വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 110

ദേവാ​ല​യ​ത്തി​ലെ അവസാ​ന​ദി​വസം

ദേവാ​ല​യ​ത്തി​ലെ അവസാ​ന​ദി​വസം

മത്തായി 23:25–24:2; മർക്കോസ്‌ 12:41–13:2; ലൂക്കോസ്‌ 21:1-6

  • മതനേ​താ​ക്ക​ന്മാ​രെ യേശു വീണ്ടും കുറ്റ​പ്പെ​ടു​ത്തു​ന്നു

  • ദേവാ​ലയം നശിപ്പി​ക്ക​പ്പെ​ടും

  • ദരി​ദ്ര​യായ ഒരു വിധവ രണ്ടു ചെറു​തു​ട്ടു​കൾ സംഭാവന ഇടുന്നു

ദേവാ​ല​യ​ത്തിൽ യേശു അവസാ​ന​മാ​യി വന്ന സമയത്തും ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും കാപട്യം പരസ്യ​മാ​യി തുറന്നു​കാ​ട്ടാൻ യേശു മടിച്ചില്ല. അവരെ പരസ്യ​മാ​യി​ത്തന്നെ കപടഭക്തർ എന്നു വിളിച്ചു. ആലങ്കാ​രി​ക​ഭാ​ഷ​യിൽ യേശു അവരോ​ടു പറയുന്നു: “നിങ്ങൾ പാനപാ​ത്ര​ത്തി​ന്റെ​യും തളിക​യു​ടെ​യും പുറം വൃത്തി​യാ​ക്കു​ന്നു. അവയുടെ അകം നിറയെ അത്യാ​ഗ്ര​ഹ​വും സ്വാർഥ​ത​യും ആണ്‌. അന്ധനായ പരീശാ, പാനപാ​ത്ര​ത്തി​ന്റെ​യും തളിക​യു​ടെ​യും അകം ആദ്യം വൃത്തി​യാ​ക്കുക. അപ്പോൾ പുറവും വൃത്തി​യാ​യി​ക്കൊ​ള്ളും.” (മത്തായി 23:25, 26) പരീശ​ന്മാർ ആചാര​പ​ര​മായ ശുദ്ധി​യു​ടെ കാര്യ​ത്തി​ലും പുറ​മെ​യുള്ള ആകാര​ത്തി​ന്റെ കാര്യ​ത്തി​ലും ആവശ്യ​ത്തി​ല​ധി​കം ശ്രദ്ധ​കൊ​ടു​ത്തി​രു​ന്നു. എന്നാൽ അവരുടെ ആന്തരി​ക​വ്യ​ക്തി​ത്വ​ത്തെ അവർ അവഗണി​ക്കു​ന്നു, അവരുടെ ആലങ്കാ​രി​ക​ഹൃ​ദ​യത്തെ ശുദ്ധീ​ക​രി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല.

പ്രവാ​ച​ക​ന്മാർക്കു​വേണ്ടി പരീശ​ന്മാർ കല്ലറകൾ പണിയു​ന്ന​തും അത്‌ അലങ്കരി​ക്കു​ന്ന​തും വെറും കപടത​യാണ്‌. കാരണം യേശു അവരെ ‘പ്രവാ​ച​ക​ന്മാ​രെ കൊന്ന​വ​രു​ടെ പുത്ര​ന്മാർ’ എന്നാണ്‌ വിളി​ക്കു​ന്നത്‌. (മത്തായി 23:31) അതു ശരി വെക്കു​ന്ന​താണ്‌ യേശു​വി​നെ കൊല്ലാ​നുള്ള അവരുടെ ശ്രമങ്ങൾ.​—യോഹ​ന്നാൻ 5:18; 7:1, 25.

ഈ മതനേ​താ​ക്ക​ന്മാർ പശ്ചാത്ത​പി​ച്ചി​ല്ലെ​ങ്കിൽ അവർക്ക്‌ സംഭവി​ക്കാ​നി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സർപ്പങ്ങളേ, അണലി​സ​ന്ത​തി​കളേ, നിങ്ങൾ ഗീഹെ​ന്നാ​വി​ധി​യിൽനിന്ന്‌ എങ്ങനെ രക്ഷപ്പെ​ടും?” (മത്തായി 23:33) അവിടെ അടുത്തുള്ള ഹിന്നോം താഴ്‌വ​ര​യെ​യാണ്‌ ഗീഹെന്ന കുറി​ക്കു​ന്നത്‌. ഈ താഴ്‌വര മാലി​ന്യം കത്തിക്കുന്ന ഒരിട​മാണ്‌. ദുഷ്ടരാ​യ​വർക്കു സംഭവി​ക്കാ​നി​രി​ക്കുന്ന നിത്യ​നാ​ശത്തെ സൂചി​പ്പി​ക്കുന്ന ഒരു ചിത്രീ​ക​ര​ണ​മാണ്‌ ഈ താഴ്‌വര. ദുഷ്ടരായ ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും കാത്തി​രി​ക്കു​ന്നത്‌ അതാണ്‌.

‘പ്രവാ​ച​ക​ന്മാ​രും ജ്ഞാനി​ക​ളും ഉപദേ​ഷ്ടാ​ക്ക​ളും’ എന്ന നിലയിൽ ശിഷ്യ​ന്മാ​രെ അവരുടെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​മെന്നു യേശു പറയുന്നു. എന്തായി​രി​ക്കും ഫലം? മതനേ​താ​ക്ക​ന്മാ​രോ​ടാ​യി യേശു ഇങ്ങനെ പറഞ്ഞു: “അവരിൽ ചിലരെ നിങ്ങൾ കൊല്ലു​ക​യും സ്‌തം​ഭ​ത്തി​ലേ​റ്റു​ക​യും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിന​ഗോ​ഗു​ക​ളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കു​ക​യും നഗരം​തോ​റും വേട്ടയാ​ടു​ക​യും ചെയ്യും. അങ്ങനെ, നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തംമു​തൽ . . . നിങ്ങൾ കൊന്നു​കളഞ്ഞ ബരെഖ്യ​യു​ടെ മകനായ സെഖര്യ​യു​ടെ രക്തംവരെ, ഭൂമി​യിൽ ചൊരി​ഞ്ഞി​ട്ടുള്ള നീതി​യുള്ള രക്തം മുഴുവൻ നിങ്ങളു​ടെ മേൽ വരും.” യേശു ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “ഇതെല്ലാം ഈ തലമു​റ​യു​ടെ മേൽ വരും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” (മത്തായി 23:34-36) എ.ഡി. 70-ൽ റോമൻ സൈന്യം യരുശ​ലേം നശിപ്പി​ക്കു​ക​യും അനേകം ജൂതന്മാർ കൊല്ല​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ ആ വാക്കുകൾ സത്യമാ​യി ഭവിച്ചു.

ഭയാന​ക​മാ​യ ഈ നാശ​ത്തെ​ക്കു​റിച്ച്‌ ചിന്തിച്ച യേശു ദുഃഖ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “യരുശ​ലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ, കോഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തു​പോ​ലെ നിന്റെ മക്കളെ ഒന്നിച്ചു​കൂ​ട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹി​ച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലാ​യി​രു​ന്നു. നിങ്ങളു​ടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷി​ച്ചി​രി​ക്കു​ന്നു!” (മത്തായി 23:37, 38) യേശു ഏതു “ഭവനത്തെ” കുറി​ച്ചാ​യി​രി​ക്കും പറഞ്ഞത്‌? ദൈവ​ത്തി​ന്റെ സംരക്ഷ​ണ​ത്തി​ലാ​ണെന്നു കരുതിയ യരുശ​ലേ​മി​ലെ ഘനഗം​ഭീ​ര​മായ ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ ആയിരി​ക്കു​മോ യേശു പറഞ്ഞ​തെന്ന്‌ ചിലർ ചിന്തി​ച്ചി​ട്ടു​ണ്ടാ​കണം.

യേശു കൂട്ടി​ച്ചേർക്കു​ന്നു: “‘യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ’ എന്നു നിങ്ങൾ പറയു​ന്ന​തു​വരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (മത്തായി 23:39) സങ്കീർത്തനം 118:26-ലെ പ്രവചനം ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ; യഹോ​വ​യു​ടെ ഭവനത്തിൽനിന്ന്‌ ഞങ്ങൾ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു.” ഈ ദേവാ​ലയം നശിപ്പി​ക്ക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ ദൈവത്തെ ആരാധി​ക്കാ​നാ​യി പിന്നെ ആരും അങ്ങോട്ടു വരില്ല എന്നതു വ്യക്തം.

യേശു ഇപ്പോൾ ദേവാ​ല​യ​ത്തി​ന്റെ സംഭാ​വ​ന​പ്പെ​ട്ടി​കൾ വെച്ചി​രി​ക്കുന്ന ഇടത്തേക്കു നീങ്ങുന്നു. ആ പെട്ടി​യു​ടെ മുകളി​ലുള്ള ചെറിയ ദ്വാര​ത്തി​ലൂ​ടെ ആളുകൾക്ക്‌ സംഭാവന ഇടാം. പല ജൂതന്മാ​രും അതിൽ സംഭാവന ഇടുന്നത്‌ യേശു കാണുന്നു. സമ്പന്നരാ​യവർ “ധാരാളം നാണയങ്ങൾ ഇടുന്നു​ണ്ടാ​യി​രു​ന്നു.” ഇതിനി​ടെ ദരി​ദ്ര​യായ ഒരു വിധവ വന്ന്‌ “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ” ഇട്ടു. (മർക്കോസ്‌ 12:41, 42) ആ സംഭാവന ദൈവം എന്തുമാ​ത്രം വിലമ​തി​ച്ചി​ട്ടു​ണ്ടാ​കും എന്ന കാര്യ​ത്തിൽ യേശു​വിന്‌ ഒരു സംശയ​വു​മില്ല.

ഇപ്പോൾ യേശു ശിഷ്യ​ന്മാ​രെ അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു: സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ മറ്റെല്ലാ​വ​രും ഇട്ടതി​നെ​ക്കാൾ കൂടു​ത​ലാ​ണു ദരി​ദ്ര​യായ ഈ വിധവ ഇട്ടത്‌.” അത്‌  എങ്ങനെ​യാണ്‌? യേശു വിശദീ​ക​രി​ക്കു​ന്നു: “അവരെ​ല്ലാം ഇട്ടത്‌ അവരുടെ സമൃദ്ധി​യിൽനി​ന്നാണ്‌. പക്ഷേ ഈ വിധവ ഇല്ലായ്‌മ​യിൽനിന്ന്‌ തനിക്കു​ള്ള​തെ​ല്ലാം, തന്റെ ഉപജീ​വ​ന​ത്തി​നുള്ള വക മുഴു​വ​നും, ഇട്ടു.” (മർക്കോസ്‌ 12:43, 44) മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാണ്‌ ഈ വിധവ​യു​ടെ ചിന്തയും പ്രവൃ​ത്തി​യും!

നീസാൻ 11 കഴിയു​ന്ന​തി​നു മുമ്പേ യേശു ദേവാ​ലയം വിട്ട്‌ പോകു​ന്നു. ഇനി യേശു ഇവി​ടേക്കു വരില്ല. ശിഷ്യ​ന്മാ​രിൽ ഒരാൾ, “ഗുരുവേ, എത്ര മനോ​ഹ​ര​മായ കെട്ടി​ട​ങ്ങ​ളും കല്ലുക​ളും!” എന്നു പറഞ്ഞു. (മർക്കോസ്‌ 13:1) ദേവാ​ല​യ​ത്തി​ന്റെ മതിൽ പണിതി​രി​ക്കുന്ന ചില കല്ലുകൾക്ക്‌ അസാമാ​ന്യ വലുപ്പ​മാണ്‌. ദേവാ​ല​യ​ത്തി​ന്റെ ശക്തമായ നിർമി​തി​യെ​യും ഈടി​നെ​യും വിളി​ച്ചോ​തു​ന്ന​താണ്‌ ഈ കല്ലുകൾ. എന്നാൽ യേശു ഇപ്പോൾ വളരെ വിചി​ത്ര​മായ ഒരു കാര്യം പറയുന്നു: “ഈ വലിയ കെട്ടി​ടങ്ങൾ കാണു​ന്നി​ല്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന സമയം വരും.”​—മർക്കോസ്‌ 13:2.

ഈ കാര്യ​ങ്ങ​ളൊ​ക്കെ പറഞ്ഞതി​നു ശേഷം യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും കി​ദ്രോൻ താഴ്‌വര കടന്ന്‌ ഒലിവു​മ​ല​യി​ലേക്കു പോകു​ന്നു. അവിടെ ഒരിടത്ത്‌ പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രോ​ടൊ​പ്പം യേശു ഇരിക്കു​ക​യാണ്‌. അവി​ടെ​നിന്ന്‌ നോക്കി​യാൽ മനോ​ഹ​ര​മായ ദേവാ​ലയം കാണാം.