വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

എന്താണ്‌ ടെൻഷൻ?

എന്താണ്‌ ടെൻഷൻ?

ഒരു വിഷമ​ക​ര​മായ സാഹച​ര്യ​ത്തെ നേരി​ടാ​നുള്ള ശരീര​ത്തി​ന്റെ തയ്യാ​റെ​ടു​പ്പാണ്‌ ടെൻഷൻ അഥവാ സമ്മർദം ആയി നമുക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. ആ സമയത്ത്‌ തലച്ചോർ, ഹോർമോ​ണു​കളെ ശരീരം മുഴുവൻ വ്യാപി​പ്പി​ക്കു​ന്നു. അപ്പോൾ നിങ്ങളു​ടെ ഹൃദയ​മി​ടിപ്പ്‌ കൂടു​ക​യും രക്തസമ്മർദം വർധി​ക്കു​ക​യും ചെയ്യും. ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന്റെ വേഗത കൂടു​ക​യോ കുറയു​ക​യോ ചെയ്‌തേ​ക്കാം. പേശികൾ വലിഞ്ഞു​മു​റു​കും. എന്താണു സംഭവി​ക്കാൻ പോകു​ന്നത്‌ എന്നു മുഴു​വ​നാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പേ നിങ്ങളു​ടെ ശരീരം പ്രവർത്ത​ന​ത്തി​നു തയ്യാ​റെ​ടു​ത്തി​ട്ടു​ണ്ടാ​കും. പിന്നീടു സമ്മർദ​ത്തിന്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ തീർന്നു​ക​ഴി​യു​മ്പോൾ നിങ്ങളു​ടെ ശരീരം പൂർവ​സ്ഥി​തി​യി​ലാ​കും.

‘നല്ല ടെൻഷനും ചീത്ത ടെൻഷ​നും’

ടെൻഷൻ അഥവാ സമ്മർദം എന്നതു നിങ്ങളുടെ ശരീരത്തിന്റെ ഒരു സ്വാഭാ​വിക പ്രതി​ക​ര​ണ​മാണ്‌. അപകടകരമായ സാഹച​ര്യ​ങ്ങ​ളെ​യും വെല്ലു​വി​ളി​ക​ളെ​യും നേരി​ടാ​നുള്ള ഒരു തയ്യാ​റെ​ടു​പ്പാണ്‌ അത്‌. തലച്ചോ​റിൽനി​ന്നാണ്‌ അതിന്റെ തുടക്കം. ചില സന്ദർഭ​ങ്ങ​ളിൽ അത്തരം പ്രതി​ക​രണം നല്ലതാണ്‌. കാരണം അതു നിങ്ങളെ പെട്ടെന്നു പ്രവർത്തി​ക്കാ​നും പ്രതി​ക​രി​ക്കാ​നും പ്രാപ്‌ത​രാ​ക്കു​ന്നു. ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാ​നും നല്ല പ്രകടനം കാഴ്‌ച​വെ​ക്കാ​നും ഒരളവു​വരെ അതു നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പരീക്ഷ​യി​ലും ജോലി​ക്കുള്ള അഭിമു​ഖ​ത്തി​ലും മറ്റും നല്ല പ്രകടനം കാഴ്‌ചവെക്കാനോ ഏതെങ്കി​ലും കളിക​ളിൽ പങ്കെടു​ക്കു​മ്പോ​ഴോ ഒക്കെ നമുക്ക്‌ അതൊരു മുതൽക്കൂ​ട്ടാ​യേ​ക്കാം.

എന്നാൽ നീണ്ടു​നിൽക്കുന്ന, കടുത്ത ടെൻഷൻ നിങ്ങളു​ടെ ശരീര​ത്തി​നു ദോഷം ചെയ്യും. കൂടെക്കൂടെ തുടർച്ചയായി നിങ്ങൾ “വലിയ സമ്മർദ​ത്തിൽ” ആകുമ്പോൾ ശാരീ​രി​ക​വും വൈകാ​രി​ക​വും മാനസി​ക​വും ആയ പ്രയാ​സങ്ങൾ നിങ്ങൾക്കു​ണ്ടാ​കും. നിങ്ങളു​ടെ പെരു​മാ​റ്റ​ത്തി​നും മറ്റുള്ള​വ​രോട്‌ ഇടപെടുന്ന രീതിക്കും ഒക്കെ മാറ്റം വന്നേക്കാം. നീണ്ടു​നിൽക്കുന്ന ടെൻഷൻ മറക്കാൻ പലരും അമിത​മാ​യി കുടി​ക്കു​ക​യും ഭക്ഷണം കഴിക്കു​ക​യും ചെയ്യുന്നു. ചിലർ പുകവ​ലി​ക്കും മയക്കു​മ​രു​ന്നി​നും മറ്റു ദുശ്ശീലങ്ങൾക്കും അടിമകളായിരിക്കുന്നു. ചിലർക്ക്‌ എല്ലാത്തിനോടും വിരക്തി തോന്നും. മറ്റു ചിലരെ അതു വിഷാ​ദ​രോ​ഗ​ത്തി​ലേ​ക്കും ആത്മഹത്യാപ്രവണതയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.

എല്ലാവ​രെ​യും ഒരേ വിധത്തി​ലാ​യി​രി​ക്കില്ല ടെൻഷൻ ബാധി​ക്കു​ന്ന​തെ​ങ്കി​ലും പൊതു​വേ അതു പല തരം രോഗ​ങ്ങൾക്കു കാരണ​മാ​കാ​റുണ്ട്‌. ശരീര​ത്തി​ന്റെ എല്ലാ ഭാഗത്തെയുംതന്നെ അതിനു ബാധി​ക്കാൻ കഴിയും.