അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 18:1-28

18  ഇതിനു ശേഷം പൗലോസ്‌ ആതൻസിൽനിന്ന്‌ കൊരി​ന്തി​ലേക്കു പോയി.  പൊ​ന്തൊ​സു​കാ​ര​നായ അക്വില+ എന്ന ജൂത​നെ​യും ഭാര്യ പ്രിസ്‌കി​ല്ല​യെ​യും പൗലോസ്‌ അവി​ടെ​വെച്ച്‌ കണ്ടു. ജൂതന്മാ​രെ​ല്ലാം റോം വിട്ട്‌ പോക​ണ​മെന്ന ക്ലൗദ്യൊ​സി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ ആയിട​യ്‌ക്ക്‌ ഇറ്റലി​യിൽനിന്ന്‌ എത്തിയ​താ​യി​രു​ന്നു അവർ. പൗലോസ്‌ അവരുടെ അടുത്ത്‌ ചെന്നു.  അവരും പൗലോ​സി​നെ​പ്പോ​ലെ കൂടാ​ര​പ്പ​ണി​ക്കാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോസ്‌ അവരുടെ വീട്ടിൽ താമസിച്ച്‌ അവരോ​ടൊ​പ്പം ജോലി ചെയ്‌തു.+  അതോ​ടൊ​പ്പം പൗലോസ്‌ ശബത്തുതോറും+ സിന​ഗോ​ഗിൽ പ്രസംഗിക്കുകയും+ ബോധ്യം വരുത്തുന്ന രീതി​യിൽ ജൂതന്മാ​രോ​ടും ഗ്രീക്കു​കാ​രോ​ടും സംസാ​രി​ക്കു​ക​യും ചെയ്‌തു.  മാസി​ഡോ​ണി​യ​യിൽനിന്ന്‌ ശീലാസും+ തിമൊഥെയൊസും+ എത്തിയ​തോ​ടെ, യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളി​യി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ പൗലോസ്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ മുഴുകി.+  എന്നാൽ ജൂതന്മാർ പൗലോ​സി​നെ എതിർക്കു​ക​യും പൗലോ​സി​നോ​ടു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നാൽ പൗലോസ്‌ വസ്‌ത്രം കുടഞ്ഞിട്ട്‌+ അവരോട്‌, “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ.+ ഞാൻ കുറ്റക്കാ​രനല്ല.+ ഇനിമു​തൽ ഞാൻ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ അടു​ത്തേക്കു പോകു​ക​യാണ്‌”+ എന്നു പറഞ്ഞു.  അങ്ങനെ പൗലോസ്‌ അവിടം വിട്ട്‌, ദൈവ​ഭ​ക്ത​നായ തീസി​യോസ്‌ യുസ്‌തൊ​സി​ന്റെ വീട്ടിൽ ചെന്നു. സിന​ഗോ​ഗിന്‌ അടുത്താ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വീട്‌.  സിന​ഗോ​ഗി​ന്റെ അധ്യക്ഷ​നായ ക്രിസ്‌പൊസും+ വീട്ടി​ലുള്ള എല്ലാവ​രും കർത്താ​വിൽ വിശ്വ​സി​ച്ചു. ദൈവ​വ​ചനം കേട്ട കുറെ കൊരി​ന്തു​കാ​രും വിശ്വ​സിച്ച്‌ സ്‌നാ​ന​മേറ്റു.  മാത്രമല്ല, കർത്താവ്‌ രാത്രി​യിൽ ഒരു ദർശന​ത്തിൽ പൗലോ​സി​നോട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “പേടി​ക്കേണ്ടാ. പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുക; മിണ്ടാ​തി​രി​ക്ക​രുത്‌. 10  ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+ ആരും നിന്നെ ആക്രമി​ക്കു​ക​യോ അപായ​പ്പെ​ടു​ത്തു​ക​യോ ഇല്ല. ഈ നഗരത്തിൽ എനിക്ക്‌ ഇനിയും അനേക​രുണ്ട്‌.” 11  അങ്ങനെ പൗലോസ്‌ ദൈവ​ത്തി​ന്റെ വചനം പഠിപ്പി​ച്ചു​കൊണ്ട്‌ ഒരു വർഷവും ആറു മാസവും അവിടെ താമസി​ച്ചു. 12  എന്നാൽ ഗല്ലി​യോൻ അഖായ​യു​ടെ നാടു​വാ​ഴി​യാ​യി​രി​ക്കെ ജൂതന്മാർ പൗലോ​സിന്‌ എതിരെ സംഘടിച്ച്‌ പൗലോ​സി​നെ ന്യായാ​സ​ന​ത്തി​നു മുമ്പാകെ കൊണ്ടു​ചെന്നു. 13  എന്നിട്ട്‌ അവർ, “ഈ മനുഷ്യൻ നിയമ​വി​രു​ദ്ധ​മായ വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു”+ എന്നു പറഞ്ഞു. 14  എന്നാൽ പൗലോസ്‌ സംസാ​രി​ക്കാൻ ഒരുങ്ങി​യ​പ്പോൾ ഗല്ലി​യോൻ ജൂതന്മാ​രോ​ടു പറഞ്ഞു: “ജൂതന്മാ​രേ, എന്തെങ്കി​ലും അന്യാ​യ​ത്തെ​യോ ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ത്തെ​യോ കുറി​ച്ചാ​ണു നിങ്ങൾക്കു പറയാ​നു​ണ്ടാ​യി​രു​ന്ന​തെ​ങ്കിൽ ഉറപ്പാ​യും ഞാൻ അതു ക്ഷമയോ​ടെ കേട്ടേനേ. 15  എന്നാൽ ഇതു വാക്കു​ക​ളെ​യും പേരു​ക​ളെ​യും നിങ്ങളു​ടെ നിയമ​ത്തെ​യും ചൊല്ലി​യുള്ള തർക്കമായതുകൊണ്ട്‌+ നിങ്ങൾതന്നെ പരിഹ​രി​ച്ചു​കൊ​ള്ളുക. ഇത്തരം കാര്യ​ങ്ങൾക്കു വിധി കല്‌പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.” 16  എന്നിട്ട്‌ ഗല്ലി​യോൻ അവരെ ന്യായാ​സ​ന​ത്തി​നു മുന്നിൽനിന്ന്‌ പുറത്താ​ക്കി. 17  അവർ എല്ലാവ​രും ചേർന്ന്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​നായ സോസ്ഥനേസിനെ+ പിടിച്ച്‌ ന്യായാ​സ​ന​ത്തി​നു മുന്നിൽവെച്ച്‌ തല്ലി. എന്നാൽ ഗല്ലി​യോൻ ഇതി​ലൊ​ന്നും ഇടപെ​ട്ടില്ല. 18  കുറെ ദിവസം അവിടെ താമസി​ച്ച​ശേഷം പൗലോസ്‌ സഹോ​ദ​ര​ന്മാ​രോ​ടു യാത്ര പറഞ്ഞ്‌ പ്രിസ്‌കി​ല്ല​യു​ടെ​യും അക്വി​ല​യു​ടെ​യും കൂടെ സിറി​യ​യി​ലേക്കു കപ്പൽ കയറി. ഒരു നേർച്ച​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ കെംക്രെയയിൽവെച്ച്‌+ പൗലോസ്‌ തലമുടി പറ്റെ മുറിച്ചു. 19  എഫെ​സൊസ്‌ നഗരത്തിൽ എത്തിയ​പ്പോൾ അവരെ അവിടെ വിട്ട്‌ പൗലോസ്‌ തനിയെ സിന​ഗോ​ഗിൽ ചെന്ന്‌ ജൂതന്മാ​രു​മാ​യി ന്യായ​വാ​ദം ചെയ്‌തു.+ 20  കുറെ കാലം​കൂ​ടെ അവിടെ താമസി​ക്കാൻ അവർ പലവട്ടം അപേക്ഷി​ച്ചെ​ങ്കി​ലും പൗലോസ്‌ സമ്മതി​ച്ചില്ല. 21  “യഹോ​വ​യു​ടെ ഇഷ്ടമെ​ങ്കിൽ ഞാൻ വീണ്ടും നിങ്ങളു​ടെ അടു​ത്തേക്കു വരും” എന്നു പറഞ്ഞ്‌ പൗലോസ്‌ യാത്ര തിരിച്ചു. പിന്നെ എഫെ​സൊ​സിൽനിന്ന്‌ കപ്പൽ കയറി 22  കൈസര്യയിൽ+ എത്തി. സഭയിൽ ചെന്ന്‌ എല്ലാവ​രെ​യും കണ്ടശേഷം അന്ത്യോ​ക്യ​യി​ലേക്കു പോയി.+ 23  കുറെ നാൾ അവിടെ താമസി​ച്ച​ശേഷം പൗലോസ്‌ അവിടം വിട്ട്‌ ഗലാത്യ​യി​ലെ​യും ഫ്രുഗ്യയിലെയും+ നഗരങ്ങൾതോ​റും സഞ്ചരിച്ച്‌ ശിഷ്യ​ന്മാ​രെ​യെ​ല്ലാം ബലപ്പെ​ടു​ത്തി.+ 24  അലക്‌സാൻഡ്രി​യ​ക്കാ​ര​നായ അപ്പൊല്ലോസ്‌+ എന്നൊരു ജൂതൻ എഫെ​സൊ​സിൽ എത്തി. വാക്‌സാ​മർഥ്യ​വും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ നല്ല അറിവും ഉള്ളയാ​ളാ​യി​രു​ന്നു അപ്പൊ​ല്ലോസ്‌. 25  യഹോ​വ​യു​ടെ മാർഗ​ത്തിൽ പരിശീ​ലനം ലഭിച്ചി​രുന്ന അപ്പൊ​ല്ലോസ്‌ ദൈവാ​ത്മാ​വിൽ ജ്വലിച്ച്‌ യേശു​വി​നെ​ക്കു​റിച്ച്‌ കൃത്യ​ത​യോ​ടെ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പക്ഷേ യോഹ​ന്നാ​ന്റെ സ്‌നാനത്തെക്കുറിച്ച്‌+ മാത്രമേ അപ്പൊ​ല്ലോ​സിന്‌ അറിയാ​മാ​യി​രു​ന്നു​ള്ളൂ. 26  അപ്പൊ​ല്ലോസ്‌ സിന​ഗോ​ഗിൽ ചെന്ന്‌ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കാൻതു​ടങ്ങി. അപ്പൊ​ല്ലോ​സി​ന്റെ പ്രസംഗം കേട്ട പ്രിസ്‌കി​ല്ല​യും അക്വിലയും+ അപ്പൊ​ല്ലോ​സി​നെ കൂട്ടി​ക്കൊ​ണ്ടു​പോ​യി ദൈവ​ത്തി​ന്റെ മാർഗ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ കൃത്യ​മാ​യി വിവരി​ച്ചു​കൊ​ടു​ത്തു. 27  പിന്നെ അപ്പൊ​ല്ലോസ്‌ അഖായ​യി​ലേക്കു പോകാൻതു​ട​ങ്ങി​യ​പ്പോൾ അപ്പൊ​ല്ലോ​സി​നെ സ്വീക​രി​ക്ക​ണ​മെന്ന്‌ അപേക്ഷി​ച്ചു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ അവി​ടെ​യുള്ള ശിഷ്യ​ന്മാർക്ക്‌ എഴുതി. അവിടെ എത്തിയ അപ്പൊ​ല്ലോസ്‌, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ വിശ്വാ​സ​ത്തി​ലേക്കു വന്നവരെ ഒരുപാ​ടു സഹായി​ച്ചു. 28  ജൂതന്മാ​രു​ടെ പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെന്ന്‌ ഉത്സാഹ​ത്തോ​ടെ പരസ്യ​മാ​യി തെളി​യി​ക്കു​ക​യും യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

അഖായ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ അഖായ എന്നു പറഞ്ഞി​രി​ക്കു​ന്നതു ഗ്രീസി​ന്റെ തെക്കൻഭാ​ഗ​ത്തുള്ള റോമൻ സംസ്ഥാ​ന​ത്തെ​ക്കു​റി​ച്ചാണ്‌. കൊരി​ന്താ​യി​രു​ന്നു തലസ്ഥാനം. ബി.സി. 27-ൽ അഗസ്റ്റസ്‌ സീസർ ഗ്രീസി​ന്റെ രണ്ടു സംസ്ഥാ​ന​ങ്ങ​ളായ മാസി​ഡോ​ണി​യ​യും അഖായ​യും പുനഃ​സം​ഘ​ടി​പ്പി​ച്ചു. പെലൊ​പൊ​നീസ്‌ മുഴു​വ​നും മധ്യ​ഗ്രീ​സി​ന്റെ ഒരു ഭാഗവും ഉൾപ്പെ​ട്ട​താ​യി​രു​ന്നു അഖായ. ഈ സംസ്ഥാനം റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലാ​യി​രു​ന്നു. തലസ്ഥാ​ന​മായ കൊരി​ന്തിൽനിന്ന്‌ ഒരു നാടു​വാ​ഴി​യാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌. (2കൊ 1:1) അഖായ സംസ്ഥാ​ന​ത്തി​ലെ മറ്റു നഗരങ്ങ​ളായ ആതൻസി​നെ​യും കെം​ക്രെ​യ​യെ​യും കുറി​ച്ചും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുണ്ട്‌. (പ്രവൃ 18:1, 18; റോമ 16:1) അഖായയെ അതിന്റെ വടക്കുള്ള സംസ്ഥാ​ന​മായ മാസി​ഡോ​ണി​യ​യോ​ടൊ​പ്പ​മാ​ണു മിക്ക​പ്പോ​ഴും പരാമർശി​ച്ചി​രി​ക്കു​ന്നത്‌.—പ്രവൃ 19:21; റോമ 15:26; 1തെസ്സ 1:7, 8; അനു. ബി13 കാണുക.

കൊരിന്ത്‌: പുരാതന ഗ്രീസി​ലെ ഏറ്റവും പഴക്കമുള്ള ഒരു പ്രമു​ഖ​ന​ഗ​ര​മാ​യി​രു​ന്നു ഇത്‌. ഇന്നത്തെ കൊരി​ന്തിന്‌ ഏതാണ്ട്‌ 5 കി.മീ. തെക്കു​പ​ടി​ഞ്ഞാ​റാ​യാണ്‌ ഇതു സ്ഥിതി ചെയ്‌തി​രു​ന്നത്‌. കൊരി​ന്തിന്‌ ഇത്ര​യേറെ പ്രാധാ​ന്യ​വും സമ്പത്തും നേടി​ക്കൊ​ടു​ത്തത്‌ അതിന്റെ തന്ത്ര​പ്ര​ധാ​ന​മായ സ്ഥാനമാണ്‌. മധ്യ​ഗ്രീ​സി​നെ, ഗ്രീസി​ന്റെ തെക്കൻ ഉപദ്വീ​പായ പെലൊ​പൊ​നീ​സു​മാ​യി ബന്ധിപ്പി​ക്കുന്ന കരയി​ടു​ക്കി​ലാണ്‌ അതു സ്ഥിതി ചെയ്‌തി​രു​ന്നത്‌. വടക്കൻഗ്രീ​സിൽനിന്ന്‌ തെക്കൻഗ്രീ​സി​ലേ​ക്കും തിരി​ച്ചും ചരക്കുകൾ കൊണ്ടു​പോ​യി​രു​ന്നതു കൊരി​ന്തി​ലൂ​ടെ​യാ​യി​രു​ന്നു. ഇനി, കിഴക്കൻ ദേശങ്ങ​ളെ​യും പടിഞ്ഞാ​റൻ ദേശങ്ങ​ളെ​യും ബന്ധിപ്പി​ക്കുന്ന, മെഡി​റ്റ​റേ​നി​യൻ കടലി​ലൂ​ടെ​യുള്ള സമു​ദ്ര​ഗ​താ​ഗതം നിയ​ന്ത്രി​ച്ചി​രു​ന്ന​തും കൊരി​ന്താണ്‌. കാരണം കപ്പലുകൾ ഗ്രീസി​നെ ചുറ്റി​വ​ളഞ്ഞ്‌ പോകു​ന്ന​തി​നെ​ക്കാൾ സുരക്ഷി​തം കൊരി​ന്ത്യൻക​ര​യി​ടു​ക്കി​ലൂ​ടെ​യുള്ള കര-നാവിക മാർഗ​മാ​യി​രു​ന്നു. ഗ്രീസി​ലെ മാസി​ഡോ​ണിയ ഒഴിച്ചുള്ള പ്രദേ​ശത്തെ റോമാ​ക്കാർ വിളി​ച്ചി​രു​ന്നത്‌ അഖായ എന്നാണ്‌. അഗസ്റ്റസ്‌ സീസറി​ന്റെ ഭരണകാ​ലത്ത്‌ അഖായയെ റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലുള്ള ഒരു സംസ്ഥാ​ന​മാ​യി പ്രഖ്യാ​പി​ക്കു​ക​യും കൊരി​ന്തി​നെ അതിന്റെ തലസ്ഥാ​ന​മാ​ക്കു​ക​യും ചെയ്‌തു. (പ്രവൃ 18:12-ന്റെ പഠനക്കു​റി​പ്പു കാണുക.) ധാരാളം ജൂതന്മാർ കുടി​യേ​റി​പ്പാർത്തി​രുന്ന കൊരി​ന്തിൽ അവർ ഒരു സിന​ഗോഗ്‌ സ്ഥാപി​ച്ചി​രു​ന്നു. അങ്ങനെ ചില ഗ്രീക്കു​കാർപോ​ലും ജൂതമ​ത​വി​ശ്വാ​സി​ക​ളാ​യി. (പ്രവൃ 18:4) പുരാ​ത​ന​കൊ​രി​ന്തിൽ ജൂതന്മാർ താമസി​ച്ചി​രു​ന്ന​താ​യി ഒന്നാം നൂറ്റാ​ണ്ടി​ലെ എഴുത്തു​കാ​ര​നായ ഫൈ​ലോ​യും ലഖായം തുറമു​ഖ​ത്തിന്‌ അഭിമു​ഖ​മാ​യുള്ള ഒരു കവാട​ത്തിന്‌ അടുത്തു​നിന്ന്‌ കണ്ടെത്തിയ മാർബിൾ ലിന്റലി​ലെ ആലേഖ​ന​വും സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പുരാതന ഗ്രീക്കി​ലുള്ള “(സുന)ഗോഗേ ഹെബ്രാ(യോൻ)” എന്ന ആ ആലേഖ​ന​ത്തി​ന്റെ അർഥം “എബ്രാ​യ​രു​ടെ സിന​ഗോഗ്‌” എന്നാണ്‌. ഈ ലിന്റൽ പൗലോ​സി​ന്റെ കാല​ത്തേ​താ​ണെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നെ​ങ്കി​ലും അതിന്‌ അത്ര​ത്തോ​ളം പഴക്കമി​ല്ലെ​ന്നാ​ണു മിക്കവ​രു​ടെ​യും പക്ഷം.

അക്വില: വിശ്വ​സ്‌ത​നായ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു അക്വില. അദ്ദേഹ​ത്തെ​യും വിശ്വ​സ്‌ത​യായ ഭാര്യ പ്രിസ്‌കി​ല്ല​യെ​യും (പ്രിസ്‌ക എന്നും വിളി​ച്ചി​രു​ന്നു.) പൗലോ​സി​ന്റെ ‘സഹപ്ര​വർത്തകർ’ എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. (റോമ 16:3) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മൊത്തം ആറു സ്ഥലങ്ങളിൽ ഇവരെ​ക്കു​റിച്ച്‌ പറയു​ന്ന​താ​യി കാണാം. (പ്രവൃ 18:18, 26; 1കൊ 16:19; 2തിമ 4:19) അവി​ടെ​യെ​ല്ലാം അവരെ​ക്കു​റിച്ച്‌ ഒരുമി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. പ്രിസ്‌ക എന്ന പേരിന്റെ അൽപ്പതാ​വാ​ചി രൂപമാ​ണു പ്രിസ്‌കില്ല. പൗലോസ്‌ തന്റെ കത്തുക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പ്രിസ്‌ക എന്ന ഹ്രസ്വ​രൂ​പ​മാ​ണെ​ങ്കിൽ ലൂക്കോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു താരത​മ്യേന ദൈർഘ്യ​മേ​റിയ പ്രിസ്‌കില്ല എന്ന രൂപമാണ്‌. റോമൻ പേരു​കൾക്ക്‌ ഇത്തരത്തിൽ പല രൂപങ്ങൾ കാണു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. ജൂതന്മാ​രെ റോമിൽനിന്ന്‌ പുറത്താ​ക്കാൻ എ.ഡി. 49-ലോ എ.ഡി. 50-ന്റെ തുടക്ക​ത്തി​ലോ ക്ലൗദ്യൊസ്‌ ചക്രവർത്തി ഉത്തരവി​ട്ട​തി​നെ​ത്തു​ടർന്ന്‌ അവി​ടെ​നിന്ന്‌ നാടു​ക​ട​ത്ത​പ്പെട്ട അക്വി​ല​യും പ്രിസ്‌കി​ല്ല​യും കൊരി​ന്തിൽ വന്ന്‌ താമസ​മാ​ക്കി. എ.ഡി. 50-ലെ ശരത്‌കാ​ലത്ത്‌ (ഒക്‌​ടോ​ബ​റി​നോട്‌ അടുത്ത്‌.) പൗലോ​സും കൊരി​ന്തിൽ എത്തി. കൂടാ​ര​പ്പ​ണി​ക്കാ​ര​നാ​യി​രുന്ന അദ്ദേഹം അതേ തൊഴിൽ ചെയ്‌തി​രുന്ന ഈ ദമ്പതി​ക​ളോ​ടൊ​പ്പം ജോലി ചെയ്‌തു. അവിടെ ഒരു പുതിയ സഭ സ്ഥാപി​ക്കാൻ അക്വി​ല​യും പ്രിസ്‌കി​ല്ല​യും പൗലോ​സി​നെ സഹായി​ച്ചു എന്നതിൽ സംശയ​മില്ല. വടക്കൻ ഏഷ്യാ​മൈ​ന​റിൽ കരിങ്ക​ട​ലി​നോ​ടു ചേർന്നു​കി​ട​ക്കുന്ന പൊ​ന്തൊ​സാ​യി​രു​ന്നു അക്വി​ല​യു​ടെ സ്വദേശം.

കൂടാ​ര​പ്പ​ണി​ക്കാർ: പൗലോ​സി​ന്റെ​യും അക്വി​ല​യു​ടെ​യും പ്രിസ്‌കി​ല്ല​യു​ടെ​യും തൊഴി​ലി​നെ കുറി​ക്കാൻ സ്‌ക്കീ​നൊ​പോ​യി​യൊസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതു കൃത്യ​മാ​യി ഏതു തൊഴി​ലി​നെ​യാ​ണു കുറി​ക്കു​ന്നത്‌ എന്ന കാര്യ​ത്തിൽ വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌ (കൂടാ​ര​പ്പണി, അലങ്കാ​ര​പ്പ​ണി​യുള്ള തുണി​യു​ടെ നെയ്‌ത്ത്‌, കയറു​നിർമാ​ണം എന്നിവ​യെ​ല്ലാം സാധ്യ​ത​ക​ളാണ്‌.). എന്നാൽ ഇതു ‘കൂടാ​ര​പ്പ​ണി​യെ​ത്ത​ന്നെ​യാ​ണു’ കുറി​ക്കു​ന്ന​തെന്നു പല പണ്ഡിത​ന്മാ​രും കരുതു​ന്നു. പൗലോ​സി​ന്റെ സ്വദേ​ശ​മായ കിലി​ക്യ​യി​ലെ തർസൊസ്‌, കോലാ​ട്ടു​രോ​മം​കൊണ്ട്‌ ഉണ്ടാക്കുന്ന സിലി​ഷ്യം എന്ന കൂടാ​ര​ത്തു​ണി​ക്കു പേരു​കേ​ട്ട​താ​യി​രു​ന്നു. (പ്രവൃ 21:39) ജൂതന്മാ​രായ ചെറു​പ്പ​ക്കാർ ഉന്നതവി​ദ്യാ​ഭ്യാ​സം നേടാ​നി​രി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽപ്പോ​ലും അവർ ഒരു കൈ​ത്തൊ​ഴിൽ പഠിക്കു​ന്നതു വളരെ ആദരണീ​യ​മായ ഒരു കാര്യ​മാ​യി​ട്ടാ​ണു എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂതസ​മൂ​ഹം കണ്ടിരു​ന്നത്‌. അതു​കൊണ്ട്‌ പൗലോസ്‌ ചെറു​പ്പ​ത്തിൽത്തന്നെ കൂടാരം ഉണ്ടാക്കാ​നുള്ള പരിശീ​ലനം നേടി​യി​രി​ക്കാം. എന്നാൽ ഈ പണി അത്ര എളുപ്പ​മാ​യി​രു​ന്നില്ല. കാരണം സിലി​ഷ്യം പൊതു​വേ നല്ല കട്ടിയുള്ള, പരുക്കൻ തുണി​യാ​യി​രു​ന്നെന്നു പറയ​പ്പെ​ടു​ന്നു. അതു​കൊ​ണ്ടു​തന്നെ അതു മുറിച്ച്‌, തുന്നി​യെ​ടു​ക്കാൻ നല്ല കഷ്ടപ്പാ​ടാ​യി​രു​ന്നു.

പ്രസം​ഗി​ച്ചു: അഥവാ “ന്യായ​വാ​ദം ചെയ്‌തു.” ഡിയാ​ലേ​ഗൊ​മായ്‌ എന്ന ഗ്രീക്കു​ക്രി​യയെ നിർവ​ചി​ച്ചി​രി​ക്കു​ന്നതു “തമ്മിൽത്ത​മ്മിൽ സംസാ​രി​ക്കുക; ചർച്ച ചെയ്യുക” എന്നൊ​ക്കെ​യാണ്‌. ഒരു കൂട്ടത്തി​നു മുമ്പാകെ പ്രസംഗം നടത്തു​ന്ന​തി​നെ മാത്രമല്ല ആ പദം കുറി​ക്കു​ന്നത്‌. അവർക്കു പറയാ​നു​ള്ള​തും​കൂ​ടെ കേട്ടു​കൊണ്ട്‌ പരസ്‌പരം അഭി​പ്രാ​യങ്ങൾ കൈമാ​റു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ഇതേ ഗ്രീക്കു​പദം പ്രവൃ 17:2, 17; 18:19; 19:8, 9; 20:7, 9 എന്നീ വാക്യ​ങ്ങ​ളി​ലും കാണാം.

ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ മുഴുകി: ഈ സമയം​മു​തൽ പൗലോസ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി തന്റെ സമയം മുഴു​വ​നാ​യി നീക്കി​വെച്ചു എന്നാണ്‌ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌.

കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌: മത്ത 10:14; മർ 6:11; ലൂക്ക 9:5 എന്നിവി​ട​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ നിർദേ​ശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു പൗലോ​സും ബർന്നബാ​സും. മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടു ജൂതന്മാ​രു​ടെ പ്രദേ​ശ​ത്തേക്കു വീണ്ടും കടക്കു​ന്ന​തി​നു മുമ്പ്‌ മതഭക്ത​രായ ജൂതന്മാർ ചെരി​പ്പി​ലെ പൊടി തട്ടിക്ക​ള​യു​മാ​യി​രു​ന്നു. എന്നാൽ ശിഷ്യ​ന്മാർക്കു നിർദേശം കൊടു​ത്ത​പ്പോൾ യേശുവിന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്തായാ​ലും ഇതല്ല. ദൈവം വരുത്താൻപോ​കുന്ന കാര്യ​ങ്ങൾക്ക്‌ ഇനി തങ്ങൾ ഉത്തരവാ​ദി​ക​ള​ല്ലെന്നു സൂചി​പ്പി​ക്കാ​നാ​ണു ശിഷ്യ​ന്മാർ ഇങ്ങനെ ചെയ്‌തത്‌. കൊരി​ന്തിൽവെച്ച്‌ പൗലോസ്‌ തന്റെ ‘വസ്‌ത്രം കുടഞ്ഞ​തും’ ഇതി​നോ​ടു സമാന​മാ​യൊ​രു കാര്യ​മാ​യി​രു​ന്നു. “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാ​രനല്ല” എന്നൊരു വിശദീ​ക​ര​ണ​വും പൗലോസ്‌ അതോ​ടൊ​പ്പം നൽകി.—പ്രവൃ 18:6-ന്റെ പഠനക്കു​റി​പ്പു കാണുക.

പൗലോസ്‌ വസ്‌ത്രം കുടഞ്ഞിട്ട്‌: ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള ജീവര​ക്ഷാ​ക​ര​മായ സന്ദേശം സ്വീക​രി​ക്കാൻ വിസമ്മ​തിച്ച കൊരി​ന്തി​ലെ ജൂതന്മാ​രു​ടെ കാര്യ​ത്തിൽ തനിക്ക്‌ ഇനി ഒരു ഉത്തരവാ​ദി​ത്വ​വും ഇല്ലെന്നാ​ണു പൗലോ​സി​ന്റെ ഈ പ്രവൃത്തി സൂചി​പ്പി​ച്ചത്‌. അവരോ​ടുള്ള തന്റെ കടമ നിറ​വേ​റ്റി​ക്ക​ഴി​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ ഇനി അവരുടെ ജീവനു കണക്കു ബോധി​പ്പി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. (ഈ വാക്യ​ത്തി​ലെ നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) തിരു​വെ​ഴു​ത്തു​ക​ളിൽ, ഇതിനു മുമ്പും ചിലർ ഇങ്ങനെ​യൊ​രു കാര്യം ചെയ്‌ത​താ​യി രേഖയുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യരുശ​ലേ​മി​ലേക്കു മടങ്ങിവന്ന ജൂതന്മാ​രോ​ടു സംസാ​രി​ച്ച​പ്പോൾ നെഹമ്യ തന്റെ വസ്‌ത്ര​ത്തി​ന്റെ മടക്കുകൾ കുടഞ്ഞ​താ​യി നമ്മൾ വായി​ക്കു​ന്നു. വാക്കു പാലി​ക്കാ​ത്ത​വ​രെ​യെ​ല്ലാം ദൈവം തള്ളിക്ക​ള​യു​മെന്നു സൂചി​പ്പി​ക്കാ​നാ​ണു നെഹമ്യ അങ്ങനെ ചെയ്‌തത്‌. (നെഹ 5:13) ഇനി, പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ തന്നെ എതിർത്ത​വർക്കു നേരെ പൗലോസ്‌ ‘കാലിലെ പൊടി തട്ടിക്ക​ള​ഞ്ഞ​തി​ന്റെ’ അർഥവും ഏതാണ്ട്‌ ഇതുത​ന്നെ​യാ​യി​രു​ന്നു.—പ്രവൃ 13:51; ലൂക്ക 9:5 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ: മിശി​ഹ​യായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്ദേശം സ്വീക​രി​ക്കാ​ത്ത​തു​കൊണ്ട്‌ ജൂതന്മാർക്ക്‌ എന്തെങ്കി​ലും ഭവിഷ്യ​ത്തു​കൾ നേരി​ട്ടാൽ അതിനു താൻ ഉത്തരവാ​ദി​യാ​യി​രി​ക്കി​ല്ലെന്നു സൂചി​പ്പി​ക്കാ​നാ​ണു പൗലോസ്‌ ഇങ്ങനെ പറഞ്ഞത്‌. ഒരാൾ മരണശിക്ഷ അർഹി​ക്കുന്ന തെറ്റായ ഒരു പാത തിര​ഞ്ഞെ​ടു​ത്താൽ അയാളു​ടെ മരണത്തിന്‌ അയാൾത​ന്നെ​യാ​യി​രി​ക്കും ഉത്തരവാ​ദി​യെന്നു സൂചി​പ്പി​ക്കുന്ന സമാന​മായ പ്രസ്‌താ​വ​നകൾ എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലു​മുണ്ട്‌. (യോശ 2:19; 2ശമു 1:16; 1രാജ 2:37; യഹ 33:2-4; മത്ത 27:25-ന്റെ പഠനക്കു​റി​പ്പു കാണുക.) “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞ​ശേഷം, ഞാൻ കുറ്റക്കാ​രനല്ല, അഥവാ “ഞാൻ നിരപ​രാ​ധി​യാണ്‌ (ശുദ്ധനാണ്‌; ഉത്തരവാ​ദി​യല്ല.)” എന്നും പൗലോസ്‌ കൂട്ടി​ച്ചേർക്കു​ന്നു.—പ്രവൃ 20:26-ന്റെ പഠനക്കു​റി​പ്പു കാണുക.

ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ഞാൻ കുറ്റക്കാ​രനല്ല: പൗലോസ്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഒരു വീഴ്‌ച​യും വരുത്താ​ഞ്ഞ​തു​കൊണ്ട്‌ അദ്ദേഹം ദൈവ​മു​മ്പാ​കെ ആരു​ടെ​യും രക്തം സംബന്ധിച്ച്‌ കുറ്റക്കാ​ര​ന​ല്ലാ​യി​രു​ന്നു. സന്തോ​ഷ​വാർത്ത​യിൽ അടങ്ങി​യി​രുന്ന ജീവര​ക്ഷാ​ക​ര​മായ വിവരങ്ങൾ അദ്ദേഹം ആരിൽനി​ന്നും മറച്ചു​വെ​ച്ചില്ല. (പ്രവൃ 18:6; യഹ 33:6-8 താരത​മ്യം ചെയ്യുക.) ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ദി​വ​സ​ത്തിൽ എഫെ​സൊ​സി​ലെ ശിഷ്യ​ന്മാ​രിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ട​രു​തെന്ന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ ‘ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴു​വ​നും’ അവരെ അറിയി​ച്ചു. (പ്രവൃ 20:27) ഒരു ക്രിസ്‌ത്യാ​നി കൊല​പാ​തകം നടത്തു​ക​യോ മറ്റ്‌ ഏതെങ്കി​ലും വിധത്തിൽ ഒരാളു​ടെ ജീവഹാ​നി​ക്കു കാരണ​ക്കാ​ര​നാ​കു​ക​യോ ചെയ്‌താ​ലും അയാൾ ദൈവ​മു​മ്പാ​കെ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം ഏൽക്കേ​ണ്ടി​വ​രും. അതിൽ ‘ബാബി​ലോൺ എന്ന മഹതി’പോലുള്ള സംഘട​ന​ക​ളു​ടെ​യോ (വെളി 17:6; 18:2, 4) നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​ഞ്ഞി​ട്ടുള്ള മറ്റു സംഘട​ന​ക​ളു​ടെ​യോ (വെളി 16:5, 6; യശ 26:20, 21 താരത​മ്യം ചെയ്യുക.) പ്രവർത്ത​ന​ങ്ങളെ നേരി​ട്ടോ അല്ലാ​തെ​യോ പിന്തു​ണ​യ്‌ക്കു​ന്ന​തും ഉൾപ്പെ​ട്ടേ​ക്കാം. ഇനി, രക്തം ഭക്ഷിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്യു​ന്ന​തും നമ്മളെ ദൈവ​മു​മ്പാ​കെ രക്തം സംബന്ധിച്ച്‌ കുറ്റക്കാ​രാ​ക്കും.—പ്രവൃ 15:20.

കാലിലെ പൊടി കുടഞ്ഞു​ക​ള​യുക: മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടു ജൂതന്മാ​രു​ടെ പ്രദേ​ശ​ത്തേക്കു വീണ്ടും കടക്കു​ന്ന​തി​നു മുമ്പ്‌ മതഭക്ത​രായ ജൂതന്മാർ ചെരി​പ്പി​ലെ പൊടി തട്ടിക്ക​ള​യു​മാ​യി​രു​ന്നു. കാരണം ആ പൊടി അശുദ്ധ​മാ​യാണ്‌ അവർ കണ്ടിരു​ന്നത്‌. എന്നാൽ ശിഷ്യ​ന്മാർക്ക്‌ ഇങ്ങനെ​യൊ​രു നിർദേശം കൊടു​ത്ത​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ എന്തായാ​ലും ഇതല്ല. കാലിലെ പൊടി കുടഞ്ഞു​ക​ള​യു​മ്പോൾ ശിഷ്യ​ന്മാർ സൂചി​പ്പി​ക്കു​ന്നത്‌, ദൈവം വരുത്താൻപോ​കുന്ന കാര്യ​ങ്ങൾക്ക്‌ ഇനി തങ്ങൾ ഉത്തരവാ​ദി​കളല്ല എന്നായി​രി​ക്കു​മാ​യി​രു​ന്നു. മത്ത 10:14-ലും മർ 6:11-ലും ഇതേ പദപ്ര​യോ​ഗം കാണാം. എന്നാൽ ആ പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പം, “അത്‌ അവർക്ക്‌ ഒരു തെളി​വാ​കട്ടെ” എന്നു മർക്കോ​സും അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ എന്നു ലൂക്കോ​സും പറഞ്ഞി​ട്ടുണ്ട്‌. യേശു നിർദേ​ശി​ച്ച​തു​പോ​ലെ, പൗലോ​സും ബർന്നബാ​സും പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ ചെയ്‌ത​താ​യി കാണാം. (പ്രവൃ 13:51) കൊരി​ന്തിൽവെച്ച്‌ പൗലോസ്‌ തന്റെ ‘വസ്‌ത്രം കുടഞ്ഞ​തും’ ഇതി​നോ​ടു സമാന​മാ​യൊ​രു കാര്യ​മാ​യി​രു​ന്നു. “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാ​രനല്ല” എന്നൊരു വിശദീ​ക​ര​ണ​വും പൗലോസ്‌ അതോ​ടൊ​പ്പം നൽകി.​—പ്രവൃ 18:6.

അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ: അതായത്‌, “അവന്റെ മരണത്തി​ന്റെ ഉത്തരവാ​ദി​ത്വം ഞങ്ങളും ഞങ്ങളുടെ പിൻത​ല​മു​റ​ക്കാ​രും ഏറ്റെടു​ക്കു​ന്നു.”

അവിടം വിട്ട്‌: അതായത്‌ സിന​ഗോഗ്‌ വിട്ട്‌. പൗലോസ്‌ അപ്പോ​സ്‌തലൻ സിന​ഗോ​ഗിൽനിന്ന്‌ തീസി​യോസ്‌ യുസ്‌തൊ​സി​ന്റെ വീട്ടി​ലേക്കു പോയ​തി​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌. അവിടെ ചെന്ന പൗലോസ്‌ തന്റെ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. കൊരി​ന്തിൽ പൗലോസ്‌ താമസി​ച്ചി​രു​ന്നത്‌ അക്വി​ല​യു​ടെ​യും പ്രിസ്‌കി​ല്ല​യു​ടെ​യും വീട്ടി​ലാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ പ്രസം​ഗ​പ്ര​വർത്തനം യുസ്‌തൊ​സി​ന്റെ വീടു കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നെന്നു തോന്നു​ന്നു.—പ്രവൃ 18:3.

തീസി​യോസ്‌ യുസ്‌തൊസ്‌: കൊരി​ന്തു​കാ​ര​നായ ഈ വിശ്വാ​സി​യെ ദൈവ​ഭക്തൻ എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ പദപ്ര​യോ​ഗം, അദ്ദേഹം ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത ആളായി​രു​ന്നെന്നു സൂചി​പ്പി​ക്കു​ന്നു.—പ്രവൃ 13:43; 16:14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യഹോവ ലുദി​യ​യു​ടെ ഹൃദയം തുറന്നു: ലുദി​യയെ ദൈവഭക്ത എന്നു വിളി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ ലുദിയ ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത ഒരാളാ​യി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം. (പ്രവൃ 13:43) ശബത്തു​ദി​വസം മറ്റു സ്‌ത്രീ​ക​ളോ​ടൊ​പ്പം ലുദി​യ​യും ഫിലിപ്പി നഗരത്തി​നു പുറത്തുള്ള നദിക്ക​രി​കെ ഒരു പ്രാർഥ​നാ​സ്ഥ​ലത്ത്‌ കൂടി​വന്നു. (പ്രവൃ 16:13) ഒരുപക്ഷേ ആ നഗരത്തിൽ ജൂതന്മാ​രു​ടെ എണ്ണം കുറവാ​യി​രു​ന്ന​തു​കൊണ്ട്‌ അവിടെ ഒരു സിന​ഗോ​ഗി​ല്ലാ​യി​രു​ന്നി​രി​ക്കാം. ലുദി​യ​യു​ടെ ജന്മനാ​ടായ തുയ​ഥൈ​ര​യിൽ ധാരാളം ജൂതന്മാ​രും ജൂതന്മാ​രു​ടെ യോഗ​സ്ഥ​ല​വും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ലുദിയ അവി​ടെ​വെ​ച്ചു​തന്നെ യഹോ​വയെ ആരാധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ ലുദിയ ശ്രദ്ധ​യോ​ടെ കേൾക്കു​ന്നത്‌, ലുദിയ ആരാധി​ച്ചി​രുന്ന ദൈവ​മായ യഹോവ കണ്ടു.—അനു. സി കാണുക.

സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്നവർ: ‘സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്നവർ’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സെബോ​മാ​യി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “ആരാധി​ക്കുക; ഭക്ത്യാ​ദ​രവ്‌ കാട്ടുക; സംപൂ​ജ്യ​നാ​യി കാണുക” എന്നൊ​ക്കെ​യാണ്‌. അതിനെ “ദൈവ​ഭ​യ​മുള്ള; ഭക്തിയുള്ള” എന്നിങ്ങ​നെ​യും പരിഭാ​ഷ​പ്പെ​ടു​ത്താം. (പ്രവൃ 13:50-ന്റെ പഠനക്കു​റി​പ്പു കാണുക.) സുറി​യാ​നി പ്‌ശീത്താ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ദൈവത്തെ ഭയപ്പെ​ടു​ന്നവർ” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു എബ്രാ​യ​പ​രി​ഭാഷ (അനു. സി4-ൽ J18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ കാണു​ന്നത്‌ “യഹോ​വയെ ഭയപ്പെ​ടു​ന്നവർ” എന്നാണ്‌.

അഖായ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ അഖായ എന്നു പറഞ്ഞി​രി​ക്കു​ന്നതു ഗ്രീസി​ന്റെ തെക്കൻഭാ​ഗ​ത്തുള്ള റോമൻ സംസ്ഥാ​ന​ത്തെ​ക്കു​റി​ച്ചാണ്‌. കൊരി​ന്താ​യി​രു​ന്നു തലസ്ഥാനം. ബി.സി. 27-ൽ അഗസ്റ്റസ്‌ സീസർ ഗ്രീസി​ന്റെ രണ്ടു സംസ്ഥാ​ന​ങ്ങ​ളായ മാസി​ഡോ​ണി​യ​യും അഖായ​യും പുനഃ​സം​ഘ​ടി​പ്പി​ച്ചു. പെലൊ​പൊ​നീസ്‌ മുഴു​വ​നും മധ്യ​ഗ്രീ​സി​ന്റെ ഒരു ഭാഗവും ഉൾപ്പെ​ട്ട​താ​യി​രു​ന്നു അഖായ. ഈ സംസ്ഥാനം റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലാ​യി​രു​ന്നു. തലസ്ഥാ​ന​മായ കൊരി​ന്തിൽനിന്ന്‌ ഒരു നാടു​വാ​ഴി​യാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌. (2കൊ 1:1) അഖായ സംസ്ഥാ​ന​ത്തി​ലെ മറ്റു നഗരങ്ങ​ളായ ആതൻസി​നെ​യും കെം​ക്രെ​യ​യെ​യും കുറി​ച്ചും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുണ്ട്‌. (പ്രവൃ 18:1, 18; റോമ 16:1) അഖായയെ അതിന്റെ വടക്കുള്ള സംസ്ഥാ​ന​മായ മാസി​ഡോ​ണി​യ​യോ​ടൊ​പ്പ​മാ​ണു മിക്ക​പ്പോ​ഴും പരാമർശി​ച്ചി​രി​ക്കു​ന്നത്‌.—പ്രവൃ 19:21; റോമ 15:26; 1തെസ്സ 1:7, 8; അനു. ബി13 കാണുക.

നാടു​വാ​ഴി: റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലുള്ള ഒരു സംസ്ഥാ​ന​ത്തി​ന്റെ ഗവർണർ. ഗല്ലി​യോൻ അഖായ സംസ്ഥാ​ന​ത്തി​ന്റെ നാടു​വാ​ഴി​യാ​യി​രു​ന്നെന്നു വാക്യം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസ്‌ ഉപയോ​ഗിച്ച ആ സ്ഥാന​പ്പേര്‌ വളരെ കൃത്യ​മാ​ണു​താ​നും. കാരണം ബി.സി. 27 മുതൽ എ.ഡി. 15 വരെയും എ.ഡി. 44-നു ശേഷവും അഖായ, റോമൻ ഭരണസ​മി​തി​യു​ടെ കീഴി​ലുള്ള ഒരു സംസ്ഥാ​ന​മാ​യി​രു​ന്നു. (പ്രവൃ 13:7-ന്റെ പഠനക്കു​റി​പ്പു കാണുക.) നാടു​വാ​ഴി​യായ ഗല്ലി​യോ​നെ​ക്കു​റിച്ച്‌ പരാമർശ​മുള്ള ഒരു ആലേഖനം ഡെൽഫി​യിൽനിന്ന്‌ കണ്ടെടു​ത്തി​ട്ടുണ്ട്‌. ഇതു ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ന്റെ കൃത്യ​തയെ പിന്താ​ങ്ങു​ക​യും ഗല്ലി​യോൻ അധികാ​ര​ത്തി​ലി​രുന്ന കാലം നിർണ​യി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യുന്നു.

നാടു​വാ​ഴി: റോമൻ ഭരണസ​മി​തി​യു​ടെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സംസ്ഥാ​ന​ങ്ങ​ളു​ടെ ഗവർണർമാ​രെ കുറി​ക്കുന്ന പദം. എന്നാൽ യഹൂദ്യ​പോ​ലുള്ള ചില റോമൻ സംസ്ഥാ​നങ്ങൾ ചക്രവർത്തി​യു​ടെ നേരി​ട്ടുള്ള ഭരണത്തിൻകീ​ഴി​ലാ​യി​രു​ന്നു. അദ്ദേഹ​മാണ്‌ അത്തരം സംസ്ഥാ​ന​ങ്ങ​ളിൽ ഗവർണർമാ​രെ നിയമി​ച്ചി​രു​ന്നത്‌. ബി.സി. 22-ൽ സൈ​പ്രസ്‌, റോമൻ ഭരണസ​മി​തി​യു​ടെ അധികാ​ര​ത്തിൻകീ​ഴി​ലാ​യ​തു​മു​തൽ നാടു​വാ​ഴി​ക​ളാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌. റോമൻ ചക്രവർത്തി​യാ​യി​രുന്ന ക്ലൗദ്യൊ​സി​ന്റെ മുഖവും ലത്തീനിൽ അദ്ദേഹ​ത്തി​ന്റെ പദവി​നാ​മ​വും നൽകി​യി​രുന്ന ഒരു നാണയം സൈ​പ്ര​സിൽനിന്ന്‌ കണ്ടെടു​ത്തു. അതിന്റെ മറുവ​ശത്ത്‌ ഗ്രീക്കിൽ, “സൈ​പ്ര​സു​കാ​രു​ടെ നാടു​വാ​ഴി​യായ കൊമീ​നി​യസ്‌ പ്രൊ​ക്ല​സി​ന്റെ ഭരണകാ​ലത്ത്‌” എന്നൊരു എഴുത്തു​മു​ണ്ടാ​യി​രു​ന്നു.—പദാവലി കാണുക.

കെം​ക്രെയ: കൊരി​ന്തു​ന​ഗ​ര​ത്തി​ന്റെ തുറമു​ഖ​ങ്ങ​ളിൽ ഒന്ന്‌. സറോ​ണിക്‌ ഉൾക്കട​ലിന്‌ അഭിമു​ഖ​മാ​യുള്ള ഈ തുറമു​ഖം കൊരി​ന്തു​ന​ഗ​ര​ത്തിന്‌ ഏതാണ്ട്‌ 11 കി.മീ. കിഴക്കാ​യി ഒരു കരയി​ടു​ക്കി​ലാ​ണു സ്ഥിതി ചെയ്‌തി​രു​ന്നത്‌. കൊരി​ന്തു​കാർക്കു ഗ്രീസിൽനിന്ന്‌ കിഴക്കൻ രാജ്യ​ങ്ങ​ളി​ലേക്കു പോകാ​നുള്ള തുറമു​ഖം കെം​ക്രെയ ആയിരു​ന്നെ​ങ്കിൽ ഗ്രീസിൽനിന്ന്‌ ഇറ്റലി ഉൾപ്പെ​ടെ​യുള്ള പടിഞ്ഞാ​റൻ രാജ്യ​ങ്ങ​ളി​ലേക്കു കൊരി​ന്തു​കാർ പോയി​രു​ന്നതു ആ കരയി​ടു​ക്കി​ന്റെ മറുവ​ശ​ത്തു​ണ്ടാ​യി​രുന്ന ലഖായം തുറമു​ഖ​ത്തു​നി​ന്നാണ്‌. ആ പ്രദേ​ശത്തെ കെട്ടി​ട​ങ്ങ​ളു​ടെ​യും പുലി​മു​ട്ടു​ക​ളു​ടെ​യും (അതായത്‌, കടൽത്തി​ര​കളെ പ്രതി​രോ​ധി​ക്കാ​നാ​യി കടലി​ലേക്കു തള്ളിനിൽക്കുന്ന മതിലു​കൾ.) നാശാ​വ​ശി​ഷ്ടങ്ങൾ ഇന്നത്തെ കെഹ്‌റി​യെസ്‌ (കെക്രി​യൈസ്‌) ഗ്രാമ​ത്തി​ന​ടു​ത്തു​നിന്ന്‌ കണ്ടെത്തി​യി​ട്ടുണ്ട്‌. കെം​ക്രെ​യ​യിൽ ഒരു ക്രിസ്‌തീ​യ​സ​ഭ​യു​ണ്ടാ​യി​രു​ന്നെന്നു റോമ 16:1 സൂചി​പ്പി​ക്കു​ന്നു.

യഹോ​വ​യു​ടെ ഇഷ്ടം: “ഇഷ്ടം” എന്നതിന്റെ ഗ്രീക്കു​പദം (തെലീമ) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഇഷ്ടവു​മാ​യി ബന്ധപ്പെ​ടു​ത്തി​യാണ്‌. (മത്ത 7:21; 12:50; മർ 3:35; റോമ 12:2; 1കൊ 1:1; എബ്ര 10:36; 1പത്ര 2:15; 4:2; 1യോഹ 2:17) ദൈവ​ത്തി​ന്റെ ഇഷ്ടം, ദൈവ​ത്തി​ന്റെ സന്തോഷം എന്നൊക്കെ അർഥമുള്ള എബ്രായ പദപ്ര​യോ​ഗങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​ണു പലപ്പോ​ഴും സെപ്‌റ്റു​വ​ജി​ന്റി​ലും തെലീമ എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം കാണുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളാണ്‌ അവ. [സങ്ക 40:8, 9; (39:9, 10, LXX); 103:21 (102:21, LXX); 143:9-11 (142:9-11, LXX); യശ 44:24, 28; യിര 9:24 (9:23, LXX); മല 1:10] മത്ത 26:42-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന “അങ്ങയുടെ ഇഷ്ടം നടക്കട്ടെ” എന്ന യേശു​വി​ന്റെ വാക്കു​ക​ളിൽ കാണു​ന്ന​തും സമാന​മാ​യൊ​രു ആശയമാണ്‌. അതു പിതാ​വി​നോ​ടുള്ള പ്രാർഥ​ന​യാ​യി​രു​ന്നു​താ​നും.—അനു. സി കാണുക.

യഹോ​വ​യു​ടെ ഇഷ്ടമെ​ങ്കിൽ: എന്തെങ്കി​ലും ചെയ്യു​മ്പോ​ഴോ ചെയ്യാൻ പദ്ധതി​യി​ടു​മ്പോ​ഴോ ദൈവ​ത്തി​ന്റെ ഇഷ്ടംകൂ​ടെ കണക്കി​ലെ​ടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം എടുത്തു​കാ​ട്ടുന്ന പദപ്ര​യോ​ഗം. ഈ തത്ത്വം എപ്പോ​ഴും ഓർത്തി​രുന്ന ആളായി​രു​ന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌. (1കൊ 4:19; 16:7; എബ്ര 6:3) “യഹോ​വ​യ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ ഞങ്ങൾ ജീവി​ച്ചി​രുന്ന്‌ ഇന്നിന്നതു ചെയ്യും” എന്നു പറയാൻ ശിഷ്യ​നായ യാക്കോ​ബും പ്രോ​ത്സാ​ഹി​പ്പി​ച്ചു. (യാക്ക 4:15) ഒരിക്ക​ലും ഇത്തരം കാര്യങ്ങൾ വെറും​വാ​ക്കാ​യി പറയരുത്‌. “യഹോ​വ​യു​ടെ ഇഷ്ടമെ​ങ്കിൽ” എന്ന്‌ ഒരാൾ പറയു​ന്നത്‌ ആത്മാർഥ​മാ​യി​ട്ടാ​ണെ​ങ്കിൽ അയാൾ യഹോ​വ​യു​ടെ ഇഷ്ടമനു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യാ​നും ശ്രമി​ക്കണം. ഇത്‌ എപ്പോ​ഴും മറ്റുള്ളവർ കേൾക്കെ പറയണ​മെ​ന്നില്ല; മിക്ക​പ്പോ​ഴും ഇക്കാര്യം മനസ്സിൽ പറഞ്ഞാൽ മതിയാ​കും.—പ്രവൃ 21:14; 1കൊ 4:19; യാക്ക 4:15 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

ചെന്ന്‌: അക്ഷ. “കയറി​ച്ചെന്ന്‌.” ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ യരുശ​ലേ​മി​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലോസ്‌ ആ നഗരത്തി​ലേ​ക്കാ​ണു പോയത്‌. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 750 മീ. (2,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ യരുശ​ലേം. തിരു​വെ​ഴു​ത്തു​ക​ളു​ടെ മൂലപാ​ഠ​ത്തിൽ പലയി​ട​ത്തും ആരാധകർ “യരുശ​ലേ​മി​ലേക്കു കയറി​പ്പോ​യി” എന്നു പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. വാസ്‌ത​വ​ത്തിൽ യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര​യെ​ക്കു​റിച്ച്‌ പറയുന്ന ധാരാളം സ്ഥലങ്ങളിൽ ഗ്രീക്ക്‌ മൂലപാ​ഠം അനാ​ബൈ​നൊ (“കയറി​പ്പോ​കുക”) എന്ന ക്രിയ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്ത 20:17; മർ 10:32; ലൂക്ക 18:31; യോഹ 2:13; 5:1; 11:55; പ്രവൃ 21:12, 15; 24:11; 25:1; ഗല 2:1) ഇനി, ഈ വാക്യ​ത്തിൽ “പോയി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കറ്റാ​ബൈ​നൊ എന്ന ഗ്രീക്കു​ക്രിയ (അക്ഷ. “ഇറങ്ങി​പ്പോ​കുക.”) പലപ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ യരുശ​ലേ​മിൽനിന്ന്‌ പോകു​ന്ന​തി​നെ കുറി​ക്കാ​നാണ്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാ​ണു ലൂക്ക 10:30, 31.

അപ്പൊ​ല്ലോസ്‌: ഒരു ജൂത​ക്രി​സ്‌ത്യാ​നി​യാ​യി​രുന്ന ഇദ്ദേഹം അലക്‌സാൻഡ്രിയ നഗരത്തി​ലാ​യി​രി​ക്കാം വളർന്നത്‌. ഈജി​പ്‌ത്‌ എന്ന റോമൻ സംസ്ഥാ​ന​ത്തി​ന്റെ തലസ്ഥാ​ന​മാ​യി​രു​ന്നു അലക്‌സാൻഡ്രിയ. ഒരു ഉന്നതവി​ദ്യാ​ഭ്യാ​സ കേന്ദ്ര​മാ​യി​രുന്ന ഈ നഗരത്തി​ലെ വലിയ ഗ്രന്ഥശാല ലോക​പ്ര​ശ​സ്‌ത​മാ​യി​രു​ന്നു. റോമൻ സാമ്രാ​ജ്യ​ത്തിൽ റോം കഴിഞ്ഞാൽ ഏറ്റവും വലിയ നഗരമാ​യി​രു​ന്നു ഇത്‌. ധാരാളം ജൂതന്മാർ താമസി​ച്ചി​രുന്ന ഈ നഗരത്തെ ജൂതന്മാ​രും ഗ്രീക്കു​കാ​രും പ്രമുഖ സാംസ്‌കാ​രിക-വിദ്യാ​ഭ്യാ​സ കേന്ദ്ര​ങ്ങ​ളിൽ ഒന്നായി​ട്ടാ​ണു കണ്ടിരു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​പ​രി​ഭാ​ഷ​യായ സെപ്‌റ്റു​വ​ജിന്റ്‌ തയ്യാറാ​ക്കി​യത്‌ അവി​ടെ​വെ​ച്ചാണ്‌. അപ്പൊ​ല്ലോസ്‌ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ (അതായത്‌, ദൈവ​പ്ര​ചോ​ദി​ത​മായ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌) നല്ല അറിവുള്ള (അക്ഷ. “തിരു​വെ​ഴു​ത്തു​ക​ളിൽ ശക്തനായ.”) ആളായി​രു​ന്ന​തി​ന്റെ കാരണം ഇതായി​രി​ക്കാം.

മാർഗം: പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ കാണുന്ന ഒരു പദപ്ര​യോ​ഗം. ഒരു ക്രിസ്‌ത്യാ​നി​യാ​യുള്ള ജീവി​ത​ത്തെ​യും ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യെ​യും കുറി​ക്കാ​നാണ്‌ ഇത്‌ ഈ പുസ്‌ത​ക​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ പദപ്ര​യോ​ഗം വന്നിരി​ക്കു​ന്നത്‌, “ഞാൻത​ന്നെ​യാ​ണു വഴി (അഥവാ “മാർഗം”)” എന്ന യോഹ 14:6-ലെ യേശു​വി​ന്റെ വാക്കു​ക​ളിൽനി​ന്നാ​യി​രി​ക്കാം. യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യവർ യേശു​വി​ന്റേ​തു​പോ​ലുള്ള ഒരു ജീവി​ത​രീ​തി പിന്തു​ടർന്ന​തു​കൊ​ണ്ടാണ്‌ അവരെ ‘മാർഗ​ക്കാർ’ എന്നു വിളി​ച്ചത്‌. (പ്രവൃ 19:9) യേശു​വി​ന്റെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം ഏകസത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​ക​ളാ​കട്ടെ അതോ​ടൊ​പ്പം യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​നും ജീവി​ത​ത്തിൽ പ്രധാ​ന​സ്ഥാ​നം നൽകുന്നു. ഏതാണ്ട്‌ എ.ഡി. 44-നു ശേഷം സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ ‘ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.’ (പ്രവൃ 11:26) എന്നാൽ ആ പേര്‌ ലഭിച്ചു​ക​ഴി​ഞ്ഞും ലൂക്കോസ്‌ ക്രിസ്‌തീ​യ​സ​ഭയെ ‘ഈ മാർഗം’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.—പ്രവൃ 19:23; 22:4; 24:22; പ്രവൃ 18:25; 19:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) യേശു​വി​നു വഴി ഒരുക്കാ​നാ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ ചെയ്‌ത കാര്യ​ങ്ങ​ളു​മാ​യി മത്തായി ഈ പ്രവച​നത്തെ ബന്ധിപ്പി​ക്കു​ന്നു. ഈ പ്രവചനം തനിക്കു​തന്നെ ബാധക​മാ​കു​ന്ന​താ​യി സ്‌നാ​പ​ക​യോ​ഹ​ന്നാൻ യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പറയു​ന്നുണ്ട്‌.​—യോഹ 1:23.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) യേശുവിനു വഴി ഒരുക്കാനായി “യോഹന്നാൻ സ്‌നാപകൻ” (മർ 1:4) ചെയ്‌ത കാര്യങ്ങളുമായി മർക്കോസ്‌ ഈ പ്രവചനത്തെ ബന്ധിപ്പിക്കുന്നു.​—മത്ത 3:3-ന്റെ പഠനക്കുറിപ്പു കാണുക.

യഹോവ: യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌ ഇത്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) ആ പ്രവചനം യോഹ​ന്നാൻ സ്‌നാ​പ​ക​നിൽ നിറ​വേ​റു​ന്ന​താ​യി ലൂക്കോസ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നു. പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്ന അർഥത്തി​ലാണ്‌ അദ്ദേഹം യഹോ​വ​യ്‌ക്കു വഴി ഒരുക്കും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. (യോഹ 5:43; 8:29) ഈ പ്രവചനം തന്നിൽ നിറ​വേ​റി​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ പറയു​ന്ന​താ​യി യോഹന്നാന്റെ സുവി​ശേ​ഷ​ത്തിൽ കാണാം.​—യോഹ 1:23.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 40:3-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. എ5-ഉം സി-യും കാണുക.) യശയ്യയു​ടെ ഈ പ്രവചനം സ്‌നാ​പ​ക​യോ​ഹ​ന്നാ​നിൽ നിറ​വേ​റു​ന്ന​താ​യി സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രായ മത്തായി​യും മർക്കോ​സും ലൂക്കോ​സും പറഞ്ഞി​ട്ടുണ്ട്‌. ഈ പ്രവചനം തന്നിൽ നിറ​വേ​റി​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ പറയു​ന്ന​താ​യി യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലും കാണാം. ഇനി സ്‌നാ​പ​ക​യോ​ഹ​ന്നാൻ യഹോ​വ​യു​ടെ വഴി നേരെ​യാ​ക്കും എന്ന്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തോ? പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും അദ്ദേഹം എന്ന അർഥത്തി​ലാണ്‌ അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌.​—യോഹ 5:43; 8:29.

മാർഗം: പ്രവൃ 9:2-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, ‘മാർഗം’ എന്നത്‌ ആദ്യകാല ക്രിസ്‌തീ​യ​സ​ഭയെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. യഥാർഥ ക്രിസ്‌ത്യാ​നി​ത്വ​മെ​ന്നത്‌, ഔപചാ​രി​ക​മായ കുറെ ആരാധ​നാ​രീ​തി​ക​ളോ പുറമേ കാണുന്ന എന്തെങ്കി​ലും കാര്യ​ങ്ങ​ളോ അല്ല. പകരം അത്‌ ഒരു ജീവി​ത​രീ​തി​യാണ്‌—ദൈവ​ത്തി​ന്റെ ആരാധ​ന​യു​മാ​യി ഇഴുകി​ച്ചേർന്നി​രി​ക്കുന്ന, ദൈവാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ടുന്ന ഒരു ജീവിതം. (യോഹ 4:23, 24) സുറി​യാ​നി പ്‌ശീ​ത്താ​യിൽ ഇവിടെ കാണു​ന്നതു “ദൈവ​ത്തി​ന്റെ മാർഗം” എന്നാണ്‌. ക്ലെമന്റ്‌ പരിഷ്‌ക​രിച്ച ലാറ്റിൻ വൾഗേ​റ്റിൽ “കർത്താ​വി​ന്റെ മാർഗം” എന്നും കാണുന്നു. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷ​ക​ളിൽ (അനു. സി4-ൽ J17, 18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. “യഹോ​വ​യു​ടെ മാർഗം” എന്നാണ്‌ അവയിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

ദൈവാത്മാവ്‌ യേശുവിനെ . . . പോകാൻ പ്രേരിപ്പിച്ചു: അഥവാ “ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി യേശുവിനെ . . . പോകാൻ പ്രചോദിപ്പിച്ചു.” ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദം ദൈവാത്മാവിനെ കുറിക്കുന്നു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ കാര്യങ്ങൾ ചെയ്യുന്നതിന്‌ ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്‌.​—ലൂക്ക 4:1; പദാവലിയിൽ “ആത്മാവ്‌” കാണുക.

യഹോ​വ​യു​ടെ മാർഗം: ഈ പദപ്ര​യോ​ഗ​ത്തോ​ടു സമാനാർഥ​മുള്ള ‘ദൈവ​ത്തി​ന്റെ മാർഗം’ എന്നൊരു പദപ്ര​യോ​ഗം അടുത്ത വാക്യ​ത്തിൽ കാണാം. ക്രിസ്‌തീ​യ​മാർഗം എന്നത്‌ ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ ആരാധ​ന​യെ​യും ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തെ​യും കേന്ദ്രീ​ക​രി​ച്ചുള്ള ഒരു ജീവി​ത​മാണ്‌. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം ക്രിസ്‌തീ​യ​ജീ​വി​തത്തെ “മാർഗം” എന്നു മാത്ര​വും വിളി​ച്ചി​ട്ടുണ്ട്‌. (പ്രവൃ 19:9, 23; 22:4; 24:22; പ്രവൃ 9:2-ന്റെ പഠനക്കു​റി​പ്പു കാണുക.) “യഹോ​വ​യു​ടെ മാർഗം” എന്ന പദപ്ര​യോ​ഗം സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളിൽ നാലു പ്രാവ​ശ്യം കാണുന്നു. അവി​ടെ​യെ​ല്ലാം അത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യു​ടെ ഭാഗമാണ്‌. (മത്ത 3:3; മർ 1:3; ലൂക്ക 3:4; യോഹ 1:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യശ 40:3-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം (ചതുര​ക്ഷരി) കാണാം. “യഹോ​വ​യു​ടെ വഴി (അഥവാ “മാർഗം”)” എന്ന പദപ്ര​യോ​ഗം ന്യായ 2:22; യിര 5:4, 5 എന്നിവി​ട​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—പ്രവൃ 19:23-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

പരിശീ​ലനം ലഭിക്കുക: ഇവിടെ കാണുന്ന കറ്റേഖീ​യൊ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അക്ഷരാർഥം “പറഞ്ഞു​പ​തി​പ്പി​ക്കുക” എന്നാണ്‌. കാര്യങ്ങൾ വാമൊ​ഴി​യാ​യി പഠിപ്പി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടേ​ക്കാം. ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ ആവർത്തി​ച്ചു​പ​റഞ്ഞ്‌ ഒരു വിദ്യാർഥി​യു​ടെ മനസ്സി​ലും ഹൃദയ​ത്തി​ലും പതിപ്പി​ച്ചാൽ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ അദ്ദേഹ​വും പ്രാപ്‌ത​നാ​കും.—ഇതേ ഗ്രീക്കു​പദം രണ്ടു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗല 6:6 താരത​മ്യം ചെയ്യുക.

ദൈവാ​ത്മാ​വിൽ ജ്വലിച്ച്‌: അക്ഷ. “തിളയ്‌ക്കുന്ന ആത്മാ​വോ​ടെ.” ‘ജ്വലി​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “തിളയ്‌ക്കുക” എന്നാ​ണെ​ങ്കി​ലും ഇവിടെ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു തീക്ഷ്‌ണ​ത​യും ഉത്സാഹ​വും നിറഞ്ഞു​ക​വി​യുക അഥവാ പ്രസരി​ക്കുക എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌. എന്നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ “ആത്മാവ്‌” എന്നതിന്റെ ഗ്രീക്കു​പദം (ന്യൂമ) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണു കുറി​ക്കു​ന്നത്‌. യഹോ​വ​യു​ടെ ഇഷ്ടമനു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കാ​നുള്ള ശക്തി അതിനുണ്ട്‌. (മർ 1:12-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ ന്യൂമ എന്ന പദത്തിന്‌ ഒരാളു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കുന്ന പ്രേര​ക​ശ​ക്തി​യെ​യും കുറി​ക്കാ​നാ​കും. എന്തെങ്കി​ലും പറയാ​നോ പ്രവർത്തി​ക്കാ​നോ അയാളെ തോന്നി​പ്പി​ക്കുന്ന ഒരു ശക്തിയാണ്‌ അത്‌. ഈ വാക്യ​ത്തിൽ മേൽപ്പറഞ്ഞ രണ്ട്‌ ആശയവും അടങ്ങി​യി​രി​ക്കാം. ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പു​ള്ള​തു​കൊണ്ട്‌ ഒരാൾ ശരിയായ കാര്യങ്ങൾ ചെയ്യാൻ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും കാണി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കാം ഇവിടെ പറയു​ന്നത്‌. എന്നാൽ ഇവിടെ ഈ പദപ്ര​യോ​ഗം വലിയ ആവേശ​ത്തെ​യും ഉത്സാഹ​ത്തെ​യും സൂചി​പ്പി​ക്കുന്ന ഒരു ഭാഷാ​ശൈലി മാത്ര​മാ​ണെന്ന ഒരു അഭി​പ്രാ​യ​വു​മുണ്ട്‌. ഇവിടെ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അങ്ങനെ​യൊ​രു അർഥത്തി​ലു​മാ​കാം. കാരണം യേശു​വി​ന്റെ നാമത്തി​ലുള്ള സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ അപ്പൊ​ല്ലോസ്‌ അതേവരെ കേട്ടി​രു​ന്നി​ല്ല​ല്ലോ. വസ്‌തുത ഇതിൽ ഏതായാ​ലും, അപ്പൊ​ല്ലോസ്‌ ശരിയായ കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാണി​ക്കു​ക​യും കൂടുതൽ കൃത്യ​ത​യുള്ള ഉപദേ​ശങ്ങൾ സ്വീക​രി​ക്കാൻ മനസ്സു​കാ​ണി​ക്കു​ക​യും ചെയ്‌തത്‌ ദൈവാ​ത്മാ​വി​ന്റെ വഴിന​ട​ത്തിപ്പ്‌ ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടാ​ണെന്നു വ്യക്തം.—പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.

യോഹ​ന്നാ​ന്റെ സ്‌നാനം: യഹോവ മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിന്‌ എതിരാ​യി ചെയ്യുന്ന പാപങ്ങ​ളെ​ക്കു​റിച്ച്‌ ഒരാൾ പശ്ചാത്ത​പി​ക്കു​ന്നു എന്നതിന്റെ പരസ്യ​പ്ര​ക​ട​ന​മാ​യി​രു​ന്നു യോഹ​ന്നാ​ന്റെ സ്‌നാനം. വാസ്‌ത​വ​ത്തിൽ, ആ നിയമം അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു ജൂതന്മാർ സമ്മതി​ച്ചി​രു​ന്ന​താണ്‌. (പുറ 24:7, 8) എന്നാൽ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ നിയമ​യു​ട​മ്പടി അവസാ​നി​ച്ച​തോ​ടെ യോഹ​ന്നാ​ന്റെ സ്‌നാ​ന​ത്തി​നു പ്രസക്തി​യി​ല്ലാ​താ​യി. (റോമ 10:4; ഗല 3:13; എഫ 2:13-15; കൊലോ 2:13, 14) യേശു ശിഷ്യ​ന്മാ​രോ​ടു നിർദേ​ശിച്ച സ്‌നാ​ന​ത്തി​നു മാത്രമേ പിന്നീട്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. (മത്ത 28:19, 20) ഇവിടെ വിവരി​ച്ചി​രി​ക്കുന്ന, അപ്പൊ​ല്ലോസ്‌ ഉൾപ്പെട്ട സംഭവങ്ങൾ നടന്നത്‌ ഏതാണ്ട്‌ എ.ഡി. 52-ലാണ്‌.

ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ: അക്ഷ. “അനർഹ​ദ​യ​യാൽ.” മൂല ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ “ദൈവ​ത്തി​ന്റെ” എന്ന പദം കാണു​ന്നി​ല്ലെ​ങ്കി​ലും അതാണ്‌ ഇവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യക്തമാ​ണെന്നു പല പണ്ഡിത​ന്മാ​രും സമ്മതി​ക്കു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ “അനർഹദയ” എന്ന പദപ്ര​യോ​ഗം ഒട്ടുമിക്ക സന്ദർഭ​ങ്ങ​ളി​ലും ‘ദൈവ​വു​മാ​യി’ ബന്ധപ്പെ​ടു​ത്തി​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—പ്രവൃ 11:23; 13:43; 14:26; 20:24, 32.

ദൃശ്യാവിഷ്കാരം

ക്ലൗദ്യൊസ്‌ ചക്രവർത്തി
ക്ലൗദ്യൊസ്‌ ചക്രവർത്തി

റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊ​സി​ന്റെ പേര്‌ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ രണ്ടു പ്രാവ​ശ്യം കാണാം. (പ്രവൃ 11:28; 18:2) തന്റെ സഹോ​ദ​ര​പു​ത്ര​നായ കാലി​ഗു​ല​യ്‌ക്കു ശേഷം (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തി​യെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പരാമർശ​മൊ​ന്നു​മില്ല.) ക്ലൗദ്യൊസ്‌ റോമി​ലെ നാലാ​മത്തെ ചക്രവർത്തി​യാ​യി ഭരണം ഏറ്റെടു​ത്തു. എ.ഡി. 41 മുതൽ 54 വരെ അദ്ദേഹം റോമി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രു​ന്നു. എല്ലാ ജൂതന്മാ​രും റോം വിട്ടു​പോ​ക​ണ​മെന്ന്‌ എ.ഡി. 49-ലോ 50-ലോ ക്ലൗദ്യൊസ്‌ ഒരു കല്‌പന പുറ​പ്പെ​ടു​വി​ച്ചു. അതെത്തു​ടർന്നാണ്‌ അക്വി​ല​യും പ്രിസ്‌കി​ല്ല​യും അവി​ടെ​നിന്ന്‌ കൊരി​ന്തി​ലേക്കു പോയത്‌. അവി​ടെ​വെച്ച്‌ അവർ പൗലോസ്‌ അപ്പോ​സ്‌ത​ലനെ കണ്ടുമു​ട്ടി. എ.ഡി. 54-ൽ ക്ലൗദ്യൊ​സി​ന്റെ നാലാ​മത്തെ ഭാര്യ വിഷക്കൂ​ണു​കൾ നൽകി അദ്ദേഹത്തെ കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെന്നു പറയ​പ്പെ​ടു​ന്നു. തുടർന്ന്‌ ചക്രവർത്തി​യാ​യി നീറോ അധികാ​ര​ത്തിൽ വന്നു.

ഗല്ലിയോൻ ആലേഖനം
ഗല്ലിയോൻ ആലേഖനം

ഗ്രീസി​ലെ ഡെൽഫി​യിൽനിന്ന്‌ കണ്ടെടുത്ത ഒരു ആലേഖ​ന​മാണ്‌ ഇത്‌. ഏതാണ്ട്‌ എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ന്റെ മധ്യകാ​ല​ത്തേ​തെന്നു കരുത​പ്പെ​ടുന്ന ഈ ലിഖി​ത​ത്തിൽ നാടു​വാ​ഴി​യായ ഗല്ലി​യോ​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. (അദ്ദേഹ​ത്തി​ന്റെ പേര്‌ പ്രത്യേ​കം അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) കൊരി​ന്തി​ലെ ജൂതന്മാർ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ വിചാ​ര​ണ​യ്‌ക്കാ​യി കൊണ്ടു​പോ​യ​തി​നെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 18:12-ൽ ഗല്ലി​യോ​നെ “അഖായ​യു​ടെ നാടു​വാ​ഴി” എന്നു വിളി​ച്ചി​രി​ക്കു​ന്നതു കൃത്യ​മാ​ണെന്ന്‌ ഇതു തെളി​യി​ക്കു​ന്നു.

കൊരിന്തിലെ ന്യായാസനം
കൊരിന്തിലെ ന്യായാസനം

കൊരി​ന്തി​ലു​ണ്ടാ​യി​രുന്ന ‘ന്യായാ​സ​ന​ത്തി​ന്റെ’ അഥവാ പ്രസം​ഗ​വേ​ദി​യു​ടെ നാശാ​വ​ശി​ഷ്ട​ങ്ങ​ളാണ്‌ ഈ ഫോ​ട്ടോ​യിൽ കാണു​ന്നത്‌. പൊതു​ജ​ന​ത്തോ​ടു സംസാ​രി​ക്കാ​നാ​യി ഉപയോ​ഗി​ച്ചി​രുന്ന ഉയർത്തി​ക്കെ​ട്ടിയ, വലിയ ഒരു വേദി​യാ​യി​രു​ന്നു ഇത്‌. കൊരി​ന്തി​ലെ ന്യായാ​സനം, നഗരത്തി​ലെ ചന്തസ്ഥല​ത്തി​ന്റെ മധ്യഭാ​ഗ​ത്താ​യി​ട്ടാ​ണു സ്ഥിതി ചെയ്‌തി​രു​ന്നത്‌. ധാരാളം ആളുകൾ വന്നു​പോ​യി​രുന്ന വിശാ​ല​മായ ഒരു പൊതു​സ്ഥ​ല​മാ​യി​രു​ന്നു അത്‌. വിധി പ്രഖ്യാ​പി​ക്കാൻ മജിസ്‌​റ്റ്രേ​ട്ടു​മാർ ഈ വേദി ഉപയോ​ഗി​ച്ചി​രു​ന്നു. വെള്ളയും നീലയും നിറമുള്ള മാർബിൾകൊണ്ട്‌ ഉണ്ടാക്കിയ ന്യായാ​സ​ന​ത്തിൽ മനോ​ഹ​ര​മായ അലങ്കാ​ര​പ്പ​ണി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇനി, മജിസ്‌​റ്റ്രേ​ട്ടി​നെ കാണാൻവ​രുന്ന ആളുകൾക്കാ​യി വേദി​യോ​ടു ചേർത്ത്‌ കാത്തി​രി​പ്പു​മു​റി​കൾ പണിതി​രു​ന്നു. നാനാ​വർണ​ത്തി​ലുള്ള കല്ലുക​ളും മറ്റും പതിപ്പിച്ച തറയും ബെഞ്ചു​ക​ളും ഒക്കെയുള്ള മുറി​ക​ളാ​യി​രു​ന്നു അവ. ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തി​ലു​ണ്ടാ​യി​രുന്ന ന്യായാ​സ​ന​ത്തി​ന്റെ രൂപം ഒരു കലാകാ​രൻ ഭാവന​യിൽ കണ്ട്‌ വരച്ചതാണ്‌ ഈ ചിത്രം. ജൂതന്മാർ പൗലോ​സി​നെ നാടു​വാ​ഴി​യായ ഗല്ലി​യോ​ന്റെ മുന്നിൽ ഹാജരാ​ക്കാൻ കൊണ്ടു​വ​ന്നത്‌ ഇവി​ടേ​ക്കാ​യി​രി​ക്കാം.

കൈസര്യ
കൈസര്യ

1. റോമൻ പ്രദർശ​ന​ശാ​ല

2. കൊട്ടാ​രം

3. കുതി​ര​പ്പ​ന്ത​യ​ശാ​ല

4. ക്ഷേത്രം

5. തുറമു​ഖം

കൈസര്യ നഗരത്തി​ന്റെ നാശാ​വ​ശി​ഷ്ട​ങ്ങ​ളാണ്‌ ഈ വീഡി​യോ​യിൽ കാണു​ന്നത്‌. അന്നത്തെ ചില പ്രധാ​ന​കെ​ട്ടി​ട​ങ്ങ​ളു​ടെ ത്രിമാ​ന​രൂ​പം ഇതിൽ പുനഃ​സൃ​ഷ്ടി​ച്ചി​ട്ടു​മുണ്ട്‌. അവയുടെ ഏകദേ​ശ​രൂ​പം എങ്ങനെ​യാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാൻ അതു സഹായി​ക്കും. ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ മഹാനായ ഹെരോ​ദാ​ണു കൈസര്യ നഗരവും അവിടത്തെ തുറമു​ഖ​വും പണിതത്‌. അഗസ്റ്റസ്‌ സീസറി​ന്റെ ബഹുമാ​നാർഥം ഹെരോദ്‌ അതിനു കൈസര്യ എന്ന പേര്‌ നൽകു​ക​യാ​യി​രു​ന്നു. യരുശ​ലേ​മിന്‌ ഏതാണ്ട്‌ 87 കി.മീ. വടക്കു​പ​ടി​ഞ്ഞാ​റാ​യി, മെഡി​റ്റ​റേ​നി​യൻ തീരത്ത്‌ സ്ഥിതി ചെയ്‌തി​രുന്ന ഈ നഗരം അന്നത്തെ സമു​ദ്ര​ഗ​താ​ഗതം നിയ​ന്ത്രി​ച്ചി​രുന്ന ഒരു പ്രധാ​ന​കേ​ന്ദ്ര​മാ​യി മാറി. ആ നഗരത്തിൽ ഒരു റോമൻ പ്രദർശ​ന​ശാ​ല​യും (1) കടലി​ലേക്ക്‌ ഇറക്കി​പ്പ​ണിത ഒരു കൊട്ടാ​ര​വും (2) 30,000-ത്തോളം കാണി​കൾക്ക്‌ ഇരിക്കാ​വുന്ന, കുതി​ര​പ്പ​ന്തയം നടക്കുന്ന ഒരു സ്റ്റേഡി​യ​വും (3) ഒരു ക്ഷേത്ര​വും (4) ആരെയും അതിശ​യി​പ്പി​ക്കുന്ന നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​മുള്ള മനുഷ്യ​നിർമി​ത​മായ ഒരു തുറമു​ഖ​വും (5) ഉണ്ടായി​രു​ന്നു. നഗരത്തി​ലേക്കു ശുദ്ധജലം എത്തിക്കാ​നുള്ള ഒരു നീർപ്പാ​ത്തി​യും നഗരത്തി​ലെ മലിന​ജലം പുറന്ത​ള്ളാ​നുള്ള ഒരു ഭൂഗർഭ​സം​വി​ധാ​ന​വും കൈസ​ര്യ​ക്കു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ അപ്പോ​സ്‌ത​ല​നും മറ്റു ക്രിസ്‌ത്യാ​നി​ക​ളും കപ്പൽമാർഗം കൈസ​ര്യ​യിൽ വന്നു​പോ​യി​രു​ന്ന​താ​യി രേഖയുണ്ട്‌. (പ്രവൃ 9:30; 18:21, 22; 21:7, 8, 16) പൗലോസ്‌ കൈസര്യ നഗരത്തിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞി​ട്ടു​മുണ്ട്‌. (പ്രവൃ 24:27) ഇനി, സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​ന്റെ ഒടുവിൽ കൈസ​ര്യ​യിൽ എത്തിയ​താ​യും നമ്മൾ വായി​ക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അദ്ദേഹം അവിടെ സ്ഥിരതാ​മ​സ​മാ​ക്കി. (പ്രവൃ 8:40; 21:8) പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാത്ത ജനതക​ളിൽനിന്ന്‌ ആദ്യം ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന കൊർന്നേ​ല്യൊസ്‌ ഈ നഗരത്തി​ലാ​യി​രു​ന്നു താമസം. (പ്രവൃ 10:1, 24, 34, 35, 45-48) ഇനി, ലൂക്കോസ്‌ തന്റെ സുവി​ശേഷം എഴുതി​യ​തും കൈസ​ര്യ​യിൽവെ​ച്ചാ​യി​രി​ക്കാം.

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ മൂന്നാം മിഷനറിയാത്ര (പ്രവൃ 18:23–21:17) ഏ. എ.ഡി. 52-56
അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ മൂന്നാം മിഷനറിയാത്ര (പ്രവൃ 18:23–21:17) ഏ. എ.ഡി. 52-56

സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

1. സിറി​യ​യി​ലെ അന്തോ​ക്യ​യിൽനിന്ന്‌ പൗലോസ്‌ ഗലാത്യ​യി​ലും ഫ്രുഗ്യ​യി​ലും ചെന്ന്‌ അവിടത്തെ സഭകളി​ലുള്ള ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തു​ന്നു (പ്രവൃ 18:23)

2. പൗലോസ്‌ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്‌ത്‌ എഫെ​സൊ​സിൽ എത്തുന്നു; അവിടെ ചിലരെ വീണ്ടും സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു, അവർക്കു പരിശു​ദ്ധാ​ത്മാവ്‌ കിട്ടുന്നു (പ്രവൃ 19:1, 5-7)

3. പൗലോസ്‌ എഫെ​സൊ​സി​ലെ സിന​ഗോ​ഗിൽ ചെന്ന്‌ പ്രസം​ഗി​ക്കു​ന്നു, എന്നാൽ ചില ജൂതന്മാർ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല; പൗലോസ്‌ തുറ​ന്നൊ​സി​ന്റെ സ്‌കൂ​ളി​ലെ ഹാളിൽ ചെന്ന്‌ ദിവസ​വും പ്രസം​ഗി​ക്കു​ന്നു (പ്രവൃ 19:8, 9)

4. പൗലോസ്‌ എഫെ​സൊ​സിൽ നടത്തിയ ശുശ്രൂ​ഷ​യ്‌ക്കു പ്രയോ​ജ​ന​മു​ണ്ടാ​കു​ന്നു (പ്രവൃ 19:18-20)

5. എഫെ​സൊ​സി​ലെ പ്രദർശ​ന​ശാ​ല​യിൽ വലിയ ലഹളയു​ണ്ടാ​കു​ന്നു (പ്രവൃ 19:29-34)

6. പൗലോസ്‌ എഫെ​സൊ​സിൽനിന്ന്‌ മാസി​ഡോ​ണി​യ​യി​ലേ​ക്കും അവി​ടെ​നിന്ന്‌ ഗ്രീസി​ലേ​ക്കും പോകു​ന്നു (പ്രവൃ 20:1, 2)

7. ഗ്രീസിൽ മൂന്നു മാസം താമസി​ച്ചിട്ട്‌ പൗലോസ്‌ മാസി​ഡോ​ണിയ വഴി മടങ്ങി​പ്പോ​കു​ന്നു (പ്രവൃ 20:3)

8. ഫിലി​പ്പി​യിൽനിന്ന്‌ പൗലോസ്‌ ത്രോ​വാ​സി​ലേക്കു പോകു​ന്നു; അവി​ടെ​വെച്ച്‌ യൂത്തി​ക്കൊ​സി​നെ ഉയിർപ്പി​ക്കു​ന്നു (പ്രവൃ 20:5-11)

9. പൗലോ​സി​ന്റെ കൂട്ടാ​ളി​കൾ കപ്പലിൽ അസ്സൊ​സിൽ എത്തുന്നു, എന്നാൽ പൗലോസ്‌ കരമാർഗം വന്ന്‌ അവി​ടെ​വെച്ച്‌ അവരു​മാ​യി കൂടി​ക്കാ​ണു​ന്നു (പ്രവൃ 20:13, 14)

10. പൗലോ​സും കൂട്ടാ​ളി​ക​ളും കപ്പലിൽ മിലേ​ത്തൊ​സിൽ എത്തുന്നു; അവി​ടെ​വെച്ച്‌ പൗലോസ്‌ എഫെ​സൊ​സിൽനി​ന്നുള്ള മൂപ്പന്മാ​രു​മാ​യി കൂടി​ക്കാ​ണു​ന്നു, അവർക്കു കുറെ ഉപദേ​ശങ്ങൾ കൊടു​ക്കു​ന്നു (പ്രവൃ 20:14-20)

11. പൗലോസ്‌ ആ മൂപ്പന്മാ​രോ​ടൊ​പ്പം പ്രാർഥി​ക്കു​ന്നു; അവർ ഇനി ഒരിക്ക​ലും തന്നെ കാണി​ല്ലെന്നു പറയുന്നു; മൂപ്പന്മാർ പൗലോ​സി​ന്റെ​കൂ​ടെ കപ്പലിന്റെ അടുത്തു​വരെ ചെല്ലുന്നു (പ്രവൃ 20:36-38)

12. മിലേ​ത്തൊ​സിൽനിന്ന്‌ പൗലോ​സും കൂട്ടാ​ളി​ക​ളും കപ്പലിൽ കോസി​ലേ​ക്കും അവി​ടെ​നിന്ന്‌ രൊ​ദൊസ്‌, പത്തര എന്നിവി​ട​ങ്ങ​ളി​ലേ​ക്കും പോകു​ന്നു; പത്തരയിൽനിന്ന്‌ സിറി​യ​യി​ലേ​ക്കുള്ള കപ്പലിൽ കയറുന്നു; കപ്പൽ സൈ​പ്ര​സി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റെ അറ്റത്തോ​ടു ചേർന്ന്‌ യാത്ര ചെയ്‌ത്‌ സോരിൽ എത്തുന്നു (പ്രവൃ 21:1-3)

13. യരുശ​ലേ​മി​ലേക്കു പോക​രു​തെന്നു സോരി​ലെ ശിഷ്യ​ന്മാർ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രേര​ണ​യാൽ പൗലോ​സിന്‌ ആവർത്തിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു (പ്രവൃ 21:4, 5)

14. പൗലോസ്‌ കൈസ​ര്യ​യിൽ എത്തുന്നു; യരുശ​ലേ​മിൽ ചെല്ലു​മ്പോൾ ഉപദ്രവം നേരി​ടേ​ണ്ടി​വ​രു​മെന്ന്‌ അഗബൊസ്‌ പ്രവാ​ചകൻ പൗലോ​സി​നോ​ടു പറയുന്നു (പ്രവൃ 21:8-11)

15. പ്രശ്‌ന​മു​ണ്ടാ​കു​മെന്ന്‌ അറിഞ്ഞി​ട്ടും പൗലോസ്‌ യരുശ​ലേ​മിൽ എത്തുന്നു (പ്രവൃ 21:12-15, 17)