മുഖ്യലേഖനം | ബൈബിൾ—പിന്നിട്ട വഴികളിലൂടെ
എതിർപ്പുകളെ അതിജീവിച്ച് ബൈബിൾ
പ്രശ്നം: രാഷ്ട്രീയനേതാക്കന്മാരും മതനേതാക്കന്മാരും ബൈബിളിലെ സന്ദേശം ഇല്ലതാക്കാൻ പദ്ധതികൾ ഇടുകയും അത് അനുസരിച്ച് മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്. ബൈബിൾ കൈവശമാക്കുന്നതും ഉത്പാദിപ്പിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും തടയുന്നതിനുവേണ്ടി അധികാരികൾ പലപ്പോഴും ശക്തമായ നടപടികൾ എടുത്തിട്ടുണ്ട്. രണ്ട് ഉദാഹരണങ്ങൾ നോക്കാം:
ഏതാണ്ട് ബി.സി.167-ൽ: സെല്യൂസിഡ് രാജാവ് അന്തിയോക്കസ് എപ്പിഫാനസ്, ജൂതന്മാരെ ഗ്രീക്ക് മതത്തിൽ ചേരാൻ നിർബന്ധിക്കുകയും എബ്രായ തിരുവെഴുത്തുകളുടെ എല്ലാ പകർപ്പുകളും നശിപ്പിച്ചുകളയാൻ ഉത്തരവിടുകയും ചെയ്തു. ഇതിനു പുറമേ, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ ആരുടെയെങ്കിലും കൈവശം “തിരുവെഴുത്തുകളുടെ ചുരുളുകൾ കണ്ടെത്തിയാൽ അത് വലിച്ചുകീറി കത്തിക്കുമായിരുന്നു.” കൂടാതെ, “അവരുടെ അന്വേഷണത്തിൽ ആരെങ്കിലും ആ ചുരുളുകളിൽനിന്ന് ആശ്വാസവും പ്രോത്സാഹനവും നേടുന്നതായി അറിഞ്ഞാൽ അവരെ കൊന്നുകളയുകയും ചെയ്യുമായിരുന്നു” എന്ന് ചരിത്രകാരനായ ഹൈൻറിച്ച് ഗ്രേയ്റ്റ്സ് പറയുന്നു.
മധ്യയുഗത്തിൽ: കത്തോലിക്കാ സഭയിലെ വിശ്വാസികൾ സഭാപഠിപ്പിക്കലുകളേക്കാൾ ബൈബിളിലുള്ള പഠിപ്പിക്കലുകളെക്കുറിച്ച് പ്രസംഗിക്കാൻ തുടങ്ങിയതു കണ്ടപ്പോൾ സഭാനേതാക്കന്മാരെ അത് ചൊടിപ്പിച്ചു. അതുപോലെ ലത്തീൻ ഭാഷയിലുള്ള സങ്കീർത്തനങ്ങൾ ഒഴികെ മറ്റേതു ബൈബിൾ പുസ്തകങ്ങളും കൈയിൽവെച്ചാൽ അവരെ മതനിഷേധികളെന്ന് മതനേതാക്കന്മാർ മുദ്ര കുത്തുമായിരുന്നു. ഒരു പള്ളിയോഗത്തിൽ സഭാംഗങ്ങൾക്ക് കൊടുത്ത നിർദേശം ഇങ്ങനെയായിരുന്നു: “മതനിഷേധികളായ ആരെങ്കിലും ഉണ്ടോ എന്ന് വളരെ കാര്യക്ഷമതയോടെ കൂടെക്കൂടെ ഒരു പരിശോധന നടത്തണം. സംശയം തോന്നുന്നവരുടെ വീടുകളുടെ ഉള്ളറകളും അകത്തളങ്ങളും പരിശോധിക്കാനും ഏതെങ്കിലും വീട്ടിൽ മതനിഷേധിയായ ആരെയെങ്കിലും കണ്ടാൽ അയാളെയും ആ വീടിനെയും നശിപ്പിക്കാനും ആ യോഗം തീരുമാനിക്കുകയുണ്ടായി.”
ബൈബിൾ നശിപ്പിച്ചു കളയുന്നതിൽ ശത്രുക്കൾ വിജയിച്ചിരുന്നെങ്കിൽ അതിലെ സന്ദേശം ഇന്ന് ആർക്കും ലഭ്യമാകുമായിരുന്നില്ല.
വില്യം ടിൻഡെയ്ൽ പരിഭാഷ ചെയ്ത ഇംഗ്ലീഷ് ബൈബിൾ, അധികാരികൾ വിലക്കുകയും ബൈബിളുകൾ കത്തിച്ചുകളയുകയും അദ്ദേഹത്തെ 1536-ൽ വധിക്കുകയും ചെയ്തു. എന്നിട്ടും ആ പരിഭാഷ ഇപ്പോഴും നിലനിൽക്കുന്നു
ബൈബിളിന്റെ അതിജീവനം: മുമ്പു കണ്ട അന്തിയോക്കസ് രാജാവ്, ജൂതന്മാർക്കെതിരെയുള്ള തന്റെ പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇസ്രായേലിലായിരുന്നു. എന്നാൽ അപ്പോഴേക്കും ജൂതന്മാർ മറ്റു ദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ജൂതന്മാരിൽ 60 ശതമാനത്തിലധികം പേരും ഇസ്രായേലിന് പുറത്താണ് താമസിച്ചിരുന്നത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു. ജൂതന്മാർ അവരുടെ സിനഗോഗുകളിൽ തിരുവെഴുത്തുകളുടെ പകർപ്പുകൾ സൂക്ഷിച്ചിരുന്നു. ഇതേ തിരുവെഴുത്തുകളാണ് ക്രിസ്ത്യാനികൾ ഉൾപ്പെടെ ഭാവി തലമുറകൾ ഉപയോഗിച്ചിരുന്നത്.—പ്രവൃത്തികൾ 15:21.
മധ്യകാലയുഗങ്ങളിൽ ബൈബിളിനെ സ്നേഹിച്ചിരുന്ന ആളുകൾ എതിർപ്പുകൾ ഒന്നും വകവെക്കാതെ ധൈര്യത്തോടെ ബൈബിൾ പരിഭാഷ ചെയ്യുകയും അതിന്റെ പകർപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് മാറ്റിമാറ്റി വെക്കാവുന്ന അച്ചുകളുള്ള അച്ചടി യന്ത്രം കണ്ടുപിടിച്ചത്. അതിനു മുമ്പുതന്നെ 33-ഓളം ഭാഷകളിൽ ബൈബിളിന്റെ താളുകൾ ലഭ്യമായിരുന്നു. പിന്നീട് ഇതുവരെ വളരെ വേഗത്തിലാണ് ബൈബിളിന്റെ പരിഭാഷയും ഉത്പാദനവും നടന്നത്.
പ്രയോജനം: ശക്തരായ രാജാക്കന്മാരിൽനിന്നും വഴിതെറ്റിക്കുന്ന പുരോഹിതന്മാരിൽനിന്നും നിരവധി ഭീഷണികൾ ഉണ്ടായിരുന്നിട്ടും ചരിത്രം നോക്കിയാൽ ബൈബിളാണ് ഏറ്റവും വ്യാപകമായി വിതരണം ചെയ്തിട്ടുള്ളതും ഏറ്റവും കൂടുതൽ പരിഭാഷ ചെയ്തിട്ടുള്ളതും ആയ പുസ്തകം. പല രാജ്യങ്ങളിലും നിയമങ്ങളും ഭാഷകളും ഉണ്ടാക്കാനും കോടിക്കണക്കിനാളുകളുടെ ജീവിതം മാറ്റിമറിക്കാനും ബൈബിൾ സഹായിച്ചിട്ടുണ്ട്.