വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 105

അത്തി മരം ഉപയോ​ഗിച്ച്‌ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഒരു പാഠം പഠിപ്പി​ക്കു​ന്നു

അത്തി മരം ഉപയോ​ഗിച്ച്‌ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഒരു പാഠം പഠിപ്പി​ക്കു​ന്നു

മത്തായി 21:19-27; മർക്കോസ്‌ 11:19-33; ലൂക്കോസ്‌ 20:1-8

  • ഉണങ്ങി​പ്പോയ അത്തി മരം​—വിശ്വാ​സ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പാഠം

  • യേശു​വി​ന്റെ അധികാ​രത്തെ വെല്ലു​വി​ളി​ക്കു​ന്നു

തിങ്കളാഴ്‌ച ഉച്ചകഴി​ഞ്ഞ​പ്പോ​ഴേ​ക്കും യേശു യരുശ​ലേ​മിൽനിന്ന്‌ പോകു​ന്നു. ഒലിവു​മ​ല​യു​ടെ കിഴക്കൻ ചെരി​വി​ലൂ​ടെ ബഥാന്യ ലക്ഷ്യമാ​ക്കി​യാണ്‌ യേശു​വി​ന്റെ യാത്ര. തന്റെ സുഹൃ​ത്തു​ക്ക​ളായ മാർത്ത​യു​ടെ​യും ലാസറി​ന്റെ​യും മറിയയു​ടെ​യും വീട്ടി​ലാ​യി​രി​ക്കാം യേശു ആ രാത്രി ചെലവ​ഴി​ച്ചത്‌.

നീസാൻ 11. നേരം പുലർന്നു. യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മി​ലേക്കു വീണ്ടും യാത്ര​യാ​യി. ദേവാ​ല​യ​ത്തിൽ യേശു​വി​ന്റെ അവസാ​ന​ദി​വ​സ​മാണ്‌ ഇത്‌. മാത്രമല്ല പെസഹയ്‌ക്കും മരണത്തെ ഓർമി​ക്കുന്ന സ്‌മാ​രകം ഏർപ്പെ​ടു​ത്തു​ന്ന​തി​നും വിചാരണ ചെയ്യ​പ്പെട്ട്‌ കൊല്ല​പ്പെ​ടു​ന്ന​തി​നും മുമ്പുള്ള യേശു​വി​ന്റെ പരസ്യ​ശു​ശ്രൂ​ഷ​യു​ടെ അവസാ​ന​ദി​നം.

ഒലിവു​മ​ല​യി​ലൂ​ടെ ബഥാന്യ​യിൽനിന്ന്‌ യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര​യിൽ, തലേ ദിവസം രാവിലെ യേശു ശപിച്ച അത്തി മരം പത്രോസ്‌ കാണുന്നു. പത്രോസ്‌ ഇങ്ങനെ പറയുന്നു: “റബ്ബീ കണ്ടോ, അങ്ങ്‌ ശപിച്ച ആ അത്തി ഉണങ്ങി​പ്പോ​യി.”​—മർക്കോസ്‌ 11:21.

ആ മരം ഉണങ്ങി​പ്പോ​കാൻ യേശു ഇടയാ​ക്കി​യത്‌ എന്തു​കൊണ്ട്‌? അതിന്റെ കാരണം യേശു​തന്നെ പറയുന്നു: “സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ വിശ്വാ​സ​മു​ള്ള​വ​രും സംശയി​ക്കാ​ത്ത​വ​രും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോ​ടു ചെയ്‌തതു മാത്രമല്ല അതില​പ്പു​റ​വും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോട്‌, ‘ഇളകി​പ്പോ​യി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതു​പോ​ലും സംഭവി​ക്കും. വിശ്വാ​സ​ത്തോ​ടെ നിങ്ങൾ പ്രാർഥ​ന​യിൽ ചോദി​ക്കു​ന്ന​തെ​ല്ലാം നിങ്ങൾക്കു കിട്ടും.” (മത്തായി 21:21, 22) ഒരു മലയെ നീക്കി​ക്ക​ള​യാൻപോ​ലും വിശ്വാ​സ​ത്തി​നു കഴിയു​മെന്നു യേശു നേരത്തെ പറഞ്ഞ കാര്യം യേശു ഒന്നുകൂ​ടി ആവർത്തി​ച്ചു.​—മത്തായി 17:20.

ആ മരം ഉണങ്ങി​പ്പോ​കാൻ ഇടയാ​ക്കി​ക്കൊണ്ട്‌, ദൈവ​ത്തിൽ വിശ്വാ​സം ഉണ്ടായി​രി​ക്കണം എന്ന പ്രധാ​ന​പ്പെട്ട ഒരു പാഠം യേശു പഠിപ്പി​ച്ചു. യേശു പറയുന്നു: “നിങ്ങൾ പ്രാർഥി​ക്കു​ക​യും ചോദി​ക്കു​ക​യും ചെയ്യു​ന്ന​തൊ​ക്കെ നിങ്ങൾക്കു ലഭിച്ചു​ക​ഴി​ഞ്ഞെന്നു വിശ്വ​സി​ക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചി​രി​ക്കും.” (മർക്കോസ്‌ 11:24) യേശു​വി​ന്റെ എല്ലാ അനുഗാ​മി​കൾക്കു​മുള്ള എത്ര പ്രധാ​ന​പ്പെട്ട ഒരു പാഠം! അപ്പോ​സ്‌ത​ല​ന്മാർ ഉടൻതന്നെ ബുദ്ധി​മു​ട്ടേ​റിയ പരി​ശോ​ധ​നകൾ നേരി​ടാൻ പോകു​ക​യാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു പഠിപ്പിച്ച ഈ പാഠം അവർക്ക്‌ തികച്ചും യോജി​ച്ച​താ​യി​രു​ന്നു. എന്നാൽ അത്തി മരം ഉണങ്ങി​പ്പോ​യ​തും വിശ്വാ​സം എന്ന ഗുണവും തമ്മിൽ മറ്റൊരു ബന്ധവും കൂടി​യു​ണ്ടാ​യി​രു​ന്നു.

ഈ അത്തി മരത്തെ​പ്പോ​ലെ ഇസ്രാ​യേൽ ജനതയ്‌ക്കും ഒരു കപടഭാ​വ​മാ​ണു​ള്ളത്‌. ഈ ജനത്തിന്‌ ദൈവ​വു​മാ​യി ഒരു ഉടമ്പടി ബന്ധമുണ്ട്‌. പുറമേ നോക്കി​യാൽ നിയമം അനുസ​രി​ക്കുന്ന ഒരു കൂട്ടമാ​ണെന്നേ തോന്നൂ. എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർക്ക്‌ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. നല്ല ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​തി​ലും അവർ പരാജ​യ​പ്പെട്ടു. ദൈവ​ത്തി​ന്റെ സ്വന്തം പുത്ര​നെ​പ്പോ​ലും ഉപേക്ഷി​ച്ചു! ഫലം തരാതി​രുന്ന അത്തി മരം ഉണങ്ങി​പ്പോ​കാൻ ഇടയാ​ക്കി​യ​തി​ലൂ​ടെ ഫലശൂ​ന്യ​രും വിശ്വാ​സ​മി​ല്ലാ​ത്ത​വ​രും ആയ ഇസ്രാ​യേൽ ജനതയു​ടെ അവസാനം എന്തായി​ത്തീ​രു​മെന്ന്‌ യേശു കാണി​ക്കു​ക​യാ​യി​രു​ന്നു.

അധികം വൈകാ​തെ യേശു​വും ശിഷ്യ​ന്മാ​രും യരുശ​ലേ​മിൽ എത്തി. പതിവു​പോ​ലെ യേശു ദേവാ​ല​യ​ത്തിൽ എത്തി പഠിപ്പി​ക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം യേശു നാണയ​മാ​റ്റ​ക്കാ​രോട്‌ ചെയ്‌ത കാര്യ​ങ്ങ​ളൊ​ക്കെ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ജനത്തിന്റെ മൂപ്പന്മാ​രു​ടെ​യും മനസ്സിൽ ഉണ്ടായി​രു​ന്നി​രി​ക്കണം. അതു​കൊണ്ട്‌ അവർ യേശു​വി​നോട്‌ ധിക്കാ​ര​ത്തോ​ടെ ഇങ്ങനെ ചോദി​ക്കു​ന്നു: “നീ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌? ആരാണു നിനക്ക്‌ ഈ അധികാ​രം തന്നത്‌?”​—മർക്കോസ്‌ 11:28.

യേശു അതിനു മറുപടി പറയുന്നു: “ഞാനും നിങ്ങ​ളോട്‌ ഒരു ചോദ്യം ചോദി​ക്കും. അതിന്‌ ഉത്തരം പറഞ്ഞാൽ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്ന​തെന്നു ഞാനും പറയാം. യോഹ​ന്നാ​നാ​ലുള്ള സ്‌നാനം സ്വർഗ​ത്തിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ? പറയൂ.” ചോദ്യം ഇപ്പോൾ ശത്രു​ക്കൾക്കു നേരെ​യാ​യി. പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും എന്ത്‌ ഉത്തരം പറയണ​മെന്നു പരസ്‌പരം കൂടി​യാ​ലോ​ചി​ക്കു​ന്നു: “‘സ്വർഗ​ത്തിൽനിന്ന്‌ ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തു​കൊണ്ട്‌ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല’ എന്ന്‌ അവൻ ചോദി​ക്കും. ‘മനുഷ്യ​രിൽനിന്ന്‌ ’ എന്നു പറയാ​മെ​ന്നു​വെ​ച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹ​ന്നാ​നെ ഒരു പ്രവാ​ച​ക​നാ​യി ജനം കണക്കാ​ക്കി​യി​രു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ അവരെ പേടി​യാ​യി​രു​ന്നു.”​—മർക്കോസ്‌ 11:29-32.

ഉചിത​മാ​യ ഒരു ഉത്തരം കൊടു​ക്കാൻ യേശു​വി​നെ എതിർത്ത​വർക്ക്‌ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ യേശു​വി​നോട്‌, “ഞങ്ങൾക്ക്‌ അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യു​ന്നത്‌ എന്ത്‌ അധികാ​ര​ത്തി​ലാ​ണെന്നു ഞാനും നിങ്ങ​ളോ​ടു പറയു​ന്നില്ല” എന്നു പറഞ്ഞു.​—മർക്കോസ്‌ 11:33.