വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 109

എതിരാ​ളി​കളെ വിമർശി​ക്കു​ന്നു

എതിരാ​ളി​കളെ വിമർശി​ക്കു​ന്നു

മത്തായി 22:41–23:24; മർക്കോസ്‌ 12:35-40; ലൂക്കോസ്‌ 20:41-47

  • ക്രിസ്‌തു ആരുടെ മകനാണ്‌?

  • എതിരാ​ളി​ക​ളു​ടെ കാപട്യം യേശു തുറന്നു​കാ​ണി​ക്കു​ന്നു

യേശു​വി​നെ അപകീർത്തി​പ്പെ​ടു​ത്താ​നും വാക്കിൽ കുടുക്കി റോമാ​ക്കാർക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നും ഉള്ള എതിരാ​ളി​ക​ളു​ടെ ശ്രമം അമ്പേ പരാജ​യ​പ്പെട്ടു. (ലൂക്കോസ്‌ 20:20) നീസാൻ 11-ാം തീയതി​യാ​യി. യേശു ഇപ്പോ​ഴും ആലയത്തിൽത്ത​ന്നെ​യാണ്‌. താൻ യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ കാണി​ക്കാൻ യേശു ഇപ്പോൾ അവരോ​ടു ചില ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു: “ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ക്രിസ്‌തു ആരുടെ മകനാണ്‌?” (മത്തായി 22:42) ക്രിസ്‌തു അല്ലെങ്കിൽ മിശിഹാ ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽ വരു​മെന്ന്‌ എല്ലാവർക്കും അറിയാ​വു​ന്ന​താണ്‌. ഈ ഉത്തരം​ത​ന്നെ​യാണ്‌ അവർ നൽകി​യ​തും. (മത്തായി 9:27; 12:23; യോഹ​ന്നാൻ 7:42)

യേശു അവരോട്‌ വീണ്ടും ചോദി​ക്കു​ന്നു: “പിന്നെ എങ്ങനെ​യാ​ണു ദാവീദ്‌ ദൈവാ​ത്മാ​വി​ന്റെ പ്രചോ​ദ​ന​ത്താൽ ക്രിസ്‌തു​വി​നെ കർത്താവ്‌ എന്നു വിളി​ക്കു​ന്നത്‌? “‘ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക” എന്ന്‌ യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു’ എന്നു ദാവീദ്‌ പറഞ്ഞല്ലോ. ദാവീദ്‌ ക്രിസ്‌തു​വി​നെ ‘കർത്താവ്‌ ’ എന്നു വിളി​ക്കു​ന്നെ​ങ്കിൽ ക്രിസ്‌തു എങ്ങനെ ദാവീ​ദി​ന്റെ മകനാ​കും?”​—മത്തായി 22:43-45.

പരീശ​ന്മാർ നിശ്ശബ്ദ​രാ​യി​പ്പോ​യി. കാരണം, ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽ വരുന്ന ഒരാൾ, തങ്ങളെ റോമൻ ആധിപ​ത്യ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്കും എന്ന്‌ അവർ പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ സങ്കീർത്തനം 110: 1, 2-ലെ ദാവീ​ദി​ന്റെ വാക്കു​ക​ളി​ലേക്ക്‌ അവരുടെ ശ്രദ്ധ തിരി​ച്ചു​കൊണ്ട്‌ മിശിഹ വെറു​മൊ​രു മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​യല്ല എന്ന കാര്യം യേശു സ്ഥാപി​ക്കു​ന്നു. യേശു​വാണ്‌ ദാവീ​ദി​ന്റെ കർത്താവ്‌. ദൈവ​ത്തി​ന്റെ വലതു​വ​ശത്ത്‌ ഇരുന്ന​ശേഷം യേശു തന്റെ അധികാ​രം പ്രയോ​ഗി​ക്കും. യേശു​വി​ന്റെ മറുപടി എതിരാ​ളി​കളെ നിശ്ശബ്ദ​രാ​ക്കു​ന്നു.

ശിഷ്യ​ന്മാ​രും മറ്റു ചിലരും ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പരീശ​ന്മാ​രെ​യും ശാസ്‌ത്രി​മാ​രെ​യും സൂക്ഷി​ക്കണം എന്ന മുന്നറി​യിപ്പ്‌ യേശു അവർക്കു കൊടു​ക്കു​ന്നു. ദൈവ​ത്തി​ന്റെ നിയമം പഠിപ്പി​ക്കാൻ അവർ “മോശ​യു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്നു.” അതു​കൊണ്ട്‌ “അവർ നിങ്ങ​ളോ​ടു പറയു​ന്ന​തെ​ല്ലാം അനുസ​രി​ക്കു​ക​യും അനുഷ്‌ഠി​ക്കു​ക​യും ചെയ്യുക. എന്നാൽ അവർ ചെയ്യു​ന്ന​തു​പോ​ലെ ചെയ്യരുത്‌. കാരണം അവർ പറയു​ന്നെ​ങ്കി​ലും അതു​പോ​ലെ പ്രവർത്തി​ക്കു​ന്നില്ല.”​—മത്തായി 23:2, 3.

അവരുടെ കാപട്യം തുറന്നു​കാ​ണി​ക്കുന്ന ഉദാഹ​ര​ണങ്ങൾ യേശു നൽകുന്നു: ‘അവർ രക്ഷയായി കെട്ടി​ക്കൊ​ണ്ടു​ന​ട​ക്കുന്ന വേദവാ​ക്യ​ച്ചെ​പ്പു​ക​ളു​ടെ വലുപ്പം കൂട്ടുന്നു.’ മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തി​ലെ ചില ഭാഗങ്ങൾ അടങ്ങിയ ചെറിയ ചെപ്പുകൾ ചില ജൂതന്മാർ നെറ്റി​യി​ലോ കൈയി​ലോ ചുറ്റി​ക്കൊണ്ട്‌ നടന്നി​രു​ന്നു. എന്നാൽ പരീശ​ന്മാർ തങ്ങൾക്കു മോശ​യു​ടെ നിയമം സംബന്ധിച്ച്‌ വലിയ തീക്ഷ്‌ണ​ത​യു​ണ്ടെന്ന്‌ കാണി​ക്കാൻ വലുപ്പം കൂടിയ വേദവാ​ക്യ​ചെ​പ്പു​കൾ കെട്ടി​ക്കൊണ്ട്‌ നടന്നി​രു​ന്നു. കൂടാതെ അവർ “വസ്‌ത്ര​ങ്ങ​ളു​ടെ തൊങ്ങൽ വലുതാ​ക്കു​ക​യും” ചെയ്‌തി​രു​ന്നു. ഇസ്രാ​യേൽ ജനത അവരുടെ വസ്‌ത്ര​ങ്ങ​ളിൽ തൊങ്ങൽ പിടി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ പരീശ​ന്മാർ ആ തൊങ്ങ​ലു​ക​ളു​ടെ വലുപ്പം മനഃപൂർവം കൂട്ടി​യി​രു​ന്നു. (സംഖ്യ 15:38-40) അവർ ഇതെല്ലാം ചെയ്‌തത്‌ “മനുഷ്യ​രെ കാണി​ക്കാ​നാണ്‌.”​—മത്തായി 23:5.

പ്രാമു​ഖ്യ​ത​യ്‌ക്കു​വേ​ണ്ടി​യുള്ള ആഗ്രഹം യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ​പ്പോ​ലും ബാധി​ച്ചേനേ. അതു​കൊണ്ട്‌ യേശു അവരെ ഇങ്ങനെ ഉപദേ​ശി​ക്കു​ന്നു: “നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളി​ക്കാൻ സമ്മതി​ക്ക​രുത്‌. കാരണം ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ ഗുരു, നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ. ഭൂമി​യിൽ ആരെയും പിതാവ്‌ എന്നു വിളി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ പിതാവ്‌; സ്വർഗ​സ്ഥൻതന്നെ. ആരും നിങ്ങളെ നേതാ​ക്ക​ന്മാർ എന്നു വിളി​ക്കാ​നും സമ്മതി​ക്ക​രുത്‌. ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌.” അപ്പോൾ ശിഷ്യ​ന്മാർ എങ്ങനെ പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു? അവർ സ്വയം എങ്ങനെ വീക്ഷി​ക്ക​ണ​മാ​യി​രു​ന്നു? യേശു അവരോട്‌ പറയുന്നു: “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യു​ന്ന​വ​നാ​കണം. തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വ​നെ​യോ ദൈവം ഉയർത്തും.”​—മത്തായി 23:8-12.

അടുത്ത​താ​യി, യേശു കപടഭ​ക്തി​ക്കാ​രായ ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും ശോച​നീ​യ​മായ അവസ്ഥ​യെ​ക്കു​റിച്ച്‌ പറയുന്നു: “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു. നിങ്ങളോ കടക്കു​ന്നില്ല, കടക്കാൻ ശ്രമി​ക്കു​ന്ന​വരെ അതിനു സമ്മതി​ക്കു​ന്നു​മില്ല.”​—മത്തായി 23:13.

യേശു അവരെ കുറ്റം വിധി​ക്കു​ന്നു. കാരണം, യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ ഏറ്റവും പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങൾക്കു പരീശ​ന്മാർ യാതൊ​രു വിലയും കല്‌പി​ക്കു​ന്നില്ല. അർഥശൂ​ന്യ​മായ അവരുടെ ന്യായ​വാ​ദങ്ങൾ അതാണ്‌ കാണി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, “ആരെങ്കി​ലും ദേവാ​ല​യ​ത്തെ​ക്കൊണ്ട്‌ സത്യം ചെയ്‌താൽ സാരമില്ല എന്നും ദേവാ​ല​യ​ത്തി​ലെ സ്വർണ​ത്തെ​ക്കൊണ്ട്‌ സത്യം ചെയ്‌താൽ അതു നിറ​വേ​റ്റാൻ അയാൾ കടപ്പെ​ട്ടവൻ” എന്നും പരീശ​ന്മാർ  പഠിപ്പി​ച്ചി​രു​ന്നു. അങ്ങനെ, അവരുടെ വികല​മായ ചിന്താ​രീ​തി​കൾ അവർ വെളി​പ്പെ​ടു​ത്തു​ന്നു. കാരണം യഹോ​വയെ ആരാധി​ക്കാ​നുള്ള ദേവാ​ല​യ​ത്തെ​ക്കാ​ളും അവർ പ്രാധാ​ന്യം കൊടു​ത്തത്‌ അവിടത്തെ സ്വർണ​ത്തി​നാണ്‌ . ‘ന്യായം, കരുണ, വിശ്വ​സ്‌തത എന്നിങ്ങനെ നിയമ​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യങ്ങൾ അവർ അവഗണി​ച്ചി​രി​ക്കു​ന്നു.’​—മത്തായി 23:16, 23; ലൂക്കോസ്‌ 11:42.

“അന്ധരായ വഴികാ​ട്ടി​കളേ” എന്ന്‌ യേശു പരീശ​ന്മാ​രെ വിളി​ക്കു​ന്നു. “നിങ്ങൾ കൊതു​കി​നെ അരി​ച്ചെ​ടു​ക്കു​ന്നു. പക്ഷേ ഒട്ടകത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്നു!” എന്ന്‌ യേശു പറയുന്നു. (മത്തായി 23:24) കൊതു​കി​നെ അശുദ്ധ​ജീ​വി​യാ​യി കണക്കാ​ക്കി​യി​രു​ന്ന​തു​കൊണ്ട്‌ പരീശ​ന്മാർ വീഞ്ഞിൽനിന്ന്‌ അതിനെ അരി​ച്ചെ​ടു​ക്കു​ന്നു. എന്നാൽ ഒട്ടകവും അശുദ്ധ​ജീ​വി​ക​ളു​ടെ ഗണത്തി​ലാണ്‌ പെടു​ന്നത്‌. പക്ഷേ പരീശ​ന്മാർ ആ വലിയ ജീവിയെ വിഴു​ങ്ങു​ന്നു! അതായത്‌, മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തി​ലെ ചെറിയ കാര്യങ്ങൾ അവർ അനുസ​രി​ക്കു​ക​യും ഗൗരവ​മേ​റിയ കാര്യ​ങ്ങളെ അവഗണി​ക്കു​ക​യും ചെയ്യുന്നു.​—ലേവ്യ 11:4, 21-24.