വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 17

യേശു രാത്രി​യിൽ നിക്കോ​ദേ​മൊ​സി​നെ പഠിപ്പി​ക്കു​ന്നു

യേശു രാത്രി​യിൽ നിക്കോ​ദേ​മൊ​സി​നെ പഠിപ്പി​ക്കു​ന്നു

യോഹ​ന്നാൻ 2:23–3:21

  • യേശു നിക്കോ​ദേ​മൊ​സി​നോ​ടു സംസാ​രി​ക്കു​ന്നു

  • ‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥം എന്താണ്‌?

വർഷം എ.ഡി. 30. യേശു പെസഹയ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ എത്തിയി​രി​ക്കു​ന്നു. ശ്രദ്ധേ​യ​മായ പല അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും യേശു അവിടെ ചെയ്യു​ന്നുണ്ട്‌. ഇതിന്റെ ഫലമായി പലരും യേശു​വിൽ വിശ്വ​സി​ക്കു​ന്നു. ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നി​ലെ ഒരു അംഗമായ നിക്കോ​ദേ​മൊസ്‌ എന്ന പരീശ​നും യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ മതിപ്പു തോന്നു​ന്നു. അതു​കൊണ്ട്‌ കൂടുതൽ കാര്യങ്ങൾ അറിയാ​നാ​യി അദ്ദേഹം രാത്രി​യിൽ യേശു​വി​ന്റെ അടുത്ത്‌ വരുന്നു. താൻ യേശു​വി​ന്റെ അടുക്കൽ വരുന്നത്‌ കണ്ടാൽ ജൂതന്മാ​രായ മറ്റു നേതാ​ക്ക​ന്മാ​രു​മാ​യുള്ള ബന്ധത്തെ അതു ബാധി​ക്കു​മോ എന്നു പേടി​ച്ചാണ്‌ ഒരുപക്ഷേ അദ്ദേഹം രാത്രി​യിൽ വരുന്നത്‌.

“റബ്ബീ, അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെ​യി​ല്ലാ​തെ ഇതു​പോ​ലുള്ള അടയാ​ളങ്ങൾ ചെയ്യാൻ ആർക്കും കഴിയില്ല,” നിക്കോ​ദേ​മൊസ്‌ പറയുന്നു. മറുപ​ടി​യാ​യി യേശു നിക്കോ​ദേ​മൊ​സി​നോട്‌, ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ ഒരു വ്യക്തി ‘വീണ്ടും ജനിക്കണം’ എന്നു പറയുന്നു.​—യോഹ​ന്നാൻ 3:2, 3.

പക്ഷേ, ഒരാൾക്ക്‌ എങ്ങനെ​യാ​ണു വീണ്ടും ജനിക്കാൻ കഴിയു​ന്നത്‌? “അയാൾക്ക്‌ അമ്മയുടെ വയറ്റിൽ കടന്ന്‌ വീണ്ടും ജനിക്കാൻ കഴിയു​മോ” എന്ന്‌ നിക്കോ​ദേ​മൊസ്‌ ചോദി​ക്കു​ന്നു.​—യോഹ​ന്നാൻ 3:4.

വീണ്ടും ജനിക്കുക എന്നു പറയു​ന്ന​തി​ന്റെ അർഥം അതല്ല. “വെള്ളത്തിൽനി​ന്നും ആത്മാവിൽനി​ന്നും ജനിക്കാ​ത്ത​യാൾക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കില്ല” എന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു. (യോഹ​ന്നാൻ 3:5) യേശു വെള്ളത്തിൽ സ്‌നാ​ന​മേറ്റ സമയത്ത്‌ പരിശു​ദ്ധാ​ത്മാ​വും യേശു​വി​ന്റെ മേൽ വന്നു. അങ്ങനെ യേശു ‘വെള്ളത്തിൽനി​ന്നും ആത്മാവിൽനി​ന്നും’ ജനിച്ചു. കൂടാതെ, “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നൊരു പ്രഖ്യാ​പ​ന​വും സ്വർഗ​ത്തിൽനിന്ന്‌ കേട്ടു. (മത്തായി 3:16, 17) അങ്ങനെ സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ യേശു ദൈവ​ത്തി​ന്റെ ഒരു ആത്മീയ​പു​ത്ര​നാ​യി​ത്തീർന്നു. പിന്നീട്‌ എ.ഡി. 33-ലെ പെന്തി​ക്കോസ്‌തിൽ സ്‌നാ​ന​പ്പെട്ട മറ്റുള്ള​വ​രു​ടെ മേലും പരിശു​ദ്ധാ​ത്മാ​വി​നെ പകരു​മാ​യി​രു​ന്നു. അങ്ങനെ അവരും ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെട്ട ദൈവപുത്രന്മാ​രാ​യി വീണ്ടും ജനിക്കും.​—പ്രവൃ​ത്തി​കൾ 2:1-4.

രാജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പഠിപ്പി​ക്കു​ന്ന​തൊ​ന്നും നിക്കോദേമൊസിനു മനസ്സി​ലാ​കു​ന്നില്ല. അതു​കൊണ്ട്‌ സ്വർഗ​ത്തിൽനിന്ന്‌ വന്ന മനുഷ്യ​പു​ത്രൻ എന്ന നിലയി​ലുള്ള തന്റെ പ്രത്യേ​ക​പ​ങ്കി​നെ​ക്കു​റിച്ച്‌ യേശു കൂടു​ത​ലായ ചില വിവരങ്ങൾ പറയുന്നു. യേശു പറയുന്നു: “മോശ വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തി​യ​തു​പോ​ലെ​തന്നെ മനുഷ്യ​പു​ത്ര​നും ഉയർത്ത​പ്പെ​ടേ​ണ്ട​താണ്‌. അങ്ങനെ, അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യ​ജീ​വൻ കിട്ടും.”​—യോഹ​ന്നാൻ 3:14, 15.

പണ്ട്‌ ഇസ്രാ​യേ​ല്യർക്കു വിഷപ്പാമ്പുകളുടെ കടിയേറ്റപ്പോൾ രക്ഷപ്പെടാൻ താമ്ര​സർപ്പത്തെ നോക്ക​ണ​മാ​യി​രു​ന്നു. (സംഖ്യ 21:9) ഇതേ​പോ​ലെ മരണത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ നിത്യ​ജീ​വൻ നേടാൻ എല്ലാ ആളുക​ളും ദൈവ​ത്തി​ന്റെ മകനിൽ വിശ്വ​സി​ക്കേ​ണ്ട​തുണ്ട്‌. ഈ കാര്യ​ത്തി​ലുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ പങ്കി​നെ​ക്കു​റിച്ച്‌ എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യേശു അടുത്ത​താ​യി നിക്കോ​ദേ​മൊ​സി​നോ​ടു പറയുന്നു: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.” (യോഹ​ന്നാൻ 3:16) അങ്ങനെ, മനുഷ്യ​വർഗത്തെ രക്ഷയി​ലേക്കു നയിക്കുന്ന വഴി താനാ​ണെന്ന കാര്യം ശുശ്രൂഷ തുടങ്ങി ആറു മാസത്തി​നു ശേഷം യേശു വ്യക്തമാ​ക്കു​ന്നു.

യേശു നിക്കോ​ദേ​മൊ​സി​നോ​ടു പറയുന്നു: “ദൈവം മകനെ ലോക​ത്തേക്ക്‌ അയച്ചത്‌ അവൻ ലോകത്തെ വിധി​ക്കാ​നല്ല.” അതിന്റെ അർഥം യേശു​വി​നെ അയച്ചത്‌ ലോകത്തെ പ്രതി​കൂ​ല​മാ​യി ന്യായം​വി​ധി​ക്കാ​നോ എല്ലാ മനുഷ്യ​രെ​യും നാശത്തി​നു വിധി​ക്കാ​നോ അല്ല എന്നാണ്‌. പകരം “അവനി​ലൂ​ടെ ലോകം രക്ഷ നേടാ​നാണ്‌” എന്ന്‌ യേശു​തന്നെ പറയുന്നു.​—യോഹ​ന്നാൻ 3:17.

ഇരുട്ടത്ത്‌ ആരും കാണാതെ പേടി​ച്ചാണ്‌ നിക്കോ​ദേ​മൊസ്‌ യേശു​വി​ന്റെ അടുത്ത്‌ വരുന്നത്‌. അതു​കൊ​ണ്ടു​തന്നെ യേശു തന്റെ സംഭാ​ഷണം ഇങ്ങനെ അവസാ​നി​പ്പി​ക്കു​ന്നു: “ന്യായ​വി​ധി​യു​ടെ അടിസ്ഥാ​നം ഇതാണ്‌: വെളിച്ചം (തന്റെ ജീവി​ത​ത്തി​ലൂ​ടെ​യും പഠിപ്പി​ക്ക​ലി​ലൂ​ടെ​യും യേശു വെളി​ച്ച​മാ​യി​രു​ന്നു.) ലോക​ത്തേക്കു വന്നിട്ടും മനുഷ്യർ വെളി​ച്ച​ത്തെ​ക്കാൾ ഇരുട്ടി​നെ സ്‌നേ​ഹി​ക്കു​ന്നു. കാരണം അവരുടെ പ്രവൃ​ത്തി​കൾ ദുഷി​ച്ച​താണ്‌. ഹീനമായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​യാൾ വെളി​ച്ചത്തെ വെറു​ക്കു​ന്നു. അയാളു​ടെ പ്രവൃ​ത്തി​കൾ  വെളി​ച്ചത്ത്‌ വരാതി​രി​ക്കാൻവേണ്ടി അയാൾ വെളി​ച്ച​ത്തി​ലേക്കു വരുന്നില്ല. എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​യാൾ, തന്റെ പ്രവൃ​ത്തി​കൾ ദൈ​വേ​ഷ്ട​പ്ര​കാ​ര​മു​ള്ള​താ​ണെന്നു വെളി​പ്പെ​ടാൻവേണ്ടി വെളി​ച്ച​ത്തി​ലേക്കു വരുന്നു.”​—യോഹ​ന്നാൻ 3:19-21.

അങ്ങനെ ഇസ്രാ​യേ​ലി​ലെ അധ്യാ​പ​ക​നും പരീശ​നും ആയ നിക്കോ​ദേ​മൊസ്‌ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ലുള്ള യേശു​വി​ന്റെ പങ്കി​നെ​ക്കു​റിച്ച്‌ കേട്ടു. ഇനി, കേട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കേ​ണ്ടത്‌ അദ്ദേഹ​മാണ്‌.