മർക്കോസ്—ആമുഖം
എഴുതിയത്: മർക്കോസ്
എഴുതിയ സ്ഥലം: റോം
എഴുത്ത് പൂർത്തിയായത്: ഏ. എ.ഡി. 60-65
ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: എ.ഡി. 29-33
പ്രധാനപ്പെട്ട വസ്തുതകൾ:
സുവിശേഷവിവരണങ്ങളിൽ ഏറ്റവും ചെറുതാണ് ഇത്. സംഭവങ്ങൾ പെട്ടെന്നുപെട്ടെന്നു വിവരിച്ചുപോകുന്ന ഒരു ശൈലിയാണ് ഇതിൽ. “ഉടൻതന്നെ,” “അപ്പോൾത്തന്നെ,” “പെട്ടെന്ന് ” എന്നെല്ലാം പരിഭാഷപ്പെടുത്താവുന്ന യൂത്തിസ് എന്ന ഗ്രീക്കുപദം ഈ പുസ്തകത്തിൽ 40-ലധികം തവണ കാണുന്നുണ്ട്. വെറും ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് വായിച്ചുതീർക്കാവുന്ന മർക്കോസിന്റെ സുവിശേഷം, യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഒരു ജീവസ്സുറ്റ വിവരണം വായനക്കാരനു സമ്മാനിക്കുന്നു.
മർക്കോസ് രേഖപ്പെടുത്തിയ മിക്ക ദൃക്സാക്ഷിവിവരണങ്ങളുടെയും ഉറവിടം അപ്പോസ്തലനായ പത്രോസാണെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു. (13:3) ഇതു ശരിയായിരിക്കാം. കാരണം മർക്കോസ് പത്രോസിന്റെ കൂടെ ബാബിലോണിലുണ്ടായിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (1പത്ര 5:13)
മർക്കോസ് മിക്കപ്പോഴും യേശുവിന്റെ വികാരവിചാരങ്ങളും യേശു പ്രതികരിച്ച വിധവും രേഖപ്പെടുത്തിയിട്ടുണ്ട്. (3:5; 7:34; 8:12; 9:36; 10:13-16, 21)
യേശുവിന്റെ പ്രഭാഷണങ്ങൾ, ഉപദേശങ്ങൾ എന്നിവയെക്കാൾ മർക്കോസ് ഊന്നൽ നൽകിയിരിക്കുന്നതു യേശുവിന്റെ പ്രവർത്തനങ്ങൾക്കാണ്. മത്തായി യേശുവിനെ വാഗ്ദത്തമിശിഹയും രാജാവും ആയി വർണിക്കുമ്പോൾ മർക്കോസ് യേശുവിനെ ഊർജസ്വലനായ ഒരു വ്യക്തിയായി—അത്ഭുതങ്ങൾ ചെയ്യുന്ന ദൈവപുത്രനും ജയിച്ചുമുന്നേറുന്ന രക്ഷകനും ആയി—ചിത്രീകരിക്കുന്നു. കുറഞ്ഞത് 19 അത്ഭുതങ്ങളെക്കുറിച്ചെങ്കിലും മർക്കോസ് പരാമർശിച്ചിട്ടുണ്ട്. എന്നാൽ യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതാനും ചിലതു മാത്രമേ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളൂ. അതിൽ ഒന്ന് ഈ സുവിശേഷത്തിൽ മാത്രം കാണുന്നതുമാണ്. (4:26-29)
മർക്കോസ് റോമിൽ പൗലോസിനെ സന്ദർശിച്ച എ.ഡി. 60-65 കാലഘട്ടത്തിലായിരിക്കാം ഈ സുവിശേഷം എഴുതിയത്.
മത്തായി സുവിശേഷം എഴുതിയതു ജൂതന്മാർക്കുവേണ്ടിയാണെങ്കിൽ മർക്കോസ് എഴുതിയതു പ്രധാനമായും റോമാക്കാർക്കുവേണ്ടിയാണെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ജൂതന്മാരല്ലാത്തവർക്കു പരിചിതമല്ലാത്ത ജൂത ആചാരങ്ങളും ഉപദേശങ്ങളും അദ്ദേഹം വിശദീകരിക്കുന്നതായി കാണാം. (2:18; 7:3, 4; 14:12; 15:42) എബ്രായ-അരമായ പദപ്രയോഗങ്ങൾ ഈ സുവിശേഷത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. (3:17; 5:41; 7:11, 34; 14:36; 15:22, 34) ചില ഭൂപ്രദേശങ്ങൾ, കാലങ്ങൾ എന്നിവയുടെ കാര്യത്തിൽ, ഒരു ജൂതനു പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലാത്ത വിശദാംശങ്ങൾപോലും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. (1:13; 11:13; 13:3) ജൂതന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ മൂല്യം റോമൻ പണത്തിലാക്കി പറഞ്ഞിരിക്കുന്നതു ശ്രദ്ധേയമാണ്. (മർ 12:42-ന്റെ പഠനക്കുറിപ്പു കാണുക.) മറ്റു സുവിശേഷയെഴുത്തുകാരെ അപേക്ഷിച്ച് മർക്കോസ് ലത്തീൻ പദപ്രയോഗങ്ങളും ശൈലികളും കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് സ്പെകുലാറ്റോർ (അംഗരക്ഷകൻ), പ്രായ്റ്റോറിയം (ഗവർണറുടെ വസതി), കെൻടൂറിയൊ (സൈനികോദ്യോഗസ്ഥൻ) എന്നീ പദങ്ങൾ. (6:27; 15:16, 39)