സംഖ്യ 34:1-29
34 പിന്നെ യഹോവ മോശയോടു പറഞ്ഞു:
2 “ഇസ്രായേല്യർക്ക് ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്+ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തിന്റെ അതിരുകൾ ഇതായിരിക്കും.+
3 “‘നിങ്ങളുടെ തെക്കേ അതിർ ഏദോമിന് അടുത്തുള്ള സീൻ വിജനഭൂമിയായിരിക്കും. ഈ തെക്കേ അതിരിന്റെ കിഴക്കുഭാഗം ഉപ്പുകടലിന്റെ*+ അറ്റത്തുനിന്ന് തുടങ്ങി,
4 ദിശ മാറി അക്രബ്ബീംകയറ്റത്തിന്റെ+ തെക്കുഭാഗത്തുകൂടി സീനിലേക്കു ചെന്ന് കാദേശ്-ബർന്നേയയുടെ+ തെക്കുഭാഗത്ത് അവസാനിക്കും. പിന്നെ അതു ഹസർ-അദ്ദാർ+ വരെ ചെന്ന് അസ്മോൻ വരെ എത്തും.
5 അസ്മോനിൽനിന്ന് തിരിഞ്ഞ് അത് ഈജിപ്ത് നീർച്ചാലിലൂടെ* പോയി കടലിൽ* ചെന്ന് അവസാനിക്കും.+
6 “‘നിങ്ങളുടെ പടിഞ്ഞാറേ അതിർ മഹാസമുദ്രവും* അതിന്റെ തീരദേശവും ആയിരിക്കും. അതായിരിക്കും നിങ്ങളുടെ പടിഞ്ഞാറേ അതിർ.+
7 “‘നിങ്ങളുടെ വടക്കേ അതിർ ഇതായിരിക്കും: മഹാസമുദ്രം മുതൽ ഹോർ പർവതം+ വരെ നിങ്ങൾ അത് അടയാളപ്പെടുത്തണം.
8 പിന്നെ ഹോർ പർവതത്തിൽനിന്ന് ലബോ-ഹമാത്ത്*+ വരെ നിങ്ങൾ അതിർ അടയാളപ്പെടുത്തണം. അതിരിന്റെ അങ്ങേയറ്റം സെദാദായിരിക്കും.+
9 അവിടെനിന്ന് അത് സിഫ്രോനോളം ചെല്ലും. അതു ഹസർ-ഏനാനിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കേ അതിർ.
10 “‘നിങ്ങളുടെ കിഴക്കേ അതിർ ഹസർ-ഏനാൻ മുതൽ ശെഫാം വരെ അടയാളപ്പെടുത്തണം.
11 പിന്നെ അതു ശെഫാമിൽനിന്ന് നീണ്ട് അയീന്റെ കിഴക്കുള്ള രിബ്ലയിൽ എത്തും. തുടർന്ന് അതു താഴേക്കു ചെന്ന് കിന്നേരെത്ത് കടലിന്റെ*+ കിഴക്കേ ചെരിവിലൂടെ കടന്നുപോകും.
12 പിന്നെ അതു യോർദാനിലൂടെ പോയി ഉപ്പുകടലിൽ+ ചെന്ന് അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ ദേശവും+ അതിന്റെ അതിർത്തികളും.’”
13 അങ്ങനെ മോശ ഇസ്രായേല്യർക്ക് ഈ നിർദേശം നൽകി: “യഹോവ കല്പിച്ചതുപോലെ നിങ്ങൾ ഈ ദേശം ഒൻപതര ഗോത്രങ്ങൾക്കു നറുക്കിട്ട് അവകാശമായി വിഭാഗിക്കണം.+
14 കാരണം, പിതൃഭവനമനുസരിച്ച് രൂബേന്യരുടെയും ഗാദ്യരുടെയും ഗോത്രങ്ങളും മനശ്ശെയുടെ പാതി ഗോത്രവും അവകാശം കൈപ്പറ്റിയിരിക്കുന്നു.+
15 ആ രണ്ടര ഗോത്രങ്ങൾക്കു തങ്ങളുടെ അവകാശം യരീഹൊയ്ക്കടുത്തുള്ള യോർദാൻ പ്രദേശത്തിന്റെ കിഴക്ക് സൂര്യോദയത്തിനു നേരെ ലഭിച്ചല്ലോ.”+
16 യഹോവ പിന്നെ മോശയോടു പറഞ്ഞു:
17 “നിങ്ങൾ ദേശം കൈവശമാക്കാനായി അവ നിങ്ങൾക്കു ഭാഗിച്ചുതരേണ്ട പുരുഷന്മാരുടെ പേരുകൾ ഇതാണ്: പുരോഹിതനായ എലെയാസർ,+ നൂന്റെ മകനായ യോശുവ.+
18 കൂടാതെ, ദേശം നിങ്ങളുടെ അവകാശമായി വിഭാഗിക്കാൻ ഓരോ ഗോത്രത്തിൽനിന്നും നിങ്ങൾ ഒരു തലവനെ തിരഞ്ഞെടുക്കണം.+
19 അവരുടെ പേരുകൾ ഇതാണ്: യഹൂദ ഗോത്രത്തിൽനിന്ന്+ യഫുന്നയുടെ മകൻ കാലേബ്;+
20 ശിമെയോന്റെ വംശജരുടെ ഗോത്രത്തിൽനിന്ന്+ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ;
21 ബന്യാമീൻ ഗോത്രത്തിൽനിന്ന്+ കിസ്ലോന്റെ മകൻ എലീദാദ്;
22 ദാന്റെ വംശജരുടെ ഗോത്രത്തിൽനിന്ന്+ തലവനായി യൊഗ്ലിയുടെ മകൻ ബുക്കി;
23 യോസേഫിന്റെ ആൺമക്കളിൽ+ മനശ്ശെയുടെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ എഫോദിന്റെ മകൻ ഹന്നീയേൽ;
24 എഫ്രയീമിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ ശിഫ്താന്റെ മകൻ കെമൂവേൽ;
25 സെബുലൂന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ പർനാക്കിന്റെ മകൻ എലീസാഫാൻ;
26 യിസ്സാഖാരിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ അസ്സാന്റെ മകൻ പൽത്തിയേൽ;
27 ആശേരിന്റെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ ശെലോമിയുടെ മകൻ അഹിഹൂദ്;
28 നഫ്താലിയുടെ വംശജരുടെ ഗോത്രത്തിൽനിന്നുള്ള+ തലവൻ അമ്മീഹൂദിന്റെ മകൻ പെദഹേൽ.”
29 ഇവരോടാണ് ഇസ്രായേല്യർക്കു കനാൻ ദേശം വിഭാഗിച്ചുകൊടുക്കാൻ യഹോവ കല്പിച്ചത്.+
അടിക്കുറിപ്പുകള്
^ അതായത്, ചാവുകടൽ.
^ അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
^ അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).