ദാനി​യേൽ 9:1-27

9  അഹശ്വേ​ര​ശി​ന്റെ മകനായ ദാര്യാ​വേ​ശി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം വർഷം+—മേദ്യ​വം​ശ​ജ​നായ അദ്ദേഹ​ത്തെ​യാ​ണു കൽദയ​രു​ടെ രാജ്യ​ത്തി​ന്റെ രാജാ​വാ​ക്കി​യത്‌.+  അതെ, അദ്ദേഹ​ത്തി​ന്റെ ഭരണത്തി​ന്റെ ഒന്നാം വർഷം ദാനി​യേൽ എന്ന ഞാൻ, യരുശ​ലേം എത്ര വർഷം വിജനമായിക്കിടക്കുമെന്നു+ ഗ്രന്ഥങ്ങളിൽനിന്ന്‌* മനസ്സി​ലാ​ക്കി​യെ​ടു​ത്തു. യിരെമ്യ പ്രവാ​ച​ക​നോ​ടുള്ള യഹോ​വ​യു​ടെ വചനത്തിൽ സൂചി​പ്പി​ച്ചി​രുന്ന ആ കാലഘട്ടം 70 വർഷമാ​യി​രി​ക്കു​മെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു.+  അതുകൊണ്ട്‌, ഞാൻ സത്യ​ദൈ​വ​മായ യഹോ​വ​യി​ലേക്ക്‌ എന്റെ മുഖം തിരിച്ചു; വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തി​ലി​രുന്ന്‌ ഉപവസിച്ച+ ഞാൻ പ്രാർഥ​ന​യിൽ ദൈവ​ത്തോ​ടു കെഞ്ചി​യ​പേ​ക്ഷി​ച്ചു.  എന്റെ ദൈവ​മായ യഹോ​വ​യോ​ടു കുറ്റങ്ങൾ ഏറ്റുപ​റഞ്ഞ്‌ ഞാൻ ഇങ്ങനെ പ്രാർഥി​ച്ചു: “സത്യ​ദൈ​വ​മായ യഹോവേ, അങ്ങയെ സ്‌നേ​ഹിച്ച്‌ അങ്ങയുടെ കല്‌പ​നകൾ അനുസരിക്കുന്നവരോട്‌+ അചഞ്ചലസ്‌നേഹം+ കാണി​ക്കു​ക​യും ഉടമ്പടി പാലി​ക്കു​ക​യും ചെയ്യുന്ന, ഭയാദ​രവ്‌ ഉണർത്തുന്ന, മഹാനായ ദൈവമേ,  ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു; ഞങ്ങൾ തെറ്റു ചെയ്‌തു, മഹാപാ​തകം പ്രവർത്തി​ച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരി​ച്ച്‌ അങ്ങയുടെ കല്‌പ​ന​ക​ളും വിധി​ക​ളും വിട്ടു​മാ​റി​യി​രി​ക്കു​ന്നു.  അങ്ങയുടെ നാമത്തിൽ ഞങ്ങളുടെ രാജാ​ക്ക​ന്മാ​രോ​ടും പ്രഭു​ക്ക​ന്മാ​രോ​ടും പൂർവി​ക​രോ​ടും ദേശത്തെ സർവജ​ന​ങ്ങ​ളോ​ടും സംസാ​രിച്ച അങ്ങയുടെ ദാസരായ പ്രവാ​ച​ക​ന്മാർക്കു ഞങ്ങൾ ശ്രദ്ധ കൊടു​ത്തില്ല.+  യഹോവേ, നീതി അങ്ങയു​ടേത്‌. ഞങ്ങൾക്കു​ള്ള​തോ, ഇന്നു കാണു​ന്ന​തു​പോ​ലെ നാണ​ക്കേ​ടും. അതെ, അങ്ങയോ​ട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ അടുത്തും അകലെ​യും ഉള്ള പല ദേശങ്ങ​ളി​ലേക്ക്‌ അങ്ങ്‌ ചിതറി​ച്ചു​കളഞ്ഞ ഇസ്രാ​യേൽ മുഴു​വ​നും യരുശ​ലേം​നി​വാ​സി​ക​ളും യഹൂദാ​പു​രു​ഷ​ന്മാ​രും ലജ്ജിത​രാ​യി​രി​ക്കു​ന്നു.+  “യഹോവേ, ഞങ്ങൾ ലജ്ജിത​രാ​കേ​ണ്ട​വർത​ന്നെ​യാണ്‌; ഞങ്ങളുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും പൂർവി​ക​രും നാണം​കെ​ടണം. കാരണം, ഞങ്ങൾ അങ്ങയ്‌ക്കെ​തി​രെ പാപം ചെയ്‌ത​ല്ലോ.  ഞങ്ങളുടെ ദൈവ​മായ യഹോവ കരുണ​യുള്ള​വനും ക്ഷമി​ക്കുന്ന​വനും ആണ്‌.+ ഞങ്ങൾ പക്ഷേ ദൈവത്തെ ധിക്കരി​ച്ചു.+ 10  തന്റെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ ദൈവം ഞങ്ങളുടെ മുന്നിൽ വെച്ച നിയമങ്ങൾ ഞങ്ങൾ അനുസ​രി​ച്ചില്ല. അങ്ങനെ, ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ച്ചില്ല.+ 11  ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച്‌ അങ്ങയുടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ വഴി​തെ​റ്റി​പ്പോ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌, സത്യ​ദൈ​വ​ത്തി​ന്റെ ദാസനായ മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപവും അതിൽ ആണയിട്ട്‌ പറഞ്ഞ കാര്യ​വും അങ്ങ്‌ ഞങ്ങളുടെ മേൽ ചൊരി​ഞ്ഞു;+ ഞങ്ങൾ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്‌ത​ല്ലോ. 12  ദൈവം ഞങ്ങളുടെ മേൽ മഹാവി​പത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെ​തി​രെ​യും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞ​തെ​ല്ലാം ദൈവം നിറ​വേറ്റി.+ യരുശ​ലേ​മിൽ സംഭവി​ച്ച​തു​പോ​ലെ ആകാശ​ത്തിൻകീ​ഴെ​ങ്ങും ഒരിക്ക​ലും സംഭവി​ച്ചി​ട്ടില്ല.+ 13  മോശയുടെ നിയമ​ത്തിൽ എഴുതി​യി​ട്ടു​ള്ള​തു​പോ​ലെ ഈ വിപത്തു​ക​ളെ​ല്ലാം ഞങ്ങളുടെ മേൽ വന്നു.+ എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യോ​ടു പ്രീതി​ക്കാ​യി യാചി​ച്ചില്ല; അതെ, ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ വിട്ടകലുകയോ+ ദിവ്യസത്യത്തെപ്പറ്റി* ഉൾക്കാ​ഴ്‌ച​യു​ള്ള​വ​രെന്നു തെളി​യി​ക്കു​ക​യോ ചെയ്‌തില്ല. 14  “അതു​കൊണ്ട്‌ അതൊക്കെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന യഹോവ ഒടുവിൽ ഞങ്ങളുടെ മേൽ വിപത്തു വരുത്തി. ഞങ്ങളുടെ ദൈവ​മായ യഹോവ താൻ ചെയ്‌തി​ട്ടുള്ള ഏതു കാര്യ​ത്തി​ലും നീതി​മാ​നാ​ണ​ല്ലോ. എന്നിട്ടും ഞങ്ങൾ ദൈവ​ത്തി​ന്റെ വാക്കു കേട്ടനു​സ​രി​ച്ചില്ല.+ 15  “ബലമുള്ള കൈ​കൊണ്ട്‌ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ തന്റെ ജനത്തെ വിടു​വിച്ച്‌ കൊണ്ടുവന്ന്‌+ തനിക്കു​വേണ്ടി ഇന്നും നിലനിൽക്കുന്ന ഒരു പേര്‌ നേടിയ ഞങ്ങളുടെ ദൈവ​മായ യഹോവേ,+ ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു; മഹാപാ​ത​ക​മാ​ണു ഞങ്ങൾ ചെയ്‌തത്‌. 16  യഹോവേ, അങ്ങയുടെ നീതി​യുള്ള സകല പ്രവൃ​ത്തി​കൾക്കും ചേർച്ച​യിൽ,+ അങ്ങയുടെ കോപ​വും ക്രോ​ധ​വും യരുശ​ലേം നഗരത്തെ, അങ്ങയുടെ വിശു​ദ്ധ​പർവ​തത്തെ, വിട്ടു​നീ​ങ്ങാൻ ദയവായി ഇടയാ​ക്കേ​ണമേ. കാരണം, ഞങ്ങളുടെ പാപങ്ങ​ളും ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റു​ക​ളും നിമിത്തം യരുശ​ലേ​മും അങ്ങയുടെ ജനവും ചുറ്റു​മുള്ള സകലർക്കും ഒരു നിന്ദാ​വി​ഷ​യ​മാണ്‌.+ 17  അതുകൊണ്ട്‌ ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെ പ്രാർഥ​ന​യും യാചന​ക​ളും ഇപ്പോൾ ശ്രദ്ധി​ക്കേ​ണമേ. യഹോവേ, നശിച്ചുകിടക്കുന്ന+ അങ്ങയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്മേൽ അങ്ങയെ കരുതി തിരു​മു​ഖം പ്രകാ​ശി​പ്പി​ക്കേ​ണമേ.+ 18  എന്റെ ദൈവമേ, ചെവി ചായിച്ച്‌ കേൾക്കേ​ണമേ! കണ്ണുകൾ തുറന്ന്‌ ഞങ്ങളുടെ നഗരം നശിച്ചു​കി​ട​ക്കു​ന്നതു കാണേ​ണമേ, അങ്ങയുടെ പേരിൽ അറിയ​പ്പെ​ടുന്ന നഗരത്തെ നോ​ക്കേ​ണമേ. ഞങ്ങൾ അങ്ങയോ​ടു യാചി​ക്കു​ന്നതു ഞങ്ങളുടെ നീതി​പ്ര​വൃ​ത്തി​ക​ളു​ടെ പേരിലല്ല, അങ്ങയുടെ മഹാക​രുണ നിമി​ത്ത​മാണ്‌.+ 19  യഹോവേ, കേൾക്കേ​ണമേ. യഹോവേ, ക്ഷമി​ക്കേ​ണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച്‌ ഞങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കേ​ണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരി​ലാ​ണ​ല്ലോ അറിയ​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌ എന്റെ ദൈവമേ, അങ്ങയെ കരുതി താമസി​ക്ക​രു​തേ!”+ 20  ഞാൻ ഇങ്ങനെ സംസാ​രി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും എന്റെയും എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ​യും പാപങ്ങൾ ഏറ്റുപ​റ​യു​ക​യും ദൈവ​ത്തി​ന്റെ വിശുദ്ധപർവതത്തോടു+ പ്രീതി കാണി​ക്ക​ണ​മെന്ന്‌ എന്റെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ അപേക്ഷി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. 21  അതെ, ഞാൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ, നേരത്തേ ഞാൻ ദർശന​ത്തിൽ കണ്ട+ ഗബ്രി​യേൽ എന്നയാൾ+ എന്റെ അടുത്ത്‌ വന്നു. ഞാൻ അപ്പോൾ ആകെ അവശനാ​യി​രു​ന്നു; വൈകു​ന്നേ​രത്തെ കാഴ്‌ച അർപ്പി​ക്കുന്ന സമയമാ​യി​രു​ന്നു അത്‌. 22  എനിക്കു ഗ്രഹി​ക്കാ​നുള്ള ശക്തി തന്നു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ദാനി​യേലേ, നിനക്ക്‌ ഉൾക്കാ​ഴ്‌ച​യും ഗ്രഹണ​ശ​ക്തി​യും തരാനാ​ണു ഞാൻ ഇപ്പോൾ വന്നത്‌. 23  നീ യാചി​ച്ചു​തു​ട​ങ്ങി​യ​പ്പോൾത്തന്നെ എനിക്ക്‌ ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയി​ക്കാ​നാ​ണു ഞാൻ വന്നത്‌. കാരണം, നീ വളരെ പ്രിയ​പ്പെ​ട്ട​വ​നാണ്‌.*+ അതു​കൊണ്ട്‌, ഞാൻ പറയു​ന്നതു ശ്രദ്ധിച്ച്‌ ദർശനം മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. 24  “ലംഘനം അവസാ​നി​പ്പി​ക്കാ​നും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാനും+ നിത്യ​നീ​തി കൊണ്ടുവരാനും+ ദിവ്യ​ദർശ​ന​വും പ്രവചനവും* മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ* അഭി​ഷേകം ചെയ്യാ​നും വേണ്ടി നിന്റെ ജനത്തി​നും നിന്റെ വിശു​ദ്ധ​ന​ഗ​ര​ത്തി​നും 70 ആഴ്‌ച* നിശ്ചയി​ച്ചി​രി​ക്കു​ന്നു.+ 25  യരുശലേം പുതു​ക്കി​പ്പ​ണിത്‌ പൂർവസ്ഥിതിയിലാക്കാൻ+ കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ നേതാവായ+ മിശിഹ* വരെ+ 7 ആഴ്‌ച​യു​ണ്ടാ​യി​രി​ക്കും, കൂടാതെ 62 ആഴ്‌ച​യും.+ നീ അത്‌ അറിയണം, അതു മനസ്സി​ലാ​ക്കണം. പൊതുസ്ഥലവും* കിടങ്ങും സഹിതം അവളെ പുതു​ക്കി​പ്പ​ണിത്‌ പൂർവ​സ്ഥി​തി​യി​ലാ​ക്കും. എന്നാൽ, കഷ്ടത നിറഞ്ഞ സമയത്താ​യി​രി​ക്കും അതു സംഭവി​ക്കുക. 26  “62 ആഴ്‌ച​യ്‌ക്കു ശേഷം മിശി​ഹയെ വധിക്കും;+ അവന്റേ​താ​യി ഒന്നും ശേഷി​ക്കില്ല.+ “ഒരു നേതാവ്‌ വരുന്നു. അവന്റെ ആൾക്കാർ നഗരവും വിശു​ദ്ധ​സ്ഥ​ല​വും നശിപ്പി​ക്കും.+ അതിന്റെ അവസാനം പ്രളയ​ത്താ​ലാ​യി​രി​ക്കും. അവസാ​നം​വരെ യുദ്ധമു​ണ്ടാ​കും. നാശമാ​ണ്‌ അതിനു നിശ്ചയി​ച്ചി​രി​ക്കു​ന്നത്‌.+ 27  “അവൻ അനേകർക്കു​വേണ്ടി ഒരു ആഴ്‌ച​ത്തേക്ക്‌ ഉടമ്പടി പ്രാബ​ല്യ​ത്തിൽ നിറു​ത്തും. ആഴ്‌ച പകുതി​യാ​കു​മ്പോൾ, ബലിയും കാഴ്‌ച​യും അർപ്പി​ക്കു​ന്നതു നിന്നു​പോ​കാൻ അവൻ ഇടയാ​ക്കും.+ “നാശം വിതയ്‌ക്കു​ന്നവൻ മ്ലേച്ഛവ​സ്‌തു​ക്ക​ളു​ടെ ചിറകി​ലേറി വരും.+ നശിച്ചു​കി​ട​ക്കു​ന്നതു സമ്പൂർണ​മാ​യി നശിക്കു​ന്ന​തു​വരെ, നിശ്ചയി​ച്ചു​വെ​ച്ചി​രി​ക്കു​ന്നത്‌ അതിന്മേൽ ചൊരി​യും.”

അടിക്കുറിപ്പുകള്‍

അതായത്‌, വിശു​ദ്ധ​ഗ്ര​ന്ഥങ്ങൾ.
അക്ഷ. “ഞങ്ങളെ വിധിച്ച ന്യായാ​ധി​പ​ന്മാർക്കെ​തി​രെ​യും.”
അഥവാ “ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ത​യെ​പ്പറ്റി.”
അഥവാ “വളരെ വില​പ്പെ​ട്ട​വ​നാ​ണ്‌; നിന്നെ​പ്പറ്റി വലിയ മതിപ്പാ​ണ്‌.”
അക്ഷ. “പ്രവാ​ച​ക​നെ​യും.”
അതായത്‌, വർഷങ്ങൾകൊ​ണ്ടുള്ള ആഴ്‌ചകൾ.
അഥവാ “അതിവി​ശു​ദ്ധത്തെ.”
അഥവാ “അഭിഷി​ക്തൻ.”
അഥവാ “പൊതു​ച​ത്വ​ര​വും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം