വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 16

സത്യാ​രാ​ധ​ന​യി​ലുള്ള യേശു​വി​ന്റെ ശുഷ്‌കാ​ന്തി

സത്യാ​രാ​ധ​ന​യി​ലുള്ള യേശു​വി​ന്റെ ശുഷ്‌കാ​ന്തി

യോഹ​ന്നാൻ 2:12-22

  • യേശു ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

കാനാ​യി​ലെ കല്യാ​ണ​ത്തി​നു ശേഷം യേശു കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നു. അമ്മയും അർധസ​ഹോ​ദ​ര​ന്മാ​രായ യാക്കോബ്‌, യോ​സേഫ്‌, ശിമോൻ, യൂദാസ്‌ എന്നിവ​രു​മുണ്ട്‌ യേശു​വി​ന്റെ​കൂ​ടെ.

പക്ഷേ, യേശു എന്തിനാ​ണു കഫർന്ന​ഹൂ​മി​ലേക്കു പോകു​ന്നത്‌? നസറെ​ത്തി​നെ​യും കാനാ​യെ​യും അപേക്ഷിച്ച്‌ കൂടുതൽ പ്രാധാ​ന്യ​മു​ള്ള​തും സാധ്യ​ത​യ​നു​സ​രിച്ച്‌ വലുതും ആണ്‌ ഈ നഗരം. കൂടാതെ, യേശു​വി​ന്റെ പുതിയ ശിഷ്യ​ന്മാ​രിൽ പലരും കഫർന്ന​ഹൂ​മി​ലും അതിന്‌ അടുത്തും ആണു താമസി​ക്കു​ന്നത്‌. അതു​കൊണ്ട്‌ അവരുടെ നാട്ടിൽവെ​ച്ചു​തന്നെ അവർക്കു പരിശീ​ലനം കൊടു​ക്കാ​നും യേശു​വി​നാ​കും.

കഫർന്ന​ഹൂ​മിൽ താമസി​ക്കു​മ്പോൾ യേശു പല അത്ഭുത​ങ്ങ​ളും ചെയ്യു​ന്നുണ്ട്‌. ആ നഗരത്തി​ലും അതിനു ചുറ്റും ഉള്ള ആളുകൾ അതെക്കു​റിച്ച്‌ കേൾക്കു​ന്നു. എന്നാൽ ഇപ്പോൾ എ.ഡി. 30-ലെ പെസഹ​യ്‌ക്കു സമയമാ​യി. യേശു​വും കൂട്ടു​കാ​രും ഭക്തരായ ജൂതന്മാ​രാണ്‌. അതു​കൊണ്ട്‌ അവർക്കു പെട്ടെ​ന്നു​തന്നെ യരുശ​ലേ​മി​ലേക്കു പോകണം.

യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽവെച്ച്‌, യേശു മുമ്പ്‌ ഒരിക്ക​ലും ചെയ്യാത്ത ഒരു കാര്യം ചെയ്യു​ന്നതു ശിഷ്യ​ന്മാർ കാണുന്നു. അവരിൽ വളരെ മതിപ്പു​ള​വാ​ക്കുന്ന ഒരു കാര്യ​മാ​ണത്‌.

ഇസ്രാ​യേ​ല്യർക്കു കൊടുത്ത ദൈവ​നി​യ​മ​മ​നു​സ​രിച്ച്‌ ദേവാ​ല​യ​ത്തിൽ മൃഗങ്ങളെ ബലിയർപ്പി​ക്ക​ണ​മാ​യി​രു​ന്നു. ദൂരസ്ഥ​ല​ങ്ങ​ളിൽനിന്ന്‌ എത്തുന്ന​വർക്ക്‌ അവിടെ താമസി​ക്കു​മ്പോൾ ഭക്ഷണവും ആവശ്യ​മാണ്‌. അതു​കൊണ്ട്‌ യരുശ​ലേ​മി​ലേക്കു വരു​മ്പോൾ അവർക്ക്‌ “കന്നുകാ​ലി, ചെമ്മരി​യാട്‌, കോലാട്‌” എന്നിവയെ വാങ്ങാ​നും മറ്റ്‌ ആവശ്യ​ങ്ങൾക്കും വേണ്ടി പണം കൊണ്ടു​വ​രാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. (ആവർത്തനം 14:24-26) പക്ഷേ, യരുശ​ലേ​മി​ലെ കച്ചവട​ക്കാർ ദേവാ​ല​യ​ത്തി​ന്റെ വിശാ​ല​മായ മുറ്റത്തു​തന്നെ മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും വിൽക്കു​ക​യാണ്‌. ചിലരാ​ണെ​ങ്കിൽ കൂടുതൽ പണം വാങ്ങി​ക്കൊണ്ട്‌ ആളുകളെ പറ്റിക്കു​ന്നു​മുണ്ട്‌.

ഇതെല്ലാം കണ്ട്‌ ദേഷ്യം വന്ന യേശു നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ നാണയങ്ങൾ ചിതറി​ച്ചു​ക​ള​യു​ന്നു; അവരുടെ മേശകൾ മറിച്ചി​ടു​ന്നു; ആ കച്ചവട​ക്കാ​രെ​യും അവി​ടെ​നിന്ന്‌ ഓടി​ക്കു​ന്നു. എന്നിട്ട്‌ യേശു പറയുന്നു: “എല്ലാം ഇവി​ടെ​നിന്ന്‌ കൊണ്ടു​പോ​കൂ! എന്റെ പിതാ​വി​ന്റെ ഭവനം ഒരു കച്ചവട​സ്ഥ​ല​മാ​ക്കു​ന്നതു മതിയാ​ക്കൂ!”​—യോഹ​ന്നാൻ 2:16.

ഇതു കാണു​മ്പോൾ “അങ്ങയുടെ ഭവന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി എന്നെ തിന്നു​ക​ള​യും” എന്ന ദൈവ​പു​ത്ര​നെ​ക്കു​റി​ച്ചുള്ള ഒരു പ്രവചനം യേശു​വി​ന്റെ ശിഷ്യ​ന്മാർ ഓർക്കു​ന്നു. എന്നാൽ ജൂതന്മാർ “ഇതൊക്കെ ചെയ്യാൻ തനിക്ക്‌ അധികാ​ര​മു​ണ്ടെ​ന്ന​തി​നു തെളി​വാ​യി എന്തെങ്കി​ലും അടയാളം കാണി​ച്ചു​ത​രാൻ പറ്റുമോ” എന്നു ചോദി​ക്കു​ന്നു. “ഈ ദേവാ​ലയം പൊളി​ക്കുക; മൂന്നു ദിവസ​ത്തി​നകം ഞാൻ ഇതു പണിയും” എന്ന്‌ യേശു മറുപടി പറയുന്നു.​—യോഹ​ന്നാൻ 2:17-19; സങ്കീർത്തനം 69:9.

യരുശ​ലേ​മി​ലു​ള്ള ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചാണ്‌ യേശു പറയു​ന്ന​തെന്ന്‌ ജൂതന്മാർ വിചാ​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർ “46 വർഷം​കൊണ്ട്‌ പണിത ഈ ദേവാ​ലയം മൂന്നു ദിവസ​ത്തി​നകം നീ പണിയു​മെ​ന്നോ” എന്നു ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 2:20) പക്ഷേ യേശു ഉദ്ദേശി​ക്കു​ന്നത്‌ തന്റെ ശരീര​മാ​കുന്ന ദേവാ​ല​യ​ത്തെ​ക്കു​റി​ച്ചാണ്‌. മൂന്നു വർഷത്തി​നു ശേഷം യേശു പുനരു​ത്ഥാ​ന​ത്തിൽ വരു​മ്പോൾ ശിഷ്യ​ന്മാർ ഈ വാക്കുകൾ ഓർക്കു​ന്നു.