വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 108

തന്നെ കുടു​ക്കാ​നുള്ള ശ്രമങ്ങൾ യേശു വിഫല​മാ​ക്കു​ന്നു

തന്നെ കുടു​ക്കാ​നുള്ള ശ്രമങ്ങൾ യേശു വിഫല​മാ​ക്കു​ന്നു

മത്തായി 22:15-40; മർക്കോസ്‌ 12:13-34; ലൂക്കോസ്‌ 20:20-40

  • സീസർക്കു​ള്ളതു സീസർക്ക്‌

  • പുനരു​ത്ഥാ​ന​ത്തി​നു ശേഷമുള്ള വിവാഹം

  • ഏറ്റവും വലിയ കല്‌പ​ന​കൾ

യേശു​വി​ന്റെ ശത്രുക്കൾ ആകെ അസ്വസ്ഥ​രാണ്‌. കാരണം, അവരുടെ ദുഷ്ടത തുറന്നു​കാ​ട്ടാൻ യേശു ഇപ്പോൾ ഏതാനും ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞു​ക​ഴി​ഞ്ഞതേ ഉള്ളൂ. അതു​കൊ​ണ്ടു​തന്നെ യേശു​വി​നെ എങ്ങനെ​യും കുടു​ക്കാൻ പരീശ​ന്മാർ കൂടി​യാ​ലോ​ചി​ക്കു​ന്നു. റോമൻ ഗവർണ​റിന്‌ എതിരെ എന്തെങ്കി​ലും യേശു​വി​നെ​ക്കൊണ്ട്‌ പറയി​പ്പി​ക്കാൻ അവർ സകല ശ്രമവും ചെയ്യുന്നു. കൂടാതെ യേശു​വി​നെ കുടു​ക്കാൻ അവരുടെ ശിഷ്യ​ന്മാ​രിൽ ചിലർക്ക്‌ പണവും കൊടു​ക്കു​ന്നു.​—ലൂക്കോസ്‌ 6:7.

അവർ യേശു​വി​നോട്‌: “ഗുരുവേ, അങ്ങ്‌ ശരിയാ​യതു പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​യാ​ളാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ പക്ഷപാതം കാണി​ക്കാ​ത്ത​യാ​ളു​മാണ്‌. അങ്ങ്‌ ദൈവ​ത്തി​ന്റെ വഴി ശരിയാ​യി പഠിപ്പി​ക്കു​ന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. സീസറി​നു തലക്കരം കൊടു​ക്കു​ന്നതു ശരിയാ​ണോ അല്ലയോ?” (ലൂക്കോസ്‌ 20:21, 22) അവരുടെ മുഖസ്‌തു​തി യേശു​വി​ന്റെ അടുത്ത്‌ വില​പ്പോ​യില്ല. ആ ചോദ്യ​ത്തി​നു പിന്നിലെ കുടി​ല​മായ കപടത യേശു മനസ്സി​ലാ​ക്കി. ‘ഈ കരം അടയ്‌ക്കേ​ണ്ട​തില്ല’ എന്ന്‌ യേശു പറഞ്ഞി​രു​ന്നെ​ങ്കിൽ രാജ്യ​ദ്രോ​ഹ​ക്കു​റ്റം ആരോ​പിച്ച്‌ യേശു​വി​നെ കുടു​ക്കാ​മാ​യി​രു​ന്നു. ഇനി ‘ഈ കരം അടയ്‌ക്കണം’ എന്നാണ്‌ യേശു പറയു​ന്ന​തെ​ങ്കിൽ റോമിന്‌ കീഴട​ങ്ങി​യി​രി​ക്കാൻ വിസ്സമ​തി​ക്കുന്ന ആളുകൾ ഒരുപക്ഷേ യേശു​വിന്‌ എതിരെ തിരി​ഞ്ഞേനേ. യേശു ഈ ചോദ്യ​ത്തിന്‌ എങ്ങനെ​യാണ്‌ ഉത്തരം പറയു​ന്നത്‌?

യേശു ഇങ്ങനെ പറയുന്നു: “കപടഭ​ക്തരേ, നിങ്ങൾ എന്തിനാണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്നത്‌? കരം കൊടു​ക്കാ​നുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. യേശു അവരോട്‌, “ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌ ” എന്നു ചോദി​ച്ചു. “സീസറി​ന്റേത്‌ ” എന്ന്‌ അവർ പറഞ്ഞു. അപ്പോൾ യേശു അതിവി​ദ​ഗ്‌ധ​മാ​യി അവർക്ക്‌ ഉത്തരം കൊടു​ക്കു​ന്നു, “സീസർക്കു​ള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക.”​—മത്തായി 22:18-21.

യേശു​വി​ന്റെ ഉത്തരം കേട്ട്‌ ആളുകൾ അതിശ​യി​ച്ചു​പോ​യി.  അതിവി​ദ​ഗ്‌ധ​മായ യേശു​വി​ന്റെ മറുപടി പരീശ​ന്മാ​രു​ടെ വായട​പ്പി​ച്ചു. അവർ യേശു​വി​നെ വിട്ട്‌ പോയി. എന്നാൽ യേശു​വി​നെ കുടു​ക്കാ​നുള്ള ശ്രമങ്ങൾ അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. പരീശ​ന്മാ​രു​ടെ ശ്രമങ്ങൾ പരാജ​യ​പ്പെ​ട്ട​പ്പോൾ മറ്റൊരു മതവി​ഭാ​ഗ​ത്തി​ലെ നേതാ​ക്ക​ന്മാർ യേശു​വി​നെ സമീപി​ക്കു​ന്നു.

പുനരു​ത്ഥാ​നം ഇല്ലെന്നു പറയു​ന്ന​വ​രാ​യി​രു​ന്നു സദൂക്യർ. അവർ ഇപ്പോൾ പുനരു​ത്ഥാ​ന​ത്തോ​ടും ഭർത്തൃ​സ​ഹോ​ദ​ര​നു​മാ​യുള്ള വിവാ​ഹ​ത്തോ​ടും ബന്ധപ്പെട്ട ഒരു ചോദ്യ​വു​മാ​യി​ട്ടാണ്‌ യേശു​വി​ന്റെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നത്‌. അവർ ചോദി​ക്കു​ന്നു: “ഗുരുവേ, ‘ഒരാൾ മക്കളി​ല്ലാ​തെ മരിച്ചു​പോ​യാൽ അയാളു​ടെ സഹോ​ദരൻ അയാളു​ടെ ഭാര്യയെ വിവാഹം കഴിച്ച്‌ സഹോ​ദ​ര​നു​വേണ്ടി മക്കളെ ജനിപ്പി​ക്കേ​ണ്ട​താണ്‌ ’ എന്നു മോശ പറഞ്ഞല്ലോ. ഞങ്ങൾക്കി​ട​യിൽ ഏഴു സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമൻ വിവാഹം ചെയ്‌ത​ശേഷം മരിച്ചു. മക്കളി​ല്ലാ​ത്ത​തു​കൊണ്ട്‌ അയാളു​ടെ ഭാര്യയെ അയാളു​ടെ സഹോ​ദരൻ വിവാ​ഹം​ക​ഴി​ച്ചു. രണ്ടാമ​നും മൂന്നാ​മ​നും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവി​ച്ചു. ഒടുവിൽ ആ സ്‌ത്രീ​യും മരിച്ചു. പുനരു​ത്ഥാ​ന​ത്തിൽ ആ സ്‌ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും? ആ സ്‌ത്രീ അവർ എല്ലാവ​രു​ടെ​യും ഭാര്യ​യാ​യി​രു​ന്ന​ല്ലോ.”​—മത്തായി 22:24-28.

സദൂക്യർ വിശ്വ​സി​ച്ചി​രുന്ന മോശ​യു​ടെ ലിഖി​ത​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യേശു അവരോ​ടു പറയുന്നു: “തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചോ ദൈവ​ത്തി​ന്റെ ശക്തി​യെ​ക്കു​റി​ച്ചോ അറിയാ​ത്ത​തു​കൊ​ണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്‌? അവർ മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കു​മ്പോൾ പുരു​ഷ​ന്മാർ വിവാഹം കഴിക്കു​ക​യോ സ്‌ത്രീ​കളെ വിവാഹം കഴിച്ചു​കൊ​ടു​ക്കു​ക​യോ ഇല്ല. അവർ സ്വർഗ​ത്തി​ലെ ദൂതന്മാ​രെ​പ്പോ​ലെ​യാ​യി​രി​ക്കും. മരിച്ചവർ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചോ, മോശ​യു​ടെ പുസ്‌ത​ക​ത്തി​ലെ മുൾച്ചെ​ടി​യു​ടെ വിവര​ണ​ത്തിൽ ദൈവം മോശ​യോട്‌, ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആണ്‌ ’ എന്നു പറഞ്ഞതാ​യി നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ? ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌. നിങ്ങൾക്കു വലിയ തെറ്റു പറ്റിയി​രി​ക്കു​ന്നു.” (മർക്കോസ്‌ 12:24-27; പുറപ്പാട്‌ 3:1-6) ആ ചോദ്യ​ത്തിന്‌ യേശു കൊടുത്ത ഉത്തരം കേട്ട​പ്പോൾ ജനക്കൂട്ടം അമ്പരന്നു​പോ​യി.

യേശു അങ്ങനെ പരീശ​ന്മാ​രെ​യും സദൂക്യ​രെ​യും നിശ്ശബ്ദ​രാ​ക്കി. ഇപ്പോൾ ഇതാ ഈ രണ്ടു കൂട്ടരും​കൂ​ടെ കൂടി യേശു​വി​നെ പരീക്ഷി​ക്കാൻ വീണ്ടും എത്തുന്നു. ഒരു ശാസ്‌ത്രി, “ഗുരുവേ, നിയമ​ത്തി​ലെ ഏറ്റവും വലിയ കല്‌പന ഏതാണ്‌ ” എന്നു ചോദി​ച്ചു.​—മത്തായി 22:36.

യേശു മറുപടി പറയുന്നു: “ഒന്നാമ​ത്തേത്‌ ഇതാണ്‌: ‘ഇസ്രാ​യേലേ കേൾക്കുക, യഹോവ​—നമ്മുടെ ദൈവ​മായ യഹോവ​—ഒരുവനേ ഉള്ളൂ; നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’ രണ്ടാമ​ത്തേത്‌, ‘നിന്റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം’ എന്നതും. ഇവയെ​ക്കാൾ വലിയ മറ്റൊരു കല്‌പ​ന​യു​മില്ല.”​—മർക്കോസ്‌ 12:29-31.

ഉത്തരം കേട്ട ശാസ്‌ത്രി ഇങ്ങനെ മറുപടി പറയുന്നു: “ഗുരുവേ, കൊള്ളാം, അങ്ങ്‌ പറഞ്ഞതു സത്യമാണ്‌: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവ​വു​മില്ല.’ ദൈവത്തെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ചി​ന്താ​ശേ​ഷി​യോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കു​ന്ന​തും അയൽക്കാ​രനെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കു​ന്ന​തും ആണ്‌ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളെ​ക്കാ​ളും ബലിക​ളെ​ക്കാ​ളും ഏറെ മൂല്യ​മു​ള്ളത്‌.” ശാസ്‌ത്രി ബുദ്ധി​പൂർവം ഉത്തരം പറഞ്ഞെന്നു മനസ്സി​ലാ​ക്കി യേശു, “താങ്കൾ ദൈവ​രാ​ജ്യ​ത്തിൽനിന്ന്‌ അകലെയല്ല” എന്നു പറഞ്ഞു.​—മർക്കോസ്‌ 12:32-34.

മൂന്നു ദിവസ​മാ​യി (നീസാൻ 9, 10, 11) യേശു ദേവാ​ല​യ​ത്തിൽത്തന്നെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഈ ശാസ്‌ത്രി​യെ​പ്പോ​ലുള്ള ചിലയാ​ളു​കൾ വളരെ സന്തോ​ഷ​ത്തോ​ടെ യേശു​വി​നെ ശ്രദ്ധിച്ചു. എന്നാൽ മതനേ​താ​ക്ക​ന്മാർ അതിനു നിന്നില്ല. കാരണം, ‘യേശു​വി​നോട്‌ ഒന്നും ചോദി​ക്കാൻ അവർക്കാർക്കും ധൈര്യം വന്നില്ല.’