വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 139

യേശു ഭൂമി​യിൽ വീണ്ടും പറുദീസ കൊണ്ടു​വ​രു​ന്നു

യേശു ഭൂമി​യിൽ വീണ്ടും പറുദീസ കൊണ്ടു​വ​രു​ന്നു

1 കൊരി​ന്ത്യർ 15:24-28

  • ചെമ്മരി​യാ​ടു​കൾക്കും കോലാ​ടു​കൾക്കും സംഭവി​ക്കുന്ന കാര്യങ്ങൾ

  • അനേകർ ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവിതം ആസ്വദി​ക്കും

  • വഴിയും സത്യവും ജീവനും യേശു ആണെന്നു തെളി​യു​ന്നു

യേശു സ്‌നാ​ന​മേറ്റ്‌ അധികം വൈകാ​തെ, തന്റെ ശുശ്രൂഷ ആരംഭി​ക്കു​ന്ന​തി​നു മുമ്പേ, ഒരു ശത്രു​വി​നെ നേരിട്ടു. തോൽപ്പി​ക്കാൻ നിശ്ചയി​ച്ചു​റ​ച്ചാണ്‌ ആ ശത്രു വന്നത്‌. പിശാച്‌ എന്ന ആ ശത്രു യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ പല തവണ ശ്രമിച്ചു. ആ ദുഷ്ട​നെ​ക്കു​റിച്ച്‌ യേശു പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല.”​—യോഹ​ന്നാൻ 14:30.

‘വലിയ ഭീകര​സർപ്പ​ത്തിന്‌, അതായത്‌ പിശാച്‌ എന്നും സാത്താൻ എന്നും അറിയ​പ്പെ​ടുന്ന ആ പഴയ പാമ്പിന്‌ ’ എന്തു സംഭവി​ക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഒരു ദർശന​ത്തിൽ കണ്ടു. സ്വർഗ​ത്തിൽനിന്ന്‌ പുറന്ത​ള്ള​പ്പെ​ടുന്ന മനുഷ്യ​രു​ടെ ആ കൊടിയ ശത്രു തനിക്കു ‘കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ ഉഗ്രേ​കാ​പ​ത്തോ​ടെ’ പ്രവർത്തി​ക്കും. (വെളി​പാട്‌ 12:9, 12) ‘കുറച്ച്‌ കാലം’ എന്നു പറഞ്ഞി​രി​ക്കുന്ന ആ സമയത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​ത്തിൽ യേശു 1,000 വർഷം ഭരിക്കുന്ന സമയത്ത്‌ ‘ഭീകര​സർപ്പ​മായ ആ പഴയ പാമ്പിനെ’ ഒന്നും ചെയ്യാ​നാ​കാത്ത വിധം അഗാധ​ത്തിൽ അടയ്‌ക്കും. ഇക്കാര്യ​ങ്ങൾ വിശ്വ​സി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു ന്യായ​മായ കാരണ​മുണ്ട്‌.​—വെളി​പാട്‌ 20:1, 2.

അന്ന്‌ ഭൂമി​യിൽ എന്തു സംഭവി​ക്കും? ആരൊക്കെ ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും, ഏത്‌ അവസ്ഥയിൽ അവർ ജീവി​ക്കും? ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു അതിനുള്ള ഉത്തരം തരുന്നു. ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രു​മാ​യി സഹകരി​ക്കു​ക​യും അവർക്കു നന്മ ചെയ്യു​ക​യും ചെയ്യുന്ന നീതി​മാ​ന്മാർക്കു ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്നു യേശു അതിൽ പറയുന്നു. ഇതിനു വിപരീ​ത​മാ​യി പ്രവർത്തി​ക്കുന്ന കോലാ​ടു​തു​ല്യ​രായ ആളുകൾക്ക്‌ എന്തു സംഭവി​ക്കു​മെ​ന്നും യേശു വ്യക്തമാ​യി പറയു​ന്നുണ്ട്‌. യേശു പറഞ്ഞു: “ഇവരെ (കോലാ​ടു​കളെ) എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും; നീതി​മാ​ന്മാർ (ചെമ്മരി​യാ​ടു​കൾ) നിത്യ​ജീ​വ​നി​ലേ​ക്കും കടക്കും.”​—മത്തായി 25:46.

മരണസ​മ​യത്ത്‌ തന്റെ അടുത്തു​ണ്ടാ​യി​രുന്ന കുറ്റവാ​ളി​യോ​ടു യേശു പറഞ്ഞതി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ ഇതു നമ്മളെ സഹായി​ക്കും. വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ സ്വർഗ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നുള്ള അവസരമല്ല യേശു ഈ കുറ്റവാ​ളി​ക്കു വെച്ചു​നീ​ട്ടി​യത്‌. പകരം, മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളിക്ക്‌ യേശു ഈ ഉറപ്പാണ്‌ കൊടു​ക്കു​ന്നത്‌: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” (ലൂക്കോസ്‌ 23:43) അങ്ങനെ ഉദ്യാ​ന​തു​ല്യ​മായ പറുദീ​സ​യിൽ ജീവി​ക്കാ​നുള്ള അവസരം അദ്ദേഹ​ത്തി​നു  കിട്ടും. ഭാവി​യിൽ യേശു ആളുകളെ ന്യായം വിധി​ക്കു​മ്പോൾ ചെമ്മരി​യാ​ടു​ക​ളെന്നു കാണു​ന്ന​വർക്ക്‌ ‘നിത്യ​ജീ​വൻ’ ലഭിക്കും. അങ്ങനെ അവരും ആ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.

ഭൂമി​യി​ലെ അന്നത്തെ അവസ്ഥ​യെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ പറഞ്ഞതും ഇതിനു സമാന​മാണ്‌. അദ്ദേഹം പറഞ്ഞു: “ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ. ദൈവം അവരു​ടെ​കൂ​ടെ വസിക്കും. അവർ ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കും. ദൈവം അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”​—വെളി​പാട്‌ 21:3, 4.

പറുദീ​സ​യിൽ ജീവി​ക്ക​ണ​മെ​ങ്കിൽ ആ കുറ്റവാ​ളി മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കണം. അദ്ദേഹം മാത്ര​മാ​യി​രി​ക്കില്ല പുനരു​ത്ഥാ​ന​പ്പെ​ടു​ന്നത്‌. യേശു ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ഇത്‌ വ്യക്തമാ​ക്കി: “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു. നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരി​ക്കും.”​—യോഹ​ന്നാൻ 5:28, 29.

സ്വർഗ​ത്തിൽ പോകുന്ന വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മറ്റുള്ള​വ​രു​ടെ​യും കാര്യ​മോ? ഈ ചെറിയ കൂട്ട​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അവർ ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും. ക്രിസ്‌തു​വി​ന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.” (വെളി​പാട്‌ 20:6) യേശു​വി​ന്റെ​കൂ​ടെ ഭരിക്കുന്ന ഇവർ ഭൂമി​യിൽനി​ന്നുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രാ​യി​രി​ക്കും. അതു​കൊണ്ട്‌ തീർച്ച​യാ​യും ഭൂമി​യി​ലു​ള്ള​വ​രു​ടെ അവസ്ഥ മനസ്സി​ലാ​ക്കാൻ കഴിയുന്ന അനുക​മ്പ​യുള്ള ഭരണാ​ധി​കാ​രി​ക​ളാ​യി​രി​ക്കും ഇവർ.​—വെളി​പാട്‌ 5:10.

കൈമാ​റി​ക്കി​ട്ടിയ പാപം എന്ന ശാപത്തിൽനിന്ന്‌ മനുഷ്യ​രെ മോചി​പ്പി​ക്കാൻ യേശു തന്റെ ബലിയു​ടെ മൂല്യം ഉപയോ​ഗി​ക്കും. യേശു​വും സഹഭര​ണാ​ധി​കാ​രി​ക​ളും വിശ്വ​സ്‌ത​രായ മനുഷ്യ​രെ പൂർണ​ത​യി​ലേക്ക്‌ എത്തിക്കും. ദൈവം ഉദ്ദേശി​ച്ച​തു​പോ​ലുള്ള ഒരു ജീവിതം മനുഷ്യ​രെ​ല്ലാം അന്ന്‌ ആസ്വദി​ക്കും. ആദാമി​നോ​ടും ഹവ്വയോ​ടും മക്കളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാൻ പറഞ്ഞ​പ്പോൾ ഇങ്ങനെ​യുള്ള ഒരു ജീവി​ത​മാണ്‌ ദൈവം ഉദ്ദേശി​ച്ചത്‌. ആദാമി​ന്റെ പാപത്തി​ലൂ​ടെ വന്ന മരണം​പോ​ലും പിന്നെ ഉണ്ടായി​രി​ക്കില്ല.

യഹോവ തന്നോടു പറഞ്ഞ​തെ​ല്ലാം യേശു ചെയ്‌തു​തീർക്കും. 1,000 വർഷത്തെ ഭരണത്തി​നു ശേഷം യേശു രാജ്യം പിതാ​വി​നെ ഏൽപ്പി​ക്കും, ഒപ്പം പൂർണ​ത​യി​ലെ​ത്തിയ മനുഷ്യ​കു​ടും​ബ​ത്തെ​യും. യേശു ശ്രദ്ധേ​യ​മായ ഈ വിധത്തിൽ താഴ്‌മ കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “എന്നാൽ എല്ലാം പുത്രനു കീഴാ​ക്കി​ക്കൊ​ടു​ത്തു​ക​ഴി​യു​മ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാ​കേ​ണ്ട​തിന്‌, എല്ലാം കീഴാ​ക്കി​ക്കൊ​ടുത്ത വ്യക്തിക്കു പുത്ര​നും കീഴ്‌പെ​ട്ടി​രി​ക്കും.”​—1 കൊരി​ന്ത്യർ 15:28.

ദൈവ​ത്തി​ന്റെ മഹനീ​യ​മായ ഉദ്ദേശ്യ​ങ്ങൾ നടപ്പാ​ക്കു​ന്ന​തി​ലുള്ള യേശു​വി​ന്റെ പങ്ക്‌ വളരെ വലുതാണ്‌. നിത്യ​ത​യിൽ ഉടനീളം അവയോ​രോ​ന്നും ചുരു​ള​ഴി​യു​മ്പോൾ തന്നെക്കു​റി​ച്ചു​തന്നെ യേശു പറഞ്ഞി​രി​ക്കുന്ന വിശദീ​ക​ര​ണ​ത്തി​നു ചേർച്ച​യിൽ യേശു ജീവി​ക്കും: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും.”​—യോഹ​ന്നാൻ 14:6.