യോഹന്നാൻ—ആമുഖം
എഴുതിയത്: യോഹന്നാൻ
എഴുതിയ സ്ഥലം: എഫെസൊസ് അല്ലെങ്കിൽ അതിനു സമീപം
എഴുത്ത് പൂർത്തിയായത്: ഏ. എ.ഡി. 98
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: ആമുഖത്തിനു ശേഷമുള്ള ഭാഗങ്ങൾ, എ.ഡി. 29-33
പ്രധാനപ്പെട്ട വസ്തുതകൾ:
യോഹന്നാൻ തന്റെ വിവരണം എഴുതുമ്പോൾ, മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങൾ ആളുകളുടെ കൈകളിലെത്തി 30-ലേറെ വർഷം കഴിഞ്ഞിരുന്നു. എന്നിട്ടും യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് യോഹന്നാനു പലതും കൂടുതലായി പറയാനുണ്ടായിരുന്നു. അദ്ദേഹം എഴുതിയ ഏതാണ്ട് 90 ശതമാനത്തോളം വിവരങ്ങളും മറ്റു മൂന്നു സുവിശേഷങ്ങളിലും ഇല്ലാത്തവയാണ്.
മനുഷ്യനായി വരുന്നതിനു മുമ്പുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളൂ. സുപ്രധാനമായ ആ സത്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണു യോഹന്നാൻ തന്റെ വിവരണം തുടങ്ങുന്നത്. പിന്നീട് അതിനെക്കുറിച്ച് സ്നാപകയോഹന്നാനും യേശുതന്നെയും പറഞ്ഞ സാക്ഷിമൊഴിയും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. (യോഹ 1:1-3; 3:12, 13; 8:58) മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത ആറ് അത്ഭുതങ്ങൾ യോഹന്നാന്റെ വിവരണത്തിൽ കാണാം. വെള്ളം വീഞ്ഞാക്കി മാറ്റിക്കൊണ്ട് യേശു ചെയ്ത ആദ്യത്തെ അത്ഭുതവും വലിയൊരു കൂട്ടം മീൻ പിടിക്കാൻ സഹായിച്ചുകൊണ്ട് പുനരുത്ഥാനശേഷം ചെയ്ത അവസാനത്തെ അത്ഭുതവും അവയിൽ ഉൾപ്പെടുന്നു.
സാധ്യതയനുസരിച്ച്, സ്നാപകയോഹന്നാൻ യേശുവിന് ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്ത തന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു യോഹന്നാൻ. ക്രിസ്തുവിന്റെ അനുഗാമിയാകാൻ ക്ഷണം ലഭിച്ച ആദ്യത്തെ നാലു പേരിൽ യോഹന്നാനും ഉണ്ടായിരുന്നു. (മർ 1:16-20; യോഹ 1:35-39) സാധ്യതയനുസരിച്ച് യോഹന്നാൻ യേശുവിന്റെ ഒരു ബന്ധുവായിരുന്നു. യോഹന്നാന് യേശുവുമായി ഒരു അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നതുകൊണ്ടാകാം അദ്ദേഹം “യേശു സ്നേഹിക്കുന്ന ശിഷ്യൻ” എന്ന് അറിയപ്പെട്ടിരുന്നത്. (യോഹ 13:23; 21:20, 24) യേശുവിനെ വധിക്കുന്ന ഹൃദയഭേദകമായ സംഭവം നടക്കുമ്പോൾ യോഹന്നാനും അവിടെയുണ്ടായിരുന്നു. അവിടെവെച്ച് യേശു തന്റെ അമ്മയുടെ പരിപാലനം യോഹന്നാനെയാണ് ഏൽപ്പിക്കുന്നത്. യേശു ഉയിർത്തെഴുന്നേറ്റെന്ന വാർത്ത സത്യമാണോ എന്ന് അറിയാൻ പത്രോസിനെക്കാൾ വേഗം ഓടി, ആദ്യം കല്ലറയുടെ അടുത്ത് എത്തിയ ശിഷ്യനും യോഹന്നാനായിരുന്നു.—യോഹ 19:26, 27; 20:2-4.
യേശു പൊതുസദസ്സുകളിൽ പറഞ്ഞ കാര്യങ്ങളെക്കാൾ വ്യക്തികളുമായി നടത്തിയ സംഭാഷണങ്ങളാണു (ശിഷ്യന്മാരോടും എതിരാളികളോടും ഉള്ള സംഭാഷണങ്ങൾ.) യോഹന്നാൻ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്. യോഹന്നാന്റെ വിവരണം യേശുവിന്റെ വ്യക്തിത്വത്തെ വളരെ സൂക്ഷ്മമായി വരച്ചുകാട്ടുന്നു. അതിനൊരു ഉദാഹരണമാണ്, യോഹ 17:1-26-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥന. യേശുവിന്റേതായി രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും നീണ്ട പ്രാർഥനയാണ് ഇത്.
പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധത്തെക്കുറിച്ചും അവരോടു യോജിപ്പിലാകുന്ന ഒരാൾക്ക് അവരുമായുണ്ടാകുന്ന അടുത്ത ബന്ധത്തെക്കുറിച്ചും ഉള്ള യോഹന്നാന്റെ വർണനയാണ് ആ സുവിശേഷത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. മറ്റു മൂന്നു സുവിശേഷങ്ങളിലും മൊത്തത്തിലുള്ളതിനെക്കാൾ കൂടുതൽ പ്രാവശ്യം “സ്നേഹം,” “സ്നേഹിച്ചു” എന്നതുപോലുള്ള പദങ്ങൾ യോഹന്നാൻ ഉപയോഗിച്ചിട്ടുണ്ട്.
യോഹന്നാന്റെ സുവിശേഷത്തിന്റെ 18-ാം അധ്യായത്തിലെ ചില വാക്യങ്ങളുള്ള ഒരു ചെറിയ പപ്പൈറസ് ശകലമാണ് റൈലൻഡ്സ് പപ്പൈറസ് 457. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഇപ്പോഴുള്ളതിലേക്കും ഏറ്റവും പഴക്കമുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതിയാണ് ഇതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇതിനു രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോളം കാലപ്പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. യോഹന്നാന്റെ സുവിശേഷം ആ സമയത്ത് ഈജിപ്തിൽ (ഈ ശകലം കണ്ടെടുത്ത സ്ഥലം.) പ്രചാരത്തിലുണ്ടായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത്, “യോഹന്നാന്റെ സുവിശേഷം” എഴുതിയത് എ.ഡി. ഒന്നാം നൂറ്റാണ്ടിലാണെന്നും യോഹന്നാൻതന്നെയാണ് അതിന്റെ എഴുത്തുകാരനെന്നും ആണ്.
യോഹന്നാൻ തന്റെ സുവിശേഷം എഴുതിയത്, അതു വായിക്കുന്നവർ “യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു” വിശ്വസിക്കാനും അവർക്കു “യേശുവിന്റെ പേര് മുഖാന്തരം ജീവൻ കിട്ടാനും” വേണ്ടിയാണ്.—യോഹ 20:31.