യശയ്യ 22:1-25
22 ദിവ്യദർശനത്തിന്റെ താഴ്‌വരയെക്കുറിച്ചുള്ള* പ്രഖ്യാപനം:+
എന്തിനാണു നിങ്ങളെല്ലാം പുരമുകളിൽ കയറിയിരിക്കുന്നത്? എന്തുപറ്റി നിങ്ങൾക്കെല്ലാം?
2 കോലാഹലം നിറഞ്ഞ നഗരമേ, മദിച്ചാർക്കുന്ന പട്ടണമേ,നീ ആകെ പ്രക്ഷുബ്ധമായിരുന്നു.
നിന്നിൽ മരിച്ചുവീണവർ വെട്ടേറ്റല്ല വീണത്,അവർ മരിച്ചൊടുങ്ങിയതു യുദ്ധത്തിലുമല്ല.+
3 നിന്റെ ഏകാധിപതികൾ ഒരുമിച്ച് ഓടിപ്പോയി.+
വില്ല് എടുക്കുംമുമ്പേ അവർ തടവുകാരായി!+
അവർ ദൂരേക്ക് ഓടിപ്പോയെങ്കിലും,കണ്ണിൽപ്പെട്ടവരെയെല്ലാം ശത്രുക്കൾ പിടികൂടി.
4 അതുകൊണ്ട് ഞാൻ പറഞ്ഞു: “എന്നെ നോക്കാതെ കണ്ണു തിരിക്കൂ,ഞാൻ ഒന്നു പൊട്ടിക്കരയട്ടെ.+
എന്റെ ജനത്തിന്റെ പുത്രി* നശിച്ചുപോയിരിക്കുന്നു,+എന്നെ ആശ്വസിപ്പിക്കാൻ നോക്കേണ്ടാ.
5 പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവദിവ്യദർശനത്തിന്റെ താഴ്വരയിൽപരിഭ്രാന്തിയും തോൽവിയും സംഭ്രമവും വരുത്തുന്ന ദിവസമല്ലോ അത്.+
മതിലുകൾ തകർക്കപ്പെടുന്നു;+അവർ പർവതത്തെ നോക്കി നിലവിളിക്കുന്നു.
6 ഏലാം+ ആവനാഴി എടുത്ത്യോദ്ധാക്കളെ വഹിക്കുന്ന രഥങ്ങളും കുതിരകളും* ആയി നിൽക്കുന്നു;കീർ+ പരിച പുറത്തെടുക്കുന്നു.*
7 നിന്റെ ശ്രേഷ്ഠമായ താഴ്വരകൾയുദ്ധരഥങ്ങൾകൊണ്ട് നിറയും;കുതിരകൾ* കവാടത്തിൽ നിലയുറപ്പിക്കും.
8 യഹൂദയുടെ മറ* നീക്കിക്കളയും.
“അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധശാലയിലേക്കു നോക്കും.+
9 നിങ്ങൾ ദാവീദിന്റെ നഗരത്തിൽ+ അനേകം വിള്ളലുകൾ കാണും. നിങ്ങൾ താഴത്തെ കുളത്തിൽ വെള്ളം ശേഖരിക്കും.+
10 നിങ്ങൾ യരുശലേമിലെ വീടുകൾ എണ്ണിനോക്കും; മതിൽ ബലപ്പെടുത്താനായി വീടുകൾ പൊളിച്ചെടുക്കും.
11 പഴയ കുളത്തിലെ വെള്ളം ശേഖരിക്കാൻ നിങ്ങൾ മതിലുകൾക്കിടയിൽ ഒരു ജലസംഭരണി പണിയും. എന്നാൽ നിങ്ങൾ അതിന്റെ നിർമാതാവായ മഹാദൈവത്തിലേക്കു നോക്കില്ല; പണ്ടുപണ്ടേ അത് ഉണ്ടാക്കിയവനെ നിങ്ങൾ കാണില്ല.
12 വിലപിക്കാനും കരയാനും,+വിലാപവസ്ത്രം ധരിക്കാനും തല വടിക്കാനും,അന്നാളിൽ പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ആവശ്യപ്പെടും.
13 എന്നാൽ നിങ്ങൾ ആഘോഷിച്ചുല്ലസിക്കുന്നു;കന്നുകാലികളെയും ആടുകളെയും അറുക്കുന്നു;മാംസം ഭക്ഷിക്കുന്നു, വീഞ്ഞു കുടിക്കുന്നു.+
‘നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ’+ എന്നു പറയുന്നു.”
14 അപ്പോൾ സൈന്യങ്ങളുടെ അധിപനായ യഹോവ എന്റെ കാതിൽ ഈ സന്ദേശം അറിയിച്ചു: “‘ജനമേ, നിങ്ങൾ മരിച്ചൊടുങ്ങുന്നതുവരെ നിങ്ങളുടെ ഈ തെറ്റിനു പരിഹാരം ചെയ്യാനാകില്ല’+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പറയുന്നു.”
15 പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ കല്പിക്കുന്നു: “നീ ആ കാര്യസ്ഥന്റെ അടുത്ത് ചെന്ന്, അതായത് ഭവനത്തിന്റെ* ചുമതലക്കാരനായ ശെബ്‌നെയുടെ+ അടുത്ത് ചെന്ന്, ഇങ്ങനെ പറയുക:
16 ‘നീ എന്തിനാണ് ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കിയിരിക്കുന്നത്? നിനക്ക് എന്താണ് ഇവിടെ കാര്യം? നിന്റെ ആരാണ് ഇവിടെയുള്ളത്?’ ശെബ്‌നെ ഉയർന്ന ഒരു സ്ഥലത്ത് തനിക്കുവേണ്ടി ഒരു കല്ലറ വെട്ടിയുണ്ടാക്കുന്നു; പാറയിൽ ഒരു വിശ്രമസ്ഥലം* വെട്ടിയൊരുക്കുന്നു.
17 ‘യഹോവ നിന്നെ ശക്തിയായി താഴേക്കു വലിച്ചെറിയും. എടോ, ദൈവം നിന്നെ ബലം പ്രയോഗിച്ച് പിടികൂടും.
18 നിന്നെ ചുരുട്ടിക്കൂട്ടി, വിശാലമായ ഒരു ദേശത്തേക്കു പന്തുപോലെ എറിയും. അവിടെവെച്ച് നീ മരിക്കും; നിന്റെ പ്രൗഢിയുള്ള രഥങ്ങൾ നിന്റെ യജമാനന്റെ ഭവനത്തിന് അപമാനമായി അവിടെ കിടക്കും.
19 ഞാൻ നിന്നെ നിന്റെ സ്ഥാനത്തുനിന്ന് നീക്കും; നിനക്കു നിന്റെ പദവി നഷ്ടമാകും.
20 “‘അന്നു ഞാൻ എന്റെ ദാസനായ ഹിൽക്കിയയുടെ മകൻ എല്യാക്കീമിനെ+ വിളിച്ചുവരുത്തും.
21 ഞാൻ നിന്റെ വസ്‌ത്രം അവനെ ധരിപ്പിക്കും. അഴിഞ്ഞുപോകാത്ത വിധം നിന്റെ നടുക്കെട്ട് ഞാൻ അവനു കെട്ടിക്കൊടുക്കും;+ നിനക്കുള്ള അധികാരം* അവനെ ഏൽപ്പിക്കും. അവൻ യരുശലേംനിവാസികൾക്കും യഹൂദാഗൃഹത്തിനും പിതാവായിരിക്കും.
22 ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത് ആരും അടയ്‌ക്കില്ല; അവൻ അടച്ചത് ആരും തുറക്കില്ല.
23 ഉറപ്പുള്ള ഒരിടത്ത് ഒരു മരയാണിയായി ഞാൻ അവനെ തറയ്‌ക്കും. അവൻ സ്വന്തം പിതാവിന്റെ ഭവനത്തിനു മഹത്ത്വമാർന്ന ഒരു സിംഹാസനമായിത്തീരും.
24 അവന്റെ പിതാവിന്റെ ഭവനത്തിന്റെ മഹത്ത്വമെല്ലാം,* അതായത് പിന്മുറക്കാരെയും സന്തതികളെയും,* അവർ അവനിൽ തൂക്കിയിടും; എല്ലാ ചെറിയ പാത്രങ്ങളും കുഴിയൻപാത്രങ്ങളും വലിയ ഭരണികളും അവർ അവനിൽ തൂക്കും.’
25 “സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘ഉറപ്പുള്ള സ്ഥലത്ത് തറച്ചിരുന്ന മരയാണി അന്നു നീക്കിക്കളയും.+ അതു മുറിച്ച് താഴെയിടും; അതിൽ തൂക്കിയിരുന്ന വസ്തുക്കളെല്ലാം നിലത്ത് വീണ് തകർന്നുപോകും. യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.’”
അടിക്കുറിപ്പുകള്‍
^ തെളിവനുസരിച്ച് യരുശലേം.
^ കാവ്യഭാഷയിൽ വ്യക്തിത്വം കല്പിച്ചിരിക്കുന്നു. ഒരുപക്ഷേ, സഹതാപമോ കാരുണ്യമോ കാണിക്കാനായിരിക്കാം.
^ അഥവാ “കുതിരക്കാരും.”
^ അഥവാ “ഒരുക്കുന്നു.”
^ അഥവാ “കുതിരക്കാർ.”
^ അഥവാ “സംരക്ഷണം.”
^ അഥവാ “കൊട്ടാരത്തിന്റെ.”
^ അക്ഷ. “താമസസ്ഥലം.”
^ അഥവാ “നിന്റെ ഭരണപ്രദേശം.”
^ അക്ഷ. “ഭാരമെല്ലാം.”
^ അഥവാ “ശാഖകളെയും.”