ഇയ്യോബ്‌ 13:1-28

13  “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടിട്ടു​ണ്ട്‌,എന്റെ ചെവികൾ ഇതു കേട്ട്‌ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌.   നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം എനിക്കും അറിയാം;ഞാൻ നിങ്ങ​ളെ​ക്കാൾ മോശ​മൊ​ന്നു​മല്ല.   എന്നാൽ എനിക്കു സംസാ​രി​ക്കാ​നു​ള്ളതു സർവശ​ക്ത​നോ​ടാണ്‌;ദൈവ​മു​മ്പാ​കെ ഞാൻ എന്റെ ഭാഗം വാദി​ക്കും.+   നിങ്ങൾ എന്റെ മേൽ നുണകൾ വാരി​യെ​റി​യു​ന്നു,ഒരു ഗുണവു​മി​ല്ലാത്ത വൈദ്യ​ന്മാ​രാ​ണു നിങ്ങൾ.+   നിങ്ങൾ ഒന്നു മിണ്ടാ​തി​രു​ന്നെ​ങ്കിൽ!എങ്കിൽ നിങ്ങൾ ജ്ഞാനി​ക​ളാ​ണെന്നു ഞാൻ പറഞ്ഞേനേ.+   എന്റെ വാദങ്ങൾ ഒന്നു കേൾക്കൂ;എന്റെ നാവ്‌ നിരത്തുന്ന ന്യായങ്ങൾ ശ്രദ്ധിക്കൂ.   നിങ്ങൾ ദൈവ​ത്തി​നു​വേണ്ടി അന്യായം പറയു​മോ?ദൈവ​ത്തി​നു​വേണ്ടി വഞ്ചന​യോ​ടെ സംസാ​രി​ക്കു​മോ?   നിങ്ങൾ ദൈവ​ത്തി​ന്റെ പക്ഷം പിടി​ക്കു​മോ?*സത്യ​ദൈ​വ​ത്തി​നു​വേണ്ടി വാദി​ക്കാൻ ശ്രമി​ക്കു​മോ?   ദൈവം നിങ്ങളെ പരിശോധിച്ചാൽ+ എന്തായി​രി​ക്കും നിങ്ങളു​ടെ അവസ്ഥ? മനുഷ്യ​നെ വിഡ്‌ഢി​യാ​ക്കു​ന്ന​തു​പോ​ലെ നിങ്ങൾക്കു ദൈവത്തെ വിഡ്‌ഢി​യാ​ക്കാ​നാ​കു​മോ? 10  നിങ്ങൾ രഹസ്യ​ത്തിൽ പക്ഷപാതം കാണിച്ചാൽ+ദൈവം നിങ്ങളെ ഉറപ്പാ​യും ശാസി​ക്കും. 11  ദൈവത്തിന്റെ പ്രൗഢി നിങ്ങളെ ഭയപ്പെ​ടു​ത്തും;ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ഭീതി നിങ്ങളെ പിടി​കൂ​ടും. 12  നിങ്ങളുടെ ജ്ഞാന​മൊ​ഴി​കൾ ചാരം​പോ​ലെ വില​കെ​ട്ട​താണ്‌;നിങ്ങളു​ടെ വാദമുഖങ്ങൾ* കളിമ​ണ്ണു​പോ​ലെ ദുർബ​ല​മാണ്‌. 13  ഒന്നു മിണ്ടാ​തി​രി​ക്കൂ, ഞാൻ സംസാ​രി​ക്കട്ടെ. പിന്നെ എനിക്ക്‌ എന്തും സംഭവി​ച്ചു​കൊ​ള്ളട്ടെ. 14  ഞാൻ എന്തിനാ​ണ്‌ എന്റെ ജീവൻ അപകട​പ്പെ​ടു​ത്തു​ന്നത്‌?*എന്തിന്‌ എന്റെ ജീവൻ എടുത്ത്‌ കൈയിൽപ്പി​ടി​ക്കണം? 15  ദൈവം എന്നെ കൊ​ന്നേ​ക്കാം; എങ്കിലും ഞാൻ കാത്തി​രി​ക്കും;+ദൈവ​മു​മ്പാ​കെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.* 16  അപ്പോൾ ദൈവം എന്നെ രക്ഷിക്കും;+ഒരു ദുഷ്ടനും* തിരു​മു​മ്പിൽ ചെല്ലാ​നാ​കി​ല്ല​ല്ലോ.+ 17  എന്റെ വാക്കു​കൾക്കു കാതോർക്കുക;ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കുക. 18  ഇതാ, ഞാൻ എന്റെ വാദങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നു;എന്റെ ഭാഗത്താ​ണു ശരി​യെന്ന്‌ എനിക്ക്‌ അറിയാം. 19  എന്നോടു വാദി​ക്കാൻ ആരുണ്ട്‌? മിണ്ടാ​തി​രു​ന്നാൽ ഞാൻ മരിച്ചു​പോ​കും!* 20  ദൈവമേ, ഞാൻ തിരു​മു​മ്പിൽനിന്ന്‌ ഓടി​യൊ​ളി​ക്കാ​തി​രി​ക്കാൻഅങ്ങ്‌ എനിക്കു രണ്ടു കാര്യം അനുവ​ദി​ച്ചു​ത​രേ​ണമേ.* 21  അങ്ങയുടെ ഭാരമുള്ള കൈ എന്നിൽനി​ന്ന്‌ എടുത്തു​മാ​റ്റേ​ണമേ,അങ്ങയിൽനി​ന്നു​ള്ള ഭീതി എന്നെ തളർത്താൻ അനുവ​ദി​ക്ക​രു​തേ.+ 22  എന്നോടു ചോദി​ക്കൂ, ഞാൻ ഉത്തരം പറയാം;അല്ലെങ്കിൽ ഞാൻ ചോദി​ക്കാം, അങ്ങ്‌ ഉത്തരം നൽകി​യാ​ലും. 23  എന്താണ്‌ എന്റെ ഭാഗത്തെ തെറ്റ്‌? എന്തു പാപമാ​ണു ഞാൻ ചെയ്‌തത്‌? എന്റെ ലംഘന​ങ്ങ​ളും പാപങ്ങ​ളും എനിക്കു പറഞ്ഞു​ത​ന്നാ​ലും. 24  അങ്ങ്‌ എന്നിൽനി​ന്ന്‌ മുഖം മറയ്‌ക്കു​ന്നത്‌ എന്തിനാ​ണ്‌?+എന്നെ​യൊ​രു ശത്രു​വാ​യി കാണു​ന്നത്‌ എന്തു​കൊണ്ട്‌?+ 25  കാറ്റത്ത്‌ പറന്നു​പോ​കുന്ന ഇലയെ അങ്ങ്‌ ഭയപ്പെ​ടു​ത്തു​മോ?വയ്‌ക്കോ​ലി​നെ പിടി​ക്കാൻ അങ്ങ്‌ ഓടു​മോ? 26  എനിക്ക്‌ എതി​രെ​യുള്ള ആരോ​പ​ണങ്ങൾ അങ്ങ്‌ എഴുതി​വെ​ക്കു​ന്നു;ചെറു​പ്പ​ത്തിൽ ചെയ്‌ത പാപങ്ങൾക്ക്‌ എന്നോടു കണക്കു ചോദി​ക്കു​ന്നു. 27  അങ്ങ്‌ എന്റെ കാലുകൾ തടിവിലങ്ങിൽ* ഇട്ടിരി​ക്കു​ന്നു,എന്റെ വഴിക​ളെ​ല്ലാം സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്നു,എന്റെ കാൽപ്പാ​ടു​കൾ നോക്കി അങ്ങ്‌ എന്നെ പിന്തു​ട​രു​ന്നു. 28  അങ്ങനെ മനുഷ്യൻ* അഴുകി​പ്പോ​കു​ന്നു,പ്രാണി​കൾ തിന്ന വസ്‌ത്രം​പോ​ലെ അവൻ നശിച്ചു​പോ​കു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവ​ത്തോ​ടു പക്ഷപാതം കാണി​ക്കു​മോ?”
അക്ഷ. “പരിച​മൊ​ട്ടു​കൾ.”
അക്ഷ. “എന്റെ മാംസം പല്ലു​കൊ​ണ്ട്‌ കടിച്ചു​പി​ടി​ക്കു​ന്നത്‌?”
അഥവാ “എന്റെ വഴികൾ ശരിയാ​ണെന്നു വാദി​ക്കും.”
അഥവാ “വിശ്വാ​സ​ത്യാ​ഗി​ക്കും.”
മറ്റൊരു സാധ്യത “ആർക്കെ​ങ്കി​ലും വാദി​ക്കാൻ കഴിയു​മെ​ങ്കിൽ ഞാൻ മിണ്ടാ​തി​രു​ന്ന്‌ മരിച്ചു​കൊ​ള്ളാം.”
അക്ഷ. “രണ്ടു കാര്യം എന്നോടു ചെയ്യരു​തേ.”
പദാവലി കാണുക.
അക്ഷ. “അവൻ.” ഇയ്യോ​ബി​നെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം