വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പദാവലി

 • അഖായ.

  ഗ്രീസി​ന്‍റെ തെക്കു​ഭാ​ഗത്തെ റോമൻ സംസ്ഥാനം. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന ഇതിന്‍റെ തലസ്ഥാനം കൊരി​ന്താ​യി​രു​ന്നു. പെലൊപൊ​നീസ്‌ മുഴു​വ​നും യൂറോ​പ്യൻ ഭൂഖണ്ഡ​ത്തി​ലെ ഗ്രീസി​ന്‍റെ മധ്യഭാ​ഗ​വും ഉൾപ്പെ​ട്ട​താ​യി​രു​ന്നു അഖായ. (പ്രവൃ 18:12)—അനു. ബി13 കാണുക.

 • അഗാധം.

  അബീ​സോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന് വന്നത്‌. “അങ്ങേയറ്റം ആഴമുള്ള” എന്നോ “അടി കാണാത്ത, അതിരി​ല്ലാത്ത” എന്നോ ആണ്‌ അർഥം. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം തടവി​ലാ​യി​രി​ക്കുന്ന സ്ഥലത്തെ​യോ അവസ്ഥ​യെ​യോ കുറി​ക്കു​ന്നു. ശവക്കു​ഴി​യെ സൂചി​പ്പി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കാ​റുണ്ടെ​ങ്കി​ലും ഇതിനു വിശാ​ല​മായ അർഥമു​ണ്ട്.—ലൂക്ക 8:31; റോമ 10:7; വെളി 20:3.

 • അചഞ്ചല​സ്‌നേ​ഹം.

  കിസെദ്‌ എന്ന എബ്രാ​യ​പ​ദ​മാ​ണു മിക്ക​പ്പോ​ഴും ഇങ്ങനെ പരിഭാ​ഷപ്പെ​ടു​ത്തു​ന്നത്‌. ഈ സ്‌നേഹം ഉളവാ​കു​ന്നതു പ്രതി​ബദ്ധത, ധർമനി​ഷ്‌ഠ, നല്ല അടുപ്പം, വിശ്വ​സ്‌തത എന്നിവ​യിൽനി​ന്നാണ്‌. ഇതു മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​നു മനുഷ്യരോ​ടുള്ള സ്‌നേ​ഹത്തെ​ക്കു​റിച്ച് പറയുമ്പോ​ഴാണ്‌. എങ്കിലും മനുഷ്യർ തമ്മിലും അത്തരം സ്‌നേ​ഹ​മുണ്ട്.—പുറ 34:6; രൂത്ത്‌ 3:10.

 • അടയാളം.

  ഇപ്പോൾ സംഭവി​ക്കു​ന്ന​തോ ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്ന​തോ ആയ എന്തി​ന്‍റെയെ​ങ്കി​ലും സൂചകം. അത്‌ ഒരു വസ്‌തു​വോ പ്രവൃ​ത്തി​യോ സാഹച​ര്യ​മോ അസാധാ​ര​ണ​കാ​ഴ്‌ച​യോ ആകാം.—ഉൽ 9:12, 13; 2രാജ 20:9; മത്ത 24:3; വെളി 1:1.

 • അതിവി​ശു​ദ്ധം.

  വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും ദേവാ​ല​യ​ത്തിലെ​യും ഏറ്റവും ഉള്ളിലെ മുറി. അവി​ടെ​യാണ്‌ ഉടമ്പടിപ്പെ​ട്ടകം വെച്ചി​രു​ന്നത്‌. ‘ഏറ്റവും വിശു​ദ്ധ​മാ​യത്‌’ എന്നും വിളി​ച്ചി​ട്ടുണ്ട്. മോശ​യ്‌ക്കു പുറമേ മഹാപുരോ​ഹി​തനു മാത്രമേ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതും പാപപ​രി​ഹാ​ര​ദി​വസം മാത്രം!—പുറ 26:33; ലേവ 16:2, 17; 1രാജ 6:16; എബ്ര 9:3.

 • അത്ഭുതങ്ങൾ; വിസ്‌മ​യപ്ര​വൃ​ത്തി​കൾ.

  മനുഷ്യ​രു​ടെ അറിവി​ലുള്ള എല്ലാ ശക്തികളെ​യും കടത്തിവെ​ട്ടുന്ന സംഭവങ്ങൾ അഥവാ പ്രതി​ഭാ​സങ്ങൾ. മനുഷ്യാ​തീ​ത​മായ ഉറവിൽനി​ന്നു​ള്ള​വ​യാണ്‌ ഇവ എന്നു കരുതപ്പെ​ടു​ന്നു. ‘അടയാ​ളങ്ങൾ’ എന്നും ഇതേ അർഥത്തിൽ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—പുറ 4:21; പ്രവൃ 4:22; എബ്ര 2:4.

 • അനർഹദയ.

  ഇതിന്‍റെ ഗ്രീക്കു​പ​ദ​ത്തിന്‌, ഹൃദ്യ​മായ അല്ലെങ്കിൽ ആകർഷ​ണീ​യ​മായ എന്ന ആശയമാ​ണു മുഖ്യ​മാ​യി​ട്ടു​ള്ളത്‌. ദയയോ​ടെ കൊടു​ക്കുന്ന സമ്മാനത്തെ അല്ലെങ്കിൽ ദയയോ​ടെ കൊടു​ക്കു​ന്ന​തി​നെ പരാമർശി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കു​ന്നു. ദൈവ​ത്തി​ന്‍റെ അനർഹ​ദ​യയെ​ക്കു​റിച്ച് പറയു​മ്പോൾ ഈ വാക്കു തിരിച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ, ഔദാ​ര്യത്തോ​ടെ, സൗജന്യ​മാ​യി ദൈവം നൽകുന്ന സമ്മാനത്തെ സൂചി​പ്പി​ക്കു​ന്നു. അങ്ങനെ നോക്കു​മ്പോൾ മനുഷ്യരോ​ടുള്ള ദൈവ​ത്തി​ന്‍റെ വലിയ ഉദാര​ത​യുടെ​യും അളവറ്റ സ്‌നേ​ഹ​ത്തിന്‍റെ​യും ദയയുടെ​യും പ്രകട​ന​മാണ്‌ ഇത്‌. ഈ ഗ്രീക്കു​പദം “പ്രീതി,” “ഉദാര​മാ​യി നൽകുന്ന സംഭാവന” എന്നൊക്കെ പരിഭാ​ഷപ്പെ​ടു​ത്തി​യി​ട്ടുണ്ട്. ലഭിക്കുന്ന വ്യക്തി പ്രത്യേ​ക​മാ​യി എന്തെങ്കി​ലും ചെയ്‌ത​തുകൊ​ണ്ടോ ആ വ്യക്തിക്ക് അർഹത​യു​ള്ള​തുകൊ​ണ്ടോ അല്ല ഇതു ലഭിക്കു​ന്നത്‌; മറിച്ച്, നൽകു​ന്ന​യാ​ളു​ടെ ഔദാ​ര്യം ഒന്നുമാത്ര​മാണ്‌ ഇതിനു പിന്നിൽ.—2കൊ 6:1; എഫ 1:7.

 • അനുര​ഞ്‌ജ​ന​മൂ​ടി.

  ഉടമ്പടിപ്പെ​ട്ട​ക​ത്തി​ന്‍റെ മൂടി. പാപപ​രി​ഹാ​ര​ദി​വസം ഉടമ്പടിപ്പെ​ട്ട​ക​ത്തി​ന്‍റെ മുന്നി​ലാ​ണു മഹാപുരോ​ഹി​തൻ പാപയാ​ഗ​ത്തി​ന്‍റെ രക്തം തളിക്കു​ന്നത്‌. ഇതിന്‍റെ എബ്രാ​യ​പദം വരുന്നത്‌, “(പാപം) മൂടുക ” അല്ലെങ്കിൽ “(പാപം) തുടച്ചുമാറ്റുക ” എന്ന് അർഥം വരുന്ന ഒരു മൂല​ക്രി​യാ​പ​ദ​ത്തിൽനി​ന്നാണ്‌. ഈ മൂടി സ്വർണം​കൊ​ണ്ട് ഉണ്ടാക്കി​യ​താണ്‌; രണ്ട് അറ്റത്തും ഓരോ കെരൂ​ബു​കളെ വെച്ചി​ട്ടുണ്ട്. ചില​പ്പോൾ ഇതിനെ “മൂടി” എന്നു മാത്രം പറയാ​റുണ്ട്. (പുറ 25:17-22; 1ദിന 28:11; എബ്ര 9:5)—അനു. ബി5 കാണുക.

 • അനുര​ഞ്‌ജ​നം.

  —പാപപ​രി​ഹാ​രം കാണുക.

 • അപരാ​ധ​യാ​ഗം.

  ഓരോ​രു​ത്ത​രുടെ​യും പാപങ്ങൾക്കുവേ​ണ്ടി​യുള്ള യാഗം. ഇതിനു മറ്റു പാപയാ​ഗ​ങ്ങ​ളിൽനിന്ന് അൽപ്പം വ്യത്യാ​സ​മുണ്ട്. മാനസാ​ന്തരം വന്ന കുറ്റവാ​ളി​ക്കു താൻ പാപം ചെയ്‌തതു നിമിത്തം നഷ്ടപ്പെട്ട ചില ഉടമ്പടി അവകാ​ശങ്ങൾ തിരികെ ലഭിക്കാ​നും അയാളെ നഷ്ടപരി​ഹാ​ര​ത്തിൽനിന്ന് ഒഴിവാ​ക്കാ​നും വേണ്ടി​യാ​യി​രു​ന്നു ഈ യാഗം അർപ്പി​ച്ചി​രു​ന്നത്‌.—ലേവ 7:37; 19:22; യശ 53:10.

 •  അപ്പോ​സ്‌തലൻ.

  അടിസ്ഥാന അർഥം “അയയ്‌ക്കപ്പെ​ട്ടവൻ” എന്നാണ്‌. യേശു​വിനെ​യും ആളുകളെ സഹായി​ക്കാൻ അയയ്‌ക്ക​പ്പെട്ട ചില​രെ​യും കുറി​ക്കാൻ ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ഈ പദം മിക്ക​പ്പോ​ഴും തന്‍റെ നിയമി​തപ്ര​തി​നി​ധി​ക​ളാ​യി യേശു തിര​ഞ്ഞെ​ടുത്ത 12 ശിഷ്യ​ന്മാ​രെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—മർ 3:14; പ്രവൃ 14:14.

 • അഭയന​ഗ​ര​ങ്ങൾ.

  അബദ്ധവ​ശാൽ ഒരാളെ കൊല്ലുന്ന വ്യക്തിക്കു രക്തത്തിനു പ്രതി​കാ​രം ചെയ്യു​ന്ന​യാ​ളു​ടെ പിടി​യിൽപ്പെ​ടാ​തെ പ്രാണ​ര​ക്ഷാർഥം അഭയം പ്രാപി​ക്കാൻ കഴിയു​മാ​യി​രുന്ന ലേവ്യ​ന​ഗ​രങ്ങൾ. വാഗ്‌ദ​ത്തദേ​ശത്ത്‌ അങ്ങിങ്ങാ​യി അത്തരം ആറു നഗരങ്ങ​ളു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ നിർദേ​ശപ്ര​കാ​രം മോശ​യും പിന്നീടു യോശു​വ​യും ആണ്‌ അവ നിശ്ചയി​ച്ചത്‌. അഭയന​ഗ​ര​ത്തിൽ ഓടിയെ​ത്തു​ന്ന​യാൾ സംഭവം നഗരവാ​തിൽക്കൽ ഇരിക്കുന്ന മൂപ്പന്മാരോ​ടു പറയും; അവർ അയാളെ ദയയോ​ടെ സ്വീക​രി​ക്കും. മനഃപൂർവം കൊല ചെയ്യുന്ന ഒരു വ്യക്തി ഈ ക്രമീ​ക​രണം ദുരു​പയോ​ഗം ചെയ്യാ​തി​രി​ക്കാൻ അഭയന​ഗ​ര​ത്തിലേക്കു ചെല്ലു​ന്ന​യാൾ നിരപ​രാ​ധി​ത്വം തെളി​യി​ക്കു​ന്ന​തി​നു കൊല നടന്ന നഗരത്തിൽവെച്ച് വിചാരണ നേരിടേ​ണ്ടി​യി​രു​ന്നു. നിരപ​രാ​ധി​യാണെന്നു തെളി​ഞ്ഞാൽ അയാൾക്ക് അഭയന​ഗ​ര​ത്തിലേക്കു മടങ്ങാം. ശേഷിച്ച ജീവി​ത​കാ​ലം മുഴുവൻ അല്ലെങ്കിൽ മഹാപുരോ​ഹി​തന്‍റെ മരണം​വരെ അയാൾ ആ നഗരത്തി​ന്‍റെ അതിർത്തി​ക്കു​ള്ളിൽ കഴിയ​ണ​മാ​യി​രു​ന്നു.—സംഖ 35:6, 11-15, 22-29; യോശ 20:2-8.

 • അഭി​ഷേ​കം ചെയ്യുക.

  ഇതിന്‍റെ എബ്രാ​യ​വാ​ക്കി​ന്‍റെ അടിസ്ഥാന അർഥം “ദ്രാവകം പുരട്ടുക” എന്നാണ്‌. ഒരു പ്രത്യേ​കസേ​വ​ന​ത്തി​നുവേണ്ടി സമർപ്പി​ക്കു​ന്ന​തി​ന്‍റെ പ്രതീ​ക​മാ​യി ഒരു വ്യക്തി​യുടെ​യോ വസ്‌തു​വിന്‍റെ​യോ മേൽ എണ്ണ ഒഴിച്ചി​രു​ന്നു. സ്വർഗ​ത്തിൽ ജീവി​ക്കാൻ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ പകരു​ന്ന​തി​നെ കുറി​ക്കാ​നും ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—പുറ 28:41; 1ശമു 16:13; 2കൊ 1:21.

 • അമാവാ​സി; കറുത്ത വാവ്‌.

  യഹൂദ​ക​ല​ണ്ട​റി​ലെ ഓരോ മാസത്തിന്‍റെ​യും ആദ്യദി​വസം. ഒത്തുകൂ​ടാ​നും വിരു​ന്നു​ണ്ണാ​നും പ്രത്യേ​ക​ബ​ലി​കൾ അർപ്പി​ക്കാ​നും ഉള്ള ഒരു ദിവസം. ഇതു പിന്നീടു പ്രധാന ദേശീയോ​ത്സ​വ​ങ്ങ​ളിൽ ഒന്നായി മാറി. അന്നു ജോലിയൊ​ന്നും ചെയ്യു​മാ​യി​രു​ന്നില്ല.—സംഖ 10:10; 2ദിന 8:13; കൊലോ 2:16.

 • അരമായ.

  എബ്രായ ഭാഷയു​മാ​യി വളരെ സാമ്യ​മുള്ള ഒരു സെമി​റ്റിക്ക് ഭാഷ. എബ്രായ അക്ഷരങ്ങൾതന്നെ​യാണ്‌ ഇതിനും. അരാമ്യ​രാണ്‌ ഈ ഭാഷ സംസാ​രി​ച്ചു​തു​ട​ങ്ങി​യത്‌. പിന്നീട്‌ അസീറി​യൻ, ബാബിലോ​ണി​യൻ സാമ്രാ​ജ്യ​ങ്ങ​ളിൽ കച്ചവട​ത്തി​നും ആശയവി​നി​മ​യ​ത്തി​നും ഈ ഭാഷ ഉപയോ​ഗി​ക്കാൻതു​ടങ്ങി. അങ്ങനെ ഇത്‌ ഒരു അന്തർദേ​ശീ​യ​ഭാ​ഷ​യാ​യി​ത്തീർന്നു. പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ലെ ഔദ്യോ​ഗി​ക​ഭ​ര​ണ​ഭാ​ഷ​കൂ​ടി​യാ​യി​രു​ന്നു ഇത്‌. (എസ്ര 4:7) എസ്ര, യിരെമ്യ, ദാനി​യേൽ എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ ചില ഭാഗങ്ങൾ അരമാ​യ​യി​ലാണ്‌ എഴുതി​യത്‌.—എസ്ര 4:8–6:18; 7:12-26; യിര 10:11; ദാനി 2:4ബി–7:28.

 • അരയോ​പ​ഗസ്‌.

  അക്രോപോ​ളി​സി​നു വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന, ആതൻസി​ലെ ഒരു ഉയർന്ന കുന്ന്. അവിടെ സമ്മേളി​ച്ചി​രുന്ന സമിതി​യു​ടെ (കോട​തി​യു​ടെ) പേരും ഇതുതന്നെ. തത്ത്വചി​ന്ത​ക​രായ എപ്പിക്കൂ​ര്യ​രും സ്‌തോ​യി​ക്ക​രും പൗലോ​സി​നെ കൊണ്ടുപോ​യി വിശ്വാ​സത്തെ​ക്കു​റിച്ച് വിശദീ​ക​രി​ക്കാൻ ആവശ്യപ്പെ​ട്ടത്‌ അരയോ​പ​ഗ​സിൽവെ​ച്ചാ​യി​രു​ന്നു.—പ്രവൃ 17:19.

 • അരാം; അരാമ്യർ.

  ശേമിന്‍റെ മകനായ അരാമി​ന്‍റെ വംശജ​രാണ്‌ അരാമ്യർ. ലബാ​നോൻ മലനി​രകൾ മുതൽ മെസൊപ്പൊ​ത്താ​മ്യ വരെയും വടക്ക് റ്റോറസ്‌ മലകൾ മുതൽ തെക്ക് ദമസ്‌കൊ​സും അതിന്‌ അപ്പുറം വരെയും ഉള്ള പ്രദേ​ശ​ത്താണ്‌ അവർ മിക്കവ​രും താമസി​ച്ചി​രു​ന്നത്‌. ഈ പ്രദേശം എബ്രാ​യ​യിൽ അരാം എന്നാണ്‌ അറിയപ്പെ​ട്ടി​രു​ന്നത്‌. പിന്നീട്‌ ഇതു സിറിയ എന്നും അവിടത്തെ ആളുകൾ സിറി​യ​ക്കാർ എന്നും അറിയപ്പെ​ടാൻതു​ടങ്ങി.—ഉൽ 25:20; ആവ 26:5; ഹോശ 12:12.

 • അർമ​ഗെദോൻ.

  “മെഗിദ്ദോ​പർവതം” എന്ന് അർഥമുള്ള ഹർ മെഗി​ദ്ദോൻ എന്ന എബ്രായ പദപ്രയോ​ഗ​ത്തിൽനിന്ന് വന്നത്‌. “സർവശ​ക്ത​നായ ദൈവ​ത്തി​ന്‍റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”വുമായി ഈ പദം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഈ യുദ്ധത്തിൽ ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാർ’ യഹോ​വയോ​ടു യുദ്ധം ചെയ്യാൻ അണിനി​ര​ക്കും. (വെളി 16:14, 16; 19:11-21)—മഹാകഷ്ടത കാണുക.

 • അലാ​മോത്ത്‌.

  സംഗീ​ത​വു​മാ​യി ബന്ധപ്പെട്ട പദം. “കന്യക; പെൺകു​ട്ടി” എന്നൊക്കെ അർഥം. പെൺകു​ട്ടി​ക​ളു​ടെ ഉച്ചസ്ഥാ​യി​യി​ലുള്ള ശബ്ദത്തെ​യാ​യി​രി​ക്കാം ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഒരു സംഗീ​ത​ശ​ക​ല​മോ അകമ്പടി​വാ​ദ്യ​മോ ഉച്ചസ്ഥാ​യി​യിൽ ആയിരി​ക്ക​ണ​മെന്ന സൂചന കൊടു​ക്കാ​നാ​ണു സാധ്യ​ത​യ​നു​സ​രിച്ച് ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നത്‌.—1ദിന 15:20; സങ്ക 46:മേലെ.

 • അവസാ​ന​കാ​ലം.

  ഇതും “അവസാ​ന​നാ​ളു​കൾ” എന്നതുപോ​ലുള്ള പ്രയോ​ഗ​ങ്ങ​ളും ബൈബിൾപ്ര​വ​ച​ന​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ചരി​ത്ര​സം​ഭ​വങ്ങൾ അവസാ​ന​ഘ​ട്ട​ത്തിൽ എത്തുന്ന സമയത്തെ പരാമർശി​ക്കാ​നാണ്‌. (യഹ 38:16; ദാനി 10:14; പ്രവൃ 2:17)  പ്രവച​ന​ത്തി​ന്‍റെ സ്വഭാ​വ​മ​നു​സ​രിച്ച് ഇത്‌ ഏതാനും വർഷങ്ങൾ മാത്രം ഉൾക്കൊ​ള്ളുന്ന കാലഘ​ട്ട​മോ അതിൽ കൂടു​ത​ലോ ആകാം. ബൈബി​ളിൽ ഈ പ്രയോ​ഗം പ്രധാ​ന​മാ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു യേശു​വി​ന്‍റെ അദൃശ്യ​സാ​ന്നി​ധ്യ​കാ​ലത്ത്‌ സംഭവി​ക്കാ​നി​രി​ക്കുന്ന, ഈ വ്യവസ്ഥി​തി​യു​ടെ “അവസാ​ന​കാല”ത്തെ സൂചി​പ്പി​ക്കാ​നാണ്‌.—2തിമ 3:1; യാക്ക 5:3; 2പത്ര 3:3.

 • അശുദ്ധം.

  ശാരീ​രി​ക​മാ​യി ശുദ്ധി​യി​ല്ലാ​ത്ത​തിനെ​യും ധാർമി​ക​നി​യ​മങ്ങൾ ലംഘി​ക്കു​ന്ന​തിനെ​യും സൂചി​പ്പിച്ചേ​ക്കാം. എന്നാൽ ബൈബി​ളിൽ ഈ വാക്കു മിക്ക​പ്പോ​ഴും പരാമർശി​ക്കു​ന്നത്‌, മോശ​യു​ടെ നിയമ​ത്തിൽ സ്വീകാ​ര്യ​മല്ലെ​ന്നും ശുദ്ധി​യി​ല്ലാ​ത്തതെ​ന്നും വിളി​ക്കു​ന്ന​തിനെ​യാണ്‌. (ലേവ 5:2; 13:45; മത്ത 10:1; പ്രവൃ 10:14; എഫ 5:5)—ശുദ്ധി കാണുക.

 • അസസേൽ.

  ഒരു എബ്രാ​യ​നാ​മം. സാധ്യ​ത​യ​നു​സ​രിച്ച്, “അപ്രത്യ​ക്ഷ​മാ​കുന്ന കോലാ​ട്‌” എന്ന് അർഥം. പാപപ​രി​ഹാ​ര​ദി​വസം അസസേ​ലി​നുവേണ്ടി നിയോ​ഗിച്ച കോലാ​ടി​നെ, ജനങ്ങളു​ടെ മുൻവർഷത്തെ പാപങ്ങൾ ആലങ്കാ​രി​ക​മാ​യി ചുമത്തി വിജന​ഭൂ​മി​യിലേക്ക് അയയ്‌ക്കു​ന്നു.—ലേവ 16:8, 10.

 • അസെൽജി​യ.

  —ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം കാണുക.

 • അസ്‌തോരെത്ത്‌.

  യുദ്ധത്തിന്‍റെ​യും പ്രത്യു​ത്‌പാ​ദ​ന​ത്തിന്‍റെ​യും ഫലപു​ഷ്ടി​യുടെ​യും കനാന്യ​ദേവത; ബാലിന്‍റെ ഭാര്യ.—1ശമു 7:3.

 • അഹരോ​ന്‍റെ പുത്ര​ന്മാർ.

  ലേവി​യു​ടെ കൊച്ചു​മ​ക​നും മോശ​യു​ടെ നിയമ​മ​നു​സ​രിച്ച് ആദ്യത്തെ പുരോ​ഹി​ത​നും ആയ അഹരോ​ന്‍റെ വംശജർ. ഇവർ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും പുരോ​ഹി​ത​ശുശ്രൂഷ ചെയ്‌തി​രു​ന്നു.—1ദിന 23:28.

 • ആകാശ​രാ​ജ്ഞി.

  യിരെ​മ്യ​യു​ടെ കാലത്തെ വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രായേ​ല്യർ ആരാധി​ച്ചി​രുന്ന ഒരു ദേവി​യു​ടെ സ്ഥാന​പ്പേര്‌. ബാബിലോ​ണി​യൻ ദേവി​യായ ഇഷ്‌തർ (അസ്റ്റാർട്ടീ) ആണ്‌ ഇതെന്നു ചിലർ അഭി​പ്രാ​യപ്പെ​ടു​ന്നു. സുമേ​റി​യ​ക്കാർ പണ്ടുമു​തലേ ആരാധി​ച്ചി​രുന്ന ഇനാന്ന ദേവി​തന്നെ​യാ​യി​രു​ന്നു ഇസ്രായേ​ല്യ​രു​ടെ ആകാശ​രാ​ജ്ഞി. ഇനാന്ന​യു​ടെ അർഥം “ആകാശ​രാ​ജ്ഞി” എന്നാണ്‌. ആകാശ​ത്തി​ന്‍റെ മാത്രമല്ല പ്രത്യു​ത്‌പാ​ദ​ന​ത്തിന്‍റെ​യും ഫലപു​ഷ്ടി​യുടെ​യും ഒരു ദേവി​കൂ​ടി​യാ​യി​രു​ന്നു അവൾ. ഒരു ഈജി​പ്‌ഷ്യൻ ലിഖി​ത​ത്തിൽ അസ്റ്റാർട്ടീ​യെ “ആകാശ​വ​നിത” എന്നും വിളി​ക്കു​ന്നുണ്ട്.—യിര 44:19.

 • ആണ.

  ഒരു കാര്യം ശരിയാ​ണെന്നു സത്യം ചെയ്യു​ന്നത്‌. അല്ലെങ്കിൽ ഒരു കാര്യം ചെയ്യുമെ​ന്നോ ചെയ്യില്ലെ​ന്നോ ഉള്ള വാഗ്‌ദാ​നം. മിക്ക​പ്പോ​ഴും തന്നെക്കാൾ ഉയർന്ന ഒരാ​ളോട്‌, വിശേ​ഷിച്ച് ദൈവ​ത്തോ​ട്‌, ചെയ്യുന്ന വാഗ്‌ദാ​നം. യഹോവ അബ്രാ​ഹാ​മു​മാ​യുള്ള ഉടമ്പടി ഒരു ആണയിട്ട് ഉറപ്പിച്ചു.—ഉൽ 14:22; എബ്ര 6:16, 17.

 • ആത്മാക്ക​ളോ​ട്‌ ഉപദേശം തേടു​ന്നവർ.

  മരിച്ച​വരോ​ടു സംസാ​രി​ക്കുന്നെന്ന് അവകാ​ശപ്പെ​ടു​ന്നവർ. ഇവർ യഥാർഥ​ത്തിൽ ഭൂതങ്ങ​ളു​മാ​യി​ട്ടാ​ണു ബന്ധപ്പെ​ടു​ന്നത്‌.—ലേവ 20:27; ആവ 18:10-12; 2രാജ 21:6.

 • ആത്മാവ്‌.

  പലപ്പോ​ഴും “ആത്മാവ്‌” എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​മായ റുവാ​ക്കി​നും ഗ്രീക്കു​പ​ദ​മായ ന്യൂമ​യ്‌ക്കും പല അർഥങ്ങ​ളുണ്ട്. ഇതെല്ലാം മനുഷ്യർക്കു കാണാ​നാ​കാ​ത്ത​തും ചലനത്തി​ലൂ​ടെ ശക്തിയു​ടെ തെളിവു നൽകു​ന്ന​തും ആയ കാര്യ​ങ്ങ​ളാണ്‌. ഈ എബ്രായ, ഗ്രീക്കു പദങ്ങൾ പിൻവ​രു​ന്ന​വയോ​ടുള്ള ബന്ധത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു: (1) കാറ്റ്‌, (2) ഭൂമി​യി​ലെ ജീവജാ​ല​ങ്ങ​ളി​ലുള്ള പ്രവർത്ത​ന​നി​ര​ത​മായ ജീവശക്തി, (3) ഒരു വ്യക്തി​യു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​ത്തിൽനിന്ന് പുറ​പ്പെട്ട് ഒരു പ്രത്യേ​ക​രീ​തി​യിൽ കാര്യങ്ങൾ പറയാ​നോ ചെയ്യാ​നോ ഇടയാ​ക്കുന്ന പ്രചോ​ദ​ക​ശക്തി, (4) അദൃശ്യ​മായ ഉറവിൽനി​ന്ന് വരുന്ന അരുള​പ്പാ​ടു​കൾ, (5) ആത്മവ്യ​ക്തി​കൾ, (6) ദൈവ​ത്തി​ന്‍റെ ചലനാ​ത്മ​ക​ശക്തി അഥവാ പരിശു​ദ്ധാ​ത്മാവ്‌.—പുറ 35:21; സങ്ക 104:29; മത്ത 12:43; ലൂക്ക 11:13.

 • ആദാർ.

  ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ 12-‍ാ‍ം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ 6-‍ാ‍ം മാസം. ഫെബ്രു​വരി പകുതി​മു​തൽ മാർച്ച് പകുതി​വരെ​യുള്ള കാലയ​ളവ്‌. (എസ്ഥ 3:7)—അനു. ബി15 കാണുക.

 • ആദ്യഫലം.

  കൊയ്‌ത്തു​കാ​ലത്തെ ആദ്യത്തെ വിളവ്‌; എന്തി​ന്‍റെയെ​ങ്കി​ലും ആദ്യത്തെ ഫലം അല്ലെങ്കിൽ ഉത്‌പന്നം. ആദ്യഫലം, അതു മനുഷ്യ​നോ മൃഗമോ നിലത്തെ വിളവോ എന്തുതന്നെ​യാ​യാ​ലും, തനിക്കു നൽകണ​മെന്ന് യഹോവ ഇസ്രാ​യേൽ ജനത​യോട്‌ ആവശ്യ​പ്പെട്ടു. ഒരു ജനത എന്ന നിലയിൽ പുളി​പ്പി​ല്ലാത്ത അപ്പത്തിന്‍റെ ഉത്സവത്തിന്‍റെ​യും പെന്തിക്കോ​സ്‌തിന്‍റെ​യും സമയത്ത്‌ ഇസ്രായേ​ല്യർ തങ്ങളുടെ ആദ്യഫലം ദൈവ​ത്തിന്‌ അർപ്പി​ച്ചി​രു​ന്നു. ക്രിസ്‌തു​വിനെ​യും അഭിഷിക്ത അനുഗാ​മി​കളെ​യും കുറി​ക്കാൻ “ആദ്യഫലം” എന്ന പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ക്കാ​റുണ്ട്.—1കൊ 15:23; സംഖ 15:21; സുഭ 3:9; വെളി 14:4.

 • ആബീബ്‌.

  ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ ഒന്നാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ ഏഴാം മാസം. അർഥം: “(ധാന്യച്ചെ​ടി​യു​ടെ) പച്ചക്കതി​രു​കൾ.” മാർച്ച് പകുതി​മു​തൽ ഏപ്രിൽ പകുതി​വരെ​യുള്ള കാലയ​ളവ്‌. ജൂതന്മാർ ബാബിലോ​ണിൽനിന്ന്  തിരി​ച്ചു​വ​ന്ന​തി​നു ശേഷം ഇതു നീസാൻ എന്ന് അറിയ​പ്പെട്ടു. (ആവ 16:1)—അനു. ബി15 കാണുക.

 • ആബ്‌.

  ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ 5-‍ാ‍ം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ 11-‍ാ‍ം മാസം. ജൂലൈ പകുതി​മു​തൽ ആഗസ്റ്റ് പകുതി​വരെ​യുള്ള കാലയ​ളവ്‌. ബൈബി​ളിൽ ഈ മാസത്തി​ന്‍റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല, “അഞ്ചാം മാസം” എന്നേ പറഞ്ഞി​ട്ടു​ള്ളൂ. (സംഖ 33:38; എസ്ര 7:9)—അനു. ബി15 കാണുക.

 • ആഭിചാ​രം.

  ദുഷ്ടരായ ആത്മജീ​വി​ക​ളിൽനി​ന്നുള്ള ശക്തി ഉപയോ​ഗി​ക്കു​ന്നത്‌.—2ദിന 33:6.

 • ആമേൻ.

  അർഥം: “അങ്ങനെ​യാ​യി​രി​ക്കട്ടെ” അഥവാ “തീർച്ച​യാ​യും.” ഇതു വന്നത്‌ “വിശ്വ​സ്‌ത​നാ​യി​രി​ക്കുക, ആശ്രയയോഗ്യനായിരിക്കുക ” എന്ന് അർഥമുള്ള അമാൻ എന്ന എബ്രായ മൂലപ​ദ​ത്തിൽനി​ന്നാണ്‌. ഒരു സത്യമോ പ്രാർഥ​ന​യോ പ്രസ്‌താ​വ​ന​യോ അംഗീ​ക​രി​ച്ചുകൊണ്ട് പറയു​ന്ന​താണ്‌ “ആമേൻ.” വെളി​പാട്‌ പുസ്‌ത​ക​ത്തിൽ യേശു​വി​ന്‍റെ ഒരു സ്ഥാന​പ്പേ​രാ​യും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—ആവ 27:26; 1ദിന 16:36; വെളി 3:14.

 • ആരാധ​നാ​സ്ഥ​ലം; ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലം.

  സാധാ​ര​ണ​ഗ​തി​യിൽ ഒരു കുന്നിന്‍റെ​യോ മലയുടെ​യോ കെട്ടി ഉയർത്തിയ ഒരു തറയുടെ​യോ മുകളി​ലുള്ള ആരാധ​ന​യ്‌ക്കുള്ള സ്ഥലം. ദൈവത്തെ ആരാധി​ക്കാൻ ചില​പ്പോഴൊ​ക്കെ ആരാധ​നാ​സ്ഥ​ലങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ടെ​ങ്കി​ലും പുറജാ​തീയ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ന​യു​മാ​യി ബന്ധപ്പെ​ട്ടാ​ണു മിക്ക​പ്പോ​ഴും അവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.—സംഖ 33:52; 1രാജ 3:2; യിര 19:5.

 • ആരോ​ഹ​ണ​ഗീ​തം.

  120 മുതൽ 134 വരെയുള്ള സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴുത്ത്‌. ഈ പ്രയോ​ഗ​ത്തി​ന്‍റെ അർഥ​ത്തെ​ക്കു​റിച്ച് പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്. എങ്കിലും ഈ 15 സങ്കീർത്ത​ന​ങ്ങ​ളും മൂന്നു വലിയ വാർഷികോ​ത്സ​വ​ങ്ങ​ളിൽ പങ്കെടു​ക്കാ​നാ​യി ഇസ്രായേ​ല്യർ യഹൂദാ​മ​ല​നി​ര​ക​ളി​ലെ യരുശലേ​മിലേക്ക് ‘ആരോ​ഹണം ചെയ്യു​മ്പോൾ,’ അതായത്‌ കയറ്റം കയറിപ്പോ​കുമ്പോൾ, സന്തോ​ഷത്തോ​ടെ ആലപി​ച്ചി​രു​ന്ന​താണെന്നു മിക്കവ​രും കരുതു​ന്നു.

 • ആൾ താഴ്‌ച (മാറ്‌).

  വെള്ളത്തി​ന്‍റെ ആഴം അളക്കാ​നുള്ള ഒരു അളവ്‌. ഒരാൾ താഴ്‌ച = 1.8 മീ. (6 അടി). (പ്രവൃ 27:28)—അനു. ബി14 കാണുക.

 • ആൽഫയും ഒമേഗ​യും.

  ഗ്രീക്ക് അക്ഷരമാ​ല​യി​ലെ ആദ്യ​ത്തെ​യും അവസാ​നത്തെ​യും അക്ഷരങ്ങൾ. ഈ പദങ്ങൾ ഒരുമി​ച്ച്, ദൈവ​ത്തി​ന്‍റെ സ്ഥാന​പ്പേ​രാ​യി വെളി​പാട്‌ പുസ്‌ത​ക​ത്തിൽ മൂന്നു തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. അവി​ടെയെ​ല്ലാം ഈ പദങ്ങളു​ടെ അർഥം “ആദ്യത്ത​വ​നും അവസാ​ന​ത്ത​വ​നും,” “തുടക്ക​വും ഒടുക്ക​വും” എന്നുതന്നെ​യാണ്‌.—വെളി 1:8; 21:6; 22:13.

 • ഇലവങ്ങം.

  ഇലവങ്ങ മരത്തിന്‍റെ (Cinnamomum cassia) തൊലി​യിൽനിന്ന് എടുക്കുന്ന ഒരു ഉത്‌പന്നം. കറുവ മരത്തിന്‍റെ കുടും​ബ​ത്തിൽപ്പെ​ട്ട​താണ്‌ ഈ മരവും. വിശു​ദ്ധ​മായ അഭി​ഷേ​ക​തൈലം തയ്യാറാ​ക്കാ​നും സുഗന്ധ​ത്തി​നും ആയി ഇലവങ്ങം ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 30:24; സങ്ക 45:8; യഹ 27:19.

 • ഇല്ലുര്യ.

  ഗ്രീസി​നു വടക്കു​പ​ടി​ഞ്ഞാ​റുള്ള ഒരു റോമൻ സംസ്ഥാനം. പൗലോ​സ്‌ ശുശ്രൂ​ഷ​യു​ടെ ഭാഗമാ​യി അവിടം​വരെ സഞ്ചരിച്ചു. എന്നാൽ പൗലോ​സ്‌ അവിടെ പ്രസം​ഗി​ച്ചോ അതോ അതിന്‌ അടുത്തു​വരെ മാത്രമേ പ്രസം​ഗി​ച്ചു​ള്ളോ എന്നതിനെ​ക്കു​റിച്ച് ഒന്നും പറയു​ന്നില്ല. (റോമ 15:19)—അനു. ബി13 കാണുക.

 • ഇസ്രായേൽ.

  ദൈവം യാക്കോ​ബി​നെ വിളിച്ച പേര്‌. ഏതെങ്കി​ലും ഒരു കാലഘ​ട്ട​ത്തിൽ ജീവി​ച്ചി​രുന്ന, യാക്കോ​ബി​ന്‍റെ വംശജരെ മൊത്ത​ത്തി​ലും ഈ പേര്‌ പരാമർശി​ക്കു​ന്നു. യാക്കോ​ബി​ന്‍റെ 12 പുത്ര​ന്മാ​രു​ടെ വംശജരെ പലപ്പോ​ഴും ഇസ്രാ​യേൽമക്കൾ, ഇസ്രായേൽഗൃ​ഹം, ഇസ്രാ​യേൽ ജനം (ഇസ്രായേൽപു​രു​ഷ​ന്മാർ), ഇസ്രായേ​ല്യർ എന്നെല്ലാം വിളി​ക്കാ​റുണ്ട്. തെക്കേ രാജ്യ​ത്തിൽനിന്ന് വേർപി​രി​ഞ്ഞുപോയ പത്തു-ഗോത്ര വടക്കേ രാജ്യത്തെ കുറി​ക്കാ​നും ഇസ്രാ​യേൽ എന്ന പേര്‌ ഉപയോ​ഗി​ക്കാ​റുണ്ട്. പിന്നീട്‌ അഭിഷി​ക്തക്രി​സ്‌ത്യാ​നി​കളെ ‘ദൈവ​ത്തി​ന്‍റെ ഇസ്രാ​യേൽ’ എന്നു വിളി​ച്ചു​തു​ടങ്ങി.—ഗല 6:16; ഉൽ 32:28; 2ശമു 7:23; റോമ 9:6.

 • ഈറ്റ.

  നനവുള്ള സ്ഥലത്ത്‌ വളരുന്ന ചില ചെടി​കളെ പൊതു​വേ വിളി​ക്കുന്ന പേര്‌. മിക്ക​പ്പോ​ഴും ഉദ്ദേശി​ക്കു​ന്നത്‌ ഈറ (Arundo donax) എന്ന ചെടിയെ​യാണ്‌. (ഇയ്യ 8:11; യശ 42:3; മത്ത 27:29; വെളി 11:1)—മുഴ​ക്കോൽ കാണുക.

 • ഈസോ​പ്പുചെ​ടി.

  ചെറിയ തണ്ടുക​ളും ഇലകളും ഉള്ള ഒരു ചെടി. ശുദ്ധീ​ക​ര​ണവേ​ള​ക​ളിൽ രക്തമോ വെള്ളമോ തളിക്കാ​നാണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച് ഇതു മാർജോ​രം (Origanum maru; Origanum syriacum) എന്ന ചെടി​യാണ്‌. ഒരു കമ്പിൽ മാർജോ​രം വെച്ചുകെ​ട്ടി​യ​തിനെ​ക്കു​റി​ച്ചോ ചോളംപോ​ലുള്ള ഒരിനം ചെടിയെ​ക്കു​റി​ച്ചോ (Sorghum vulgare) ആയിരി​ക്കാം യോഹ​ന്നാൻ 19:29 പറഞ്ഞി​രി​ക്കു​ന്നത്‌. കാരണം പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി യേശു​വി​ന്‍റെ വായ്‌വരെ എത്തിക്കാ​നുള്ള നീളം ഈ ചെടി​യു​ടെ തണ്ടിനു​ണ്ടാ​യി​രു​ന്നു.—പുറ 12:22; സങ്ക 51:7.

 

 • ഉടമ്പടി.

  ദൈവ​വും മനുഷ്യ​രും തമ്മിലോ മനുഷ്യർ തമ്മിലോ എന്തെങ്കി​ലും ചെയ്യാ​നോ ചെയ്യു​ന്ന​തിൽനിന്ന് പിന്മാ​റാ​നോ ഉള്ള ഔദ്യോ​ഗി​ക​സ​മ്മതം അഥവാ കരാർ. ചില ഉടമ്പടി​ക​ളിൽ ഒരു കക്ഷി മാത്രം പാലി​ക്കേണ്ട വ്യവസ്ഥ​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. (ഇത്തരം ഏകപക്ഷീ​യ​മായ ഉടമ്പടി​യിൽ മുഖ്യ​മാ​യും ഒരു വാഗ്‌ദാ​ന​മാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌.) അല്ലാത്ത​പ്പോൾ ഇരുക​ക്ഷി​ക​ളും പാലി​ക്കേണ്ട വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു (ഉഭയകക്ഷി ഉടമ്പടി). ദൈവം മനുഷ്യ​രു​മാ​യി ചെയ്‌ത ഉടമ്പടി​കൾ കൂടാതെ മനുഷ്യർ തമ്മിലും ഗോ​ത്രങ്ങൾ തമ്മിലും ജനതകൾ തമ്മിലും രണ്ടു കൂട്ടം ആളുകൾ തമ്മിലും ഉള്ള ഉടമ്പടി​കളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്. ദൂരവ്യാ​പ​ക​ഫലം ഉളവാ​ക്കുന്ന ഉടമ്പടി​ക​ളിൽപ്പെ​ടു​ന്ന​താ​ണു ദൈവം അബ്രാ​ഹാ​മിനോ​ടും ദാവീ​ദിനോ​ടും ഇസ്രാ​യേൽ ജനത​യോ​ടും (നിയമ ഉടമ്പടി) ദൈവ​ത്തി​ന്‍റെ ഇസ്രായേ​ലിനോ​ടും (പുതിയ ഉടമ്പടി) ചെയ്‌ത ഉടമ്പടി​കൾ.—ഉൽ 9:11; 15:18; 21:27; പുറ 24:7; 2ദിന 21:7.

 • ഉടമ്പടിപ്പെ​ട്ട​കം.

  കരു​വേ​ല​ത്ത​ടികൊണ്ട് ഉണ്ടാക്കി​യിട്ട് സ്വർണം പൊതിഞ്ഞ ഒരു പെട്ടി. ആദ്യം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്‍റെ അതിവി​ശു​ദ്ധ​ത്തി​ലും പിന്നീടു ശലോ​മോൻ പണിത ദേവാ​ല​യ​ത്തി​ന്‍റെ അതിവി​ശു​ദ്ധ​ത്തി​ലും ആണ്‌ ഇതു വെച്ചി​രു​ന്നത്‌. ഇതിനു സ്വർണംകൊ​ണ്ടുള്ള ഒരു മൂടി​യു​ണ്ടാ​യി​രു​ന്നു. അതിന്മേൽ രണ്ടു കെരൂ​ബു​കൾ അഭിമു​ഖ​മാ​യി നിന്നി​രു​ന്നു. പത്തു കല്‌പ​ന​ക​ളുള്ള രണ്ടു കൽപ്പല​ക​ക​ളാണ്‌ ഉടമ്പടിപ്പെ​ട്ട​ക​ത്തിൽ പ്രധാ​ന​മാ​യു​ണ്ടാ​യി​രു​ന്നത്‌. (ആവ 31:26; 1രാജ 6:19; എബ്ര 9:4)—അനു. ബി5, ബി8 കാണുക.

 • ഉദയന​ക്ഷത്രം.

  ‘പ്രഭാ​ത​ന​ക്ഷ​ത്രം’ എന്ന അതേ അർഥം. ദിനപ്പി​റവി വിളി​ച്ച​റി​യി​ച്ചുകൊണ്ട്, സൂര്യൻ പ്രത്യ​ക്ഷപ്പെ​ടു​ന്ന​തി​നു മുമ്പ് കിഴക്കേ ചക്രവാ​ള​ത്തിൽ അവസാനം ഉദിക്കുന്ന നക്ഷത്രം.—വെളി 22:16; 2പത്ര 1:19.

 • ഉപപത്‌നി.

  വെപ്പാട്ടി. ഭാര്യ​യു​ടെ ഒപ്പം സ്ഥാനമി​ല്ലാ​തി​രുന്ന ഇവർ മിക്ക​പ്പോ​ഴും ദാസി​മാ​രാ​യി​രു​ന്നു.—പുറ 21:8; 2ശമു 5:13; 1രാജ 11:3.

 • ഉപവാസം.

  നിശ്ചി​ത​സ​മ​യത്തേക്കു ഭക്ഷണ​മൊ​ന്നും കഴിക്കാ​തി​രി​ക്കു​ന്നത്‌. പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലും കഷ്ടതക​ളി​ലാ​യി​രി​ക്കുമ്പോ​ഴും ദൈവി​ക​മാർഗ​നിർദേശം ആവശ്യ​മു​ള്ളപ്പോ​ഴും ഇസ്രായേ​ല്യർ ഉപവസി​ച്ചി​രു​ന്നു. ജൂതന്മാർ തങ്ങളുടെ ചരി​ത്ര​ത്തി​ലെ ദുരന്ത​നാ​ളു​കളെ ഓർക്കാൻ വർഷത്തിൽ നാല്‌ ഉപവാ​സങ്ങൾ ഏർപ്പെ​ടു​ത്തി. ഉപവാസം ക്രിസ്‌ത്യാ​നി​കൾക്ക് ഒരു നിബന്ധ​നയല്ല.—എസ്ര 8:21; യശ 58:6; ലൂക്ക 18:12.

 • ഊട്‌.

  വസ്‌ത്രം നെയ്യു​മ്പോൾ കുറുകെ ഇടുന്ന നൂലുകൾ. നെടുകെ ഇടുന്ന നൂലു​ക​ളാ​ണു പാവ്‌. പാവു​കൾക്കു കുറുകെ ഒന്നിട​വിട്ട് അടിയി​ലും മുകളി​ലും ആയാണ്‌ ഊട്‌ നെയ്യു​ന്നത്‌.—ലേവ 13:59.

 • ഊറീ​മും തുമ്മീ​മും.

  ദേശീ​യപ്രാ​ധാ​ന്യ​മുള്ള പ്രശ്‌ന​ങ്ങ​ളിൽ യഹോ​വ​യു​ടെ നിർദേശം ആവശ്യ​മാ​യി​വ​രുമ്പോൾ മഹാപുരോ​ഹി​തൻ ഉപയോ​ഗി​ച്ചി​രുന്ന വസ്‌തു​ക്കൾ. ദൈ​വേഷ്ടം അറിയാൻ നറുക്ക് ഇട്ട് കാര്യങ്ങൾ തീരു​മാ​നി​ക്കു​ന്ന​തുപോലെ​യാണ്‌ ഇത്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ പ്രവേ​ശി​ക്കുമ്പോൾ മഹാപുരോ​ഹി​തൻ മാർച്ച​ട്ട​യ്‌ക്കു​ള്ളിൽ ഊറീ​മും തുമ്മീ​മും വെച്ചി​രു​ന്നു. ബാബിലോ​ണി​യർ യരുശ​ലേം നശിപ്പി​ച്ചപ്പോൾ ഇവയുടെ ഉപയോ​ഗം നിലച്ച​താ​യി കരുതു​ന്നു.—പുറ 28:30; നെഹ 7:65.

 • എത്യോ​പ്യ.

  ഈജി​പ്‌തി​നു കിഴക്ക് സ്ഥിതി ചെയ്‌തി​രുന്ന ഒരു പുരാ​ത​ന​രാ​ജ്യം. ഇന്നത്തെ ഈജി​പ്‌തി​ന്‍റെ തെക്കേ അറ്റത്തുള്ള പ്രദേ​ശ​വും സുഡാന്‍റെ വടക്കുള്ള പകുതി​യും ഇതിന്‍റെ ഭാഗമാ​യി​രു​ന്നു. എബ്രാ​യ​യി​ലെ “കൂശ്‌” എന്ന പദത്തിനു പകരവും ചില​പ്പോൾ ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നു.—എസ്ഥ 1:1.

 • എപ്പിക്കൂ​ര്യൻ തത്ത്വചി​ന്തകർ.

  ഗ്രീക്ക് തത്ത്വചി​ന്ത​ക​നായ എപ്പിക്യൂ​റ​സി​ന്‍റെ (ബി.സി. 341-270) അനുയാ​യി​കൾ. ജീവി​ത​ത്തി​ന്‍റെ പരമമായ ലക്ഷ്യം സുഖം അനുഭ​വി​ക്കു​ന്ന​താണ്‌ എന്ന ആശയമാ​യി​രു​ന്നു ഈ തത്ത്വചി​ന്ത​യു​ടെ അടിസ്ഥാ​നം.—പ്രവൃ 17:18.

 • എഫ്രയീം.

  യോ​സേ​ഫി​ന്‍റെ രണ്ടാമത്തെ മകൻ. പിന്നീട്‌ ഇസ്രായേ​ലി​ലെ ഒരു ഗോ​ത്ര​ത്തി​ന്‍റെ പേരാ​യി​ത്തീർന്നു. ഇസ്രാ​യേൽ വിഭജി​ക്കപ്പെ​ട്ടശേഷം, ഏറ്റവും പ്രധാ​നഗോത്ര​മെന്ന നിലയിൽ എഫ്രയീം പത്തു-ഗോത്ര രാജ്യത്തെ പ്രതി​നി​ധീ​ക​രി​ച്ചു.—ഉൽ 41:52; യിര 7:15.

 • എബ്രായൻ; എബ്രായ.

  അമോ​ര്യ​രായ അയൽക്കാ​രിൽനിന്ന് വേർതി​രി​ച്ചു​കാ​ണി​ച്ചുകൊണ്ട് അബ്രാ​മി​നെ (അബ്രാ​ഹാ​മി​നെ) ആദ്യമാ​യി എബ്രായൻ എന്നു വിളിച്ചു. പിന്നീടു കൊച്ചു​മ​ക​നായ യാക്കോ​ബ്‌ വഴിയുള്ള അബ്രാ​ഹാ​മി​ന്‍റെ വംശജരെ കുറി​ക്കാൻ ഈ പേര്‌ ഉപയോ​ഗി​ച്ചു​തു​ടങ്ങി. അവരുടെ ഭാഷയാ​യി​രു​ന്നു എബ്രായ. യേശു​വി​ന്‍റെ കാലമാ​യപ്പോഴേ​ക്കും ധാരാളം അരമായ പദപ്രയോ​ഗങ്ങൾ എബ്രായ ഭാഷയിൽ ലയിച്ചുചേർന്നി​രു​ന്നു. ഈ ഭാഷയാ​ണു യേശു​വും ശിഷ്യ​ന്മാ​രും സംസാ​രി​ച്ചത്‌.—ഉൽ 14:13; പുറ 5:3; പ്രവൃ 26:14.

 • ഏഥാനീം.

  ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ ഏഴാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ ഒന്നാം  മാസം. സെപ്‌റ്റം​ബർ പകുതി​മു​തൽ ഒക്‌ടോ​ബർ പകുതി​വരെ​യുള്ള കാലയ​ളവ്‌. ജൂതന്മാർ ബാബിലോ​ണിൽനിന്ന് മടങ്ങി​വ​ന്നശേഷം ഇതു തിസ്രി എന്ന് അറിയ​പ്പെട്ടു. (1രാജ 8:2)—അനു. ബി15 കാണുക.

 • ഏദോം.

  യിസ്‌ഹാ​ക്കി​ന്‍റെ മകനായ ഏശാവി​നു ലഭിച്ച മറ്റൊരു പേര്‌. ഏശാവി​ന്‍റെ (ഏദോ​മി​ന്‍റെ) വംശജർ സേയീർ പ്രദേശം, അതായത്‌ ചാവു​ക​ട​ലി​നും അക്കാബ ഉൾക്കട​ലി​നും ഇടയ്‌ക്കുള്ള മലനാട്‌, തങ്ങളുടെ അധീന​ത​യി​ലാ​ക്കി. ആ സ്ഥലവും ഏദോം എന്ന് അറിയപ്പെ​ടാൻതു​ടങ്ങി. (ഉൽ 25:30; 36:8)—അനു. ബി3, ബി4 കാണുക.

 • ഏഫാ.

  ധാന്യം അളക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു ഖരയളവ്‌. അളക്കാൻ ഉപയോ​ഗി​ച്ചി​രുന്ന പാത്രത്തെ​യും ഇങ്ങനെ വിളി​ച്ചി​രു​ന്നു. ദ്രാവ​ക​യ​ള​വായ ബത്തിനു (22 ലി.) തുല്യം. (പുറ 16:36; യഹ 45:10)—അനു. ബി14 കാണുക.

 • ഏഫോദ്‌.

  പുരോ​ഹി​ത​ന്മാർ ധരിച്ചി​രുന്ന വസ്‌ത്രം. അഴുക്കു പറ്റാതി​രി​ക്കാൻ ധരിക്കുന്ന വസ്‌ത്രംപോ​ലുള്ള ഒന്ന്. മഹാപുരോ​ഹി​തൻ വിശേ​ഷ​പ്പെട്ട ഒരു ഏഫോദ്‌ ധരിച്ചി​രു​ന്നു. അതിന്‍റെ മുൻഭാ​ഗത്ത്‌ 12 അമൂല്യ​ര​ത്‌നങ്ങൾ പതിച്ചി​രുന്ന മാർച്ച​ട്ട​യു​ണ്ടാ​യി​രു​ന്നു. (പുറ 28:4, 6)—അനു. ബി5 കാണുക.

 • ഏലൂൽ.

  ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ 6-‍ാ‍ം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ 12-‍ാ‍ം മാസം. ആഗസ്റ്റ് പകുതി​മു​തൽ സെപ്‌റ്റം​ബർ പകുതി​വരെ​യുള്ള കാലയ​ളവ്‌. (നെഹ 6:15)—അനു. ബി15 കാണുക.

 • ഏഷ്യ.

  ഇന്നത്തെ തുർക്കി​യു​ടെ പടിഞ്ഞാ​റു​ഭാ​ഗ​വും സാമൊ​സ്‌, പത്മൊസ്‌ എന്നിവപോ​ലുള്ള ചില തീര​ദേ​ശ​ദ്വീ​പു​ക​ളും ഉൾപ്പെട്ട റോമൻ സംസ്ഥാ​നത്തെ കുറി​ക്കാ​നാ​ണു ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എഫെ​സൊ​സാ​യി​രു​ന്നു തലസ്ഥാനം. (പ്രവൃ 20:16; വെളി 1:4)—അനു. ബി13 കാണുക.

 • ഒരുക്ക​നാൾ.

  ശബത്തിനു മുമ്പുള്ള ദിവസം. അന്നാണു ജൂതന്മാർ ശബത്തി​നുവേ​ണ്ടി​യുള്ള ഒരുക്കങ്ങൾ നടത്തി​യി​രു​ന്നത്‌. ഈ ഒരുക്ക​നാൾ ഇന്നത്തെ കലണ്ടറ​നു​സ​രിച്ച് വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യത്തോ​ടെ അവസാ​നി​ക്കു​ന്നു. അപ്പോൾ ശബത്ത്‌ ആരംഭി​ക്കും. വൈകുന്നേ​രം​മു​തൽ അടുത്ത വൈകുന്നേ​രം​വരെ​യുള്ള സമയമാ​ണു ജൂതന്മാ​രു​ടെ ഒരു ദിവസം.—മർ 15:42; ലൂക്ക 23:54.

 • ഓമെർ.

  ഏകദേശം 2.2 ലിറ്റർ (2 ക്വാർട്ട്) അല്ലെങ്കിൽ ഒരു ഏഫായു​ടെ പത്തി​ലൊ​ന്നു വരുന്ന ഒരു ഖരയളവ്‌. (പുറ 16:16, 18)—അനു. ബി14 കാണുക.

 • കടിഞ്ഞൂൽ; മൂത്ത മകൻ.

  മുഖ്യ​മാ​യും അപ്പന്‍റെ (അമ്മയു​ടെയല്ല) മൂത്ത മകൻ. ബൈബിൾക്കാ​ല​ങ്ങ​ളിൽ മൂത്ത മകനു കുടും​ബ​ത്തിൽ ആദരണീ​യ​മായ സ്ഥാനമു​ണ്ടാ​യി​രു​ന്നു. പിതാ​വി​ന്‍റെ മരണ​ശേഷം ഈ മകനാ​യി​രു​ന്നു കുടും​ബ​ത്തി​ന്‍റെ തല. മൃഗങ്ങ​ളു​ടെ ആദ്യത്തെ ആൺകു​ഞ്ഞി​നെ പരാമർശി​ക്കാൻ “കടിഞ്ഞൂൽ” എന്ന് ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—പുറ 11:5; 13:12; ഉൽ 25:33; കൊലോ 1:15.

 • കനൽപ്പാത്ര​ങ്ങൾ.

  സ്വർണം, വെള്ളി, ചെമ്പ് എന്നിവ​കൊ​ണ്ട് നിർമിച്ച പാത്രങ്ങൾ. ബലി അർപ്പി​ക്കുന്ന യാഗപീ​ഠ​ത്തിൽനിന്ന് കരിയും സ്വർണംകൊ​ണ്ടുള്ള തണ്ടുവി​ള​ക്കിൽനിന്ന് കത്തിയ തിരി​യും നീക്കം ചെയ്യാ​നും സുഗന്ധ​ക്കൂ​ട്ടു കത്തിക്കാ​നും വേണ്ടി വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 37:23, അടിക്കു​റിപ്പ്; 2ദിന 26:19; എബ്ര 9:4.

 • കനാൻ.

  നോഹ​യു​ടെ കൊച്ചു​മകൻ; ഹാമിന്‍റെ നാലാ​മത്തെ മകൻ. കനാനിൽനി​ന്ന് ഉത്ഭവിച്ച 11 ഗോ​ത്രങ്ങൾ കാലാ​ന്ത​ര​ത്തിൽ മെഡി​റ്ററേ​നി​യനു കിഴക്കാ​യി ഈജി​പ്‌തി​നും സിറി​യ​യ്‌ക്കും ഇടയി​ലുള്ള പ്രദേ​ശത്ത്‌ താമസ​മാ​ക്കി. അത്‌ ‘കനാൻ ദേശം’ എന്ന് അറിയ​പ്പെട്ടു. (ലേവ 18:3; ഉൽ 9:18; പ്രവൃ 13:19)—അനു. ബി4 കാണുക.

 • കപ്പം.

  കീഴ്‌പെ​ട​ലി​ന്‍റെ അടയാ​ള​മാ​യി ഒരു രാജ്യ​മോ ഭരണാ​ധി​കാ​രി​യോ മറ്റൊരു രാജ്യ​ത്തി​നോ ഭരണാ​ധി​കാ​രി​ക്കോ നൽകു​ന്നത്‌. ഇതു സമാധാ​ന​ത്തി​നോ സംരക്ഷ​ണ​ത്തി​നോ വേണ്ടി​യാ​യി​രു​ന്നു. (2രാജ 3:4; 18:14-16; 2ദിന 17:11) വ്യക്തികൾ കൊടു​ക്കേണ്ട നികു​തി​യെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ക്കു​ന്നു.—നെഹ 5:4; റോമ 13:7.

 • കർത്താ​വി​ന്‍റെ അത്താഴം.

  യേശു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ​യ്‌ക്കാ​യി ഏർപ്പെ​ടു​ത്തി​യത്‌. ക്രിസ്‌തു​വി​ന്‍റെ ശരീര​ത്തിന്‍റെ​യും രക്തത്തിന്‍റെ​യും പ്രതീ​ക​ങ്ങ​ളായ പുളി​പ്പി​ല്ലാത്ത അപ്പവും വീഞ്ഞും ആണ്‌ ഈ അത്താഴ​ത്തി​ലു​ണ്ടാ​യി​രു​ന്നത്‌. ക്രിസ്‌ത്യാ​നി​കൾ ഇത്‌ ഓർമ​യ്‌ക്കാ​യി ആചരി​ക്ക​ണമെന്നു തിരുവെ​ഴു​ത്തു​ക​ളിൽ പറയു​ന്ന​തുകൊണ്ട് ഇതിനെ “സ്‌മാ​രകം” എന്നും വിളി​ക്കു​ന്നു.—1കൊ 11:20, 23-26.

 • കൽദയ; കൽദയർ.

  ടൈ​ഗ്രിസ്‌, യൂഫ്ര​ട്ടീസ്‌ എന്നീ നദിക​ളു​ടെ അഴിമു​ഖത്തോ​ടു ചേർന്നുള്ള പ്രദേ​ശ​മാ​യി​രു​ന്നു കൽദയ; അവി​ടെ​യുള്ള ജനങ്ങളാ​യി​രു​ന്നു കൽദയർ. പിന്നീട്‌ മുഴു ബാബിലോ​ണി​യയെ​യും അവിടത്തെ ആളുകളെ​യും കുറി​ക്കാൻ ഈ പദങ്ങൾ  ഉപയോ​ഗി​ച്ചു​തു​ടങ്ങി. മന്ത്രവാ​ദ​വും ജ്യോ​തി​ഷ​വും പരിശീ​ലി​ക്കു​ക​യും ശാസ്‌ത്രം, ചരിത്രം, ഭാഷകൾ, ജ്യോ​തി​ശ്ശാ​സ്‌ത്രം എന്നിവ പഠിക്കു​ക​യും ചെയ്‌ത വിദ്യാ​സ​മ്പ​ന്ന​രായ ആളുകളെ കുറി​ക്കാ​നും ‘കൽദയർ’ എന്ന വാക്ക് ഉപയോ​ഗി​ച്ചി​രു​ന്നു.—എസ്ര 5:12; ദാനി 4:7; പ്രവൃ 7:4.

 • കവചം; പടക്കോപ്പ്.

  പടയാ​ളി​കൾ അണിഞ്ഞി​രുന്ന സുരക്ഷാ​വ​സ്‌ത്രം. മാറിൽ അണിഞ്ഞി​രുന്ന കവചം മാത്രമല്ല ഇത്‌. ഇതിൽ പടത്തൊ​പ്പി​യും പടച്ചട്ട​യും അരപ്പട്ട​യും ചെരി​പ്പും പരിച​യും അടങ്ങി​യി​രു​ന്നു.—1ശമു 31:9; എഫ 6:13-17.

 • കവണ.

  ഒരു തോൽവാ​റ്‌; അല്ലെങ്കിൽ ഞാങ്ങണ​യോ രോമ​ങ്ങ​ളോ മൃഗങ്ങ​ളു​ടെ സ്‌നാ​യു​ക്ക​ളോ ഒക്കെ ഉപയോ​ഗിച്ച് നെയ്‌തെ​ടു​ക്കുന്ന പട്ട. എറിയാ​നുള്ള കല്ലോ മറ്റോ അതിന്‍റെ വീതി​യുള്ള മധ്യഭാ​ഗത്ത്‌ വെക്കുന്നു. കവണയു​ടെ ഒരു അറ്റം കൈയി​ലോ കൈത്ത​ണ്ട​യി​ലോ കെട്ടുന്നു. മറ്റേ അറ്റം ആ കൈയിൽപ്പി​ടിച്ച് കവണ ചുഴറ്റു​ന്നു. ചുഴറ്റു​ന്ന​തി​നി​ട​യിൽ കവണയു​ടെ ഒരു അറ്റം വിട്ട് കല്ല് എറിയു​ന്നു. കവണ ഉപയോ​ഗി​ക്കാൻ അറിയാ​വു​ന്ന​വരെ പണ്ടുകാ​ലത്ത്‌ സൈന്യ​ത്തിൽ ചേർത്തി​രു​ന്നു.—ന്യായ 20:16; 1ശമു 17:50.

 • കാഞ്ഞിരം; കയ്‌പുചെടി.

  കഠിന​മായ കയ്‌പും രൂക്ഷമായ ഗന്ധവും ഉള്ള പല തരം ചെടികൾ. ലൈം​ഗിക അധാർമി​കത, അടിമത്തം, അന്യായം, വിശ്വാ​സ​ത്യാ​ഗം തുടങ്ങി​യ​വ​യു​ടെ പരിണ​ത​ഫ​ല​ങ്ങളെ​ക്കു​റിച്ച് വിവരി​ക്കാൻ ബൈബി​ളിൽ ഈ പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്. വെളി​പാട്‌ 8:11-ൽ പറഞ്ഞി​രി​ക്കുന്ന “കാഞ്ഞിരം” കയ്‌പും വിഷവും ഉള്ള അബ്‌സി​ന്തെ എന്ന വസ്‌തു​വാണ്‌.—ആവ 29:18; സുഭ 5:4; യിര 9:15; ആമോ 5:7.

 • കാബ്‌.

  1.22 ലിറ്റർ വരുന്ന ഒരു ഖരയളവ്‌. ബത്ത്‌ അളവിനെ ആധാര​മാ​ക്കി​യു​ള്ളത്‌. (2രാജ 6:25, അടിക്കു​റിപ്പ്)—അനു. ബി14 കാണുക.

 • കാലാ പെറു​ക്കുക.

  കൊയ്‌ത്തു​കാർ അറിഞ്ഞോ അറിയാതെ​യോ ശേഷി​പ്പിച്ച വിളവ്‌ ശേഖരി​ക്കു​ന്നത്‌. വയലു​ക​ളു​ടെ അരികു​കൾ തീർത്തുകൊ​യ്യ​രുതെ​ന്നും ഒലിവും മുന്തി​രി​യും മുഴുവൻ ശേഖരി​ക്ക​രുതെ​ന്നും മോശ​യു​ടെ നിയമം ജനങ്ങ​ളോട്‌ അനുശാ​സി​ച്ചി​രു​ന്നു. വിള​വെ​ടു​പ്പി​നു ശേഷം ബാക്കി​യുള്ള കാലാ പെറു​ക്കു​ന്നതു ദരി​ദ്രർക്കും ക്ലേശി​തർക്കും അന്യ​ദേ​ശ​ക്കാർക്കും അനാഥർക്കും വിധവ​മാർക്കും ദൈവം നൽകിയ അവകാ​ശ​മാ​യി​രു​ന്നു.—രൂത്ത്‌ 2:7, അടിക്കു​റിപ്പ്.

 • കാഴ്‌ച​യ​പ്പം.

  വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും ദേവാ​ല​യ​ത്തിലെ​യും വിശു​ദ്ധ​മു​റി​യി​ലെ മേശയിൽ ആറു വീതം രണ്ട് അടുക്കാ​യി വെച്ചി​രുന്ന 12 അപ്പം. ഇതിനെ “അടുക്കിവെ​ച്ചി​രി​ക്കുന്ന അപ്പം” എന്നും പറയാ​റുണ്ട്. ദൈവ​ത്തിന്‌ അർപ്പി​ക്കുന്ന ഈ അപ്പം ഓരോ ശബത്തി​ലും മാറ്റി പുതിയവ വെക്കണ​മാ​യി​രു​ന്നു. ഇങ്ങനെ മാറ്റിയ അപ്പം സാധാ​ര​ണ​യാ​യി പുരോ​ഹി​ത​ന്മാർ മാത്രമേ കഴിക്കു​മാ​യി​രു​ന്നു​ള്ളൂ. (2ദിന 2:4; മത്ത 12:4; പുറ 25:30; ലേവ 24:5-9; എബ്ര 9:2)—അനു. ബി5 കാണുക.

 • കാവൽക്കാ​രൻ.

  മിക്ക​പ്പോ​ഴും രാത്രി​കാ​ല​ങ്ങ​ളിൽ ആളുകൾക്കോ വസ്‌തു​ക്കൾക്കോ അപകടം സംഭവി​ക്കാ​തെ കാക്കു​ക​യും അപായം ഉണ്ടാകാൻ സാധ്യ​ത​യു​ള്ളപ്പോൾ സൂചന കൊടു​ക്കു​ക​യും ചെയ്യുന്ന വ്യക്തി. സാധാ​ര​ണ​യാ​യി നഗരമ​തി​ലു​ക​ളി​ലും ഗോപു​ര​ങ്ങ​ളി​ലും ആണ്‌ കാവൽക്കാർ നിൽക്കാ​റു​ള്ളത്‌. അങ്ങനെ ഇവർക്ക് ഇവി​ടേക്കു വരുന്ന​വരെ അകലെ​നി​ന്നേ കാണാൻ കഴിയും. സൈന്യ​ത്തി​ലെ കാവൽക്കാ​രനെ കാവൽഭടൻ എന്നു വിളി​ക്കാ​റുണ്ട്. ആസന്നമായ നാശ​ത്തെ​ക്കു​റിച്ച് മുന്നറി​യി​പ്പു കൊടു​ത്തുകൊണ്ട് ഇസ്രായേ​ലി​ലെ പ്രവാ​ച​ക​ന്മാർ ഒരർഥ​ത്തിൽ ആ രാജ്യ​ത്തി​ന്‍റെ കാവൽക്കാ​രാ​യി സേവി​ച്ചി​രു​ന്നു.—2രാജ 9:20; യഹ 3:17.

 • കാഹളം.

  ലോഹംകൊ​ണ്ടുള്ള ഒരു ഊത്തു​വാ​ദ്യം. അടയാളം നൽകാ​നും സംഗീതോ​പ​ക​ര​ണ​മാ​യും ഉപയോ​ഗി​ക്കു​ന്നു. സംഖ്യ 10:2 പറയു​ന്ന​ത​നു​സ​രിച്ച് ഇസ്രായേൽസ​മൂ​ഹത്തെ വിളി​ച്ചു​കൂ​ട്ടാ​നും പാളയ​മ​ഴിച്ച് പുറ​പ്പെ​ടാ​നും യുദ്ധം പ്രഖ്യാ​പി​ക്കാ​നും വേണ്ടി വ്യത്യ​സ്‌ത​യ​ട​യാ​ളങ്ങൾ നൽകാൻ വെള്ളി​കൊ​ണ്ട് രണ്ടു കാഹളം ഉണ്ടാക്കാൻ യഹോവ നിർദേ​ശി​ച്ചു. മൃഗങ്ങ​ളു​ടെ കൊമ്പ് ഉപയോ​ഗിച്ച് ഉണ്ടാക്കി​യി​രുന്ന വളഞ്ഞ കാഹള​ങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി അവ നേരെ​യു​ള്ളവ ആയിരു​ന്നി​രി​ക്കാം. ദേവാ​ല​യ​ത്തി​ലെ സംഗീതോ​പ​ക​ര​ണ​ങ്ങ​ളു​ടെ കൂട്ടത്തി​ലും കാഹള​ങ്ങ​ളു​ണ്ടാ​യി​രു​ന്നു; പക്ഷേ ഇവ എങ്ങനെ​യു​ള്ള​താ​യി​രുന്നെന്ന് അറിയില്ല. മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ ന്യായ​വി​ധിപ്ര​ഖ്യാ​പ​ന​ങ്ങ​ളും ദൈവ​ത്തിൽനി​ന്നുള്ള ശ്രദ്ധേ​യ​മായ സംഭവ​ങ്ങ​ളും നടന്നതു പ്രതീ​കാ​ത്മ​ക​മായ കാഹള​നാ​ദ​ത്തി​ന്‍റെ അകമ്പടിയോടെ​യാ​യി​രു​ന്നു.—2ദിന 29:26; എസ്ര 3:10; 1കൊ 15:52; വെളി 8:7–11:15.

 • കിസ്ലേവ്‌.

  ജൂതന്മാർ ബാബിലോ​ണിൽനിന്ന് തിരിച്ച് വന്നതിനു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ ഒമ്പതാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ മൂന്നാം മാസം. നവംബർ പകുതി​മു​തൽ ഡിസംബർ പകുതി​വരെ​യുള്ള കാലയ​ളവ്‌. (നെഹ 1:1; സെഖ 7:1)—അനു. ബി15 കാണുക.

 • കുന്തി​രി​ക്കം.

  കുങ്ങി​ല്യം (Boswellia) വർഗത്തിൽപ്പെട്ട മരത്തിൽനി​ന്നോ ചെടി​യിൽനി​ന്നോ എടുക്കുന്ന ഉണങ്ങിയ കറ (മരപ്പശ). കത്തിക്കു​മ്പോൾ ഇതിൽനി​ന്ന് സുഗന്ധം ഉയരുന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും ഉപയോ​ഗി​ച്ചി​രുന്ന വിശു​ദ്ധ​സു​ഗ​ന്ധ​ക്കൂ​ട്ടിൽ  ഇത്‌ അടങ്ങി​യി​രു​ന്നു. ധാന്യ​യാ​ഗത്തോടൊ​പ്പ​വും ഇതു ചേർത്തി​രു​ന്നു. വിശു​ദ്ധ​ത്തിൽ വെച്ചി​രുന്ന കാഴ്‌ച​യ​പ്പ​ത്തി​ന്‍റെ ഓരോ അടുക്കി​ന്‍റെ മുകളി​ലും കുന്തി​രി​ക്കം വെച്ചി​രു​ന്നു.—പുറ 30:34-36; ലേവ 2:1; 24:7; മത്ത 2:11.

 • കുലദൈ​വം.

  ശകുനം നോക്കാൻ സമീപി​ക്കുന്ന കുടും​ബ​ദൈ​വങ്ങൾ അല്ലെങ്കിൽ വിഗ്ര​ഹങ്ങൾ. (യഹ 21:21) ചിലതി​നു മനുഷ്യ​ന്‍റെ വലിപ്പ​വും ആകൃതി​യും ആയിരു​ന്നു, തീരെ ചെറു​തു​മു​ണ്ടാ​യി​രു​ന്നു. (ഉൽ 31:34; 1ശമു 19:13, 16) മെസൊപ്പൊ​ത്താ​മ്യ​യി​ലെ പുരാ​വ​സ്‌തു​കണ്ടെ​ത്ത​ലു​കൾ സൂചി​പ്പി​ക്കു​ന്നതു കുലദൈ​വപ്ര​തിമ കൈവ​ശ​മു​ണ്ടാ​യി​രു​ന്ന​വർക്കു കുടും​ബ​സ്വ​ത്തു ലഭിച്ചി​രു​ന്നു എന്നാണ്‌. (റാഹേൽ അപ്പന്‍റെ കുലദൈ​വപ്ര​തി​മകൾ മോഷ്ടി​ച്ച​തി​ന്‍റെ കാരണം ഇതായി​രി​ക്കാം.) പക്ഷേ ഇസ്രായേ​ലിൽ ഇങ്ങനെയൊ​രു രീതി​യു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ കുലദൈ​വ​ങ്ങ​ളു​ടെ വിഗ്ര​ഹങ്ങൾ ന്യായാ​ധി​പ​ന്മാ​രുടെ​യും രാജാ​ക്ക​ന്മാ​രുടെ​യും കാലത്ത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. വിശ്വ​സ്‌ത​രാ​ജാ​വായ യോശിയ നശിപ്പിച്ച വസ്‌തു​ക്ക​ളു​ടെ കൂട്ടത്തിൽ കുലദൈ​വപ്ര​തി​മ​ക​ളു​ണ്ടാ​യി​രു​ന്നു.—ന്യായ 17:5; 2രാജ 23:24; ഹോശ 3:4.

 • കുശവൻ.

  മൺപാ​ത്രങ്ങൾ ഉണ്ടാക്കു​ന്ന​യാൾ. എബ്രാ​യ​പ​ദ​ത്തി​ന്‍റെ അക്ഷരാർഥം “രൂപ​പ്പെ​ടു​ത്തു​ന്നവൻ” എന്നാണ്‌. യഹോ​വ​യ്‌ക്കു വ്യക്തി​ക​ളുടെ​യും ജനതക​ളുടെ​യും മേലുള്ള പരമാ​ധി​കാ​രത്തെ ചിത്രീ​ക​രി​ക്കാൻ കുശവനു കളിമ​ണ്ണി​ന്‍റെ മേലുള്ള അധികാ​രത്തെ പലപ്പോ​ഴും ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—യശ 64:8; റോമ 9:21.

 • കുഷ്‌ഠം; കുഷ്‌ഠരോ​ഗി.

  തൊലി​പ്പു​റത്ത്‌ ഉണ്ടാകുന്ന ഗുരു​ത​ര​മായ ഒരു രോഗം. ഇന്നു നമുക്ക് അറിയാ​വുന്ന കുഷ്‌ഠ​ത്തിൽനിന്ന് വ്യത്യ​സ്‌ത​മാ​യി, മനുഷ്യ​രെ മാത്രമല്ല വസ്‌ത്ര​ങ്ങളെ​യും വീടു​കളെ​യും ബാധി​ച്ചി​രുന്ന കുഷ്‌ഠത്തെ​ക്കു​റി​ച്ചും തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുണ്ട്. കുഷ്‌ഠം ബാധിച്ച വ്യക്തി​യാ​ണു കുഷ്‌ഠരോ​ഗി.—ലേവ 14:54; ലൂക്ക 5:12.

 • കൂടാരോ​ത്സ​വം.

  കൂടാ​രപ്പെ​രു​ന്നാൾ എന്നും ഫലശേ​ഖ​ര​ത്തി​ന്‍റെ ഉത്സവം എന്നും അറിയപ്പെ​ടു​ന്നു. ഏഥാനീം മാസം 15-21 തീയതി​ക​ളി​ലാണ്‌ ഇത്‌ ആചരി​ച്ചി​രു​ന്നത്‌. ഇസ്രായേ​ലി​ലെ കാർഷി​ക​വർഷ​ത്തി​ന്‍റെ അവസാ​ന​മുള്ള വിള​വെ​ടു​പ്പി​ന്‍റെ ആഘോ​ഷ​മാ​യി​രു​ന്നു ഇത്‌. കൃഷിയെ അനു​ഗ്ര​ഹി​ച്ച​തിനെപ്രതി യഹോ​വ​യ്‌ക്കു നന്ദി നൽകാ​നും സന്തോ​ഷി​ക്കാ​നും ഉള്ള സമയം! ഈജി​പ്‌തിൽനിന്ന് പുറ​പ്പെ​ട്ടുപോ​ന്ന​തി​ന്‍റെ ഓർമ​യ്‌ക്കാ​യി ആ ദിവസ​ങ്ങ​ളിൽ ആളുകൾ ചെറിയ പന്തൽപോ​ലുള്ള കൂടാ​രങ്ങൾ ഉണ്ടാക്കി അതിൽ താമസി​ക്കു​മാ​യി​രു​ന്നു. പുരു​ഷ​ന്മാരെ​ല്ലാം യരുശലേ​മിൽ പോയി ആചരിക്കേ​ണ്ടി​യി​രുന്ന മൂന്ന് ഉത്സവങ്ങ​ളിൽ ഒന്നായി​രു​ന്നു ഇത്‌.—ലേവ 23:34; എസ്ര 3:4.

 • കെമോശ്‌.

  മോവാ​ബ്യ​രു​ടെ പ്രധാ​ന​ദൈവം.—1രാജ 11:33.

 • കെരൂ​ബു​കൾ.

  പ്രത്യേ​ക​നി​യ​മ​ന​ങ്ങ​ളുള്ള, ഉയർന്ന പദവി​യി​ലുള്ള ദൈവ​ദൂ​ത​ന്മാർ. ഇവർ സാറാ​ഫു​ക​ളിൽനിന്ന് വ്യത്യ​സ്‌ത​രാണ്‌.—ഉൽ 3:24; പുറ 25:20; യശ 37:16; എബ്ര 9:5.

 • കൊമ്പ്.

  കുടി​ക്കാ​നുള്ള പാത്ര​മാ​യും എണ്ണയും മഷിയും സൗന്ദര്യ​വർധ​ക​വ​സ്‌തു​ക്ക​ളും സൂക്ഷി​ക്കാ​നാ​യും സംഗീതോ​പ​ക​ര​ണ​മാ​യും അടയാളം നൽകാ​നുള്ള ഉപകര​ണ​മാ​യും ഉപയോ​ഗി​ക്കുന്ന മൃഗങ്ങ​ളു​ടെ കൊമ്പി​നെ കുറി​ക്കു​ന്നു. (1ശമു 16:1, 13; 1രാജ 1:39; യഹ 9:2) ശക്തിയുടെ​യും ജയിച്ച​ട​ക്ക​ലിന്‍റെ​യും വിജയ​ത്തിന്‍റെ​യും പ്രതീ​ക​മാ​യും മിക്ക​പ്പോ​ഴും “കൊമ്പ്” ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—ആവ 33:17; മീഖ 4:13; സെഖ 1:19.

 • കൈ​വെപ്പ്.

  ഒരു പ്രത്യേ​ക​നി​യ​മ​ന​മോ അനു​ഗ്ര​ഹ​മോ രോഗ​ശാ​ന്തി​യോ പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാന​മോ നൽകാൻ ആളുക​ളു​ടെ മേൽ കൈകൾ വെക്കാ​റു​ണ്ടാ​യി​രു​ന്നു. ചില​പ്പോൾ യാഗം അർപ്പി​ക്കു​ന്ന​തി​നു മുമ്പ് മൃഗങ്ങ​ളു​ടെ മേലും കൈകൾ വെക്കു​മാ​യി​രു​ന്നു.—പുറ 29:15; സംഖ 27:18; പ്രവൃ 19:6; 1തിമ 5:22.

 • കൊടിൽ.

  വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും വിളക്കു കെടു​ത്താൻ ഉപയോ​ഗി​ച്ചി​രുന്ന, സ്വർണംകൊ​ണ്ടുള്ള ഉപകരണം. ചവണയു​ടെ ആകൃതി​യാ​യി​രി​ക്കാം.—പുറ 37:23.

 • കൊള്ള​വ​സ്‌തു; കൊള്ള​മു​തൽ.

  കീഴട​ക്കിയ ശത്രു​ക്ക​ളിൽനിന്ന് പിടിച്ചെ​ടു​ക്കുന്ന വസ്‌തു. ഇതിൽ അവരുടെ​യോ അവരുടെ കുടും​ബ​ത്തിന്‍റെ​യോ വസ്‌തു​വ​കകൾ, മൃഗങ്ങൾ, മറ്റു വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ എന്നിവ ഉൾപ്പെട്ടേ​ക്കാം.—യോശ 7:21; 22:8; എബ്ര 7:4.

 • കോർ.

  ഒരു ഖര-ദ്രാവക അളവ്‌. 220 ലിറ്ററി​നു തുല്യം. ബത്ത്‌ അളവിനെ ആധാര​മാ​ക്കി​യു​ള്ളത്‌. (1രാജ 5:11)—അനു. ബി14 കാണുക.

 • ക്രിസ്‌തു.

  യേശു​വി​ന്‍റെ ഒരു സ്ഥാന​പ്പേര്‌. ക്രിസ്‌തോ​സ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന് വന്നത്‌. “മിശിഹ” അഥവാ “അഭിഷി​ക്തൻ” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രാ​യ​പ​ദ​ത്തി​നും ഇതേ അർഥമാ​ണു​ള്ളത്‌.—മത്ത 1:16; യോഹ 1:41.

 • ക്രിസ്‌തു​വി​രു​ദ്ധൻ.

  ഇതിന്‍റെ ഗ്രീക്കു​പ​ദ​ത്തി​നു രണ്ട് അർഥങ്ങ​ളുണ്ട്. ക്രിസ്‌തു​വിന്‌ വിരുദ്ധം അഥവാ ക്രിസ്‌തു​വി​നെ എതിർക്കുന്ന എന്നാണ്‌ ഒരു അർഥം. ക്രിസ്‌തു​വി​ന്‍റെ സ്ഥാനത്ത്‌ നിൽക്കുന്ന കള്ളക്രി​സ്‌തു എന്നതാണു മറ്റൊരു അർഥം. ക്രിസ്‌തു​വി​ന്‍റെ പ്രതി​നി​ധി​ക​ളോ മിശി​ഹ​യോ ആണെന്നു വ്യാജ​മാ​യി  അവകാ​ശപ്പെ​ടു​ക​യോ ക്രിസ്‌തു​വിനെ​യും ശിഷ്യ​ന്മാരെ​യും എതിർക്കു​ക​യോ ചെയ്യുന്ന എല്ലാ ആളുകളെ​യും സംഘട​ന​കളെ​യും കൂട്ടങ്ങളെ​യും ക്രിസ്‌തു​വി​രു​ദ്ധർ എന്നു വിളി​ക്കാ​നാ​കും.—1യോഹ 2:22.

 • ക്രിസ്‌ത്യാ​നി.

  യേശുക്രി​സ്‌തു​വി​ന്‍റെ അനുഗാ​മി​കൾക്കു ദൈവം നൽകിയ ഒരു പേര്‌.—പ്രവൃ 11:26; 26:28.

 • ഗിത്യ​രാ​ഗം.

  സംഗീ​ത​വു​മാ​യി ബന്ധപ്പെട്ട ഈ വാക്കിന്‍റെ അർഥം വ്യക്തമല്ല. ഗത്ത്‌ എന്ന എബ്രാ​യ​വാ​ക്കിൽനിന്ന് ഉത്ഭവി​ച്ച​താ​യി​രി​ക്കാം. ഗത്ത്‌ അർഥമാ​ക്കു​ന്നതു മുന്തി​രി​ച്ച​ക്കി​നെ ആയതി​നാൽ, വീഞ്ഞ് ഉണ്ടാക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട പാട്ടു​ക​ളു​ടെ ഈണമാ​യി​രി​ക്കാം ഇതെന്നു ചിലർ വിശ്വ​സി​ക്കു​ന്നു.—സങ്ക 81:മേലെ.

 • ഗിലെ​യാദ്‌.

  കൃത്യ​മാ​യി പറഞ്ഞാൽ യോർദാൻ നദിയു​ടെ കിഴക്ക് യബ്ബോക്ക് താഴ്‌വ​ര​യു​ടെ വടക്കോ​ട്ടും തെക്കോ​ട്ടും വ്യാപി​ച്ചു​കി​ട​ക്കുന്ന ഫലഭൂ​യി​ഷ്‌ഠ​മായ പ്രദേശം. ചില​പ്പോഴൊ​ക്കെ യോർദാ​നു കിഴക്കുള്ള ഇസ്രായേ​ലി​നെ, അതായത്‌ രൂബേൻ ഗോ​ത്ര​വും ഗാദ്‌ ഗോ​ത്ര​വും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും താമസിച്ച പ്രദേ​ശത്തെ, കുറി​ക്കാൻ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്. (സംഖ 32:1; യോശ 12:2; 2രാജ 10:33)—അനു. ബി4 കാണുക.

 • ഗീഹെന്ന.

  പുരാ​ത​ന​യ​രു​ശലേ​മി​ന്‍റെ തെക്കു​കി​ഴ​ക്കാ​യി സ്ഥിതിചെ​യ്‌തി​രുന്ന ഹിന്നോം താഴ്‌വ​ര​യു​ടെ ഗ്രീക്കു​നാ​മം. (യിര 7:31) ശവങ്ങൾ ചിതറി​ക്കി​ട​ക്കുന്ന സ്ഥലമെന്ന് അതി​നെ​ക്കു​റിച്ച് പ്രാവ​ച​നി​ക​മാ​യി പറഞ്ഞി​രു​ന്നു. (യിര 7:32; 19:6) മൃഗങ്ങളെ​യും മനുഷ്യരെ​യും ഗീഹെ​ന്ന​യിലേക്ക് എറിഞ്ഞ് ജീവ​നോ​ടെ ചുട്ടെ​രി​ക്കു​ക​യോ ദണ്ഡിപ്പി​ക്കു​ക​യോ ചെയ്‌ത​താ​യി ഒരു തെളി​വു​മില്ല. അതു​കൊ​ണ്ടു​തന്നെ മനുഷ്യദേ​ഹി​യെ തീയിൽ നിത്യം ദണ്ഡിപ്പി​ക്കുന്ന ഒരു അദൃശ്യലോ​കത്തെ ഈ സ്ഥലം പ്രതീ​കാ​ത്മ​ക​മാ​യി ചിത്രീ​ക​രി​ക്കു​ന്നില്ല. പകരം യേശു​വും ശിഷ്യ​ന്മാ​രും “രണ്ടാം മരണ”മാകുന്ന നിത്യ​ശി​ക്ഷയെ, അതായത്‌ നിത്യ​നാ​ശത്തെ അല്ലെങ്കിൽ പൂർണ​മായ നാശത്തെ, കുറി​ക്കാ​നാ​ണു ഗീഹെന്ന എന്ന പദം ഉപയോ​ഗി​ച്ചത്‌.—വെളി 20:14; മത്ത 5:22; 10:28.

 • ഗേര.

  0.57 ഗ്രാം വരുന്ന ഒരു തൂക്കം. ഒരു ശേക്കെ​ലി​ന്‍റെ ഇരുപ​തിൽ ഒന്ന്. (ലേവ 27:25)—അനു. ബി14 കാണുക.

 • ഗ്രീക്ക്; ഗ്രീക്കു​കാർ.

  ഗ്രീസി​ലെ ജനങ്ങൾ സംസാ​രി​ച്ചി​രുന്ന ഭാഷയാ​ണു ഗ്രീക്ക്. ഗ്രീസിൽ താമസി​ക്കു​ന്ന​വരെ​യും അവിടെ കുടും​ബവേ​രു​ള്ള​വരെ​യും ഗ്രീക്കു​കാർ എന്നു വിളി​ക്കു​ന്നു. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം വിശാ​ല​മായ അർഥത്തിൽ ഉപയോ​ഗി​ക്കു​ന്നുണ്ട്. അതായത്‌, ജൂതന്മാ​ര​ല്ലാത്ത എല്ലാവരെ​യും ഗ്രീക്ക് ഭാഷയുടെ​യും സംസ്‌കാ​ര​ത്തിന്‍റെ​യും സ്വാധീ​ന​ത്തിൻകീ​ഴി​ലാ​യി​രി​ക്കു​ന്ന​വരെ​യും കുറി​ക്കാൻ ഇത്‌ ഉപയോ​ഗി​ക്കു​ന്നു.—യോവ 3:6; യോഹ 12:20.

 • ചാട്ടയടി.

  ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം, ഇടയ്‌ക്കി​ടെ കെട്ടു​ക​ളോ അറ്റത്ത്‌ കൊളു​ത്തു​ക​ളോ ഉള്ള ചാട്ട​കൊണ്ട് ശക്തിയാ​യി അടിക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു.—യോഹ 19:1.

 • ചാൺ.

  നീളം അളക്കാ​നുള്ള ഒരു അളവ്‌. കൈപ്പത്തി വിരി​ച്ചു​പി​ടി​ക്കുമ്പോൾ തള്ളവി​ര​ലി​ന്‍റെ അറ്റംമു​തൽ ചെറു​വി​ര​ലി​ന്‍റെ അറ്റംവരെ​യുള്ള ഏകദേശ അകലം. ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്) എന്ന കണക്കനു​സ​രിച്ച് ഒരു ചാൺ 22.2 സെ.മീ. (8.75 ഇഞ്ച്) ആയിരി​ക്കും. (പുറ 28:16; 1ശമു 17:4)—അനു. ബി14 കാണുക.

 • ചുരുൾ.

  ഒരു പുറത്ത്‌ മാത്രം എഴുത്തുള്ള, തുകലിന്‍റെ​യോ പപ്പൈ​റ​സിന്‍റെ​യോ നീളമുള്ള താൾ. സാധാ​ര​ണ​യാ​യി ഒരു ദണ്ഡിൽ ചുറ്റി​യി​രി​ക്കും. തിരുവെ​ഴു​ത്തു​കൾ എഴുതു​ക​യും പകർത്തു​ക​യും ചെയ്‌തി​രു​ന്നതു ചുരു​ളു​ക​ളി​ലാ​യി​രു​ന്നു. അക്കാലത്ത്‌ വിവരങ്ങൾ എഴുതി​സൂ​ക്ഷി​ച്ചി​രു​ന്നത്‌ അങ്ങനെ​യാ​യി​രു​ന്നു.—യിര 36:4, 18, 23; ലൂക്ക 4:17-20; 2തിമ 4:13.

 • ചൂള.

  അയിരോ ലോഹ​മോ ഉരുക്കാൻ ഉപയോ​ഗി​ച്ചി​രുന്ന നിർമി​തി. മൺപാത്ര​ങ്ങ​ളും മണ്ണു​കൊണ്ട് ഉണ്ടാക്കിയ മറ്റു വസ്‌തു​ക്ക​ളും ചുടാ​നും കുമ്മായം നീറ്റാ​നും ഉപയോ​ഗി​ച്ചി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇഷ്ടികകൊ​ണ്ടോ കല്ലു​കൊ​ണ്ടോ ആണ്‌ ചൂളകൾ നിർമി​ച്ചി​രു​ന്നത്‌.—ഉൽ 15:17; ദാനി 3:17; വെളി 9:2.

 • ചെങ്കോൽ.

  രാജകീ​യാ​ധി​കാ​ര​ത്തി​ന്‍റെ പ്രതീ​ക​മാ​യി ഒരു ഭരണാ​ധി​കാ​രി​യു​ടെ കൈയി​ലുള്ള ദണ്ഡ് അല്ലെങ്കിൽ വടി.—ഉൽ 49:10; എബ്ര 1:8.

 • ജടാമാം​സി തൈലം.

  ജടാമാ​ഞ്ചി ചെടി​യിൽനിന്ന് (Nardostachys jatamansi) ഉണ്ടാക്കുന്ന ഇളംചു​വപ്പു നിറമുള്ള വില​യേ​റിയ സുഗന്ധ​തൈലം. വില കൂടു​ത​ലാ​യ​തുകൊണ്ട് മിക്ക​പ്പോ​ഴും താണ തരം തൈലങ്ങൾ ഇതിൽ കൂട്ടുചേർക്കാ​റുണ്ട്; വ്യാജ ഉത്‌പ​ന്ന​ങ്ങ​ളും കാണാ​റുണ്ട്. എന്നാൽ യേശു​വി​ന്‍റെ ദേഹത്ത്‌ ഒഴിച്ചതു “ശുദ്ധമായ ജടാമാം​സി തൈല”മാണെന്നു മർക്കോ​സും യോഹ​ന്നാ​നും പറയുന്നു.—മർ 14:3; യോഹ 12:3.

 • ജഡം.

  ജഡം എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങൾ മുഖ്യ​മാ​യും ഭൗതി​ക​മായ ഒരു ശരീര​ത്തി​ലെ (മനുഷ്യൻ, മൃഗം, പക്ഷി, മത്സ്യം എന്നിവപോ​ലുള്ള ഏതി​ന്‍റെയെ​ങ്കി​ലും)  മാംസത്തെ സൂചി​പ്പി​ക്കു​ന്നു. ശരീരത്തെ മുഴുവൻ കുറി​ക്കാ​നും അത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ജഡവും ആത്മവ്യ​ക്തി​യായ ദൈവ​വും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ച്ചുകൊണ്ട് ബൈബിൾ പലപ്പോ​ഴും മനുഷ്യൻ എത്ര നിസ്സാ​ര​നാണെന്നു വ്യക്തമാ​ക്കു​ന്നു. (ഉൽ 6:3) ധിക്കാരം കാണിച്ച ആദാമി​ന്‍റെ മക്കളെന്ന നിലയിൽ പാപത്തിൽ ജനിച്ച, അപൂർണാ​വ​സ്ഥ​യി​ലുള്ള മനുഷ്യ​രെ കുറി​ക്കാ​നും ജഡം എന്ന വാക്കു ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—ഗല 5:13; എഫ 2:3.

 • ജലസം​ഭ​ര​ണി.

  വെള്ളം ശേഖരി​ക്കാൻ കൃത്രി​മ​മാ​യി നിർമി​ക്കുന്ന ഒരു ഭൂഗർഭ അറ. ചിലയി​ടത്ത്‌ കിണർ, കുഴി എന്നൊക്കെ പരിഭാ​ഷപ്പെ​ടു​ത്തി​യി​ട്ടുണ്ട്. ഇതിൽ മഴവെ​ള്ള​മോ നീരു​റ​വ​ക​ളിൽനി​ന്നുള്ള വെള്ളമോ സംഭരി​ക്കു​ന്നു. ഇവ മൂടിവെ​ക്കാ​റാ​ണു പതിവ്‌.—2ദിന 26:10.

 • ജീവവൃ​ക്ഷം.

  ഏദെൻ തോട്ട​ത്തി​ലെ ഒരു വൃക്ഷം. അതിലെ ഫലത്തിനു ജീവൻ നൽകാ​നുള്ള എന്തെങ്കി​ലും പ്രത്യേ​ക​ക​ഴി​വുണ്ടെന്നു ബൈബിൾ പറയു​ന്നില്ല. പകരം ആ വൃക്ഷഫലം കഴിക്കാൻ ദൈവം അനുവ​ദി​ക്കു​ന്ന​വർക്ക് എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന ദൈവ​ത്തി​ന്‍റെ ഉറപ്പിനെ​യാണ്‌ അതു പ്രതീ​കപ്പെ​ടു​ത്തി​യത്‌.—ഉൽ 2:9; 3:22.

 • ജൂതൻ.

  പത്തു-ഗോത്ര ഇസ്രായേൽരാ​ജ്യ​ത്തി​ന്‍റെ പതനത്തി​നു ശേഷം യഹൂദാഗോത്ര​ത്തി​ലുള്ള ഒരു വ്യക്തിയെ വിളി​ച്ചി​രു​ന്നത്‌. (2രാജ 16:6) ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം ഇസ്രായേ​ലിലേക്കു മടങ്ങിവന്ന വ്യത്യ​സ്‌ത ഇസ്രായേൽഗോത്ര​ങ്ങ​ളി​ലു​ള്ള​വരെ കുറി​ക്കാ​നും ഈ പേര്‌ ഉപയോ​ഗി​ച്ചു. (എസ്ര 4:12) പിന്നീട്‌ മറ്റു ജനതക​ളിൽനിന്ന് ഇസ്രായേ​ല്യ​രെ വേർതി​രി​ച്ചു​കാ​ണി​ക്കാൻ ലോകമെ​മ്പാ​ടും ഈ പേര്‌ ഉപയോ​ഗി​ച്ചു. (എസ്ഥ 3:6) ക്രിസ്‌തീ​യ​സ​ഭ​യിൽ ദേശീ​യ​ത​യ്‌ക്കു യാതൊ​രു പ്രാധാ​ന്യ​വു​മില്ല എന്നു ന്യായ​വാ​ദം ചെയ്‌ത​പ്പോൾ പൗലോ​സ്‌ അപ്പോ​സ്‌തലൻ ആലങ്കാ​രി​ക​മാ​യി ഈ പദം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി.—റോമ 2:28, 29; ഗല 3:28.

 • ജൂതമതം സ്വീക​രി​ച്ച​യാൾ.

  ജൂതമതം സ്വീക​രി​ക്കുന്ന പുരു​ഷ​ന്മാർ പരി​ച്ഛേദന ചെയ്യണ​മാ​യി​രു​ന്നു.—മത്ത 23:15; പ്രവൃ 13:43.

 • ജൂബിലി.

  ഇസ്രായേ​ല്യർ വാഗ്‌ദ​ത്തദേ​ശത്ത്‌ പ്രവേ​ശി​ച്ച​തു​മു​ത​ലുള്ള എല്ലാ 50-‍ാ‍ം വർഷ​ത്തെ​യും കുറി​ക്കു​ന്നു. ജൂബിലി വർഷത്തിൽ ദേശത്ത്‌ കൃഷി ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു; എബ്രാ​യ​യ​ടി​മ​കളെ സ്വത​ന്ത്ര​രാ​യി വിട്ടയ​യ്‌ക്ക​ണ​മാ​യി​രു​ന്നു. വിറ്റു​കളഞ്ഞ അവകാ​ശ​ഭൂ​മി തിരികെ കിട്ടു​മാ​യി​രു​ന്നു. ഒരർഥ​ത്തിൽ ഒരു വർഷം നീണ്ടു​നിന്ന ഉത്സവമാ​ണു ജൂബിലി. ദൈവം ജനതയെ സ്ഥാപി​ച്ചപ്പോ​ഴുള്ള അവസ്ഥയി​ലേക്ക് അവരെ പുനഃ​സ്ഥി​തീ​ക​രിച്ച, സ്വാതന്ത്ര്യ​ത്തി​ന്‍റെ വർഷം!—ലേവ 25:10.

 • ജ്യോ​ത്സ്യൻ.

  ഭാവി​സം​ഭ​വങ്ങൾ പ്രവചി​ക്കാ​നാ​യി സൂര്യന്‍റെ​യും ചന്ദ്ര​ന്‍റെ​യും നക്ഷത്ര​ങ്ങ​ളുടെ​യും ചലനങ്ങൾ പഠിക്കുന്ന വ്യക്തി.—ദാനി 2:27; മത്ത 2:1.

 • ടാർട്ട​റസ്‌.

  നോഹ​യു​ടെ കാലത്തെ അനുസ​ര​ണം​കെട്ട ദൈവ​ദൂ​ത​ന്മാ​രെ ഇട്ടിരി​ക്കുന്ന തടവറ​തു​ല്യ​മായ അധമാ​വ​സ്ഥയെ കുറി​ക്കാൻ ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദം. 2 പത്രോ​സ്‌ 2:4-ലെ ടാർട്ടാ​രു (“ടാർട്ട​റ​സിൽ ഇടുക ”) എന്ന ക്രിയാ​പദം, പുറജാ​തീയ ഐതി​ഹ്യ​ത്തി​ലെ ടാർട്ട​റ​സിൽ (അതായത്‌, പ്രാധാ​ന്യം കുറഞ്ഞ ദേവന്മാർക്കുള്ള ഭൂമി​ക്ക​ടി​യി​ലെ അന്ധകാരം നിറഞ്ഞ തടവറ​യിൽ) ആണ്‌ “പാപം ചെയ്‌ത ദൈവ​ദൂ​ത​ന്മാ​രെ” ഇട്ടതെന്ന് അർഥമാ​ക്കു​ന്നില്ല. പകരം ദൈവം അവരെ സ്വർഗീ​യ​വാ​സ​സ്ഥ​ല​ത്തു​നി​ന്നും പദവി​ക​ളിൽനി​ന്നും നീക്കി ദൈവ​ത്തി​ന്‍റെ ഉജ്ജ്വല​മായ ഉദ്ദേശ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ കഴിയാത്ത, മാനസി​ക​മായ അന്ധകാ​രാ​വ​സ്ഥ​യിലേക്കു തള്ളിക്ക​ളഞ്ഞു എന്നാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌. അന്ധകാരം എന്നത്‌ അവർക്ക് അന്തിമ​മാ​യി സംഭവി​ക്കാൻപോ​കു​ന്നത്‌ എന്താ​ണെ​ന്നും കാണി​ക്കു​ന്നു. അവരുടെ ഭരണാ​ധി​കാ​രി​യായ പിശാ​ചായ സാത്താനോടൊ​പ്പം അവർക്കു നിത്യ​നാ​ശം സംഭവി​ക്കുമെ​ന്നാ​ണു തിരുവെ​ഴു​ത്തു​കൾ പറയു​ന്നത്‌. അതു​കൊണ്ട് ടാർട്ട​റസ്‌ എന്നതു മത്സരി​ക​ളായ ദൈവ​ദൂ​ത​ന്മാ​രു​ടെ അങ്ങേയറ്റം അധമമായ അവസ്ഥയെ കുറി​ക്കു​ന്നു. ഇതു വെളി​പാട്‌ 20:1-3-ൽ പറയുന്ന ‘അഗാധം’ അല്ല.

 • തടിവി​ലങ്ങ്.

  ശിക്ഷയാ​യി ഒരു വ്യക്തിയെ ബന്ധിക്കുന്ന ഉപകരണം. ചില തടിവി​ല​ങ്ങു​കൾ ഉപയോ​ഗിച്ച് പാദങ്ങൾ മാത്ര​മാ​ണു ബന്ധിക്കു​ന്നത്‌. മറ്റു ചിലത്‌ ഉപയോ​ഗിച്ച് ഒരുപക്ഷേ പാദങ്ങ​ളോ കൈക​ളോ കഴുത്തോ ഒക്കെ ബന്ധിച്ച് ശരീരം വളഞ്ഞി​രി​ക്കുന്ന നിലയി​ലാ​ക്കു​ന്നു.—യിര 20:2; പ്രവൃ 16:24.

 • തമ്മൂസ്‌.

  (1) ഒരു ദേവന്‍റെ പേര്‌. ഇദ്ദേഹത്തെച്ചൊ​ല്ലി യരുശലേ​മി​ലെ വിശ്വാ​സ​ത്യാ​ഗി​ക​ളായ എബ്രാ​യ​സ്‌ത്രീ​കൾ വിലപി​ച്ചി​രു​ന്നു. തമ്മൂസ്‌ ഒരു രാജാ​വാ​യി​രുന്നെ​ന്നും മരണ​ശേഷം അദ്ദേഹ​ത്തി​നു ദിവ്യ​ത്വം കല്‌പി​ക്കു​ക​യാ​യി​രുന്നെ​ന്നും പറയ​പ്പെ​ടു​ന്നു. സുമേ​റി​യൻ ഗ്രന്ഥങ്ങ​ളിൽ തമ്മൂസി​നെ ഡുമുസി എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. തമ്മൂസ്‌, പ്രത്യു​ത്‌പാ​ദ​ന​ത്തിന്‍റെ​യും ഫലപു​ഷ്ടി​യുടെ​യും ദേവത​യായ ഇനാന്ന​യു​ടെ (ബാബിലോ​ണി​ലെ ഇഷ്‌താ​റി​ന്‍റെ) ഭർത്താ​വോ കാമു​ക​നോ ആണെന്നും അതിൽ പറയുന്നു. (യഹ 8:14) (2) ബാബിലോ​ണി​യൻ പ്രവാ​സ​ത്തി​നു ശേഷം, ജൂതരു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ നാലാ​മത്തെ ചാന്ദ്ര​മാ​സ​ത്തി​ന്‍റെ പേര്‌. മതേത​ര​ക​ല​ണ്ട​റി​ലെ പത്താമത്തെ മാസം. ജൂൺ  പകുതി​മു​തൽ ജൂലൈ പകുതി​വരെ​യുള്ള കാലയ​ളവ്‌.—അനു. ബി15 കാണുക.

 • തർശീ​ശു​ക​പ്പ​ലു​കൾ.

  പുരാ​ത​ന​തർശീ​ശിലേക്കു (ഇന്നത്തെ സ്‌പെ​യി​നിലേക്ക്) പോയി​രുന്ന കപ്പലു​കളെ​യാണ്‌ ആദ്യം ഇങ്ങനെ വിളി​ച്ചി​രു​ന്നത്‌. എന്നാൽ ദീർഘ​ദൂ​ര​യാത്ര​യ്‌ക്കു പോകുന്ന വലിയ കപ്പലു​കളെ പിന്നീട്‌ ഇങ്ങനെ വിളി​ക്കാൻതു​ടങ്ങി. ശലോമോ​നും യഹോ​ശാ​ഫാ​ത്തും ഇത്തരം കപ്പലുകൾ കച്ചവടാ​വ​ശ്യ​ങ്ങൾക്ക് ഉപയോ​ഗി​ച്ചി​രു​ന്നു.—1രാജ 9:26; 10:22; 22:48.

 • തലപ്പാവ്‌.

  തലയിൽ ചുറ്റിവെ​ക്കുന്ന തുണി. മഹാപുരോ​ഹി​തൻ മേന്മ​യേ​റിയ ലിനൻകൊ​ണ്ടുള്ള തലപ്പാവ്‌ ധരിച്ചി​രു​ന്നു. അതിന്‍റെ മുൻവ​ശത്ത്‌ നീലച്ച​ര​ടുകൊണ്ട് സ്വർണ​ത്ത​കി​ടു ബന്ധിച്ചി​രു​ന്നു. രാജാ​വി​ന്‍റെ കിരീ​ട​ത്തിന്‌ അടിയിൽ തലപ്പാ​വു​ണ്ടാ​യി​രു​ന്നു. ‘ന്യായം എന്‍റെ തലപ്പാ​വാണ്‌’ എന്ന് ഇയ്യോബ്‌ ആലങ്കാ​രി​ക​മാ​യി പറഞ്ഞു.—പുറ 28:36, 37; ഇയ്യ 29:14; യഹ 21:26.

 • താലന്ത്.

  തൂക്കത്തിന്‍റെ​യും പണത്തിന്‍റെ​യും ഏറ്റവും വലിയ എബ്രാ​യ​യ​ളവ്‌. ഒരു താലന്ത് 34.2 കിലോഗ്രാ​മാണ്‌. ഗ്രീക്കു​താ​ലന്ത് കുറെ​ക്കൂ​ടി ചെറു​താ​യി​രു​ന്നു. ഏതാണ്ട് 20.4 കിലോ​ഗ്രാം വരും. (1ദിന 22:14; മത്ത 18:24)—അനു. ബി14 കാണുക.

 • തിരശ്ശീല.

  വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും വിശു​ദ്ധത്തെ അതിവി​ശു​ദ്ധ​ത്തിൽനിന്ന് വേർതി​രി​ച്ചി​രുന്ന, ഭംഗി​യാ​യി നെയ്‌തെ​ടുത്ത തുണി. കെരൂ​ബു​ക​ളു​ടെ രൂപത്തി​ന്‍റെ ചിത്ര​ത്തു​ന്നൽ അതിലു​ണ്ടാ​യി​രു​ന്നു. (പുറ 26:31; 2ദിന 3:14; മത്ത 27:51; എബ്ര 9:3)—അനു. ബി5 കാണുക.

 • തിരി കെടു​ത്താ​നുള്ള കത്രിക.

  വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും ഉപയോ​ഗി​ച്ചി​രുന്ന സ്വർണ​മോ ചെമ്പോ കൊണ്ടുള്ള ഉപകരണം. വിളക്കി​ന്‍റെ തിരി മുറി​ക്കാ​നുള്ള, കത്രി​കപോ​ലുള്ള ഉപകര​ണ​മാ​യി​രു​ന്നി​രി​ക്കാം.—2രാജ 25:14.

 • തിരി​കല്ല്.

  ധാന്യം പൊടി​ക്കാൻ ഉപയോ​ഗി​ക്കുന്ന വട്ടത്തി​ലുള്ള കല്ല്. അതേ വട്ടത്തി​ലുള്ള മറ്റൊരു കല്ലിന്‍റെ മുകളിൽ ഇതു വെക്കും. താഴത്തെ കല്ലിന്‍റെ നടുവിൽ പിടി​പ്പി​ച്ചി​രുന്ന കുറ്റി​യിൽക്കി​ടന്ന് മുകളി​ലത്തെ കല്ലു കറങ്ങും. ബൈബിൾക്കാ​ല​ങ്ങ​ളിൽ മിക്ക വീടു​ക​ളി​ലും, സ്‌ത്രീ​കൾ കൈ​കൊണ്ട് തിരി​ക്കുന്ന തിരി​ക​ല്ലു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു. ഒരു കുടും​ബ​ത്തി​നു ദിവസ​വും വേണ്ട ആഹാരം ഉണ്ടാക്കാൻ തിരി​കല്ല് ആവശ്യ​മാ​യി​രു​ന്ന​തുകൊണ്ട് തിരി​ക​ല്ലോ മേൽക്ക​ല്ലോ പണയമാ​യി വാങ്ങു​ന്നതു മോശ​യു​ടെ നിയമം വിലക്കി​യി​രു​ന്നു. വലിയ തിരി​ക​ല്ലു​കൾ മൃഗങ്ങളെ ഉപയോ​ഗിച്ച് കറക്കി​യി​രു​ന്നു.—ആവ 24:6; മർ 9:42.

 • തിരുവെ​ഴു​ത്തു​കൾ.

  ദൈവ​വ​ച​ന​ത്തി​ലെ വിശു​ദ്ധ​ലി​ഖി​തങ്ങൾ. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ മാത്ര​മാണ്‌ ഈ പ്രയോ​ഗ​മു​ള്ളത്‌.—ലൂക്ക 24:27; 2തിമ 3:16.

 • തിസ്രി.

  ഏഥാനീം, അനു. ബി15 കാണുക.

 • തീത്തടാ​കം.

  തീയും ഗന്ധകവും കത്തുന്ന ഒരു ആലങ്കാ​രി​ക​സ്ഥലം. “രണ്ടാം മരണ”മെന്നും വിളി​ച്ചി​രി​ക്കു​ന്നു. മാനസാ​ന്ത​ര​മി​ല്ലാത്ത പാപി​കളെ​യും പിശാ​ചിനെ​യും എന്തി​നേറെ, മരണ​ത്തെ​യും ശവക്കു​ഴിയെ​യും (അഥവാ ഹേഡിസ്‌.) പോലും തീത്തടാ​ക​ത്തിലേക്ക് എറിയു​ന്നു. ഇപ്പറഞ്ഞ ആത്മജീ​വി​കളെ​യും മരണ​ത്തെ​യും ഹേഡി​സിനെ​യും ഒന്നും തീ ബാധി​ക്കി​ല്ലാ​ത്ത​തുകൊണ്ട് ഈ തടാകം ഒരു പ്രതീകം മാത്ര​മാണ്‌; നിത്യ​ദ​ണ്ഡ​ന​ത്തിന്‍റെയല്ല, നിത്യ​നാ​ശ​ത്തി​ന്‍റെ പ്രതീകം.—വെളി 19:20; 20:14, 15; 21:8.

 • തുകൽച്ചു​രുൾ.

  ചെമ്മരി​യാട്‌, കോലാ​ട്‌, കാളക്കു​ട്ടി എന്നിവ​യു​ടെ തോലുകൊ​ണ്ടുള്ള തുകൽച്ചു​രു​ളു​കൾ എഴുതാൻ ഉപയോ​ഗി​ച്ചി​രു​ന്നു. പപ്പൈ​റ​സിനെ​ക്കാൾ ഈടു​നിൽക്കുന്ന ഇത്‌ ഉപയോ​ഗിച്ച് ബൈബി​ളി​ന്‍റെ ചുരു​ളു​കൾ ഉണ്ടാക്കി. പൗലോ​സ്‌ തിമൊഥെയൊ​സിനോ​ടു കൊണ്ടു​വ​രാൻ പറഞ്ഞ തുകൽച്ചു​രു​ളു​കൾ സാധ്യ​ത​യ​നു​സ​രിച്ച് എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളു​ടെ ഭാഗങ്ങ​ളാ​യി​രു​ന്നു. ചില ചാവു​കടൽ ചുരു​ളു​കൾ തുകൽച്ചു​രു​ളു​ക​ളാ​യി​രു​ന്നു.—2തിമ 4:13.

 • തൂൺ; സ്‌തംഭം.

  നേരെ​യുള്ള താങ്ങ് അല്ലെങ്കിൽ അതു​പോ​ലുള്ള എന്തെങ്കി​ലും. ചരി​ത്രപ്ര​ധാ​ന​മായ സംഭവങ്ങൾ ഓർമി​ക്കാൻ തൂണുകൾ സ്ഥാപി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ശലോ​മോൻ പണിത ദേവാ​ല​യ​ത്തി​ലും കൊട്ടാ​ര​ത്തി​ലും തൂണു​ക​ളു​ണ്ടാ​യി​രു​ന്നു. മറ്റു ജനതക​ളിൽപ്പെ​ട്ടവർ വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട് പൂജാ​സ്‌തം​ഭങ്ങൾ നാട്ടി. ചില​പ്പോൾ ഇസ്രായേ​ല്യ​രും അവരെപ്പോ​ലെ പൂജാ​സ്‌തം​ഭങ്ങൾ ഉണ്ടാക്കി. (ന്യായ 16:29; 1രാജ 7:21; 14:23)—മകുടം കാണുക.

 • തേബത്ത്‌.

  ബാബിലോ​ണി​യൻ പ്രവാ​സ​ത്തി​നു ശേഷം, ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ പത്താം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ നാലാം മാസം. ഡിസംബർ പകുതി​മു​തൽ ജനുവരി പകുതി​വരെ​യുള്ള കാലയ​ളവ്‌. ഇതിനെ “പത്താം മാസം” എന്നാണു സാധാരണ വിളി​ക്കാ​റു​ള്ളത്‌. (എസ്ഥ 2:16)—അനു. ബി15 കാണുക.

 • ദക്കപ്പൊ​ലി.

  ഗ്രീക്കു​ന​ഗ​ര​ങ്ങ​ളു​ടെ ഒരു കൂട്ടം; ആദ്യം പത്തു നഗരങ്ങ​ളു​ണ്ടാ​യി​രു​ന്നു. (“പത്ത്‌” എന്ന് അർഥമുള്ള ദക്ക, “നഗരം” എന്ന് അർഥമുള്ള പൊലി​സ്‌ എന്നീ ഗ്രീക്കു​പ​ദ​ങ്ങ​ളിൽനിന്ന്.) ഗലീല കടലിന്‍റെ​യും യോർദാൻ നദിയുടെ​യും കിഴക്കുള്ള പ്രദേ​ശ​വും  ഈ പേരിൽ അറിയപ്പെ​ട്ടി​രു​ന്നു. അവി​ടെ​യാണ്‌ ഈ നഗരങ്ങ​ളിൽ മിക്കതും സ്ഥിതിചെ​യ്‌തി​രു​ന്നത്‌. യവന സംസ്‌കാ​ര​ത്തിന്‍റെ​യും വ്യാപാ​ര​ത്തിന്‍റെ​യും കേന്ദ്ര​മാ​യി​രു​ന്നു അവിടം. യേശു ഈ പ്രദേ​ശ​ത്തു​കൂ​ടെ യാത്ര ചെയ്‌തി​ട്ടുണ്ടെ​ങ്കി​ലും ഈ നഗരങ്ങ​ളിൽ ഏതെങ്കി​ലും സന്ദർശി​ച്ച​താ​യി രേഖയില്ല. (മത്ത 4:25; മർ 5:20)—അനു. എ7, ബി10 കാണുക.

 • ദണ്ഡനസ്‌തം​ഭം.

  സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്‍റെ പരിഭാഷ. കുത്ത​നെ​യുള്ള സ്‌തംഭം അഥവാ ദണ്ഡ് എന്ന് അർഥം. ഇതു​പോലൊ​രു സ്‌തം​ഭ​ത്തി​ലാ​ണു യേശു​വി​നെ വധിച്ചത്‌. ഈ ഗ്രീക്കു​പ​ദ​ത്തി​നു കുരിശ്‌ എന്ന് അർഥമുണ്ടെ​ന്ന​തി​നു യാതൊ​രു തെളി​വു​മില്ല. ക്രിസ്‌തു​വി​നു മുമ്പ് നൂറ്റാ​ണ്ടു​കളോ​ളം പുറജാ​തീ​യർ ഉപയോ​ഗി​ച്ചി​രുന്ന മതചി​ഹ്ന​മാ​യി​രു​ന്നു കുരിശ്‌. “ദണ്ഡനസ്‌തം​ഭം” എന്ന വാക്കു ഗ്രീക്കു​പ​ദ​ത്തി​ന്‍റെ എല്ലാ അർഥത​ല​ങ്ങ​ളും വ്യക്തമാ​ക്കു​ന്നു. കാരണം തന്‍റെ അനുഗാ​മി​കൾ നേരി​ടാൻപോ​കുന്ന ദണ്ഡന​ത്തെ​യും കഷ്ടപ്പാ​ടിനെ​യും അപമാ​നത്തെ​യും സൂചി​പ്പി​ക്കാൻ യേശു ഉപയോ​ഗി​ച്ച​തും സ്റ്റോ​റോസ്‌ എന്ന പദംതന്നെ​യാണ്‌. (മത്ത 16:24; എബ്ര 12:2)—സ്‌തംഭം കാണുക.

 • ദശാംശം.

  പത്തി​ലൊന്ന് അല്ലെങ്കിൽ പത്തു ശതമാനം. പ്രത്യേ​കിച്ച് മതപര​മായ ഉദ്ദേശ്യ​ങ്ങൾക്കുവേണ്ടി കാഴ്‌ച​യാ​യി നൽകു​ന്നത്‌. ഇങ്ങനെ പത്തി​ലൊ​ന്നു കൊടു​ക്കു​ന്ന​തി​നെ ‘ദശാംശം കൊടുക്കുക ’ എന്നു പറയുന്നു. (മല 3:10; ആവ 26:12; മത്ത 23:23) മോശ​യു​ടെ നിയമ​മ​നു​സ​രിച്ച് നിലത്തെ വിളവി​ന്‍റെ പത്തി​ലൊ​ന്നും ആടുമാ​ടു​ക​ളു​ടെ വർധന​യു​ടെ പത്തി​ലൊ​ന്നും വർഷംതോ​റും ലേവ്യർക്കൊ​രു സഹായ​മാ​യി കൊടു​ക്ക​ണ​മാ​യി​രു​ന്നു. ലേവ്യർ ഇതിന്‍റെ പത്തി​ലൊന്ന് അഹരോ​ന്‍റെ പുരോ​ഹി​ത​കു​ടും​ബത്തെ സഹായി​ക്കാൻ അവർക്കു കൊടു​ക്കും. മറ്റു ചില ദശാം​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ ദശാംശം കൊടുക്കേ​ണ്ട​തില്ല.

 • ദഹനയാ​ഗം.

  ദൈവ​ത്തിന്‌ അർപ്പി​ച്ചി​രുന്ന ഒരു മൃഗബലി. മൃഗത്തി​ന്‍റെ (കാള, ആൺചെ​മ്മ​രി​യാട്‌, ആൺകോ​ലാട്‌, ചെങ്ങാ​ലിപ്രാവ്‌, പ്രാവിൻകു​ഞ്ഞ് എന്നിവ​യു​ടെ) ഒരു ഭാഗവും ആരാധകർ എടുത്തി​രു​ന്നില്ല; അതു മുഴു​വ​നാ​യി യാഗപീ​ഠ​ത്തിൽ ദഹിപ്പി​ച്ചി​രു​ന്നു.—പുറ 29:18; ലേവ 6:9.

 • ദാഗോൻ.

  ഫെലി​സ്‌ത്യ​രു​ടെ ഒരു ദൈവം. ഈ വാക്കിന്‍റെ ഉൽപത്തി സംബന്ധി​ച്ച് നിശ്ചയ​മില്ല. എന്നാൽ ചില പണ്ഡിത​ന്മാർ ഇതിനെ ദാഗ്‌ (മത്സ്യം) എന്ന എബ്രാ​യ​പ​ദ​വു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നു.—ന്യായ 16:23; 1ശമു 5:4.

 • ദാനം.

  ബുദ്ധി​മു​ട്ടി​ലാ​യ​വർക്കു നൽകുന്ന സഹായം. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ഇതെക്കു​റിച്ച് നേരിട്ട് പരാമർശി​ച്ചി​ട്ടില്ല. എന്നാൽ ദരി​ദ്രരോ​ടുള്ള കടമകളെ​ക്കു​റിച്ച് ഇസ്രായേ​ല്യർക്കുള്ള നിയമ​ത്തിൽ വ്യക്തമായ നിർദേ​ശങ്ങൾ നൽകി​യി​രു​ന്നു.—മത്ത 6:2.

 • ദാരിക്ക്.

  8.4 ഗ്രാം തൂക്കം വരുന്ന ഒരു പേർഷ്യൻ സ്വർണ​നാ​ണയം. (1ദിന 29:7)—അനു. ബി14 കാണുക.

 • ദാവീ​ദി​ന്‍റെ നഗരം.

  ദാവീദ്‌ യബൂസ്‌ നഗരം പിടി​ച്ച​ടക്കി അവിടെ രാജഭ​വനം പണിത​ശേഷം ആ നഗരത്തി​നു ലഭിച്ച പേര്‌. സീയോൻ എന്നും ഇത്‌ അറിയപ്പെ​ടു​ന്നു. യരുശലേ​മി​ന്‍റെ തെക്കു​കി​ഴ​ക്കുള്ള ഈ നഗരം അവിടത്തെ ഏറ്റവും പുരാ​ത​ന​മായ സ്ഥലമാ​യി​രു​ന്നു.—2ശമു 5:7; 1ദിന 11:4, 5.

 • ദാവീ​ദു​പുത്രൻ.

  മിക്ക​പ്പോ​ഴും യേശു​വി​നെ പരാമർശി​ക്കു​ന്നു. ദാവീ​ദി​ന്‍റെ വംശാ​വ​ലി​യി​ലെ ഒരാൾ നിവർത്തി​ക്കേണ്ട രാജ്യ ഉടമ്പടി​യു​ടെ അവകാശി യേശു​വാണെന്ന് ഊന്നി​പ്പ​റ​യാൻ ഈ പദപ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു.—മത്ത 12:23; 21:9.

 • ദിനാറെ.

  ഏകദേശം 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളി​നാ​ണയം. അതിന്‍റെ ഒരു വശത്ത്‌ സീസറി​ന്‍റെ ചിത്ര​മു​ണ്ടാ​യി​രു​ന്നു. ഒരു കൂലി​ക്കാ​രന്‍റെ ഒരു ദിവസത്തെ കൂലി​യാ​യി​രു​ന്നു അത്‌. ഈ നാണയ​മാ​ണു റോമാ​ക്കാർ ജൂതന്മാ​രിൽനിന്ന് “തലക്കര”മായി പിരി​ച്ചി​രു​ന്നത്‌. (മത്ത 22:17; ലൂക്ക 20:24)—അനു. ബി14 കാണുക.

 • ദിവ്യ​ജ്ഞാ​നി.

  ദൈ​വേഷ്ടം വിവേ​ചി​ച്ച​റി​യാൻ ദൈവം പ്രാപ്‌ത​നാ​ക്കിയ വ്യക്തി. മനുഷ്യർക്കു പൊതു​വേ കാണാ​നോ മനസ്സി​ലാ​ക്കാ​നോ കഴിയാത്ത കാര്യങ്ങൾ കാണാ​നും മനസ്സി​ലാ​ക്കാ​നും ഉള്ള പ്രാപ്‌തി അദ്ദേഹ​ത്തി​നു ലഭിച്ചി​രു​ന്നു. ആലങ്കാ​രി​ക​മാ​യോ അക്ഷരീ​യ​മാ​യോ “കാണുക ” എന്ന് അർഥം വരുന്ന മൂലപ​ദ​ത്തിൽനി​ന്നാണ്‌ ഇതിന്‍റെ എബ്രാ​യ​പദം വന്നിരി​ക്കു​ന്നത്‌. പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള ജ്ഞാനപൂർവ​മായ ഉപദേ​ശ​ങ്ങൾക്ക് ആളുകൾ ദിവ്യ​ജ്ഞാ​നി​യെ സമീപി​ക്കു​മാ​യി​രു​ന്നു.—1ശമു 9:9.

 • ദുഷ്ടൻ.

  ദൈവ​ത്തി​നും ദൈവ​ത്തി​ന്‍റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കും എതിരെ നില​കൊ​ള്ളുന്ന പിശാ​ചായ സാത്താന്‍റെ ഒരു സ്ഥാന​പ്പേര്‌.—മത്ത 6:13; 1യോഹ 5:19.

 • ദേവാ​ല​യം.

  കൊണ്ടു​ന​ട​ക്കാ​വുന്ന വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു പകരം ഇസ്രായേ​ല്യർ ആരാധ​ന​യു​ടെ കേന്ദ്ര​മാ​യി യരുശലേ​മിൽ സ്ഥിരമാ​യി ഉണ്ടാക്കിയ കെട്ടിടം. ആദ്യത്തെ ദേവാ​ലയം നിർമി​ച്ചതു ശലോമോ​നാ​യി​രു​ന്നു. അതു ബാബിലോ​ണി​യർ നശിപ്പി​ച്ചു. രണ്ടാമ​ത്തേതു ബാബിലോ​ണി​ലെ പ്രവാ​സ​ത്തിൽനിന്ന് വന്നശേഷം സെരു​ബ്ബാ​ബേൽ നിർമി​ച്ച​താ​യി​രു​ന്നു. പിന്നീട്‌ മഹാനായ ഹെരോ​ദ്‌ അതു പുതു​ക്കി​പ്പ​ണി​തു. തിരുവെ​ഴു​ത്തു​ക​ളിൽ ദേവാ​ല​യത്തെ  മിക്ക​പ്പോ​ഴും “യഹോ​വ​യു​ടെ ഭവനം” എന്നാണു വിളി​ക്കാ​റു​ള്ളത്‌. (എസ്ര 1:3; 6:14, 15; 1ദിന 29:1; 2ദിന 2:4; മത്ത 24:1)—അനു. ബി8, ബി11 കാണുക.

 • ദേഹി.

  എബ്രാ​യ​പ​ദ​മായ നെഫെ​ഷിന്‍റെ​യും ഗ്രീക്കു​പ​ദ​മായ സൈക്കി​യുടെ​യും പരിഭാഷ. ബൈബി​ളിൽ ഈ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി കാണി​ക്കു​ന്നത്‌, ഇവ (1) ആളുകളെ​യോ (2) മൃഗങ്ങളെ​യോ (3) ആളുക​ളു​ടെ അല്ലെങ്കിൽ മൃഗങ്ങ​ളു​ടെ ജീവ​നെ​യോ അർഥമാ​ക്കു​ന്നു എന്നാണ്‌. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കു​റി​പ്പു​ക​ളും) “ദേഹി” എന്ന പദം പല മതങ്ങളും ഉപയോ​ഗി​ക്കാ​റുണ്ട്. എന്നാൽ ഭൗമി​ക​ജീ​വി​കളെ കുറി​ക്കുമ്പോൾ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾക്ക് അവർ കല്‌പി​ക്കുന്ന അർഥമല്ല ഉള്ളതെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. തൊട്ടുനോ​ക്കാ​വു​ന്ന​തിനെ​യും കാണാ​വു​ന്ന​തിനെ​യും മരണമു​ള്ള​തിനെ​യും ആണ്‌ ഈ പദങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. ഈ പരിഭാ​ഷ​യിൽ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾ മിക്ക​പ്പോ​ഴും സന്ദർഭ​ത്തി​ന​നു​സ​രിച്ച് “ജീവൻ,” “ജീവി,” “വ്യക്തി,” ‘പ്രാണൻ’ എന്നൊക്കെ​യോ അല്ലെങ്കിൽ വ്യക്തിയെ കുറി​ക്കുന്ന സർവനാ​മ​മാ​യോ (ഉദാഹ​ര​ണ​ത്തിന്‌ “എന്‍റെ ദേഹി” എന്നതിന്‌ “ഞാൻ.”) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മിക്ക സ്ഥലങ്ങളി​ലും അടിക്കു​റി​പ്പു​ക​ളിൽ “ദേഹി” എന്നു കൊടു​ത്തി​ട്ടുണ്ട്. പ്രധാ​ന​പാ​ഠ​ത്തി​ലോ അടിക്കു​റി​പ്പു​ക​ളി​ലോ “ദേഹി” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ടെ​ങ്കിൽ അതു മേൽപ്പറഞ്ഞ വിശദീ​ക​ര​ണ​ത്തി​നു ചേർച്ച​യിൽ വേണം മനസ്സി​ലാ​ക്കാൻ. മുഴുദേ​ഹിയോ​ടെ എന്തെങ്കി​ലും ചെയ്യുക എന്നു പറയു​മ്പോൾ അർഥമാ​ക്കു​ന്നതു ജീവിതം അതിനു​വേണ്ടി വിട്ടുകൊ​ടു​ക്കുക എന്നോ പൂർണ​മ​നസ്സോ​ടെ അതു ചെയ്യുക എന്നോ മനസ്സും ശരീര​വും മുഴു​വ​നാ​യി അതിനു​വേണ്ടി അർപ്പി​ക്കുക എന്നോ ആണ്‌. (ആവ 6:5; മത്ത 22:37) ചില സന്ദർഭ​ങ്ങ​ളിൽ ഈ പദങ്ങൾ ജീവി​ക​ളു​ടെ അതിയായ ആഗ്രഹത്തെ​യോ ആർത്തിയെ​യോ കുറി​ക്കു​ന്നു. കൂടാതെ അവയ്‌ക്കു മരിച്ച വ്യക്തിയെ​യോ മൃതശ​രീ​രത്തെ​യോ അർഥമാ​ക്കാ​നാ​കും.—സംഖ 6:6; സുഭ 23:2; യശ 56:11; ഹഗ്ഗ 2:13.

 • ദൈവ​ദൂ​തൻ.

  എബ്രാ​യ​യിൽ മലഖ്‌. ഗ്രീക്കിൽ അഗെ​ലോസ്‌. രണ്ടു പദങ്ങളുടെ​യും അർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. എന്നാൽ ദൈവ​ത്തിൽനി​ന്നുള്ള സന്ദേശ​വാ​ഹ​കരെ​ക്കു​റിച്ച് പറയു​മ്പോൾ “ദൂതൻ” എന്നോ “ദൈവ​ദൂ​തൻ” എന്നോ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (ഉൽ 16:7; 32:3; യാക്ക 2:25; വെളി 22:8) മനുഷ്യർക്കു വളരെ മുമ്പ് ദൈവം സൃഷ്ടിച്ച ശക്തരായ ആത്മജീ​വി​ക​ളാ​ണു ദൈവ​ദൂ​ത​ന്മാർ. ബൈബി​ളിൽ അവരെ ‘വിശു​ദ്ധ​സ​ഹസ്രങ്ങൾ,’ “ദൈവ​പുത്ര​ന്മാർ,” “പ്രഭാ​ത​ന​ക്ഷത്രങ്ങൾ” എന്നെല്ലാം വിളി​ച്ചി​ട്ടുണ്ട്. (ആവ 33:2; ഇയ്യ 1:6; 38:6) ദൂതന്മാ​രായ മക്കളെ ജനിപ്പി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെയല്ല ദൈവം അവരെ സൃഷ്ടി​ച്ചത്‌; ഓരോ ദൂത​നെ​യും ദൈവം സൃഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അവരുടെ എണ്ണം പത്തു കോടി​യി​ലും വളരെ അധിക​മാണ്‌. (ദാനി 7:10) അവർക്ക് ഓരോ​രു​ത്തർക്കും പേരുണ്ടെ​ന്നും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളുണ്ടെ​ന്നും ബൈബിൾ സൂചി​പ്പി​ക്കു​ന്നു. എങ്കിലും അവർ ആരാധന സ്വീക​രി​ക്കാൻ താഴ്‌മയോ​ടെ വിസമ്മ​തി​ക്കു​ന്നു. പേര്‌ വെളിപ്പെ​ടു​ത്താൻപോ​ലും മിക്കവ​രും തയ്യാറല്ല. (ഉൽ 32:29; ലൂക്ക 1:26; വെളി 22:8, 9) അവർക്കു വ്യത്യ​സ്‌ത​സ്ഥാ​ന​ങ്ങ​ളാ​ണു​ള്ളത്‌. അവരുടെ നിയമ​ന​ങ്ങ​ളും വ്യത്യ​സ്‌ത​മാണ്‌. യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു മുമ്പാകെ ശുശ്രൂഷ ചെയ്യുക, ദൈവ​ത്തി​ന്‍റെ സന്ദേശം അറിയി​ക്കുക, ഭൂമി​യി​ലെ ദൈവ​ദാ​സ​രു​ടെ കാര്യ​ങ്ങ​ളിൽ ഇടപെ​ടുക, യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പാ​ക്കുക, സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നെ പിന്തു​ണ​യ്‌ക്കുക എന്നിവ​യാണ്‌ അവയിൽ ചിലത്‌. (2രാജ 19:35; സങ്ക 34:7; ലൂക്ക 1:30, 31; വെളി 5:11; 14:6) ഭാവി​യിൽ യേശു​വിനോടൊ​പ്പം അവർ അർമ​ഗെദോൻ യുദ്ധത്തിൽ പങ്കെടു​ക്കും.—വെളി 19:14, 15.

 • ദൈവ​ഭ​ക്തി.

  യഹോ​വ​യു​ടെ അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രത്തോ​ടു വിശ്വ​സ്‌തത കാണി​ച്ചുകൊണ്ട് ദൈവ​മായ യഹോ​വയെ ആദരി​ക്കു​ക​യും ആരാധി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്നത്‌.—1തിമ 4:8; 2തിമ 3:12.

 • ദൈവ​രാ​ജ്യം.

  ദൈവ​പുത്ര​നായ യേശുക്രി​സ്‌തു​വി​ന്‍റെ രാജകീ​യ​ഗ​വൺമെ​ന്‍റി​നാൽ പ്രതി​നി​ധാ​നം ചെയ്യുന്ന ദൈവ​ത്തി​ന്‍റെ പരമാ​ധി​കാ​രത്തെ​യാണ്‌ ഈ പ്രയോ​ഗം മുഖ്യ​മാ​യും അർഥമാ​ക്കു​ന്നത്‌.—മത്ത 12:28; ലൂക്ക 4:43; 1കൊ 15:50.

 • ദോള​ന​യാ​ഗം.

  യാഗവ​സ്‌തു പിടി​ച്ചി​രി​ക്കുന്ന ആരാധ​കന്‍റെ കൈയു​ടെ കീഴിൽ പുരോ​ഹി​തൻ തന്‍റെ കൈ ചേർത്തു​പി​ടിച്ച് അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടുന്നു. അല്ലെങ്കിൽ പുരോ​ഹി​തൻതന്നെ യാഗവ​സ്‌തു ആട്ടുന്നു. യാഗവ​സ്‌തു യഹോ​വ​യ്‌ക്ക് അർപ്പി​ക്കു​ന്ന​തിനെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.—ലേവ 7:30.

 • ദ്രഹ്മ.

  ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം ഒരു ഗ്രീക്ക് വെള്ളി​നാ​ണ​യത്തെ കുറി​ക്കു​ന്നു. അക്കാലത്ത്‌ അതിന്‍റെ തൂക്കം 3.4 ഗ്രാം ആയിരു​ന്നു. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ, പേർഷ്യൻ കാലഘ​ട്ട​ത്തി​ലെ ദാരി​ക്കി​നു തുല്യ​മായ സ്വർണദ്ര​ഹ്മയെ​ക്കു​റിച്ച് പരാമർശ​മുണ്ട്. (നെഹ 7:70; മത്ത 17:24)—അനു. ബി14 കാണുക.

 • ധർമനിഷ്‌ഠ.

  നിഷ്‌ക​ളങ്കത, കുറ്റമി​ല്ലായ്‌മ, ധാർമി​ക​മായ നല്ല അവസ്ഥ, സമ്പൂർണ​മായ സ്ഥിതി  എന്നൊക്കെ അർഥം. നീതിയോ​ടുള്ള അചഞ്ചല​മായ പറ്റിനിൽപ്പിനെ​യും ഇതു കുറി​ക്കു​ന്നു. ദൈവ​മായ യഹോ​വയോ​ടുള്ള ഇളകാത്ത ഭക്തിയും ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യത്തോ​ടുള്ള കൂറും കാണി​ക്കു​ന്ന​താ​ണു പരമ​പ്ര​ധാ​നം എന്നു ബൈബി​ളി​ലെ ഈ പദത്തിന്‍റെ ഉപയോ​ഗ​വും ബൈബിൾക്ക​ഥാ​പാത്ര​ങ്ങ​ളും വ്യക്തമാ​ക്കു​ന്നു.—യോശ 24:14; ഇയ്യ 27:5; സങ്ക 26:1 (അടിക്കു​റി​പ്പു​കൾ).

 • ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം.

  അസെൽജിയ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന് വന്നത്‌. ഈ പ്രയോ​ഗം ദൈവ​നി​യ​മ​ങ്ങ​ളു​ടെ ഗുരു​ത​ര​മായ ലംഘനത്തെ​യും ധിക്കാ​ര​വും കടുത്ത ധാർഷ്ട്യ​വും പ്രതി​ഫ​ലി​പ്പി​ക്കുന്ന പ്രവൃ​ത്തി​കളെ​യും കുറി​ക്കു​ന്നു. അധികാ​രത്തോ​ടും നിയമ​ങ്ങളോ​ടും നിലവാ​ര​ങ്ങളോ​ടും ഉള്ള അനാദ​ര​വും അവയോ​ടുള്ള വെറു​പ്പും ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ പ്രയോ​ഗം ചെറിയ തോതി​ലുള്ള തെറ്റായ പെരു​മാ​റ്റത്തെയല്ല കുറി​ക്കു​ന്നത്‌.—ഗല 5:19; 2പത്ര 2:7.

 • നഖവർണി​ക്കല്ല്.

  രത്‌നത്തെ​ക്കാൾ മൂല്യം കുറഞ്ഞ, കടുപ്പ​മുള്ള ഒരിനം അക്കിക്കല്ല്. വർണ​രേ​ഖ​ക​ളുള്ള സ്‌ഫടി​ക​ക്ക​ല്ലും ഈ പേരിൽ അറിയപ്പെ​ടു​ന്നു. നഖവർണി​ക്ക​ല്ലി​നു വെളുത്ത പാളി​കളോടൊ​പ്പം കറുപ്പ്, തവിട്ട്, ചുവപ്പ്, ചാരം, പച്ച എന്നീ നിറങ്ങ​ളി​ലുള്ള പാളികൾ ഇടവി​ട്ടുണ്ട്. മഹാപുരോ​ഹി​തന്‍റെ പ്രത്യേ​ക​വ​സ്‌ത്ര​ത്തി​ലും ഇതു പതിപ്പി​ച്ചി​രു​ന്നു.—പുറ 28:9, 12; 1ദിന 29:2; ഇയ്യ 28:16.

 • നന്ദി​പ്ര​കാ​ശ​ന​യാ​ഗം.

  ദൈവ​ത്തി​ന്‍റെ അചഞ്ചല​സ്‌നേ​ഹ​ത്തി​നും ദൈവം നൽകിയ കാര്യ​ങ്ങൾക്കും ദൈവത്തെ സ്‌തു​തി​ക്കാൻ അർപ്പി​ക്കുന്ന സഹഭോ​ജ​ന​യാ​ഗം. യാഗമാ​യി അർപ്പി​ക്കുന്ന മൃഗത്തി​ന്‍റെ മാംസ​വും പുളി​പ്പുള്ള അപ്പവും പുളി​പ്പി​ല്ലാത്ത അപ്പവും കഴിക്കു​മാ​യി​രു​ന്നു. മാംസം അന്നുതന്നെ കഴിക്ക​ണ​മാ​യി​രു​ന്നു.—2ദിന 29:31.

 • നറുക്ക്.

  തീരു​മാ​നങ്ങൾ എടുക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ചെറിയ കല്ലുകൾ അല്ലെങ്കിൽ തടിക്ക​ഷ​ണങ്ങൾ. ഇതു വസ്‌ത്ര​ത്തി​ന്‍റെ മടക്കി​ലോ പാത്ര​ത്തി​ലോ ഇട്ട് കുലു​ക്കും. എന്നിട്ട് അതിൽനി​ന്ന് ഒരെണ്ണം തിര​ഞ്ഞെ​ടു​ക്കും. അല്ലെങ്കിൽ അതിൽനി​ന്ന് പുറത്ത്‌ വീഴു​ന്നത്‌ എടുക്കും. പ്രാർഥ​നയോടെ​യാണ്‌ ഇതു ചെയ്‌തത്‌. നറുക്ക് എന്ന വാക്ക് “ഓഹരി” അഥവാ “പങ്ക്” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യും അക്ഷരീ​യ​മാ​യും ഉപയോ​ഗി​ക്കാ​റുണ്ട്.—യോശ 14:2; സങ്ക 16:5; സുഭ 16:33; മത്ത 27:35.

 • നസറെ​ത്തു​കാ​രൻ.

  നസറെത്ത്‌ പട്ടണത്തിൽനി​ന്നുള്ള ആളായ​തുകൊണ്ട് യേശു​വി​നെ വിളിച്ച ഒരു പേര്‌. “മുള” എന്നതിന്‌ യശയ്യ 11:1-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രാ​യ​പ​ദ​വു​മാ​യി ബന്ധമു​ണ്ടാ​കാൻ സാധ്യ​ത​യുണ്ട്. പിൽക്കാ​ലത്ത്‌ യേശു​വി​ന്‍റെ അനുഗാ​മി​കളെ​യും ഇങ്ങനെ വിളിച്ചു.—മത്ത 2:23; പ്രവൃ 24:5.

 • നാടു​വാ​ഴി.

  റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലുള്ള സംസ്ഥാ​ന​ത്തി​ലെ ഗവർണർ. ഇദ്ദേഹ​ത്തി​നു ന്യായം വിധി​ക്കാ​നുള്ള അധികാ​ര​മു​ണ്ടാ​യി​രു​ന്നു. കൂടാതെ പട്ടാള​ത്തി​ന്‍റെ ചുമത​ല​യു​മു​ണ്ടാ​യി​രു​ന്നു. ഇദ്ദേഹ​ത്തി​ന്‍റെ പ്രവർത്ത​ന​ങ്ങളെ ഭരണസ​മി​തി വിലയി​രു​ത്തി​യി​രുന്നെ​ങ്കി​ലും ഒരു സംസ്ഥാ​ന​ത്തി​ലെ ഏറ്റവും ഉയർന്ന അധികാ​രി​യാ​യി​രു​ന്നു നാടു​വാ​ഴി.—പ്രവൃ 13:7; 18:12.

 • നാസീർ.

  “തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവൻ,” “സമർപ്പി​തൻ,” “വേർതി​രി​ക്കപ്പെ​ട്ടവൻ” എന്നൊക്കെ അർഥം വരുന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌. രണ്ടു തരം നാസീർവ്ര​ത​സ്ഥ​രുണ്ട്: സ്വമന​സ്സാ​ലെ ആ വ്രത​മെ​ടു​ക്കു​ന്ന​വ​രും ദൈവം നിയമി​ക്കു​ന്ന​വ​രും. ഒരു നിശ്ചി​ത​കാ​ലത്തേക്കു നാസീ​രാ​യി ജീവി​ച്ചുകൊ​ള്ളാമെന്ന് ഒരു സ്‌ത്രീ​ക്കോ പുരു​ഷ​നോ യഹോ​വ​യ്‌ക്കു സവി​ശേ​ഷനേർച്ച നേരാ​മാ​യി​രു​ന്നു. ഇങ്ങനെ സ്വമന​സ്സാ​ലെ വ്രത​മെ​ടു​ക്കു​ന്ന​വർക്കു പ്രധാ​ന​മാ​യി മൂന്നു നിയ​ന്ത്ര​ണ​ങ്ങ​ളുണ്ട്: ലഹരി​പാ​നീ​യ​ങ്ങ​ളും മുന്തി​രി​യിൽനിന്ന് ഉണ്ടാക്കുന്ന സകലവും ഒഴിവാ​ക്കണം, മുടി മുറി​ക്ക​രുത്‌, മൃത​ദേ​ഹ​ത്തിൽ തൊട​രുത്‌. എന്നാൽ ദൈവ​മാ​ണു നാസീ​രാ​യി നിയമി​ക്കു​ന്നതെ​ങ്കിൽ ജീവി​ത​കാ​ലം മുഴുവൻ അവർ അങ്ങനെ തുടരണം, അവർക്കുള്ള നിബന്ധ​നകൾ യഹോ​വ​യാ​ണു വെക്കു​ന്നത്‌.—സംഖ 6:2-7; ന്യായ 13:5.

 • നിയമം.

  ഇതു ബി.സി. 1513-ൽ സീനായ്‌ വിജന​ഭൂ​മി​യിൽവെച്ച് യഹോവ മോശ​യി​ലൂ​ടെ ഇസ്രായേ​ല്യർക്കു കൊടുത്ത നിയമത്തെ മുഖ്യ​മാ​യും സൂചി​പ്പി​ക്കു​ന്നു. ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​കത്തെ പലപ്പോ​ഴും നിയമം എന്നു വിളി​ച്ചി​ട്ടുണ്ട്. (യോശ 23:6; ലൂക്ക 24:44; മത്ത 7:12; ഗല 3:24) മോശ​യു​ടെ നിയമ​ത്തി​ലെ ഏതെങ്കി​ലുമൊ​രു പ്രത്യേ​ക​നി​യ​മത്തെ​യോ നിയമ​ത്തി​നു പിന്നിലെ തത്ത്വ​ത്തെ​യോ സൂചി​പ്പി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—സംഖ 15:16; ആവ 4:8.

 • നീതി.

  ശരിയും തെറ്റും സംബന്ധിച്ച ദൈവ​ത്തി​ന്‍റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ലുള്ള ശരി​യെ​യാ​ണു നീതി എന്നു തിരുവെ​ഴു​ത്തു​ക​ളിൽ പറയു​ന്നത്‌.—ഉൽ 15:6; ആവ 6:25; സുഭ 11:4; സെഫ 2:3; മത്ത 6:33.

 • നീർച്ചാൽ.

  മഴക്കാ​ല​മ​ല്ലാ​ത്തപ്പോൾ വരണ്ടു​കി​ട​ക്കുന്ന അരുവി​യു​ടെ ചാൽ അല്ലെങ്കിൽ താഴ്‌വര. അരുവിയെ​ക്കു​റിച്ച് പറയാ​നും ഈ വാക്കു ചില​പ്പോൾ ഉപയോ​ഗി​ക്കാ​റുണ്ട്. ചില അരുവി​കളെ പോഷി​പ്പി​ക്കുന്ന നീരു​റ​വ​ക​ളു​ള്ള​തി​നാൽ അവ വറ്റി​പ്പോ​കാ​റില്ല. ചില  സന്ദർഭ​ങ്ങ​ളിൽ “താഴ്‌വര” എന്നും വിളി​ക്കാ​റുണ്ട്.—ഉൽ 26:19; സംഖ 34:5; ആവ 8:7; 1രാജ 18:5; ഇയ്യ 6:15.

 • നീസാൻ.

  ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം, ആബീബ്‌ മാസത്തി​നു നൽകിയ പുതിയ പേര്‌. ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ ഒന്നാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ ഏഴാം മാസം. മാർച്ച് പകുതി​മു​തൽ ഏപ്രിൽ പകുതി​വരെ​യുള്ള കാലയ​ളവ്‌. (നെഹ 2:1)—അനു. ബി15 കാണുക.

 • നുകം.

  ഒരാളു​ടെ തോളിൽ വെക്കുന്ന, രണ്ട് അറ്റത്തും ഭാരം തൂക്കുന്ന ഒരു ദണ്ഡ്. അല്ലെങ്കിൽ നിലം ഉഴാനോ വണ്ടി വലിക്കാ​നോ വേണ്ടി രണ്ടു മൃഗങ്ങ​ളു​ടെ (സാധാ​ര​ണ​യാ​യി കന്നുകാ​ലി​ക​ളു​ടെ) കഴുത്തിൽ വെക്കുന്ന തടിക്ക​ഷണം അഥവാ ചട്ടക്കൂട്‌. അടിമകൾ മിക്ക​പ്പോ​ഴും വലിയ ഭാരം ചുമക്കാൻ നുകം ഉപയോ​ഗി​ച്ചി​രു​ന്ന​തി​നാൽ അടിമത്തം, അടിച്ച​മർത്തൽ, കഷ്ടപ്പാട്‌ തുടങ്ങി​യ​വയെ​യോ മറ്റൊ​രാ​ളു​ടെ കീഴി​ലാ​യി​രി​ക്കു​ന്ന​തിനെ​യോ പ്രതി​നി​ധീ​ക​രി​ക്കാൻ ആലങ്കാ​രി​ക​മാ​യി നുകം എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്. നുകം നീക്കുക അല്ലെങ്കിൽ ഒടിക്കുക എന്നു പറയു​ന്നത്‌ അടിമ​ത്ത​ത്തിൽനി​ന്നും അടിച്ച​മർത്ത​ലിൽനി​ന്നും ചൂഷണ​ത്തിൽനി​ന്നും ഉള്ള വിടു​ത​ലി​നെ കുറി​ക്കു​ന്നു.—ലേവ 26:13; മത്ത 11:29, 30.

 • നെഥി​നിം.

  ഇസ്രായേ​ല്യ​ര​ല്ലാത്ത ദേവാ​ല​യസേ​വകർ അല്ലെങ്കിൽ ശുശ്രൂ​ഷകർ. ഈ എബ്രാ​യ​പ​ദ​ത്തി​ന്‍റെ അക്ഷരാർഥം “നൽക​പ്പെ​ട്ടവർ” എന്നാണ്‌. ദേവാ​ല​യസേ​വ​ന​ത്തി​നു നൽക​പ്പെ​ട്ട​വ​രാണ്‌ ഇവരെന്ന് ഇതു സൂചി​പ്പി​ക്കു​ന്നു. ‘ഇസ്രായേൽസ​മൂ​ഹ​ത്തി​നും യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നും വേണ്ടി വിറകു ശേഖരി​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും’ ആയി യോശുവ നിയമിച്ച ഗിബെയോ​ന്യ​രു​ടെ പിന്മു​റ​ക്കാ​രാ​യി​രി​ക്കാം ഇവരിൽ മിക്കവ​രും.—യോശ 9:23, 27; 1ദിന 9:2; എസ്ര 8:17.

 • നെഫി​ലിം.

  മനുഷ്യ​ശ​രീ​രം എടുത്ത ദൈവ​ദൂ​ത​ന്മാർക്കും മനുഷ്യ​സ്‌ത്രീ​കൾക്കും പ്രളയ​ത്തി​നു മുമ്പ് ഉണ്ടായ അക്രമാ​സ​ക്ത​രായ സങ്കരപുത്ര​ന്മാർ.—ഉൽ 6:4.

 • നെയ്‌ത്തു​ത​റി.

  നൂലു​കൊ​ണ്ട് വസ്‌ത്രം ഉണ്ടാക്കുന്ന ഉപകരണം.—പുറ 39:27.

 • നെഹിലോത്ത്‌.

  അഞ്ചാം സങ്കീർത്ത​ന​ത്തി​ന്‍റെ മേലെ​ഴു​ത്തിൽ കാണാം. അർഥം വ്യക്തമല്ല. ഒരു ഊത്തു​വാ​ദ്യ​മാണെന്നു ചിലർ കരുതു​ന്നു. അവർ ഇതിനെ ചാലിൽ (ഓടക്കു​ഴൽ) എന്ന എബ്രാ​യ​പ​ദ​വു​മാ​യി ബന്ധമുള്ള ഒരു എബ്രായ മൂലപ​ദ​വു​മാ​യി ബന്ധിപ്പി​ക്കു​ന്നു. നെഹി​ലോ​ത്ത്‌ ഒരു ഈണമാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്.

 • നേർച്ച.

  എന്തെങ്കി​ലും ചെയ്യാമെ​ന്നോ യാഗമോ കാഴ്‌ച​യോ അർപ്പി​ക്കാമെ​ന്നോ ഏതെങ്കി​ലും സേവന​ത്തിൽ പ്രവേ​ശി​ക്കാമെ​ന്നോ നിയമ​വി​രു​ദ്ധ​മ​ല്ലാത്ത ചില കാര്യങ്ങൾ ചെയ്യില്ലെ​ന്നോ ഒക്കെ ദൈവ​ത്തി​നു വാക്കു കൊടു​ക്കു​ന്നത്‌. സത്യം ചെയ്യു​ന്ന​തി​ന്‍റെ അതേ ഗൗരവം ഇതിനു​മുണ്ട്.—സംഖ 6:2; സഭ 5:4; മത്ത 5:33.

 • നേർച്ച​യാ​ഗം.

  ചില നേർച്ചകൾ നേർന്ന​ശേഷം സ്വമന​സ്സാ​ലെ അർപ്പി​ക്കുന്ന യാഗം.—ലേവ 23:38; 1ശമു 1:21.

 • ന്യായ​വി​ധി​ദി​വസം.

  ഏതെങ്കി​ലും കൂട്ടങ്ങളോ​ടോ ജനതകളോ​ടോ മനുഷ്യ​വർഗത്തോ​ടോ ദൈവം കണക്കു ചോദി​ക്കുന്ന ഒരു പ്രത്യേക ദിവസം അല്ലെങ്കിൽ കാലഘട്ടം. ന്യായം വിധി​ക്കപ്പെ​ട്ട​വർക്കു മരണശിക്ഷ നടപ്പാ​ക്കുന്ന സമയ​ത്തെ​യും ഇത്‌ അർഥമാ​ക്കാം. ചിലർക്കു രക്ഷപ്പെട്ട് നിത്യ​ജീ​വൻ നേടാ​നുള്ള അവസര​വും ന്യായ​വി​ധി പ്രദാനം ചെയ്‌തേ​ക്കാം. ജീവി​ച്ചി​രി​ക്കു​ന്നവർ മാത്രമല്ല കഴിഞ്ഞ കാലത്ത്‌ മരിച്ചുപോ​യ​വ​രും ഉൾപ്പെ​ടുന്ന, വരാനി​രി​ക്കുന്ന ഒരു “ന്യായ​വി​ധി​ദി​വസ”ത്തെക്കു​റിച്ച് യേശുക്രി​സ്‌തു​വും അപ്പോ​സ്‌ത​ല​ന്മാ​രും പറഞ്ഞി​ട്ടുണ്ട്.—മത്ത 12:36.

 • ന്യായാ​ധി​പ​ന്മാർ.

  ഇസ്രായേ​ലിൽ രാജാ​ക്ക​ന്മാർ ഭരണം ആരംഭി​ക്കു​ന്ന​തി​നു മുമ്പുള്ള കാലഘ​ട്ട​ത്തിൽ ജനത്തെ രക്ഷിക്കാൻ യഹോവ ആക്കിവെച്ച പുരു​ഷ​ന്മാർ.—ന്യായ 2:16.

 • ന്യായാ​സ​നം.

  സാധാ​ര​ണ​ഗ​തി​യിൽ വെളി​യിൽ ഉയർത്തിക്കെ​ട്ടിയ, പടിക​ളുള്ള ഒരു തട്ട്. അവിടെ ഇരുന്ന് അധികാ​രി​കൾക്കു ജനങ്ങളെ അഭിസംബോ​ധന ചെയ്യാ​നും തീരു​മാ​നങ്ങൾ അവരെ അറിയി​ക്കാ​നും സാധി​ക്കു​മാ​യി​രു​ന്നു. ‘ദൈവ​ത്തി​ന്‍റെ ന്യായാ​സനം,’ ‘ക്രിസ്‌തു​വി​ന്‍റെ ന്യായാ​സനം’ എന്നീ പ്രയോ​ഗങ്ങൾ മനുഷ്യ​വർഗത്തെ ന്യായം വിധി​ക്കാ​നുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണത്തെ പ്രതീ​കപ്പെ​ടു​ത്തു​ന്നു.—റോമ 14:10; 2കൊ 5:10; യോഹ 19:13.

 • പകർച്ച​വ്യാ​ധി.

  പെട്ടെന്നു പടർന്നു​പി​ടി​ക്കുന്ന മരണക​ര​മായ സാം​ക്ര​മി​കരോ​ഗങ്ങൾ. ദൈവം ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തു​മാ​യി മിക്ക​പ്പോ​ഴും ഇതു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.—സംഖ 14:12; യഹ 38:22, 23; ആമോ 4:10.

 • പണയവ​സ്‌തു.

  കടം വാങ്ങി​യ​യാൾ അതു തിരികെ കൊടു​ക്കു​മെന്ന ഉറപ്പി​നുവേണ്ടി കടം കൊടു​ത്ത​യാൾക്കു നൽകുന്ന വസ്‌തു. ജാമ്യ​വ​സ്‌തു എന്നും വിളി​ക്കു​ന്നു. ദേശത്തെ ദരി​ദ്ര​രുടെ​യും നിസ്സഹാ​യ​രുടെ​യും താത്‌പ​ര്യ​ങ്ങൾ സംരക്ഷി​ക്കാൻ പണയവ​സ്‌തു​വു​മാ​യി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ മോശ​യു​ടെ നിയമ​ത്തി​ലു​ണ്ടാ​യി​രു​ന്നു.—പുറ 22:26; യഹ 18:7.

 • പതിർ.

  ധാന്യം മെതി​ക്കു​ക​യും പാറ്റു​ക​യും ചെയ്യു​മ്പോൾ വേർതി​രി​ച്ചു​കി​ട്ടുന്ന ഉമി. ആർക്കും വേണ്ടാ​ത്ത​തും ഒന്നിനും കൊള്ളാ​ത്ത​തും ആയ എന്തി​നെയെ​ങ്കി​ലും പ്രതീ​കപ്പെ​ടു​ത്താൻ  പതിർ ഒരു അലങ്കാ​രപ്രയോ​ഗ​മാ​യി ഉപയോ​ഗി​ക്കാ​റുണ്ട്.—സങ്ക 1:4; മത്ത 3:12.

 • പപ്പൈ​റസ്‌.

  വെള്ളത്തിൽ വളരുന്ന, ഈറ്റ​പോ​ലുള്ള ഒരു ചെടി. കൂട, പെട്ടി, ബോട്ട് എന്നിവ ഉണ്ടാക്കാൻ ഉപയോ​ഗി​ക്കു​ന്നു. എഴുതാൻ ഉപയോ​ഗി​ക്കുന്ന കടലാ​സുപോ​ലുള്ള സാധനങ്ങൾ നിർമി​ക്കാൻ ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. അനേകം ചുരു​ളു​ക​ളി​ലും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—പുറ 2:3.

 • പരസംഗം.

  ലൈം​ഗിക അധാർമി​കത കാണുക.

 • പരി​ച്ഛേ​ദന.

  പുരു​ഷ​ന്മാ​രു​ടെ ജനനേന്ദ്രി​യ​ത്തി​ന്‍റെ അഗ്രചർമം നീക്കം ചെയ്യു​ന്നത്‌. അബ്രാ​ഹാ​മി​നും വംശജർക്കും ഇതൊരു നിബന്ധ​ന​യാ​യി​രു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ഈ നിബന്ധ​ന​യിൻകീ​ഴി​ലല്ല. ചില സാഹച​ര്യ​ങ്ങ​ളിൽ ആലങ്കാ​രി​ക​മാ​യും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—ഉൽ 17:10; 1കൊ 7:19; ഫിലി 3:3.

 • പരിശു​ദ്ധാ​ത്മാവ്‌.

  തന്‍റെ ഇഷ്ടം നിറ​വേ​റ്റാൻ ദൈവം ഉപയോ​ഗി​ക്കുന്ന, ഊർജം പകരുന്ന അദൃശ്യ​ശക്തി. അതു പരിശു​ദ്ധ​മാണ്‌. കാരണം അങ്ങേയറ്റം ശുദ്ധനും നീതി​മാ​നും ആയ യഹോ​വ​യിൽനി​ന്നാണ്‌ അതു വരുന്നത്‌; കൂടാതെ ഈ ശക്തി ഉപയോ​ഗി​ച്ചാ​ണു ദൈവം വിശു​ദ്ധ​കാ​ര്യ​ങ്ങൾ നിർവ​ഹി​ക്കു​ന്നത്‌.—ലൂക്ക 1:35; പ്രവൃ 1:8.

 • പരീശ​ന്മാർ.

  ഒന്നാം നൂറ്റാ​ണ്ടി​ലെ പ്രധാ​ന​പ്പെട്ട ഒരു യഹൂദ​മ​ത​വി​ഭാ​ഗം. പുരോ​ഹി​ത​വം​ശ​ത്തിൽപ്പെ​ട്ടവർ അല്ലായി​രുന്നെ​ങ്കി​ലും അവർ നിയമ​ത്തി​ലെ ചെറിയ കാര്യ​ങ്ങ​ളിൽപ്പോ​ലും കടും​പി​ടു​ത്തം കാട്ടു​ക​യും അലിഖി​ത​മായ ആചാര​ങ്ങൾക്ക് അതേ പ്രാധാ​ന്യം കൊടു​ക്കു​ക​യും ചെയ്‌തു. (മത്ത 23:23) ഗ്രീക്കു​സം​സ്‌കാ​ര​ത്തി​ന്‍റെ സ്വാധീ​നത്തെ അവർ എതിർത്തു. നിയമ​ത്തി​ലും പാരമ്പ​ര്യ​ങ്ങ​ളി​ലും പാണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ജനങ്ങളു​ടെ മേൽ അവർക്കു വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (മത്ത 23:2-6) അവരിൽ ചിലർ സൻഹെദ്രി​നി​ലെ അംഗങ്ങ​ളാ​യി​രു​ന്നു. ശബത്താ​ച​രണം, പാരമ്പ​ര്യ​ങ്ങൾ, പാപി​കളോ​ടും നികു​തി​പി​രി​വു​കാരോ​ടും ഉള്ള ഇടപെടൽ എന്നീ കാര്യ​ങ്ങ​ളിൽ അവർ മിക്ക​പ്പോ​ഴും യേശു​വി​നെ കുറ്റ​പ്പെ​ടു​ത്തി. തർസൊ​സു​കാ​ര​നായ ശൗൽ ഉൾപ്പെടെ ചില പരീശ​ന്മാർ പിന്നീടു ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നു.—മത്ത 9:11; 12:14; മർ 7:5; ലൂക്ക 6:2; പ്രവൃ 26:5.

 • പർപ്പിൾ.

  തിരുവെ​ഴു​ത്തു​ക​ളിൽ ഈ നിറ​ത്തെ​ക്കു​റിച്ച് പലയി​ടത്ത്‌ പരാമർശി​ച്ചി​ട്ടുണ്ട്. നിറം കൊടു​ക്കാൻ ഉപയോ​ഗി​ക്കുന്ന ചായങ്ങ​ളും രീതി​ക​ളും അനുസ​രിച്ച് നിറത്തി​ന്‌ അൽപ്പസ്വൽപ്പം വ്യത്യാ​സം വന്നേക്കാം. (പുറ 25:4; സംഖ 4:13; യഹ 27:7, 16; ദാനി 5:7, 29; മർ 15:17, 20; ലൂക്ക 16:19; വെളി 17:4) വിലപി​ടി​പ്പു​ള്ള​താ​യി​രു​ന്ന​തുകൊണ്ട് ഈ നിറം പലപ്പോ​ഴും സമ്പന്നത, കീർത്തി, രാജകീ​യപ്രൗ​ഢി എന്നിവ​യു​മാ​യി ബന്ധപ്പെട്ട് ഉപയോ​ഗി​ച്ചി​രു​ന്നു.

 • പറുദീസ.

  മനോ​ഹ​ര​മായ ഒരു പാർക്ക് അഥവാ പൂന്തോ​ട്ടം. ആദ്യത്തെ മനുഷ്യജോ​ടി​ക്കുവേണ്ടി യഹോവ ഉണ്ടാക്കിക്കൊ​ടുത്ത ഏദെനാ​ണ്‌ അത്തരത്തി​ലുള്ള ആദ്യത്തെ സ്ഥലം. യേശു​വി​ന്‍റെ അടുത്ത്‌ ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചി​രുന്ന കുറ്റവാ​ളി​ക​ളിൽ ഒരാ​ളോ​ടു ഭൂമി ഒരു പറുദീ​സ​യാ​കു​മെന്ന കാര്യം യേശു സൂചി​പ്പി​ച്ചു. സാധ്യ​ത​യ​നു​സ​രിച്ച് ഈ പദം 2 കൊരി​ന്ത്യർ 12:4-ൽ ഭാവി​യിൽ വരാൻപോ​കുന്ന പറുദീ​സയെ​യും വെളി​പാട്‌ 2:7-ൽ സ്വർഗീ​യ​പ​റു​ദീ​സയെ​യും ആണ്‌ കുറി​ക്കു​ന്നത്‌.—ഉത്ത 4:13; ലൂക്ക 23:43.

 • പഴഞ്ചൊല്ല്.

  ചുരു​ങ്ങിയ വാക്കു​ക​ളിൽ ഒരു ഗുണപാ​ഠം പഠിപ്പി​ക്കു​ക​യോ ഗഹനമായ സത്യങ്ങൾ അവതരി​പ്പി​ക്കു​ക​യോ ചെയ്യുന്ന ജ്ഞാന​മൊ​ഴി അല്ലെങ്കിൽ ചെറുകഥ. ബൈബി​ളിൽ കടങ്കഥ​ക​ളു​ടെ രൂപത്തി​ലുള്ള പഴഞ്ചൊ​ല്ലു​ക​ളുണ്ട്. പഴഞ്ചൊ​ല്ലിൽ അർഥസ​മ്പു​ഷ്ട​മായ ഭാഷയിൽ ഒരു സത്യം ഉൾക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടാ​കും. അതിനാ​യി മിക്ക​പ്പോ​ഴും അലങ്കാ​രപ്രയോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു. ആളുകളെ നിന്ദി​ക്കാ​നോ പുച്ഛി​ക്കാ​നോ ആയി ഉപയോ​ഗി​ക്കുന്ന സാധാ​ര​ണപ്രയോ​ഗ​ങ്ങ​ളാ​യി ചില ചൊല്ലു​കൾ മാറി.—സഭ 12:9; 2പത്ര 2:22.

 • പവിഴ​ക്കല്ല്.

  ചെറിയ സമു​ദ്ര​ജീ​വി​ക​ളു​ടെ അസ്ഥികൂ​ട​ത്തിൽനിന്ന് രൂപംകൊ​ള്ളുന്ന കല്ലു​പോ​ലെ കാഠി​ന്യ​മുള്ള ഒരു പദാർഥം. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നിങ്ങനെ​യുള്ള വ്യത്യ​സ്‌ത​നി​റ​ങ്ങ​ളിൽ ഇതു കടലിൽ കാണാം. പ്രത്യേ​കി​ച്ചും ചെങ്കട​ലിൽ ഇതു ധാരാ​ള​മു​ണ്ടാ​യി​രു​ന്നു. ബൈബിൾക്കാ​ല​ങ്ങ​ളിൽ ചുവന്ന പവിഴ​ക്കല്ല് വളരെ വില​യേ​റി​യ​താ​യി​രു​ന്നു. മാലയാ​യി കോർത്തും മറ്റ്‌ ആഭരണ​ങ്ങ​ളി​ലും ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു.—സുഭ 8:11.

 • പശ്ചാത്താ​പം.

  മുൻകാ​ല​ജീ​വി​ത​ഗ​തിയെ​ക്കു​റി​ച്ചോ ചെയ്‌തു​പോയ തെറ്റിനെ​ക്കു​റി​ച്ചോ എന്തെങ്കി​ലും ചെയ്യാ​തി​രു​ന്ന​തിനെ​ക്കു​റി​ച്ചോ ഓർത്ത്‌ ആത്മാർഥ​മാ​യി ഖേദി​ക്കു​ന്ന​തിനെ​യാ​ണു ബൈബി​ളിൽ പശ്ചാത്താ​പം എന്നു വിളി​ക്കു​ന്നത്‌. മനോ​ഭാ​വ​ത്തിന്‌ ഉണ്ടാകുന്ന മാറ്റത്തെ മാനസാ​ന്തരം എന്നു വിളി​ക്കു​ന്നു. ആത്മാർഥ​മായ പശ്ചാത്താ​പ​മു​ള്ള​യാൾ പ്രവർത്ത​ന​ങ്ങ​ളിൽ മാറ്റം വരുത്തും.—മത്ത 3:8; പ്രവൃ 3:19; 2പത്ര 3:9.

 • പാനീ​യ​യാ​ഗം.

  യാഗപീ​ഠ​ത്തിൽ വീഞ്ഞ് ഒഴിച്ചു​കൊ​ണ്ട് അർപ്പി​ക്കുന്ന യാഗം. മറ്റു മിക്ക യാഗങ്ങളോ​ടുമൊ​പ്പം അത്‌ അർപ്പി​ച്ചി​രു​ന്നു. സഹക്രി​സ്‌ത്യാ​നി​കൾക്കുവേണ്ടി സ്വയം വിട്ടുകൊ​ടു​ക്കാ​നുള്ള മനസ്സൊ​രു​ക്കം പ്രകടി​പ്പി​ക്കാൻ  പൗലോ​സ്‌ ആലങ്കാ​രി​ക​മാ​യി ഈ പദം ഉപയോ​ഗി​ച്ചു.—സംഖ 15:5, 7; ഫിലി 2:17.

 • പാപപ​രി​ഹാ​ര​ദി​വസം.

  ഇസ്രായേ​ല്യ​രു​ടെ ഏറ്റവും പ്രധാ​ന​പ്പെട്ട വിശു​ദ്ധ​ദി​വസം. യോം കിപ്പൂർ (എബ്രാ​യ​യി​ലുള്ള യോഹ്‌മം ഹക്കിപ്പു​രിം എന്നതിൽനി​ന്ന്; അർഥം, “മറയ്‌ക്കുന്ന ദിവസം.”) എന്നും അറിയപ്പെ​ടു​ന്നു. ഏഥാനീം മാസം 10-‍ാ‍ം തീയതി​യാണ്‌ ഇത്‌ ആചരി​ക്കു​ന്നത്‌. വർഷത്തിൽ ഈ ദിവസം മാത്ര​മാ​ണു മഹാപുരോ​ഹി​തൻ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്‍റെ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കു​ന്നത്‌. തന്‍റെയും മറ്റു ലേവ്യ​രുടെ​യും ജനത്തിന്‍റെ​യും പാപങ്ങൾക്ക് അദ്ദേഹം ബലിമൃ​ഗ​ങ്ങ​ളു​ടെ രക്തം അവിടെ അർപ്പി​ക്കും. വിശു​ദ്ധ​സമ്മേ​ള​ന​ത്തിന്‍റെ​യും ഉപവാ​സ​ത്തിന്‍റെ​യും സമയം​കൂ​ടി​യാ​യി​രു​ന്നു അത്‌. അന്നു ശബത്തു​മാ​യി​രു​ന്നു; ജോലി​കളൊ​ന്നും ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു.—ലേവ 23:27, 28.

 • പാപപ​രി​ഹാ​രം.

  ദൈവത്തെ സമീപി​ക്കാ​നും ആരാധി​ക്കാ​നും വേണ്ടി ജനങ്ങൾ അർപ്പി​ച്ചി​രുന്ന ബലിക​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌ എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ഇത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മോശ​യു​ടെ നിയമ​മ​നു​സ​രി​ച്ചുള്ള ബലികൾ, വിശേ​ഷി​ച്ചും പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ അർപ്പി​ച്ചി​രുന്ന ബലികൾ, വ്യക്തി​കൾക്കും മുഴു​ജ​ന​ത​യ്‌ക്കും പാപമുണ്ടെ​ങ്കി​ലും അവർക്കു ദൈവ​വു​മാ​യി അനുര​ഞ്‌ജന​ത്തി​ലാ​കാൻവേ​ണ്ടി​യാ​യി​രു​ന്നു. മനുഷ്യ​വർഗ​ത്തി​ന്‍റെ പാപങ്ങൾക്ക് എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരിക്ക​ലാ​യി പരിഹാ​രം വരുത്തി യഹോ​വ​യു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ അവസരം നൽകുന്ന യേശു​വി​ന്‍റെ ബലിയെ ഈ ബലികൾ മുൻനി​ഴ​ലാ​ക്കി.—ലേവ 5:10; 23:28; കൊലോ 1:20; എബ്ര 9:12.

 • പാപയാ​ഗം.

  അപൂർണ​മ​നു​ഷ്യ​രു​ടെ ബലഹീനത കാരണം അറിയാ​തെ ചെയ്‌തു​പോയ തെറ്റിനു പരിഹാ​ര​മാ​യി അർപ്പി​ക്കുന്ന ബലി. പാപപ​രി​ഹാ​രം വരുത്തേണ്ട ആളിന്‍റെ അവസ്ഥയും സാഹച​ര്യ​വും അനുസ​രിച്ച് കാള​യെ​മു​തൽ പ്രാവിനെ​വരെ ബലി അർപ്പി​ച്ചി​രു​ന്നു.—ലേവ 4:27, 29; എബ്ര 10:8.

 • പാവന​ര​ഹ​സ്യം.

  ദൈവം നിശ്ചയി​ച്ചി​രി​ക്കുന്ന സമയം​വരെ രഹസ്യ​മാ​ക്കിവെ​ക്കുന്ന ദൈ​വോദ്ദേ​ശ്യ​ത്തി​ന്‍റെ ഒരു വശം. അതു ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌. ദൈവം തിര​ഞ്ഞെ​ടു​ക്കു​ന്ന​വർക്കു മാത്രമേ അതു വെളിപ്പെ​ടു​ത്തു​ക​യു​ള്ളൂ.—മർ 4:11; കൊലോ 1:26.

 • പാവ്‌.

  വസ്‌ത്രം നെയ്യു​മ്പോൾ നെടുകെ ഇടുന്ന നൂലുകൾ. കുറുകെ ഇടുന്ന നൂലു​കളെ ഊട്‌ എന്നു വിളി​ക്കു​ന്നു. പാവു​കൾക്കു കുറുകെ ഒന്നിട​വിട്ട് അടിയി​ലും മുകളി​ലും ആയാണ്‌ ഊട്‌ നെയ്യു​ന്നത്‌.—ന്യായ 16:13.

 • പിതൃ​ഭ​വ​നം.

  ഒരാളു​ടെ അപ്പന്‍റെ വീട്ടി​ലു​ള്ള​വരെ മുഴുവൻ കുറി​ക്കു​ന്നു. അവർ തറവാ​ട്ടിൽനിന്ന് അകലെ​യാ​ണു താമസി​ക്കു​ന്നതെ​ങ്കി​ലും ആ പിതൃ​ഭ​വ​ന​ത്തിൽപ്പെ​ട്ട​വ​രാണ്‌. ചില സാഹച​ര്യ​ങ്ങ​ളിൽ പല കുടും​ബങ്ങൾ ചേർന്ന​താ​കാം ഒരു പിതൃ​ഭ​വനം. പല പിതൃ​ഭ​വ​നങ്ങൾ ചേർന്ന​താണ്‌ ഒരു ഗോത്രം. (ഉദാഹ​ര​ണ​ത്തിന്‌ ഗർശോൻ, കൊഹാ​ത്ത്‌, മെരാരി എന്നിവ​രു​ടെ പിതൃ​ഭ​വ​നങ്ങൾ ചേർന്ന​താ​ണു ലേവി ഗോത്രം.)

 • പിശാച്‌.

  ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ സാത്താനെ വിശേ​ഷി​പ്പി​ക്കുന്ന പേര്‌. അർഥം: “പരദൂ​ഷണം പറയു​ന്നവൻ.” യഹോ​വ​യ്‌ക്കും യഹോ​വ​യു​ടെ വിശു​ദ്ധ​വ​ച​ന​ത്തി​നും വിശു​ദ്ധ​നാ​മ​ത്തി​നും എതിരെ ദൂഷണം പറയു​ന്ന​തി​ലും വ്യാജാരോ​പണം നടത്തു​ന്ന​തി​ലും പ്രധാ​നി​യും മുമ്പനും ആയതുകൊ​ണ്ടാ​ണു സാത്താനെ പിശാച്‌ എന്നു വിളി​ക്കു​ന്നത്‌.—മത്ത 4:1; യോഹ 8:44; വെളി 12:9.

 • പീം.

  ഒരു തൂക്കം; അല്ലെങ്കിൽ ലോഹംകൊ​ണ്ടുള്ള ഉപകര​ണ​ങ്ങൾക്കു മൂർച്ച കൂട്ടാൻ ഫെലി​സ്‌ത്യർ വാങ്ങി​യി​രുന്ന കൂലി. പുരാതന എബ്രാ​യ​വ്യ​ഞ്‌ജ​ന​മായ “പീം” എന്ന് എഴുതിയ ധാരാളം തൂക്കക്ക​ട്ടി​കൾ പുരാ​വ​സ്‌തു​ഗവേ​ഷകർ ഇസ്രായേ​ലിൽനിന്ന് കുഴിച്ചെ​ടു​ത്തി​ട്ടുണ്ട്. അതിന്‍റെ ശരാശരി ഭാരം 7.8 ഗ്രാം ആണ്‌. അത്‌ ഏകദേശം ഒരു ശേക്കെ​ലി​ന്‍റെ മൂന്നിൽ രണ്ടു വരും.—1ശമു 13:20, 21.

 • പുനരു​ത്ഥാ​നം.

  മരണത്തിൽനി​ന്ന് എഴു​ന്നേ​റ്റു​വ​രു​ന്നത്‌. ഇതിന്‍റെ ഗ്രീക്കു​പ​ദ​മായ അനസ്‌താ​സി​സി​ന്‍റെ അക്ഷരാർഥം “എഴു​ന്നേൽപ്പി​ക്കുക; എഴുന്നേറ്റുനിൽക്കുക ” എന്നൊക്കെ​യാണ്‌. ഒൻപതു പുനരു​ത്ഥാ​ന​ങ്ങളെ​ക്കു​റിച്ച് ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്. ദൈവ​മായ യഹോവ യേശു​വി​നെ ഉയിർപ്പി​ച്ച​താണ്‌ അതി​ലൊന്ന്. മറ്റു പുനരു​ത്ഥാ​നങ്ങൾ നടന്നത്‌ ഏലിയ, എലീശ, യേശു, പത്രോ​സ്‌, പൗലോ​സ്‌ എന്നിവ​രി​ലൂടെ​യാണെ​ങ്കി​ലും അവരെ​ല്ലാം അതു ചെയ്‌തതു ദൈവ​ത്തി​ന്‍റെ ശക്തിയാ​ലാ​യി​രു​ന്നു. ‘നീതി​മാ​ന്മാ​രും നീതികെ​ട്ട​വ​രും’ ഭൂമി​യിലേക്കു പുനരു​ത്ഥാ​നപ്പെ​ടു​ന്നതു ദൈ​വോദ്ദേ​ശ്യ​ത്തി​ലെ ഒരു പ്രധാ​ന​ഭാ​ഗ​മാണ്‌. (പ്രവൃ 24:15) സ്വർഗ​ത്തിലേ​ക്കുള്ള പുനരു​ത്ഥാ​നത്തെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്. “നേരത്തേ നടക്കുന്ന” പുനരു​ത്ഥാ​നം, “ഒന്നാമത്തെ” പുനരു​ത്ഥാ​നം എന്നൊക്കെ വിളി​ക്കുന്ന ഈ പുനരു​ത്ഥാ​ന​ത്തിൽ യേശു​വി​ന്‍റെ അഭിഷി​ക്ത​സഹോ​ദ​ര​ന്മാ​രാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.—ഫിലി 3:11; വെളി 20:5, 6; യോഹ 5:28, 29; 11:25.

 • പുരോ​ഹി​തൻ.

  ദൈവത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്‍റെ നിയമ​ങ്ങളെ​ക്കു​റി​ച്ചും ജനത്തെ ഉപദേ​ശി​ച്ചുകൊണ്ട് അവർക്കു​വേണ്ടി ദൈവ​ത്തി​ന്‍റെ  ഔദ്യോ​ഗി​കപ്ര​തി​നി​ധി​യാ​യി സേവി​ച്ച​യാൾ. ജനത്തി​നുവേണ്ടി ബലികൾ അർപ്പി​ക്കു​ക​യും മധ്യസ്ഥത വഹിക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ട് പുരോ​ഹി​തൻ ദൈവ​മു​മ്പാ​കെ ജനത്തെ​യും പ്രതി​നി​ധീ​ക​രി​ച്ചു. മോശ​യു​ടെ നിയമം നിലവിൽ വരുന്ന​തി​നു മുമ്പ് ഗോ​ത്ര​പി​താ​ക്ക​ന്മാ​രാ​യി​രു​ന്നു കുടും​ബ​ത്തി​ന്‍റെ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​രു​ന്നത്‌. മോശ​യു​ടെ നിയമം വന്നതോ​ടെ ലേവി ഗോ​ത്ര​ത്തി​ലെ അഹരോ​ന്‍റെ കുടും​ബ​ത്തി​ലുള്ള പുരു​ഷ​ന്മാർ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചു​തു​ടങ്ങി. ലേവി ഗോ​ത്ര​ത്തിൽ ബാക്കി​യുള്ള പുരു​ഷ​ന്മാർ അവരുടെ സഹായി​ക​ളാ​യും സേവിച്ചു. പുതിയ ഉടമ്പടി നിലവിൽ വന്നപ്പോൾ യേശുക്രി​സ്‌തു മഹാപുരോ​ഹി​ത​നാ​യുള്ള പുരോ​ഹി​ത​ന്മാ​രു​ടെ ഒരു രാജ്യ​മാ​യി​ത്തീർന്നു ആത്മീയ ഇസ്രാ​യേൽ.—പുറ 28:41; എബ്ര 9:24; വെളി 5:10.

 • പുളിച്ച മാവ്‌.

  മാവിന്‍റെ​യും മറ്റും കൂടെ പുളി​പ്പി​ക്കാൻ ചേർക്കു​ന്നത്‌. ഇതു നേരത്തെ ഉണ്ടാക്കിയ പുളിച്ച മാവിൽനി​ന്ന് എടുത്തുവെ​ച്ച​താ​യി​രി​ക്കും. ബൈബി​ളിൽ പാപത്തിന്‍റെ​യും വഷളത്ത​ത്തിന്‍റെ​യും പ്രതീ​ക​മാ​യി ഇതു പലപ്പോ​ഴും ഉപയോ​ഗി​ച്ചി​ട്ടുണ്ട്. എല്ലായി​ടത്തേ​ക്കും വ്യാപി​ക്കുന്ന അദൃശ്യ​മായ വളർച്ചയെ കുറി​ക്കാ​നും പുളിച്ച മാവ്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—പുറ 12:20; മത്ത 13:33; ഗല 5:9.

 • പുളി​പ്പി​ല്ലാ​ത്ത അപ്പത്തിന്‍റെ ഉത്സവം.

  ഇസ്രായേ​ല്യ​രു​ടെ മൂന്നു പ്രധാന വാർഷികോ​ത്സ​വ​ങ്ങ​ളിൽ ആദ്യ​ത്തേത്‌. ഇതു പെസഹ​യു​ടെ പിറ്റേന്ന്, നീസാൻ 15 മുതൽ ഏഴു ദിവസം നീണ്ടു​നി​ന്നു. ഈജി​പ്‌തിൽനിന്ന് പുറ​പ്പെ​ട്ടുപോ​ന്ന​തി​ന്‍റെ ഓർമ​യ്‌ക്കാ​യി പുളി​പ്പി​ല്ലാത്ത അപ്പം മാത്രമേ തിന്നാ​മാ​യി​രു​ന്നു​ള്ളൂ.—പുറ 23:15; മർ 14:1.

 • പുളി​പ്പി​ല്ലാ​ത്ത അപ്പം.

  പുളിപ്പു ചേർക്കാ​തെ ഉണ്ടാക്കിയ അപ്പത്തെ അർഥമാ​ക്കു​ന്നു.—ആവ 16:3; മർ 14:12; 1കൊ 5:8.

 • പൂജാ​സ്‌തൂ​പം.

  ഇതിന്‍റെ എബ്രാ​യ​പദം (അശേര) സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്, (1) പ്രത്യു​ത്‌പാ​ദ​ന​ത്തിന്‍റെ​യും ഫലപു​ഷ്ടി​യുടെ​യും കനാന്യദേ​വി​യായ അശേരയെ പ്രതി​നി​ധീ​ക​രി​ക്കുന്ന ഒരു പൂജാ​സ്‌തൂ​പം, അല്ലെങ്കിൽ (2) അശേര ദേവി​യു​ടെ ഒരു പ്രതിമ. സ്‌തൂപം കുത്ത​നെ​യു​ള്ള​തും, ഭാഗി​ക​മായെ​ങ്കി​ലും തടി​കൊ​ണ്ടു​ള്ള​തും ആകാം. ചില​പ്പോൾ സ്‌തൂ​പങ്ങൾ കൊത്തു​പ​ണി​യി​ല്ലാ​ത്ത​തോ വൃക്ഷങ്ങൾപോ​ലു​മോ ആയിരി​ക്കാം.—ആവ 16:21; ന്യായ 6:26; 1രാജ 15:13.

 • പൂജാ​സ്‌തം​ഭം.

  കുത്ത​നെ​യുള്ള ഒരു തൂൺ. സാധാ​ര​ണ​യാ​യി ഇതു കല്ലു​കൊ​ണ്ടു​ള്ള​താണ്‌. തെളി​വ​നു​സ​രിച്ച് ബാലിന്‍റെ​യും മറ്റു വ്യാജ​ദൈ​വ​ങ്ങ​ളുടെ​യും ലിംഗ​ത്തി​ന്‍റെ ഒരു പ്രതീകം.—പുറ 23:24.

 • പൂപ്പൽരോ​ഗം.

  ഫംഗസ്‌ കാരണം സസ്യങ്ങൾക്ക് ഉണ്ടാകുന്ന രോഗം. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പൂപ്പൽരോ​ഗം, സസ്യങ്ങ​ളു​ടെ തണ്ടുക​ളി​ലും ഇലകളി​ലും കാണുന്ന തുരു​മ്പു​നി​റ​മുള്ള പൂപ്പലാ​ണെന്നു (Puccinia graminis) നിഗമനം ചെയ്യുന്നു.—1രാജ 8:37.

 • പൂരീം.

  എസ്ഥേർ രാജ്ഞി​യു​ടെ കാലത്ത്‌ നാശത്തിൽനി​ന്ന് ജൂതർ രക്ഷപ്പെ​ട്ടത്‌ ഓർക്കാൻ ആദാർ മാസം 14, 15 തീയതി​ക​ളിൽ ആഘോ​ഷി​ച്ചി​രുന്ന വാർഷികോ​ത്സവം. പൂരീം ഒരു എബ്രാ​യ​പ​ദമല്ല. അർഥം: “നറുക്കു​കൾ.” ജൂതരെ ഇല്ലാതാ​ക്കാ​നുള്ള ഹാമാന്‍റെ ഗൂഢപ​ദ്ധതി നടപ്പാ​ക്കാ​നുള്ള ദിവസം നിശ്ചയി​ക്കു​ന്ന​തി​നു ഹാമാൻ പൂര്‌ (നറുക്ക്) ഇട്ടതിൽനി​ന്നാ​ണു പൂരീം ഉത്സവം അല്ലെങ്കിൽ നറുക്കു​ക​ളു​ടെ ഉത്സവം എന്ന പേര്‌ വന്നത്‌.—എസ്ഥ 3:7; 9:26.

 • പെന്തിക്കോ​സ്‌ത്‌.

  എല്ലാ യഹൂദാ​പു​രു​ഷ​ന്മാ​രും യരുശലേ​മിൽവെച്ച് ആഘോ​ഷിക്കേ​ണ്ടി​യി​രുന്ന പ്രധാ​ന​പ്പെട്ട മൂന്ന് ഉത്സവങ്ങ​ളിൽ രണ്ടാമ​ത്തേത്‌. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളി​ലെ വിള​വെ​ടു​പ്പു​ത്സവം അഥവാ വാരോ​ത്സവം എന്നതിനു ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ “അമ്പതാ​മത്തെ (ദിവസം)” എന്ന് അർഥം വരുന്ന പെന്തിക്കോ​സ്‌ത്‌ എന്ന വാക്കാണ്‌. നീസാൻ 16 മുതലുള്ള 50-‍ാമത്തെ ദിവസ​മാണ്‌ ഇത്‌ ആഘോ​ഷി​ച്ചി​രു​ന്നത്‌.—പുറ 23:16; 34:22; പ്രവൃ 2:1.

 • പെസഹ.

  ഈജി​പ്‌തിൽനിന്ന് ഇസ്രായേ​ല്യർക്കു വിടുതൽ ലഭിച്ച​തി​നെ അനുസ്‌മ​രി​ച്ചുകൊണ്ട് ആബീബ്‌ മാസം (പിന്നീട്‌ നീസാൻ എന്ന് അറിയ​പ്പെട്ടു.) 14-‍ാ‍ം തീയതി ആചരിച്ച വാർഷികോ​ത്സവം. കുഞ്ഞാ​ടി​നെ (അല്ലെങ്കിൽ കോലാ​ടി​നെ) അറുത്ത്‌ ചുട്ടെ​ടുത്ത്‌ കയ്‌പു​ചീ​ര​യുടെ​യും പുളി​പ്പി​ല്ലാത്ത അപ്പത്തിന്‍റെ​യും കൂടെ കഴിച്ചുകൊ​ണ്ടാണ്‌ ഇത്‌ ആചരി​ച്ചത്‌.—പുറ 12:27; യോഹ 6:4; 1കൊ 5:7.

 • പേർഷ്യ; പേർഷ്യ​ക്കാർ.

  മേദ്യ​യുടെ​കൂ​ടെ മിക്ക​പ്പോ​ഴും പരാമർശി​ക്കാ​റുള്ള പ്രദേ​ശ​മാ​ണു പേർഷ്യ; അവി​ടെ​യുള്ള ജനമാണു പേർഷ്യ​ക്കാർ. മേദ്യ​രു​മാ​യി ബന്ധമുണ്ടെ​ന്നും കരുതു​ന്നു. ആദ്യകാ​ലത്ത്‌, ഇറാനി​യൻ പീഠഭൂ​മി​യു​ടെ തെക്കു​പ​ടി​ഞ്ഞാ​റൻ ഭാഗങ്ങ​ളിൽ മാത്രമേ പേർഷ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു​ള്ളൂ. മഹാനായ കോ​രെ​ശി​ന്‍റെ (ഇദ്ദേഹ​ത്തി​ന്‍റെ അച്ഛൻ പേർഷ്യ​ക്കാ​ര​നും അമ്മ മേദ്യ​ക്കാ​രി​യും ആണെന്നു ചില പുരാ​ത​ന​ച​രിത്ര​കാ​ര​ന്മാർ അഭി​പ്രാ​യപ്പെ​ടു​ന്നു.) ഭരണത്തി​ലൂ​ടെ പേർഷ്യ​ക്കാർ മേദ്യ​രു​ടെ മേൽ അധീശ​ത്വം നേടി. എങ്കിലും അവർ ഒരുമി​ച്ച് ഭരണം നടത്തി. ബി.സി. 539-ൽ കോ​രെശ്‌ ബാബി​ലോൺ സാമ്രാ​ജ്യം കീഴടക്കി, അടിമ​ത്ത​ത്തി​ലാ​യി​രുന്ന ജൂതരെ സ്വദേ​ശത്തേക്കു മടങ്ങിപ്പോ​കാൻ അനുവ​ദി​ച്ചു. പേർഷ്യൻ സാമ്രാ​ജ്യം കിഴക്ക് സിന്ധു നദിമു​തൽ പടിഞ്ഞാ​റ്‌ ഈജിയൻ കടൽവരെ  വ്യാപി​ച്ചു​കി​ടന്നു. ബി.സി. 331-ൽ മഹാനായ അലക്‌സാ​ണ്ടർ പേർഷ്യ​യെ തോൽപ്പി​ക്കു​ന്ന​തു​വരെ പേർഷ്യൻ ഭരണത്തിൻകീ​ഴി​ലാ​യി​രു​ന്നു ജൂതർ. ദാനി​യേൽ ഒരു ദർശന​ത്തിൽ പേർഷ്യൻ സാമ്രാ​ജ്യ​ത്തെ മുൻകൂ​ട്ടി കണ്ടിരു​ന്നു. എസ്ര, നെഹമ്യ, എസ്ഥേർ എന്നീ ബൈബിൾപു​സ്‌ത​ക​ങ്ങ​ളി​ലും പേർഷ്യയെ​ക്കു​റിച്ച് പരാമർശി​ച്ചി​രി​ക്കു​ന്നു. (എസ്ര 1:1; ദാനി 5:28)—അനു. ബി9 കാണുക.

 • പോർണി​യ.

  ലൈം​ഗിക അധാർമി​കത കാണുക.

 • പ്രത്തോ​റി​യൻ സേന.

  റോമൻ ചക്രവർത്തി​യു​ടെ അംഗര​ക്ഷ​ക​രായ ഒരു കൂട്ടം റോമൻ പട്ടാള​ക്കാർ. ചക്രവർത്തി​യെ താഴെ​യി​റ​ക്കാ​നോ നിലനി​റു​ത്താ​നോ കഴിയുന്ന പ്രബല​മായ ഒരു രാഷ്‌ട്രീ​യ​ശ​ക്തി​യാ​യി ഈ സേന മാറി.—ഫിലി 1:13, അടിക്കു​റിപ്പ്.

 • പ്രഭാ​ത​ന​ക്ഷത്രം.

  ഉദയന​ക്ഷ​ത്രം കാണുക.

 • പ്രവചനം.

  ദൈവപ്രചോ​ദി​ത​മായ ഒരു സന്ദേശം. ഇതു ദൈ​വേഷ്ടം വെളിപ്പെ​ടു​ത്തു​ന്ന​തോ പ്രഖ്യാ​പി​ക്കു​ന്ന​തോ ആകാം. പ്രവച​ന​ത്തിൽ ദൈവ​ത്തിൽനി​ന്നുള്ള സന്മാർഗ​പാ​ഠ​ങ്ങ​ളും ദൈവ​ത്തി​ന്‍റെ ആജ്ഞകളും ന്യായ​വി​ധി​ക​ളും സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളു​ടെ പ്രഖ്യാ​പ​ന​ങ്ങ​ളും ഉൾപ്പെട്ടേ​ക്കാം.—യഹ 37:9, 10; ദാനി 9:24; മത്ത 13:14; 2പത്ര 1:20, 21.

 • പ്രവാ​ച​കൻ.

  ദൈവം തന്‍റെ ഉദ്ദേശ്യ​ങ്ങൾ മറ്റുള്ള​വരെ അറിയി​ക്കാൻ ഉപയോ​ഗി​ക്കു​ന്ന​യാൾ. ദൈവ​ത്തി​ന്‍റെ വക്താക്ക​ളാ​യി പ്രവർത്തി​ക്കുന്ന പ്രവാ​ച​ക​ന്മാർ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യങ്ങൾ മാത്രമല്ല യഹോ​വ​യു​ടെ പഠിപ്പി​ക്ക​ലു​ക​ളും ആജ്ഞകളും ന്യായ​വി​ധി​ക​ളും അറിയി​ക്കു​ന്നു.—ആമോ 3:7; 2പത്ര 1:21.

 • പ്രവാസം.

  ഒരാളെ സ്വന്തം ദേശത്തു​നി​ന്നോ വീട്ടിൽനി​ന്നോ പ്രവാ​സി​യാ​യി പിടി​ച്ചുകൊ​ണ്ടുപോ​കു​ന്നത്‌. പലപ്പോ​ഴും കീഴട​ക്കു​ന്ന​വ​രു​ടെ ഉത്തരവ​നു​സ​രി​ച്ചാ​യി​രി​ക്കും ഇങ്ങനെ ബന്ദിയാ​യി കൊണ്ടുപോ​കു​ന്നത്‌. എബ്രാ​യ​വാ​ക്കി​ന്‍റെ അർഥം: “പുറ​പ്പെടൽ.” ഇസ്രായേ​ല്യർ രണ്ടു തവണ നീണ്ട കാലം പ്രവാ​സ​ത്തി​ലാ​യി. ആദ്യം പത്തു-ഗോത്ര വടക്കേ രാജ്യ​ത്തു​ള്ള​വരെ അസീറി​യ​ക്കാർ പിടി​ച്ചുകൊ​ണ്ടുപോ​യി. പിന്നീടു രണ്ടു-ഗോത്ര തെക്കേ രാജ്യ​ത്തു​ള്ള​വരെ ബാബിലോൺകാ​രും പിടി​ച്ചുകൊ​ണ്ടുപോ​യി. ഈ രണ്ടു കൂട്ടരി​ലും കുറെ പേർ പേർഷ്യൻ രാജാ​വായ കോ​രെ​ശി​ന്‍റെ കാലത്ത്‌ സ്വദേ​ശത്തേക്കു മടങ്ങി​വന്നു.—2രാജ 17:6; 24:16; എസ്ര 6:21.

 • ഫറവോൻ.

  ഈജി​പ്‌തി​ലെ രാജാ​ക്ക​ന്മാ​രു​ടെ സ്ഥാന​പ്പേര്‌. ബൈബി​ളിൽ അഞ്ചു ഫറവോ​ന്മാ​രു​ടെ പേരു​ക​ളുണ്ട് (ശീശക്ക്, സോ, തിർഹാക്ക, നെഖോ, ഹോഫ്ര). എന്നാൽ മറ്റുള്ള​വ​രു​ടെ പേര്‌ പറഞ്ഞി​ട്ടില്ല. അബ്രാ​ഹാം, മോശ, യോ​സേഫ്‌ എന്നിവ​രു​മാ​യി അടുത്ത്‌ ഇടപഴ​കിയ ഫറവോ​ന്മാർ അതിൽപ്പെ​ടും.—പുറ 15:4; റോമ 9:17.

 • ഫെലി​സ്‌ത്യ; ഫെലി​സ്‌ത്യർ.

  ഇസ്രായേ​ലി​ന്‍റെ തെക്കുള്ള തീര​പ്രദേ​ശത്തെ​യാ​ണു പിന്നീടു ഫെലി​സ്‌ത്യ എന്നു വിളി​ച്ചത്‌. ക്രേത്ത​യിൽനിന്ന് കുടി​യേറി താമസിച്ച അവി​ടെ​യുള്ള ആളുകളെ ഫെലി​സ്‌ത്യർ എന്നും വിളി​ക്കു​ന്നു. ദാവീദ്‌ അവരെ കീഴ്‌പെ​ടു​ത്തിയെ​ങ്കി​ലും അവർ സ്വത​ന്ത്ര​രാ​യി തുടർന്നു; എക്കാല​വും ഇസ്രായേ​ലി​ന്‍റെ ശത്രു​ക്ക​ളു​മാ​യി​രു​ന്നു. (പുറ 13:17; 1ശമു 17:4; ആമോ 9:7)—അനു. ബി4 കാണുക.

 • ബത്ത്‌.

  ഏകദേശം 22 ലിറ്റർ വരുന്ന ഒരു ദ്രാവ​ക​യ​ളവ്‌. പുരാ​വ​സ്‌തു​ഗവേ​ഷകർ കണ്ടെടുത്ത, ഈ പേരി​ലുള്ള ഭരണി​യു​ടെ കഷണങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ കണക്ക്. ബൈബി​ളി​ലെ മറ്റു ഖര-ദ്രാവക അളവുകൾ മിക്കതും കണക്കാ​ക്കു​ന്നതു ബത്ത്‌ അളവിനെ ആധാര​മാ​ക്കി​യാണ്‌. (1രാജ 7:38; യഹ 45:14)—അനു. ബി14 കാണുക.

 • ബയെത്‌സെബൂബ്‌.

  ഭൂതങ്ങ​ളു​ടെ പ്രഭു അഥവാ അധികാ​രി ആയ സാത്താനെ വിളി​ക്കുന്ന ഒരു പേര്‌. ഫെലി​സ്‌ത്യർ എക്രോ​നിൽ ആരാധി​ച്ചി​രുന്ന ബാൽ ദൈവ​മായ ബാൽ-സെബൂ​ബി​ന്‍റെ പേരിൽനി​ന്ന് വന്നതാ​യി​രി​ക്കാം ഇത്‌.—2രാജ 1:3; മത്ത 12:24.

 • ബലി.

  നന്ദി കാണി​ക്കു​ന്ന​തിന്‍റെ​യും തെറ്റു സമ്മതി​ക്കു​ന്ന​തിന്‍റെ​യും ദൈവ​വു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‍റെ​യും പ്രതീ​ക​മാ​യി ദൈവ​ത്തിന്‌ അർപ്പി​ക്കുന്ന യാഗം. ഹാബേൽ മുതലുള്ള ആളുകൾ മൃഗങ്ങൾ ഉൾപ്പെടെ പല തരം ബലികൾ സ്വമന​സ്സാ​ലെ അർപ്പി​ച്ചുപോ​ന്നു. പിന്നീട്‌ മോശ​യു​ടെ നിയമ ഉടമ്പടി ബലികൾ അർപ്പി​ക്കു​ന്നത്‌ ഒരു വ്യവസ്ഥ​യാ​ക്കി. യേശു സ്വന്തം ജീവൻ പൂർണ​ത​യുള്ള ബലിയാ​യി അർപ്പി​ച്ചതോ​ടെ മൃഗബ​ലി​ക​ളു​ടെ ആവശ്യ​മി​ല്ലാ​താ​യി. എങ്കിലും ക്രിസ്‌ത്യാ​നി​കൾ ആത്മീയ അർഥത്തിൽ ബലികൾ അർപ്പി​ക്കു​ന്നു.—ഉൽ 4:4; എബ്ര 13:15, 16; 1യോഹ 4:10.

 • ബാധ.

  എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം യഹോവ ശിക്ഷയാ​യി അയയ്‌ക്കുന്ന പകർച്ച​വ്യാ​ധിയെ​യോ രോഗത്തെ​യോ ദുരന്തത്തെ​യോ കുറി​ക്കു​ന്നു.—സംഖ 16:49.

 • ബാൽ.

  ആകാശ​ത്തി​ന്‍റെ ഉടയവ​നും മഴയുടെ​യും പ്രത്യു​ത്‌പാ​ദ​ന​ത്തിന്‍റെ​യും ഫലപു​ഷ്ടി​യുടെ​യും ദൈവ​വും ആയി കരുതപ്പെ​ടുന്ന ഒരു കനാന്യ​ദേവൻ. നാട്ടിലെ ചെറിയ ദൈവ​ങ്ങളെ​യും ‘ബാൽ’ എന്നു വിളി​ക്കാ​റുണ്ട്. എബ്രാ​യ​വാ​ക്കി​ന്‍റെ അർഥം “ഉടയവൻ; യജമാനൻ”  എന്നൊക്കെ​യാണ്‌.—1രാജ 18:21; റോമ 11:4.

 • ബൂൽ.

  ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ എട്ടാം മാസം; മതേത​ര​ക​ല​ണ്ട​റി​ലെ രണ്ടാം മാസം. “ഫലം കായ്‌ക്കുക, ഉണ്ടാകുക ” എന്നൊക്കെ അർഥമുള്ള ഒരു മൂലപ​ദ​ത്തിൽനി​ന്നാണ്‌ ഇതു വന്നിരി​ക്കു​ന്നത്‌. ഒക്‌ടോ​ബർ പകുതി​മു​തൽ നവംബർ പകുതി​വരെ​യുള്ള കാലയ​ളവ്‌. (1രാജ 6:38)—അനു. ബി15 കാണുക.

 • ഭർത്തൃസഹോദരധർമം.

  ദൈവ​ജ​ന​ത്തിന്‌ ഇടയി​ലു​ണ്ടാ​യി​രുന്ന ഒരു സമ്പ്രദാ​യം. പിന്നീട്‌ ഇതു മോശ​യു​ടെ നിയമ​ത്തി​ന്‍റെ ഭാഗമാ​യി. ഇതനു​സ​രിച്ച് ഒരാൾ, ആൺമക്ക​ളി​ല്ലാ​തെ മരിച്ചു​പോയ തന്‍റെ സഹോ​ദ​രന്‍റെ പരമ്പര നിലനി​റു​ത്താൻ അദ്ദേഹ​ത്തി​ന്‍റെ ഭാര്യയെ വിവാഹം ചെയ്യണ​മാ​യി​രു​ന്നു. ദേവര​വി​വാ​ഹം എന്നും അറിയപ്പെ​ടു​ന്നു.—ഉൽ 38:8; ആവ 25:5.

 • ഭാവി പറയു​ന്നവർ.

  ഭാവി​സം​ഭ​വങ്ങൾ മുൻകൂ​ട്ടി​പ്പ​റ​യാ​നുള്ള കഴിവു​ണ്ടെന്ന് അവകാ​ശപ്പെ​ടു​ന്നവർ. മന്ത്രവാ​ദി​കൾ, ഭൂതങ്ങ​ളു​ടെ സഹായ​ത്താൽ ഭാവി​ഫലം പറയു​ന്നവർ, ജ്യോ​ത്സ്യ​ന്മാർ തുടങ്ങി​യ​വരെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്.—ലേവ 19:31; ആവ 18:11; പ്രവൃ 16:16.

 • ഭൂതങ്ങൾ.

  അമാനു​ഷി​ക​ശ​ക്തി​യുള്ള, അദൃശ്യ​രും ദുഷ്ടരും ആയ ആത്മജീ​വി​കൾ. ഉൽപത്തി 6:2-ൽ “സത്യദൈ​വ​ത്തി​ന്‍റെ പുത്ര​ന്മാർ” എന്നും യൂദ 6-ൽ ‘ദൈവ​ദൂ​ത​ന്മാർ’ എന്നും വിളി​ച്ചി​രി​ക്കു​ന്നു. ദുഷ്ടരാ​യി​ട്ടല്ല അവരെ സൃഷ്ടി​ച്ചത്‌. ദൈവ​ദൂ​ത​ന്മാ​രാ​യി​രുന്ന അവർ നോഹ​യു​ടെ നാളിൽ ദൈവ​ത്തോ​ട്‌ അനുസ​ര​ണക്കേടു കാട്ടു​ക​യും സാത്താന്‍റെ​കൂ​ടെ ചേർന്ന് യഹോ​വയെ എതിർക്കു​ക​യും ചെയ്‌തു​കൊ​ണ്ട് ദൈവ​ത്തി​ന്‍റെ ശത്രു​ക്ക​ളാ​യി​ത്തീർന്നു.—ആവ 32:17; ലൂക്ക 8:30; പ്രവൃ 16:16; യാക്ക 2:19.

 • ഭൂതവിദ്യ.

  മരിച്ച​വ​രു​ടെ ആത്മാവ്‌ ഭൗതി​ക​ശ​രീ​ര​ത്തി​ന്‍റെ മരണത്തെ അതിജീ​വി​ക്കുമെ​ന്നും അവയ്‌ക്കു ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി സംസാ​രി​ക്കാ​നാ​കുമെ​ന്നും അവ സംസാ​രി​ക്കു​ന്നുണ്ടെ​ന്നും ഉള്ള വിശ്വാ​സം. മിക്ക​പ്പോ​ഴും അവയുടെ സ്വാധീ​ന​ത്തിൻകീ​ഴി​ലുള്ള ഒരു വ്യക്തി​യി​ലൂ​ടെ (ആത്മാക്ക​ളോ​ട്‌ ഉപദേശം തേടുന്ന ഒരാളി​ലൂ​ടെ) ആണ്‌ സംസാ​രി​ക്കു​ന്നതെ​ന്നും വിശ്വ​സി​ക്കു​ന്നു. “ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ” എന്നതിന്‍റെ ഗ്രീക്കു​പ​ദ​മായ ഫാർമാ​ക്യ, മരുന്നു​ക​ളോ മയക്കു​മ​രു​ന്നു​ക​ളോ ആയി ബന്ധമുള്ള ഒരു പദമാണ്‌. പുരാ​ത​ന​കാ​ലത്ത്‌ ആഭിചാ​രക്രി​യ​കൾക്കുവേണ്ടി ഭൂതശക്തി ആവാഹി​ക്കാൻ മയക്കു​മ​രുന്ന് ഉപയോ​ഗി​ച്ചി​രു​ന്ന​തുകൊണ്ട് ഫാർമാ​ക്യ ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെ​ടു​ത്തി ഉപയോ​ഗി​ക്കാൻതു​ടങ്ങി.—ഗല 5:20; വെളി 21:8.

 • മകുടം.

  ഒരു തൂണിന്‍റെ, അലങ്കാ​ര​പ്പ​ണിയോ​ടു​കൂ​ടിയ മുകൾഭാ​ഗം. ശലോമോ​ന്‍റെ ആലയത്തി​നു മുമ്പി​ലു​ണ്ടാ​യി​രുന്ന ഇരട്ടത്തൂ​ണു​ക​ളാ​ണു യാഖീ​നും ബോവ​സും. (1രാജ 7:16)—അനു. ബി8 കാണുക.

 • മജിസ്‌റ്റ്രേട്ട്.

  ബാബിലോ​ണി​യൻ ഭരണത്തിൻകീ​ഴിൽ, സംസ്ഥാ​ന​ത്തി​ലെ സൈനി​കേതര ഉദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു പോലീ​സ്‌ മജിസ്‌റ്റ്രേ​ട്ടു​മാർ. അവർക്കു നിയമം അറിയാ​മാ​യി​രു​ന്നു; ന്യായം വിധി​ക്കാൻ ഒരു പരിധി​വരെ​യുള്ള അധികാ​ര​വു​മു​ണ്ടാ​യി​രു​ന്നു. റോമൻ കോള​നി​ക​ളിൽ, മജിസ്‌റ്റ്രേ​ട്ടു​മാർ ഗവൺമെന്‍റ് ഭരണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. ക്രമസ​മാ​ധാ​ന​പാ​ലനം, സാമ്പത്തി​ക​കാ​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യുക, നിയമ​ലം​ഘ​കരെ ന്യായം വിധി​ക്കുക, ശിക്ഷ നടപ്പാ​ക്കാ​നുള്ള കല്‌പന പുറ​പ്പെ​ടു​വി​ക്കുക എന്നിവ​യാ​യി​രു​ന്നു അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ.—ദാനി 3:2; പ്രവൃ 16:20.

 • മതവി​ഭാ​ഗം; വിഭാഗം.

  പ്രത്യേ​ക​മായ ഏതെങ്കി​ലും ഉപദേ​ശത്തോ​ടോ ഒരു നേതാ​വിനോ​ടോ പറ്റിനിൽക്കു​ക​യും തങ്ങളുടേ​തായ വിശ്വാ​സങ്ങൾ പിൻപ​റ്റു​ക​യും ചെയ്യുന്ന ആളുക​ളു​ടെ കൂട്ടം. യഹൂദ​മ​ത​ത്തി​ന്‍റെ പ്രധാ​ന​പ്പെട്ട രണ്ടു വിഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു പരീശ​വി​ഭാ​ഗ​വും സദൂക്യ​വി​ഭാ​ഗ​വും. ക്രിസ്‌ത്യാ​നി​ക​ള​ല്ലാ​ത്തവർ ക്രിസ്‌ത്യാ​നി​ത്വ​ത്തെ ഒരു ‘മതവി​ഭാ​ഗം’ എന്നോ ‘നസറെ​ത്തു​കാ​രു​ടെ മതവി​ഭാ​ഗം’ എന്നോ വിളി​ച്ചി​രു​ന്നു. യഹൂദ​മ​ത​ത്തിൽനിന്ന് വേർപെ​ട്ടുപോ​ന്നവർ എന്ന കാഴ്‌ച​പ്പാടോടെ​യാ​യി​രി​ക്കാം ഇത്‌. കാല​ക്ര​മേണ ക്രിസ്‌തീ​യ​സ​ഭ​യി​ലും വിഭാ​ഗങ്ങൾ ഉണ്ടായി. “നിക്കൊ​ലാവൊസ്‌ എന്ന മതവി​ഭാഗ”ക്കാരെ​ക്കു​റിച്ച് വെളി​പാ​ടിൽ എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്.—പ്രവൃ 5:17; 15:5; 24:5; 28:22; വെളി 2:6; 2പത്ര 2:1.

 • മധ്യസ്ഥൻ.

  രണ്ടു കക്ഷികളെ അനുര​ഞ്‌ജി​പ്പി​ക്കാൻ മധ്യസ്ഥത വഹിക്കു​ന്ന​യാൾ. മോശയെ നിയമ ഉടമ്പടി​യുടെ​യും യേശു​വി​നെ പുതിയ ഉടമ്പടി​യുടെ​യും മധ്യസ്ഥ​രാ​യി തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്നു.—ഗല 3:19; 1തിമ 2:5.

 • മനുഷ്യപുത്രൻ.

  സുവിശേ​ഷ​ങ്ങ​ളിൽ ഏകദേശം 80 പ്രാവ​ശ്യം കാണുന്ന ഒരു പ്രയോ​ഗം. യേശുക്രി​സ്‌തു​വി​നെ പരാമർശി​ക്കു​ന്നു. യേശു കേവലം ഭൗതി​ക​ശ​രീ​രം എടുത്ത ഒരു ആത്മജീ​വി​യല്ല; മറിച്ച് ഭൂമി​യിൽ ജനിച്ചു​കൊ​ണ്ട് യേശു ഒരു മനുഷ്യ​നാ​യി​ത്തീർന്നെന്ന് ഈ പദം സൂചി​പ്പി​ക്കു​ന്നു. ദാനി​യേൽ 7:13, 14-ലെ പ്രവചനം യേശു നിറ​വേ​റ്റുമെ​ന്നും ഈ പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നു. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ  യഹസ്‌കേ​ലിനെ​യും ദാനിയേ​ലിനെ​യും ഇങ്ങനെ വിളി​ച്ചി​രി​ക്കു​ന്നതു സന്ദേശ​വാ​ഹ​ക​രായ ആ മനുഷ്യ​രും അവരുടെ സന്ദേശ​ത്തി​ന്‍റെ ഉറവി​ട​മായ ദൈവ​വും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ക്കാ​നാണ്‌.—യഹ 3:17; ദാനി 8:17; മത്ത 19:28; 20:28.

 • മന്ന.

  40 വർഷം വിജന​ഭൂ​മി​യി​ലാ​യി​രു​ന്നപ്പോൾ ഇസ്രായേ​ല്യർ കഴിച്ച പ്രധാ​ന​ഭ​ക്ഷണം. യഹോ​വ​യാണ്‌ അതു കൊടു​ത്തത്‌. ശബത്ത്‌ ഒഴി​കെ​യുള്ള എല്ലാ ദിവസ​വും രാവിലെ, നിലത്ത്‌ മഞ്ഞിന്‍റെ ഒരു ആവരണ​ത്തിന്‌ അടിയിൽ അത്‌ അത്ഭുത​ക​ര​മാ​യി പ്രത്യ​ക്ഷപ്പെട്ടു. ഇസ്രായേ​ല്യർ ആദ്യം അതു കണ്ടപ്പോൾ “ഇത്‌ എന്താണ്‌” (എബ്രാ​യ​യിൽ “മാൻ ഹു?”) എന്നു ചോദി​ച്ചു. (പുറ 16:13-15, 35) മറ്റിട​ങ്ങ​ളിൽ മന്നയെ “സ്വർഗീ​യ​ധാ​ന്യം” (സങ്ക 78:24), “സ്വർഗ​ത്തിൽനി​ന്നുള്ള അപ്പം” (സങ്ക 105:40), “ബലവാ​ന്മാ​രു​ടെ അപ്പം” (സങ്ക 78:25) എന്നൊക്കെ വിളി​ച്ചി​ട്ടുണ്ട്. യേശു മന്നയെ പരാമർശി​ച്ച് ആലങ്കാ​രി​ക​മാ​യും സംസാ​രി​ച്ചു.—യോഹ 6:49, 50.

 • മൽക്കാം.

  അമ്മോ​ന്യ​രു​ടെ പ്രധാ​നദേ​വ​നായ മോ​ലേ​ക്കു​തന്നെ ആയിരി​ക്കാ​നാ​ണു സാധ്യത. (സെഫ 1:5)—മോ​ലേക്ക് കാണുക.

 • മഹലത്‌.

  സങ്കീർത്ത​നങ്ങൾ 53, 88 എന്നിവ​യു​ടെ മേലെ​ഴു​ത്തിൽ കാണുന്ന ഈ പദം തെളി​വ​നു​സ​രിച്ച് സംഗീ​ത​വു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. “ക്ഷീണി​ച്ചുപോ​കുക; രോഗം ബാധിക്കുക ” എന്നൊക്കെ അർഥം വരുന്ന ഒരു എബ്രായ ക്രിയാ​പ​ദ​വു​മാ​യി ഇതിനു ബന്ധമു​ണ്ടാ​യി​രി​ക്കാം. അതു സൂചി​പ്പി​ക്കു​ന്നത്‌ ഇതു വിഷാ​ദ​വും നിരാ​ശ​യും നിഴലി​ക്കുന്ന സംഗീ​ത​മാണെ​ന്നാണ്‌. ഈ രണ്ടു പാട്ടു​ക​ളി​ലെ വരിക​ളും ദുഃഖാർദ്ര​മാണ്‌.

 • മഹാകഷ്ടത.

  “കഷ്ടത” എന്നതിന്‍റെ ഗ്രീക്കു​പദം സാഹച​ര്യ​ങ്ങൾ മൂലം ഉണ്ടാകുന്ന ദുരി​തത്തെ അഥവാ ക്ലേശത്തെ സൂചി​പ്പി​ക്കു​ന്നു. മുമ്പെ​ങ്ങും ഉണ്ടായി​ട്ടി​ല്ലാത്ത ഒരു “മഹാകഷ്ടത” യരുശലേ​മിൽ വരു​മെന്നു യേശു പറയു​ക​യു​ണ്ടാ​യി. അതിലും പ്രധാ​ന​മാ​യി ഭാവി​യിൽ താൻ ‘മഹത്ത്വത്തോ​ടെ വരു​മ്പോൾ’ മനുഷ്യ​വർഗ​ത്തി​നു വരാനി​രി​ക്കുന്ന വലിയ കഷ്ടത​യെ​ക്കു​റി​ച്ചും യേശു പറഞ്ഞു. (മത്ത 24:21, 29-31) ‘ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കാ​ത്ത​വർക്കും’ ഉള്ള ദൈവ​ത്തി​ന്‍റെ നീതി​യുള്ള വിധി​യാണ്‌ ഈ കഷ്ടത​യെന്നു പൗലോ​സ്‌ വിശദീ​ക​രി​ച്ചു. യേശു​വി​ന്‍റെ നേതൃ​ത്വ​ത്തിൽ സ്വർഗീ​യ​സൈ​ന്യം ‘കാട്ടു​മൃ​ഗ​ത്തി​നും ഭൂമി​യി​ലെ രാജാ​ക്ക​ന്മാർക്കും അവരുടെ സൈന്യ​ത്തി​നും’ എതിരെ യുദ്ധം ചെയ്യു​മെന്നു വെളി​പാട്‌ 19-‍ാ‍ം അധ്യായം സൂചി​പ്പി​ക്കു​ന്നു. (2തെസ്സ 1:6-8; വെളി 19:11-21) “ഒരു മഹാപു​രു​ഷാ​രം” ഈ കഷ്ടതയെ അതിജീ​വി​ക്കു​ന്ന​താ​യും പറഞ്ഞി​രി​ക്കു​ന്നു. (വെളി 7:9, 14)—അർമ​ഗെദോൻ കാണുക.

 • മഹാപുരോഹിതൻ.

  മോശ​യു​ടെ നിയമ​മ​നു​സ​രിച്ച് ദൈവ​മു​മ്പാ​കെ ജനത്തെ പ്രതി​നി​ധീ​ക​രി​ച്ചി​രുന്ന പ്രധാ​ന​പുരോ​ഹി​തൻ. മറ്റു പുരോ​ഹി​ത​ന്മാ​രു​ടെ മേൽനോ​ട്ടം അദ്ദേഹ​ത്തി​നാ​യി​രു​ന്നു. ‘മുഖ്യ​പുരോ​ഹി​തൻ’ എന്നും അറിയപ്പെ​ടു​ന്നു. (2ദിന 26:20; എസ്ര 7:5) വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും പിന്നീടു ദേവാ​ല​യ​ത്തിലെ​യും ഏറ്റവും അകത്തെ മുറി​യായ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കാൻ അദ്ദേഹ​ത്തി​നു മാത്രമേ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഓരോ വർഷവും പാപപ​രി​ഹാ​ര​ദി​വസം മാത്ര​മാണ്‌ അങ്ങനെ പ്രവേ​ശി​ച്ചി​രു​ന്നത്‌. യേശുക്രി​സ്‌തു​വിനെ​യും “മഹാപുരോ​ഹി​തൻ” എന്നു വിളി​ച്ചി​ട്ടുണ്ട്.—ലേവ 16:2, 17; 21:10; മത്ത 26:3; എബ്ര 4:14.

 • മാതളനാരങ്ങ.

  ആപ്പിളി​ന്‍റെ രൂപവും ഒരറ്റത്ത്‌ കിരീ​ട​ത്തി​ന്‍റെ ആകൃതി​യും ഉള്ള പഴം. അതിന്‍റെ പുറംതോ​ടി​നു നല്ല കട്ടിയാ​ണ്‌. അകം ചാറു നിറഞ്ഞ ചെറിയ അല്ലികൾകൊ​ണ്ട് നിറഞ്ഞി​രി​ക്കു​ന്നു. ഓരോ അല്ലിയി​ലും ചുവപ്പോ ഇളംചു​വ​പ്പോ നിറത്തി​ലുള്ള ഒരു കുരു​വുണ്ട്. മഹാപുരോ​ഹി​തന്‍റെ കൈയി​ല്ലാത്ത നീലയ​ങ്കി​യു​ടെ വിളു​മ്പി​ലും ദേവാ​ല​യ​ത്തി​ന്‍റെ മുന്നി​ലു​ണ്ടാ​യി​രുന്ന തൂണു​ക​ളായ യാഖീന്‍റെ​യും ബോവ​സിന്‍റെ​യും മകുട​ങ്ങ​ളി​ലും മാതള​നാ​ര​ങ്ങ​യു​ടെ ആകൃതി​യി​ലുള്ള അലങ്കാ​ര​പ്പ​ണി​കൾ ഉണ്ടായി​രു​ന്നു.—പുറ 28:34; സംഖ 13:23; 1രാജ 7:18.

 • മാനസാന്തരം.

  പശ്ചാത്താ​പം കാണുക.

 • മാർഗം.

  യഹോവ അംഗീ​ക​രി​ക്കു​ന്ന​തോ അംഗീ​ക​രി​ക്കാ​ത്ത​തോ ആയ പ്രവർത്ത​ന​രീ​തിയെ​യോ ജീവി​തത്തെ​യോ സൂചി​പ്പി​ക്കു​ന്ന​തി​നു തിരുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഒരു ആലങ്കാ​രി​കപ്രയോ​ഗം. യേശുക്രി​സ്‌തു​വി​ന്‍റെ അനുഗാ​മി​കളെ “ഈ മാർഗ”ത്തിൽപ്പെ​ട്ട​വരെന്നു വിളി​ച്ചി​രു​ന്നു. അതായത്‌ യേശു​വി​ന്‍റെ മാതൃക അനുക​രിച്ച് യേശുക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തിൽ കേന്ദ്രീ​ക​രിച്ച ഒരു ജീവി​ത​മാർഗ​മാണ്‌ അവർ നയിച്ചി​രു​ന്നത്‌.—പ്രവൃ 19:9.

 • മാർച്ചട്ട.

  വിശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കുമ്പോഴെ​ല്ലാം ഇസ്രായേ​ലി​ലെ മഹാപുരോ​ഹി​തൻ മാറിൽ ധരിച്ചി​രുന്ന, കല്ലുകൾവെച്ച് അലങ്കരിച്ച തുണി. യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ വെളിപ്പെ​ടു​ത്തുന്ന ഊറീ​മും തുമ്മീ​മും ഇതിലു​ണ്ടാ​യി​രു​ന്ന​തി​നാൽ “ന്യായ​വി​ധി​യു​ടെ മാർച്ചട്ട” എന്നാണ്‌ ഇത്‌ അറിയപ്പെ​ട്ടി​രു​ന്നത്‌. (പുറ 28:15-30)—അനു. ബി5 കാണുക.

 • മാസിഡോണിയ.

  മഹാനായ അലക്‌സാ​ണ്ട​റി​ന്‍റെ കീഴിൽ പ്രാമു​ഖ്യത നേടിയ, ഗ്രീസി​നു വടക്കുള്ള പ്രദേശം. ഇതു റോമാ​ക്കാർ കീഴട​ക്കു​ന്ന​തു​വരെ സ്വത​ന്ത്ര​മാ​യി​രു​ന്നു. പൗലോ​സ്‌ അപ്പോ​സ്‌തലൻ ആദ്യമാ​യി യൂറോ​പ്പ് സന്ദർശി​ച്ചപ്പോൾ മാസിഡോ​ണിയ ഒരു റോമൻ സംസ്ഥാ​ന​മാ​യി​രു​ന്നു.  പൗലോ​സ്‌ ആ പ്രദേശം മൂന്നു പ്രാവ​ശ്യം സന്ദർശി​ച്ചു. (പ്രവൃ 16:9)—അനു. ബി13 കാണുക.

 • മാസ്‌കിൽ.

  13 സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തി​ലുള്ള ഒരു എബ്രാ​യ​പദം. അർഥം വ്യക്തമല്ല; “ധ്യാന​നി​ര​ത​മായ കവിത” എന്നായി​രി​ക്കാ​നാ​ണു സാധ്യത. ‘വിവേ​കത്തോ​ടെ സേവിക്കുക ’ എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന, സമാന​മായ മറ്റൊരു പദവു​മാ​യി ഇതിനു ബന്ധമു​ണ്ടെന്നു ചിലർ കരുതു​ന്നു.—2ദിന 30:22; സങ്ക 32:മേലെ.

 • മിക്താം.

  ആറു സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തി​ലെ എബ്രാ​യ​പദം. (സങ്ക 16, 56–60) ഈ സാങ്കേ​തി​ക​പ​ദ​ത്തി​ന്‍റെ അർഥം വ്യക്തമല്ല; “ആലേഖനം” എന്ന വാക്കു​മാ​യി ബന്ധമു​ണ്ടെന്നു കരുതു​ന്നു.

 • മിന.

  യഹസ്‌കേ​ലിൽ മാനേ എന്നും പറഞ്ഞി​രി​ക്കു​ന്നു. തൂക്ക​ത്തെ​യും വില​യെ​യും കുറി​ക്കുന്ന അളവ്‌. ഒരു മിന 50 ശേക്കെൽ ആണെന്നും ഒരു ശേക്കെൽ 11.4 ഗ്രാം ആണെന്നും ഉള്ള പുരാ​വ​സ്‌തുതെ​ളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളി​ലെ ഒരു മിന 570 ഗ്രാം ആണ്‌. മുഴത്തി​ന്‍റെ കാര്യ​ത്തിലെ​ന്നപോ​ലെ വലിയ അളവി​ലുള്ള മിനയു​മു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളി​ലെ ഒരു മിന 100 ദ്രഹ്മയ്‌ക്കു തുല്യ​മാ​യി​രു​ന്നു; തൂക്കം 340 ഗ്രാം. 60 മിന ആണ്‌ ഒരു താലന്ത്. (എസ്ര 2:69; ലൂക്ക 19:13)—അനു. ബി14 കാണുക.

 • മിൽക്കോം.

  അമ്മോ​ന്യർ ആരാധി​ച്ചി​രുന്ന ഒരു ദൈവം. മോ​ലേക്ക് എന്ന ദൈവം​തന്നെ​യാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്. (1രാജ 11:5, 7) തന്‍റെ ഭരണത്തി​ന്‍റെ അവസാ​നത്തോട്‌ അടുത്ത്‌ ശലോ​മോൻ ഈ വ്യാജ​ദൈ​വത്തെ ആരാധി​ക്കാൻ ഉയർന്ന സ്ഥലങ്ങൾ പണിതു.—മോ​ലേക്ക് കാണുക.

 • മില്ലോ.

  ദാവീ​ദി​ന്‍റെ നഗരത്തി​ലെ ഭൂമി​ശാ​സ്‌ത്ര​പ​ര​മായ പ്രത്യേ​കത അല്ലെങ്കിൽ ഒരു നിർമി​തി. മേൽക്കൂ​ര​യുള്ള ഭിത്തി​ക​ളോ മറ്റ്‌ ഏതെങ്കി​ലും തരത്തി​ലുള്ള താങ്ങു​ക​ളോ ആയിരി​ക്കാം.—2ശമു 5:9; 1രാജ 11:27.

 • മിശിഹ.

  “അഭിഷി​ക്തൻ” എന്നതിന്‍റെ എബ്രാ​യ​വാ​ക്കിൽനിന്ന് വന്നത്‌. ഇതിന്‍റെ ഗ്രീക്കു​പ​ദ​ത്തിൽനിന്ന് വന്നതാണു “ക്രിസ്‌തു.”—ദാനി 9:25; യോഹ 1:41.

 • മീറ.

  കൊമ്മി​ഫോറ വർഗത്തിൽപ്പെട്ട വ്യത്യ​സ്‌ത​തരം കുറ്റിച്ചെ​ടി​ക​ളിൽനി​ന്നോ ചെറിയ മരങ്ങളിൽനി​ന്നോ കിട്ടുന്ന സുഗന്ധപ്പശ. വിശു​ദ്ധ​മായ അഭി​ഷേ​ക​തൈലം ഉണ്ടാക്കാ​നുള്ള കൂട്ടിൽ മീറ ചേർത്തി​രു​ന്നു. ശരീര​ത്തിൽ തേക്കുന്ന ലോഷൻ, തിരു​മ്മാ​നുള്ള എണ്ണ എന്നിവ​യിൽ ചേർക്കാ​നും വസ്‌ത്രങ്ങൾ, കിടക്ക എന്നിവ സുഗന്ധ​പൂർണ​മാ​ക്കാ​നും ശവശരീ​രം ഒരുക്കാ​നും ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 30:23; സുഭ 7:17; യോഹ 19:39.

 • മുഖ്യദൂതൻ.

  അർഥം: “ദൈവ​ദൂ​ത​ന്മാ​രു​ടെ തലവൻ.” “മുഖ്യ” എന്ന വിശേ​ഷ​ണ​ത്തി​ന്‍റെ അർഥം “തലവൻ” അല്ലെങ്കിൽ “പ്രധാനി” എന്നാണ്‌. ഈ നിർവ​ച​ന​വും, ബൈബി​ളിൽ ‘മുഖ്യ​ദൂ​തൻ’ എന്ന പദം ഏകവച​ന​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന വസ്‌തു​ത​യും സൂചി​പ്പി​ക്കു​ന്നതു മുഖ്യ​ദൂ​ത​നാ​യി ഒരാളേ ഉള്ളൂ എന്നാണ്‌. ഈ മുഖ്യ​ദൂ​തന്‍റെ പേര്‌ മീഖാ​യേൽ എന്നാ​ണെന്നു ബൈബിൾ വെളിപ്പെ​ടു​ത്തു​ന്നു.—ദാനി 12:1; യൂദ 9; വെളി 12:7.

 • മുഖ്യനായകൻ.

  ഗ്രീക്കു​പ​ദ​ത്തി​ന്‍റെ അടിസ്ഥാന അർഥം “മുഖ്യനേ​താവ്‌” എന്നാണ്‌. വിശ്വ​സ്‌ത​രായ മനുഷ്യ​രെ പാപത്തി​ന്‍റെ മരണക​ര​മായ പിടി​യിൽനിന്ന് മോചി​പ്പിച്ച് നിത്യ​ജീ​വ​നിലേക്കു നയിക്കുന്ന ഏജന്‍റാണു യേശുക്രി​സ്‌തു. ഈ സുപ്ര​ധാ​ന​പ​ങ്കിനെ​യാ​ണു മുഖ്യ​നാ​യകൻ എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌.—പ്രവൃ 3:15, അടിക്കു​റിപ്പ്; 5:31; എബ്ര 2:10, അടിക്കു​റിപ്പ്; 12:2.

 • മുഖ്യപുരോഹിതൻ.

  എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ‘മഹാപുരോ​ഹി​തന്‍റെ’ മറ്റൊരു പേര്‌. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പ്രയോ​ഗം തെളി​വ​നു​സ​രിച്ച് പുരോ​ഹി​ത​ഗ​ണ​ത്തി​ലെ പ്രധാ​നി​കളെ​യാ​ണു കുറി​ക്കു​ന്നത്‌. അധികാ​ര​ത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ട മഹാപുരോ​ഹി​ത​ന്മാ​രും 24 പുരോ​ഹി​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ തലവന്മാ​രും ഇതിൽ ഉൾപ്പെട്ടേ​ക്കാം.—2ദിന 26:20; എസ്ര 7:5; മത്ത 2:4; മർ 8:31.

 • മുടിങ്കോൽ.

  കർഷകർ മൃഗങ്ങളെ തെളി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന, അറ്റത്ത്‌ ലോഹം പിടി​പ്പിച്ച ഒരു നീണ്ട വടി. മുടിങ്കോ​ലി​നെ ജ്ഞാനി​യായ ഒരാളു​ടെ വാക്കു​ക​ളു​മാ​യി താരത​മ്യം ചെയ്‌തി​രി​ക്കു​ന്നു. കേൾവി​ക്കാ​രനെ ആ ജ്ഞാന​മൊ​ഴി​കൾ പ്രവർത്തി​ക്കാൻ പ്രചോ​ദി​പ്പി​ക്കു​മാ​യി​രു​ന്നു. മെരു​ങ്ങാത്ത ഒരു കാള അതിനെ തെളി​ക്കാൻ ഉപയോ​ഗി​ക്കുന്ന മുടിങ്കോ​ലി​നു നേരെ തൊഴി​ച്ച് അതിനു​തന്നെ മുറി​വു​ണ്ടാ​ക്കു​ന്ന​തിൽനി​ന്നാണ്‌ ‘മുടിങ്കോ​ലിൽ തൊഴിക്കുക ’ എന്ന പ്രയോ​ഗം വന്നത്‌.—പ്രവൃ 26:14; ന്യായ 3:31.

 • മുത്ത്‌-ലാബൻ.

  സങ്കീർത്തനം 9-ന്‍റെ മേലെ​ഴു​ത്തിൽ കാണാം. “മകന്‍റെ മരണ​ത്തെ​ക്കു​റിച്ച്” എന്നാണ്‌ അർഥ​മെന്നു പരമ്പരാ​ഗ​ത​മാ​യി കരുതിപ്പോ​രു​ന്നു. ഈ സങ്കീർത്തനം പാടാൻ ഉപയോ​ഗി​ക്കുന്ന അതേ ഈണത്തി​ലുള്ള പരിചി​ത​മായ ഒരു സംഗീ​ത​ത്തി​ന്‍റെ പേരോ അതിന്‍റെ തുടക്ക​ത്തി​ലെ വരിക​ളോ ആണ്‌ ഇതെന്നു ചിലർ നിഗമനം ചെയ്യുന്നു.

 • മുദ്ര.

  ഉടമസ്ഥ​ത​യോ ആധികാ​രി​ക​ത​യോ സമ്മതമോ കാണി​ക്കുന്ന അടയാളം പതിക്കാൻ  (സാധാ​ര​ണ​യാ​യി കളിമ​ണ്ണി​ലോ മെഴു​കി​ലോ) ഉപയോ​ഗി​ക്കുന്ന ഉപകരണം. കട്ടിയുള്ള വസ്‌തു​ക്കൾകൊ​ണ്ടാ​ണു (കല്ല്, ആനക്കൊ​മ്പ്, തടി.) പുരാ​ത​ന​കാ​ലത്ത്‌ മുദ്രകൾ ഉണ്ടാക്കി​യി​രു​ന്നത്‌. അതിൽ അക്ഷരങ്ങ​ളോ രൂപങ്ങ​ളോ വിപരീ​ത​ദി​ശ​യിൽ കൊത്തിവെ​ച്ചി​രു​ന്നു. എന്തി​ന്‍റെയെ​ങ്കി​ലും ആധികാ​രി​ക​ത​യോ കൈവ​ശാ​വ​കാ​ശ​മോ രഹസ്യ​സ്വ​ഭാ​വ​മോ കാണി​ക്കാൻ മുദ്ര എന്ന പദം ആലങ്കാ​രി​ക​മാ​യും ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 28:11; നെഹ 9:38; വെളി 5:1; 9:4.

 • മുദ്രമോതിരം.

  വിരലി​ലോ ചരടിൽ കോർത്ത്‌ കഴുത്തി​ലോ ധരിക്കുന്ന ഒരുതരം മുദ്ര. ഒരു ഭരണാ​ധി​കാ​രി​യുടെ​യോ ഉദ്യോ​ഗ​സ്ഥന്‍റെ​യോ അധികാ​ര​ത്തി​ന്‍റെ പ്രതീകം. (ഉൽ 41:42)—മുദ്ര കാണുക.

 • മുന്തിരിച്ചക്ക്.

  പ്രകൃ​തി​ദ​ത്ത​മായ ചുണ്ണാ​മ്പു​ക​ല്ലിൽ മുകളി​ലും താഴെ​യും ആയി വെട്ടിയെ​ടുത്ത രണ്ടു കുഴികൾ. ഒരു ചാലു​കൊ​ണ്ട് കുഴികൾ ബന്ധിപ്പി​ച്ചി​രു​ന്നു. മുകളി​ലത്തെ കുഴി​യിൽ മുന്തി​രിങ്ങ ചവിട്ടു​മ്പോൾ ചാറ്‌ താഴത്തെ കുഴി​യിലേക്കു ഒഴുകി​വ​രും. ദൈവ​ത്തി​ന്‍റെ ന്യായ​വി​ധി​യെ കുറി​ക്കാൻ ഈ വാക്ക് ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്.—യശ 5:2; വെളി 19:15.

 • മുറ്റം.

  വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു ചുറ്റും വേലി​കെട്ടി തിരി​ച്ചി​രുന്ന തുറസ്സായ സ്ഥലം. പിന്നീട്‌ ആലയം പണിതപ്പോ​ഴും അതിന്‍റെ പ്രധാ​നകെ​ട്ടി​ട​ത്തി​നു ചുറ്റും മതിൽകെട്ടി തിരിച്ച മുറ്റമു​ണ്ടാ​യി​രു​ന്നു. ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്‍റെ മുറ്റത്തും ദേവാ​ല​യ​ത്തി​ന്‍റെ അകത്തെ മുറ്റത്തും ആണ്‌ സ്ഥിതി ചെയ്‌തി​രു​ന്നത്‌. (അനു. ബി5, ബി8, ബി11 കാണുക.) വീടു​ക​ളുടെ​യും കൊട്ടാ​ര​ങ്ങ​ളുടെ​യും മുറ്റങ്ങളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്.—പുറ 8:13; 27:9; 1രാജ 7:12; എസ്ഥ 4:11; മത്ത 26:3.

 • മുഴക്കോൽ.

  മുഴ​ക്കോ​ലിന്‌ ആറു മുഴം നീളം. സാധാരണ ഉപയോ​ഗി​ക്കുന്ന മുഴമ​നു​സ​രിച്ച് 2.67 മീ. (8.75 അടി); നീളം കൂടിയ മുഴമാണെ​ങ്കിൽ 3.11 മീ. (10.2 അടി). (യഹ 40:3, 5; വെളി 11:1)—അനു. ബി14 കാണുക.

 • മുഴം.

  നീളം അളക്കാ​നുള്ള ഒരു അളവ്‌. ഏതാണ്ട്, കൈമു​ട്ടു​മു​തൽ നടുവി​ര​ലി​ന്‍റെ അറ്റംവരെ എത്തുന്ന നീളം. ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്) ആണ്‌ ഇസ്രായേ​ല്യർ സാധാരണ ഒരു മുഴമാ​യി കണക്കാ​ക്കി​യി​രു​ന്നത്‌. എന്നാൽ ഏകദേശം 51.8 സെ.മീ. (20.4 ഇഞ്ച്) വരുന്ന ഒരു വലിയ മുഴവും അവർ ഉപയോ​ഗി​ച്ചി​രു​ന്നു. സാധാ​ര​ണ​മു​ഴ​ത്തി​ന്‍റെ നീള​ത്തോടൊ​പ്പം നാലു വിരൽ വീതി​കൂ​ടി അതിനു​ണ്ടാ​യി​രു​ന്നു. (ഉൽ 6:15; ലൂക്ക 12:25)—അനു. ബി14 കാണുക.

 • മൂപ്പൻ; പ്രായമേ​റിയ പുരുഷൻ.

  മുതിർന്ന ഒരു പുരുഷൻ. തിരുവെ​ഴു​ത്തു​ക​ളിൽ പക്ഷേ, ഒരു സമൂഹ​ത്തി​ലോ ജനതയി​ലോ അധികാ​ര​സ്ഥാ​ന​ത്തും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തും ഉള്ള ഒരു വ്യക്തിയെ​യാ​ണു പ്രധാ​ന​മാ​യും അർഥമാ​ക്കു​ന്നത്‌. വെളി​പാട്‌ പുസ്‌ത​ക​ത്തിൽ സ്വർഗ​ത്തി​ലുള്ള ആത്മവ്യ​ക്തി​കളെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വരെ കുറി​ക്കാൻ പ്രെസ്‌ബി​റ്റെ​റോ​സ്‌ എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ടത്ത്‌ “മൂപ്പൻ” എന്നാണു പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌.—പുറ 4:29; സുഭ 31:23; 1തിമ 5:17; വെളി 4:4.

 • മൂലക്കല്ല്.

  ഒരു കെട്ടി​ട​ത്തി​ന്‍റെ രണ്ടു ചുവരു​കൾ ചേരു​ന്നി​ടത്ത്‌ മൂലയി​ലോ കോണി​ലോ സ്ഥാപി​ച്ചി​രുന്ന കല്ല്. പ്രധാ​ന​മാ​യും ചുവരു​കൾ തമ്മിൽ യോജി​പ്പി​ക്കു​ന്ന​തി​നും ചേർക്കു​ന്ന​തി​നും ആണ്‌ അവ സ്ഥാപി​ച്ചി​രു​ന്നത്‌. മൂലക്ക​ല്ലിൽ പ്രധാ​നപ്പെ​ട്ടത്‌ അടിസ്ഥാ​ന​ത്തി​ന്‍റെ മുഖ്യ​മൂ​ല​ക്ക​ല്ലാ​യി​രു​ന്നു. പൊതുകെ​ട്ടി​ട​ങ്ങൾക്കും നഗരമ​തി​ലു​കൾക്കും സാധാ​ര​ണ​ഗ​തി​യിൽ വളരെ ബലമുള്ള ഒരു കല്ലാണു തിര​ഞ്ഞെ​ടു​ത്തി​രു​ന്നത്‌. ഭൂമിയെ സൃഷ്ടി​ച്ച​തി​നെ കുറി​ക്കാൻ ആലങ്കാ​രി​ക​മാ​യി ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ക്രിസ്‌തീ​യ​സ​ഭയെ ഒരു ആത്മീയ​ഭ​വ​ന​വു​മാ​യി താരത​മ്യം ചെയ്‌തു​കൊ​ണ്ട് യേശു​വി​നെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ “അടിസ്ഥാ​ന​ത്തി​ന്‍റെ മുഖ്യ മൂലക്കല്ല്” എന്നു വിളി​ച്ചി​രി​ക്കു​ന്നു.—എഫ 2:20; ഇയ്യ 38:7.

 • മെതി​ക്കുക; മെതി​ക്കളം.

  ധാന്യം തണ്ടിൽനി​ന്ന് വേർതി​രിച്ച് പതിരു നീക്കു​ന്ന​തി​നെ മെതി​ക്കുക എന്നു പറയുന്നു; മെതി​ക്കുന്ന സ്ഥലമാണു മെതി​ക്കളം. വടി ഉപയോ​ഗി​ച്ചോ, കൂടുതൽ ധാന്യ​മുണ്ടെ​ങ്കിൽ മൃഗങ്ങൾ വലിക്കുന്ന മെതി​വ​ണ്ടിപോ​ലുള്ള പ്രത്യേക ഉപകര​ണങ്ങൾ ഉപയോ​ഗി​ച്ചോ മെതി​ക്കും. മെതി​ക്ക​ള​ത്തിൽ നിരത്തി​യി​ട്ടി​രി​ക്കുന്ന ധാന്യ​ത്തി​നു മുകളി​ലൂ​ടെ മെതി​വണ്ടി ഓടി​ക്കും. നല്ല കാറ്റുള്ള, ഉയർന്ന, വൃത്താ​കൃ​തി​യി​ലുള്ള നിരപ്പായ സ്ഥലമാണു സാധാ​ര​ണ​ഗ​തി​യിൽ മെതി​ക്കളം.—ലേവ 26:5; യശ 41:15; മത്ത 3:12.

 • മേദ്യർ; മേദ്യ.

  യാഫെ​ത്തി​ന്‍റെ മകനായ മാദാ​യി​യിൽനിന്ന് ഉത്ഭവിച്ച ഒരു ജനത. പിന്നീടു മേദ്യ​രാ​ജ്യ​മാ​യി​ത്തീർന്ന ഇറാനി​യൻ മലനി​ര​ക​ളി​ലെ പീഠഭൂ​മി​യിൽ അവർ താമസ​മു​റ​പ്പി​ച്ചു. മേദ്യർ ബാബിലോ​ണിന്‍റെ​കൂ​ടെ ചേർന്ന് അസീറി​യയെ തോൽപ്പി​ച്ചു. ആ സമയത്ത്‌ പേർഷ്യ മേദ്യ​യു​ടെ കീഴിലെ ഒരു സംസ്ഥാ​ന​മാ​യി​രു​ന്നു. പക്ഷേ കോ​രെശ്‌ പ്രക്ഷോ​ഭം നടത്തി മേദ്യയെ പേർഷ്യ​യു​മാ​യി ലയിപ്പി​ച്ച് മേദോ-പേർഷ്യൻ സാമ്രാ​ജ്യം രൂപീ​ക​രി​ച്ചു. അതു ബി.സി. 539-ൽ നവ-ബാബിലോ​ണി​യൻ സാമ്രാ​ജ്യം കീഴടക്കി. എ.ഡി. 33-ലെ പെന്തിക്കോ​സ്‌തിൽ മേദ്യ​രും യരുശലേ​മി​ലു​ണ്ടാ​യി​രു​ന്നു. (ദാനി 5:28, 31; പ്രവൃ 2:9)—അനു. ബി9 കാണുക.

 •  മേരോ​ദാക്ക്.

  ബാബി​ലോൺ നഗരത്തി​ലെ പ്രധാ​ന​ദൈവം. ബാബിലോ​ണി​യൻ രാജാ​വും നിയമ​നിർമാ​താ​വും ആയ ഹമുറാ​ബി ബാബിലോ​ണി​നെ ബാബിലോ​ണി​യ​യു​ടെ തലസ്ഥാ​ന​മാ​ക്കി​യശേഷം മേരോ​ദാക്ക് (അഥവാ മാർഡൂ​ക്ക്) പ്രാമു​ഖ്യത നേടി. അങ്ങനെ ഒടുവിൽ, മുമ്പു​ണ്ടാ​യി​രുന്ന അനേകം ദൈവ​ങ്ങളെ തത്‌സ്ഥാ​ന​ത്തു​നിന്ന് നീക്കി ബാബിലോ​ണി​യൻ ദേവഗ​ണ​ത്തി​ലെ പ്രധാ​ന​ദൈ​വ​മാ​യി. പിന്നെ​പ്പി​ന്നെ മേരോ​ദാക്ക് (അഥവാ മർദൂക്ക്) എന്ന പേരിന്‍റെ സ്ഥാനത്ത്‌ “ബേലു” (“യജമാനൻ”) എന്ന സ്ഥാന​പ്പേ​രാ​യി. മേരോ​ദാ​ക്കി​നെ പൊതു​വേ ബേൽ എന്നു വിളി​ച്ചി​രു​ന്നു.—യിര 50:2.

 • മേലെഴുത്ത്‌.

  സങ്കീർത്ത​ന​ത്തി​ന്‍റെ തലക്കെട്ട്. ഇതിൽ എഴുത്തു​കാ​രന്‍റെ പേര്‌, പശ്ചാത്ത​ല​വി​വ​രങ്ങൾ, സംഗീ​തത്തോ​ടു ബന്ധപ്പെട്ട നിർദേ​ശങ്ങൾ, സങ്കീർത്ത​ന​ത്തി​ന്‍റെ ഉപയോ​ഗ​മോ ഉദ്ദേശ്യ​മോ ഒക്കെ ഉണ്ടായി​രി​ക്കാം.—സങ്കീർത്ത​നങ്ങൾ 3, 4, 5, 6, 7, 30, 38, 60, 92, 102 എന്നിവ​യു​ടെ മേലെ​ഴു​ത്തു​കൾ കാണുക.

 • മേൽവിചാരകൻ.

  ഉണർന്നി​രുന്ന് സഭയെ സംരക്ഷി​ക്കു​ന്ന​തും മേയ്‌ക്കു​ന്ന​തും ആണ്‌ ഒരു മേൽവി​ചാ​ര​കന്‍റെ മുഖ്യ​മായ ഉത്തരവാ​ദി​ത്വം. ഇതിന്‍റെ ഗ്രീക്കു​പ​ദ​മായ എപ്പിസ്‌കോ​പ്പോ​സ്‌ എന്നതിന്‍റെ അടിസ്ഥാ​നാ​ശയം സംരക്ഷണം നൽകാ​നാ​യി മേൽനോ​ട്ടം വഹിക്കുക എന്നാണ്‌. “മേൽവി​ചാ​രകൻ,” “മൂപ്പൻ” (പ്രെസ്‌ബി​റ്റെ​റോ​സ്‌) എന്നീ പദങ്ങൾ ക്രിസ്‌തീ​യ​സ​ഭ​യിൽ ഒരേ പദവിയെ​യാ​ണു കുറി​ക്കു​ന്നത്‌. “മൂപ്പൻ” എന്ന പദം നിയമി​ത​വ്യ​ക്തി​യു​ടെ പക്വത തെളി​യി​ക്കുന്ന ഗുണങ്ങളെ​യും “മേൽവി​ചാ​രകൻ” എന്ന പദം അദ്ദേഹ​ത്തി​ന്‍റെ ഉത്തരവാ​ദി​ത്വ​ങ്ങളെ​യും അർഥമാ​ക്കു​ന്നു.—പ്രവൃ 20:28; 1തിമ 3:2-7; 1പത്ര 5:2.

 • മൈൽ.

  ദൂരം സൂചി​പ്പി​ക്കുന്ന ഒരു അളവ്‌. മൂല​ഗ്രീ​ക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഇതു കാണു​ന്നതു മത്തായി 5:41-ൽ മാത്ര​മാണ്‌. 1,479.5 മീ. (4,854 അടി) വരുന്ന റോമൻ മൈലാ​യി​രി​ക്കാം ഇത്‌. ലൂക്കോ​സ്‌ 24:13; യോഹ​ന്നാൻ 6:19; 11:18 എന്നീ മൂന്നു വാക്യ​ങ്ങ​ളി​ലെ അടിക്കു​റി​പ്പി​ലും “മൈൽ” എന്ന പദം കാണുന്നു. മൂലപാ​ഠ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്റ്റേഡിയം എന്ന പണ്ടത്തെ അളവിനെ​യാണ്‌ ഇവി​ടെയെ​ല്ലാം മൈൽ എന്നു മാറ്റി​യി​രി​ക്കു​ന്നത്‌.—അനു. ബി14 കാണുക.

 • മോചനവില.

  അടിമത്തം, ശിക്ഷ, കഷ്ടപ്പാട്‌, പാപം എന്നിവ​യിൽനിന്ന് എന്തി​നേറെ, കടപ്പാ​ടിൽനി​ന്നുപോ​ലും സ്വത​ന്ത്ര​രാ​കാൻ കൊടു​ക്കുന്ന വില. ഇത്‌ എപ്പോ​ഴും പണമാ​ക​ണമെ​ന്നില്ല. (യശ 43:3) പല സാഹച​ര്യ​ങ്ങ​ളി​ലും മോച​ന​വില ആവശ്യ​മാ​യി​വ​രാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രായേ​ലിൽ മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും ആൺകടി​ഞ്ഞൂ​ലു​കൾ യഹോ​വ​യ്‌ക്കു​ള്ള​താണ്‌. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ സേവന​ത്തിൽനിന്ന് അവയെ ഒഴിവാ​ക്ക​ണമെ​ങ്കിൽ മോച​ന​വില അഥവാ വീണ്ടെ​ടു​പ്പു​വില നൽകണ​മാ​യി​രു​ന്നു. (സംഖ 3:45, 46; 18:15, 16) ഉപദ്ര​വ​കാ​രി​യായ ഒരു കാളയെ വരുതി​യിൽ നിറു​ത്താ​തി​രു​ന്നിട്ട് അത്‌ ആരെ​യെ​ങ്കി​ലും കൊന്നാൽ മരണശി​ക്ഷ​യിൽനിന്ന് കാളയു​ടെ ഉടമസ്ഥൻ മോചി​ത​നാ​ക​ണമെ​ങ്കിൽ അയാളു​ടെ മേൽ ചുമത്തുന്ന മോച​ന​വില കൊടു​ക്ക​ണ​മാ​യി​രു​ന്നു. (പുറ 21:29, 30) എന്നാൽ കരുതി​ക്കൂ​ട്ടി കൊല​പാ​തകം ചെയ്‌ത വ്യക്തി​യിൽനിന്ന് മോച​ന​വില സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. (സംഖ 35:31) പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും അനുസ​ര​ണ​മുള്ള മനുഷ്യ​രെ മോചി​പ്പി​ക്കാൻ യേശു ബലിമ​ര​ണ​ത്തി​ലൂ​ടെ നൽകിയ മോച​ന​വി​ല​യാ​ണു ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട മോച​ന​വില.—സങ്ക 49:7-9; മത്ത 20:28; എഫ 1:7.

 • മോലേക്ക്.

  അമ്മോ​ന്യ​രു​ടെ ഒരു ദൈവം. മൽക്കോം, മിൽക്കോം, മോ​ലോക്ക് എന്നിവരെ​ല്ലാം മോ​ലേ​ക്കു​തന്നെ ആയിരി​ക്കാ​നാ​ണു സാധ്യത. ഇത്‌ ഒരു സ്ഥാന​പ്പേ​രാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്; ഒരു പേരാ​യി​രി​ക്ക​ണമെ​ന്നില്ല. മോ​ലേ​ക്കി​നു മക്കളെ ബലി അർപ്പി​ക്കു​ന്ന​വർക്കു മരണശിക്ഷ നൽകണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ കല്‌പി​ച്ചി​രു​ന്നു.—ലേവ 20:2; യിര 32:35; പ്രവൃ 7:43.

 • മോലോക്ക്.

  മോ​ലേക്ക് കാണുക.

 • യദൂഥൂൻ.

  39, 6277 എന്നീ സങ്കീർത്ത​ന​ങ്ങ​ളു​ടെ മേലെ​ഴു​ത്തിൽ കാണുന്ന, ഈ വാക്കിന്‍റെ അർഥം വ്യക്തമല്ല. ഈ മേലെ​ഴുത്ത്‌ സങ്കീർത്ത​നങ്ങൾ എങ്ങനെ അവതരി​പ്പി​ക്കണം എന്നതി​നുള്ള നിർദേ​ശ​ങ്ങ​ളാണെന്നു കരുതപ്പെ​ടു​ന്നു. ഒരുപക്ഷേ അവതരി​പ്പി​ക്കേണ്ട രീതി​യോ വായി​ക്കേണ്ട സംഗീതോ​പ​ക​ര​ണ​മോ തിരി​ച്ച​റി​യി​ക്കു​ന്ന​താ​യി​രി​ക്കാം. യദൂഥൂൻ എന്നു പേരുള്ള ഒരു ലേവ്യ​സം​ഗീ​ത​ജ്ഞ​നു​ണ്ടാ​യി​രു​ന്നു. അതിനാൽ ഈ അവതര​ണ​രീ​തി അല്ലെങ്കിൽ ഉപകരണം യദൂഥൂ​നു​മാ​യോ അദ്ദേഹ​ത്തി​ന്‍റെ മക്കളു​മാ​യോ ബന്ധപ്പെ​ട്ട​താ​യി​രി​ക്കാം.

 • യഹൂദ.

  യാക്കോ​ബി​നു ഭാര്യ ലേയയിൽ ഉണ്ടായ നാലാ​മത്തെ മകൻ. എന്നേക്കും ഭരിക്കുന്ന, മഹാനായ ഒരു ഭരണാ​ധി​കാ​രി യഹൂദ​യു​ടെ വംശാ​വ​ലി​യി​ലൂ​ടെ വരു​മെന്നു മരണക്കി​ട​ക്ക​യിൽവെച്ച് യാക്കോ​ബ്‌ പ്രവചി​ച്ചു. യേശു യഹൂദ​യു​ടെ വംശത്തി​ലാ​ണു മനുഷ്യ​നാ​യി പിറന്നത്‌. യഹൂദ എന്ന പേര്‌ യഹൂദാഗോത്രത്തെ​യും പിന്നീട്‌ യഹൂദാ​രാ​ജ്യത്തെ​യും കുറി​ക്കാ​നും ഉപയോ​ഗി​ച്ചു. തെക്കേ രാജ്യം എന്ന് അറിയ​പ്പെട്ട യഹൂദ ഇസ്രായേൽഗോത്ര​ങ്ങ​ളായ യഹൂദ​യും ബന്യാ​മീ​നും ചേർന്ന​താ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അതിൽ  ഉൾപ്പെ​ട്ടി​രു​ന്നു. യരുശലേ​മും ദേവാ​ല​യ​വും ഉൾപ്പെടെ രാജ്യ​ത്തി​ന്‍റെ തെക്കു​ഭാ​ഗം യഹൂദ​യു​ടെ കീഴി​ലാ​യി​രു​ന്നു.—ഉൽ 29:35; 49:10; 1രാജ 4:20; എബ്ര 7:14.

 • യഹോവ.

  ചതുര​ക്ഷ​രി​യു​ടെ (ദൈവ​ത്തി​ന്‍റെ പേരിലെ നാല്‌ എബ്രാ​യ​യ​ക്ഷ​രങ്ങൾ.) മലയാ​ള​പ​രി​ഭാഷ. ഈ ഭാഷാ​ന്ത​ര​ത്തിൽ 7,000-ത്തിലധി​കം തവണ ഈ പേരുണ്ട്.—അനു. എ4, എ5 കാണുക.

 • യാക്കോബ്‌.

  യിസ്‌ഹാ​ക്കിന്‍റെ​യും റിബെ​ക്ക​യുടെ​യും മകൻ. പിന്നീട്‌ ദൈവം യാക്കോ​ബിന്‌ ഇസ്രാ​യേൽ എന്നു പേര്‌ നൽകി. യാക്കോ​ബ്‌, ഇസ്രാ​യേൽ ജനത്തിന്‍റെ (ഇസ്രായേ​ല്യരെ​ന്നും പിന്നീടു ജൂതന്മാരെ​ന്നും അറിയ​പ്പെട്ടു.) ഗോ​ത്ര​ത്ത​ല​വ​നാ​യി​ത്തീർന്നു. യാക്കോ​ബിന്‌ 12 ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. ഇവരിൽനി​ന്നും ഇവരുടെ വംശജ​രിൽനി​ന്നും ആണ്‌ ഇസ്രാ​യേൽ ജനതയു​ടെ 12 ഗോ​ത്രങ്ങൾ രൂപംകൊ​ണ്ടത്‌. ഇസ്രാ​യേൽ ജനത​യെ​യോ ഇസ്രായേ​ലി​ലെ ആളുകളെ​യോ കുറി​ക്കാൻ യാക്കോ​ബ്‌ എന്ന പേര്‌ തുടർന്നും ഉപയോ​ഗി​ച്ചു.—ഉൽ 32:28; മത്ത 22:32.

 • യാഗപീ​ഠ​ത്തി​ന്‍റെ കൊമ്പു​കൾ.

  ചില യാഗപീ​ഠ​ങ്ങ​ളു​ടെ നാലു മൂലയി​ലും കൊമ്പുപോ​ലെ പുറ​ത്തേക്കു തള്ളിനിൽക്കുന്ന ഭാഗം. (ലേവ 8:15; 1രാജ 2:28)—അനു. ബി5, ബി8 കാണുക.

 • യാഗപീഠം.

  ആരാധ​ന​യു​ടെ ഭാഗമാ​യി ബലിയോ സുഗന്ധ​ക്കൂ​ട്ടോ അർപ്പി​ക്കാൻ ഉയർത്തി​പ്പ​ണിത തറ അല്ലെങ്കിൽ തട്ട്. പാറയോ മണ്ണോ കല്ലോ ലോഹം​കൊ​ണ്ട് പൊതിഞ്ഞ തടിയോ ഉപയോ​ഗി​ച്ചാണ്‌ ഇതു പണിതി​രു​ന്നത്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‍റെ​യും ദേവാ​ല​യ​ത്തിന്‍റെ​യും ഒന്നാമത്തെ മുറി​യിൽ സുഗന്ധ​ക്കൂട്ട് അർപ്പി​ക്കാൻ ‘സ്വർണംകൊ​ണ്ടുള്ള ചെറിയൊ​രു യാഗപീ​ഠം’ ഉണ്ടായി​രു​ന്നു. സ്വർണം പൊതിഞ്ഞ തടി​കൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യി​രു​ന്നത്‌. ദഹനബലി അർപ്പി​ക്കാൻ മുറ്റത്ത്‌ ‘ചെമ്പുകൊ​ണ്ടുള്ള വലി​യൊ​രു യാഗപീ​ഠ​വും’ ഉണ്ടായി​രു​ന്നു. (പുറ 27:1; 39:38, 39; ഉൽ 8:20; 1രാജ 6:20; 2ദിന 4:1; ലൂക്ക 1:11)—അനു. ബി5, ബി8 കാണുക.

 • യാമം.

  സമയത്തി​ന്‍റെ ഒരു അളവ്‌. സൂര്യാ​സ്‌ത​മ​യം​മു​തൽ സൂര്യോ​ദ​യം​വരെ​യുള്ള രാത്രി​സ​മ​യത്തെ (ഏകദേശം വൈകു​ന്നേരം 6 മണിമു​തൽ രാവിലെ 6 മണിവരെ.) ഇതു വിഭജി​ക്കു​ന്നു. എബ്രായർ ആദ്യം രാത്രി​യെ മൂന്നു ഭാഗങ്ങൾ അഥവാ “യാമങ്ങൾ” ആയി തിരിച്ചു. (പുറ 14:24; ന്യായ 7:19) ഓരോ യാമവും ഏകദേശം നാലു മണിക്കൂ​റാ​യി​രു​ന്നു. യേശു​വി​ന്‍റെ കാലത്ത്‌ രാത്രി​യെ ഏകദേശം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങ​ളാ​യാ​ണു തിരി​ച്ചി​രു​ന്നത്‌.—മത്ത 14:25; മർ 13:35; ലൂക്ക 12:38.

 • യൂഫ്രട്ടീസ്‌.

  തെക്കു​പ​ടി​ഞ്ഞാ​റൻ ഏഷ്യയി​ലെ ഏറ്റവും നീളമു​ള്ള​തും പ്രധാ​നപ്പെ​ട്ട​തും ആയ നദി. മെസൊപ്പൊ​ത്താ​മ്യ​യി​ലെ രണ്ടു പ്രധാ​ന​ന​ദി​ക​ളിൽ ഒന്ന്. ഉൽപത്തി 2:14-ലാണ്‌ ഇതി​നെ​ക്കു​റിച്ച് ആദ്യം പരാമർശി​ക്കു​ന്നത്‌. ഇത്‌ ഏദെനി​ലെ നാലു നദിക​ളിൽ ഒന്നാ​ണെന്ന് അവിടെ പറഞ്ഞി​രി​ക്കു​ന്നു. പലപ്പോ​ഴും ഇതിനെ “നദി” എന്നു മാത്രം വിളി​ച്ചി​രി​ക്കു​ന്നു. (ഉൽ 31:21) ഇസ്രായേ​ല്യ​രു​ടെ നിയമി​തപ്രദേ​ശ​ത്തി​ന്‍റെ വടക്കേ അതിരാ​യി​രു​ന്നു ഇത്‌. (ഉൽ 15:18; വെളി 16:12)—അനു. ബി2 കാണുക.

 • രത്‌നങ്ങൾ:

  അക്കിക്കല്ല്-ഈ കല്ലു പല നിറങ്ങ​ളി​ലുണ്ട്. അർധതാ​ര്യ​മോ (ഭാഗി​ക​മാ​യി വെളിച്ചം കടത്തി​വി​ടു​ന്നത്‌.) അതാര്യ​മോ (വെളിച്ചം കടത്തി​വി​ടാ​ത്തത്‌.) ആയ കല്ല്. അമദമണി-പർപ്പിൾ അല്ലെങ്കിൽ വയലറ്റ്‌ നിറം. ഗോ​മേ​ദകം-നിറമി​ല്ലാതെ​യോ പല നിറങ്ങ​ളി​ലോ കാണാം. ഏറ്റവും പ്രചാ​ര​ത്തി​ലു​ള്ളതു തവിട്ടു കലർന്ന മഞ്ഞ നിറമാ​ണ്‌. പീതര​ത്‌നം-സുതാ​ര്യ​മോ അർധതാ​ര്യ​മോ ആയ കല്ല്. മഞ്ഞ അല്ലെങ്കിൽ പച്ച നിറം. മരതകം-സുതാ​ര്യ​മായ പച്ചക്കല്ല്. മാണി​ക്യം-ചുവപ്പ് നിറം, സുതാ​ര്യം. വൈഡൂ​ര്യം-സാധാ​ര​ണ​ഗ​തി​യിൽ മഞ്ഞ കലർന്ന പച്ച നിറം. ചില​പ്പോൾ മറ്റു നിറങ്ങ​ളി​ലോ നിറമി​ല്ലാതെ​യോ കാണാം. സൂര്യ​കാ​ന്തം-ഇന്നു കാണുന്ന സൂര്യ​കാ​ന്തം അതാര്യ​വും പല നിറങ്ങ​ളി​ലു​ള്ള​തും ആണ്‌. വെളി​പാട്‌ 21:11-ൽ പറഞ്ഞി​രി​ക്കുന്ന സൂര്യ​കാ​ന്തം അർധതാ​ര്യ​മാണ്‌. അവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം വജ്ര​ത്തെ​യാ​ണു സൂചി​പ്പി​ക്കു​ന്നതെന്നു ചിലർ അഭി​പ്രാ​യപ്പെ​ടു​ന്നു. സ്‌ഫടി​ക​ക്കല്ല്-സുതാ​ര്യ​മോ അർധതാ​ര്യ​മോ ആയ കല്ല്. പല നിറങ്ങ​ളിൽ കാണാം.—പുറ 28:17-20; വെളി 21:19, 20.

 • രഥം.

  രണ്ടു ചക്രങ്ങ​ളുള്ള, കുതിര വലിച്ചി​രുന്ന ഒരു വണ്ടി. പ്രധാ​ന​മാ​യും യുദ്ധങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 14:23; ന്യായ 4:13; പ്രവൃ 8:28.

 • രാഹാബ്‌.

  ഇയ്യോബ്‌, സങ്കീർത്ത​നങ്ങൾ, യശയ്യ എന്നീ പുസ്‌ത​ക​ങ്ങ​ളിൽ പ്രതീ​കാ​ത്മ​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദം. (യോശു​വ​യു​ടെ പുസ്‌ത​ക​ത്തി​ലെ രാഹാബ്‌ എന്ന സ്‌ത്രീ​യല്ല ഇത്‌.) ഭീമാ​കാ​ര​മായ ഒരു സമു​ദ്ര​ജീ​വി​യാ​ണു രാഹാബ്‌ എന്നു മനസ്സി​ലാ​ക്കാൻ ഇയ്യോ​ബി​ന്‍റെ പുസ്‌ത​ക​ത്തി​ലെ പശ്ചാത്ത​ല​വി​വ​രണം സഹായി​ക്കു​ന്നു. മറ്റു ഭാഗങ്ങ​ളിൽ ഭീമാ​കാ​ര​മായ ഈ സമു​ദ്ര​ജീ​വി ഈജി​പ്‌തി​നെ പ്രതി​നി​ധാ​നം ചെയ്യുന്നു.—ഇയ്യ 9:13; സങ്ക 87:4; യശ 30:7; 51:9, 10.

 • ലപ്‌ടോൺ.

  ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളി​ലെ സംഭവങ്ങൾ നടന്ന കാലത്തു​ണ്ടാ​യി​രുന്ന, ചെമ്പോ വെങ്കല​മോ കൊണ്ടുള്ള ഏറ്റവും ചെറിയ യഹൂദ​നാ​ണയം. (മർ 12:42; ലൂക്ക 21:2; അടിക്കു​റി​പ്പു​കൾ)—അനു. ബി14 കാണുക.

 •  ലബാ​നോൻ മലനി​രകൾ.

  ലബാ​നോ​നി​ലെ രണ്ടു മലനി​ര​ക​ളിൽ ഒന്ന്. ലബാ​നോൻ മലനിര പടിഞ്ഞാ​റും ആന്‍റി-ലബാ​നോൻ മലനിര കിഴക്കും സ്ഥിതി ചെയ്യുന്നു. നീണ്ടു​കി​ട​ക്കുന്ന ഫലഭൂ​യി​ഷ്‌ഠ​മായ ഒരു താഴ്‌വര ഈ മലനി​ര​കളെ വേർതി​രി​ക്കു​ന്നു. ലബാ​നോൻ മലനിര മെഡി​റ്ററേ​നി​യൻ തീര​ത്തോ​ടു ചേർന്ന് സ്ഥിതി ചെയ്യുന്നു. അതിന്‍റെ ഉയർന്ന കുന്നു​കൾക്കു ശരാശരി 1,800 മീറ്റർമു​തൽ 2,100 മീറ്റർവരെ (6,000 അടിമു​തൽ 7,000 അടിവരെ) ഉയരമു​ണ്ട്. പണ്ടുകാ​ലത്ത്‌ ലബാ​നോൻ നിറയെ വലിയ ദേവദാ​രു മരങ്ങളാ​യി​രു​ന്നു. ചുറ്റു​മുള്ള രാജ്യങ്ങൾ അവയെ വളരെ മൂല്യ​മു​ള്ള​താ​യി കരുതി​യി​രു​ന്നു. (ആവ 1:7; സങ്ക 29:6; 92:12)—അനു. ബി7 കാണുക.

 • ലിവ്യാഥാൻ.

  സാധ്യ​ത​യ​നു​സ​രിച്ച് ഒരു ജലജീവി. മിക്ക​പ്പോ​ഴും ജലവു​മാ​യി ബന്ധപ്പെ​ടു​ത്തി പറഞ്ഞി​രി​ക്കു​ന്നു. ഇയ്യോബ്‌ 3:8; 41:1 എന്നീ വാക്യ​ങ്ങ​ളിൽ മുതലയെ അല്ലെങ്കിൽ നല്ല വലുപ്പ​വും ശക്തിയും ഉള്ള മറ്റ്‌ ഏതെങ്കി​ലും ജലജീ​വി​യെ ആയിരി​ക്കാം കുറി​ക്കു​ന്നത്‌. സങ്കീർത്തനം 104:26-ൽ ഏതെങ്കി​ലും തരം തിമിം​ഗ​ലത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം പറയു​ന്നത്‌. മറ്റു സ്ഥലങ്ങളിൽ ആലങ്കാ​രി​ക​മാ​യാണ്‌ ഇത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ഏതെങ്കി​ലും ഒരു പ്രത്യേ​ക​ജീ​വിയെ​ക്കു​റിച്ച് പറയാനല്ല.—സങ്ക 74:14; യശ 27:1.

 • ലേവി; ലേവ്യൻ.

  യാക്കോ​ബി​നു ഭാര്യ ലേയയിൽ ഉണ്ടായ മൂന്നാ​മത്തെ മകൻ; ലേവി​യു​ടെ പേരി​ലുള്ള ഗോ​ത്രത്തെ​യും കുറി​ക്കു​ന്നു. ലേവി​യു​ടെ മൂന്ന് ആൺമക്ക​ളിൽനി​ന്നാ​ണു ലേവ്യ​പൗരോ​ഹി​ത്യ​ത്തി​ന്‍റെ മൂന്നു പ്രധാ​ന​വി​ഭാ​ഗങ്ങൾ ഉണ്ടായത്‌. “ലേവ്യർ” എന്ന പദം ചില​പ്പോൾ ലേവി ഗോ​ത്രത്തെ മുഴുവൻ കുറി​ക്കു​ന്നു. പക്ഷേ മിക്ക​പ്പോ​ഴും അഹരോ​ന്‍റെ പുരോ​ഹി​ത​കു​ടും​ബത്തെ അതിൽ ഉൾപ്പെ​ടു​ത്താ​റില്ല. ലേവിഗോത്ര​ത്തി​നു വാഗ്‌ദ​ത്തദേ​ശത്ത്‌ സ്ഥലം അളന്നു​തി​രിച്ച് കിട്ടി​യില്ല. എങ്കിലും മറ്റു ഗോ​ത്ര​ങ്ങൾക്കു വീതി​ച്ചു​കി​ട്ടിയ പ്രദേ​ശ​ത്തി​ന്‍റെ അതിർത്തി​ക്ക​കത്ത്‌ ലേവ്യർക്ക് 48 നഗരങ്ങൾ ലഭിച്ചു.—ആവ 10:8; 1ദിന 6:1; എബ്ര 7:11.

 • ലൈം​ഗിക അധാർമി​കത.

  നിയമ​വി​രു​ദ്ധ​മായ എല്ലാ ലൈം​ഗി​ക​ബ​ന്ധ​ങ്ങളെ​യും പൊതു​വാ​യി കുറി​ക്കുന്ന പോർണിയ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന് വന്നത്‌. വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, സ്വവർഗ​രതി, മൃഗ​വേഴ്‌ച എന്നിവയെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. “ബാബി​ലോൺ എന്ന മഹതി” എന്നു വിളി​ക്കുന്ന മതവേശ്യ അധികാ​ര​ത്തി​നും സാമ്പത്തി​കനേ​ട്ട​ത്തി​നും വേണ്ടി ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളു​മാ​യി ചേർന്ന് പ്രവർത്തി​ക്കു​ന്ന​തി​നെ കുറി​ക്കാൻ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ഈ പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (വെളി 14:8; 17:2; 18:3; അടിക്കു​റി​പ്പു​കൾ; മത്ത 5:32; പ്രവൃ 15:29; ഗല 5:19)—വേശ്യ കാണുക.

 • ലോഗ്‌.

  ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഏറ്റവും ചെറിയ ദ്രാവ​ക​യ​ളവ്‌. ഒരു ലോഗ്‌ ഒരു ഹീന്‍റെ പന്ത്രണ്ടിൽ ഒന്നാ​ണെന്ന് യഹൂദ തൽമൂദ്‌ പറയുന്നു. അങ്ങനെ വരു​മ്പോൾ ഒരു ലോഗ്‌ 0.31 ലിറ്റർ വരും. (ലേവ 14:10)—അനു. ബി14 കാണുക.

 • ലംഘനം.

  പ്രാബ​ല്യ​ത്തി​ലുള്ള ഒരു നിയമം ലംഘി​ക്കു​ന്നത്‌. ബൈബി​ളിൽ “പാപം” എന്ന വാക്കി​നും സമാന​മായ അർഥമാ​ണു​ള്ളത്‌.—സങ്ക 51:3; റോമ 5:14.

 • വരക്‌.

  താണതരം ഗോതമ്പ് (Triticum spelta). ഇതിന്‍റെ പതിരും മണിയും വേർതി​രിച്ചെ​ടു​ക്കാൻ ബുദ്ധി​മു​ട്ടാണ്‌.—പുറ 9:32.

 • വിഗ്രഹം; വിഗ്ര​ഹാ​രാ​ധന.

  ആളുകൾ ആരാധ​ന​യ്‌ക്ക് ഉപയോ​ഗി​ക്കുന്ന, യഥാർഥ​ത്തി​ലു​ള്ള​തോ സാങ്കല്‌പി​ക​മോ ആയ എന്തി​ന്‍റെയെ​ങ്കി​ലും പ്രതീ​ക​മായ ഒരു രൂപമാ​ണു വിഗ്രഹം. വിഗ്ര​ഹത്തോ​ടുള്ള ആദരവോ സ്‌നേ​ഹ​മോ ആരാധ​ന​യോ വന്ദനമോ ആണ്‌ വിഗ്ര​ഹാ​രാ​ധന.—സങ്ക 115:4; പ്രവൃ 17:16; 1കൊ 10:14.

 • വിജനഭൂമി.

  ബൈബി​ളിൽ “വിജന​ഭൂ​മി” എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം ആൾപ്പാർപ്പി​ല്ലാത്ത സ്ഥലങ്ങളെ മാത്രമല്ല, മരുഭൂ​മിയെ​യും കല്ലുകൾ നിറഞ്ഞ് തരിശാ​യി കിടക്കുന്ന, വരണ്ടു​ണ​ങ്ങിയ സ്ഥലങ്ങ​ളെ​യും അർഥമാ​ക്കു​ന്നു. ചില​പ്പോഴൊ​ക്കെ ഇത്തരം സ്ഥലങ്ങളിൽ മേച്ചിൽപ്പു​റ​ങ്ങ​ളും കണ്ടേക്കാം.—യിര 23:10; മർ 1:4.

 • വിലാപഗീതം.

  ഒരു വിലാ​പ​കാ​വ്യം. സുഹൃ​ത്തിന്‍റെ​യോ പ്രിയ​പ്പെട്ട ഒരാളുടെ​യോ വേർപാ​ടിൽ തോന്നു​ന്ന​തുപോ​ലുള്ള കഠിന​മായ ദുഃഖം പ്രകടി​പ്പി​ക്കുന്ന ഒരു രചന; വരിക​ളോ സംഗീ​ത​മോ ആകാം.—2ശമു 1:17; സങ്ക 7:മേലെ.

 • വിലാപവസ്‌ത്രം.

  ധാന്യങ്ങൾ നിറയ്‌ക്കാ​നുള്ള ചാക്കു​ക​ളും സഞ്ചിക​ളും മറ്റും ഉണ്ടാക്കാ​നുള്ള പരുക്കൻ തുണി. സാധാ​ര​ണ​യാ​യി ഇരുണ്ട നിറമുള്ള കോലാ​ട്ടുരോ​മംകൊ​ണ്ടാണ്‌ ഇതു നെയ്‌തി​രു​ന്നത്‌. വിലാ​പ​കാ​ലത്ത്‌ ധരിക്കുന്ന പരമ്പരാ​ഗ​ത​വ​സ്‌ത്ര​മാ​യി​രു​ന്നു ഇത്‌.—ഉൽ 37:34; ലൂക്ക 10:13.

 • വിലാപം.

  മരണമോ മറ്റ്‌ എന്തെങ്കി​ലും ദുരന്ത​മോ ഉണ്ടാകു​മ്പോൾ നടത്തുന്ന ദുഃഖപ്ര​ക​ടനം. കുറച്ച് കാലം വിലപി​ക്കു​ന്നതു ബൈബിൾക്കാ​ല​ങ്ങ​ളി​ലെ ഒരു രീതി​യാ​യി​രു​ന്നു. വിലപി​ക്കു​ന്നവർ ഉറക്കെ കരയു​ക​യും പ്രത്യേ​ക​തരം വസ്‌ത്രങ്ങൾ ധരിക്കു​ക​യും തലയിൽ ചാരം വാരി​യി​ടു​ക​യും വസ്‌ത്രം കീറു​ക​യും നെഞ്ചത്ത്‌ അടിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. വിലപി​ക്കു​ന്നതു തൊഴി​ലാ​ക്കി​യ​വരെ ചില​പ്പോൾ  ശവസം​സ്‌കാ​ര​ത്തി​നു ക്ഷണിക്കാ​റു​ണ്ടാ​യി​രു​ന്നു.—ഉൽ 23:2; എസ്ഥ 4:3; വെളി 21:4.

 • വിള​വെ​ടു​പ്പു​ത്സവം; വാരോ​ത്സവം.

  പെന്തിക്കോ​സ്‌ത്‌ കാണുക.

 • വിശുദ്ധകൂടാരം.

  ഈജി​പ്‌തിൽനിന്ന് പുറ​പ്പെ​ട്ടുപോ​ന്നശേഷം ഇസ്രായേ​ല്യർ ആരാധ​ന​യ്‌ക്കുവേണ്ടി ഉപയോ​ഗി​ച്ചി​രുന്ന, കൊണ്ടു​ന​ട​ക്കാ​വുന്ന കൂടാരം. ദൈവ​സാ​ന്നി​ധ്യ​ത്തി​ന്‍റെ പ്രതീ​ക​മാ​യി​രുന്ന യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം അതിൽ വെച്ചി​രു​ന്നു. ബലി അർപ്പി​ക്കാ​നും ആരാധി​ക്കാ​നും ഉള്ള സ്ഥലമാ​യും അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. “സാന്നി​ധ്യ​കൂ​ടാ​രം” എന്നും വിളി​ക്കാ​റുണ്ട്. തടി​കൊ​ണ്ടുള്ള ചട്ടക്കൂ​ടാ​യി​രു​ന്നു അതിന്‌. ഈ ചട്ടക്കൂടു കെരൂ​ബു​ക​ളു​ടെ ചിത്ര​പ്പ​ണി​യുള്ള ലിനൻതു​ണികൊണ്ട് മൂടി​യി​രു​ന്നു. കൂടാ​ര​ത്തി​നു രണ്ടു മുറി​ക​ളു​ണ്ടാ​യി​രു​ന്നു. ആദ്യ​ത്തേതു വിശുദ്ധം; രണ്ടാമ​ത്തേത്‌ അതിവി​ശു​ദ്ധം. (യോശ 18:1; പുറ 25:9)—അനു. ബി5 കാണുക.

 • വിശുദ്ധമന്ദിരം.

  ആരാധ​ന​യ്‌ക്കുവേണ്ടി വേർതി​രി​ച്ചി​രുന്ന ഒരു വിശു​ദ്ധ​സ്ഥലം. മിക്ക​പ്പോ​ഴും വിശു​ദ്ധ​കൂ​ടാ​രത്തെ​യോ യരുശലേ​മി​ലെ ദേവാ​ല​യത്തെ​യോ ആണ്‌ ഇങ്ങനെ വിളി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്‍റെ സ്വർഗീ​യ​വാ​സ​സ്ഥ​ലത്തെ കുറി​ക്കാ​നും ഇത്‌ ഉപയോ​ഗി​ക്കു​ന്നു.—പുറ 25:8, 9; 2രാജ 10:25; 1ദിന 28:10; വെളി 11:19.

 • വിശുദ്ധസേവനം.

  വിശു​ദ്ധ​മായ ശുശ്രൂഷ അല്ലെങ്കിൽ വേല. ഒരു വ്യക്തി ദൈവത്തെ ആരാധി​ക്കു​ന്ന​തു​മാ​യി നേരിട്ട് ബന്ധമു​ള്ള​തുകൊ​ണ്ടാണ്‌ അതു വിശു​ദ്ധ​മാ​യി​രി​ക്കു​ന്നത്‌.—റോമ 12:1; വെളി 7:15.

 • വിശുദ്ധം.

  വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും ദേവാ​ല​യ​ത്തിലെ​യും ആദ്യത്തെ മുറി. അകത്തെ മുറി​യായ അതിവി​ശു​ദ്ധത്തെ​ക്കാൾ വലുതാ​ണ്‌ ഇത്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ വിശു​ദ്ധ​ത്തി​ലു​ണ്ടാ​യി​രു​ന്നതു സ്വർണംകൊ​ണ്ടുള്ള തണ്ടുവി​ളക്ക്, സുഗന്ധ​ക്കൂട്ട് അർപ്പി​ക്കുന്ന സ്വർണ​യാ​ഗ​പീ​ഠം, കാഴ്‌ച​യ​പ്പ​ത്തി​ന്‍റെ മേശ, സ്വർണംകൊ​ണ്ടുള്ള ഉപകര​ണങ്ങൾ എന്നിവ​യും ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​ത്തി​ലു​ണ്ടാ​യി​രു​ന്നതു സ്വർണ​യാ​ഗ​പീ​ഠം, സ്വർണംകൊ​ണ്ടുള്ള പത്തു തണ്ടുവി​ള​ക്കു​കൾ, കാഴ്‌ച​യ​പ്പ​ത്തി​ന്‍റെ പത്തു മേശകൾ എന്നിവ​യും ആണ്‌. (പുറ 26:33; എബ്ര 9:2)—അനു. ബി5, ബി8 കാണുക.

 • വിശുദ്ധം; വിശുദ്ധി.

  യഹോ​വ​യിൽ അന്തർലീ​ന​മായ ഒരു ഗുണം. സമ്പൂർണ​മായ ധാർമി​ക​ശു​ദ്ധി​യും പരിശു​ദ്ധി​യും ഉള്ള അവസ്ഥ. (പുറ 28:36; 1ശമു 2:2; സുഭ 9:10; യശ 6:3) മനുഷ്യർ (പുറ 19:6; 2രാജ 4:9), മൃഗങ്ങൾ (സംഖ 18:17), സാധനങ്ങൾ (പുറ 28:38; 30:25; ലേവ 27:14), സ്ഥലങ്ങൾ (പുറ 3:5; യശ 27:13), കാലഘ​ട്ടങ്ങൾ (പുറ 16:23; ലേവ 25:12), പ്രവർത്ത​നങ്ങൾ (പുറ 36:4) എന്നിവയെ​ക്കു​റിച്ച് പറയു​മ്പോൾ പരിശു​ദ്ധ​ദൈ​വ​ത്തി​നാ​യി വിശു​ദ്ധീ​ക​രിച്ച, വേറി​ട്ടു​നിൽക്കുന്ന, ഉഴിഞ്ഞു​വെച്ച എന്നൊക്കെ​യുള്ള ആശയമാ​ണു വിശു​ദ്ധി​യു​ടെ എബ്രാ​യ​പദം ദ്യോ​തി​പ്പി​ക്കു​ന്നത്‌; യഹോ​വ​യു​ടെ സേവന​ത്തി​നുവേണ്ടി വേർതി​രി​ച്ചി​രി​ക്കുന്ന സ്ഥിതി. “വിശുദ്ധം,” “വിശുദ്ധി” എന്നതിനു ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദങ്ങൾക്കും ദൈവ​ത്തി​നുവേണ്ടി വേർതി​രിച്ച എന്ന അർഥമാ​ണു​ള്ളത്‌. ഒരുവന്‍റെ പെരു​മാ​റ്റ​ത്തി​ലെ വിശു​ദ്ധി​യെ കുറി​ക്കാ​നും ഈ വാക്കുകൾ ഉപയോ​ഗി​ക്കാ​റുണ്ട്.—മർ 6:20; 2കൊ 7:1; 1പത്ര 1:15, 16.

 • വിശ്വാസത്യാഗം.

  ഈ വാക്കിന്‍റെ ഗ്രീക്കു​പദം (അപ്പൊ​സ്റ്റ​സിയ) വന്നിരി​ക്കു​ന്നത്‌ “അകന്നു നിൽക്കുക ” എന്ന് അർഥമുള്ള ഒരു ക്രിയാ​പ​ദ​ത്തിൽനി​ന്നാണ്‌. ഇതിന്‍റെ നാമപ​ദ​ത്തിന്‌ “ഉപേക്ഷി​ച്ചുപോ​കൽ, ധിക്കാരം” എന്നൊക്കെ​യാണ്‌ അർഥം. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ “വിശ്വാ​സ​ത്യാ​ഗം” എന്ന പദം സത്യാ​രാ​ധ​ന​യിൽനിന്ന് കൂറു മാറു​ന്ന​വരോ​ടു ബന്ധപ്പെ​ട്ടാ​ണു മുഖ്യ​മാ​യും ഉപയോ​ഗി​ക്കു​ന്നത്‌.—സുഭ 11:9; പ്രവൃ 21:21, അടിക്കു​റിപ്പ്; 2തെസ്സ 2:3.

 • വീഞ്ഞുതുരുത്തി.

  കോലാ​ടോ ചെമ്മരി​യാ​ടോ പോലുള്ള മൃഗങ്ങ​ളു​ടെ തോലു മുഴു​വ​നും ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന സഞ്ചി. ഇതു വീഞ്ഞു സൂക്ഷി​ക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നു. പുതിയ വീഞ്ഞു​തു​രു​ത്തി​ക​ളി​ലാ​ണു വീഞ്ഞ് ഒഴിച്ചുവെ​ക്കു​ന്നത്‌. കാരണം വീഞ്ഞു പുളി​ക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ്‌ തോൽസ​ഞ്ചി​യിൽ മർദം ചെലു​ത്തും. പുതിയ തോൽസ​ഞ്ചി​കൾ വികസി​ക്കും; എന്നാൽ പഴയവ വഴങ്ങാ​ത്ത​തി​നാൽ പൊട്ടിപ്പോ​കും.—യോശ 9:4; മത്ത 9:17.

 • വീണ്ടെടുക്കുക.

  മോച​ന​വില കൊടു​ത്ത്‌ മോചി​പ്പി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. വീണ്ടെ​ടുപ്പ് അഥവാ മോചനം അടിമ​ത്ത​ത്തിൽനി​ന്നോ മരണത്തിന്‍റെ​യും ശവക്കു​ഴി​യുടെ​യും പിടി​യിൽനി​ന്നോ ആകാം. (ലേവ 19:20; ഇയ്യ 33:28) ഒരു വ്യക്തി​യു​ടെ വസ്‌തു​വ​ക​കളെ​യോ ആ വ്യക്തിയെ​ത്തന്നെ​യോ അയാളു​ടെ അടുത്ത ബന്ധു വീണ്ടെ​ടു​ക്കു​ന്ന​തും ഇതിൽ ഉൾപ്പെട്ടേ​ക്കാം. (രൂത്ത്‌ 2:20) ചില​പ്പോൾ ഉടമസ്ഥൻ അല്ലെങ്കിൽ വിറ്റയാൾ തന്നെയാ​യി​രി​ക്കും വീണ്ടെ​ടു​ക്കു​ന്നത്‌.

 • വെട്ടുക്കിളി.

  വലിയ കൂട്ടങ്ങ​ളാ​യി ദേശാ​ടനം നടത്തുന്ന ഒരുതരം പുൽച്ചാ​ടി. മോശ​യു​ടെ നിയമ​ത്തിൽ ഭക്ഷ്യ​യോ​ഗ്യ​മായ, ശുദ്ധി​യുള്ള ഒരു ജീവി​യാ​യി ഇതിനെ പട്ടികപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പോകുന്ന വഴിയി​ലു​ള്ളതെ​ല്ലാം തിന്നു​തീർക്കുന്ന വെട്ടി​ക്കി​ളി​ക്കൂ​ട്ടം ഒരു ബാധ​പോലെ​യാണ്‌; അതു വരുത്തിവെ​ക്കുന്ന നാശനഷ്ടം വളരെ വലുതാ​ണ്‌.—പുറ 10:14; മത്ത 3:4.

 •  വെൺകൽഭ​രണി.

  സുഗന്ധദ്ര​വ്യം സൂക്ഷി​ക്കുന്ന ഒരുതരം ചെറിയ ഭരണി. ഈജി​പ്‌തി​ലെ അലബാ​സ്റ്റ്രോ​ണി​നു സമീപം കാണ​പ്പെ​ടുന്ന ഒരുതരം കല്ലു​കൊ​ണ്ടാ​ണു വെൺകൽഭ​രണി അഥവാ അലബാസ്റ്റർ ഉണ്ടാക്കി​യി​രു​ന്നത്‌. സാധാ​ര​ണ​ഗ​തി​യിൽ ഇടുങ്ങിയ കഴു​ത്തോടെ​യാണ്‌ ഇത്തരം പാത്രങ്ങൾ നിർമി​ച്ചി​രു​ന്നത്‌. വിശേ​ഷ​പ്പെട്ട സുഗന്ധദ്ര​വ്യം ഒട്ടും നഷ്ടപ്പെ​ടാ​തെ മുറുക്കെ അടയ്‌ക്കാൻ അതു സഹായി​ച്ചി​രു​ന്നു. ഈ ഭരണി ഉണ്ടാക്കി​യി​രുന്ന കല്ലു വെൺകല്ല് എന്ന് അറിയപ്പെ​ട്ടി​രു​ന്നു.—മർ 14:3.

 • വേശ്യ.

  ഇണയല്ലാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​യാൾ, പ്രത്യേ​കിച്ച് പണത്തി​നുവേണ്ടി. (വേശ്യ എന്നതിന്‍റെ ഗ്രീക്കു​പ​ദ​മായ പോർണെ, “വിൽക്കുക ” എന്ന് അർഥമുള്ള മൂലപ​ദ​ത്തിൽനി​ന്നാ​ണു വന്നത്‌.) വേശ്യാ​വൃ​ത്തി ചെയ്യുന്ന പുരു​ഷ​ന്മാരെ​ക്കു​റിച്ച് ബൈബി​ളിൽ പറയു​ന്നുണ്ടെ​ങ്കി​ലും ഈ പദം സാധാ​ര​ണ​യാ​യി സ്‌ത്രീ​കളെ​യാ​ണു കുറി​ക്കു​ന്നത്‌. മോശ​യു​ടെ നിയമം വേശ്യാ​വൃ​ത്തി വിലക്കി​യി​രു​ന്നു. വേശ്യ​യു​ടെ കൂലി യഹോ​വ​യു​ടെ ആലയത്തിൽ സംഭാ​വ​ന​യാ​യി സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. പുറജാ​തീ​യർക്കു പക്ഷേ വരുമാ​ന​ത്തി​നുവേണ്ടി ക്ഷേത്രവേ​ശ്യ​കളെ ഉപയോ​ഗി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (ആവ 23:17, 18; 1രാജ 14:24) ദൈവ​ത്തി​ന്‍റെ ആരാധ​ക​രാണെന്ന് അവകാ​ശപ്പെ​ടു​ക​യും അതേസ​മയം ഏതെങ്കി​ലും തരത്തി​ലുള്ള വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്ന ആളുകളെ​യോ രാജ്യ​ങ്ങളെ​യോ സംഘട​ന​കളെ​യോ കുറി​ക്കാ​നും ബൈബി​ളിൽ ഈ പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌ മതങ്ങളെ കുറി​ക്കുന്ന “ബാബി​ലോൺ എന്ന മഹതി”യെ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ വേശ്യ​യാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. കാരണം അധികാ​ര​ത്തി​നും സാമ്പത്തി​കനേ​ട്ട​ത്തി​നും വേണ്ടി അവൾ ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളു​മാ​യി ചേർന്ന് പ്രവർത്തി​ക്കു​ന്നു.—വെളി 17:1-5; 18:3; 1ദിന 5:25.

 • വ്യഭിചാരം.

  വിവാഹം കഴിച്ച ഒരു പുരു​ഷ​നോ സ്‌ത്രീ​യോ തന്‍റെ ഇണയല്ലാത്ത ഒരാളു​മാ​യി മനഃപൂർവം ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നത്‌.—പുറ 20:14; മത്ത 5:27; 19:9.

 • വ്യവസ്ഥി​തി(കൾ).

  നിലവി​ലുള്ള അവസ്ഥകളെ​ക്കു​റി​ച്ചോ ഏതെങ്കി​ലും ഒരു കാലഘ​ട്ട​ത്തിന്‍റെ​യോ സമയത്തിന്‍റെ​യോ യുഗത്തിന്‍റെ​യോ പ്രത്യേ​ക​മായ സവി​ശേ​ഷ​ത​കളെ​ക്കു​റി​ച്ചോ പറയു​മ്പോൾ ഏയോൻ എന്ന ഗ്രീക്കു​പ​ദ​ത്തി​നു നൽകുന്ന പരിഭാഷ. നിലവി​ലുള്ള ലോകാ​വ​സ്ഥ​കളെ​ക്കു​റിച്ച് പൊതു​വാ​യി പറയാ​നും ലോക​ത്തി​ന്‍റെ ജീവി​ത​രീ​തിയെ​ക്കു​റിച്ച് പറയാ​നും ബൈബിൾ “ഈ വ്യവസ്ഥി​തി” എന്ന പ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു. (2തിമ 4:10) നിയമ ഉടമ്പടി​യി​ലൂ​ടെ ദൈവം ഒരു വ്യവസ്ഥി​തി ഏർപ്പെ​ടു​ത്തി. ചിലർ അതിനെ ഇസ്രായേ​ല്യ​രു​ടെ അഥവാ ജൂതന്മാ​രു​ടെ കാലഘട്ടം എന്നു വിളിച്ചേ​ക്കാം. മോച​ന​ബ​ലി​യി​ലൂ​ടെ വ്യത്യ​സ്‌ത​മായ ഒരു വ്യവസ്ഥി​തി ഏർപ്പെ​ടു​ത്താൻ യേശുക്രി​സ്‌തു​വി​നെ ദൈവം ഉപയോ​ഗി​ച്ചു. പ്രധാ​ന​മാ​യും അഭിഷി​ക്തക്രി​സ്‌ത്യാ​നി​ക​ളു​ടെ സഭയാണ്‌ അതിലു​ള്ളത്‌. നിയമ ഉടമ്പടി മുൻനി​ഴ​ലാ​ക്കിയ സംഗതി​കൾ യാഥാർഥ്യ​മാ​യി​ത്തീ​രുന്ന ഒരു പുതിയ കാലഘ​ട്ട​ത്തിന്‌ ഇതു തുടക്കം കുറിച്ചു. വ്യവസ്ഥി​തി​കൾ എന്നു ബഹുവ​ച​ന​ത്തിൽ ഉപയോ​ഗി​ക്കുമ്പോൾ അതു പരാമർശി​ക്കു​ന്നതു മുമ്പു​ണ്ടാ​യി​രു​ന്ന​തോ വരാനി​രി​ക്കു​ന്ന​തോ ആയ പല തരം വ്യവസ്ഥി​തി​കളെ​യോ സ്ഥിതി​ഗ​തി​കളെ​യോ ആണ്‌.—മത്ത 24:3; മർ 4:19; റോമ 12:2; 1കൊ 10:11.

 • വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം.

  സാത്താന്‍റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഈ വ്യവസ്ഥി​തി​യു​ടെ, അല്ലെങ്കിൽ ലോക​ത്തി​ലെ അവസ്ഥക​ളു​ടെ അവസാ​ന​ത്തിലേക്കു നയിക്കുന്ന കാലഘട്ടം. ക്രിസ്‌തു​വി​ന്‍റെ സാന്നി​ധ്യ​ത്തി​നു സമാന്ത​ര​മായ ഒരു കാലഘ​ട്ട​മാണ്‌ ഇത്‌. യേശു​വി​ന്‍റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ദൈവ​ദൂ​ത​ന്മാർ “നീതി​മാ​ന്മാ​രു​ടെ ഇടയിൽനി​ന്ന് ദുഷ്ടന്മാ​രെ വേർതി​രിച്ച്” നശിപ്പി​ച്ചു​ക​ള​യും. (മത്ത 13:40-42, 49) ആ ‘അവസാനം’ എപ്പോ​ഴാ​യി​രി​ക്കുമെന്ന് അറിയാൻ യേശു​വി​ന്‍റെ ശിഷ്യ​ന്മാർ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു. (മത്ത 24:3) അവസാ​ന​കാ​ലം​വരെ അവരോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കുമെന്നു സ്വർഗ​ത്തിലേക്കു തിരിച്ച് പോകു​ന്ന​തി​നു മുമ്പ് യേശു അനുഗാ​മി​കൾക്ക് ഉറപ്പു കൊടു​ത്തു.—മത്ത 28:20.

 • ശബത്ത്‌.

  “വിശ്ര​മി​ക്കുക; നിറുത്തുക ” എന്ന് അർഥം വരുന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന് വന്നത്‌. ജൂതന്മാ​രു​ടെ കലണ്ടറ​നു​സ​രിച്ച് ആഴ്‌ച​യി​ലെ ഏഴാം ദിവസം, അതായത്‌ വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യം​മു​തൽ ശനിയാ​ഴ്‌ച സൂര്യാ​സ്‌ത​മ​യം​വരെ. വർഷത്തി​ലെ ചില ഉത്സവദി​വ​സ​ങ്ങളെ​യും ഏഴാമത്തെ​യും അമ്പതാ​മത്തെ​യും വർഷങ്ങളെ​യും ശബത്ത്‌ എന്നു വിളി​ച്ചി​രു​ന്നു. പുരോ​ഹി​ത​ന്മാ​രു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ സേവനം ഒഴികെ മറ്റൊരു ജോലി​യും ശബത്തു​ദി​വസം ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. ശബത്തു​വർഷ​ങ്ങ​ളിൽ നിലം കൃഷി ചെയ്യാതെ ഇടണമാ​യി​രു​ന്നു. കടം കൊടു​ത്തതു തിരി​ച്ചു​നൽകാൻ ഒരു എബ്രായൻ മറ്റൊരു എബ്രാ​യനെ നിർബ​ന്ധി​ക്കാ​നും പാടില്ല. മോശ​യു​ടെ നിയമ​ത്തിൽ ന്യായ​മായ ശബത്തു​നി​ബ​ന്ധ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ മതനേ​താ​ക്ക​ന്മാർ അവയോ​ടു നിയമങ്ങൾ കൂട്ടിച്ചേർത്തുകൊ​ണ്ടി​രു​ന്നു. അതു​കൊണ്ട് യേശു​വി​ന്‍റെ കാലമാ​യപ്പോഴേ​ക്കും ആളുകൾക്ക്  അവ അനുസ​രി​ക്കാൻ പറ്റാത്ത വിധം കഠിന​മാ​യി​ത്തീർന്നു.—പുറ 20:8; ലേവ 25:4; ലൂക്ക 13:14-16; കൊലോ 2:16.

 • ശമര്യ.

  200 വർഷ​ത്തോ​ളം പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രായേ​ലി​ന്‍റെ തലസ്ഥാ​ന​ന​ഗരം. ആ രാജ്യത്തെ മുഴുവൻ കുറി​ക്കാ​നും ശമര്യ എന്നു പറഞ്ഞി​രു​ന്നു. ശമര്യ എന്നുതന്നെ പേരുള്ള മലയി​ലാണ്‌ ഈ നഗരം പണിതി​രു​ന്നത്‌. യേശു​വി​ന്‍റെ കാലത്ത്‌, വടക്ക് ഗലീല​യ്‌ക്കും തെക്ക് യഹൂദ്യ​ക്കും ഇടയി​ലുള്ള റോമൻ ജില്ലയാ​യി​രു​ന്നു ശമര്യ. യേശു തന്‍റെ യാത്ര​ക​ളിൽ സാധാരണ ഈ പ്രദേ​ശത്ത്‌ പ്രസം​ഗി​ക്കാ​റി​ല്ലാ​യി​രു​ന്നു. എന്നാൽ ചില​പ്പോഴൊ​ക്കെ യേശു ആ പ്രദേ​ശ​ത്തു​കൂ​ടെ പോയി അവി​ടെ​യു​ള്ള​വരോ​ടു സാക്ഷീ​ക​രി​ച്ചി​ട്ടു​മുണ്ട്. പത്രോ​സ്‌ ദൈവ​രാ​ജ്യ​ത്തി​ന്‍റെ രണ്ടാമത്തെ ആലങ്കാ​രി​ക​താക്കോൽ ഉപയോ​ഗി​ച്ചപ്പോൾ ശമര്യ​ക്കാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. (1രാജ 16:24; യോഹ 4:7; പ്രവൃ 8:14)—അനു. ബി10 കാണുക.

 • ശമര്യക്കാർ.

  പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രായേ​ലി​ലു​ള്ള​വരെ കുറി​ക്കാ​നാണ്‌ ഈ പദം ആദ്യം ഉപയോ​ഗി​ച്ചി​രു​ന്നത്‌. പിന്നീട്‌ ബി.സി. 740-ൽ അസീറി​യ​ക്കാർ ശമര്യയെ കീഴട​ക്കി​യ​തി​നു ശേഷം അവിടെ കൊണ്ടു​വന്ന് താമസി​പ്പിച്ച വിദേ​ശി​കളെ​യും ഇങ്ങനെ വിളിച്ചു. എന്നാൽ യേശു​വി​ന്‍റെ കാലത്ത്‌ ഒരു വംശ​ത്തെ​യോ രാഷ്‌ട്രത്തെ​യോ അല്ല ഈ പേര്‌ സൂചി​പ്പി​ച്ചത്‌. പകരം പുരാതന ശെഖേ​മിന്‍റെ​യും ശമര്യ​യുടെ​യും പരിസ​ര​ത്തു​ണ്ടാ​യി​രുന്ന മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വരെ​യാ​ണു ശമര്യ​ക്കാർ എന്നു വിളി​ച്ചി​രു​ന്നത്‌. ജൂതമ​ത​ത്തിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മായ ചില വിശ്വാ​സങ്ങൾ അവർക്കു​ണ്ടാ​യി​രു​ന്നു.—യോഹ 8:48.

 • ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ വൃക്ഷം.

  ഏദെൻ തോട്ട​ത്തി​ലെ ഒരു വൃക്ഷം. എന്താണ്‌ ‘ശരി’ (ദൈവം അംഗീ​ക​രി​ക്കു​ന്നത്‌), എന്താണ്‌ ‘തെറ്റ്‌’ (ദൈവം കുറ്റം വിധി​ക്കു​ന്നത്‌) എന്നു മനുഷ്യർക്കു​വേണ്ടി തീരു​മാ​നി​ക്കാ​നുള്ള അവകാശം ദൈവ​ത്തി​നാണ്‌ എന്നതിന്‍റെ പ്രതീകം.—ഉൽ 2:9, 17.

 • ശലോ​മോ​ന്‍റെ മണ്ഡപം.

  യേശു​വി​ന്‍റെ കാലത്തു​ണ്ടാ​യി​രുന്ന ദേവാ​ല​യ​ത്തി​ലെ പുറത്തെ മുറ്റത്തി​ന്‍റെ കിഴക്കുള്ള നടപ്പാത. ഇതിനു മേൽക്കൂ​ര​യും വശങ്ങൾ നിറയെ തൂണു​ക​ളും ഉണ്ട്. ശലോമോ​ന്‍റെ ആലയത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു ഇതെന്നു പൊതു​വേ കരുതപ്പെ​ടു​ന്നു. ‘തണുപ്പു​കാ​ലത്ത്‌’ യേശു ഇതിലൂ​ടെ നടന്നതാ​യി വിവരണം പറയുന്നു. കൂടാതെ ആദ്യകാ​ലക്രി​സ്‌ത്യാ​നി​കൾ ആരാധ​ന​യ്‌ക്കാ​യി ഇവിടെ കൂടി​വ​ന്നി​രു​ന്നു. (യോഹ 10:22, 23; പ്രവൃ 5:12)—അനു. ബി11 കാണുക.

 • ശവക്കുഴി.

  ചില തിരുവെ​ഴു​ത്തു​ക​ളിൽ ഒരു വ്യക്തി​യു​ടെ ശവക്കു​ഴി​യെ (കല്ലറയെ) കുറി​ക്കു​ന്നു. എബ്രാ​യ​യിൽ “ഷീയോൾ” എന്നോ ഗ്രീക്കിൽ “ഹേഡിസ്‌” എന്നോ വരു​മ്പോൾ ഈ പദം ആലങ്കാ​രി​ക​മാ​യി മനുഷ്യ​വർഗ​ത്തി​ന്‍റെ ശവക്കു​ഴി​യെ കുറി​ക്കു​ന്നു. ബൈബി​ളിൽ ഇതിനെ സുബോ​ധ​വും എല്ലാ പ്രവർത്ത​ന​ങ്ങ​ളും ഇല്ലാതാ​കുന്ന ആലങ്കാ​രി​ക​മായ ഒരു സ്ഥലമോ അവസ്ഥയോ ആയി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.—ഉൽ 47:30; സഭ 9:10; പ്രവൃ 2:31.

 • ശാപം.

  ഏതെങ്കി​ലും വ്യക്തി​ക്കോ വസ്‌തു​വി​നോ ദോഷം വരുമെന്ന ഭീഷണി അഥവാ പ്രസ്‌താ​വന. ദേഷ്യപ്പെ​ടുമ്പോൾ പറയുന്ന മോശ​മായ വാക്കു​കളെയല്ല ഇതു കുറി​ക്കു​ന്നത്‌. ശാപം മിക്ക​പ്പോ​ഴും ദോഷത്തെ​ക്കു​റി​ച്ചുള്ള പ്രസ്‌താ​വ​ന​യോ മുന്നറി​യി​പ്പോ ഉൾപ്പെ​ടുന്ന ഒരു ഔദ്യോ​ഗി​കപ്ര​ഖ്യാ​പ​ന​മാ​യിരി​ക്കും. ദൈവ​മോ ദൈവം അധികാ​രപ്പെ​ടു​ത്തിയ ഒരു വ്യക്തി​യോ ആണ്‌ ശപിക്കു​ന്നതെ​ങ്കിൽ അതിനു പ്രാവ​ച​നി​ക​മൂ​ല്യ​വും ശക്തിയും ഉണ്ട്.—ഉൽ 12:3; സംഖ 22:12; ഗല 3:10.

 • ശാസ്‌ത്രി.

  എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളു​ടെ പകർപ്പെ​ഴു​ത്തു​കാ​രൻ. യേശു ഭൂമി​യിൽ വന്ന സമയമാ​യപ്പോഴേ​ക്കും, നിയമത്തെ​ക്കു​റിച്ച് നല്ല അറിവുള്ള ഒരു വിഭാഗം പുരു​ഷ​ന്മാരെ​യും ഇത്‌ അർഥമാ​ക്കി. അവർ യേശു​വി​നെ എതിർത്തി​രു​ന്നു.—എസ്ര 7:6, അടിക്കു​റിപ്പ്; മർ 12:38, 39; 14:1.

 • ശുദ്ധി