ അവസാ​ന​ദി​വസം ഒരു സഹോ​ദരൻ അദ്ദേഹ​ത്തി​ന്‍റെ കോട്ടി​ന്‍റെ പോക്ക​റ്റി​ലേക്ക് എന്തോ ഇട്ടു​കൊ​ടു​ത്തു. കുറെ പണമാ​യി​രു​ന്നു അത്‌. അന്‍റൻ​ഡ്രോ​യി പ്രദേ​ശ​ത്തേക്കു തിരി​ച്ചു​പോ​കാ​നും തൈരു വിൽക്കുന്ന ഒരു ചെറിയ ബിസി​നെസ്സ് തുടങ്ങാ​നും ആവശ്യ​മായ പണം അതിലു​ണ്ടാ​യി​രു​ന്നു. റയൻ പറയുന്നു: “യഹോ​വ​യു​ടെ സഹായം എനിക്ക് അനുഭ​വി​ച്ച​റി​യാ​നാ​യി. യഹോ​വ​യെ​ക്കു​റിച്ച് അറിയാൻ ഒരു അവസരം കിട്ടാത്ത ആളുകളെ സഹായി​ക്കു​ന്ന​തിൽ എനിക്കു തുടരാൻ കഴിയും!” സഭയി​ലും ധാരാളം ജോലി​യു​ണ്ടാ​യി​രു​ന്നു. റയൻ തുടരു​ന്നു: “ഒന്നിട​വിട്ട ആഴ്‌ച​ക​ളിൽ എനിക്കു പൊതു​പ്ര​സം​ഗം നടത്താ​നുള്ള നിയമനം കിട്ടും. തന്‍റെ സംഘട​ന​യി​ലൂ​ടെ യഹോവ എന്നെ പരിശീ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു.” ഇന്ന് യഹോ​വ​യെ​ക്കു​റിച്ച് അറിയാൻ ആഗ്രഹി​ക്കുന്ന അനേകം ടാൻ​ഡ്രോ​യി ഭാഷക്കാ​രോ​ടു റയൻ രാജ്യ​സ​ന്ദേശം പങ്കു​വെ​ക്കു​ന്ന​തിൽ തുടരു​ന്നു.

“സത്യത്തി​ന്‍റെ ദൈവം അനു​ഗ്ര​ഹി​ക്കും”

“ഭൂമി​യിൽ അനു​ഗ്രഹം തേടു​ന്ന​വ​രെ​യെ​ല്ലാം സത്യത്തി​ന്‍റെ ദൈവം അനു​ഗ്ര​ഹി​ക്കും” എന്ന് യഹോവ നമുക്ക് ഉറപ്പു തന്നിരി​ക്കു​ന്നു. (യശ. 65:16) ശുശ്രൂഷ വികസി​പ്പി​ക്കാ​നാ​യി പ്രതി​ബ​ന്ധ​ങ്ങളെ മറിക​ട​ക്കാൻ കഠിന​ശ്രമം ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യു​ടെ അനു​ഗ്രഹം അനുഭ​വി​ച്ച​റി​യു​ക​തന്നെ ചെയ്യും. നമ്മൾ തുടക്ക​ത്തിൽ പരാമർശിച്ച സിൽവി​യാ​ന്‍റെ കാര്യ​മെ​ടു​ക്കുക. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്നതു തന്‍റെ കഴിവു​കൾക്ക് അപ്പുറ​മാ​ണെന്നു സഹോ​ദ​രി​ക്കു തോന്നി. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചിന്തി​ച്ചത്‌? സഹോ​ദരി വിശദീ​ക​രി​ക്കു​ന്നു: “എന്‍റെ ഇടതു​കാ​ലി​നു വലതു​കാ​ലി​നെ​ക്കാൾ 9 സെന്‍റി​മീ​റ്റർ നീളക്കു​റ​വുണ്ട്. അതു​കൊണ്ട് നടക്കു​മ്പോൾ എനിക്കു മുടന്തുണ്ട്, പെട്ടെന്നു ക്ഷീണി​ക്കു​ക​യും ചെയ്യും.”

ഡൊറേറ്റിന്‍റെ സ്‌നാ​ന​ദി​വസം സിൽവി​യാ​നും (ഇടത്ത്‌) സിൽവി ആനും (വലത്ത്‌) ഡൊ​റേ​റ്റി​നും (നടുക്ക്)

ഈ ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും 2014-ൽ സിൽവി​യാൻ, സഭയി​ലുള്ള മുൻനി​ര​സേ​വി​ക​യായ സിൽവി ആൻ എന്ന ഒരു യുവസ​ഹോ​ദ​രി​യോ​ടൊത്ത്‌ 85 കിലോ​മീ​റ്റർ അകലെ​യുള്ള ഒരു ചെറിയ ഗ്രാമ​ത്തി​ലേക്കു മാറി. അങ്ങനെ സിൽവി​യാ​ന്‍റെ സ്വപ്‌നം പൂവണി​ഞ്ഞു! എത്ര വലിയ അനു​ഗ്ര​ഹ​മാ​ണു സിൽവി​യാ​നു കിട്ടി​യ​തെ​ന്നോ! സഹോ​ദരി പറയുന്നു: “പുതിയ സ്ഥലത്ത്‌ ചെന്ന് കഷ്ടിച്ച് ഒരു വർഷം കഴിഞ്ഞ​പ്പോൾത്തന്നെ, ഞാൻ ബൈബിൾപ​ഠനം നടത്തി​യി​രുന്ന ഡൊ​റേ​റ്റിൻ എന്നൊരു ചെറു​പ്പ​ക്കാ​രി സർക്കിട്ട് സമ്മേള​ന​ത്തിൽവെച്ച് സ്‌നാ​ന​മേറ്റു.”

‘ഞാൻ നിന്നെ സഹായി​ക്കും’

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന വിശ്വ​സ്‌ത​രായ ഈ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ ശ്രദ്ധി​ച്ചോ? ശുശ്രൂഷ വികസി​പ്പി​ക്കാ​നാ​യി നമ്മൾ ഏതെങ്കി​ലും തടസ്സം മറിക​ട​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. അത്തരം സാഹച​ര്യ​ങ്ങ​ളിൽ തന്‍റെ ദാസന്മാ​രോ​ടുള്ള യഹോ​വ​യു​ടെ പിൻവ​രുന്ന വാഗ്‌ദാ​നം സത്യമാ​ണെന്നു നമ്മുടെ സ്വന്തം ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​യാ​നാ​കും: “ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.” (യശ. 41:10) അങ്ങനെ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാ​കും. കൂടാതെ, നമ്മുടെ രാജ്യ​ത്തു​തന്നെ ആവശ്യം അധിക​മുള്ള മറ്റൊരു സ്ഥലത്തേ​ക്കോ വേറൊ​രു രാജ്യ​ത്തേ​ക്കോ മാറാൻ മനസ്സോ​ടെ മുന്നോ​ട്ടു വരുന്നതു പുതിയ ലോക​ത്തിൽ നമ്മളെ കാത്തി​രി​ക്കുന്ന ദിവ്യാ​ധി​പ​ത്യ​പ്ര​വർത്ത​ന​ങ്ങൾക്കു നമ്മളെ ഒരുക്കും. മുമ്പു കണ്ട ദിദി​യ​റി​ന്‍റെ വാക്കുകൾ നമുക്ക് ഓർക്കാം: “ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കു​ന്നതു ഭാവി​യി​ലേ​ക്കുള്ള എത്ര നല്ലൊരു പരിശീ​ല​ന​മാണ്‌!” ആ പരിശീ​ലനം നേടാൻ ഇനിയും അനേകർ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരട്ടെ!

^ ഖ. 4 ഐക്യനാടുകൾ, കാനഡ, ഗ്വാദ​ലൂപ്‌, ചെക്‌ റിപ്പബ്ലിക്‌, ജർമനി, ന്യൂ കാലിഡോണിയ, ഫ്രാൻസ്‌, യു​ണൈ​റ്റഡ്‌ കിങ്‌ഡം, ലക്‌സം​ബർഗ്‌, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ എന്നീ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളാണ്‌ മഡഗാ​സ്‌ക​റി​ലേക്കു മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നത്‌.

^ ഖ. 8 ഇപ്പോൾ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ എന്നാണ്‌ ഇത്‌ അറിയ​പ്പെ​ടു​ന്നത്‌. മറ്റൊരു രാജ്യത്ത്‌ സേവി​ക്കുന്ന യോഗ്യ​ത​യുള്ള മുഴു​സ​മ​യ​സേ​വ​കർക്ക്, അവരുടെ സ്വന്തം രാജ്യത്ത്‌ നടക്കുന്ന സ്‌കൂ​ളിൽ പങ്കെടു​ക്കാൻ അപേക്ഷി​ക്കാ​വു​ന്ന​താണ്‌. അല്ലെങ്കിൽ മറ്റൊരു രാജ്യത്ത്‌ അവരുടെ മാതൃ​ഭാ​ഷ​യിൽ നടക്കുന്ന സ്‌കൂ​ളിൽ പങ്കെടു​ക്കാൻ അപേക്ഷി​ക്കാ​വു​ന്ന​താണ്‌.