വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേഖനം | ബൈബിൾ ശരിക്കും ദൈവത്തിൽനിന്നോ?

ബൈബിൾ—‘ദൈവപ്രചോദിതമോ?’

ബൈബിൾ—‘ദൈവപ്രചോദിതമോ?’

ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു പുസ്‌തകമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ മനുഷ്യരുടെ ചിന്തകൾ മാത്രം അടങ്ങിയ ഒന്നാണോ അത്‌?

ക്രിസ്‌ത്യാനികളെന്ന് അവകാശപ്പെടുന്നവർക്ക് ഇടയിൽപ്പോലും ഇന്നും ഇതൊരു തർക്കവിഷയമാണ്‌. ഉദാഹരണത്തിന്‌, 2014-ൽ ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെട്ടിരുന്ന ഭൂരിഭാഗവും ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബൈബിളിനു ദൈവവുമായി എന്തോ ഒരു ബന്ധമുണ്ട്.” എന്നാൽ അഞ്ചിൽ ഒരാൾ വീതം ബൈബിളിനെ കണക്കാക്കിയത്‌, “കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും മനുഷ്യന്‍റെ കുറെ ചട്ടങ്ങളും” നിറഞ്ഞ വെറുമൊരു പുസ്‌തകമായിട്ടാണ്‌. അപ്പോൾപ്പിന്നെ ബൈബിൾ ‘ദൈവപ്രചോദിതമാണ്‌’ എന്ന് എങ്ങനെ പറയാനാകുമെന്നു പലരും ചിന്തിച്ചേക്കാം.—2 തിമൊഥെയൊസ്‌ 3:16.

‘ദൈവപ്രചോദിതം’—എന്താണ്‌ അതിന്‍റെ അർഥം?

66 ചെറുപുസ്‌തകങ്ങൾ അടങ്ങിയതാണ്‌ ബൈബിൾ. ഏകദേശം 1,600 വർഷംകൊണ്ട് 40-ഓളം ആളുകളാണ്‌ അത്‌ എഴുതിയത്‌. മനുഷ്യർ എഴുതിയ ഈ പുസ്‌തകം എങ്ങനെയാണ്‌ ‘ദൈവപ്രചോദിതമാകുന്നത്‌?’ ലളിതമായി പറഞ്ഞാൽ, ‘ദൈവപ്രചോദിതം’ എന്ന പദപ്രയോഗത്തിന്‍റെ അർഥം, ഈ എഴുത്തുകളുടെയെല്ലാം ഉറവിടം ദൈവമാണെന്നാണ്‌. ബൈബിൾ അതിനെ ഇങ്ങനെ വർണിക്കുന്നു: “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതാണ്‌.” (2 പത്രോസ്‌ 1:21) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം തന്‍റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് ബൈബിൾ എഴുതിയവർക്കു തന്‍റെ സന്ദേശം കൈമാറി. ഇതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു ബിസിനെസ്സുകാരൻ തന്‍റെ സെക്രട്ടറിയെക്കൊണ്ട് ഒരു കത്ത്‌ എഴുതിക്കുന്നു. ആ കത്തിലെ വാചകങ്ങൾ അത്‌ എഴുതിയ സെക്രട്ടറിയുടേതല്ല, പകരം അതു പറഞ്ഞുകൊടുത്ത ബിസിനെസ്സുകാരന്‍റേതാണ്‌.

ചില ബൈബിളെഴുത്തുകാർ ദൈവത്തിന്‍റെ സന്ദേശം ഒരു ദൂതനിലൂടെ നേരിട്ട് കേട്ടിട്ടാണ്‌ എഴുതിയത്‌. മറ്റു ചിലർക്കു ദൈവത്തിൽനിന്ന് ദർശനങ്ങൾ ലഭിച്ചു. ചില അവസരങ്ങളിൽ സ്വപ്‌നങ്ങളിലൂടെയും ദൈവം തന്‍റെ സന്ദേശം കൈമാറി. അവയൊക്കെ സ്വന്തം വാചകങ്ങളിൽ എഴുതാൻ ദൈവം മിക്കപ്പോഴും അവരെ അനുവദിച്ചു, ചിലപ്പോൾ എഴുതേണ്ട വാചകങ്ങൾ ദൈവംതന്നെ കൃത്യമായി പറഞ്ഞുകൊടുത്തു. എങ്ങനെയായിരുന്നാലും ബൈബിളെഴുത്തുകാർ സ്വന്തം ചിന്തകളല്ല, ദൈവത്തിന്‍റെ ചിന്തകളാണ്‌ എഴുതിയത്‌.

ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചത്‌ ദൈവമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാം? ബൈബിൾ ദിവ്യ ഉറവിൽനിന്നുള്ളതാണെന്നു തികഞ്ഞ ബോധ്യമുണ്ടായിരിക്കാൻ സഹായിക്കുന്ന മൂന്നു തരം തെളിവുകളെക്കുറിച്ച് നോക്കാം.