സംഖ്യ 5:1-31

5  യഹോവ പിന്നെ മോശ​യോ​ടു പറഞ്ഞു: 2  “കുഷ്‌ഠ​രോ​ഗി​ക​ളായ എല്ലാവരെയും+ സ്രാവ​മുള്ള എല്ലാവരെയും+ ശവത്താൽ* അശുദ്ധ​രായ എല്ലാവരെയും+ പാളയ​ത്തി​നു പുറ​ത്തേക്ക്‌ അയയ്‌ക്കാൻ ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ക്കുക. 3  സ്‌ത്രീപുരുഷവ്യത്യാസമില്ലാതെ നിങ്ങൾ അവരെ പുറ​ത്തേക്ക്‌ അയയ്‌ക്കണം. ഞാൻ പാളയ​ങ്ങ​ളിൽ താമസി​ക്കു​ന്ന​വർക്കി​ട​യിൽ വസിക്കു​ന്നു.+ ആ പാളയ​ങ്ങളെ അവർ അശുദ്ധമാക്കാതിരിക്കാനായി+ നീ അവരെ പാളയ​ത്തി​നു പുറ​ത്തേക്ക്‌ അയയ്‌ക്കണം.” 4  അങ്ങനെ ഇസ്രാ​യേ​ല്യർ അവരെ പാളയ​ത്തിൽനിന്ന്‌ പുറത്താ​ക്കി. യഹോവ മോശ​യോ​ടു പറഞ്ഞതു​പോ​ലെ​തന്നെ അവർ ചെയ്‌തു. 5  പിന്നെ യഹോവ മോശ​യോ​ടു പറഞ്ഞു: 6  “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘ഒരു പുരു​ഷ​നോ സ്‌ത്രീ​യോ മനുഷ്യ​സ​ഹ​ജ​മായ ഒരു പാപം ചെയ്‌ത്‌ യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണി​ച്ചാൽ ആ വ്യക്തി കുറ്റക്കാ​ര​നാണ്‌.+ 7  ചെയ്‌ത പാപം ഏറ്റുപറഞ്ഞ്‌+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരി​ഹാ​ര​മാ​യി മുഴുവൻ മുതലും തിരികെ ഏൽപ്പി​ക്കണം. അതോ​ടൊ​പ്പം അതിന്റെ മൂല്യ​ത്തി​ന്റെ അഞ്ചി​ലൊ​ന്നും കൊടു​ക്കണം.+ അനീതി​ക്കി​ര​യാ​യ​വന്‌ അതു കൊടു​ക്കണം. 8  നഷ്ടപരിഹാരം കൈപ്പ​റ്റാൻ അയാളോ അയാളു​ടെ അടുത്ത ബന്ധുക്ക​ളിൽ ആരെങ്കി​ലു​മോ ഇല്ലെങ്കിൽ അത്‌ യഹോ​വ​യ്‌ക്കു നൽകണം; അതു പുരോ​ഹി​ത​നു​ള്ള​താ​യി​രി​ക്കും. കുറ്റം ചെയ്‌ത​വന്റെ പാപപ​രി​ഹാ​ര​ത്തി​നു​വേണ്ടി പുരോ​ഹി​തൻ അർപ്പി​ക്കുന്ന പാപപ​രി​ഹാ​ര​ത്തി​ന്റെ ആൺചെ​മ്മ​രി​യാ​ടും പുരോ​ഹി​ത​നു​ള്ള​താ​യി​രി​ക്കും.+ 9  “‘പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രുന്ന, ഇസ്രാ​യേ​ല്യ​രു​ടെ വിശുദ്ധസംഭാവനകളെല്ലാം+ പുരോ​ഹി​ത​നു​ള്ള​താ​യി​രി​ക്കും.+ 10  ഓരോരുത്തരുടെയും വിശു​ദ്ധ​വ​സ്‌തു​ക്ക​ളും പുരോ​ഹി​ത​നു​ള്ള​താ​യി​രി​ക്കും. ഓരോ​രു​ത്ത​രും പുരോ​ഹി​തനു കൊടു​ക്കു​ന്ന​തെ​ല്ലാം പുരോ​ഹി​ത​ന്റേ​താ​യി​രി​ക്കും.’” 11  യഹോവ ഇങ്ങനെ​യും മോശ​യോ​ടു പറഞ്ഞു: 12  “ഇസ്രാ​യേ​ല്യ​രോ​ടു പറയുക: ‘ഒരു പുരു​ഷന്റെ ഭാര്യ വഴിപി​ഴച്ച്‌ അയാ​ളോട്‌ അവിശ്വ​സ്‌തത കാണി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. 13  അതായത്‌ മറ്റൊരു പുരുഷൻ ആ സ്‌ത്രീ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെടുകയും+ അങ്ങനെ സ്‌ത്രീ തന്നെത്തന്നെ കളങ്ക​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. എന്നാൽ അത്‌ ആ സ്‌ത്രീ​യു​ടെ ഭർത്താവ്‌ അറിയു​ക​യോ അക്കാര്യം വെളി​ച്ചത്ത്‌ വരുക​യോ ചെയ്യു​ന്നില്ല. സ്‌ത്രീ​ക്കെ​തി​രെ സാക്ഷി​ക​ളു​മില്ല, സ്‌ത്രീ പിടി​ക്ക​പ്പെ​ടു​ന്നു​മില്ല. അപ്പോൾ ചെയ്യേ​ണ്ടത്‌ ഇതാണ്‌: 14  സ്‌ത്രീ കളങ്കി​ത​യാ​യി​രി​ക്കെ സ്‌ത്രീ​യു​ടെ വിശ്വ​സ്‌ത​ത​യിൽ സംശയം ജനിച്ച്‌ ഭർത്താ​വി​നു ജാരശങ്ക തോന്നി​യാ​ലും, സ്‌ത്രീ കളങ്കി​ത​യ​ല്ലാ​തി​രി​ക്കെ സ്‌ത്രീ​യു​ടെ വിശ്വ​സ്‌ത​ത​യിൽ സംശയം ജനിച്ച്‌ ഭർത്താ​വി​നു ജാരശങ്ക തോന്നി​യാ​ലും 15  അയാൾ തന്റെ ഭാര്യയെ പുരോ​ഹി​തന്റെ അടുത്ത്‌ കൊണ്ടു​വ​രണം. ഭാര്യ​ക്കു​വേണ്ടി യാഗമാ​യി, ഒരു ഏഫായു​ടെ പത്തിലൊന്നു* ബാർളി​പ്പൊ​ടി​യും അയാൾ കൊണ്ടു​വ​രണം. അയാൾ അതിൽ എണ്ണ ഒഴിക്കു​ക​യോ കുന്തി​രി​ക്കം ഇടുക​യോ അരുത്‌. കാരണം അതു തെറ്റിനെ ഓർമി​പ്പി​ക്കുന്ന, സംശയ​ത്തി​ന്റെ ധാന്യ​യാ​ഗ​മാണ്‌. 16  “‘പുരോ​ഹി​തൻ ആ സ്‌ത്രീ​യെ കൊണ്ടു​വന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ നിറു​ത്തണം.+ 17  പുരോഹിതൻ ഒരു മൺപാ​ത്ര​ത്തിൽ കുറച്ച്‌ വിശു​ദ്ധ​ജലം എടുത്ത്‌ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ തറയിൽനി​ന്ന്‌ കുറച്ച്‌ പൊടി വാരി അതിൽ ഇടണം. 18  തുടർന്ന്‌ പുരോ​ഹി​തൻ സ്‌ത്രീ​യെ യഹോ​വ​യു​ടെ സന്നിധി​യിൽ നിറുത്തി സ്‌ത്രീ​യു​ടെ മുടി അഴിച്ചി​ട്ടിട്ട്‌ ഓർമി​പ്പി​ക്ക​ലി​നു​വേ​ണ്ടി​യുള്ള ധാന്യ​യാ​ഗം, അതായത്‌ സംശയ​ത്തി​ന്റെ ധാന്യ​യാ​ഗം,+ സ്‌ത്രീ​യു​ടെ കൈയിൽ വെക്കണം. ശാപം വരുത്തുന്ന കയ്‌പു​വെള്ളം പുരോ​ഹി​തന്റെ കൈയി​ലു​ണ്ടാ​യി​രി​ക്കണം.+ 19  “‘പിന്നെ പുരോ​ഹി​തൻ സ്‌ത്രീ​യെ​ക്കൊണ്ട്‌ സത്യം ചെയ്യിച്ച്‌ സ്‌ത്രീ​യോ​ടു പറയണം: “നീ നിന്റെ ഭർത്താ​വി​ന്റെ അധീനതയിലായിരിക്കെ+ മറ്റൊരു പുരുഷൻ നീയു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​യോ നീ വഴിപി​ഴച്ച്‌ കളങ്കി​ത​യാ​കു​ക​യോ ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ ശാപക​ര​മായ ഈ കയ്‌പു​വെ​ള്ളം​മൂ​ലം നിനക്ക്‌ ഒരു കുഴപ്പ​വും വരാതി​രി​ക്കട്ടെ. 20  എന്നാൽ ഭർത്താ​വി​ന്റെ അധീന​ത​യി​ലാ​യി​രി​ക്കെ നീ നിന്നെ​ത്തന്നെ കളങ്ക​പ്പെ​ടു​ത്തി വഴിപി​ഴച്ച്‌ നിന്റെ ഭർത്താ​വ​ല്ലാത്ത ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ.⁠.⁠.”+ 21  പിന്നെ പുരോ​ഹി​തൻ സ്‌ത്രീ​യെ​ക്കൊണ്ട്‌, ശാപം ഉൾപ്പെ​ടുന്ന ഒരു ആണ ഇടുവി​ച്ച്‌ സത്യം ചെയ്യി​ക്കണം. പുരോ​ഹി​തൻ സ്‌ത്രീ​യോട്‌ ഇങ്ങനെ പറയണം: “യഹോവ നിന്റെ തുട* ക്ഷയിക്കാനും* വയറു വീർക്കാ​നും ഇടവരു​ത്തട്ടെ, അങ്ങനെ നിന്റെ ജനം നിന്റെ പേര്‌ പറഞ്ഞ്‌ ശപിക്കാ​നും ആണയി​ടാ​നും യഹോവ ഇടവരു​ത്തട്ടെ. 22  ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന്‌ നിന്റെ വയറു വീർപ്പി​ക്കു​ക​യും തുട ക്ഷയിപ്പി​ക്കു​ക​യും ചെയ്യും.” അപ്പോൾ സ്‌ത്രീ, “ആമേൻ! ആമേൻ!”* എന്നു പറയണം. 23  “‘പിന്നെ പുരോ​ഹി​തൻ ഈ ശാപങ്ങൾ പുസ്‌ത​ക​ത്തിൽ എഴുതി അവ ആ കയ്‌പു​വെ​ള്ള​ത്തി​ലേക്കു കഴുകി​യൊ​ഴി​ക്കണം. 24  തുടർന്ന്‌ പുരോ​ഹി​തൻ ശാപക​ര​മായ ആ കയ്‌പു​വെള്ളം സ്‌ത്രീ​യെ​ക്കൊണ്ട്‌ കുടി​പ്പി​ക്കണം. ശാപക​ര​മായ വെള്ളം സ്‌ത്രീ​യു​ടെ ഉള്ളിൽ ചെന്ന്‌ കഷ്ടതയു​ടെ കയ്‌പു​നീ​രാ​യി​ത്തീ​രും. 25  പുരോഹിതൻ സംശയ​ത്തി​ന്റെ ധാന്യയാഗം+ സ്‌ത്രീ​യു​ടെ കൈയിൽനി​ന്ന്‌ എടുത്ത്‌ യഹോ​വ​യു​ടെ മുമ്പാകെ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആട്ടണം. പിന്നെ പുരോ​ഹി​തൻ അതു യാഗപീ​ഠ​ത്തിന്‌ അരികെ കൊണ്ടു​വ​രണം. 26  പുരോഹിതൻ ധാന്യ​യാ​ഗ​ത്തിൽനിന്ന്‌ ഒരു പിടി എടുത്ത്‌, മുഴുവൻ യാഗത്തി​ന്റെ​യും പ്രതീ​ക​മാ​യി അതു യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കണം.*+ അതിനു ശേഷം പുരോ​ഹി​തൻ സ്‌ത്രീ​യെ​ക്കൊണ്ട്‌ കയ്‌പു​വെള്ളം കുടി​പ്പി​ക്കണം. 27  സ്‌ത്രീ തന്നെത്തന്നെ കളങ്ക​പ്പെ​ടു​ത്തി ഭർത്താ​വി​നോട്‌ അവിശ്വ​സ്‌തത കാണി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ പുരോ​ഹി​തൻ സ്‌ത്രീ​യെ ആ വെള്ളം കുടി​പ്പി​ക്കു​മ്പോൾ ശാപക​ര​മായ ആ വെള്ളം സ്‌ത്രീ​യു​ടെ ഉള്ളിൽച്ചെന്ന്‌ കഷ്ടതയു​ടെ കയ്‌പു​നീ​രാ​യി​ത്തീ​രും. സ്‌ത്രീ​യു​ടെ വയറു വീർക്കു​ക​യും തുട ക്ഷയിക്കു​ക​യും ചെയ്യും. ജനത്തിന്‌ ഇടയിൽ ആ സ്‌ത്രീ​യു​ടെ പേര്‌ ഒരു ശാപവാ​ക്കാ​യി​ത്തീ​രും. 28  എന്നാൽ ആ സ്‌ത്രീ കളങ്ക​പ്പെ​ടാ​ത്ത​വ​ളാ​ണെ​ങ്കിൽ, നിർമ​ല​യാ​ണെ​ങ്കിൽ, അത്തരം ശിക്ഷക​ളിൽനിന്ന്‌ ഒഴിവു​ള്ള​വ​ളാ​യി​രി​ക്കും. ഗർഭി​ണി​യാ​കാ​നും കുഞ്ഞു​ങ്ങളെ പ്രസവി​ക്കാ​നും ആ സ്‌ത്രീ​ക്കു കഴിയും. 29  “‘ഇതാണു ജാരശങ്ക സംബന്ധിച്ച നിയമം.*+ ഒരു സ്‌ത്രീ ഭർത്താ​വി​ന്റെ അധീന​ത​യി​ലാ​യി​രി​ക്കെ വഴിപി​ഴച്ച്‌ തന്നെത്തന്നെ കളങ്ക​പ്പെ​ടു​ത്തു​ക​യോ 30  ഒരു പുരു​ഷനു തന്റെ ഭാര്യ​യു​ടെ വിശ്വ​സ്‌ത​ത​യിൽ സംശയം ജനിച്ച്‌ ജാരശങ്ക തോന്നു​ക​യോ ചെയ്‌താൽ അയാൾ തന്റെ ഭാര്യയെ യഹോ​വ​യു​ടെ മുമ്പാകെ നിറു​ത്തണം. അപ്പോൾ പുരോ​ഹി​തൻ ഈ നിയമ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തെ​ല്ലാം ആ സ്‌ത്രീ​യു​ടെ കാര്യ​ത്തിൽ നടപ്പാ​ക്കണം. 31  പുരുഷൻ കുറ്റവി​മു​ക്ത​നാ​യി​രി​ക്കും. എന്നാൽ അയാളു​ടെ ഭാര്യ തന്റെ കുറ്റത്തി​ന്‌ ഉത്തരം പറയണം.’”

അടിക്കുറിപ്പുകള്‍

അഥവാ “ഒരു ദേഹി​യാൽ.” പദാവലി കാണുക.
അക്ഷ. “അവർ തങ്ങളുടെ.”
ഒരു ഏഫായു​ടെ പത്തി​ലൊ​ന്ന്‌ = 2.2 ലി. അനു. ബി14 കാണുക.
തെളിവനുസരിച്ച്‌ പുനരു​ത്‌പാ​ദ​നാ​വ​യ​വ​ങ്ങളെ കുറി​ക്കു​ന്നു.
ഇതു വന്ധ്യത​യെ​യാ​യി​രി​ക്കാം അർഥമാ​ക്കു​ന്നത്‌.
അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ! അങ്ങനെ​ത​ന്നെ​യാ​കട്ടെ!”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കണം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം