2 ദിനവൃത്താന്തം 23:1-21
23 എന്നാൽ ഏഴാം വർഷം യഹോയാദ പുരോഹിതൻ ധൈര്യത്തോടെ പ്രവർത്തിച്ചു. യരോഹാമിന്റെ മകൻ അസര്യ, യഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യ, അദായയുടെ മകൻ മയസേയ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി+ യഹോയാദ സഖ്യം* ചെയ്തു.
2 അവർ യഹൂദയിലെങ്ങും ചെന്ന് യഹൂദാനഗരങ്ങളിൽ എല്ലായിടത്തുമുള്ള ലേവ്യരെയും+ ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും യരുശലേമിൽ കൂട്ടിവരുത്തി.
3 അങ്ങനെ സത്യദൈവത്തിന്റെ ഭവനത്തിൽവെച്ച് സഭ മുഴുവനും രാജാവുമായി ഒരു ഉടമ്പടി ചെയ്തു.+ അപ്പോൾ യഹോയാദ അവരോടു പറഞ്ഞു:
“യഹോവ ദാവീദിന്റെ ആൺമക്കളെക്കുറിച്ച് വാഗ്ദാനം ചെയ്തതുപോലെ, രാജാവിന്റെ മകൻതന്നെ ഭരണം നടത്തും.+
4 നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: ശബത്തിൽ നിയമനമുള്ള ലേവ്യരുടെയും+ പുരോഹിതന്മാരുടെയും മൂന്നിൽ ഒരു ഭാഗം വാതിൽക്കാവൽക്കാരായി നിൽക്കണം.+
5 മൂന്നിൽ ഒരു ഭാഗം രാജാവിന്റെ ഭവനത്തിലും*+ ശേഷിക്കുന്ന മൂന്നിൽ ഒരു ഭാഗം അടിസ്ഥാനകവാടം എന്നു പേരുള്ള കവാടത്തിലും നിൽക്കണം. ജനങ്ങളെല്ലാം യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളിൽ നിൽക്കട്ടെ.+
6 ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയും അല്ലാതെ മറ്റാരെയും യഹോവയുടെ ഭവനത്തിലേക്കു കടത്തിവിടരുത്;+ അവർ ഒരു വിശുദ്ധഗണമായതുകൊണ്ട് അവർക്കു പ്രവേശിക്കാം. ജനങ്ങളെല്ലാം യഹോവയോടുള്ള കടമ നിറവേറ്റണം.
7 ലേവ്യരെല്ലാം ആയുധം കൈയിൽ ഏന്തി രാജാവിനു ചുറ്റും നിൽക്കണം. ആരെങ്കിലും ഭവനത്തിൽ കടന്നാൽ അയാളെ കൊന്നുകളയുക. രാജാവ് എവിടെ പോയാലും* നിങ്ങൾ ഒപ്പമുണ്ടായിരിക്കണം.”
8 പുരോഹിതനായ യഹോയാദ പറഞ്ഞതു ലേവ്യരും യഹൂദയിലുള്ള എല്ലാവരും അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലാതിരുന്ന ആളുകളെയും കൂടെക്കൂട്ടി.+ യഹോയാദ പുരോഹിതൻ ഒരു ഗണത്തെയും വിട്ടയച്ചിരുന്നില്ല.+
9 യഹോയാദ പുരോഹിതൻ സത്യദൈവത്തിന്റെ ആലയത്തിലുണ്ടായിരുന്ന,+ ദാവീദ് രാജാവിന്റെ കുന്തങ്ങളും പരിചകളും ചെറുപരിചകളും*+ എടുത്ത് ശതാധിപന്മാർക്കു+ കൊടുത്തു.
10 യഹോയാദ ജനത്തെ രാജാവിനു ചുറ്റുമായി നിറുത്തി. അവർ ഓരോരുത്തരും ആയുധം* കൈയിൽ എടുത്ത് ഭവനത്തിന്റെ വലതുവശംമുതൽ ഇടതുവശംവരെ യാഗപീഠത്തിന്റെയും ഭവനത്തിന്റയും അരികിൽ നിലയുറപ്പിച്ചു.
11 പിന്നെ അവർ രാജകുമാരനെ പുറത്ത് കൊണ്ടുവന്ന്+ തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും* രാജകുമാരന്റെ തലയിൽ വെച്ചു.+ അങ്ങനെ അവർ യഹോവാശിനെ രാജാവാക്കി. യഹോയാദയും ആൺമക്കളും ചേർന്ന് യഹോവാശിനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ!” എന്നു വിളിച്ചുപറഞ്ഞു.+
12 ജനങ്ങൾ ഓടുന്നതിന്റെയും രാജാവിനെ സ്തുതിക്കുന്നതിന്റെയും ശബ്ദം കേട്ടപ്പോൾ അഥല്യ ഉടനെ യഹോവയുടെ ഭവനത്തിൽ ജനത്തിന്റെ അടുത്തേക്കു ചെന്നു.+
13 അപ്പോൾ അതാ, രാജാവ് വാതിൽക്കൽ തന്റെ തൂണിന് അരികെ നിൽക്കുന്നു! പ്രഭുക്കന്മാരും+ കാഹളം ഊതുന്നവരും രാജാവിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ദേശത്തെ ജനം മുഴുവൻ സന്തോഷിച്ചാനന്ദിക്കുകയും+ കാഹളം ഊതുകയും ചെയ്യുന്നു. സംഗീതോപകരണങ്ങളുമായി നിന്നിരുന്ന ഗായകർ ആഘോഷങ്ങൾക്കു നേതൃത്വം* കൊടുക്കുന്നു. അതു കണ്ട അഥല്യ വസ്ത്രം കീറിയിട്ട്, “ചതി, കൊടുംചതി!” എന്നു വിളിച്ചുപറഞ്ഞു.
14 എന്നാൽ പുരോഹിതനായ യഹോയാദ സൈന്യത്തിന്മേൽ നിയമിതരായ ശതാധിപന്മാരെ കൂട്ടിക്കൊണ്ട് ചെന്ന്, “അഥല്യയെ അണിയിൽനിന്ന് പുറത്ത് കൊണ്ടുപോകൂ. ആരെങ്കിലും അഥല്യയുടെ പിന്നാലെ വന്നാൽ അയാളെ വാളുകൊണ്ട് കൊല്ലണം!” എന്നു പറഞ്ഞു. “യഹോവയുടെ ഭവനത്തിൽവെച്ച് അഥല്യയെ കൊല്ലരുത്” എന്ന് യഹോയാദ അവരോടു കല്പിച്ചിരുന്നു.
15 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. രാജകൊട്ടാരത്തിന്റെ കുതിരവാതിലിന് അരികെ എത്തിയ ഉടനെ അവർ അഥല്യയെ കൊന്നുകളഞ്ഞു.
16 പിന്നീട് യഹോയാദ, എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി താനും രാജാവും ജനങ്ങളും തമ്മിൽ ഉണ്ടാക്കി.+
17 അതിനു ശേഷം ജനം മുഴുവൻ ബാലിന്റെ ഭവനത്തിലേക്കു* ചെന്ന് അതു തകർത്തുനശിപ്പിച്ചു.+ അവർ ബാലിന്റെ യാഗപീഠങ്ങളും രൂപങ്ങളും ഉടച്ചുകളഞ്ഞു.+ ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച് കൊന്നുകളഞ്ഞു.+
18 പിന്നെ യഹോയാദ യഹോവയുടെ ഭവനത്തിന്റെ മേൽനോട്ടം ലേവ്യരെയും പുരോഹിതന്മാരെയും ഏൽപ്പിച്ചു. മോശയുടെ നിയമത്തിൽ+ എഴുതിയിരിക്കുന്നതനുസരിച്ച് യഹോവയ്ക്കു ദഹനബലികൾ+ അർപ്പിക്കാനായി ദാവീദ് അവരെ യഹോവയുടെ ഭവനത്തിൽ പല വിഭാഗങ്ങളായി നിയമിച്ചിരുന്നു. ദാവീദിന്റെ നിർദേശമനുസരിച്ച് പാട്ടു പാടി സന്തോഷിച്ചാനന്ദിച്ചാണ് അവർ അത് അർപ്പിച്ചിരുന്നത്.
19 ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ യഹോവയുടെ ഭവനത്തിൽ കടക്കാതിരിക്കാൻ യഹോയാദ കവാടങ്ങളിൽ കാവൽക്കാരെയും നിറുത്തി.+
20 പിന്നെ ശതാധിപന്മാരുടെയും+ പ്രധാനികളുടെയും ഭരണാധികാരികളുടെയും ദേശത്തെ മുഴുവൻ ജനങ്ങളുടെയും അകമ്പടിയോടെ രാജാവിനെ യഹോവയുടെ ഭവനത്തിൽനിന്ന് കൊണ്ടുപോയി. അവർ മുകളിലത്തെ കവാടത്തിലൂടെ രാജകൊട്ടാരത്തിൽ+ പ്രവേശിച്ച് രാജാവിനെ സിംഹാസനത്തിൽ അവരോധിച്ചു.+
21 ദേശത്തെ ജനം മുഴുവൻ ആനന്ദിച്ചാഹ്ലാദിച്ചു. അഥല്യയെ അവർ കൊന്നുകളഞ്ഞതുകൊണ്ട്* നഗരത്തിൽ സമാധാനം ഉണ്ടായി.
അടിക്കുറിപ്പുകള്
^ അഥവാ “ഉടമ്പടി.”
^ അഥവാ “കൊട്ടാരത്തിലും.”
^ അക്ഷ. “പുറത്ത് പോകുമ്പോഴും അകത്ത് വരുമ്പോഴും.”
^ സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
^ അഥവാ “കുന്തം.”
^ അക്ഷ. “രാജമുടി.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
^ ദൈവത്തിന്റെ നിയമം അടങ്ങിയ ഒരു ചുരുളായിരിക്കാം ഇത്.
^ അഥവാ “സൂചന.”
^ അഥവാ “ക്ഷേത്രത്തിലേക്ക്.”
^ അക്ഷ. “വാളുകൊണ്ട് കൊന്നുകളഞ്ഞതിനാൽ.”