വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെയും മക്കളെ​യും തമ്മിൽ ബന്ധിപ്പി​ക്കുന്ന ഒരു പാലമാണ്‌ ആശയവി​നി​മ​യം

മാതാ​പി​താ​ക്കൾക്ക്

5: ആശയവി​നി​മയം

5: ആശയവി​നി​മയം

അതിന്‍റെ അർഥം

നിങ്ങളും മക്കളും പരസ്‌പരം ചിന്തക​ളും വികാ​ര​ങ്ങ​ളും പങ്കു​വെ​ക്കു​മ്പോ​ഴാണ്‌ യഥാർഥ ആശയവി​നി​മയം നടക്കു​ന്നത്‌.

അതിന്‍റെ പ്രാധാ​ന്യം

കൗമാ​ര​പ്രാ​യ​ത്തി​ലുള്ള മക്കളു​മാ​യി ആശയവി​നി​മയം നടത്തു​ന്നത്‌ അത്ര എളുപ്പമല്ല. മാറി​വ​രുന്ന സമ്പ്രദാ​യം എന്ന ഒരു ഇംഗ്ലീഷ്‌ പുസ്‌തകം ഈ പ്രശ്‌നത്തെ ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: മക്കൾ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ അവരുടെ പരിപാ​ടി​ക​ളിൽ സ്റ്റേജിനു പുറകിൽ ചെല്ലാൻ അനുവാദമുള്ളതുപോലെയായിരുന്നു മാതാ​പി​താ​ക്ക​ളു​ടെ അവസ്ഥ. “പക്ഷേ മുതിർന്നു​ക​ഴി​യു​മ്പോൾ മാതാ​പി​താ​ക്കൾക്ക് ആകെ അനുവാ​ദ​മു​ള്ളത്‌ സദസ്സി​ലി​രു​ന്നു പരിപാ​ടി കാണാൻ മാത്ര​മാണ്‌. ഇനി കിട്ടുന്ന ഇരിപ്പി​ട​മാ​കട്ടെ പലപ്പോ​ഴും അത്ര സുഖമു​ള്ള​തു​മല്ല.” മക്കൾക്കു നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ താത്‌പ​ര്യ​മി​ല്ലെന്നു തോന്നി​യാ​ലും ഈ സമയത്താണ്‌ ആശയവി​നി​മയം ഏറ്റവും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌!

നിങ്ങൾക്ക് ചെയ്യാ​നാ​കു​ന്നത്‌

കുട്ടി സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​മ്പോൾ ശ്രദ്ധി​ക്കുക, അത്‌ എത്ര രാത്രി​യാ​ണെ​ങ്കിൽക്കൂ​ടി​യും.

“ചില​പ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നു​മാ​യി​രി​ക്കും, ‘ഈ ദിവസം മുഴുവൻ ഞാൻ ഇവി​ടെ​യു​ണ്ടാ​യിട്ട് ഇപ്പോ​ഴാ​ണോ നിനക്കു സംസാ​രി​ക്കാൻ നേരം കിട്ടി​യത്‌!’ മക്കൾ നമ്മളോ​ടു മനസ്സു തുറക്കാൻ ആഗ്രഹി​ക്കു​മ്പോൾ ‘വേണ്ട’ എന്നു പറയാൻ പറ്റുമോ? വാസ്‌ത​വ​ത്തിൽ മക്കൾ കാര്യങ്ങൾ തുറന്നു​പ​റ​യ​ണ​മെ​ന്നല്ലേ എല്ലാ മാതാ​പി​താ​ക്ക​ളും ആഗ്രഹി​ക്കു​ന്നത്‌?”—ലിസ.

“നേരത്തേ ഉറങ്ങാൻ കിടക്ക​ണ​മെ​ന്നാണ്‌ എന്‍റെ ആഗ്രഹമെങ്കിലും കൗമാരത്തിലുള്ള എന്‍റെ മക്കളു​മാ​യി ഏറ്റവും നല്ല സംഭാ​ഷ​ണങ്ങൾ നടന്നി​ട്ടു​ള്ളത്‌ പാതി​രാ​ത്രി​യും കഴിഞ്ഞാണ്‌.”—ഹേർബർട്ട്.

ബൈബിൾത​ത്ത്വം: “തനിക്ക് എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക് എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

നന്നായി ശ്രദ്ധി​ക്കുക. ഒരു അച്ഛൻ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “മക്കൾ സംസാ​രി​ക്കു​മ്പോൾ ഞാൻ വേറെ എന്തെങ്കി​ലും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യിരി​ക്കും. അവർക്കും അറിയാം ഞാൻ ശ്രദ്ധി​ക്കു​ന്നി​ല്ലെന്ന്.”

നിങ്ങൾക്കും ഇതു​പോ​ലെ തോന്നി​യി​ട്ടു​ണ്ടോ? നിങ്ങളു ടെ ശ്രദ്ധ പതറി​ക്കു​ന്നത്‌ ടിവി-യോ മൊ​ബൈ​ലോ മറ്റെ​ന്തെ​ങ്കി​ലും ആണോ? ആണെങ്കിൽ അത്‌ ഓഫാ​ക്കു​ക​യോ മാറ്റി​വെ​ക്കു​ക​യോ ചെയ്യുക. മക്കൾ പറയു​ന്നത്‌ ശ്രദ്ധ​യോ​ടെ കേൾക്കുക. അത്‌ നിസ്സാ​ര​മാ​ണെന്നു തോന്നി​യാൽപ്പോ​ലും അതിൽ കാര്യ​മു​ണ്ടെന്നു കരുതി​ത്തന്നെ അവരെ ശ്രദ്ധി​ക്കുക.

“മക്കളുടെ വികാ​രങ്ങൾ നമുക്കു പ്രധാ​ന​മാ​ണെന്ന് അവർക്ക് ഉറപ്പു​കൊ​ടു​ക്കുക. അവർക്ക് അങ്ങനെ തോന്നു​ന്നി​ല്ലെ​ങ്കിൽ അവരുടെ ആകുല​തകൾ അവർ ഉള്ളിൽ ഒതുക്കു​ക​യോ സഹായ​ത്തി​നാ​യി മറ്റെവി​ടേ​ക്കെ​ങ്കി​ലും തിരി​യു​ക​യോ ചെയ്യും.”—മറാൻഡ.

“മക്കളുടെ ചിന്താ​ഗതി ഒട്ടും ശരിയ​ല്ലെന്നു തോന്നി​യാൽക്കൂ​ടി ശാന്തത കൈവി​ട​രുത്‌.”—ആന്തണി.

ബൈബിൾത​ത്ത്വം: “നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ കൊടു​ക്കുക.”—ലൂക്കോസ്‌ 8:18.

അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തുക. ചില​പ്പോൾ മുഖാ​മു​ഖം സംസാ​രി​ക്കു​മ്പോൾ കുട്ടികൾ കാര്യങ്ങൾ തുറന്നു​പ​റ​യില്ല. അത്തരക്കാ​രു​ടെ കാര്യ​ത്തിൽ മറ്റു വഴികൾ കണ്ടെത്തണം.

“കാറിൽ പോകു​മ്പോൾ കുട്ടി​കൾക്ക് ഉള്ളുതു​റന്ന് സംസാ​രി​ക്കു​ന്നത്‌ എളുപ്പ​മാ​ണെന്നു തോന്നു​ന്നു. മുഖാ​മു​ഖം ഇരിക്കാ​തെ അരികിൽ ഇരുന്നു യാത്ര ചെയ്യു​മ്പോൾ പല കാര്യ​ങ്ങ​ളും ഞങ്ങൾ സംസാ​രി​ക്കാ​റുണ്ട്.”—നിക്കോൾ.

സൗഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങൾക്ക് പറ്റിയ മറ്റൊരു സമയമാണ്‌ ഭക്ഷണ​വേ​ളകൾ.

“അത്താഴ​ത്തി​ന്‍റെ സമയത്ത്‌, ആ ദിവസം നടന്ന നല്ലതും ചീത്തയും ആയ എല്ലാ കാര്യ​ങ്ങ​ളും ഞങ്ങൾ പറയാ​റുണ്ട്. ഇത്‌ ഞങ്ങൾക്ക് ഇടയിലെ അടുപ്പം വർധി​പ്പി​ക്കു​ക​യും പ്രശ്‌ന​ങ്ങളെ ഒറ്റയ്‌ക്കു നേരി​ടേണ്ട കാര്യ​മി​ല്ലെന്ന് ഞങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.”—റോബിൻ.

ബൈബിൾത​ത്ത്വം: “എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.”—യാക്കോബ്‌ 1:19.