എസ്ഥേർ 1:1-22

1  ഇന്ത്യ മുതൽ എത്യോപ്യ* വരെയുള്ള 127 സംസ്ഥാനങ്ങൾ+ ഭരിച്ച അഹശ്വേരശിന്റെ* ഭരണകാ​ലത്ത്‌,  അദ്ദേഹം ശൂശൻ*+ കോട്ടയിലുള്ള* രാജാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ,  തന്റെ ഭരണത്തി​ന്റെ മൂന്നാം വർഷം എല്ലാ പ്രഭു​ക്ക​ന്മാർക്കും ഭൃത്യ​ന്മാർക്കും വേണ്ടി ഗംഭീ​ര​മായ ഒരു വിരുന്ന്‌ ഒരുക്കി. പേർഷ്യയിലെയും+ മേദ്യയിലെയും+ സൈനി​ക​രും പ്രധാ​നി​ക​ളും സംസ്ഥാ​നപ്ര​ഭു​ക്ക​ന്മാ​രും രാജാ​വി​ന്റെ സന്നിധി​യി​ലു​ണ്ടാ​യി​രു​ന്നു.  രാജാവ്‌ തന്റെ മഹത്ത്വ​മാർന്ന രാജ്യ​ത്തി​ന്റെ സമ്പത്തും മഹിമ​യു​ടെ പ്രതാ​പ​വും പ്രൗഢി​യും 180 ദിവസം അവരുടെ മുന്നിൽ പ്രദർശി​പ്പി​ച്ചു.  അതു കഴിഞ്ഞ്‌ രാജാവ്‌ ശൂശൻ കോട്ട​യി​ലു​ണ്ടാ​യി​രുന്ന മഹാന്മാർമു​തൽ താഴേ​ക്കി​ട​യി​ലു​ള്ള​വർവരെ എല്ലാവർക്കും​വേണ്ടി രാജാ​വി​ന്റെ കൊട്ടാരോ​ദ്യാ​ന​ത്തി​ലെ അങ്കണത്തിൽ ഏഴു ദിവസം നീണ്ട ഗംഭീ​ര​മായ ഒരു വിരുന്ന്‌ ഒരുക്കി.  അവിടെ ലിനനും നേർത്ത പരുത്തി​ത്തു​ണി​യും നീല നിറത്തി​ലുള്ള തുണി​യും കൊണ്ടുള്ള തിരശ്ശീല, അതു ബന്ധിക്കുന്ന മേത്തരം തുണികൊ​ണ്ടു​ണ്ടാ​ക്കിയ കയർ, വെള്ളി​വ​ള​യ​ത്തിൽ പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, മാർബിൾത്തൂ​ണു​കൾ എന്നിവ​യു​ണ്ടാ​യി​രു​ന്നു. കൂടാതെ, മാർബിൾ, മുത്ത്‌, വർണക്കല്ല്‌, കറുത്ത മാർബിൾ എന്നിവ പതിച്ച തളത്തിൽ സ്വർണ​വും വെള്ളി​യും കൊണ്ടുള്ള മഞ്ചങ്ങളും ഉണ്ടായി​രു​ന്നു.  വീഞ്ഞു വിളമ്പി​യതു പൊൻപാ​ന​പാത്ര​ങ്ങ​ളി​ലാണ്‌.* ഓരോ പാനപാത്ര​വും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. രാജാ​വി​ന്റെ നിലയ്‌ക്കു ചേരുന്ന വിധത്തിൽ ഇഷ്ടം​പോ​ലെ രാജകീ​യ​വീ​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു.  കുടിക്കുന്ന കാര്യ​ത്തിൽ പ്രത്യേ​കിച്ച്‌ വ്യവസ്ഥയൊ​ന്നും വെക്കരു​തെന്നു കല്‌പ​ന​യു​ണ്ടാ​യി​രു​ന്നു. ഓരോ​രു​ത്ത​രും അവരവ​രു​ടെ ഇഷ്ടമനു​സ​രിച്ച്‌ ചെയ്യട്ടെ എന്നു രാജാവ്‌ കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാരോ​ടു പറഞ്ഞ്‌ ഏർപ്പാ​ടാ​ക്കി.  വസ്ഥി രാജ്ഞിയും+ അഹശ്വേ​ര​ശി​ന്റെ രാജഭവനത്തിൽ* സ്‌ത്രീ​കൾക്കുവേണ്ടി ഒരു ഗംഭീ​ര​വി​രു​ന്നു നടത്തി. 10  ഏഴാം ദിവസം അഹശ്വേ​രശ്‌ രാജാവ്‌ വീഞ്ഞു കുടിച്ച്‌ ആനന്ദി​ച്ചി​രി​ക്കുമ്പോൾ രാജസ​ന്നി​ധി​യിൽ ശുശ്രൂഷ ചെയ്‌തി​രുന്ന കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാ​രായ മെഹൂ​മാൻ, ബിസ്ഥ, ഹർബോന,+ ബിഗ്‌ധ, അബഗ്‌ത, സേഥർ, കർക്കസ്‌ എന്നീ ഏഴു പേരോ​ട്‌ 11  രാജകീയശിരോവസ്‌ത്രം* ധരിപ്പി​ച്ച്‌ വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടു​വ​രാൻ രാജാവ്‌ കല്‌പി​ച്ചു; രാജ്ഞി അതിസു​ന്ദ​രി​യാ​യി​രു​ന്ന​തുകൊണ്ട്‌ ജനങ്ങ​ളെ​യും പ്രഭു​ക്ക​ന്മാരെ​യും രാജ്ഞി​യു​ടെ സൗന്ദര്യം കാണി​ക്കാൻ രാജാവ്‌ ആഗ്രഹി​ച്ചു. 12  പക്ഷേ എത്ര നിർബ​ന്ധി​ച്ചി​ട്ടും കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാർ മുഖേന അറിയിച്ച രാജക​ല്‌പ​ന​യ​നു​സ​രിച്ച്‌ അവിടെ ചെല്ലാൻ വസ്ഥി രാജ്ഞി കൂട്ടാ​ക്കി​യില്ല. അപ്പോൾ രാജാ​വി​നു നല്ല ദേഷ്യം വന്നു. രാജാ​വി​ന്റെ ഉള്ളിൽ രോഷം ആളിക്കത്തി. 13  അപ്പോൾ രാജാവ്‌ അവിടത്തെ കീഴ്‌വഴക്കങ്ങളെക്കുറിച്ച്‌* അറിവും ഗ്രാഹ്യ​വും ഉള്ള ജ്ഞാനി​കളോ​ടു സംസാ​രി​ച്ചു. (ഇത്തരത്തിൽ, നിയമ​ത്തി​ലും നീതി​ന്യാ​യ​വ്യ​വ​ഹാ​ര​ത്തി​ലും പാണ്ഡി​ത്യ​മുള്ള എല്ലാവ​രുടെ​യും മുന്നിൽ രാജാ​വി​ന്റെ കാര്യം അവതരി​പ്പി​ക്കുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു; 14  രാജ്യത്ത്‌ ഏറ്റവും ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചി​രു​ന്ന​വ​രും രാജസ​ന്നി​ധി​യിൽ ചെല്ലാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്ന​വ​രും ആയിരു​ന്നു കെർശന, ശേഥാർ, അദ്‌മാഥ, തർശീശ്‌, മേരെസ്‌, മർസെന, മെമൂ​ഖാൻ എന്നിവർ. പേർഷ്യ​യിലെ​യും മേദ്യ​യിലെ​യും ഈ ഏഴു പ്രഭുക്കന്മാരായിരുന്നു+ രാജാ​വിനോട്‌ ഏറ്റവും അടുപ്പ​മു​ള്ളവർ.) 15  രാജാവ്‌ അവരോ​ടു ചോദി​ച്ചു: “കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാർ മുഖേന അറിയിച്ച അഹശ്വേ​രശ്‌ രാജാ​വി​ന്റെ കല്‌പന അനുസ​രി​ക്കാത്ത വസ്ഥി രാജ്ഞിയെ നിയമ​മ​നു​സ​രിച്ച്‌ എന്തു ചെയ്യണം?” 16  അപ്പോൾ രാജാ​വിന്റെ​യും പ്രഭു​ക്ക​ന്മാ​രുടെ​യും സന്നിധി​യിൽ മെമൂ​ഖാൻ പറഞ്ഞു: “വസ്ഥി രാജ്ഞി തെറ്റു ചെയ്‌തിരിക്കുന്നത്‌+ രാജാ​വിനോ​ടു മാത്രമല്ല, രാജാ​വി​ന്റെ സംസ്ഥാ​ന​ങ്ങ​ളിലെ​ങ്ങു​മുള്ള എല്ലാ പ്രഭു​ക്ക​ന്മാരോ​ടും ജനങ്ങ​ളോ​ടും ആണ്‌. 17  കാരണം, രാജ്ഞി ചെയ്‌തത്‌ എല്ലാ ഭാര്യ​മാ​രും അറിയും; അപ്പോൾ അവരും അവരുടെ ഭർത്താ​ക്ക​ന്മാ​രെ നിന്ദി​ക്കു​ക​യും ‘അഹശ്വേ​രശ്‌ രാജാവ്‌ വസ്ഥി രാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടു​വ​രാൻ കല്‌പി​ച്ചിട്ട്‌ രാജ്ഞി ചെന്നി​ല്ല​ല്ലോ’ എന്നു പറയു​ക​യും ചെയ്യും. 18  രാജ്ഞി ചെയ്‌ത​തിനെ​ക്കു​റിച്ച്‌ അറിയുന്ന പേർഷ്യ​യിലെ​യും മേദ്യ​യിലെ​യും പ്രഭു​പ​ത്‌നി​മാർ ഇന്നുതന്നെ രാജാ​വി​ന്റെ എല്ലാ പ്രഭു​ക്ക​ന്മാരോ​ടും അതു​പോ​ലെ പറയും; അത്‌ ഏറെ നിന്ദയും ധാർമി​കരോ​ഷ​വും ഉളവാ​ക്കും. 19  ഉചിതമെന്നു രാജാ​വി​നു തോന്നുന്നെ​ങ്കിൽ, വസ്ഥി മേലാൽ അഹശ്വേ​രശ്‌ രാജാ​വി​ന്റെ സന്നിധി​യിൽ വരരു​തെന്നു തിരു​മ​നസ്സ്‌ ഒരു കല്‌പന പുറ​പ്പെ​ടു​വിച്ച്‌ പേർഷ്യ​യുടെ​യും മേദ്യ​യുടെ​യും മാറ്റം വരുത്താ​നാ​കാത്ത നിയമ​ങ്ങ​ളിൽ അത്‌ എഴുതി​ക്കട്ടെ;+ രാജാവ്‌ വസ്ഥിയു​ടെ രാജ്ഞീ​പദം വസ്ഥി​യെ​ക്കാൾ ഉത്തമയായ മറ്റൊരു സ്‌ത്രീ​ക്കു കൊടു​ക്കട്ടെ. 20  ഈ രാജക​ല്‌പന അങ്ങയുടെ വിസ്‌തൃ​ത​മായ സാമ്രാ​ജ്യ​ത്തിലെ​ങ്ങും കേൾക്കു​മ്പോൾ എല്ലാ ഭാര്യ​മാ​രും വലിയ​വ​രോ ചെറി​യ​വ​രോ എന്ന വ്യത്യാ​സം കൂടാതെ തങ്ങളുടെ ഭർത്താ​ക്ക​ന്മാ​രെ ബഹുമാ​നി​ക്കും.” 21  ഈ അഭി​പ്രാ​യം രാജാ​വി​നും പ്രഭു​ക്ക​ന്മാർക്കും ഇഷ്ടമായി; മെമൂ​ഖാൻ പറഞ്ഞതുപോ​ലെ രാജാവ്‌ ചെയ്‌തു. 22  അതനുസരിച്ച്‌, രാജാവ്‌ തന്റെ എല്ലാ രാജകീ​യ​സം​സ്ഥാ​ന​ങ്ങ​ളിലേ​ക്കും കത്ത്‌ അയച്ചു.+ ഓരോ സംസ്ഥാ​ന​ത്തി​നും അതതിന്റെ ലിപിയിലും* ഓരോ ജനത്തി​നും അതതിന്റെ ഭാഷയി​ലും ആണ്‌ കത്ത്‌ അയച്ചത്‌. എല്ലാ ഭർത്താ​ക്ക​ന്മാ​രും സ്വന്തം വീട്ടിൽ യജമാ​ന​നാ​യി​രി​ക്കു​ക​യും സ്വന്തം ജനത്തിന്റെ ഭാഷ സംസാ​രി​ക്കു​ക​യും വേണ​മെന്ന്‌ ആ കത്തിൽ എഴുതി​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “കൂശ്‌.”
മഹാനായ ദാര്യാ​വേ​ശി​ന്റെ (ദാരി​യൂ​സ്‌ ഹിസ്റ്റാ​സ്‌പി​സി​ന്റെ) മകനായ സെർക്‌സി​സ്‌ ഒന്നാമൻ എന്നു കരുത​പ്പെ​ടു​ന്നു.
അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തി​ലുള്ള.”
അഥവാ “പൊൻപാ​ത്ര​ങ്ങ​ളി​ലാ​ണ്‌; പൊൻച​ഷ​ക​ങ്ങ​ളി​ലാ​ണ്‌.”
അഥവാ “രാജ​കൊ​ട്ടാ​ര​ത്തിൽ.”
അഥവാ “രാജകീ​യ​ത​ല​പ്പാ​വ്‌.”
അഥവാ “നടപടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച്‌.” അക്ഷ. “സമയങ്ങ​ളെ​ക്കു​റി​ച്ച്‌.”
അഥവാ “എഴുത്തു​രീ​തി​യി​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം