ഉൽപത്തി 38:1-30

38  അക്കാലത്ത്‌ യഹൂദ തന്റെ സഹോ​ദ​ര​ന്മാ​രെ വിട്ടു​പി​രിഞ്ഞ്‌ ഹീര എന്ന ഒരു അദുല്ലാ​മ്യ​ന്റെ അടുത്ത്‌ കൂടാരം അടിച്ചു.  അവിടെ ശൂവ എന്നു പേരുള്ള ഒരു കനാന്യ​ന്റെ മകളെ കണ്ട്‌ യഹൂദ അവളെ വിവാഹം കഴിച്ചു.+ യഹൂദ അവളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു.  അങ്ങനെ അവൾ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. യഹൂദ അവന്‌ ഏർ+ എന്നു പേരിട്ടു.  അവൾ വീണ്ടും ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവന്‌ ഓനാൻ എന്നു പേരിട്ടു.  അവൾ പിന്നെ​യും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവനു ശേല എന്നു പേരിട്ടു. അവൾ അവനെ പ്രസവി​ക്കുമ്പോൾ യഹൂദ അക്കസീ​ബി​ലാ​യി​രു​ന്നു.+  കുറെ കാലത്തി​നു ശേഷം യഹൂദ മൂത്ത മകനായ ഏരിന്‌ ഒരു ഭാര്യയെ കണ്ടെത്തി. താമാർ+ എന്നായി​രു​ന്നു അവളുടെ പേര്‌.  യഹൂദയുടെ മൂത്ത മകനായ ഏരിനെ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്ന​തി​നാൽ യഹോവ ഏരിനെ കൊന്നു​ക​ളഞ്ഞു.  അപ്പോൾ യഹൂദ മകനായ ഓനാനോ​ടു പറഞ്ഞു: “നിന്റെ ചേട്ടന്റെ ഭാര്യയെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠി​ക്കുക. അവളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ട്‌ ചേട്ടനു​വേണ്ടി മക്കളെ ജനിപ്പി​ക്കുക.”+  എന്നാൽ ആ കുട്ടിയെ തന്റേതാ​യി കണക്കാ​ക്കില്ലെന്ന്‌ ഓനാന്‌ അറിയാ​മാ​യി​രു​ന്നു.+ അതു​കൊണ്ട്‌, സഹോ​ദ​രനു സന്തതി ഉണ്ടാകാ​തി​രി​ക്കാൻ സഹോ​ദ​രന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ട്ടപ്പോഴെ​ല്ലാം ഓനാൻ ബീജം നിലത്ത്‌ വീഴ്‌ത്തി​ക്ക​ളഞ്ഞു.+ 10  ഓനാൻ ചെയ്‌തത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാ​യില്ല. അതു​കൊണ്ട്‌ ദൈവം ഓനാനെ​യും കൊന്നു​ക​ളഞ്ഞു.+ 11  അപ്പോൾ മരുമ​ക​ളായ താമാ​റിനോട്‌ യഹൂദ, “എന്റെ മകൻ ശേല വളർന്നു​വ​ലു​താ​കു​ന്ന​തു​വരെ നീ നിന്റെ അപ്പന്റെ വീട്ടിൽ വിധവ​യാ​യി താമസി​ക്കുക” എന്നു പറഞ്ഞു. ‘അവനും അവന്റെ സഹോ​ദ​ര​ന്മാരെപ്പോ​ലെ മരിച്ചുപോയേ​ക്കാം’+ എന്ന്‌ യഹൂദ മനസ്സിൽ പറഞ്ഞു. അങ്ങനെ താമാർ ചെന്ന്‌ സ്വന്തം അപ്പന്റെ വീട്ടിൽ താമസി​ച്ചു. 12  കുറച്ച്‌ കാലത്തി​നു ശേഷം യഹൂദ​യു​ടെ ഭാര്യ—ശൂവയുടെ+ മകൾ—മരിച്ചു. വിലാ​പ​കാ​ലം പൂർത്തി​യാ​ക്കി​യശേഷം യഹൂദ അദുല്ലാമ്യനായ+ സുഹൃത്ത്‌ ഹീര​യോടൊ​പ്പം തിമ്‌നയിൽ+ തന്റെ ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്കു പോയി. 13  അപ്പോൾ, “നിന്റെ അമ്മായി​യപ്പൻ ഇതാ, ആടുക​ളു​ടെ രോമം കത്രി​ക്കാൻ തിമ്‌ന​യിലേക്കു പോകു​ന്നു” എന്നു താമാർ കേട്ടു. 14  ശേല വളർന്നു​വ​ലു​താ​യി​ട്ടും താമാ​റി​നെ ശേലയ്‌ക്കു ഭാര്യ​യാ​യി കൊടു​ത്തി​രു​ന്നില്ല.+ അതിനാൽ താമാർ വിധവ​മാർ ധരിക്കുന്ന വസ്‌ത്രം മാറ്റി ശിരോ​വ​സ്‌ത്രം ഇട്ട്‌ ഒരു പുതപ്പ്‌ പുതച്ച്‌ തിമ്‌ന​യ്‌ക്കുള്ള വഴിയ​രി​കിൽ, എനയീ​മി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇരുന്നു. 15  താമാർ മുഖം മറച്ചി​രു​ന്ന​തുകൊണ്ട്‌ യഹൂദ അവളെ തിരി​ച്ച​റി​ഞ്ഞില്ല. അതൊരു വേശ്യ​യാണെന്ന്‌ യഹൂദ കരുതി. 16  അതുകൊണ്ട്‌ യഹൂദ വഴിയ​രി​കിൽ, താമാ​റി​ന്റെ അടുത്ത്‌ ചെന്ന്‌, “ഞാൻ നിന്നോ​ടു​കൂ​ടെ കിടക്കട്ടേ” എന്നു ചോദി​ച്ചു. അതു മരുമകളാണെന്ന+ കാര്യം യഹൂദ​യ്‌ക്കു മനസ്സി​ലാ​യില്ല. “എന്നോടൊ​പ്പം കിടക്കാൻ സമ്മതി​ച്ചാൽ എനിക്ക്‌ എന്തു തരും” എന്നു താമാർ ചോദി​ച്ചു. 17  അതിനു മറുപ​ടി​യാ​യി, “ഞാൻ എന്റെ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ഒരു കോലാ​ട്ടിൻകു​ട്ടി​യെ കൊടു​ത്ത​യ​യ്‌ക്കാം” എന്ന്‌ യഹൂദ പറഞ്ഞു. എന്നാൽ താമാർ, “അതിനെ കൊടു​ത്ത​യ​യ്‌ക്കു​ന്ന​തു​വരെ എനിക്ക്‌ ഈടായി എന്തെങ്കി​ലും തരാമോ” എന്നു ചോദി​ച്ചു. 18  “എന്ത്‌ ഈടാണു വേണ്ടത്‌” എന്ന്‌ യഹൂദ ചോദി​ച്ചപ്പോൾ “ആ മുദ്രമോതിരവും+ ചരടും വടിയും” എന്നു താമാർ പറഞ്ഞു. അതെല്ലാം കൊടു​ത്തിട്ട്‌ യഹൂദ താമാ​റു​മാ​യി ബന്ധപ്പെട്ടു. അങ്ങനെ താമാർ ഗർഭി​ണി​യാ​യി. 19  പിന്നെ താമാർ അവി​ടെ​നിന്ന്‌ എഴു​ന്നേറ്റ്‌ പോയി പുതപ്പു മാറ്റി വിധവ​മാർ ധരിക്കുന്ന വസ്‌ത്രം ധരിച്ചു. 20  ആ സ്‌ത്രീ​യു​ടെ കൈയിൽനി​ന്ന്‌ പണയവ​സ്‌തു​ക്കൾ തിരികെ വാങ്ങാൻ യഹൂദ അദുല്ലാമ്യനായ+ ഒരു സുഹൃ​ത്തി​ന്റെ കൈയിൽ കോലാ​ട്ടിൻകു​ട്ടി​യെ കൊടു​ത്ത​യച്ചു. എന്നാൽ അയാൾക്കു താമാ​റി​നെ കണ്ടെത്താ​നാ​യില്ല. 21  അപ്പോൾ അയാൾ താമാ​റി​ന്റെ നാട്ടു​കാ​രായ ചില പുരു​ഷ​ന്മാരോട്‌, “എനയീ​മി​ലെ വഴിയ​രി​കി​ലു​ണ്ടാ​യി​രുന്ന ആ ക്ഷേത്ര​വേശ്യ എവിടെ” എന്നു ചോദി​ച്ചു. “ഈ പ്രദേ​ശത്ത്‌ ഇന്നേവരെ ഒരു ക്ഷേത്ര​വേശ്യ ഉണ്ടായി​രു​ന്നി​ട്ടില്ല” എന്ന്‌ അവർ പറഞ്ഞു. 22  ഒടുവിൽ അയാൾ മടങ്ങി​വന്ന്‌ യഹൂദയോ​ടു പറഞ്ഞു: “എനിക്ക്‌ അവളെ കണ്ടെത്താ​നാ​യില്ല. മാത്രമല്ല, ‘ഈ പ്രദേ​ശത്ത്‌ ഇന്നേവരെ ഒരു ക്ഷേത്ര​വേശ്യ ഉണ്ടായി​രു​ന്നി​ട്ടില്ല’ എന്ന്‌ അവിടത്തെ പുരു​ഷ​ന്മാർ പറയു​ക​യും ചെയ്‌തു.” 23  അപ്പോൾ യഹൂദ പറഞ്ഞു: “അതെല്ലാം അവൾ എടുത്തുകൊ​ള്ളട്ടെ. നമ്മൾ ഇനിയും അവളെ അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നാൽ നമുക്കു​തന്നെ അപമാനം വരുത്തിവെ​ക്കും. ഏതായാ​ലും ഞാൻ ആട്ടിൻകു​ട്ടി​യെ കൊടു​ത്ത​യച്ചു; നീ അവളെ കണ്ടെത്തി​യ​തു​മില്ല.” 24  ഏതാണ്ടു മൂന്നു മാസത്തി​നു ശേഷം യഹൂദ​യ്‌ക്ക്‌ ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭി​ണി​യു​മാ​യി.” അപ്പോൾ യഹൂദ, “അവളെ പുറത്ത്‌ കൊണ്ടു​വന്ന്‌ ചുട്ടുകൊ​ല്ലുക”+ എന്നു പറഞ്ഞു. 25  താമാറിനെ പുറത്ത്‌ കൊണ്ടു​വന്ന സമയത്ത്‌ താമാർ അമ്മായി​യ​പ്പനെ ഇങ്ങനെയൊ​രു സന്ദേശം അറിയി​ച്ചു: “ഈ വസ്‌തു​ക്ക​ളു​ടെ ഉടമസ്ഥ​നാ​ലാ​ണു ഞാൻ ഗർഭി​ണി​യാ​യത്‌.” താമാർ ഇങ്ങനെ​യും പറഞ്ഞു: “ഈ മുദ്രമോ​തി​ര​വും ചരടും വടിയും+ ആരു​ടേ​താണെന്നു പരി​ശോ​ധി​ച്ചാ​ലും.” 26  അവ പരി​ശോ​ധി​ച്ചുനോ​ക്കി​യിട്ട്‌ യഹൂദ പറഞ്ഞു: “അവൾ എന്നെക്കാൾ നീതി​യു​ള്ളവൾ! ഞാൻ അവളെ എന്റെ മകൻ ശേലയ്‌ക്കു കൊടു​ത്തി​ല്ല​ല്ലോ.”+ പിന്നീട്‌ യഹൂദ താമാ​റു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല. 27  താമാറിനു പ്രസവ​സ​മ​യ​മാ​യി; വയറ്റിൽ ഇരട്ടക​ളാ​യി​രു​ന്നു. 28  പ്രസവസമയത്ത്‌ അതിൽ ഒരു കുഞ്ഞ്‌ കൈ പുറ​ത്തേക്ക്‌ ഇട്ടു. ഉടനെ, “ഇവനാണ്‌ ആദ്യം പുറത്ത്‌ വന്നത്‌” എന്നു പറഞ്ഞു​കൊ​ണ്ട്‌ വയറ്റാട്ടി ഒരു കടുഞ്ചു​വ​പ്പു​നൂലെ​ടുത്ത്‌ അവന്റെ കൈയിൽ കെട്ടി. 29  എന്നാൽ അവൻ കൈ അകത്തേക്കു വലിച്ച ഉടനെ അവന്റെ സഹോ​ദരൻ പുറത്ത്‌ വന്നു. അപ്പോൾ വയറ്റാട്ടി അത്ഭുതത്തോ​ടെ, “നീ നിനക്കു​വേണ്ടി എന്തൊരു പിളർപ്പാ​ണ്‌ ഉണ്ടാക്കി​യത്‌!” എന്നു പറഞ്ഞു. അതു​കൊണ്ട്‌ അവനു പേരെസ്‌*+ എന്നു പേരിട്ടു. 30  പിന്നെ അവന്റെ സഹോ​ദരൻ, കൈയിൽ കടുഞ്ചു​വ​പ്പു​നൂൽ കെട്ടി​യി​രു​ന്നവൻ, പുറത്ത്‌ വന്നു. അവനു സേരഹ്‌+ എന്നു പേരിട്ടു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അർഥം: “മുറിവ്‌.” സാധ്യ​ത​യ​നു​സ​രിച്ച്‌, ഗർഭാ​ശ​യ​മു​ഖത്ത്‌ ഉണ്ടായ മുറി​വി​നെ കുറി​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം