ആത്മീയത
ഈ മാസികയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ പലയാളുകളും ബൈബിളിനെ ഒരു വിശുദ്ധഗ്രന്ഥമായി കാണുന്നു. ബൈബിൾ വായിക്കുകയും അതിലെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോൾ അവർ ആത്മീയതയുള്ളവരായിത്തീരും, ദൈവവുമായി അടുക്കും. അപ്പോൾ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്ന് അവർ മനസ്സിലാക്കും.
ആളുകളുടെ മനോഭാവത്തെയും ജീവിതരീതിയെയും “ആത്മീയത”യുമായി ബന്ധപ്പെടുത്തി ബൈബിൾ സംസാരിക്കുന്നുണ്ട്. (യൂദ 18, 19) ആത്മീയതയില്ലാത്തവർ, അതായത് ദൈവം വഴിനടത്തുന്നത് ഇഷ്ടപ്പെടാത്തവർ, അവർക്കു തോന്നിയതുപോലെ ജീവിക്കും. എന്നാൽ ദൈവത്തിന്റെ മാർഗനിർദേശം ഇഷ്ടപ്പെടുന്നവർ ദൈവത്തിന്റെ നിലവാരങ്ങൾക്കു വില കൽപ്പിക്കും.—എഫെസ്യർ 5:1.
പ്രത്യാശ
ബൈബിൾതത്ത്വം: “പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട് ഒരു പ്രയോജനവുമില്ല.”—സുഭാഷിതങ്ങൾ 24:10, അടിക്കുറിപ്പ്.
അതിന്റെ അർഥം: പ്രശ്നങ്ങൾ നേരിടാനുള്ള ശക്തി ചോർത്തിക്കളയാൻ നിരുത്സാഹത്തിനു കഴിയും. അതേസമയം, പ്രത്യാശ ധൈര്യത്തോടെ മുന്നോട്ടു പോകാൻ നമ്മളെ സഹായിക്കുന്നു. നമ്മുടെ മിക്ക പ്രശ്നങ്ങളും താത്കാലികമാണെന്ന കാര്യം ഓർക്കുന്നതു നമ്മളെ ആശ്വസിപ്പിക്കും. ഒരുപക്ഷേ, ചില പ്രശ്നങ്ങൾ നമുക്കു ഗുണം ചെയ്തേക്കാം.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക. ഭാവിയിൽ എന്തു സംഭവിച്ചേക്കാം എന്ന് ഓർത്ത് വിഷമിക്കുന്നതിനോ സാഹചര്യങ്ങളൊക്കെ നേരെയാകാൻ കാത്തുനിൽക്കുന്നതിനോ പകരം നിങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുക. എന്നാൽ ചിലപ്പോൾ “അപ്രതീക്ഷിതസംഭവങ്ങളും” ഉണ്ടായേക്കാം. (സഭാപ്രസംഗകൻ 9:11) അങ്ങനെ സംഭവിച്ചാലും ഒരുപക്ഷേ നമ്മൾ വിചാരിക്കാത്ത വിധത്തിൽ കാര്യങ്ങൾ നേരെയായേക്കാം. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന കൃഷിയുടെ ഒരു ഉദാഹരണം നോക്കുക. “രാവിലെ നിന്റെ വിത്തു വിതയ്ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്; ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക് അറിയില്ലല്ലോ.”—സഭാപ്രസംഗകൻ 11:6.
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരം
ബൈബിൾതത്ത്വം: ‘എനിക്കു വിവേകം തരേണമേ. . . . അങ്ങയുടെ വചനം സത്യമാണ്.’—സങ്കീർത്തനം 119:144, 160.
അതിന്റെ അർഥം: പലയാളുകളുടെയും മനസ്സിലുള്ള സുപ്രധാനചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം തരുന്നു. ഉദാഹരണത്തിന്, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക്:
-
ഭൂമിയിൽ നമ്മൾ എങ്ങനെ വന്നു?
-
നമ്മളെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം എന്താണ്?
-
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
-
ജീവിതം ഇത്രയേ ഉള്ളോ?
ഇതും ഇതുപോലുള്ള മറ്റു ചോദ്യങ്ങൾക്കുമുള്ള ഉത്തരം ബൈബിളിൽനിന്ന് മനസ്സിലാക്കിയതുകൊണ്ട് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ സമയം കണ്ടെത്തുക. ബൈബിൾ പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. ഞങ്ങളുടെ വെബ്സൈറ്റായ jw.org സന്ദർശിക്കുകയോ ഞങ്ങളുടെ മീറ്റിങ്ങിനു പങ്കെടുക്കുകയോ ചെയ്യുക. പ്രവേശനം സൗജന്യമാണ്.
മറ്റു ബൈബിൾതത്ത്വങ്ങൾ
ദൈവവുമായി നല്ല ബന്ധമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം.
“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുക.
“തന്നെ മനുഷ്യർ അന്വേഷിക്കാനും . . . കണ്ടെത്താനും ദൈവം ആഗ്രഹിക്കുന്നു. . . . ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.”—പ്രവൃത്തികൾ 17:27.
ബൈബിൾ വായിക്കുക, ചിന്തിക്കുക.
“യഹോവയുടെ * നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും ധ്യാനിക്കുന്നു. . . . അവൻ ചെയ്യുന്നതെല്ലാം സഫലമാകും.”—സങ്കീർത്തനം 1:2, 3, അടിക്കുറിപ്പ്.
^ ഖ. 23 ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.