യിരെമ്യ 51:1-64
51 യഹോവ പറയുന്നു:
“ഞാൻ ഇതാ ബാബിലോണിനും ലബ്-കമായ്നിവാസികൾക്കും* എതിരെവിനാശകാരിയായ ഒരു കാറ്റ് അഴിച്ചുവിടുന്നു.+
2 ഞാൻ പതിർ പാറ്റുന്നവരെ ബാബിലോണിലേക്ക് അയയ്ക്കും.അവർ അവളെ പാറ്റി അവളുടെ ദേശം ശൂന്യമാക്കും.ദുരന്തദിവസത്തിൽ അവർ നാലുപാടുനിന്നും അവളുടെ നേരെ വരും.+
3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ.*
ആരും പടച്ചട്ട അണിഞ്ഞ് നിൽക്കാതിരിക്കട്ടെ.
അവളുടെ യുവാക്കളോട് ഒരു അനുകമ്പയും കാണിക്കരുത്.+
അവളുടെ സൈന്യത്തെ നിശ്ശേഷം നശിപ്പിച്ചുകളയൂ!
4 അവർ കൽദയദേശത്ത് പിടഞ്ഞുവീഴും;മാരകമായി മുറിവേറ്റ് അവർ അവളുടെ തെരുവുകളിൽ കിടക്കും.+
5 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ ഇസ്രായേലിനെയും യഹൂദയെയും ഉപേക്ഷിച്ചിട്ടില്ല;+ അവർ വിധവകളായിട്ടില്ല.
പക്ഷേ അവരുടെ ദേശം* ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ കണ്ണിൽ കുറ്റംകൊണ്ട് നിറഞ്ഞിരിക്കുന്നു.
6 ബാബിലോണിൽനിന്ന് ഓടിയകലൂ!ജീവനുംകൊണ്ട് രക്ഷപ്പെടൂ!+
അവളുടെ തെറ്റു നിമിത്തം നിങ്ങൾ നശിച്ചുപോകരുത്.
കാരണം, യഹോവയുടെ പ്രതികാരത്തിന്റെ സമയം,
അവൾ ചെയ്തുകൂട്ടിയതിന് അവളോടു പകരം ചോദിക്കാനുള്ള സമയം,+ വന്നിരിക്കുന്നു.
7 ബാബിലോൺ യഹോവയുടെ കൈയിലെ പൊൻപാനപാത്രമായിരുന്നു.അവൾ ഭൂമിയെ മുഴുവൻ കുടിപ്പിച്ച് ലഹരിയിലാഴ്ത്തി.
ജനതകൾ അവളുടെ വീഞ്ഞു കുടിച്ചു;+അങ്ങനെ അവർക്കു ഭ്രാന്തു പിടിച്ചു.+
8 ബാബിലോൺ പൊടുന്നനെ വീണ് തകർന്നു.+
അവളെച്ചൊല്ലി വിലപിക്കൂ!+
അവളുടെ വേദനയ്ക്കു മരുന്നു* കൊണ്ടുവരൂ! ഒരുപക്ഷേ, അവൾ സുഖം പ്രാപിച്ചാലോ.”
9 “ഞങ്ങൾ ബാബിലോണിനെ സുഖപ്പെടുത്താൻ നോക്കി; പക്ഷേ സാധിച്ചില്ല.
അവളെ വിട്ടേക്ക്! നമുക്ക് ഓരോരുത്തർക്കും സ്വദേശത്തേക്കു മടങ്ങാം.+
കാരണം, അവളുടെ ന്യായവിധി ആകാശത്തോളം എത്തിയിരിക്കുന്നു.അതു മേഘങ്ങളോളം ഉയർന്നിരിക്കുന്നു.+
10 യഹോവ നമുക്കു നീതി നടത്തിത്തന്നിരിക്കുന്നു.+
വരൂ! നമുക്കു സീയോനിൽ ചെന്ന് നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി വിവരിക്കാം.”+
11 “അസ്ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!*
യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+
കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
12 ബാബിലോൺമതിലുകൾക്കു നേരെ കൊടി* ഉയർത്തൂ!+
കാവൽപ്പടയെ ശക്തിപ്പെടുത്തൂ! കാവൽക്കാരെ നിറുത്തൂ!
ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ പടയാളികളെ നിയോഗിക്കൂ!
കാരണം, യഹോവയാണു ബാബിലോൺനിവാസികൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നത്;അവർക്കെതിരെ പറഞ്ഞതെല്ലാം ദൈവം നടപ്പാക്കും.”+
13 “പെരുവെള്ളത്തിന്മീതെ കഴിയുന്നവളേ,+അളവറ്റ സമ്പത്തുള്ളവളേ,+നിന്റെ അന്ത്യം വന്നിരിക്കുന്നു; നിന്റെ ലാഭക്കൊയ്ത്ത് അവസാനിച്ചിരിക്കുന്നു.+
14 സൈന്യങ്ങളുടെ അധിപനായ യഹോവ തന്നെക്കൊണ്ടുതന്നെ ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:‘വെട്ടുക്കിളികളെപ്പോലെ അസംഖ്യം മനുഷ്യരെക്കൊണ്ട് ഞാൻ നിന്നെ നിറയ്ക്കും.അവർ നിന്നെ കീഴടക്കി ജയഘോഷം മുഴക്കും.’+
15 തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതുംതന്റെ ജ്ഞാനത്താൽ ഫലപുഷ്ടിയുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യത്താൽ ആകാശത്തെ വിരിച്ചതും ദൈവമല്ലോ.+
16 ദൈവം തന്റെ സ്വരം കേൾപ്പിക്കുമ്പോൾആകാശത്തിലെ ജലം പ്രക്ഷുബ്ധമാകുന്നു;ദൈവം ഭൂമിയുടെ അറുതികളിൽനിന്ന് മേഘങ്ങൾ* ഉയരാൻ ഇടയാക്കുന്നു.
മഴയ്ക്കായി മിന്നൽപ്പിണരുകൾ അയയ്ക്കുന്നു;*തന്റെ സംഭരണശാലകളിൽനിന്ന് കാറ്റ് അടിപ്പിക്കുന്നു.+
17 എല്ലാവരും അറിവില്ലാതെ ബുദ്ധിഹീനരായി പെരുമാറുന്നു.
വിഗ്രഹം കാരണം ലോഹപ്പണിക്കാരെല്ലാം നാണംകെടും;+കാരണം അവരുടെ വിഗ്രഹങ്ങൾ* വെറും തട്ടിപ്പാണ്;അവയ്ക്കൊന്നും ജീവനില്ല.*+
18 അവ മായയാണ്;*+ വെറും പരിഹാസപാത്രങ്ങൾ.
കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.
19 യാക്കോബിന്റെ ഓഹരി ഇവയെപ്പോലെയല്ല;ആ ദൈവമാണല്ലോ എല്ലാം ഉണ്ടാക്കിയത്,തന്റെ അവകാശമായവന്റെ ദണ്ഡു* ദൈവമാണ്.+
സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണു ദൈവത്തിന്റെ പേര്.”+
20 “നീ എന്റെ കുറുവടിയാണ്, എന്റെ യുദ്ധായുധം.നിന്നെ ഉപയോഗിച്ച് ഞാൻ ജനതകളെ തകർക്കും,
രാജ്യങ്ങളെ നശിപ്പിക്കും.
21 നിന്നെക്കൊണ്ട് ഞാൻ കുതിരയെയും കുതിരക്കാരനെയും തകർക്കും,
തേരിനെയും തേരാളിയെയും നശിപ്പിക്കും.
22 നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും,
വൃദ്ധനെയും ബാലനെയും സംഹരിക്കും,
യുവാവിനെയും യുവതിയെയും നിഗ്രഹിക്കും.
23 നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആടുകളെയും തകർക്കും,
കർഷകനെയും ഉഴവുമൃഗങ്ങളെയും സംഹരിക്കും,
ഗവർണർമാരെയും കീഴധികാരികളെയും നിഗ്രഹിക്കും.
24 ഞാൻ ബാബിലോണിനോടും എല്ലാ കൽദയനിവാസികളോടും പകരം ചോദിക്കും.സീയോനിൽവെച്ച് നിങ്ങൾ കാൺകെ ചെയ്തുകൂട്ടിയ എല്ലാ ദുഷ്കൃത്യങ്ങൾക്കും പകരം ചോദിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്നവിനാശകപർവതമേ,+ ഞാൻ നിനക്ക് എതിരാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ നിന്റെ നേരെ കൈ നീട്ടി പാറക്കെട്ടുകളിൽനിന്ന് നിന്നെ താഴേക്ക് ഉരുട്ടിവിടും.ഞാൻ നിന്നെ കത്തിക്കരിഞ്ഞ ഒരു പർവതമാക്കും.”
26 “ആളുകൾ നിന്നിൽനിന്ന് മൂലക്കല്ലോ തറക്കല്ലോ എടുക്കില്ല.കാരണം നീ എന്നും ഒരു പാഴിടമായിക്കിടക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
27 “ദേശത്ത് കൊടി* ഉയർത്തൂ!+
ജനതകളുടെ ഇടയിൽ കൊമ്പു വിളിക്കൂ!
ജനതകളെ അവൾക്കെതിരെ നിയമിക്കൂ!*
അരാരാത്ത്,+ മിന്നി, അസ്കെനാസ്+ എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടൂ!
സൈന്യത്തിൽ ആളെ ചേർക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കൂ!
ഇരമ്പിവരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരകളെ അവളുടെ നേരെ വരുത്തൂ!
28 ജനതകളെ അവൾക്കെതിരെ നിയമിക്കൂ!*അങ്ങനെ, മേദ്യരാജാക്കന്മാരും+ അവിടത്തെ ഗവർണർമാരുംകീഴധികാരികളും അവർ ഭരിക്കുന്ന ദേശങ്ങളും അവൾക്കെതിരെ ചെല്ലട്ടെ.
29 ഭൂമി പേടിച്ചുവിറയ്ക്കും.കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+
30 ബാബിലോണിന്റെ യുദ്ധവീരന്മാർ പോരാട്ടം നിറുത്തിയിരിക്കുന്നു.
അവർ അവരുടെ കോട്ടകൾക്കുള്ളിൽത്തന്നെ ഇരിക്കുകയാണ്.
അവരുടെ ശക്തി ചോർന്നുപോയിരിക്കുന്നു.+
അവർ സ്ത്രീകളെപ്പോലെയായി.+
അവളുടെ വീടുകൾക്കു തീയിട്ടിരിക്കുന്നു.
അവളുടെ പൂട്ടുകൾ തകർന്നിരിക്കുന്നു.+
31 ഒരു സന്ദേശവാഹകൻ മറ്റൊരു സന്ദേശവാഹകന്റെ അടുത്തേക്ക് ഓടുന്നു.ഒരു ദൂതൻ മറ്റൊരു ദൂതന്റെ അടുത്തേക്കും ഓടുന്നു.അവർക്കു ബാബിലോൺരാജാവിനെ ഒരു വാർത്ത അറിയിക്കാനുണ്ട്: ‘നഗരത്തെ നാനാവശത്തുനിന്നും കീഴടക്കിയിരിക്കുന്നു.+
32 കടവുകൾ പിടിച്ചടക്കി!+പപ്പൈറസ്വഞ്ചികൾ* കത്തിച്ചുകളഞ്ഞു!പടയാളികളെല്ലാം പരിഭ്രാന്തരാണ്.’”
33 കാരണം, ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു:
“ബാബിലോൺ പുത്രി ഒരു മെതിക്കളംപോലെയാണ്.
അവളെ ചവിട്ടിയുറപ്പിക്കാനുള്ള സമയമാണ് ഇത്.
അവളുടെ കൊയ്ത്തുകാലം പെട്ടെന്നുതന്നെ വരും.”
34 “ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് എന്നെ തിന്നുകളഞ്ഞു.+അയാൾ എന്നെ പരിഭ്രാന്തിയിലാക്കി.
കാലിയായ പാത്രംപോലെ എന്നെ വെച്ചിരിക്കുന്നു.
ഒരു മഹാസർപ്പത്തെപ്പോലെ അയാൾ എന്നെ വിഴുങ്ങിക്കളഞ്ഞു.+എന്റെ വിശിഷ്ടവസ്തുക്കൾകൊണ്ട് അയാൾ വയറു നിറച്ചു.
അയാൾ എന്നെ കഴുകിക്കളഞ്ഞിരിക്കുന്നു.
35 ‘എന്നോടും എന്റെ ശരീരത്തോടും ചെയ്തിരിക്കുന്ന അതിക്രമം ബാബിലോണിന്റെ മേൽ വരട്ടെ!’ എന്ന് സീയോൻനിവാസി പറയുന്നു.+
‘എന്റെ രക്തം കൽദയനിവാസികളുടെ മേൽ വരട്ടെ!’ എന്ന് യരുശലേമും പറയുന്നു.”
36 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്:
“ഞാൻ ഇതാ നിന്റെ കേസ് വാദിക്കുന്നു.+ഞാൻ നിനക്കുവേണ്ടി പ്രതികാരം ചെയ്യും.+
ഞാൻ അവളുടെ കടൽ ഉണക്കിക്കളയും, കിണറുകൾ വറ്റിച്ചുകളയും.+
37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+കുറുനരികളുടെ താവളവും ആകും.+ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവുംആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും.
അതു ജനവാസമില്ലാതെ കിടക്കും.+
38 അവരെല്ലാം യുവസിംഹങ്ങളെപ്പോലെ* ഗർജിക്കും;
സിംഹക്കുട്ടികളെപ്പോലെ മുരളും.”
39 “അവർ ആവേശം മൂത്തിരിക്കുമ്പോൾ, ഞാൻ അവർക്കു വിരുന്ന് ഒരുക്കും; അവരെ കുടിപ്പിച്ച് ഉന്മത്തരാക്കും.അവർ ആനന്ദിച്ച് ഉല്ലസിക്കട്ടെ.+പിന്നെ അവർ ഉറങ്ങും, എന്നേക്കുമായി.പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
40 “അറവുശാലയിലേക്കു കൊണ്ടുപോകുന്ന ചെമ്മരിയാട്ടിൻകുട്ടികളെപ്പോലെ,ആൺചെമ്മരിയാടുകളെയും കോലാടുകളെയും പോലെ, ഞാൻ അവരെ കൊണ്ടുവരും.”
41 “ഭയങ്കരം! ശേശക്കിനെ* പിടിച്ചടക്കിയിരിക്കുന്നു.+ഭൂമിയുടെ മുഴുവൻ പ്രശംസാപാത്രം പിടിക്കപ്പെട്ടിരിക്കുന്നു!+
ജനതകളുടെ ഇടയിൽ ബാബിലോൺ ഒരു ഭീതികാരണമായിരിക്കുന്നു!
42 കടൽ ബാബിലോണിനെ കടന്നാക്രമിച്ചിരിക്കുന്നു.
അതിന്റെ എണ്ണമറ്റ തിരമാലകൾ അവളെ മൂടിയിരിക്കുന്നു.
43 അവളുടെ നഗരങ്ങൾ പേടിപ്പെടുത്തുന്ന ഒരിടമായിരിക്കുന്നു. ഉണങ്ങിവരണ്ട ഒരു ദേശം! ഒരു മരുഭൂമി!
ആരും താമസിക്കാത്ത, മനുഷ്യസഞ്ചാരമില്ലാത്ത, ഒരു ദേശം.+
44 ബാബിലോണിലെ ബേലിനു നേരെ ഞാൻ ശ്രദ്ധ തിരിക്കും.+അവൻ വിഴുങ്ങിയതു ഞാൻ അവന്റെ വായിലൂടെ പുറത്തെടുക്കും.+
ഇനി ഒരിക്കലും ജനതകൾ അവനിലേക്ക് ഒഴുകില്ല.ബാബിലോൺമതിൽ വീഴും.+
45 എന്റെ ജനമേ, അവളുടെ ഇടയിൽനിന്ന് പുറത്ത് കടക്കൂ!+
യഹോവയുടെ ഉഗ്രകോപത്തിൽനിന്ന്+ ജീവനുംകൊണ്ട് രക്ഷപ്പെടൂ!+
46 ദേശത്ത് കേൾക്കാനിരിക്കുന്ന വാർത്തകൾ കാരണം അധൈര്യപ്പെടുകയോ പേടിക്കുകയോ അരുത്.
ഒരു വർഷം ഒരു വാർത്ത കേൾക്കും,അടുത്ത വർഷം മറ്റൊരു വാർത്തയും.“ദേശത്ത് അക്രമം നടമാടുന്നു,” “ഭരണാധികാരി ഭരണാധികാരിക്കെതിരെ തിരിയുന്നു” എന്നിങ്ങനെയുള്ള വാർത്തകൾ!
47 അതുകൊണ്ട്, ബാബിലോണിലെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു നേരെഞാൻ ശ്രദ്ധ തിരിക്കുന്ന കാലം ഇതാ വരുന്നു.
അവളുടെ ദേശം മുഴുവൻ നാണംകെടും.അവളുടെ ആളുകളിൽ കൊല്ലപ്പെടുന്നവർ അവളുടെ മധ്യേ വീഴും.+
48 ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയുംബാബിലോണിന്റെ അവസ്ഥ കണ്ട് സന്തോഷിച്ചാർക്കും.+കാരണം, വടക്കുനിന്ന് സംഹാരകർ അവളുടെ നേരെ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
49 “ബാബിലോൺ കാരണം വീണത് ഇസ്രായേല്യരുടെ ശവങ്ങൾ മാത്രമല്ല;+ഭൂമിയിലെങ്ങുമുള്ളവരുടെ ശവങ്ങൾ അവിടെ വീണിരിക്കുന്നു.
50 വാളിൽനിന്ന് രക്ഷപ്പെട്ട് പോകുന്നവരേ, എങ്ങും നിൽക്കാതെ മുന്നോട്ടുതന്നെ പോകൂ!+
ദൂരെനിന്ന് യഹോവയെ ഓർക്കണം.യരുശലേം നിങ്ങളുടെ മനസ്സിലേക്കു വരട്ടെ.”+
51 “നിന്ദാവാക്കുകൾ കേട്ട് ഞങ്ങൾ നാണംകെട്ടിരിക്കുന്നു.
അപമാനംകൊണ്ട് ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു;കാരണം, യഹോവയുടെ ഭവനത്തിലെ വിശുദ്ധസ്ഥലങ്ങൾക്കു നേരെ വിദേശികൾ* വന്നല്ലോ.”+
52 “അതുകൊണ്ട് ഇതാ, ബാബിലോണിലെ കൊത്തുരൂപങ്ങൾക്കു നേരെഞാൻ ശ്രദ്ധ തിരിക്കുന്ന കാലം വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.“അപ്പോൾ, അവളുടെ ദേശത്തെങ്ങും മുറിവേറ്റവർ ഞരങ്ങും.”+
53 “ബാബിലോൺ ആകാശത്തോളം ഉയർന്നാലും+അവൾ തന്റെ ഉയരമുള്ള കോട്ടകൾ ശക്തിപ്പെടുത്തിയാലുംഎന്നിൽനിന്ന് അവളുടെ സംഹാരകർ വരും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
54 “കേൾക്കൂ! ബാബിലോണിൽനിന്ന് ഒരു നിലവിളി ഉയരുന്നു.+കൽദയദേശത്തുനിന്ന് മഹാവിനാശത്തിന്റെ ഒരു ശബ്ദം.+
55 യഹോവ ബാബിലോണിനെ നശിപ്പിക്കുകയാണ്.അവളുടെ ഗംഭീരശബ്ദം ദൈവം ഇല്ലാതാക്കും.അവരുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പും.
അവരുടെ ആരവം ഉയർന്നുകേൾക്കും.
56 കാരണം, സംഹാരകൻ ബാബിലോണിലെത്തും.+അവളുടെ യുദ്ധവീരന്മാർ പിടിയിലാകും.+അവരുടെ വില്ലുകൾ തകരും.യഹോവ പകരം ചോദിക്കുന്ന ദൈവമല്ലോ.+
നിശ്ചയമായും ദൈവം പകരം വീട്ടും.+
57 ഞാൻ അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും കുടിപ്പിച്ച് ഉന്മത്തരാക്കും;+അവളുടെ ഗവർണർമാരെയും കീഴധികാരികളെയും യുദ്ധവീരന്മാരെയും ലഹരി പിടിപ്പിക്കും.അപ്പോൾ അവർ ഉറങ്ങും, എന്നേക്കുമായി.പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
58 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“ബാബിലോൺമതിൽ വീതിയുള്ളതെങ്കിലും പൂർണമായും തകർക്കപ്പെടും.+അവളുടെ കവാടങ്ങൾ ഉയരമുള്ളതെങ്കിലും കത്തി നശിക്കും.
ജനങ്ങളുടെ കഠിനാധ്വാനം പാഴാകും.ജനതകളുടെ അധ്വാനഫലം തീക്കിരയാകും.”+
59 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ നാലാം വർഷത്തിൽ രാജാവിനോടൊപ്പം ബാബിലോണിലേക്കു പോയ സെരായയ്ക്കു യിരെമ്യ പ്രവാചകൻ ചില നിർദേശങ്ങൾ കൊടുത്തു. ഈ സെരായ, മഹസേയയുടെ മകനായ നേരിയയുടെ മകനും+ പാളയവിചാരകനും ആയിരുന്നു.
60 ബാബിലോണിനു സംഭവിക്കാനിരിക്കുന്ന എല്ലാ ദുരന്തങ്ങളും, അതായത് ബാബിലോണിന് എതിരെ എഴുതിയിരുന്ന എല്ലാ വചനങ്ങളും, യിരെമ്യ ഒരു പുസ്തകത്തിൽ എഴുതി.
61 യിരെമ്യ സെരായയോടു പറഞ്ഞു: “താങ്കൾ ബാബിലോണിൽ ചെന്ന് സ്വന്തകണ്ണാൽ ആ നഗരം കാണുമ്പോൾ ഈ വാക്കുകളെല്ലാം ഉച്ചത്തിൽ വായിക്കണം.
62 എന്നിട്ട്, ‘യഹോവേ, ഈ സ്ഥലം നശിച്ച് മനുഷ്യനോ മൃഗമോ ഇല്ലാത്ത ശൂന്യസ്ഥലമാകുമെന്നും അവൾ എന്നും ഒരു പാഴ്നിലമായിക്കിടക്കുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ’ എന്നു പറയണം.+
63 പുസ്തകം വായിച്ചുകഴിയുമ്പോൾ അതിൽ ഒരു കല്ലു കെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിയുക.
64 എന്നിട്ട് പറയണം: ‘ഞാൻ ദുരന്തം വരുത്തുമ്പോൾ ബാബിലോണും ഇതുപോലെ മുങ്ങിപ്പോകും. പിന്നെ ഒരിക്കലും അവൾ പൊങ്ങിവരില്ല.+ അവർ ക്ഷയിച്ചുപോകും.’”+
ഇത്രയുമാണു യിരെമ്യയുടെ വാക്കുകൾ.
അടിക്കുറിപ്പുകള്
^ കൽദയ എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ലബ്-കമായ്.
^ അക്ഷ. “വില്ലു ചവിട്ടാതിരിക്കട്ടെ.”
^ അതായത്, കൽദയരുടെ ദേശം.
^ അഥവാ “സുഗന്ധക്കറ.”
^ മറ്റൊരു സാധ്യത “ആവനാഴി നിറയ്ക്കൂ!”
^ അഥവാ “കൊടിമരം.”
^ അഥവാ “നീരാവി.”
^ മറ്റൊരു സാധ്യത “മഴയ്ക്കായി നീർച്ചാലുകൾ ഉണ്ടാക്കുന്നു.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകൾ.”
^ അഥവാ “ആത്മാവില്ല; ശ്വാസമില്ല.”
^ അഥവാ “വ്യർഥതയാണ്.”
^ മറ്റൊരു സാധ്യത “തന്റെ അവകാശദണ്ഡുപോലും ഉണ്ടാക്കിയത്.”
^ അഥവാ “കൊടിമരം.”
^ അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കൂ!”
^ അക്ഷ. “വിശുദ്ധീകരിച്ച് വേർതിരിക്കൂ!”
^ പദാവലിയിൽ “പപ്പൈറസ്” കാണുക.
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അക്ഷ. “കണ്ട് ചൂളമടിക്കുന്ന.”
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെപ്പോലെ.”
^ ബാബേൽ (ബാബിലോൺ) എന്നതിന്റെ കോഡുഭാഷയിലുള്ള പേരായിരിക്കാം ഇത്.
^ അഥവാ “അന്യർ.”