യശയ്യ 38:1-22
38 അക്കാലത്ത് ഒരു രോഗം വന്ന് ഹിസ്‌കിയ മരിക്കാറായി.+ അപ്പോൾ ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ+ അടുത്ത് വന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചുപോകും. അതുകൊണ്ട് വീട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തുകൊള്ളുക.’”+
2 അതു കേട്ടപ്പോൾ ഹിസ്‌കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച് യഹോവയോടു പ്രാർഥിച്ചു:
3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും+ അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്തതും ഓർക്കേണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞു.
4 അപ്പോൾ യശയ്യയ്‌ക്ക് യഹോവയുടെ സന്ദേശം ലഭിച്ചു:
5 “തിരികെ ചെന്ന് ഹിസ്കിയയോട് ഇങ്ങനെ പറയുക:+ ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു,+ നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു.+ ഇതാ ഞാൻ നിന്റെ ആയുസ്സിനോട് 15 വർഷം കൂട്ടുന്നു.+
6 മാത്രമല്ല ഞാൻ നിന്നെയും ഈ നഗരത്തെയും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് വിടുവിക്കും; ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.+
7 യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം ഇതായിരിക്കും:+
8 ഞാൻ ഇതാ, ആഹാസിന്റെ പടവുകളിൽനിന്ന്* ഇറങ്ങിപ്പോകുന്ന നിഴലിനെ പത്തു പടി പിന്നോട്ടു വരുത്തുന്നു.”’”+ അങ്ങനെ, പടവുകളിൽനിന്ന് ഇറങ്ങിപ്പോകുന്ന സൂര്യൻ പത്തു പടി പിന്നോട്ടു വന്നു.
9 യഹൂദാരാജാവായ ഹിസ്‌കിയ, തനിക്കു രോഗം പിടിപെടുകയും പിന്നീട് അതു ഭേദമാകുകയും ചെയ്തപ്പോൾ എഴുതിയ വരികൾ.*
10 ഞാൻ പറഞ്ഞു: “എന്റെ ആയുസ്സിന്റെ മധ്യത്തിൽ,എനിക്കു ശവക്കുഴിയുടെ* കവാടങ്ങളിലൂടെ പ്രവേശിക്കേണ്ടിവരുമല്ലോ.
എന്റെ ശേഷിക്കുന്ന വർഷങ്ങൾ എനിക്കു നിഷേധിക്കപ്പെടുമല്ലോ.”
11 ഞാൻ പറഞ്ഞു: “ഞാൻ യാഹിനെ* കാണില്ല;+ ജീവനുള്ളവരുടെ ദേശത്തുവെച്ച് ഞാൻ യാഹിനെ കാണില്ല.
എല്ലാം അവസാനിക്കുന്നിടത്തെ നിവാസികളോടൊപ്പം പാർക്കുമ്പോൾപിന്നെ ഒരിക്കലും ഞാൻ മനുഷ്യവർഗത്തെ നോക്കില്ല.
12 ഒരു ഇടയന്റെ കൂടാരംപോലെഎന്റെ വാസസ്ഥലം പൊളിച്ചെടുത്ത് കൊണ്ടുപോയിരിക്കുന്നു.
ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവിതം ചുരുട്ടിയെടുത്തിരിക്കുന്നു;നെയ്ത്തുപാവിലെ നൂലുകൾ മുറിച്ചുമാറ്റുംപോലെ എന്നെ മുറിച്ചുമാറ്റിയിരിക്കുന്നു.+
ഉദയംമുതൽ അസ്തമയംവരെ അങ്ങ് എന്നെ അവസാനത്തിലേക്കു നടത്തുന്നു.+
13 പുലരുംവരെ ഞാൻ എന്നെത്തന്നെ സാന്ത്വനിപ്പിക്കുന്നു.
ഒരു സിംഹത്തെപ്പോലെ അങ്ങ് എന്റെ അസ്ഥികളെല്ലാം തകർത്തുകൊണ്ടിരിക്കുന്നു;ഉദയംമുതൽ അസ്തമയംവരെ അങ്ങ് എന്നെ അവസാനത്തിലേക്കു നടത്തുന്നു.+
14 ശരപ്പക്ഷിയെയും ബുൾബുളിനെയും* പോലെ ഞാൻ ചിലച്ചുകൊണ്ടിരിക്കുന്നു;+പ്രാവിനെപ്പോലെ ഞാൻ കുറുകുന്നു.+
ക്ഷീണിച്ച് തളർന്ന എന്റെ കണ്ണുകൾ മുകളിലേക്കു നോക്കുന്നു:+
‘യഹോവേ, ഞാൻ വലിയ കഷ്ടത്തിലായിരിക്കുന്നു,എന്നെ തുണയ്ക്കേണമേ!’*+
15 എനിക്ക് എന്തു പറയാനാകും?
ദൈവം എന്നോടു സംസാരിച്ചിരിക്കുന്നു; ദൈവം പ്രവർത്തിച്ചിരിക്കുന്നു.
ഞാൻ അനുഭവിച്ച കൊടിയ യാതനകൾ കാരണംജീവിതകാലം മുഴുവൻ ഞാൻ താഴ്‌മയോടെ* നടക്കും.
16 ‘യഹോവേ, ഇവയാലല്ലോ* സകല മനുഷ്യരും ജീവിക്കുന്നത്,എന്റെ ആത്മാവിന്റെ ചൈതന്യവും ഇവയിലല്ലോ.
അങ്ങ് എനിക്കു വീണ്ടും ആരോഗ്യം തന്ന് എന്റെ ജീവൻ രക്ഷിക്കും.+
17 സമാധാനമല്ല, വേദനകളാണു ഞാൻ അനുഭവിച്ചത്;എന്നാൽ അങ്ങയ്‌ക്ക് എന്നോടു പ്രിയമുണ്ടായിരുന്നു;നാശത്തിന്റെ പടുകുഴിയിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.+
അങ്ങ് എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പിന്നിലേക്ക് എറിഞ്ഞുകളഞ്ഞു.*+
18 ശവക്കുഴിക്ക്* അങ്ങയെ മഹത്ത്വപ്പെടുത്താനോ+മരണത്തിന് അങ്ങയെ സ്തുതിക്കാനോ കഴിയില്ലല്ലോ.+
കുഴിയിലേക്കു പോകുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ പ്രത്യാശിക്കാൻ കഴിയില്ല.+
19 ജീവിച്ചിരിക്കുന്നവർക്ക് അങ്ങയെ സ്തുതിക്കാനാകും,ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവർക്ക് അങ്ങയെ സ്തുതിക്കാനാകും.
പിതാക്കന്മാർക്ക് അങ്ങയുടെ വിശ്വസ്തതയെക്കുറിച്ച് പുത്രന്മാരെ പഠിപ്പിക്കാനാകും.+
20 യഹോവേ, എന്നെ രക്ഷിക്കേണമേ,ഞങ്ങൾ തന്ത്രിവാദ്യങ്ങൾ മീട്ടി എന്റെ പാട്ടുകൾ പാടും.+ഞങ്ങളുടെ ജീവകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ ഞങ്ങൾ അവ പാടും.’”+
21 “ഒരു അത്തിയട കൊണ്ടുവന്ന് രാജാവിന്റെ വ്രണത്തിൽ വെക്കുക; അസുഖം ഭേദമാകട്ടെ”+ എന്ന് യശയ്യ പറഞ്ഞു.
22 “ഞാൻ യഹോവയുടെ ഭവനത്തിൽ പോകുമെന്നതിന് എന്താണ് അടയാളം” എന്നു ഹിസ്‌കിയ ചോദിച്ചിരുന്നു.+
അടിക്കുറിപ്പുകള്‍
^ ഒരുപക്ഷേ, ഈ പടവുകൾ സൂര്യഘടികാരംപോലെ, സമയം നോക്കാൻ ഉപയോഗിച്ചിരുന്നവയായിരിക്കാം.
^ അഥവാ “നടത്തിയ രചന.”
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അക്ഷ. “എന്റെ ജാമ്യമായിരിക്കേണമേ.”
^ മറ്റൊരു സാധ്യത “കൊക്കിനെയും.”
^ അഥവാ “ഭക്തിയോടെ.”
^ അതായത്, ദൈവത്തിന്റെ വാക്കുകളും പ്രവൃത്തികളും.
^ അഥവാ “മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.”