വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 125

യേശു​വി​നെ അന്നാസി​ന്റെ അടുത്തും പിന്നെ കയ്യഫയു​ടെ അടുത്തും കൊണ്ടു​പോ​കു​ന്നു

യേശു​വി​നെ അന്നാസി​ന്റെ അടുത്തും പിന്നെ കയ്യഫയു​ടെ അടുത്തും കൊണ്ടു​പോ​കു​ന്നു

മത്തായി 26:57-68; മർക്കോസ്‌ 14:53-65; ലൂക്കോസ്‌ 22:54, 63-65; യോഹ​ന്നാൻ 18:13, 14, 19-24

  • മുൻ മഹാപു​രോ​ഹി​ത​നായ അന്നാസി​ന്റെ അടു​ത്തേക്ക്‌ യേശു​വി​നെ കൊണ്ടു​പോ​കു​ന്നു

  • സൻഹെ​ദ്രി​ന്റെ നിയമ​വി​രു​ദ്ധ​മായ വിചാരണ

ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ യേശു​വി​നെ പിടിച്ച്‌ അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​കു​ന്നു. ചെറു​പ്പ​ത്തിൽ ദേവാ​ല​യ​ത്തിൽവെച്ച്‌ ഉപദേ​ഷ്ടാ​ക്ക​ന്മാ​രെ യേശു വിസ്‌മ​യി​പ്പി​ച്ച​പ്പോൾ ഈ അന്നാസാ​യി​രു​ന്നു മഹാപു​രോ​ഹി​തൻ. (ലൂക്കോസ്‌ 2:42, 47) അന്നാസി​ന്റെ മക്കളിൽ ചിലർ പിന്നീട്‌ മഹാപു​രോ​ഹി​ത​ന്മാ​രാ​യി. ഇപ്പോൾ മരുമ​ക​നായ കയ്യഫയാണ്‌ ആ സ്ഥാനത്ത്‌.

യേശു അന്നാസി​ന്റെ വീട്ടി​ലാ​യി​രുന്ന സമയത്തു കയ്യഫ സൻഹെ​ദ്രിൻ വിളി​ച്ചു​കൂ​ട്ടു​ന്നു. 71 അംഗങ്ങ​ളുള്ള ഈ കോട​തി​യിൽ മഹാപു​രോ​ഹി​ത​നും മുമ്പ്‌ ഈ സ്ഥാനം വഹിച്ച​വ​രും ഉണ്ടായി​രു​ന്നു.

അന്നാസ്‌ “യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ​പ്പ​റ്റി​യും യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും” യേശു​വി​നോ​ടു ചോദി​ക്കു​ന്നു. യേശു അതിന്‌ ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ ലോക​ത്തോ​ടു പരസ്യ​മാ​യി​ട്ടാ​ണു സംസാ​രി​ച്ചത്‌. ജൂതന്മാ​രെ​ല്ലാം ഒരുമി​ച്ചു​കൂ​ടാ​റുള്ള സിന​ഗോ​ഗി​ലും ദേവാ​ല​യ​ത്തി​ലും ആണ്‌ ഞാൻ പഠിപ്പി​ച്ചു​പോ​ന്നത്‌. ഞാൻ രഹസ്യ​മാ​യി ഒന്നും സംസാ​രി​ച്ചി​ട്ടില്ല. പിന്നെ എന്തിനാണ്‌ എന്നെ ചോദ്യം ചെയ്യു​ന്നത്‌? ഞാൻ സംസാ​രി​ച്ച​തൊ​ക്കെ കേട്ടി​ട്ടു​ള്ള​വ​രോ​ടു ചോദി​ച്ചു​നോ​ക്കൂ.”​—യോഹ​ന്നാൻ 18:19-21.

ഇതു കേട്ട്‌ അരികെ നിന്നി​രുന്ന ഭടന്മാ​രിൽ ഒരാൾ യേശു​വി​ന്റെ മുഖത്ത്‌ അടിച്ചിട്ട്‌, “ഇങ്ങനെ​യാ​ണോ മുഖ്യ​പു​രോ​ഹി​ത​നോട്‌ ഉത്തരം പറയു​ന്നത്‌ ” എന്നു ചോദി​ച്ചു. എന്നാൽ താൻ ചെയ്‌ത​തിൽ ഒരു തെറ്റും ഇല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രുന്ന യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാ​ണെ​ങ്കിൽ അതു തെളി​യി​ക്കുക. ശരിയാ​ണു പറഞ്ഞ​തെ​ങ്കിൽ എന്നെ അടിക്കു​ന്നത്‌ എന്തിനാണ്‌?” (യോഹ​ന്നാൻ 18:22, 23) തുടർന്ന്‌ അന്നാസ്‌ യേശു​വി​നെ മരുമ​ക​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ വിടുന്നു.

സൻഹെ​ദ്രിൻ അംഗങ്ങ​ളായ ഇപ്പോ​ഴത്തെ മഹാപു​രോ​ഹി​തൻ, മൂപ്പന്മാർ, ശാസ്‌ത്രി​മാർ ഇവരെ​ല്ലാം ഇപ്പോൾ കയ്യഫയു​ടെ വീട്ടിൽ കൂടി​വ​ന്നി​രി​ക്കു​ന്നു. പെസഹാ​രാ​ത്രി  ഇതു​പോ​ലൊ​രു വിചാരണ ശരിക്കും നിയമ​വി​രു​ദ്ധ​മാണ്‌. എങ്കിലും അതൊ​ന്നും അവരുടെ ദുഷ്ടപ​ദ്ധതി നടപ്പി​ലാ​ക്കു​ന്ന​തിൽനിന്ന്‌ അവരെ പിന്തി​രി​പ്പി​ക്കു​ന്നില്ല.

അവിടെ കൂടി​വ​ന്നവർ ഒരു കാര്യം തീരു​മാ​നിച്ച്‌ ഉറച്ചു​ത​ന്നെ​യാ​ണു വന്നിരി​ക്കു​ന്നത്‌, യേശു​വി​നെ കൊല്ലാൻ. യേശു ലാസറി​നെ ഉയിർപ്പി​ച്ച​പ്പോൾ സൻഹെ​ദ്രിൻ ഒരു ഉറച്ച തീരു​മാ​നം എടുത്തി​രു​ന്നു. (യോഹ​ന്നാൻ 11:47-53) കൂടാതെ ഏതാനും ദിവസ​ങ്ങൾക്കു മുമ്പാ​യി​രു​ന്നു മതാധി​കാ​രി​കൾ യേശു​വി​നെ കൊല്ലാൻ ഗൂഢാ​ലോ​ചന നടത്തി​യത്‌. (മത്തായി 26:3, 4) വിചാരണ തുടങ്ങു​ന്ന​തി​നു മുമ്പേ​തന്നെ യേശു​വി​നെ വധിക്കാൻ അവർ തീരു​മാ​നി​ച്ചി​രു​ന്നു!

അന്യാ​യ​മാ​യി കൂടി​വ​ന്നതു കൂടാതെ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും സൻഹെ​ദ്രി​നി​ലെ മറ്റ്‌ അംഗങ്ങ​ളും യേശു​വിന്‌ എതിരെ കള്ളസാക്ഷി പറയാൻ ആളെ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. അവർ പലരെ​യും കണ്ടെത്തി, പക്ഷേ അവരുടെ മൊഴി​ക​ളിൽ വൈരു​ദ്ധ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഒടുവിൽ രണ്ടു പേർ മുന്നോ​ട്ടു വന്ന്‌ ഇങ്ങനെ പറഞ്ഞു: “‘കൈ​കൊണ്ട്‌ പണിത ഈ ദേവാ​ലയം ഇടിച്ചു​ക​ളഞ്ഞ്‌ കൈ​കൊ​ണ്ട​ല്ലാ​തെ മറ്റൊന്നു മൂന്നു ദിവസ​ത്തി​നകം ഞാൻ പണിയും’ എന്ന്‌ ഇവൻ പറയു​ന്നതു ഞങ്ങൾ കേട്ടു.” (മർക്കോസ്‌ 14:58) എന്നാൽ ഇവരുടെ മൊഴി​ക​ളി​ലും ചേർച്ച​ക്കു​റ​വു​ണ്ടാ​യി​രു​ന്നു.

കയ്യഫ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിനക്കു മറുപടി ഒന്നും പറയാ​നി​ല്ലേ? നിനക്ക്‌ എതി​രെ​യുള്ള ഇവരുടെ മൊഴി നീ കേൾക്കു​ന്നി​ല്ലേ?” (മർക്കോസ്‌ 14:60) സാക്ഷി​ക​ളു​ടെ പരസ്‌പ​ര​വി​രു​ദ്ധ​മായ കഥകളും വ്യാജാ​രോ​പ​ണ​ങ്ങ​ളും കേട്ട്‌ യേശു നിശ്ശബ്ദ​നാ​യി നിന്നു. അതു​കൊണ്ട്‌ മഹാപു​രോ​ഹി​തൻ കയ്യഫ ഇപ്പോൾ മറ്റൊരു തന്ത്രം പ്രയോ​ഗി​ക്കു​ന്നു.

ആരെങ്കി​ലും താൻ ദൈവ​പു​ത്ര​നാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടാൽ ജൂതന്മാർ പ്രകോ​പി​ത​രാ​കു​മെന്നു കയ്യഫയ്‌ക്ക്‌ അറിയാം. മുമ്പൊ​രി​ക്കൽ യേശു ദൈവത്തെ തന്റെ പിതാ​വെന്ന്‌ വിളി​ച്ച​പ്പോൾ ജൂതന്മാർ യേശു​വി​നെ കൊല്ലാൻ ഒരുങ്ങി​യ​താണ്‌. കാരണം യേശു ‘തന്നെത്തന്നെ ദൈവ​തു​ല്യ​നാ​ക്കു​ന്നെന്ന്‌ ’ അവർ വിചാ​രി​ച്ചു. (യോഹ​ന്നാൻ 5:17, 18; 10:31-39) ഇത്‌ അറിയാ​വുന്ന കയ്യഫ വളരെ വിദഗ്‌ധ​മാ​യി യേശു​വി​നോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നീ ദൈവ​പു​ത്ര​നായ ക്രിസ്‌തു​വാ​ണോ എന്നു ജീവനുള്ള ദൈവ​ത്തെ​ച്ചൊ​ല്ലി ഞങ്ങളോട്‌ ആണയിട്ട്‌ പറയാൻ ഞാൻ നിന്നോട്‌ ആവശ്യ​പ്പെ​ടു​ക​യാണ്‌.” (മത്തായി 26:63) താൻ ദൈവ​പു​ത്ര​നാ​ണെന്ന കാര്യം യേശു ഇതിനു മുമ്പ്‌ പറഞ്ഞി​ട്ടുണ്ട്‌. (യോഹ​ന്നാൻ 3:18; 5:25; 11:4) പക്ഷേ ഇപ്പോൾ യേശു അങ്ങനെ പറയാൻ വിസമ്മ​തി​ച്ചാൽ താൻ ദൈവ​പു​ത്ര​നും ക്രിസ്‌തു​വും ആണെന്ന കാര്യം യേശു​തന്നെ നിഷേ​ധി​ക്കു​ക​യാ​യി​രി​ക്കും. അതു​കൊണ്ട്‌ യേശു പറയുന്നു: “അതെ. മനുഷ്യ​പു​ത്രൻ ശക്തനാ​യ​വന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്ന​തും ആകാശ​മേ​ഘ​ങ്ങ​ളോ​ടെ വരുന്ന​തും നിങ്ങൾ കാണും.”​—മർക്കോസ്‌ 14:62.

ഇതു കേട്ട​പ്പോൾ കയ്യഫ തന്റെ പുറങ്കു​പ്പാ​യം കീറി​ക്കൊണ്ട്‌ പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവ​നി​ന്ദ​യാണ്‌! ഇനി എന്തിനാ​ണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവ​നിന്ദ നേരിട്ട്‌ കേട്ടല്ലോ. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?” സൻഹെ​ദ്രിൻ ഇപ്പോൾ അന്യാ​യ​മാ​യി ഇങ്ങനെ വിധി​ക്കു​ന്നു: “ഇവൻ മരിക്കണം.”​—മത്തായി 26:65, 66.

തുടർന്ന്‌ അവർ യേശു​വി​നെ കളിയാ​ക്കാ​നും കൈ ചുരുട്ടി ഇടിക്കാ​നും തുടങ്ങി. മറ്റുള്ളവർ യേശു​വി​ന്റെ മുഖത്ത്‌ അടിക്കു​ക​യും തുപ്പു​ക​യും ചെയ്‌തു. പിന്നെ അവർ യേശു​വി​ന്റെ മുഖം മൂടി​യിട്ട്‌, പരിഹാ​സ​ത്തോ​ടെ ഇങ്ങനെ പറയുന്നു: “നിന്നെ അടിച്ചത്‌ ആരാ​ണെന്നു പ്രവചിക്ക്‌.” (ലൂക്കോസ്‌ 22:64) അങ്ങനെ അന്നു രാത്രി നടന്ന ആ അന്യാ​യ​മായ വിചാ​ര​ണ​യിൽ ദൈവ​ത്തി​ന്റെ പുത്രൻ മോശ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കു​ന്നു!