വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 122

മുകളി​ലെ മുറി​യി​ലെ യേശു​വി​ന്റെ ഉപസം​ഹാ​ര​പ്രാർഥന

മുകളി​ലെ മുറി​യി​ലെ യേശു​വി​ന്റെ ഉപസം​ഹാ​ര​പ്രാർഥന

യോഹന്നാൻ 17:1-26

  • ദൈവ​ത്തെ​യും പുത്ര​നെ​യും അറിയു​മ്പോൾ ലഭിക്കുന്ന പ്രതി​ഫ​ലം

  • യഹോ​വ​യും യേശു​വും ശിഷ്യ​ന്മാ​രും ഒന്നാണ്‌

അപ്പോ​സ്‌ത​ല​ന്മാ​രോ​ടുള്ള ആഴമായ സ്‌നേ​ഹം​കൊണ്ട്‌, അവരെ വിട്ടു​പി​രി​യു​ന്ന​തി​നു മുമ്പ്‌ യേശു അവരെ ഒരുക്കു​ക​യാ​യി​രു​ന്നു. ഇപ്പോൾ യേശു ആകാശ​ത്തേക്കു നോക്കി തന്റെ പിതാ​വി​നോ​ടു പ്രാർഥി​ക്കു​ന്നു: “പുത്രൻ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്താൻ അങ്ങ്‌ പുത്രനെ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ. അങ്ങ്‌ അവനു നൽകി​യി​ട്ടു​ള്ള​വർക്കെ​ല്ലാം അവൻ നിത്യ​ജീ​വൻ കൊടു​ക്കേ​ണ്ട​തിന്‌ എല്ലാ മനുഷ്യ​രു​ടെ മേലും അങ്ങ്‌ പുത്രന്‌ അധികാ​രം കൊടു​ത്തി​രി​ക്കു​ന്ന​ല്ലോ.”​—യോഹ​ന്നാൻ 17:1, 2.

ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്ന​താ​ണു പരമ​പ്ര​ധാ​ന​മായ സംഗതി​യെന്നു യേശു വ്യക്തമാ​ക്കി. എന്നാൽ അതോ​ടൊ​പ്പം മനുഷ്യർക്കു നിത്യ​ജീ​വൻ നേടാ​നാ​കും എന്ന കാര്യ​ത്തെ​ക്കു​റി​ച്ചും യേശു പറയുന്നു. ‘എല്ലാ മനുഷ്യ​രു​ടെ മേലും പുത്രന്‌ അധികാ​രം’ ലഭിച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ എല്ലാവർക്കും മോച​ന​വി​ല​യു​ടെ പ്രയോ​ജനം യേശു വെച്ചു​നീ​ട്ടു​ന്നു. എന്നാൽ ചിലർക്കു മാത്രമേ ആ വലിയ അനു​ഗ്രഹം ലഭിക്കു​ക​യു​ള്ളൂ. എന്തു​കൊണ്ട്‌? കാരണം, യേശു പ്രാർഥ​ന​യിൽ ഇങ്ങനെ​യാണ്‌ പറഞ്ഞത്‌: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) ഇതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വർക്കു മാത്ര​മാണ്‌ മോച​ന​വി​ല​യു​ടെ പ്രയോ​ജ​നങ്ങൾ യേശു കൊടു​ക്കുക.

ഒരു വ്യക്തി പിതാ​വി​നെ​യും പുത്ര​നെ​യും അടുത്ത്‌ അറിയണം, അവരു​മാ​യി ഒരു ഉറ്റ ബന്ധം സ്ഥാപി​ക്കണം. ഓരോ കാര്യ​ത്തി​ലും അവരുടെ അതേ മനോ​ഭാ​വം ആ വ്യക്തി​ക്കും ഉണ്ടാകണം. മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലിൽ ദൈവ​ത്തി​ന്റെ​യും പുത്ര​ന്റെ​യും ഗുണങ്ങൾ പകർത്താൻ ആ വ്യക്തി കഠിന​ശ്രമം ചെയ്യണം. ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​താണ്‌ പരമ​പ്ര​ധാ​നം, മനുഷ്യർക്ക്‌ ലഭിക്കുന്ന നിത്യ​ജീ​വൻ അത്‌ കഴിഞ്ഞി​ട്ടേ ഉള്ളൂ എന്ന കാര്യ​വും അദ്ദേഹം മനസ്സിൽപ്പി​ടി​ക്കണം. യേശു വീണ്ടും വിഷയ​ത്തി​ലേക്കു വരുന്നു:

“അങ്ങ്‌ ഏൽപ്പിച്ച ജോലി ചെയ്‌തു​തീർത്ത ഞാൻ ഭൂമി​യിൽ അങ്ങയെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത്‌ എന്നെ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ. ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌, ഞാൻ അങ്ങയുടെ അടുത്താ​യി​രു​ന്ന​പ്പോ​ഴു​ണ്ടാ​യി​രുന്ന മഹത്ത്വം വീണ്ടും തരേണമേ.” (യോഹ​ന്നാൻ 17:4, 5) അതെ, പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ വീണ്ടും തനിക്കു സ്വർഗീ​യ​മ​ഹ​ത്ത്വം നൽകാൻ യേശു പിതാ​വി​നോട്‌ അപേക്ഷി​ക്കു​ന്നു.

എന്നാൽ ശുശ്രൂ​ഷ​യിൽ യേശു​വി​നു ചെയ്യാ​നായ കാര്യങ്ങൾ യേശു മറന്നില്ല. യേശു ഇങ്ങനെ പ്രാർഥി​ച്ചു: “ലോക​ത്തിൽനിന്ന്‌ അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കു ഞാൻ അങ്ങയുടെ പേര്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അവർ അങ്ങയു​ടേ​താ​യി​രു​ന്നു. അങ്ങ്‌ അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസ​രി​ച്ചി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 17:6) ശുശ്രൂ​ഷ​യിൽ, യഹോവ എന്ന പേര്‌ ഉപയോ​ഗി​ക്കു​ന്ന​തി​ലും അധികം കാര്യങ്ങൾ യേശു ചെയ്‌തു. ദൈവ​ത്തി​ന്റെ ഗുണങ്ങൾ, മനുഷ്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ ഇടപെടൽ എന്നിവ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ സഹായി​ച്ചു.

യഹോ​വ​യെ​ക്കു​റി​ച്ചും പുത്രൻ എന്ന നിലയിൽ യേശു​വി​നുള്ള പങ്കി​നെ​ക്കു​റി​ച്ചും അപ്പോ​സ്‌ത​ല​ന്മാർക്കു ശരിക്കും മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളും അവർക്കു വ്യക്തമാ​യി. യേശു താഴ്‌മ​യോ​ടെ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ എനിക്കു തന്ന വചനങ്ങ​ളാ​ണു ഞാൻ അവർക്കു കൊടു​ത്തത്‌. അതെല്ലാം സ്വീക​രിച്ച അവർ, ഞാൻ അങ്ങയുടെ പ്രതി​നി​ധി​യാ​യി​ട്ടാ​ണു വന്നതെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കു​ക​യും അങ്ങാണ്‌ എന്നെ അയച്ച​തെന്നു വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 17:8.

തന്റെ അനുഗാ​മി​ക​ളും ലോക​ത്തി​ലെ ആളുക​ളും തമ്മിലുള്ള വ്യത്യാ​സം യേശു തിരി​ച്ച​റി​യി​ക്കു​ന്നു: “അവർക്കു​വേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു. ഞാൻ അപേക്ഷി​ക്കു​ന്നതു ലോക​ത്തി​നു​വേ​ണ്ടി​യല്ല, അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കു​വേ​ണ്ടി​യാണ്‌. കാരണം അവർ അങ്ങയു​ടേ​താണ്‌. . . . പരിശു​ദ്ധ​പി​താ​വേ, നമ്മൾ ഒന്നായി​രി​ക്കു​ന്ന​തു​പോ​ലെ അവരും ഒന്നായി​രി​ക്കേ​ണ്ട​തിന്‌ അങ്ങ്‌ എനിക്കു തന്നിരി​ക്കുന്ന അങ്ങയുടെ പേര്‌ ഓർത്ത്‌ അവരെ കാത്തു​കൊ​ള്ളേ​ണമേ. . . . ഞാൻ അവരെ സംരക്ഷി​ച്ചു. ആ നാശപു​ത്ര​ന​ല്ലാ​തെ അവരിൽ ആരും നശിച്ചു​പോ​യി​ട്ടില്ല.” ഈ നാശപു​ത്രൻ യേശു​വി​നെ വഞ്ചിച്ച യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത​യാണ്‌.​—യോഹ​ന്നാൻ 17:9-12.

യേശു പ്രാർഥന തുടരു​ന്നു, “ലോകം അവരെ വെറു​ക്കു​ന്നു. ‘അവരെ ഈ ലോക​ത്തു​നിന്ന്‌ കൊണ്ടു​പോ​ക​ണ​മെന്നല്ല, ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തു​കൊ​ള്ള​ണ​മെ​ന്നാ​ണു ഞാൻ അങ്ങയോട്‌ അപേക്ഷി​ക്കു​ന്നത്‌. ഞാൻ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​പോ​ലെ​തന്നെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.’” (യോഹ​ന്നാൻ 17:14-16) സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ഒരു മനുഷ്യ​സ​മൂ​ഹ​ത്തി​ലാണ്‌ അപ്പോ​സ്‌ത​ല​ന്മാ​രും മറ്റു ശിഷ്യ​ന്മാ​രും ജീവി​ക്കു​ന്നത്‌. പക്ഷേ, അവർ ആ ലോക​ത്തി​ന്റെ വഷളത്ത​ങ്ങ​ളിൽനിന്ന്‌ മാറി​നിൽക്കേ​ണ്ട​തുണ്ട്‌. അതിന്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

ദൈവത്തെ സേവി​ക്കു​ന്ന​തി​നാ​യി അവരെ​ത്തന്നെ വിശു​ദ്ധ​രാ​യി നിലനി​റു​ത്ത​ണ​മാ​യി​രു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌  അവർ കണ്ടെത്തിയ സത്യങ്ങ​ളും യേശു പഠിപ്പിച്ച സത്യങ്ങ​ളും അനുസ​രി​ച്ചു​കൊണ്ട്‌ അവർക്ക്‌ അതു സാധി​ക്കു​മാ​യി​രു​ന്നു. യേശു ഇങ്ങനെ പ്രാർഥി​ക്കു​ന്നു: “സത്യത്താൽ അവരെ വിശു​ദ്ധീ​ക​രി​ക്കേ​ണമേ. അങ്ങയുടെ വചനം സത്യമാണ്‌.” (യോഹ​ന്നാൻ 17:17) പിന്നീട്‌, ചില അപ്പോ​സ്‌ത​ല​ന്മാർ “സത്യത്തി​ന്റെ” ഭാഗമാ​യി​ത്തീ​രുന്ന ദൈവ​പ്ര​ചോ​ദിത പുസ്‌ത​കങ്ങൾ എഴുതി. അത്‌ ഒരു വ്യക്തിയെ ശുദ്ധീ​ക​രി​ക്കാൻ സഹായി​ക്കു​മാ​യി​രു​ന്നു.

കാലം കടന്നു​പോ​കു​മ്പോൾ മറ്റുള്ള​വ​രും ‘സത്യം’ സ്വീക​രി​ക്കും. അതു​കൊണ്ട്‌ യേശു “അവർക്കു​വേണ്ടി (അവി​ടെ​യു​ണ്ടാ​യി​രു​ന്ന​വർക്ക്‌) മാത്രമല്ല, അവരുടെ വചനം കേട്ട്‌ (യേശു​വിൽ) വിശ്വ​സി​ക്കു​ന്ന​വർക്കു​വേ​ണ്ടി​യും” കൂടി പ്രാർഥി​ക്കു​ന്നു. അവർക്കെ​ല്ലാം വേണ്ടി യേശു എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌? “പിതാവേ, അങ്ങ്‌ എന്നോ​ടും ഞാൻ അങ്ങയോ​ടും യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ അവർ എല്ലാവ​രും ഒന്നായി​രി​ക്കാ​നും അവരും നമ്മളോ​ടു യോജി​പ്പി​ലാ​യി​രി​ക്കാ​നും വേണ്ടി ഞാൻ അപേക്ഷി​ക്കു​ന്നു.” (യോഹ​ന്നാൻ 17:20, 21) യേശു​വും പിതാ​വും ഒരു വ്യക്തിയല്ല. എന്നാൽ എല്ലാ കാര്യ​ത്തി​ലും യോജി​പ്പിൽ ആയിരി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർ ഒന്നായി​രി​ക്കു​ന്നത്‌. തന്റെ അനുഗാ​മി​ക​ളും അതേ യോജിപ്പ്‌ ആസ്വദി​ക്ക​ണ​മെന്ന്‌ യേശു പ്രാർഥി​ച്ചു.

ഇതിന്‌ തൊട്ടു​മുമ്പ്‌ യേശു പത്രോ​സി​നോ​ടും മറ്റുള്ള​വ​രോ​ടും, അവർക്കു​വേണ്ടി സ്വർഗ​ത്തിൽ സ്ഥലം ഒരുക്കാൻ പോകു​ക​യാ​ണെന്നു പറഞ്ഞു. (യോഹ​ന്നാൻ 14:2, 3) ഇക്കാര്യം യേശു തന്റെ പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തു​ന്നു. “പിതാവേ, ലോകാ​രം​ഭ​ത്തി​നു മുമ്പു​തന്നെ അങ്ങ്‌ എന്നെ സ്‌നേ​ഹി​ച്ച​തു​കൊണ്ട്‌ എന്നെ മഹത്ത്വം അണിയി​ച്ച​ല്ലോ. അങ്ങ്‌ എനിക്കു തന്നവർ അതു കാണേ​ണ്ട​തിന്‌ അവർ ഞാനു​ള്ളി​ടത്ത്‌ എന്റെകൂ​ടെ​യു​ണ്ടാ​യി​രി​ക്കണം എന്നാണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌.” (യോഹ​ന്നാൻ 17:24) ഒരുപാട്‌ കാലങ്ങൾക്കു മുമ്പു​മു​തൽ, അതായത്‌ ആദാമി​നും ഹവ്വയ്‌ക്കും കുട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​നു മുമ്പു​മു​തൽ, ദൈവം തന്റെ ഏകജാ​ത​നായ പുത്രനെ സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്നു യേശു പറയു​ക​യാ​യി​രു​ന്നു.

തന്റെ പ്രാർഥന ഉപസം​ഹ​രി​ക്കു​മ്പോൾ, പിതാ​വി​ന്റെ പേരും, അപ്പോ​സ്‌ത​ല​ന്മാ​രോ​ടും ‘സത്യം’ ഇതുവരെ സ്വീക​രി​ച്ചി​ട്ടി​ല്ലാത്ത മറ്റുള്ള​വ​രോ​ടും ഉള്ള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും യേശു എടുത്തു​പ​റ​യു​ന്നു. യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു, ഇനിയും അറിയി​ക്കും. അങ്ങനെ, അങ്ങ്‌ എന്നോടു കാണിച്ച സ്‌നേഹം ഇവരി​ലും നിറയും. ഞാൻ ഇവരോ​ടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും ചെയ്യും.”​—യോഹ​ന്നാൻ 17:26.