ദൈവത്തിന് സഹാനുഭൂതിയുണ്ടോ?
സൃഷ്ടി പഠിപ്പിക്കുന്നത്
“മറ്റൊരാളുടെ സ്ഥാനത്തു നിന്ന് അയാളുടെ വികാരങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവാണു” സഹാനുഭൂതി. മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ റിക്ക് ഹാൻസൺ പറയുന്നത് “സഹാനുഭൂതി ജന്മസിദ്ധമാണ്” എന്നാണ്.
ചിന്തിക്കൂ: മറ്റൊരു ജീവികൾക്കും ഇല്ലാത്ത അളവിൽ സഹാനുഭൂതി കാണിക്കാനുള്ള കഴിവു മനുഷ്യർക്കുള്ളത് എന്തുകൊണ്ടാണ്? ദൈവത്തിന്റെ ഛായയിലാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നു. (ഉൽപത്തി 1:26) അതുകൊണ്ട് ദൈവത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ചുകൊണ്ട് ഒരളവുവരെ ദൈവത്തിന്റെ നല്ല ഗുണങ്ങൾ പ്രകടമാക്കാൻ നമുക്കു കഴിയുന്നു. സഹാനുഭൂതി കാണിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നവർ അനുകമ്പയുള്ള സ്രഷ്ടാവായ യഹോവയുടെ സഹാനുഭൂതിയാണ് പ്രതിഫലിപ്പിക്കുന്നത്.—സുഭാഷിതങ്ങൾ 14:31.
ദൈവത്തിന്റെ സഹാനുഭൂതിയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്
ദൈവത്തിനു നമ്മളോടു സഹാനുഭൂതിയുണ്ട്. നമ്മൾ കഷ്ടപ്പെടുന്നതു കാണാൻ ഇഷ്ടപ്പെടുന്നുമില്ല. ഈജിപ്തിലെ നിഷ്ഠൂരമായ അടിമത്തത്തിനു ശേഷം 40 വർഷം വിജനഭൂമിയിലൂടെ അലഞ്ഞ് നടന്ന പുരാതന ഇസ്രായേൽ ജനതയെക്കുറിച്ച് ബൈബിൾ പറയുന്നത് “അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു” എന്നാണ്. (യശയ്യ 63:9) ദൈവം അവരുടെ വേദന കേവലം അറിഞ്ഞു എന്നല്ല ഇവിടെ പറയുന്നത്, ദൈവത്തിനു വേദന തോന്നി. “അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം” എന്നു ദൈവം പറഞ്ഞു. (പുറപ്പാട് 3:7) “നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു” എന്നും ദൈവം പറയുന്നു. (സെഖര്യ 2:8) മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കുമ്പോൾ ദൈവത്തിന്റെ ഹൃദയവും വേദനിക്കുന്നു.
നമ്മൾ സ്വയം കുറ്റപ്പെടുത്തിയേക്കാം, ദൈവം നമ്മളോടു സഹാനുഭൂതി കാണിക്കാൻ മാത്രം നമ്മൾ ആരുമല്ലെന്നും നമുക്കു തോന്നിയേക്കാം. എന്നാൽ “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണ് എന്ന ഉറപ്പു ബൈബിൾ തരുന്നു. (1 യോഹന്നാൻ 3:19, 20) നമ്മളെക്കാൾ മെച്ചമായി ദൈവത്തിനു നമ്മളെ അറിയാം. നമ്മുടെ സാഹചര്യങ്ങൾ, ചിന്തകൾ, വികാരങ്ങൾ എല്ലാം ദൈവത്തിനു പൂർണമായി അറിയാം. ദൈവത്തിനു നമ്മളോടു സഹാനുഭൂതിയുണ്ട്.
ദുരിതങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ദൈവമുണ്ട്. അതുകൊണ്ട് ആശ്വാസത്തിനും ജ്ഞാനത്തിനും തുണയ്ക്കും ആയി ദൈവത്തിലേക്കു നോക്കാം
തിരുവെഴുത്തുകൾ ഈ ഉറപ്പ് നൽകുന്നു
-
“നിങ്ങൾ വിളിക്കും, യഹോവ ഉത്തരം നൽകും; നിങ്ങൾ സഹായത്തിനായി യാചിക്കും, ‘ഞാൻ ഇതാ, ഇവിടെയുണ്ട്!’ എന്ന് അവൻ പറയും.”—യശയ്യ 58:9.
-
“‘ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘നിങ്ങൾ എന്നെ വിളിക്കും; വന്ന് എന്നോടു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.’”—യിരെമ്യ 29:11, 12.
-
“എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ. അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.”—സങ്കീർത്തനം 56:8.
ദൈവം നമ്മളെ ശ്രദ്ധിക്കുന്നു, മനസ്സിലാക്കുന്നു, സഹാനുഭൂതി കാണിക്കുന്നു
ദൈവത്തിനു സഹാനുഭൂതിയുണ്ട് എന്ന അറിവ് വിഷമകരമായ സന്ദർഭങ്ങളിൽ ശാന്തതയോടെ മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കുമോ? മരിയയുടെ അനുഭവം നോക്കാം:
“എന്റെ മോന് കാൻസറായിരുന്നു. രണ്ടു വർഷം അവൻ കഷ്ടപ്പെട്ടു, 18-ാം വയസ്സിൽ അവൻ മരിച്ചു. എനിക്കു ജീവിതം ഭാരമായി തോന്നി. അത്രയ്ക്കു വലുതായിരുന്നു ദുഃഖം. മോനെ സുഖപ്പെടുത്താഞ്ഞതിന് എനിക്കു യഹോവയോടു ദേഷ്യമായിരുന്നു!
“യഹോവയ്ക്കും എന്നോടു സ്നേഹമില്ലെന്ന് എനിക്കു തോന്നി. ആറു വർഷം കഴിഞ്ഞ് സഭയിലെ ഒരു കൂട്ടുകാരിയോട് ഞാൻ ഇതു പറഞ്ഞു. എന്നോടു സ്നേഹവും അനുകമ്പയും ഉണ്ടായിരുന്ന ആ കൂട്ടുകാരി ഞാൻ പറഞ്ഞതെല്ലാം മണിക്കൂറുകളോളം ശ്രദ്ധിച്ചുകേട്ടു. എന്നിട്ട് ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും’ ആണ് എന്ന 1 യോഹന്നാൻ 3:19, 20-ലെ വാക്കുകൾ എന്നോടു പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. യഹോവ നമ്മുടെ വേദനകൾ മനസ്സിലാക്കുന്നുണ്ടെന്ന കാര്യം കൂട്ടുകാരി എനിക്കു വ്യക്തമാക്കിത്തന്നു.
“എന്നിട്ടും യഹോവയോടുള്ള എന്റെ ദേഷ്യം ഇല്ലാതായില്ല. സങ്കീർത്തനം 94:19 ഞാൻ വായിച്ചു. ‘ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി’ എന്നാണ് അവിടെ പറയുന്നത്. അത് എനിക്കുവേണ്ടിത്തന്നെ എഴുതിയതാണെന്നു തോന്നി! ഒടുവിൽ, വേദനകളെക്കുറിച്ച് യഹോവയോടു പറയുമ്പോൾ എനിക്ക് ആശ്വാസം തോന്നിത്തുടങ്ങി, കാരണം യഹോവ അതു കേൾക്കുന്നെന്നും മനസ്സിലാക്കുന്നെന്നും എനിക്ക് അറിയാം.”
ദൈവം നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നും നമ്മൾ വേദനിക്കുമ്പോൾ ദൈവത്തിനു വേദന തോന്നുന്നു എന്നും അറിയുന്നത് എത്ര ആശ്വാസകരമാണ്! അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇത്രയധികം ദുരിതങ്ങളുള്ളത്? നമ്മൾ ചെയ്ത ഏതെങ്കിലും തെറ്റിനു ദൈവം ശിക്ഷിക്കുന്നതായിരിക്കുമോ? ദുരിതങ്ങൾ ഇല്ലാതാക്കാൻ ദൈവം എന്തെങ്കിലും ചെയ്യുമോ? അടുത്ത ലേഖനങ്ങളിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യും.