വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു

മുമ്പ്‌ ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രുന്ന, യഹോ​വ​യു​ടെ സാക്ഷി​കളെ എതിർത്തി​രുന്ന, ഒരു വ്യക്തി എങ്ങനെ​യാണ്‌ പിന്നീട്‌ ഒരു സാക്ഷി​യാ​യി​ത്തീർന്നത്‌? തന്റെ വിശ്വാ​സ​ങ്ങ​ളിൽ മാറ്റം വരുത്താൻ പെന്തി​ക്കോ​സ്‌ത്‌ സഭയിലെ ഒരു പാസ്റ്ററെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? വളരെ മോശം സാഹച​ര്യ​ത്തിൽ വളർന്നു​വ​ന്ന​തു​കൊണ്ട്‌ സ്വയം വിലയി​ല്ലെന്നു തോന്നിയ ഒരു സ്‌ത്രീ എങ്ങനെ​യാണ്‌ ആ തോന്ന​ലു​കൾ മറിക​ട​ക്കു​ക​യും ദൈവ​ത്തോട്‌ അടുക്കു​ക​യും ചെയ്‌തത്‌? മോശ​മായ റോക്ക്‌ സംഗീ​ത​ത്തിൽ ആസക്തി കണ്ടെത്തി​യി​രുന്ന ഒരാൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യത്‌ എങ്ങനെ​യാണ്‌? ഉത്തരത്തി​നാ​യി ഈ അനുഭ​വങ്ങൾ വായി​ക്കുക.

“ഞാനൊ​രു നല്ല ഭർത്താ​വാ​യി.”​—റിഗോ​ബെ ഹുവേ​റ്റോ

 • ജനനം: 1941

 • രാജ്യം: ബെനിൻ

 • ചരിത്രം: ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു, യഹോ​വ​യു​ടെ സാക്ഷി​കളെ എതിർത്തി​രു​ന്നു.

എന്റെ പഴയ കാലം:

ബെനിനിലെ ഒരു വലിയ നഗരമായ കോ​ട്ടോ​നോ​യി​ലാ​ണു ഞാൻ ജനിച്ചത്‌. ഒരു കത്തോ​ലിക്ക മതവി​ശ്വാ​സി​യാ​യി​ട്ടാ​ണു വളർന്ന​തെ​ങ്കി​ലും ഞാൻ പള്ളിയി​ലൊ​ന്നും സ്ഥിരമാ​യി പോയി​രു​ന്നില്ല. ഞാൻ താമസി​ച്ചി​രുന്ന സ്ഥലത്ത്‌ പല കത്തോ​ലി​ക്കർക്കും ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു. അത്‌ അവിടെ നിയമ​പ​ര​മാ​യി അംഗീ​ക​രി​ച്ചി​രു​ന്ന​തു​മാണ്‌. അങ്ങനെ ഞാൻ നാലു സ്‌ത്രീ​കളെ വിവാഹം കഴിച്ചു.

1970-കളിൽ എന്റെ രാജ്യത്ത്‌ ഒരു വിപ്ലവം പൊട്ടി​പ്പു​റ​പ്പെട്ടു. അതു രാജ്യ​ത്തി​നു ഗുണം ചെയ്യു​മെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചത്‌. ആ വിപ്ലവ​ത്തി​നു പൂർണ പിന്തുണ കൊടു​ക്കാൻ ഞാൻ രാഷ്ട്രീ​യ​ത്തി​ലേക്ക്‌ ഇറങ്ങി. രാഷ്ട്രീയ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി​രു​ന്ന​തു​കൊണ്ട്‌ വിപ്ലവ​കാ​രി​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ഇഷ്ടമല്ലാ​യി​രു​ന്നു. അങ്ങനെ സാക്ഷി​കളെ ഉപദ്ര​വി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഞാനും കൂടി. 1976-ൽ സാക്ഷി​ക​ളായ മിഷന​റി​മാ​രെ നാടു​ക​ട​ത്തി​യ​പ്പോൾ അവർ ഇനി ഒരിക്ക​ലും തിരി​ച്ചു​വ​രി​ല്ലെന്നു ഞാൻ ഉറപ്പിച്ചു.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

1990-ൽ വിപ്ലവം അവസാ​നി​ച്ചു. പെട്ടെ​ന്നു​തന്നെ സാക്ഷി​ക​ളായ മിഷന​റി​മാർ രാജ്യ​ത്തേക്കു തിരി​ച്ചു​വ​ന്നത്‌ എന്നെ ശരിക്കും അതിശ​യി​പ്പി​ച്ചു. ദൈവം ഇവരുടെ കൂടെ​യു​ണ്ടാ​കു​മെന്ന്‌ അപ്പോൾ ഞാൻ ചിന്തിച്ചു. ആ സമയത്ത്‌ എനിക്ക്‌ വേറൊ​രു സ്ഥലത്ത്‌ ജോലി കിട്ടി. അവിടെ എന്റെ കൂടെ ജോലി ചെയ്‌തി​രുന്ന ഒരാൾ യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നു. അദ്ദേഹം തന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ എന്നോട്‌ എപ്പോ​ഴും പറയു​മാ​യി​രു​ന്നു. യഹോവ സ്‌നേ​ഹ​വും നീതി​യും ഉള്ള ഒരു ദൈവ​മാ​ണെന്നു പറയുന്ന ചില ബൈബിൾ വാക്യങ്ങൾ അദ്ദേഹം എനിക്കു കാണിച്ചു തന്നു. (ആവർത്തനം 32:4; 1 യോഹ​ന്നാൻ 4:8) ദൈവ​ത്തി​ന്റെ ആ ഗുണങ്ങൾ എന്നെ ആകർഷി​ച്ചു. അങ്ങനെ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ എനിക്ക്‌ ആഗ്രഹം തോന്നി, ബൈബിൾ പഠിക്കാ​നും ഞാൻ തീരു​മാ​നി​ച്ചു.

പെട്ടെന്നുതന്നെ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്കു പോകാൻ തുടങ്ങി. അവി​ടെ​യു​ള്ള​വ​രു​ടെ ആത്മാർഥ​മായ സ്‌നേഹം കണ്ടപ്പോൾ എനിക്കു ശരിക്കും മതിപ്പു തോന്നി. വംശത്തി​ന്റെ​യോ സാമൂ​ഹിക പശ്ചാത്ത​ല​ത്തി​ന്റെ​യോ അടിസ്ഥാ​ന​ത്തി​ലുള്ള യാതൊ​രു വേർതി​രി​വും അവിടെ ഇല്ലായി​രു​ന്നു. സാക്ഷി​ക​ളോ​ടൊ​പ്പം കൂടുതൽ ഇടപഴ​കി​യ​പ്പോൾ അവർ യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​ണെന്ന്‌ എനിക്കു ശരിക്കും വ്യക്തമാ​യി.—യോഹ​ന്നാൻ 13:35.

യഹോവയെ സേവി​ക്ക​ണ​മെ​ങ്കിൽ കത്തോ​ലിക്ക സഭ വിട്ടു​പോ​ര​ണ​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ അത്‌ അത്ര എളുപ്പ​മുള്ള ഒരു കാര്യ​മാ​യി​രു​ന്നില്ല. കാരണം മറ്റുള്ളവർ എന്തു ചിന്തി​ക്കു​മെന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. അങ്ങനെ കുറച്ചു​നാൾ കഴിഞ്ഞ്‌ യഹോ​വ​യു​ടെ സഹായ​ത്താൽ ഞാൻ ധൈര്യം സംഭരിച്ച്‌ പള്ളിയിൽനിന്ന്‌ രാജി​വെച്ചു.

അതോടൊപ്പം ഞാൻ വലി​യൊ​രു മാറ്റവും വരുത്ത​ണ​മാ​യി​രു​ന്നു. ബഹുഭാ​ര്യ​ത്വം ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി. (ഉൽപത്തി 2:18-24; മത്തായി 19:4-6) യഹോ​വ​യു​ടെ കണ്ണിൽ ശരിയാ​യത്‌ എന്റെ ആദ്യവി​വാ​ഹം മാത്ര​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ ആദ്യഭാ​ര്യ​യെ നിയമ​പ​ര​മാ​യി വിവാഹം കഴിച്ചു. മറ്റു ഭാര്യ​മാ​രെ പറഞ്ഞയ​യ്‌ക്കു​ക​യും അവരെ സാമ്പത്തി​ക​മാ​യി സഹായി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ഏർപ്പെ​ടു​ത്തു​ക​യും ചെയ്‌തു. പിന്നീട്‌ അവരിൽ രണ്ടു പേർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി.

എനിക്കു ലഭിച്ച പ്രയോജനങ്ങൾ:

എന്റെ ഭാര്യ ഇപ്പോ​ഴും കത്തോ​ലിക്ക വിശ്വാ​സി​ത​ന്നെ​യാ​ണെ​ങ്കി​ലും യഹോ​വയെ സേവി​ക്കാ​നുള്ള എന്റെ തീരു​മാ​നത്തെ അവൾ എതിർത്തില്ല. ഞാൻ ഒരു നല്ല ഭർത്താ​വാ​യെന്നു ഞങ്ങൾക്കു രണ്ടു പേർക്കും ഇപ്പോൾ തോന്നു​ന്നുണ്ട്‌.

രാഷ്‌ട്രീയപ്രവർത്തനങ്ങളിലൂടെ എന്റെ സമൂഹത്തെ നന്നാക്കാൻ കഴിയു​മെന്നു വിചാ​രി​ച്ചെ​ങ്കി​ലും അതൊക്കെ വെറു​തേ​യാ​യി​രു​ന്നെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. മനുഷ്യ​രു​ടെ പ്രശ്‌ന​ങ്ങൾക്കുള്ള ഒരേ ഒരു പരിഹാ​രം ദൈവ​രാ​ജ്യ​മാ​ണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി. (മത്തായി 6:9, 10) സന്തോ​ഷ​ത്തോ​ടെ എങ്ങനെ ജീവി​ക്കാ​മെന്നു കാണി​ച്ചു​ത​ന്ന​തിന്‌ എനിക്ക്‌ യഹോ​വ​യോട്‌ ഒരുപാ​ടു നന്ദിയുണ്ട്‌.

“മാറ്റങ്ങൾ വരുത്താൻ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു.”​—അലിക്‌സ്‌ ലെമോസ്‌ സിൽവ

 • ജനനം: 1977

 • രാജ്യം: ബ്രസീൽ

 • ചരിത്രം: പെന്തി​ക്കോ​സ്‌ത്‌ സഭയിലെ പാസ്റ്റർ

എന്റെ പഴയ കാലം:

സാവോ പൗലോ സംസ്ഥാ​നത്ത്‌ ഇറ്റു എന്ന നഗരത്തിന്‌ അടുത്തുള്ള ഒരു പ്രദേ​ശ​ത്താ​ണു ഞാൻ ജനിച്ചത്‌. അക്രമ​ത്തി​നും കുറ്റകൃ​ത്യ​ത്തി​നും പേരു​കേട്ട സ്ഥലമാ​യി​രു​ന്നു അത്‌.

അങ്ങേയറ്റം അധാർമി​ക​ത​യും അക്രമ​വും നിറഞ്ഞ ജീവി​ത​മാ​യി​രു​ന്നു എന്റേത്‌. കൂടാതെ ഞാൻ മയക്കു​മ​രു​ന്നു​ക​ളും കടത്തും. ഇങ്ങനെ പോയാൽ അധികം താമസി​യാ​തെ ഞാൻ ജയിലി​ലാ​കും, അല്ലെങ്കിൽ പെട്ടെ​ന്നു​തന്നെ എന്റെ ശവമടക്ക്‌ നടക്കും എന്ന്‌ എനിക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അതെല്ലാം ഞാൻ മതിയാ​ക്കി. പിന്നീട്‌ ഞാൻ പെന്തി​ക്കോ​സ്‌ത്‌ സഭയിൽ ചേർന്നു. അവിടത്തെ ഒരു പാസ്റ്ററും ആയി.

പള്ളിയിലെ ശുശ്രൂ​ഷാ​പ്ര​വർത്ത​ന​ങ്ങ​ളി​ലൂ​ടെ ആളുകളെ സഹായി​ക്കാ​മെന്ന്‌ എനിക്കു തോന്നി. അതിനു​വേണ്ടി അവിടത്തെ ഒരു പ്രാ​ദേ​ശിക റേഡി​യോ ചാനലി​ലൂ​ടെ മതപര​മായ പരിപാ​ടി​കൾ ഞാൻ നടത്തു​മാ​യി​രു​ന്നു. അങ്ങനെ അവിടെ അറിയ​പ്പെ​ടുന്ന ഒരാളാ​യി ഞാൻ. പതുക്കെ എനിക്കു മനസ്സി​ലാ​യി, ആ സഭയ്‌ക്ക്‌ അതിലെ അംഗങ്ങ​ളു​ടെ ക്ഷേമത്തിൽ ഒരു താത്‌പ​ര്യ​വു​മില്ല എന്ന്‌. അതിലും കഷ്ടം അവർ ദൈവ​ത്തിന്‌ ഒരു പ്രാധാ​ന്യ​വും കൊടു​ത്തില്ല എന്നതാണ്‌. പണമു​ണ്ടാ​ക്കു​ക​യാണ്‌ ആ സഭയുടെ ഒരേ ഒരു ലക്ഷ്യ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ പള്ളിയിൽനിന്ന്‌ രാജി​വെ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾത്തന്നെ, അവർക്കു മറ്റു മതങ്ങളിൽനിന്ന്‌ എന്തോ ഒരു പ്രത്യേ​ക​ത​യു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. പ്രധാ​ന​മാ​യും രണ്ടു കാര്യ​ങ്ങ​ളാ​ണു ഞാൻ ശ്രദ്ധി​ച്ചത്‌. ഒന്ന്‌, ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വെറുതേ പറയുക മാത്രമല്ല അവർ അതു പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കു​ക​യും ചെയ്യുന്നു. രണ്ടാമത്തെ കാര്യം, അവർ യുദ്ധങ്ങ​ളി​ലോ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലോ ഒരുവി​ധ​ത്തി​ലും ഉൾപ്പെ​ടു​ന്നില്ല. (യശയ്യ 2:4) ഞാൻ സത്യമതം കണ്ടെത്തി​യെന്ന്‌ ഈ രണ്ടു കാര്യങ്ങൾ എന്നെ ബോധ്യ​പ്പെ​ടു​ത്തി. അതായത്‌, നിത്യ​ജീ​വ​നി​ലേ​ക്കുള്ള ഇടുങ്ങിയ വഴി ഇതാ​ണെന്ന്‌ എനിക്കു വ്യക്തമാ​യി.—മത്തായി 7:13, 14.

ദൈവത്തെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്ത​ണ​മെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. കുടും​ബ​ത്തി​നു​വേണ്ടി ഞാൻ കൂടുതൽ സമയം നീക്കി​വെ​ക്ക​ണ​മാ​യി​രു​ന്നു. അതോ​ടൊ​പ്പം താഴ്‌മ​യെന്ന ഗുണം വളർത്തി​യെ​ടു​ക്കു​ന്ന​തി​ലും എനിക്ക്‌ മെച്ച​പ്പെ​ടാ​നു​ണ്ടാ​യി​രു​ന്നു. മാറ്റങ്ങൾ വരുത്താൻ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്ക്‌ അതിനു കഴിഞ്ഞു. ഈ മാറ്റങ്ങ​ളൊ​ക്കെ കണ്ടപ്പോൾ എന്റെ ഭാര്യ​യ്‌ക്കും ഒരുപാ​ടു സന്തോഷം തോന്നി. ഞാൻ പഠിക്കു​ന്ന​തി​നു മുമ്പേ അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി​യെ​ങ്കി​ലും എന്റെ മാറ്റങ്ങൾ കണ്ടപ്പോ​ഴാണ്‌ അവൾ കൂടുതൽ പുരോ​ഗ​മി​ച്ചത്‌. അങ്ങനെ പെട്ടെ​ന്നു​തന്നെ ഞങ്ങൾക്കു മനസ്സി​ലാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളാ​കണം, അതാണു ഞങ്ങൾ ചെയ്യേ​ണ്ടത്‌ എന്ന്‌. പിന്നീട്‌ ഞങ്ങൾ രണ്ടു പേരും ഒരേ ദിവസം സ്‌നാ​ന​മേറ്റു.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ഞങ്ങളുടെ മൂന്നു മക്കളെ​യും യഹോ​വ​യു​ടെ വഴിക​ളിൽ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ സന്തോഷം എനിക്കും ഭാര്യ​യ്‌ക്കും ഇപ്പോൾ ആസ്വദി​ക്കാൻ കഴിയു​ന്നു. യഹോ​വ​യു​മാ​യി നല്ലൊരു സൗഹൃ​ദ​വും അവർക്കുണ്ട്‌. സന്തോ​ഷ​മു​ള്ളൊ​രു കുടും​ബ​മാണ്‌ ഞങ്ങളു​ടേത്‌. ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ സത്യം കണ്ടെത്താൻ എന്നെ സഹായി​ച്ച​തിന്‌ യഹോ​വ​യോട്‌ എനിക്ക്‌ എത്രയ​ധി​കം നന്ദിയു​ണ്ടെ​ന്നോ! ശരിക്കും ആളുക​ളു​ടെ ജീവി​തത്തെ മാറ്റി​മ​റി​ക്കാൻ ബൈബി​ളി​നു കഴിയും. എന്റെ ജീവി​തം​ത​ന്നെ​യാണ്‌ അതിനുള്ള തെളിവ്‌.

“എനിക്ക്‌ ശുദ്ധമായ, അർഥവ​ത്തായ, പുതി​യൊ​രു ജീവിതം കിട്ടി.”​—വിക്ടോ​റിയ ടോങ്‌

 • ജനനം: 1957

 • രാജ്യം: ഓസ്‌​ട്രേ​ലി​യ

 • ചരിത്രം: ദുരി​തങ്ങൾ നിറഞ്ഞ ബാല്യം

എന്റെ പഴയ കാലം:

ന്യൂ സൗത്ത്‌ വെയ്‌ൽസി​ലുള്ള ന്യൂകാ​സി​ലി​ലാണ്‌ ഞാൻ ജനിച്ചു​വ​ളർന്നത്‌. ഏഴു മക്കളിൽ മൂത്തവ​ളാണ്‌ ഞാൻ. അക്രമ​സ്വ​ഭാ​വ​മു​ള്ള​വ​രാ​യി​രു​ന്നു അപ്പനും അമ്മയും. അതി​ന്റെ​കൂ​ടെ അപ്പൻ മുഴു​ക്കു​ടി​യ​നു​മാ​യി​രു​ന്നു. ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും അമ്മ എന്നെ വല്ലാതെ മുറി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. ഞാൻ കൊള്ളി​ല്ലാ​ത്ത​വ​ളാ​ണെ​ന്നും നരകത്തിൽ പോകു​മെ​ന്നും എപ്പോ​ഴും അമ്മ എന്നോടു പറയും. ഇതെല്ലാം കേട്ട്‌ എനിക്ക്‌ ആകെ പേടി​തോ​ന്നി.

അമ്മ എപ്പോ​ഴും ഉപദ്ര​വി​ക്കു​ന്ന​തു​കൊണ്ട്‌ എനിക്കു പലപ്പോ​ഴും സ്‌കൂ​ളിൽ പോകാൻ പറ്റുമാ​യി​രു​ന്നില്ല. കാരണം ദേഹത്ത്‌ മുഴുവൻ മുറി​വു​ക​ളാ​യി​രു​ന്നു. അങ്ങനെ 11-ാം വയസ്സിൽ ഗവൺമെന്റ്‌ അധികാ​രി​കൾ അപ്പന്റെ​യും അമ്മയു​ടെ​യും അടുത്തു​നിന്ന്‌ എന്നെ ഒരു ഗവൺമെന്റ്‌ സ്ഥാപന​ത്തി​ലേക്കു മാറ്റി. പിന്നീട്‌ ഒരു കോൺവെ​ന്റി​ലേക്ക്‌. 14 വയസ്സാ​യ​പ്പോൾ ഞാൻ അവി​ടെ​നിന്ന്‌ ചാടി. എനിക്കു വീട്ടി​ലേക്കു തിരി​ച്ചു​പോ​കാൻ തോന്നി​യില്ല. അതു​കൊണ്ട്‌ സിഡ്‌നി നഗരത്തി​ന്റെ പുറത്തുള്ള കിങ്‌സ്‌ ക്രോസ്‌ തെരു​വിൽ ഞാൻ താമസി​ച്ചു.

ആ സമയത്ത്‌ ഞാൻ മദ്യവും മയക്കു​മ​രു​ന്നും ഉപയോ​ഗി​ച്ചി​രു​ന്നു, അശ്ലീലം കാണു​മാ​യി​രു​ന്നു, വേശ്യാ​വൃ​ത്തി​യി​ലും ഏർപ്പെ​ട്ടി​രു​ന്നു. ഒരിക്കൽ എന്നെ വളരെ​യ​ധി​കം പേടി​പ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു നിശാ​ക്ലബ്‌ ഉടമസ്ഥന്റെ ഫ്‌ളാ​റ്റിൽ ഞാൻ താമസി​ക്കു​ക​യാ​യി​രു​ന്നു. ഒരു ദിവസം വൈകു​ന്നേരം രണ്ടു പേർ അദ്ദേഹത്തെ കാണാൻ വന്നു. എന്നോടു മുറി​യി​ലേക്കു പോകാൻ അദ്ദേഹം പറഞ്ഞു. പക്ഷേ അവരുടെ സംസാരം എനിക്കു കേൾക്കാ​മാ​യി​രു​ന്നു. എന്നെ അവർക്ക്‌ വിൽക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു സംസാ​രി​ച്ചത്‌. സാധനങ്ങൾ കയറ്റി അയയ്‌ക്കുന്ന കപ്പലിൽ എന്നെ ഒളിപ്പിച്ച്‌ ജപ്പാനി​ലേക്കു കടത്താ​നാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം, അവിടത്തെ ഒരു ബാറിൽ ജോലി ചെയ്യാൻവേണ്ടി. ഞാൻ ആകെ വിരണ്ടു​പോ​യി. വെപ്രാ​ള​പ്പെട്ട്‌ ബാൽക്ക​ണി​യി​ലൂ​ടെ ഇറങ്ങി അവി​ടെ​നിന്ന്‌ ഓടി രക്ഷപ്പെട്ടു.

സിഡ്‌നി നഗരം സന്ദർശി​ക്കാൻ വന്ന ഒരാളെ ഞാൻ വഴിയിൽവെച്ച്‌ കണ്ടു. കുറച്ചു പണം തന്ന്‌ സഹായി​ക്കു​മെന്ന്‌ ഓർത്ത്‌ എന്റെ അവസ്ഥക​ളെ​ല്ലാം ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. എന്നാൽ അദ്ദേഹം എന്നെ അദ്ദേഹ​ത്തി​ന്റെ താമസ​സ്ഥ​ല​ത്തേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌ ഞാനൊന്ന്‌ കുളി​ക്കു​ക​യും ഭക്ഷണം കഴിക്കു​ക​യും ഒക്കെ ചെയ്‌തു. പിന്നെ ഞാൻ അവി​ടെ​നിന്ന്‌ പോയില്ല. ഒരു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചു.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ പലപല വികാ​ര​ങ്ങ​ളാണ്‌ എനിക്കു തോന്നി​യത്‌. ദുഷ്ടത​യു​ടെ​യെ​ല്ലാം കാരണം സാത്താ​നാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ എനിക്കു ദേഷ്യം തോന്നി. കാരണം ദൈവ​മാ​ണു കഷ്ടപ്പാ​ടു​ക​ളെ​ല്ലാം വരുത്തു​ന്നത്‌ എന്നുള്ള നുണയാ​ണു ഞാൻ ഇത്രയും കാലം വിശ്വ​സി​ച്ചി​രു​ന്നത്‌. ഇനി, എന്നെ എപ്പോ​ഴും പേടി​പ്പി​ച്ചി​രുന്ന ഒരു കാര്യ​മാ​യി​രു​ന്നു ദൈവം ആളുകളെ നരകത്തി​ലിട്ട്‌ ശിക്ഷി​ക്കും എന്നത്‌. പക്ഷേ അത്‌ അങ്ങനെയല്ല എന്നു മനസ്സി​ലാ​യ​പ്പോൾ എനിക്കു വലിയ ആശ്വാ​സ​മാ​യി.

ബൈബിൾ തത്ത്വങ്ങൾ അനുസ​രിച്ച്‌ സാക്ഷികൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതു കണ്ടപ്പോൾ എനിക്കു ശരിക്കും മതിപ്പു തോന്നി. ബൈബി​ളിൽ പറയുന്ന കാര്യങ്ങൾ അവർ വിശ്വ​സി​ക്കു​ന്നെന്നു പറയുക മാത്രമല്ല പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കു​ക​യും ചെയ്യുന്നു. എന്നോട്‌ ഇടപെ​ടാൻ അവർക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. ഇനി, അവർ പറയുന്ന കാര്യ​ങ്ങ​ളോ​ടും ഞാൻ പെട്ടെ​ന്നൊ​ന്നും യോജി​ച്ചി​രു​ന്നില്ല. എന്നിട്ടും സാക്ഷികൾ എന്നോടു വളരെ സ്‌നേ​ഹ​ത്തോ​ടെ​യും ആദര​വോ​ടെ​യും ആണ്‌ പെരു​മാ​റി​യത്‌.

വിലയില്ലാത്തവളാണെന്ന തോന്ന​ലാ​യി​രു​ന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം. ഞാൻ എന്നെത്തന്നെ ശരിക്കും വെറു​ത്തി​രു​ന്നു. ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റ ശേഷവും കുറെ നാൾ ഈ ചിന്തകൾ എന്നെ അലട്ടി​ക്കൊ​ണ്ടി​രു​ന്നു. യഹോ​വയെ ഞാൻ സ്‌നേ​ഹി​ച്ചി​രു​ന്നു. പക്ഷേ എന്നെ​പ്പോ​ലെ ഒരാളെ യഹോ​വ​യ്‌ക്ക്‌ ഒരിക്ക​ലും സ്‌നേ​ഹി​ക്കാൻ പറ്റി​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു.

സ്‌നാനമേറ്റ്‌ 15 വർഷം കഴിഞ്ഞ​പ്പോൾ എന്റെ ജീവി​ത​ത്തിൽ ഒരു വഴിത്തി​രി​വു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽവെച്ച്‌ നടന്ന പ്രസം​ഗ​ത്തിൽ ഒരു സഹോ​ദരൻ യാക്കോബ്‌ 1:23, 24 വാക്യങ്ങൾ വിശദീ​ക​രി​ച്ചു. ദൈവ​വ​ച​നത്തെ ഒരു കണ്ണാടി​യോ​ടാണ്‌ ആ വാക്യം ഉപമി​ച്ചി​രി​ക്കു​ന്നത്‌. യഹോവ നമ്മളെ എങ്ങനെ​യാ​ണോ കാണു​ന്നത്‌ അങ്ങനെ നമ്മൾ നമ്മളെ​ത്തന്നെ കാണാ​നാണ്‌ അവിടെ പറയു​ന്നത്‌. അപ്പോൾ ഞാൻ ചിന്തിച്ചു, യഹോവ എന്നെ കാണു​ന്ന​തു​പോ​ലെ​യ​ല്ല​ല്ലോ ഞാൻ എന്നെത്തന്നെ കാണു​ന്നത്‌. ആദ്യ​മൊ​ന്നും എനിക്ക്‌ അത്‌ ഒട്ടും ഉൾക്കൊ​ള്ളാൻ പറ്റിയില്ല. യഹോവ എന്നെ സ്‌നേ​ഹി​ക്ക​ണ​മെന്ന ചിന്ത, അത്‌ അതിരു​ക​വിഞ്ഞ ഒരു ചിന്തയാ​ണെന്ന്‌ എനിക്കു തോന്നി.

കുറച്ച്‌ ദിവസം കഴിഞ്ഞ്‌ എന്റെ ജീവി​ത​ത്തെ​ത്തന്നെ മാറ്റി​മ​റിച്ച ഒരു വാക്യം ഞാൻ വായിച്ചു. യശയ്യ 1:18 ആയിരു​ന്നു അത്‌. അവിടെ യഹോവ ഇങ്ങനെ പറയുന്നു: “വരൂ, എന്റെ അടു​ത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം. . . . നിങ്ങളു​ടെ പാപങ്ങൾ കടുഞ്ചു​വ​പ്പാ​ണെ​ങ്കി​ലും അവ മഞ്ഞു​പോ​ലെ വെളു​ക്കും.” അതു വായി​ച്ച​പ്പോൾ യഹോവ എന്നോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ തോന്നി: “വിക്കീ, വരൂ. നമുക്ക്‌ കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം. എനിക്കു നിന്നെ അറിയാം. നിന്റെ പാപങ്ങൾ അറിയാം. നിന്റെ ഹൃദയ​ത്തി​ലു​ള്ള​തും എനിക്ക്‌ അറിയാം. ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു.”

ആ രാത്രി എനിക്ക്‌ ഉറങ്ങാനേ പറ്റിയില്ല. കാരണം യഹോ​വ​യ്‌ക്ക്‌ എന്നെ സ്‌നേ​ഹി​ക്കാൻ പറ്റുമോ എന്ന സംശയം എനിക്ക്‌ അപ്പോ​ഴും ഉണ്ടായി​രു​ന്നു. എന്നാൽ യേശു​വി​ന്റെ മോച​ന​വി​ല​യെ​ക്കു​റിച്ച്‌ ഞാൻ ചിന്തി​ക്കാൻ തുടങ്ങി. പെട്ടെന്ന്‌ ഒരു കാര്യം എന്റെ മനസ്സി​ലേക്കു വന്നു. ഇക്കാല​മ​ത്ര​യും പല രീതി​യിൽ, പല വട്ടം എന്നെ സ്‌നേ​ഹി​ക്കു​ന്നു​വെന്നു ക്ഷമയോ​ടെ യഹോവ എനിക്കു കാണിച്ചു തരിക​യാ​യി​രു​ന്നു. എന്നിട്ടും ഞാൻ തിരിച്ച്‌ യഹോ​വ​യോട്‌ ഇങ്ങനെ​യാണ്‌ പറഞ്ഞു​കൊ​ണ്ടി​രു​ന്നത്‌. “എന്നെ സ്‌നേ​ഹി​ക്കാ​നും മാത്രം വിശാ​ലമല്ല അങ്ങയുടെ സ്‌നേഹം. അങ്ങയുടെ മകന്റെ മോച​ന​വി​ല​യ്‌ക്ക്‌ എന്റെ പാപങ്ങൾ ക്ഷമിക്കാൻ കഴിയില്ല.” ഒരർഥ​ത്തിൽ മോച​ന​വില യഹോ​വ​യി​ലേക്കു തിരി​ച്ചെ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഞാൻ. എന്നാൽ മോച​ന​വില എന്ന സമ്മാന​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ച്ച​പ്പോൾ യഹോവ എന്നെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ ഞാൻ അനുഭ​വി​ച്ച​റി​യാൻതു​ടങ്ങി.

എനിക്കു കിട്ടിയ പ്രയോ​ജ​നങ്ങൾ:

എനിക്ക്‌ ശുദ്ധമായ, അർഥവ​ത്തായ, പുതി​യൊ​രു ജീവിതം കിട്ടി. എന്റെ വിവാഹ ജീവി​ത​വും മെച്ച​പ്പെട്ടു. മറ്റുള്ള​വരെ സഹായി​ക്കാൻ എന്റെ അനുഭ​വങ്ങൾ ഞാൻ അവരോ​ടു പറയാ​റുണ്ട്‌. യഹോ​വ​യോ​ടു കൂടു​തൽകൂ​ടു​തൽ അടുക്കു​ന്ന​താ​യി എനിക്ക്‌ ഇപ്പോൾ തോന്നു​ന്നു.

“ഇതായി​രു​ന്നു എന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം.”​—സെർഗി ബൊട്ടാൻകിൻ

 • ജനനം: 1974

 • രാജ്യം: റഷ്യ

 • ചരിത്രം: റോക്ക്‌ സംഗീ​ത​ത്തോ​ടുള്ള അഭിനി​വേ​ശം

എന്റെ പഴയ കാലം:

വോട്ട്‌കിൻസ്‌ക്‌ എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്‌. പ്രശസ്‌ത സംഗീ​ത​ജ്ഞ​നായ പ്യോട്ടർ ഇല്യച്ച്‌ ചായ്‌കോ​വി​സ്‌കി​യു​ടെ ജനനസ്ഥ​ല​മാ​യി​രു​ന്നു അത്‌. ഞങ്ങൾക്ക്‌ സാമ്പത്തി​ക​മാ​യി ഒന്നും​തന്നെ ഇല്ലായി​രു​ന്നു. എന്റെ ഡാഡി​യ്‌ക്ക്‌ പല നല്ല ഗുണങ്ങൾ ഉണ്ടെങ്കി​ലും അദ്ദേഹം സ്ഥിരമാ​യി മദ്യപി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ എപ്പോ​ഴും ടെൻഷൻ നിറഞ്ഞ ഒരു അവസ്ഥയാ​യി​രി​ക്കും വീട്ടിൽ.

ഞാൻ പഠിത്ത​ത്തിൽ അത്ര മിടു​ക്ക​നൊ​ന്നു​മ​ല്ലാ​യി​രു​ന്നു. പിന്നീട്‌ എനിക്കു തോന്നി​ത്തു​ടങ്ങി, ഞാൻ വിലയി​ല്ലാ​ത്ത​വ​നാ​ണെ​ന്നും മറ്റുള്ള​വ​രെ​പ്പോ​ലെ വലിയ കഴിവു​ക​ളൊ​ന്നും എനിക്കി​ല്ലെ​ന്നും. അതു​കൊ​ണ്ടു​തന്നെ ഒതുങ്ങി​ക്കൂ​ടുന്ന ഒരു സ്വഭാ​വ​മാ​യി എന്റേത്‌. മറ്റുള്ള​വരെ വിശ്വ​സി​ക്കു​ന്ന​തും എനിക്കു പ്രയാ​സ​മുള്ള ഒരു കാര്യ​മാ​യി​രു​ന്നു. സ്‌കൂ​ളിൽ പോകു​ന്ന​തു​തന്നെ ഒരു പേടി സ്വപ്‌ന​മാ​യി മാറി. സ്‌കൂ​ളിൽ കുറെ പേരുടെ മുന്നിൽവെച്ച്‌ ഒരു റിപ്പോർട്ട്‌ അവതരി​പ്പി​ക്കാൻ പറഞ്ഞ​പ്പോൾ സാധാരണ പറയുന്ന കാര്യ​ങ്ങൾപോ​ലും അന്ന്‌ എനിക്ക്‌ പറയാൻ പറ്റിയില്ല. ഞാൻ എട്ടാം ക്ലാസ്‌ പാസ്സാ​യ​പ്പോൾ എന്നെക്കു​റിച്ച്‌ അധ്യാ​പകർ പറഞ്ഞത്‌, എനിക്ക്‌ പദസമ്പത്ത്‌ ഇല്ലെന്നും കാര്യങ്ങൾ പറഞ്ഞ്‌ ഫലിപ്പി​ക്കാ​നുള്ള കഴിവ്‌ ഇല്ലെന്നും ആണ്‌. അതു കേട്ട​പ്പോൾ വിലയി​ല്ലാ​ത്ത​വ​നാ​ണെന്ന എന്റെ തോന്നൽ ഒന്നുകൂ​ടെ കൂടി. ഇനി എന്തിന്‌ ജീവി​ക്ക​ണ​മെന്നു ഞാൻ ചിന്തിച്ചു.

കൗമാരത്തിൽത്തന്നെ ഞാൻ മദ്യപാ​നം തുടങ്ങി. ആദ്യ​മൊ​ക്കെ മദ്യം എന്റെ മനസ്സിനെ സന്തോ​ഷി​പ്പി​ച്ചു. പക്ഷേ വല്ലാതെ കുടി​ക്കാൻ തുടങ്ങി​യ​പ്പോൾ എനിക്കു കുറ്റ​ബോ​ധം തോന്നി. ജീവി​ത​ത്തിന്‌ ഒരു അർഥവും ഇല്ലാത്ത​തു​പോ​ലെ​യാ​യി. അങ്ങനെ മനസ്സ്‌ തളർന്ന ഞാൻ ദിവസ​ങ്ങ​ളോ​ളം വീട്ടിൽനിന്ന്‌ പുറത്തി​റ​ങ്ങി​യില്ല. ഒടുവിൽ ആത്മഹത്യ​യെ​ക്കു​റി​ച്ചു​പോ​ലും ഞാൻ ചിന്തി​ക്കാൻ തുടങ്ങി.

20 വയസ്സാ​യ​പ്പോൾ ആശ്വാ​സ​ത്തി​നുള്ള ഒരു പുതിയ വഴി ഞാൻ കണ്ടെത്തി. പക്ഷേ അതു താത്‌കാ​ലി​ക​മാ​യി​രു​ന്നു. മോശ​മായ റോക്ക്‌ സംഗീതം അഥവാ ഹെവി മെറ്റൽ സംഗീ​ത​മാ​യി​രു​ന്നു അത്‌. ഈ സംഗീതം എനി​ക്കൊ​രു പ്രത്യേക ഊർജം തന്നു. ഇത്‌ ആസ്വദി​ക്കു​ന്ന​വരെ ഞാൻ അന്വേ​ഷി​ക്കാൻ തുടങ്ങി. ഞാൻ ആരാധി​ക്കുന്ന സംഗീ​ത​ജ്ഞ​രെ​പ്പോ​ലെ​യാ​കാൻ ഞാൻ എന്റെ മുടി നീട്ടി വളർത്തി, കാതു കുത്തി, അവരു​ടേ​തു​പോ​ലുള്ള വസ്‌ത്ര​ങ്ങ​ളും അണിഞ്ഞു. പതിയെ, ഞാൻ മുന്നും​പി​ന്നും നോക്കാ​തെ ആളുക​ളോ​ടു പെരു​മാ​റാൻ തുടങ്ങി. എല്ലാവ​രോ​ടും, പ്രത്യേ​കിച്ച്‌ വീട്ടി​ലു​ള്ള​വ​രോട്‌, വഴക്കടി​ക്കു​ന്ന​തും ദേഷ്യ​പ്പെ​ടു​ന്ന​തും എന്റെ സ്വഭാ​വ​മാ​യി മാറി.

പ്രതീക്ഷിച്ചതുപോലെ ഈ സംഗീതം എനിക്കു സന്തോ​ഷ​മൊ​ന്നും തന്നില്ല. നേരെ​മ​റി​ച്ചാ​ണു സംഭവി​ച്ചത്‌. ഞാൻ ആകെ മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സംഗീ​ത​ലോ​ക​ത്തിൽ ഞാൻ ആരാധി​ച്ചി​രുന്ന താരങ്ങ​ളെ​ക്കു​റി​ച്ചുള്ള ചില മോശം കാര്യങ്ങൾ കേട്ട​പ്പോൾ അത്‌ എന്നെ വല്ലാതെ ബാധിച്ചു. ഞാൻ ചതിക്ക​പ്പെ​ട്ട​തു​പോ​ലെ തോന്നി.

ഇത്തവണ ഞാൻ ആത്മഹത്യ​യെ​ക്കു​റിച്ച്‌ കൂടുതൽ ഗൗരവ​ത്തോ​ടെ ചിന്തി​ക്കാൻ തുടങ്ങി. എന്നാൽ എന്നെ പുറ​കോ​ട്ടു വലിച്ച ഒരേ ഒരു കാര്യം മമ്മി അത്‌ എങ്ങനെ സഹിക്കും എന്നതാ​യി​രു​ന്നു. മമ്മിക്ക്‌ എന്നെ അത്രയ്‌ക്ക്‌ ഇഷ്ടമാ​യി​രു​ന്നു, എനിക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തു​ത​ന്നി​ട്ടു​മുണ്ട്‌. ഈ ഒരു സമയത്ത്‌ മുന്നോ​ട്ടു ജീവി​ക്കാ​നും തോന്നു​ന്നില്ല, ജീവിതം അവസാ​നി​പ്പി​ക്കാ​നും പറ്റുന്നില്ല. വല്ലാത്ത ഒരു അവസ്ഥത​ന്നെ​യാ​യി​രു​ന്നു അത്‌.

വേണ്ടാത്ത ചിന്തകൾ മനസ്സിൽനിന്ന്‌ എടുത്തു​ക​ള​യാൻ ഞാൻ റഷ്യൻ സാഹി​ത്യ​പു​സ്‌ത​കങ്ങൾ വായി​ച്ചു​തു​ടങ്ങി. അതിൽ ഒരു കഥയിലെ നായകൻ, പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന ആളായി​രു​ന്നു. പെട്ടെന്ന്‌ ദൈവ​ത്തി​നു​വേ​ണ്ടി​യും മറ്റുള്ള​വർക്കു​വേ​ണ്ടി​യും എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാ​നുള്ള ആഗ്രഹം എന്റെ ഉള്ളിൽ ആളിക്കത്തി. അങ്ങനെ ജീവി​ത​ത്തിൽ ആദ്യമാ​യി ഞാൻ ദൈവ​ത്തോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ എന്നെ സഹായി​ക്കണേ എന്നു പറഞ്ഞ്‌. പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ എനിക്കു വല്ലാ​ത്തൊ​രു ആശ്വാസം തോന്നി. എന്നാൽ വിശ്വ​സി​ക്കാൻ പറ്റാത്ത ഒരു സംഭവ​മാ​ണു പിന്നെ നടന്നത്‌. വെറും രണ്ടു മണിക്കൂർ കഴിഞ്ഞ​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ വാതി​ലിൽ വന്നു മുട്ടി​യിട്ട്‌ എന്നെ ബൈബിൾ പഠിപ്പി​ക്കാ​മെന്നു പറഞ്ഞു. ഇതായി​രു​ന്നു എന്റെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരം. സന്തോ​ഷ​ക​ര​മായ ഒരു പുതിയ ജീവി​ത​ത്തി​ന്റെ തുടക്ക​മാ​യി​രു​ന്നു അത്‌.

ബൈബിൾ എന്റെ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു:

മോശ​മായ ആ സംഗീ​ത​വും അതുമാ​യി ബന്ധപ്പെട്ട എല്ലാ കാര്യ​ങ്ങ​ളും ഞാൻ തീർത്തും ഉപേക്ഷി​ച്ചു. അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. കാരണം ആ സംഗീതം കാലങ്ങ​ളാ​യി എന്റെ മനസ്സിൽ തങ്ങിനിൽക്കു​ക​യാ​യി​രു​ന്നു. അത്തരം പാട്ടുകൾ എപ്പോ​ഴെ​ങ്കി​ലും കേൾക്കേ​ണ്ടി​വ​ന്നാൽ എനിക്ക്‌ പെട്ടെന്ന്‌ പഴയ കാര്യങ്ങൾ ഓർമ വരും. എന്റെ മനസ്സി​ലും ഹൃദയ​ത്തി​ലും ഉള്ള നല്ല കാര്യ​ങ്ങളെ മോശ​മായ ആ പഴയ കാര്യ​ങ്ങ​ളു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ അത്തരത്തി​ലുള്ള സംഗീതം കേൾക്കാൻ ഇടയുള്ള എല്ലാ സാഹച​ര്യ​ങ്ങ​ളും ഞാൻ മനഃപൂർവം ഒഴിവാ​ക്കി. എപ്പോ​ഴെ​ങ്കി​ലും പഴയ ഓർമ​ക​ളിൽ എന്റെ മനസ്സൊന്ന്‌ ഉടക്കി​യാൽ ഞാൻ മുട്ടി​പ്പാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കും. അങ്ങനെ ചെയ്യു​മ്പോൾ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” എന്നെ സഹായി​ക്കും.—ഫിലി​പ്പി​യർ 4:7.

ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി, പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയണ​മെ​ന്നതു ക്രിസ്‌ത്യാ​നി​ക​ളു​ടെ കടമയാ​ണെന്ന്‌. (മത്തായി 28:19, 20) അത്‌ എന്നെ​ക്കൊണ്ട്‌ പറ്റുന്ന ഒരു കാര്യ​മ​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. എന്നാൽ ഞാൻ പഠിക്കുന്ന ഓരോ കാര്യ​വും എനിക്കു വലിയ സന്തോ​ഷ​വും മനസ്സമാ​ധാ​ന​വും തന്നു. മറ്റുള്ള​വ​രും ഇത്‌ അറിയ​ണ​മെന്ന്‌ ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ പേടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞാൻ മറ്റുള്ള​വ​രോ​ടു പറയാൻ തുടങ്ങി. അപ്പോൾ എന്റെ ആത്മവി​ശ്വാ​സം കൂടി, വിശ്വാ​സം ബലപ്പെട്ടു. എനിക്കു​തന്നെ അതിശ​യ​മാ​യി​രു​ന്നു അത്‌.

എനിക്കു കിട്ടിയ പ്രയോ​ജ​നങ്ങൾ:

എനിക്ക്‌ ഇപ്പോൾ നല്ലൊരു കുടും​ബ​മുണ്ട്‌. അമ്മയെ​യും പെങ്ങ​ളെ​യും ഉൾപ്പെടെ പലരെ​യും ബൈബിൾ സത്യങ്ങൾ പഠിപ്പി​ക്കാ​നും കഴിഞ്ഞു. ദൈവത്തെ സേവി​ക്കു​ന്ന​തും ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും ആണ്‌ എന്റെ ജീവി​ത​ത്തിന്‌ ശരിക്കും അർഥം നൽകി​യത്‌.