2 ദിനവൃത്താന്തം 3:1-17
3 പിന്നെ ശലോമോൻ യരുശലേമിലെ മോരിയ പർവതത്തിൽ,+ യഹോവ ശലോമോന്റെ അപ്പനായ ദാവീദിനു പ്രത്യക്ഷനായ സ്ഥലത്ത്,+ യഹോവയുടെ ഭവനം പണിയാൻതുടങ്ങി.+ ദാവീദ് യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ഒരുക്കിയ സ്ഥലത്താണു ശലോമോൻ അതു പണിതത്.+
2 ഭരണത്തിന്റെ നാലാം വർഷം രണ്ടാം മാസം രണ്ടാം ദിവസം ശലോമോൻ പണി ആരംഭിച്ചു.
3 സത്യദൈവത്തിന്റെ ഭവനത്തിനുവേണ്ടി ശലോമോൻ ഇട്ട+ അടിത്തറയുടെ നീളം 60 മുഴവും വീതി 20 മുഴവും ആയിരുന്നു. പണ്ടു നിലവിലുണ്ടായിരുന്ന അളവനുസരിച്ചുള്ള* കണക്കാണ് ഇത്.
4 മുൻവശത്തുള്ള മണ്ഡപത്തിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി* 20 മുഴമായിരുന്നു. അതിന്റെ ഉയരം 120.* അതിന്റെ ഉൾവശം ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+
5 വലിയ മുറിയിൽ* ജൂനിപ്പർപ്പലകകൾ പതിപ്പിച്ചിട്ട് അവ മേത്തരമായ സ്വർണംകൊണ്ട് പൊതിഞ്ഞു.+ അത് ഈന്തപ്പനയുടെ രൂപങ്ങളും+ ചങ്ങലകളും+ കൊണ്ട് അലങ്കരിക്കുകയും ചെയ്‌തു.
6 ഭവനം വിലപിടിപ്പുള്ള മനോഹരമായ കല്ലുകൾകൊണ്ട് അലങ്കരിച്ചു.+ പർവയ്യീമിൽനിന്ന് കൊണ്ടുവന്ന സ്വർണമാണു പണിക്ക് ഉപയോഗിച്ചത്.+
7 കഴുക്കോലുകളും വാതിൽപ്പടികളും ചുവരുകളും വാതിലുകളും സഹിതം ഭവനം മുഴുവൻ സ്വർണംകൊണ്ട് പൊതിഞ്ഞു.+ ചുവരുകളിൽ കെരൂബുകളെയും കൊത്തിവെച്ചു.+
8 പിന്നെ ശലോമോൻ അതിവിശുദ്ധമുറി* ഉണ്ടാക്കി.+ അതിന്റെ നീളം ഭവനത്തിന്റെ വീതിക്കു തുല്യമായി 20 മുഴമായിരുന്നു. അതിന്റെ വീതിയും 20 മുഴമായിരുന്നു. മേത്തരമായ 600 താലന്തു* സ്വർണംകൊണ്ട് ആ മുറി പൊതിഞ്ഞു.+
9 ആണികൾക്കുവേണ്ടി 50 ശേക്കെൽ* സ്വർണം ഉപയോഗിച്ചു. മുകളിലത്തെ മുറികളും സ്വർണംകൊണ്ട് പൊതിഞ്ഞു.
10 തുടർന്ന് അതിവിശുദ്ധമുറിയിൽ കെരൂബുകളുടെ രണ്ടു ശില്‌പങ്ങൾ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു.+
11 കെരൂബുകളുടെ ചിറകുകളുടെ മൊത്തം നീളം+ 20 മുഴമായിരുന്നു. ഒന്നാമത്തെ കെരൂബിന്റെ ഒരു വശത്തെ ചിറകിന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തിന്റെ ചുവരിൽ തൊട്ടിരുന്നു. മറ്റേ ചിറകും അഞ്ചു മുഴം. അതിന്റെ അറ്റമാകട്ടെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകിൽ തൊട്ടിരുന്നു.
12 രണ്ടാമത്തെ കെരൂബിന്റെ ഒരു വശത്തെ ചിറകിന്റെ നീളം അഞ്ചു മുഴം. അതിന്റെ അറ്റം ഭവനത്തിന്റെ മറുവശത്തെ ചുവരിൽ തൊട്ടിരുന്നു. മറ്റേ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. അതിന്റെ അറ്റമാകട്ടെ ആദ്യത്തെ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു.
13 കെരൂബുകളുടെ വിടർത്തിപ്പിടിച്ച ചിറകുകളുടെ ആകെ നീളം 20 മുഴം. നിൽക്കുന്ന വിധത്തിൽ, അകത്തേക്ക്* അഭിമുഖമായാണ് അവയെ സ്ഥാപിച്ചിരുന്നത്.
14 നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, രക്തവർണത്തിലുള്ള നൂൽ, മേത്തരമായ തുണി എന്നിവകൊണ്ട് ശലോമോൻ തിരശ്ശീലയും ഉണ്ടാക്കി.+ അതിൽ കെരൂബുകളുടെ രൂപങ്ങൾ നെയ്തിരുന്നു.+
15 പിന്നെ ശലോമോൻ ഭവനത്തിന്റെ മുൻഭാഗത്ത് 35 മുഴം നീളമുള്ള രണ്ടു തൂണുകൾ ഉണ്ടാക്കി.+ അവയ്‌ക്കു മുകളിലുള്ള മകുടങ്ങൾ ഓരോന്നിനും അഞ്ചു മുഴം ഉയരമുണ്ടായിരുന്നു.+
16 മാലകൾപോലെ ചങ്ങലകൾ ഉണ്ടാക്കി അവ തൂണുകളുടെ മുകളിൽ പിടിപ്പിച്ചു. 100 മാതളപ്പഴങ്ങൾ ഉണ്ടാക്കി അവ ചങ്ങലകളിൽ പിടിപ്പിക്കുകയും ചെയ്‌തു.
17 ആ തൂണുകൾ ദേവാലയത്തിന്റെ മുന്നിൽ ഇടതും* വലതും* ആയി സ്ഥാപിച്ചു. വലതുവശത്തെ തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ തൂണിനു ബോവസ്* എന്നും പേരിട്ടു.
അടിക്കുറിപ്പുകള്‍
^ സാധാരണഗതിയിൽ ഒരു മുഴം എന്നത് 44.5 സെ.മീ. (17.5 ഇഞ്ച്) ആണ്. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, “പണ്ടു നിലവിലുണ്ടായിരുന്ന അളവ്” എന്നതു കുറച്ചുകൂടി വലിയ ഒരു മുഴക്കണക്കിനെ, 51.8 സെ.മീ. (20.4 ഇഞ്ച്) വരുന്ന ഒരു കണക്കിനെ, ആണ് കുറിക്കുന്നത്. അനു. ബി14 കാണുക.
^ അഥവാ “സമാന്തരമായി.”
^ നിശ്ചയമില്ലാത്ത ഒരുതരം അളവ്.
^ അക്ഷ. “വലിയ ഭവനത്തിൽ.” സാധ്യതയനുസരിച്ച്, വിശുദ്ധത്തെ കുറിക്കുന്നു.
^ അക്ഷ. “അതിവിശുദ്ധഭവനം.”
^ അതായത്, വിശുദ്ധത്തിന്.
^ അഥവാ “വടക്കും.”
^ അഥവാ “തെക്കും.”
^ അർഥം: “അവൻ (അതായത് യഹോവ) ദൃഢമായി ഉറപ്പിക്കട്ടെ.”
^ “ശക്തിയിൽ” എന്നായിരിക്കാം അർഥം.