വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 133

യേശു​വി​ന്റെ ശവസം​സ്‌കാ​രം

യേശു​വി​ന്റെ ശവസം​സ്‌കാ​രം

മത്തായി 27:57–28:2; മർക്കോസ്‌ 15:42–16:4; ലൂക്കോസ്‌ 23:50–24:3; യോഹ​ന്നാൻ 19:31–20:1

  • യേശു​വി​ന്റെ ശരീരം സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കുന്നു

  • ശവസം​സ്‌കാ​ര​ത്തി​നാ​യി യേശു​വി​ന്റെ ശരീരം ഒരുക്കു​ന്നു

  • സ്‌ത്രീ​കൾ ഒരു ഒഴിഞ്ഞ കല്ലറ കാണുന്നു

ഇപ്പോൾ നീസാൻ 14 വെള്ളി​യാഴ്‌ച ഉച്ചകഴി​ഞ്ഞി​രി​ക്കു​ന്നു. സൂര്യാ​സ്‌ത​മയം കഴിഞ്ഞാൽ നീസാൻ 15-ലെ ശബത്ത്‌ തുടങ്ങും. യേശു ഇപ്പോൾ സ്‌തം​ഭ​ത്തിൽ മരിച്ച്‌ കിടക്കു​ക​യാണ്‌. എന്നാൽ യേശു​വി​ന്റെ അടുത്തു കിടന്നി​രുന്ന രണ്ടു കവർച്ച​ക്കാർ അപ്പോ​ഴും മരിച്ചി​രു​ന്നില്ല. മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌, ശവശരീ​രം “രാത്രി മുഴുവൻ സ്‌തം​ഭ​ത്തിൽ കിടക്ക​രുത്‌.” അത്‌ “അന്നേ ദിവസം​തന്നെ” അടക്കം ചെയ്യണം.​—ആവർത്തനം 21:22, 23.

ഇതിനു പുറമെ വെള്ളി​യാഴ്‌ച ഒരുക്ക​നാ​ളാ​യി​രു​ന്നു. ശബത്ത്‌ തീരു​ന്ന​തി​നു മുമ്പേ ചെയ്‌തു​തീർക്കേണ്ട പ്രധാ​ന​പ്പെട്ട ജോലി​കൾ ആളുകൾ ചെയ്‌തു​തീർക്കു​ന്നു. ഭക്ഷണവും മറ്റു കാര്യ​ങ്ങ​ളും അവർ നേരത്തേ ഒരുക്കു​ന്നു. സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ “വലിയ” ശബത്ത്‌ ആരംഭി​ക്കും. (യോഹ​ന്നാൻ 19:31) കാരണം, നീസാൻ 15-ാം തീയതി പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഏഴു ദിവസം നീളുന്ന ഉത്സവത്തി​ന്റെ ആദ്യദി​വ​സ​മാ​യി​രു​ന്നു. ഈ ആദ്യദി​വസം എപ്പോ​ഴും ശബത്താ​യി​രു​ന്നു. (ലേവ്യ 23:5, 6) ഇപ്രാ​വ​ശ്യം പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തി​ന്റെ ആദ്യദി​വ​സ​വും ആഴ്‌ച​യി​ലെ ശബത്തു​ദി​വ​സ​മായ ഏഴാം ദിവസ​വും ഒരുമി​ച്ചാ​യി​രു​ന്നു.

യേശു​വി​ന്റെ​യും അടുത്ത്‌ കിടക്കുന്ന രണ്ടു കവർച്ച​ക്കാ​രു​ടെ​യും മരണം പെട്ടെന്ന്‌ ഉറപ്പാ​ക്കാൻ ജൂതന്മാർ പീലാ​ത്തൊ​സി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു. എന്നാൽ എങ്ങനെ? അവരുടെ കാലുകൾ ഒടിച്ചു​കൊണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ ശ്വാസം വലിക്കു​ന്ന​തി​നു​വേണ്ടി കാലൂ​ന്നാൻ കഴിയാ​തെ അവർ പെട്ടെന്നു മരിക്കും. പടയാ​ളി​കൾ രണ്ടു കവർച്ച​ക്കാ​രു​ടെ​യും കാലുകൾ ഒടിക്കു​ന്നു. എന്നാൽ യേശു​വി​ന്റെ കാല്‌ അവർ ഒടിക്കു​ന്നില്ല. കാരണം അതിനു മുമ്പേ യേശു മരിച്ചി​രു​ന്നു. ഇത്‌ സങ്കീർത്തനം 34:20-ലെ വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി​രു​ന്നു: “ദൈവം അവന്റെ അസ്ഥിക​ളെ​ല്ലാം കാക്കുന്നു; അവയിൽ ഒന്നു​പോ​ലും ഒടിഞ്ഞു​പോ​യി​ട്ടില്ല.”

 യേശു മരി​ച്ചെന്ന്‌ ഉറപ്പാ​ക്കാ​നാ​യി ഒരു പടയാളി കുന്തം​കൊണ്ട്‌ യേശു​വി​ന്റെ ഒരു വശത്ത്‌ കുത്തുന്നു. ഹൃദയ​ത്തിന്‌ അടുത്താണ്‌ അയാൾ കുത്തി​യത്‌. “ഉടനെ രക്തവും വെള്ളവും പുറത്ത്‌ വന്നു.” (യോഹ​ന്നാൻ 19:34) ഇത്‌ മറ്റൊരു തിരു​വെ​ഴുത്ത്‌ നിവർത്തി​ക്കു​ന്നു. “അവർ കുത്തി​ത്തു​ള​ച്ച​വനെ അവർ നോക്കും.”​—സെഖര്യ 12:10.

അരിമഥ്യ നഗരത്തി​ലെ യോ​സേഫ്‌ എന്നു പേരുള്ള “ഒരു ധനികൻ” വധശിക്ഷ നടക്കു​ന്നി​ടത്ത്‌ ഉണ്ടായി​രു​ന്നു. അദ്ദേഹം സൻഹെ​ദ്രി​നി​ലെ ആദരണീ​യ​നായ ഒരു അംഗമാ​യി​രു​ന്നു. (മത്തായി 27:57) “നല്ലവനും നീതി​മാ​നും” “ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്ന​യാ​ളും” ആയിരു​ന്നു അദ്ദേഹം. “ജൂതന്മാ​രെ പേടിച്ച്‌ യേശു​വി​ന്റെ ഒരു രഹസ്യ​ശി​ഷ്യ​നാ​യി കഴിഞ്ഞി​രുന്ന” യോ​സേഫ്‌ യേശു​വി​നെ​ക്കു​റി​ച്ചുള്ള കോട​തി​വി​ധി അനുകൂ​ലി​ച്ചി​രു​ന്നില്ല. (ലൂക്കോസ്‌ 23:50; മർക്കോസ്‌ 15:43; യോഹ​ന്നാൻ 19:38) യോ​സേഫ്‌ ഇപ്പോൾ ധൈര്യ​പൂർവം യേശു​വി​ന്റെ ശരീരം എടുത്തു​കൊ​ണ്ടു​പോ​കാൻ പീലാ​ത്തൊ​സി​നോട്‌ അനുവാ​ദം ചോദി​ക്കു​ന്നു. പീലാ​ത്തൊസ്‌ ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥനെ വിളിച്ച്‌ യേശു മരിച്ചെന്ന കാര്യം ഉറപ്പാ​ക്കി​യിട്ട്‌ യേശു​വി​ന്റെ ശരീരം വിട്ടു​കൊ​ടു​ക്കു​ന്നു.

യോ​സേഫ്‌ മേന്മ​യേ​റിയ ഒരു ലിനൻതു​ണി വാങ്ങുന്നു. എന്നിട്ട്‌ യേശു​വി​ന്റെ ശരീരം സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കി ലിനൻതു​ണി​യിൽ പൊതിഞ്ഞ്‌ സംസ്‌ക​രി​ക്കു​ന്ന​തി​നാ​യി ഒരുക്കു​ന്നു. “മുമ്പൊ​രി​ക്കൽ യേശു​വി​നെ കാണാൻ ഒരു രാത്രി​സ​മ​യത്ത്‌ ചെന്ന” നിക്കോ​ദേ​മൊ​സും യോ​സേ​ഫി​നെ സഹായി​ക്കാൻ അവി​ടെ​യുണ്ട്‌. (യോഹ​ന്നാൻ 19:39) മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ (ഏകദേശം 30 കിലോ​ഗ്രാം) സുഗന്ധ​ക്കൂ​ട്ടും നിക്കോ​ദേ​മൊസ്‌ കൊണ്ടു​വ​ന്നി​രു​ന്നു. അവർ യേശു​വി​ന്റെ ശരീരം എടുത്ത്‌ ജൂതന്മാ​രു​ടെ ശവസം​സ്‌കാ​ര​രീ​തി​യ​നു​സ​രിച്ച്‌ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ഇട്ട്‌ ലിനൻതു​ണി​കൊണ്ട്‌ ചുറ്റുന്നു.

പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ, ആരും ഇതുവരെ ഉപയോ​ഗി​ക്കാത്ത ഒരു കല്ലറ യോ​സേ​ഫിന്‌ അവിടെ അടുത്തു​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അവർ യേശു​വി​ന്റെ ശരീരം അവിടെ വെച്ചിട്ട്‌ കല്ലറയു​ടെ വാതിൽക്കൽ ഒരു വലിയ കല്ല്‌ ഉരുട്ടി​വെ​ക്കു​ന്നു. ശബത്ത്‌ തുടങ്ങു​ന്ന​തി​നു മുമ്പ്‌ അവർ ഇതെല്ലാം വേഗത്തിൽ ചെയ്‌തു​തീർക്കു​ക​യാണ്‌. യേശു​വി​ന്റെ ശരീരം സംസ്‌കാ​ര​ത്തി​നാ​യി ഒരുക്കു​ന്ന​തിന്‌ മഗ്‌ദ​ല​ക്കാ​രി മറിയ​യും ചെറിയ യാക്കോ​ബി​ന്റെ അമ്മയായ മറിയ​യും കൂടി​യി​രി​ക്കാം. എന്നാൽ ശബത്തിനു ശേഷം യേശു​വി​ന്റെ ശരീര​ത്തിൽ പൂശു​ന്ന​തി​നാ​യി “സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും സുഗന്ധ​തൈ​ല​ങ്ങ​ളും ഒരുക്കാൻ” ധൃതി​യിൽ അവർ ഇപ്പോൾ വീടു​ക​ളി​ലേക്കു മടങ്ങുന്നു.​—ലൂക്കോസ്‌ 23:56.

അടുത്ത ദിവസം, അതായത്‌ ശബത്തു​ദി​വസം, മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും പീലാ​ത്തൊ​സി​ന്റെ അടുത്തു​പോ​യി ഇങ്ങനെ പറയുന്നു: “‘മൂന്നു ദിവസം കഴിഞ്ഞ്‌ ഞാൻ ഉയിർപ്പി​ക്ക​പ്പെ​ടും’ എന്ന്‌ ആ വഞ്ചകൻ ജീവ​നോ​ടി​രു​ന്ന​പ്പോൾ പറഞ്ഞതാ​യി ഞങ്ങൾ ഓർക്കു​ന്നു. അതു​കൊണ്ട്‌ മൂന്നാം ദിവസം​വരെ കല്ലറ ഭദ്രമാ​ക്കി സൂക്ഷി​ക്കാൻ കല്‌പി​ക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യ​ന്മാർ വന്ന്‌ അവനെ മോഷ്ടി​ച്ചിട്ട്‌, ‘അവൻ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ടു’ എന്ന്‌ ആളുക​ളോ​ടു പറയും. അങ്ങനെ സംഭവി​ച്ചാൽ ഇത്‌ ആദ്യ​ത്തേ​തി​നെ​ക്കാൾ വലിയ ചതിയാ​കും.” പീലാ​ത്തൊസ്‌ അവരോട്‌, “കാവൽഭ​ട​ന്മാ​രു​ടെ ഒരു ഗണത്തെ വിട്ടു​ത​രാം. പോയി നിങ്ങൾക്ക്‌ ഉചിത​മെന്നു തോന്നു​ന്ന​തു​പോ​ലെ അതു ഭദ്രമാ​ക്കി സൂക്ഷി​ച്ചോ” എന്നു പറഞ്ഞു.​—മത്തായി 27:63-65.

ഞായറാഴ്‌ച അതിരാ​വി​ലെ മഗ്‌ദ​ല​ക്കാ​രി മറിയ​യും യാക്കോ​ബി​ന്റെ അമ്മയായ മറിയ​യും മറ്റു സ്‌ത്രീ​ക​ളും യേശു​വി​ന്റെ ശരീരം ഒരുക്കാ​നുള്ള സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങൾകൊണ്ട്‌ കല്ലറയ്‌ക്കൽ വരുന്നു. അതിനി​ടെ അവർ തമ്മിൽ ഇങ്ങനെ ചോദി​ക്കു​ന്നു: “കല്ലറയു​ടെ വാതിൽക്കൽനിന്ന്‌ ആരു കല്ല്‌ ഉരുട്ടി​മാ​റ്റി​ത്ത​രും?” (മർക്കോസ്‌ 16:3) എന്നാൽ അവിടെ എത്തിയ​പ്പോൾ ഒരു ഭൂമി​കു​ലു​ക്കം നടന്നതാ​യി അവർ മനസ്സി​ലാ​ക്കു​ന്നു. കൂടാതെ ദൈവ​ത്തി​ന്റെ ഒരു ദൂതൻ ആ കല്ല്‌ ഉരുട്ടി​മാ​റ്റി​യി​രു​ന്നു. കാവൽക്കാർ അവിടെ ഉണ്ടായി​രു​ന്നില്ല. കല്ലറ ഒഴിഞ്ഞു​കി​ട​ന്നി​രു​ന്നു!