വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം 127

സൻഹെ​ദ്രി​നും പീലാ​ത്തൊ​സി​നും മുമ്പാ​കെ​യുള്ള വിചാരണ

സൻഹെ​ദ്രി​നും പീലാ​ത്തൊ​സി​നും മുമ്പാ​കെ​യുള്ള വിചാരണ

മത്തായി 27:1-11; മർക്കോസ്‌ 15:1; ലൂക്കോസ്‌ 22:66–23:3; യോഹ​ന്നാൻ 18:28-35

  • രാവിലെ സൻഹെ​ദ്രി​നു മുമ്പാ​കെ​യുള്ള വിചാരണ

  • യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ തൂങ്ങി​മ​രി​ക്കാൻ ശ്രമി​ക്കു​ന്നു

  • യേശു​വിന്‌ ശിക്ഷ വിധി​ക്കാ​നാ​യി പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു

പത്രോസ്‌ യേശു​വി​നെ മൂന്നാം പ്രാവ​ശ്യം തള്ളിപ്പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും നേരം വെളു​ക്കാ​റാ​യി​രു​ന്നു. സൻഹെ​ദ്രിൻ അവരുടെ നാടകീ​യ​വി​ചാ​രണ അവസാ​നി​പ്പിച്ച്‌ പിരി​യു​ക​യാണ്‌. രാത്രി​യി​ലെ ഈ വിചാരണ നിയമ​പ​ര​മാ​ക്കാ​നാ​യി​രി​ക്കാം വെള്ളി​യാഴ്‌ച രാവിലെ അവർ വീണ്ടും കൂടി​വ​രു​ന്നത്‌. ഇപ്പോൾ യേശു​വി​നെ അവരുടെ മുമ്പാകെ വരുത്തു​ന്നു.

കോടതി വീണ്ടും യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “പറയൂ, നീ ക്രിസ്‌തു​വാ​ണോ?” അതിന്‌ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ പറഞ്ഞാ​ലും നിങ്ങൾ വിശ്വ​സി​ക്കില്ല. മാത്രമല്ല, ഞാൻ എന്തെങ്കി​ലും ചോദി​ച്ചാൽ നിങ്ങളും ഉത്തരം പറയി​ല്ല​ല്ലോ.” എന്നാൽ ദാനി​യേൽ 7:13-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ തന്നെക്കു​റി​ച്ചാ​ണെന്ന കാര്യം യേശു ധൈര്യ​ത്തോ​ടെ അവർക്കു വെളി​പ്പെ​ടു​ത്തു​ന്നു. യേശു പറയുന്നു: “ഇനിമു​തൽ മനുഷ്യ​പു​ത്രൻ ശക്തനായ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കും.”​—ലൂക്കോസ്‌ 22:67-69; മത്തായി 26:63.

അവർ വിട്ടു​കൊ​ടു​ക്കാൻ തയ്യാറല്ല. ‘അപ്പോൾ നീ ദൈവ​പു​ത്ര​നാ​ണോ’ എന്ന്‌ അവർ ചോദി​ക്കു​ന്നു. യേശു അവരോട്‌, “ആണെന്നു നിങ്ങൾതന്നെ പറയു​ന്ന​ല്ലോ” എന്നു പറഞ്ഞു. “നമുക്ക്‌ ഇനി മറ്റാരു​ടെ​യെ​ങ്കി​ലും മൊഴി എന്തിനാണ്‌ ” എന്ന്‌ അവർ ചോദി​ക്കു​ന്നു. യേശു ദൈവ​ദൂ​ഷണം പറയു​ക​യാ​ണെന്നു പറഞ്ഞ്‌ യേശു​വി​നെ കൊല്ലു​ന്നതു ന്യായീ​ക​രി​ക്കാൻ അവർ ശ്രമി​ക്കു​ക​യാണ്‌. (ലൂക്കോസ്‌ 22:70, 71; മർക്കോസ്‌ 14:64) എന്നിട്ട്‌ അവർ യേശു​വി​നെ പിടി​ച്ചു​കെട്ടി റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​കു​ന്നു.

ഇത്‌ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ കണ്ടിരി​ക്കാം. യേശു​വി​നെ കുറ്റക്കാ​ര​നാ​യി വിധി​ച്ചെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ യൂദാ​സിന്‌ മനപ്ര​യാ​സം തോന്നി. എന്നാൽ മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തി​നു പകരം, യൂദാസ്‌ നേരെ പോയത്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ അടു​ത്തേ​ക്കാണ്‌. 30 വെള്ളി​ക്കാ​ശു തിരികെ കൊടു​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ യൂദാസ്‌ അവരോ​ടു പറയുന്നു: “നിഷ്‌ക​ള​ങ്ക​മായ രക്തം ഒറ്റി​ക്കൊ​ടുത്ത ഞാൻ ചെയ്‌തതു പാപമാണ്‌.” എന്നാൽ യൂദാ​സിന്‌ കിട്ടിയ മറുപടി ഇതായി​രു​ന്നു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.”​—മത്തായി 27:4.

യൂദാസ്‌ 30 വെള്ളി​ക്കാ​ശു ദേവാ​ല​യ​ത്തി​ലേക്കു വലി​ച്ചെ​റി​ഞ്ഞിട്ട്‌ ഇപ്പോൾ മറ്റൊരു തെറ്റു​കൂ​ടെ ചെയ്യാൻ പോകു​ക​യാണ്‌. യൂദാസ്‌ ആത്മഹത്യ ചെയ്യുന്നു. കെട്ടി​ത്തൂ​ങ്ങി​യ​പ്പോൾ മരത്തിന്റെ ശിഖരം ഒടിഞ്ഞി​രി​ക്കാം. അയാൾ കീഴെ​യുള്ള പാറ​ക്കെ​ട്ടി​ലേക്കു വീഴുന്നു. വീഴ്‌ച​യു​ടെ ശക്തി കാരണം ശരീരം പിളർന്നു​പോ​കു​ന്നു.​—പ്രവൃ​ത്തി​കൾ 1:17, 18.

നേരം വെളു​ത്തു​വ​രു​ന്നതേ ഉള്ളൂ. പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ കൊട്ടാ​ര​ത്തി​ലേക്കു ജൂതന്മാർ യേശു​വി​നെ കൊണ്ടു​പോ​കു​ക​യാണ്‌. എന്നാൽ അവർ കൊട്ടാ​ര​ത്തിൽ കയറാതെ നിൽക്കു​ന്നു. ജനതക​ളിൽപ്പെ​ട്ട​വ​രു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌ അവരെ അശുദ്ധ​രാ​ക്കു​മെന്ന്‌  അവർ കരുതു​ന്നു. അങ്ങനെ​യാ​യാൽ, പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവത്തി​ന്റെ ആദ്യദി​വ​സ​മായ നീസാൻ 15-ാം തീയതി പെസഹാ​ഭ​ക്ഷണം കഴിക്കാൻ അവർക്കു സാധി​ക്കാ​തെ വരും. നീസാൻ 15 പെസഹ​യു​ടെ​തന്നെ ഭാഗമാ​യി​ട്ടാണ്‌ അവർ കണക്കാ​ക്കി​യി​രു​ന്നത്‌.

പീലാ​ത്തൊസ്‌ പുറത്തു​വന്ന്‌ അവരോ​ടു ചോദി​ക്കു​ന്നു: “ഈ മനുഷ്യന്‌ എതിരെ എന്തു കുറ്റമാ​ണു നിങ്ങൾ ആരോ​പി​ക്കു​ന്നത്‌?” അവർ പറഞ്ഞു: “കുറ്റവാ​ളി​യ​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പി​ക്കി​ല്ലാ​യി​രു​ന്ന​ല്ലോ.” അവരുടെ ഇഷ്ടത്തിന്‌ അനുസ​രിച്ച്‌ നിൽക്കാ​നുള്ള സമ്മർദം കൂടി​ക്കൂ​ടി വരുന്ന​താ​യി പീലാ​ത്തൊ​സിന്‌ തോന്നി​യി​രി​ക്കാം. അതു​കൊണ്ട്‌ അദ്ദേഹം അവരോ​ടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടു​പോ​യി നിങ്ങളു​ടെ നിയമ​മ​നു​സ​രിച്ച്‌ വിധിക്ക്‌.” ജൂതന്മാർ പീലാ​ത്തൊ​സി​നോ​ടു പറയുന്നു: “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവ​ദി​ക്കു​ന്നില്ല.” ഈ വാക്കുകൾ അവരുടെ ഉള്ളിലി​രുപ്പ്‌ വെളി​പ്പെ​ടു​ത്തു​ന്നു. യേശു​വി​നെ കൊല്ലുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.​—യോഹ​ന്നാൻ 18:29-31.

നിയമം അനുവ​ദി​ച്ചാ​ലും ഇല്ലെങ്കി​ലും അവർ പെസഹ ആഘോ​ഷ​ത്തി​നി​ട​യിൽ യേശു​വി​നെ കൊന്നാൽ ജനക്കൂട്ടം ഇളകാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ രാജ്യ​ദ്രോ​ഹ​ക്കു​റ്റം​പോ​ലെ​യുള്ള എന്തെങ്കി​ലും യേശു​വി​ന്റെ മേൽ ചുമത്താ​നാ​യാൽ റോമാ​ക്കാർതന്നെ യേശു​വി​നെ കൊന്നു​കൊ​ള്ളും. കാരണം ഇതു​പോ​ലുള്ള കുറ്റങ്ങൾക്കു വധശിക്ഷ നടപ്പാ​ക്കാ​നുള്ള അധികാ​രം റോമാ​ക്കാർക്കു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യാ​കു​മ്പോൾ ആളുക​ളു​ടെ മുന്നിൽ ജൂതന്മാർ നിരപ​രാ​ധി​ക​ളാ​യി​രി​ക്കു​ക​യും ചെയ്യും.

അതു​കൊണ്ട്‌, ദൈവ​ദൂ​ഷണം പറഞ്ഞു എന്ന കുറ്റം യേശു​വിന്‌ എതിരെ ചുമത്തി​യി​രി​ക്കുന്ന കാര്യ​മൊ​ന്നും മതനേ​താ​ക്ക​ന്മാർ പീലാ​ത്തൊ​സി​നോ​ടു പറയു​ന്നില്ല. മറ്റു ചില ആരോ​പ​ണ​ങ്ങ​ളാണ്‌ ഇപ്പോൾ അവർ നിരത്തു​ന്നത്‌. “ഈ മനുഷ്യൻ (1) ഞങ്ങളുടെ ജനതയെ വഴി​തെ​റ്റി​ക്കു​ക​യും (2) സീസറി​നു നികുതി കൊടു​ക്കു​ന്നതു വിലക്കു​ക​യും (3) താൻ ക്രിസ്‌തു​വെന്ന രാജാ​വാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും ചെയ്യുന്നു” എന്നൊ​ക്കെ​യാണ്‌ അവർ ഇപ്പോൾ പറയു​ന്നത്‌.​—ലൂക്കോസ്‌ 23:2.

താൻ രാജാ​വാ​ണെന്ന്‌ യേശു അവകാ​ശ​പ്പെട്ടു എന്ന കാര്യം കേട്ട​പ്പോൾ റോമി​ന്റെ പ്രതി​നി​ധി​യായ പീലാ​ത്തൊ​സിന്‌ അൽപ്പം ഉത്‌കണ്‌ഠ തോന്നി​ക്കാ​ണും. അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ കൊട്ടാ​ര​ത്തി​ലേക്കു തിരികെ ചെന്ന്‌ യേശു​വി​നെ വിളി​പ്പി​ക്കു​ന്നു. എന്നിട്ട്‌ ചോദി​ക്കു​ന്നു: “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ?” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ പീലാ​ത്തൊസ്‌ ചോദി​ച്ചത്‌, ‘റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ നിയമ​ത്തി​നു വിരു​ദ്ധ​മാ​യി നീ നിന്നെ​ത്തന്നെ സീസറി​നു പകരം രാജാ​വാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണോ’ എന്നായി​രു​ന്നു. “ഇത്‌ അങ്ങ്‌ സ്വയം തോന്നി ചോദി​ക്കു​ന്ന​താ​ണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതി​ന്റെ പേരിൽ ചോദി​ക്കു​ന്ന​താ​ണോ” എന്നു യേശു ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 18:33, 34) ഇതി​നോ​ടകം പീലാ​ത്തൊസ്‌ തന്നെക്കു​റിച്ച്‌ എത്ര​ത്തോ​ളം കേട്ടി​രി​ക്കു​മെന്ന്‌ അറിയാ​നാ​യി​രി​ക്കാം യേശു ഇങ്ങനെ ചോദി​ച്ചത്‌.

യേശു​വി​നെ​ക്കു​റി​ച്ചുള്ള വസ്‌തു​ത​ക​ളൊ​ന്നും അറിയി​ല്ലെന്നു നടിച്ചു​കൊണ്ട്‌, കാര്യങ്ങൾ അറിയാ​നെന്ന മട്ടിൽ പീലാ​ത്തൊസ്‌ ചോദി​ക്കു​ന്നു: “അതിനു ഞാൻ ഒരു ജൂതന​ല്ല​ല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ആണ്‌ നിന്നെ എനിക്ക്‌ ഏൽപ്പി​ച്ചു​ത​ന്നത്‌. നീ എന്താണു ചെയ്‌തത്‌?”​—യോഹ​ന്നാൻ 18:35.

രാജാ​ധി​കാ​രം എന്ന മുഖ്യ​വി​ഷയം മൂടി​വെ​ക്കാൻ യേശു ശ്രമി​ക്കു​ന്നില്ല. ഗവർണ​റായ പീലാ​ത്തൊ​സി​നെ അതിശ​യി​പ്പി​ക്കുന്ന ഒരു മറുപ​ടി​യാണ്‌ യേശു കൊടു​ക്കു​ന്നത്‌.